പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, September 16, 2015

കേരളവർമ്മയുടെ ചുമരുകൾ











https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjAncyPMgKnJRVAedzs867f27nn6DGupDR67htFAUP0DWW7IR-C8oIBipHRPEVqELjPOcjkKmisB0ILfdHLG7gwAtjDH_OViyc-9-MJismhFhurJeX3O9kSE2yftDKwMZ9kEqHYqHAHyqR/s1600/marjaaran+cover.jpg














https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyaWo694ub41LrSHphwNU8tgkplDzHhMpsDbjG4tcOZK8Fu7kZ-M9fzgXkap-zHuqonyTHSNhwkzXLNs-cssNnnwZdUXD-jQOxKVK-TES51t1i3yN2nUJvd7rDT9hWcbT4Q8IJHhyphenhyphenD_BeQ/s1600/marjaaran+cover.jpg
കേരളവർമ്മയുടെ ചുമരുകൾ


(1)

കോളേജിനു പിന്നാമ്പുറത്തെ ഊട്ടിയുടെ ഹരിതംഭംഗി അതേപടി.വാർഷികവളയങ്ങൾ മരങ്ങളെ കൂടുതൽ പ്രൌഢമാക്കിത്തീർത്തിരിക്കുന്നു.ഊഞ്ഞാലാടാൻ  പാകത്തിൽ ഞാന്നുകിടന്നിരുന്ന വള്ളിപ്പടർപ്പുകൾ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ ഇളകാൻ മടിച്ച്. ഓഡിറ്റോറിയത്തിന്റെ പിറകിലെ ചവിട്ടുപടിയിൽ പതിവുപോലെ ആൺകുട്ടിയും പെൺകുട്ടിയും മാനസികമായ ആഘോഷങ്ങളിൽ തുടിച്ച്. എണ്ണയിൽ ഒതിക്കിവെച്ച മുടിയും താടിയും ചിരിയുമായി തമ്പിമാഷ് പഴയപടി.അലസമീ ജീവിതമെന്നുൽഘോഷിച്ച് വിനോദ്ചന്ദ്രൻ മാഷ്.മരങ്ങൾ നട്ട് ഗീതട്ടീച്ചർ.ചെസ്സ് കളിയിലെ നീക്കം പോലെ  ശ്രദ്ധയോടെ  അനിൽമാഷ്. മദ്യത്തിൽ നിന്നും മദ്യവിരുദ്ധതയുടെ തീവ്രലഹരി വാറ്റിയെടുത്ത വീറോടെ ജോൺസ് മംഗലം എന്ന പൂമല ജോൺസൻ.

തൊപ്പിവെച്ച് കഷണ്ടി മറച്ച് എന്റെ നാട്ടുകാരൻ മധുമാഷ്.
മരങ്ങളും മഞ്ഞക്കിളികളും കൈകോർത്ത് മലയാളം ഡിപ്പാർട്ട്മെന്റ്.പുരുഷന്മാർക്ക് അകലെ നിന്നും നോക്കിക്കാണാവുന്ന നിഗൂഢസൗന്ദര്യത്തോടെ പെൺഹോസ്റ്റൽ.അന്തർ രഹസ്യങ്ങളുടെ രാജഭവനത്തെ ഓർമിപ്പിക്കുന്ന ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റ്.
പഴയ രാമേട്ടന്റെ സ്ഥാനത്ത് പുതിയ കാന്റീൻ  ഒരു ചേലുമില്ലാതെ.അതിനു മുന്നിൽ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി, മണപ്പുറത്തുനിന്നാണ്.

മരത്തറകളും അവിടുത്തെ  ഇരിക്കപ്പൊറുതികളും  കാലങ്ങളുടെ വ്യത്യാസമില്ലാതെ. കാളവണ്ടിയും ചുക്കാൻ കയറുമായി കാമ്പസിൽ നടമാടിയ   താടി ഡേവിസിന്റെയും കുതിരപ്പുറമേറി മേനിനടിച്ച ചന്ദ്രപ്പന്റേയും അരാജകവാദത്തിന്റേയും കാലമല്ല ഇത്.സൗഹൃദത്തിന്റെ ഊർജ്ജമായി നിറഞ്ഞാടിയ കെ.ആർ.ബീനമാരേയും ഇനി കണ്ടെന്നുവരില്ല.കാമ്പസ് കൈപിടിച്ചു നടത്തിയ ആര്യയേയും രാമകൃഷ്ണനേയും ഓർമ്മകളിൽ പരതി.

