പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, March 16, 2019

✳പി ലീലയെക്കൊണ്ട് ഭരണഘടന പാടിപ്പിക്കണം

✳ഒറ്റക്കിരുന്ന് ഉറച്ചനേരം ഒരു വിളി വന്നു. മനസ് ഉത്സവത്തിലേക്ക് തിരയിളക്കി, സുഹൃത്ത് രഘു വക്കീലാണ്. കേരളവർമ്മക്കാലത്ത് മജീഷ്യനായിരുന്നു. പെൺകുട്ടികളെ വീഴ്ത്താനുള്ള പലതരം വിദ്യകളിൽ ഒന്നായിരിക്കണം കോളേജ് കാലത്തെ രഘുവിന്റെ മാജിക്ക്. കോളേജിൽ അന്നത് അധികം ഏറ്റില്ലെങ്കിലും കോടതിൽ മാജിക്ക് യഥേഷ്ടം ഏൽക്കുന്നുണ്ടെന്ന് രഘു.

കോടതിയിലും മാജിക്കിലും ധരിക്കുന്ന കോട്ടിന് സമാനതകളുണ്ട്, രണ്ടിലും സത്യമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ കളവുമുണ്ട്. കോടതിയോടും നിയമ വ്യവസ്ഥയോടും പൊതുവെ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതിന്റെ മനംമടുപ്പിക്കുന്ന രീതികളായിരിക്കണം അങ്ങിനെ തോന്നാൻ, കേസും കോടതിയുമൊക്കെ നമ്മുടെ വഴിയല്ലെന്ന മാനസികാവസ്ഥയും. ആയതിനാൽ ഭരണഘടനയെ ജാതിമതങ്ങൾ പോലെ ഞാൻ അകറ്റി നിർത്തിയിരുന്നു. ജീവിക്കാൻ സ്വന്തം ഭരണഘടന മതി എന്ന അതിഭീകരമായ ആത്മവിശ്വസവും.

കുരിശിന്റെ വഴി നാടകക്കേസുമായി ഞങ്ങൾ അമ്പത്തിയേഴ് വ്യതസ്ത പേരുകളിൽ ഉള്ള യുവാക്കൾ മൂന്നാലു വർഷം മജിസ്ട്രേറ്റ് കോടതിയുടെ തിണ്ണ നിരങ്ങിയപ്പോൾ ഭരണഘടനാ സ്ഥാപനത്തോട് ഉടലെടുത്ത ബഹുമാനം തീർത്താൽ തീരില്ല.


മജിസ്ട്രേറ്റായ എന്റെ സുഹൃത്തിനോട് അമ്മ നിരന്തരം പറയുമത്രെ, ഫാനിന്റെ ചോട്ടിലിരുന്ന് നുണ കേൾക്കാനല്ലെ നീ ദിവസോം കോട്ടും സൂട്ടുമിട്ട് പോകുന്നത്.

നിയമത്തെ വ്യാഖ്യാനിച്ചവർ ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതാണൊ ഭരണഘടന മറിച്ചും ചെയ്തതാണോ, അങ്ങിനെ ചില സംശയങ്ങൾ. ശബരിമല വിധി വന്നപ്പോഴാണ് ഭരണഘടന എന്ന ഒന്നിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. അത് വരെ ബൈബിൾ പോലെയൊ മഹാഭാരതം പോലെയൊ ഡെക്കാമറൺ കഥകൾ പോലെയൊ പോലെയൊ ആയിരുന്നു അത്, വേണമെങ്കിൽ ആവാം, അവഗണിക്കാം.

നമ്മളെ ബാധിക്കാത്ത ഒരു പുസ്തകം എന്ന ചിന്തയിലായിരുന്നു അത് വരെ. രാജ്യത്തിന്റെ ഭരണഘടനക്കൊപ്പം സ്വന്തം ഭരണഘടനയുണ്ടാക്കി ജീവിക്കുന്ന മനുഷ്യരും പൊരുതുന്ന സമൂഹവും എല്ലാ ലോകത്തുമുണ്ട്.

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം എന്ന എന്റെ സിനിമയിൽ പ്രണയത്തിന്റെ ഉച്ഛവസ്ഥയിൽ നിയമപുസ്തകം കത്തിക്കുന്ന ഒരു വിഷ്വൽ ഉണ്ട്.

ഇപ്പോൾ തോന്നുന്നു, ഭരണഘടനയെ അപ്പാടെ തള്ളരുത്, അത് പാഠപുസ്തകമാക്കേണ്ട ഒന്നാണ്‌.കുട്ടികളെ മറ്റൊന്നും അടിച്ചേൽപ്പിച്ചില്ലെങ്കിലും ഇത് പഠിപ്പിക്കണം.

സംസാരിക്കാൻ കൊള്ളാവുന്ന ആരെക്കണ്ടാലും ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനവും ഭരണഘടനാ ബെഞ്ചിന്റെ വിധിയും ചർച്ച ചെയ്യാറുണ്ട്.സമൂഹത്തിന്റെ അഥവാ ആണുങ്ങളുടെ മനസിലിരിപ്പ് അറിയാനാണ്. എന്റെ സുഹൃദ് വലയം ഭൂരിപക്ഷവും ജാതി മതരഹിതരാണ്, എന്റെ സന്തോഷജീവിതം അതിലാണ്, പ്രകടമല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിച്ച് തന്നെയാണ് ജീവിതവേഗം. സമഭാവന സ്വാതന്ത്ര്യം എന്നിങ്ങനെ നെറ്റിയിൽ എഴുതിയൊട്ടിച്ചിട്ടുമുണ്ട്.