‘എത്ര മുറിവുകൾ വേണം ഒരു മരണമാകാൻ,
എത്ര മരണങ്ങൾ വേണം ഒരു ജീവിതമാവാൻ……..
എന്ന് മനോഹരമായ ഭാഷാചിത്രം വരച്ച എഴുത്തിലെ ഒറ്റയാൻ മേതിൽ ഇനിയുമുണ്ടാവണമെങ്കിൽ കാമ്പസ് എത്ര കാത്തിരിക്കണം.അടവു പിഴച്ചതും അല്ലാത്തതുമായ യു.ജി.സി വണ്ടികൾ കാമ്പസിന്റെ തുറന്ന സൗന്ദര്യത്തെ കവർന്നെടുത്തിരിക്കുന്നു.
 വാഹനങ്ങളുടെ മറവിലും സൌഹൃദങ്ങളും ഹൃദയദാഹങ്ങളും തൊട്ടും  തലോടിയും നില്പുണ്ട്.

കൊമ്പൻ മീശയുയർത്തുന്ന ഭീതിയെ ചുണ്ടിലെ സൌമ്യത കൊണ്ട് ചോർത്തിക്കളഞ്ഞ  പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദർഭത്തിലേക്കാണ് വർഷങ്ങൾക്കുശേഷം കേരളവർമ്മയിലെത്തുന്നത്.പികെടിയുടെ മകൾ ലണ്ടനിൽ നൃത്താദ്ധ്യാപികയും സോഷ്യൽ വർക്കറുമായ  ശ്രീകല ഇക്കാര്യം പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു .ശ്രീകല നൃത്തം വെച്ച കാമ്പസ് കൂടിയാണിത്.

ഹാളിലേക്ക്  കയറുമ്പോൾ  ശ്രദ്ധിച്ചത് ചുമരിലെ എഴുത്താണ്.  
ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു .

സമൂഹത്തിന്റെ മനസും സ്വഭാവുമാണ് ഓരോ ചുമരും  വെളിപ്പെടുത്തുന്നത്.ഇപ്പോൾ           
ആ സ്ഥാ‍നം    ഫ്ളക്സുകൾക്കാണ്.അതിൽ നോക്കിയാൽ കേരളത്തിന്റെ നിലവാരം   എന്താണെന്ന് ഊഹിക്കാം,നിലവാരത്തകർച്ചയും.

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം കേരളവർമ്മയിൽ ചെല്ലുമ്പോൾ എന്തായിരിക്കും കാണുക,എന്തായിരിക്കും  കിട്ടുക എന്നൊക്കെ ആലോചിച്ചിരുന്നു.പക്ഷെ ഈ ഒറ്റ ചുമർസാഹിത്യത്തിൽ   കാമ്പസിന്റെ  നിത്യയൌവ്വനം തെളിഞ്ഞുകണ്ടു.മാറ്റം കാമ്പസ് വിടുന്നവർക്കു മാത്രമാണ്.

സെമിനാറിൽ പങ്കെടുത്ത ഇ.രാജൻ മാഷും ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതട്ടിച്ചറും ഡോ:സർവ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവർമ്മയിലെ  കാലങ്ങളെ ഓർമ്മിച്ചു.പി കെ ടി യിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവർ അവതരിപ്പിച്ചു.മലയാളികൾ ചരിത്രരചനയിൽ വിമുഖരാണെന്നും എം.ജി.എസ്.സമർത്ഥിച്ചു.

 കേരളവർമ്മയുടെ മനസ്സ് എന്നും വർത്തമാനത്തിന്റെതാണ്.  കാലങ്ങളെ എന്നും പുതുമയോടെ സ്വീകരിക്കുന്നത്.അകവും പുറവും നവീനമായ ഭാവനകൾ കൊണ്ട് സമ്പന്നമാക്കുന്നത്.എൽ പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങൾ ഗാഢമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ കിളിർത്ത് യൌവ്വനത്തിലേക്ക് വിരിഞ്ഞ്  പെൺകുട്ടികളുമൊക്കെയായി ചങ്ങാത്തം തുടങ്ങിയപ്പോൾ പഴയ എൽകേജി  ചിന്തകളെല്ലാം കടലെടുത്തു.
പൊടിമീശയിൽ നിന്നാണ് പുരുഷജീവിതം കനം വെച്ചുതുടങ്ങുന്നത്, കാമ്പസിലാണത്  തിളച്ചുമറിയാൻ തുടങ്ങുന്നത്.
കേരളവർമ്മയിലെ  പുതിയ വിദ്യാർത്ഥികൾ എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങൾ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാർത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളർച്ചയെക്കുറിച്ച്. പ്രകമ്പനം കൊള്ളിച്ച പെൺകുട്ടികളെക്കുറിച്ച്,പരാജയത്തിൽ മുങ്ങിപ്പോയ പ്രണയങ്ങളെക്കുറിച്ച്.കേരളവർമ്മയിൽ പഠിച്ചു എന്ന ഒറ്റക്കാരണത്താൽ മുന്മുറക്കാരും പിന്മുറക്കാരും  ഒറ്റ സൌഹൃദത്തിൽ വരുന്നുണ്ട് പിന്നീടുള്ള കാലങ്ങളിൽ.