ഒരാളെക്കാണുമ്പോൾ ഏത് ജാതി ഏത് ഗോത്രം ഏത് നാട് എന്ത് മെച്ചം എന്ന് ചിന്തിക്കുന്നതേയില്ല. അയതിനാൽ ഒന്നിച്ചൊഴുകാൻ കഴിയുന്നു വ്യത്യസ്തങ്ങളായ ആചാരങ്ങളുമായി യോജിച്ച് പോകണമെങ്കിൽ നല്ല അദ്ധ്വാനം വേണം. ജീവിക്കാൻ തന്നെ സമയം കഷ്ടി.

സ്വകാര്യ ചർച്ചകൾ വളരെ ഇഷ്ടമാണ്.താപ്പ് കിട്ടുമ്പോഴൊക്കെ ചർച്ച ചെയ്യും, മദ്യപാനമെങ്കിൽ പറയുകയും വേണ്ട. ചർച്ചാവേദി വീടുകളിലാണെങ്കിൽ ആൺപെൺ ദേദമില്ലാതെ മലയിൽ സ്ത്രീകൾ കയറേണ്ടതില്ല എന്ന് പുരുഷന്റെ ഭാഗത്ത് നിന്ന് കട്ടായം വന്നാൽ സ്ത്രീ സ്വാതന്ത്ര്യം എന്ന അറ്റകൈ പ്രയോഗം വലിച്ച് പുറത്തേക്കിടും. അടുക്കളയിൽ കരിഞ്ഞും കെട്ടിയോന്റെ അടിവസ്ത്രം കഴുകിയും ജീവിച്ചാൽ മതിയോ എന്നൊരു ചോദ്യം പെണ്ണുങ്ങൾക്ക് നേരെ ഉയർത്തും.അവരുടെ ഉള്ളിൽ ആദ്യമൊരു സന്ദേഹമുണരും, പിന്നെ വികസിക്കും, അവർ ആണുങ്ങളായ ഭർത്താവിന്റെ മുഖത്ത് നോക്കും. ഇപ്പുറത്തെ ആണൊരുത്തൻ എരിപിരി കൊള്ളുന്നതും കാണാം. ശബരിമല കയറ്റം പിന്നീടാകാം ഇപ്പോ നീ സ്ഥലം വിട് എന്നൊരു മട്ടും ഭാവവും അയാളിൽ നിന്ന് വായിയെടുക്കാം.

പുരുഷനാണ് പ്രശ്നം. മലയും കയറ്റിറക്കങ്ങളും ആർത്തവവും ബ്രഹ്മചര്യവുമൊന്നുമല്ല.പൊതു ഇടങ്ങൾ സ്ത്രീകൾ ശ്വസിക്കാൻ തുടങ്ങിയാൽ അടുക്കളയിൽ കയറാനും അടിവസ്ത്രങ്ങൾ നനക്കാനും കാലുതിരുമ്മാനും ആളെ വേറെ നോക്കേണ്ടി വരും.ശരണം വിളികൊണ്ടോ നാമജപം കൊണ്ടോ പരിഹരിക്കാൻ പറ്റാത്തതാണ് കാലങ്ങളിലൂടെ പുരുഷലോകം ആർജിച്ച ശീലങ്ങൾ. ദൈവങ്ങളെ സഹിക്കാം പുരുഷന്മാരെ പറ്റില്ല. ആണധികാരത്തിന്റെ അടരുകൾ അനവധി. ബ്രാഹ്മണ്യം വരെ അത് എഴുന്ന് നിൽക്കുന്നു.

പുരുഷനെന്നാൽ അധികാരമാണ്, അധികാരമെന്നാൽ ബ്രാഹ്മണ്യമാണ്. ആകയാൽ അധികാരത്തിന്റെ പൂണൂലണിയാൻ ക്യൂ നിൽക്കുന്നവരെ എവിടെയും കാണാം.

ഇന്ത്യൻഭരണഘടന പൗരസ്ത്യമാണെന്നും അതിനെ ഭാരതവൽക്കരിക്കണമെന്നുമുള്ള വാദം ഉയരുന്നുണ്ട്. മനുസ്മൃതി പോലുള്ള സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക.സ്ത്രീകൾക്ക്, ദളിതർക്ക് ഒന്ന് ശ്വാസം വിടണമെങ്കിൽ മുകളിൽ നിന്ന് സമ്മതം വാങ്ങിക്കണം.


എന്റെ ജീവിതത്തിൽ ഭരണഘടനക്ക് പൊന്നുംവിലയുണ്ടാവുന്നത് സ്ത്രീ പ്രവേശനവിധിക്ക് ശേഷമാണ്.സ്ത്രീകൾ അണിയേണ്ടത് പുരുഷനൊപ്പം അവരെ മനുഷ്യരാക്കുന്ന ഭരണഘടനാ തത്വങ്ങളെയാണ്, ഭക്തിയേയോ സ്വർണ്ണത്തേയോ അല്ല.

 കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ഗഫൂർ പാതിരാവർത്തമാനത്തിനിടയിൽ ദലിത് സുഹൃത്തുക്കൾ എത്രപേരുണ്ട് എന്ന പ്രസക്തമായ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി, സുഹൃത്തുക്കളെ ഇതുവരെ ഞാൻ ജാതിയടിസ്ഥാനത്തിൽ തരംതിരിച്ചിട്ടില്ലായിരുന്നു. ആൺ സുഹൃത്തുക്കൾ മുതൽ പെൺ സുഹൃത്തുക്കൾ വരെ ഞാൻ വിരലിൽ കണക്കെടുത്തു, സങ്കോചത്തോടെ. വിരലുകൾ ഓരോന്നായി വിടർന്നുതുടങ്ങി.

അതിൽ എന്നോടൊപ്പം വീട് പങ്കിടുന്ന പെൺസുഹൃത്തുക്കളുമുണ്ടായിരുന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.പൊതുവെ സൗഹൃദത്തിന്റെ തീൻമേശകളിൽ, സു ഹൃദ്സദസുകളിൽ, സഞ്ചാരങ്ങളിൽ മേൽപ്പറഞ്ഞവരെ അധികം കണ്ടിട്ടില്ല, രാഷ്ട്രീയ വർത്തമാനങ്ങളിൽ അവരെ നാവിൻ തുമ്പിൽ അണിനിരത്തുമെങ്കിലും.

സാമൂഹ്യമാറ്റത്തോടൊപ്പം മാത്രമേ നമ്മളും മാറൂ എന്ന ചിന്താഗതി എനിക്ക് പ്രിയട്ടതല്ല. എല്ലാവരും ഒരുമിച്ച് മാർച്ച് ചെയ്യുന്നതല്ല വിപ്ലവം. എല്ലാറ്റിനും അവനവൻ വഴികളുമുണ്ട്.

നവോത്ഥാനമെന്ന് സാമൂഹ്യ നായകർ വന്ന് മാറ്റിമറിക്കേണ്ടത് മാത്രമല്ല. ഓരോ അണുവിലും ഓരോ നിമിഷത്തിലും നമ്മൾ ഒറ്റക്കും നടത്തേണ്ട കലാപം കൂടിയാണത്. അടുക്കളയിൽ ഭാര്യക്കൊപ്പം കയറുമ്പോൾ, അവർക്ക് മുന്നിൽ പുറംലോകത്തെ തുറന്ന് വെക്കാൻ തുടങ്ങുമ്പോൾ ജനാധിപത്യത്തിന്റെ ആദ്യാക്ഷരമെഴുതുകയാണ്.

മറ്റെല്ലാ കാര്യത്തിലും മുകളിലേക്ക് നോക്കാമെങ്കിലും ജാതിയുടെ കാര്യമെത്തുമ്പോൾ താഴേക്കാണ് നോക്കേണ്ടത്, മനുഷ്യർ അവിടെയാണ്, മനുഷ്യത്വം അവിടെയാണ്. ഭരണഘടന പോലെത്തന്നെ അംബേദ്ക്കറും എനിക്ക് ഒരുകാലത്ത് തെറ്റിദ്ധാരണയായിരുന്നു, എല്ലാം ഗാന്ധിയിലേക്ക് ഏകമുഖമാക്കിയിരുന്നു.

ഭരണഘടനാശില്പി എന്നതിൽ നിന്ന് ശില്പി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാൻ ഇത്തിരി വൈകി. ആലോചിക്കുമ്പോൾ പല രീതികളിൽ വ്യാഖ്യാനിക്കാവുന്ന ശില്പഘടന തന്നെയാണത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ, വലുപ്പചെറുപ്പങ്ങളെ സൂക്ഷ്മാംശത്തിൽ കണ്ട് സമഭാവനയിൽ എഴുതിയുയർത്തിയ നിയമ സംഹിത ഒരു ശില്പം പോലെ ഭദ്രമായ ഐക്യവും അടിത്തറയും സൗന്ദര്യവും പ്രസരിപ്പിക്കുന്നു.

ഇതിനെ പുതുക്കിപ്പണിയുകയാണ് ജനാധിപത്യത്തിലൂടെ കാലം ചെയ്യേണ്ടത്. സമഭാവന , സ്വാതന്ത്ര്യം എപ്പോഴും ഉയർത്തിപ്പിടിക്കണം, അതിലൂടെ മനുഷ്യർ നിവർന്ന് നിൽക്കണം.

ഭക്തി കെട്ട് പോകില്ല.
കാരണം അതിന് അടിസ്ഥാനമില്ല.

 മനസ് കെട്ടുപോകുന്ന സമയങ്ങളുണ്ട്, തത്സമയ ചിന്തകളിൽ ഭ്രാന്തു പിടിച്ച് മനഷ്യർ ദൈവങ്ങളെ കക്ഷത്ത് തിരുകി തെരുവിനെ അശുദ്ധമാക്കുമ്പോൾ, നിശബ്ദത ഭാഷയാവേണ്ട സ്ഥലങ്ങളിൽ ആക്രോശം മുഴങ്ങുമ്പോൾ, മനുഷ്യരെ മനുഷ്യർ നെടുകെ പിളരുമ്പോൾ ......