(2)

ഭാരതീയ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന സുധാകരൻ  മാഷോട് ലോകവിപ്ലവത്തിലും സോഷ്യലിസത്തിലും വിശ്വസിച്ച് ഉറക്കമൊഴിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനക്കാർക്ക് ചെറിയൊരു വിരോധം,അത് സ്വാഭാവികവുമാണ്.

അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റൽ റൂമിൽ നിന്നും റിബേറ്റ് ഖദർമൂണ്ടും അതേനിലവാരത്തിലുള്ള ഷർട്ടും കാണാതായ വിവരം മാഷ് അറിയുന്നു,അതും     വിലകൂടീയ പശയിൽ കോൺഗ്രസ്സുകാരെപ്പോലെ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത്  നാണം മറച്ച് കോളേജിൽ ചെല്ലുമ്പോൾ കണ്ട കാഴ്ച ഏതൊരാളേയും പോലെ മാഷെയും അത്ഭുതപ്പെടുത്തി.തന്റെ ഷർട്ടിട്ട്  വയലാർ രവി  അഭ്യന്തരവകുപ്പിന്റെ  ഗർവ്വിൽ  നെടുനീളത്തിൽ നിൽക്കുന്നു. അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.മന്ത്രിയുടെ കോലം കത്തിക്കാൻ സൂപ്പന്റെ നേതൃത്വത്തിൽ മാഷുടെ മുറിയിൽ നിന്നും  ചൂണ്ടിയതായിരുന്നു ഇസ്തിയിട്ട ആ വടിവൊത്ത വസ്ത്രങ്ങൾ. പ്രതിപക്ഷകോലം കത്തിക്കൽ കാമ്പസിലെ കലാപരിപാടികളിൽ പ്രധാനയിനം ആയിരുന്നു.  .  

(3)

നി സൂപ്പൻ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും   സ്വന്തം പേരിടണമെന്ന് സൂപ്പൻ  പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.യഥാർത്ഥ നാമം  സുരേഷ്.എരിഞ്ചേരിയിൽ ജനനം. തുഞ്ചത്ത് എഴുത്തച്ഛൻ  താവഴിയാണ്.ഇത്രമതി.ഇത് എഴുത്തച്ഛന്മാർ വിവാദമാകുന്ന കാലമാകുന്നു.

പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ് നാടകം നിരോധിച്ച കാലം.1987. പ്രതികരണം  പാഠശാലകളിൽ തൊഴിലാക്കിയ എസ്.എഫ്.ഐ സഖാക്കൾക്ക്    ഇരിക്കപ്പൊറൂതിയില്ലാതെയായി.  എന്തെങ്കിലും ചെയ്തേപറ്റൂ.  അങ്ങിനെ  പ്രതിഷേധ  നാ‍ടകം ചെയ്യാൻ തീരുമാനമായി.  പ്രിൻസിപ്പൽ അനുമതി നൽകിയില്ല.നാടകക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന  കാലമായിരുന്നു അത്.പി.എം.ആന്റണിയാണ് നാടകമെന്ന  ഈ ഭൂതത്തെ കുടത്തിൽ നിന്നും ഇറക്കിവിട്ടത്.
വികാരം വ്രണപ്പെടുന്ന ഒരുവഹ രോഗം ഇടവകകളിൽ വ്യാപകമായി പടർന്നു പിടിച്ച കാലവും കൂടിയായിരുന്നു അത്.

ആയതിനാൽ  നാടകമെന്നു  കേട്ടാൽ അധികാരികൾ വണ്ടിയും വടിയുമായി ചെന്ന്    മുളയിലെ നുള്ളും.കേരളവർമ്മയിലും ഒരധികാരി എന്ന നിലയിൽ പ്രിൻസിപ്പൽ നാടകത്തെ നിരോധിച്ചു.
അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയൻ ഭരിക്കുന്ന സഖാക്കൾക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമാണ് എന്നും അറിഞ്ഞു.ഒറ്റക്കുനിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകർക്കുന്നൊരു വിദ്യായിരുന്നു അത്.കേരളത്തിലിതൊരു പുതിയ തരംഗമായി മാറിയ കാലവുമായിരുന്നു.