ദീർഘകാലത്തെ ചുറ്റിക്കറങ്ങലിൽ സ്വന്തമെന്ന് ഉള്ളിൽ നിറയുന്ന തൃശൂർ റൗണ്ടിലേക്ക് ഇറങ്ങും. തേക്കിൻ കാടിനെ നെടുകെ പിളർക്കും, റൗണ്ടിൽ ഒരുവട്ടം ചുറ്റും. ആരെയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. ഓഫീസ് വിട്ടിറങ്ങുന്നവർ, സിനിമക്കാർ, നാടകക്കാർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, പ്രതിരോധ സമിതിക്കാർ, അരാജകർ...

 ഇവർ ഭൂരിപക്ഷവും സംസാരിക്കാൻ കൊള്ളാവുന്നവരാണ്. പ്രണയിനികൾ, പ്രതീക്ഷ കൈവിടാത്തവർ, രാജ്യത്തിന്റെ പോക്കിൽ ആശങ്കപ്പെടുന്നവർ... അവർക്കൊപ്പം ചായ കുടിക്കാം, ബീർ പാർലറുകളിൽ കയറാം, ബാറുകളിൽ സമനില തെറ്റാം, എന്തുമാവാം. അവർക്കൊപ്പം സ്നേഹം തൊട്ടുകൂട്ടാം.അവരിൽ നിന്ന് ജാതി തികട്ടി വരില്ല, മതബോധം ഛർദ്ദിക്കില്ല.

സമനില കൈവരിക്കാനാവുമെന്നതാണ് മദ്യത്തിന്റെ ശ്രേഷ്ഠത. ഇടിഞ്ഞു പൊളിഞ്ഞ ലോകം ഒറ്റപ്പെഗ്ഗിൽ എഴുന്നേറ്റ് അറ്റൻഷനിൽ നില്ക്കുന്നത് കാണാം.

മദ്യത്തിന്റെ സാന്നിദ്ധ്യം എന്തൊരു ശാന്തതയാണ് തരുന്നത്, കുടിച്ചില്ലെങ്കിൽ പോലും, എപ്പോഴും അത് സമീപത്ത് കരുതുക തന്നെവേണം,മറിച്ചൊരു ശുഭ സാദ്ധ്യത മറ്റൊന്നും തരാത്തിടത്തോളം കാലം.

മദ്യം ഭരണഘടന പോലെ ,
സമഭാവനയോടെ.

ഭരണഘടനയുമായുള്ള അന്യത നാൾക്കുനാൾ കൂടുന്നു,ഇരുൾ മൂടുന്നത് പോലെ. കരുതിയിരിക്കുക,അതിന്റെ വെളിച്ചം കെട്ടു പോകരുത്.അനുഭവത്തിന്റെ ചൂളയിൽ നിന്ന് ഉരുത്തിരിച്ചെടുത്തതാണ്.

പി ലീലയെക്കൊണ്ട് പാടിപ്പിച്ച് ജ്ഞാനപ്പാന പോലെ മാലോകരെ മുഴുവൻ കേൾപ്പിക്കേണ്ട ഒന്നാണ് ഭരണഘടന.

✳ ശുഭം

Thursday, February 28, 2019

ഇറാനി കഫേ

  ✳ഇറാനി കഫെ

മണിലാൽ✳ഭൂമിയിലെ സ്നേഹം പിടിച്ചു നിര്‍ത്താന്‍ പാടുപെടുന്നൊരു സ്ഥലമുണ്ട് ഊട്ടിയില്‍ .അതിന്റെ പേരാണ് മുകളില്‍ പറഞ്ഞത്, ഇറാനി കഫെ. കറുത്ത കുതിരയില്‍ കയറുന്ന വെള്ളച്ചികൾ,വെളുത്ത കുതിരയില്‍ കയറി മസിലു വീര്‍പ്പിക്കുന്ന കറുപ്പന്മാര്‍,ബോട്ട് ഹൌസും ബോട്ടാണിക്കല്‍ ഗാര്‍ഡനും കണ്ട് ഊട്ടിയുടെ അകം കാണാതെ പോകുന്ന ടൂറിസ്റ്റുകള്‍, നീണ്ടക്യൂവിന്റെ സുരക്ഷിതങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തി സ്വന്തം ഉല്ലാസങ്ങളിലേക്ക് പോകുന്ന മാഷന്മാരും ടീച്ചറത്തികളും,യാത്രികരെ ഇറക്കി വിട്ട് ഫസ്റ്റ് എയിഡ് ബോക്സില്‍ നിന്നും കുപ്പികള്‍ പുറത്തെടുക്കുന്ന ഡ്രൈവറന്മാർ,ടൂറിസ്റ്റുകളെ പറന്നു കൊത്തി കുടല്‍ പുറത്തെടുക്കുന്ന ഓട്ടോറിക്ഷകള്‍,മുറുകിപ്പൊട്ടാറായവരെ പിന്‍പറ്റി വേണൊ എന്നന്വേഷിക്കുന്ന പിമ്പുകള്‍..... ഈ ബഹളത്തില്‍നിന്നൊക്കെ ഒഴിഞ്ഞുമാറി ഇറാനി കഫെ. ഇവിടെ വാക്കും നോട്ടവും സ്നേഹമാണ്.ചായയും കാപ്പിയും സ്നേഹമാണ്.ജോലിക്കാരും വരുന്നവരും സ്നേഹമാണ്.ഭക്ഷണം നിറയെ അതാണ്. പഴമ മണക്കുന്ന ഇരിപ്പിടവും ഭഷണം വിളമ്പുന്ന മേശയും ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും     ചുറ്റും ഒരുക്കിയ കാഴ്ചകളും സ്നേഹമാണ്. ഇവിടെ ഒരു വലിയ ചരിത്രമുറങ്ങുന്നു,ഉറങ്ങുകയല്ല വര്‍ത്തമാനത്തിലേക്ക് പടരുകയാണ്. മനുഷ്യരെ ഒരേ ഭാവത്തോടെ സ്വീകരിക്കുന്ന ഒരിടം.എല്ലാം ശരിയെന്നുറപ്പുവരുത്തിക്കൊണ്ട് കൗണ്ടറിലെ ഉയരം കൂടിയ കസേരയില്‍ സ്വസ്ഥതയോടെ ഇരിക്കുന്ന  കവാരി എന്ന ഇറാനി വനിത. തൊള്ളായിരത്തി അമ്പത്തിമൂന്നില്‍ അവരുടെ അച്ഛന്‍ സ്ഥാപിച്ചതാണ് ഈ കഫെ.ഭര്‍ത്താവിന്റെ മരണശേഷമാണ് അവര്‍ ഈ കസേരയില്‍ ഉറച്ചത്.കട നടത്തുന്ന കവാരിയുടേയും ജോലിക്കാരുടേയും ശ്രദ്ധിക്കുന്നതിൽ മാത്രം. പണപ്പെട്ടി നിറക്കലിന് പ്രഥമ പരിഗണന നല്‍കുന്ന ലോകം കഫേക്ക്  പുറത്താണ് . ഇവിടെ  എല്ലാം സാവധാനമാണ്.സപ്ലെ ചെയ്യുന്നവർ അറുപത് പിന്നിട്ടവര്‍. കവാരിയുടെ ഇരിപ്പിടത്തിന് പിറകില്‍ പഴയ മാതൃകയില്‍ പണി കഴിപ്പിച്ച അലമാരകളാണ്.അതിന് പൂട്ടും താക്കോലും ഉണ്ട്.കടയില്‍ വരുന്നവര്‍ കാപ്പി,ചായ ആവശ്യപ്പെടുന്നതനുസരിച്ച് അടുക്കളയില്‍ നിന്നും ചുടുവെള്ളവും തിളപ്പിച്ച പാലുമായി സപ്ലയര്‍മാര്‍ കൌണ്ടറിനു മുന്നില്‍ വന്നു നില്‍ക്കുന്നു.വലിയ സീറ്റില്‍ നിന്നിറങ്ങി താക്കോല്‍ എടുത്ത് അലമാര തുറന്ന് കവാരി കാപ്പിപ്പൊടി ചായപ്പൊടി,പഞ്ചസാര ശ്രദ്ധയോടെ പുറത്തെടുത്ത് കപ്പിലേക്കിട്ടു കൊടുക്കുന്നു.വീണ്ടും കാപ്പിപ്പൊടി ചായപ്പൊടി പഞ്ചസാര    അലമാരയുടെ സുരക്ഷിതത്വത്തിലേക്ക്  തിരികെ വെക്കുന്നു.  