ഇലക്ഷന്റെ ഭാഗമായി ചുമരുകൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട് എ.ബി.വി.പിയുമായി എസ് എഫ് ഐ ക്കാർ  ഉരസൽ  എന്നൊരു കലാപരിപാടിയും മുങണനാക്രമത്തിൽ നടത്തുന്ന സമയം കൂടിയായായിരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാൾ,ഉറുമി,കത്തി,പട്ടിക,ഇഷ്ടിക,നായക്കുരണപ്പൊടി,മെറ്റൽ,സൈക്കിൾ ചങ്ങല തുടങ്ങിയ ആയുധങ്ങൾ ഇരുവശത്തും ശേഖരിക്കപ്പെട്ടിരുന്നു.

 സംഘർഷാവസ്ഥക്കിടയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി.സുരാസുവും  സഹയാത്രികയായ അമ്മുവേടത്തിയും പരിപാടിക്കായി നേരത്തെ  എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.പരിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സൂപ്പൻ സഖാവിന്റെ കാതിൽ  ഒരു പൊള്ളുന്ന രഹസ്യം പറയുന്നു,ആവേശം മൂത്താൽ ആശാൻ സ്റ്റേജിൽ നിന്നും ഇറങ്ങിയോടും.ആവേശം കുറക്കാനുള്ള മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല.ആയതിനാൽ അങ്ങിനെയൊക്കെ എന്തെങ്കിലും സംഭവിച്ചാൽ  പിടിച്ചു കെട്ടി തിരിച്ചു കൊണ്ടന്നേക്കണം,അല്ല്ലെങ്കിൽ ഞാൻ വഴിയാധാരമാവും.

ഓട്ടം എങ്ങോട്ടായിരിക്കും സംഭവിക്കുക എന്ന് സൂപ്പൻ സംശയം ചോദിച്ചു.ദിശയൊന്നും നേരത്തെ പറയാൻ പറ്റില്ലെന്ന് അമ്മുവേടത്തി,ആൾ അരാജകവാദിയാണ്.എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടിച്ചുകെട്ടി കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തിയുടെ വാക്കുകളിൽ നിന്നും സൂപ്പൻ വായിച്ചെടുത്തു.

'നാലുകാലുള്ള നാൽക്കാലികളെ വിടുക വെറുതെ വിടുക
രണ്ടുകാലുള്ള മനുഷ്യരെ എറിയുക
കല്ല്ലെറിയുക,എറിഞ്ഞു കൊല്ലുക’
 സുരാസു പരകായപ്രവേശം പോലെ കത്തിക്കയറുകയാണ്.അധികം പോകേണ്ടി വന്നില്ല,അമ്മുവേടത്തി പറഞ്ഞതുപോലെ തന്നെ അക്ഷരം പ്രതി സംഭവിച്ചു,അതിനപ്പുറവും സംഭവിച്ചു.
 സ്റ്റേജുവിട്ട് സുരാ‍സു ഇറങ്ങിയോടി.വിദ്യാർത്ഥികൾ എന്തെന്നറിയാതെ അന്തം വിട്ടു നിന്നു.. പകച്ചുനിന്ന സൂപ്പനെ അമ്മുവേടത്തി ഒന്നു നോക്കി.പകപ്പിൽ  നിന്നും മുക്തനായ സൂപ്പൻ പിറകെയോടി.കാര്യമറിയാതെ  മറ്റു ചില സഖാക്കളും സൂപ്പനെ പിന്തുടർന്നു,സൂപ്പൻ നേതാവല്ലെ.കൂട്ടയോട്ടമെന്ന് കരുതി  ചില വിദ്യാർത്ഥികളും  ഓട്ടക്കാരെ അനുഗമിച്ചു,ആർക്കും ഇരിക്കപ്പൊറുതിയില്ലാത്ത കാലമല്ലെ. എല്ലാവരും ഗേറ്റുവരെ ഓടിത്തളർന്നു.സൂപ്പൻ തുടർന്നു,അല്ലാതെ നിവൃത്തിയില്ല.ചിലർ അന്തം വിട്ടു നിന്നു,ഇങ്ങനെയൊരു കലാപരിപാടി ആദ്യമാണ്.

ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താൻ സൂപ്പൻ കിണഞ്ഞു പരിശ്രമിച്ചു.സുരാസു കുത്തിക്കുകയാണ്.ശരീരത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്നത് കാവിയായതിനാൽ ടീയാന്റെ  ഓട്ടത്തിനൊരു അദ്ധ്യാത്മിക പരിവേഷവുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയിൽ കെട്ടിവെച്ചിരുന്ന  ഉറുമി നിലത്തുവീഴുന്നത്.സംഭവം നടക്കുന്നത്  കേരളവർമ്മയിലോ  കടത്തനാടൻ  കളരിയിലോ എന്നൊന്നും ചോദിക്കരുത്.
പ്രത്യേക ശബ്ദത്തോടെ ഉറുമി റോഡിലേക്ക് വീണതും സുരാസു ഒന്നു തിരിഞ്ഞു നോക്കി. ഉറുമി കയ്യിലെടുത്ത് വീശാൻ പാകത്തിൽ നിൽക്കുന്ന സൂപ്പനെയാണ് കാണുന്നത്. ഓട്ടത്തിന്റെ വേഗത കൂട്ടാതെ തരമില്ലെന്നായി സുരാസുവിന്.

കളി കാര്യമാവുകയാണോ?

സുരാസു ഓട്ടം ഊക്കോടെ തുടരുകയാണ്.   അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയിൽ ചുറ്റാനൊന്നും സമയമില്ല.അത് കനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പൻ ഓട്ടം തുടർന്നു. ബസ് സ്റ്റോപ്പിൽ സുരാസു തളർന്നിരിക്കുന്നതു വരെ,സുരാസുവിനെ വരിഞ്ഞുകെട്ടുന്നതുവരെ.

ഒരു വിധം സുരാസുവിനെയും ഓട്ടോയിലേക്ക്  കയറ്റി  അമ്മുവേടത്തിയെ ഏല്പിക്കാൻ കോളേജിലേക്ക് തിരിച്ചു പോരുമ്പോൾ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കൾ. കാവിധാരിയായ  സുരാസുവിന് പിന്നാലെയുള്ള ഓട്ടം അവരെ മറ്റൊരു തരത്തിൽ തെറ്റിദ്ധരിപ്പിച്ചതാണ്. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവരും കാവിധാരിയെ പിന്തുടർന്നു വരികയായിരുന്നു.

ഇതിനിടയിൽ കാവിധാരിയായ ഒരാളെ സഖാവ് സൂപ്പൻ പിന്തുടരുന്നതു കണ്ട് മറ്റേ സംഘവും ആയുധശേഖരത്തോടെ സംഘടിക്കുന്നുണ്ടായിരുന്നു.ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയൊരു സംഘർഷം ഒഴിവായി എന്നതാണ് സംഗതികളുടെ ബാക്കിപത്രം.

ഒരു വിപ്ളവത്തിലൂടെ കടന്നുപോയ  അനുഭവമാണ് ഇതിലൂടെ സൂപ്പൻ  അനുഭവിച്ചത്.എന്നും എല്ലാ തരം വിപ്ളവങ്ങളേയും സ്നേഹിച്ചിരുന്നു സൂപ്പൻ .ഇന്ത്യൻ  വിപ്ളവം സമീപത്തൊന്നും വരില്ലെന്നു കണ്ടപ്പോൾ  കളംമാറിയ സൂപ്പൻ വിപ്ലവചൈനയിലെ ഹോങ്കോങിൽ  കുടുംബജീവിതം തകർക്കുകയാണിപ്പോൾ. 

മണിലാൽ

മാർജാരൻ(ഡീസിബുക്സ്)

www.marjaaran.blogspot.com













2 comments:

മണിലാല്‍ said...

‘എത്ര മുറിവുകൾ വേണം ഒരു മരണമാകാൻ,
എത്ര മരണങ്ങൾ വേണം ഒരു ജീവിതമാവാൻ……..
എന്ന് മനോഹരമായ ഭാഷാചിത്രം വരച്ച എഴുത്തിലെ ഒറ്റയാൻ മേതിൽ ഇനിയുമുണ്ടാവണമെങ്കിൽ കാമ്പസ് എത്ര കാത്തിരിക്കണം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വിപ്ളവത്തിലൂടെ കടന്നുപോയ
അനുഭവമാണ് ഇതിലൂടെ സൂപ്പൻ അനുഭവിച്ചത്
എന്നും എല്ലാ തരം വിപ്ളവങ്ങളേയും സ്നേഹിച്ചിരുന്നു സൂപ്പൻ .
ഇന്ത്യൻ വിപ്ളവം സമീപത്തൊന്നും വരില്ലെന്നു കണ്ടപ്പോൾ കളംമാറിയ സൂപ്പൻ വിപ്ലവചൈനയിലെ ഹോങ്കോങിൽ കുടുംബജീവിതം തകർക്കുകയാണിപ്പോൾ. ഹ...ഹാ ..ഹ


നീയുള്ളപ്പോള്‍.....