വൃത്തി ഇവിടെ ദൈവങ്ങളെപ്പോലെയാണ്,തൂണിലും തുരുമ്പിലും. തിങ്ങിയ കോടയില്‍ നിന്നും തലയൂരി ഞങ്ങള്‍ കഫേയില്‍ കടക്കുമ്പോള്‍ സ്തീപുരുഷസംഘങ്ങള്‍ ലിംഗവ്യത്യാസത്തിന്റെ മറക്കുടപിടിക്കാതെ മനസ്സ് തുറന്ന് സുഗന്ധം പൊഴിക്കുകയായിരുന്നു അവിടെ.  തിരക്കില്ലത്തവരുടെ ഗുഹയാണ് ഇറാനി കഫെ.ഭക്ഷണം പാതിവഴിയില്‍ മതിയാക്കി ചാടിപ്പോകുന്നവരും ഭക്ഷണത്തിനു വേണ്ടി തിരക്കു കൂട്ടുന്നവരും ഇവിടെ കാണില്ല.ഭക്ഷണം വരുന്ന വഴിയും പോകുന്ന വഴിയും നമ്മളറിയും. ഞങ്ങള്‍ അസ്ലം,അജിത്,ടോജോ,ജോഷി  ചിത്രാങ്കിത മേശക്കിരുവശമിരുന്ന് ഇറാനി കഫെ അന്തരീക്ഷത്തെ കുറെ നേരം അനുഭവിച്ചു,കവാരി പകര്‍ന്ന കോഫിയും ചായയും പലഹാരങ്ങളും ആസ്വദിച്ചു. പോരുമ്പോള്‍ കഹാരി ബഹായി മതത്തെ പരിചയപ്പെടുത്തുന്ന ലഘുരേഖ ഞങ്ങള്‍ക്ക് തന്നു.അവിടെ നമ്മള്‍ അനുഭവിക്കുന്നതു മതത്തെ.പരസ്പരവിശ്വാസത്തിന്റേതായ ഒരു ആദർശത്തെ,മതനിരപേക്ഷമായ ഒരു തത്വത്തെ. എസ് യു സി ഐ ക്കാരെ പോലെ ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരടി പിന്നോട്ടും മുന്നോട്ടും ഇല്ല എന്ന കര്‍ക്കശ നിലപാടുള്ളവരാണ് ഈ ബഹായികള്‍ . കോച്ചുന്ന തണുപ്പിലും സ്വസ്ഥതയും ഊര്‍ജ്ജവുമുള്ള മനുഷ്യരുണ്ടെന്നതിന്‍ തെളിവായി ഇറാനി കഫെ. ഒരു ജാതി ഒരു മതം ഒരു സമൂഹം എന്ന ദര്‍ശനമുയര്‍ത്തിയ ബാഹുള്ള എന്ന ഇറാന്‍ പ്രവാചകന്റെ അനുയായികളാണ് കവാരിയും കുടുംബവും.ദര്‍ശനത്തില്‍ നമ്മുടെ ശ്രീനാരായണഗുരുവിന്റെ ഗണത്തില്‍ വരും ഈ ബാഹുള്ള.ജാതി മതം വര്‍ണ്ണം വംശം ഭാഷ ലിംഗം എന്നിവക്കുമേലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രയത്നിച്ച ബാഹുള്ളയെ പ്രകീര്‍ത്തിക്കുന്ന വചനങ്ങളും ചിത്രങ്ങളും സാഹിത്യവും ഇവിടെ കാണാന്‍ കഴിയും. പുരുഷന്മാരെപ്പോലെ തന്നെ സ്തീകളും മനുഷ്യരാണെന്നും വാടകെക്കെടുത്തതോ ബാക്കി വന്നതോ ആയ നട്ടെല്ലുകൊണ്ടല്ല സ്തീകളെ സൃഷ്ടിച്ചതെന്നും ഈ മതം ഊട്ടിയുറപ്പിക്കുന്നു,ഈ വിശ്വാസത്തിന്റെ ഉറച്ച കാവല്‍ക്കാരിയായി കവാരി. വിളമ്പുന്ന ഭഷണത്തില്‍ കൂടി മനുഷ്യനെ ഒന്നിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ഇറാനി കഫെ അന്വേഷിക്കുന്നത് .ബഹായ് വിശ്വസത്തിലൂന്നിക്കൊണ്ടാണ്  ഓരോ ചലനവും. മതം സമാധാനത്തിലേക്കും വികാസത്തിലേക്കുമുള്ള പാതയാണെന്ന്   ബഹായ് മതം പറഞ്ഞുറപ്പിക്കുന്നു. അതിലേക്കുള്ള ഒരു വഴി മാത്രം ഇറാനി കഫെയും കവാരിയും. തൃശൂര്‍ റൌണ്ടിലെ ഇന്ത്യന്‍ കോഫീ ഹൌസിൽ കവാടത്തിന് ഇടതു വശത്തെ എട്ട് പത്ത് കസേരകളില്‍ വൈകീട്ട് അഞ്ചുമണി മുതല്‍ കളിച്ച് രസിക്കുന്ന പ്രായമേറിയവരുടെ സൌഹൃദത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഊട്ടി മാർക്കറ്റിനടുത്തുള്ള ഈ കഫേ.
✳മണിലാൽ
മലയാളത്തിന്റെ പ്രണയമാധുരി

        ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്മുറിഞ്ഞു എന്ന പാട്ട് കേള്‍ക്കുകയാണ്. ഇതാണ്  ഈ എഴുത്ത് തരുന്നത്. ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍ വന്നു തറക്കാത്തൊരിടമില്ല  എന്നിൽ വന്നുതറക്കാത്തൊരിടമില്ല...  എന്ന് മാധുരി പാടുകയാണ്,വയലാറിന്റെ വരികളില്‍ ദേവരാജൻ മാഷിന്റെ സംഗിതത്തിൽ യേശുദാസിനൊപ്പം.ഒരു തലമുറയെ പ്രണയാതുരമാക്കിയതിന്റെ അവകാശികളിൽ ഇവരെല്ലാമുണ്ട്. കവിതയിലും കഥയിലും ജീവിതത്തിലും ഇതര പടര്‍പ്പുകള്‍ വേറെ ഉണ്ടായിരുന്നുവെങ്കിലും. കേരളത്തെ പ്രണയാതുരമാക്കിയതിൽ വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും യേശുദാസിനും മാധുരിക്കുമൊക്കെ വലിയ പങ്കാണുള്ളത്, ചങ്ങമ്പുഴയുടെ തുടർച്ച. ഈ മുന്തിരിപ്പന്തലില്‍ മധുവിധു രാത്രിയില്‍ ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും അവ ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും.... ജീവിതത്തിൽ നിന്നുയർന്ന് നിൽക്കുന്നതും, ഗൃഹാതുരതവും പ്രണയസന്നിഭവുമായ ഒരവസ്ഥയെ അവര്‍ മലയാളിമനസ്സുകള്‍ക്കായി സൃഷ്ടിച്ചെടുത്തു.കാലങ്ങളെ   യൌവ്വനനിര്‍ഭരമായ ഒരവസ്ഥയിലേക്ക് അവർ മാറ്റി തീര്‍ക്കുകയും ചെയ്തു. ഈ പാട്ടുകൾക്കൊപ്പം മലയാളികൾ നിത്യഹരിതരായി,പ്രേംനസീറിനെപ്പോലെ.  രാഷ്ട്രീയത്തെ പാട്ടുകളില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തിയതുമില്ല,മാറ്റത്തിനുള്ള ഉപകരണമാക്കുകയും ചെയ്തു. മനുഷ്യന്‍ മതം ദൈവങ്ങള്‍ ഭൂമി ഇവയെയെക്കുറിച്ചെല്ലാം അവര്‍ വിമർശവിശകലനങ്ങള്‍ നടത്തി   മൂന്നാം തരമെന്ന് പരിഹസിക്കപ്പെടുന്ന സിനിമാ പാട്ടിലൂടെ. ‘ദന്തഗോപുരം തപസിനു തിരയും ഗന്ധര്‍വ്വകവിയല്ല ഞാന്‍........ മൂകത മൂടും ഋഷികേശത്തിലെ മുനിയല്ല ഞാന്‍ ഒരു മുനിയല്ല ഞാന്‍...‘ ഈ പാട്ടിന്റെ മൂഡ് പ്രണയവും സാഹിത്യം രാഷ്ട്രീയവുമാണ്.പ്രണയം ഫാസിസത്തിന്റെ കാലത്ത് രാഷ്ട്രീയമാണെന്ന് റഷ്യൻ കവി അന്ന അഹമത്തോവ പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയം പ്രമേയമാക്കിയ പാട്ടുകളിൽ പോലും  പ്രണയത്തിന്റെ മാധുര്യം ചേർത്തു മാധുരി.ദേവരാജനും വയലാറും  ഇതിനു കൂട്ടായി നിന്നു.മാധുരി അങ്ങിനെയാണ്,പാട്ടാകെ പ്രണയമാണ്.പാടാന്‍ അറിയില്ല എന്ന വിമർശനത്തെ  അവര്‍ പ്രണയം കൊണ്ടാണ് ,പ്രണയാതുരമായ സ്വരം കോണ്ടാണ് അതിജീവിച്ചത്.  വെള്ളിവീഴ്ച തിട്ടപ്പെടുത്താന്‍ തുനിഞ്ഞവരെ പ്രണയത്തിന്റെ മുന്തിരിച്ചാറില്‍ അവര്‍ മുക്കിത്താഴ്ത്തി. മനുഷ്യന്റെ സങ്കല്പഗന്ധമില്ലാത്തൊരു മന്ത്രമുണ്ടൊ,ദേവമന്ത്രമുണ്ടൊ... എഴുന്നേറ്റാല്‍ മൂളലായി വന്നു നിറയുന്നതാണ് ഓരോ ദിവസത്തെയും എന്റെ പാട്ട്.അല്ലെങ്കില്‍ അന്നത്തെ സംഗീതത്തിന്റെ തുടക്കം.ഒന്നുറങ്ങി അത് മനസ്സില്‍ നിന്നും മാഞ്ഞുപോകണം,തേഞ്ഞു പോകണം,അതുവരെ നാവിലത് പറ്റിപ്പിടിച്ചു കിടക്കും.പലപ്പോഴും ആ ദിവസത്തെ മൂഡുമായി ബന്ധപ്പെട്ടതാണത്.ഓരോ ദിവസവും മനസ്സില്‍ വരുന്ന സൌഹൃദങ്ങളും വ്യത്യസ്തമാകുന്നു,പ്രണയങ്ങളും,പാട്ടുകളിൽ    ഏറ്റവും അടുത്തു നില്‍ക്കുന്നത് മലയാളം പാട്ടുകള്‍ തന്നെ,കാരണം മറ്റൊന്നുമല്ല സംഗതിവശാൽ മലയാളിയായിപ്പോയി.  ഓരോ ഭാഷയും   അതിന്റെ  സ്വതസംഗീതത്തെ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അതിനെ ക്രമത്തിലും ഒതുക്കത്തിലും  മെരുക്കിയെടുക്കുക  മാത്രമേ ചെയ്യേണ്ടതുള്ളു.ദേവരാജന്റെ ഗാനമാധുരി അതാണ്,മറ്റു പലരുടേയും പോലെ.  ഞാന്‍ നട്ട പയറിന് വിരലിലിടാനൊരു വൈഢൂര്യ മോതിരം തന്നേ പോ... ഞാന്‍ ഏറ്റവുമധികം സഞ്ചരിച്ചിട്ടുള്ളത് ,   വായു വേഗത്തില്‍ മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പമാകുന്നു. അവ എന്നില്‍ സഞ്ചാരശീലം വളർത്തി.  തൃക്കാക്കര പൂപോരാഞ്ഞ് തിരുനക്കര പൂ പോരാഞ്ഞ്.... തൃക്കാക്കരയും തിരുനക്കരയും തൊട്ട് തെക്കൻകാറ്റും ഞാനും ഭാവനാവേഗത്തിൽ തിരുമാന്ധാം കുന്നിലെത്തിയത് എത്ര പെട്ടെന്നാണ്. ഇപ്പോഴാണെങ്കില്‍ പെരിന്തല്‍മണ്ണയും തിരുമാന്ധാംകുന്നും അരികെ.  ദൂരവും സമയവും കൈപ്പിടിയിലൊതുങ്ങുമ്പോള്‍  കാവ്യകല്പനകള്‍ മങ്ങുന്നു.മണ്ണിന്റെ ശേഷിപ്പിനെപ്പോലും കോണ്‍ക്രീറ്റില്‍ മൂടുന്നു,പാട്ടിൽ നിന്നും കവിതയിൽ നിന്നും ജീവിതം അകന്നുപോകുന്നത് അതു കോണ്ടായിരിക്കാം. ഒരിക്കല്‍ തിരുമന്ധാംകുന്നിൽ    കുറെ നേരം നിന്നു.അമ്പലം കാണാനല്ല.ഞെരളത്തിന്റെ സംഗീതത്തോടൊപ്പം വയലാറും മാധുരിയും   അവിടേക്ക്   എന്നെ കയറ്റുകയായിരുന്നു. ഭക്തി എനിക്ക് ലജ്ജയാണ് തരുന്നത് .ആ തോന്നല്‍ പോലും എനിക്ക്  അപമാനത്തിന്റെ  ആവരണം തരുന്നു. എന്നിട്ടും ഞാന്‍ “തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍ തിരുവെള്ളിത്തിറയുടെ തേന്‍ കിരണം......” എന്ന് മാധുരിയെ പാടിപ്പോകുന്നു.  ഭക്തിയെ പ്രചരിപ്പിക്കുന്നതിൽ ഈ സംഗീതക്കാരുടെ പങ്കിനെ വെറുതെ വിടുന്നു. ഒറ്റ വരിയില്‍ വയലാര്‍ കുറിച്ചിട്ട തിരുമാന്ധാംകുന്നിനെ വീണ്ടും എനിക്ക് പുനസൃഷ്ടിക്കേണ്ടിവന്നു.മാഹിയില്‍ പോയി മുകുന്ദന്റെ മയ്യഴി സൃഷ്ടിക്കുന്നതുപോലെ,തസറാക്കില്‍ പോയി ഒ.വി.വിജയനെ  മെരുക്കുന്നതുപോലെ.മാര്‍ക്വേസിന്റെ മെക്കണ്ടൊയെ അന്വേഷിച്ച് അതൊരു സ്ഥലഭാവനയെന്ന് തിരിച്ചറിയുന്ന ഡോക്യൂമെന്ററി  സിനിമയുണ്ട്. വയനാടും തിരുനെല്ലിയും  ആകർഷകമാകുന്നതിൽ  നീലപ്പൊന്മാനെ എന്റെ നീലപ്പൊന്മാനെ എന്ന പാട്ടിനും പങ്കുണ്ട്. പി.വത്സലയും രാമു കാര്യാട്ടുമൊക്കെ കൂടെയുണ്ട് . ചുണ്ടില്‍ പൈപ്പും തിരുകി ബുൾഗാൻ വെച്ച രാമുകാര്യാട്ട് ഏതോ ഫ്രെയിമിലേക്ക് ദൃഷ്ടിയൂന്നി  പാറയിൽ കയറി നില്പുണ്ടൊ എന്നൊരു തോന്നലും  വിട്ടുപോകുന്നില്ല. ആരും മരിക്കുന്നില്ല,ഒന്നും മായുന്നില്ല. തിരുനെല്ലി സ്പൈസസ് വാലിയിലെ താമസക്കാലത്ത് തുറന്നിട്ട ജനലയിലൂടെ മഴപെയ്തൊഴിഞ്ഞ ഒരു രാത്രിയില്‍ കാടാകെ ലക്ഷക്കണക്കിന് മിന്നുമിനുങ്ങുകൾ തെളിഞ്ഞിറങ്ങുന്നതു കണ്ട് ,   വയനാട്ടിലെ വാസന പൂവുകള്‍ വാര്‍മുടി ചീകി ചൂടേണം... എന്ന പാട്ടായി ഞാൻ മാറി. മാനന്തവാടിയില്‍  നിന്നും തിരുനെല്ലിയിലെക്ക് വരുമ്പോള്‍     തേക്കിന്‍ തോട്ടത്തില്‍ നിന്നനുഭവിച്ച കാറ്റും കുളിരും,  തേക്കു പൂക്കും കാട്ടിലെ .... എന്ന വരികളുമായി ചേര്‍ത്ത് വെച്ചു. സുകുമരേട്ടൻ മാനന്തവാടി തിരുനെല്ലി യാത്രകൾ സന്ധ്യയിലേക്ക് മാറ്റി വെക്കും എന്ന് പറഞ്ഞപ്പോഴാണ് എന്റെ മാത്രം തോന്നലല്ല അതെന്ന് തോന്നി.       പ്രകൃതിയെ ആപാദചൂഡം അനുഭവിക്കണമെങ്കില്‍ ബൈക്കില്‍ തന്നെ പോകണം. വയലാറും,വയലാറിന്റെ  ഭാവനക്കൊപ്പം യേശുദാസും മാധുരിയും ഇതിലേ സഞ്ചരിച്ചിട്ടുണ്ടാവും. പ്രണയത്തിലേക്ക് ചാഞ്ഞ് അതിന്റെ സുഗന്ധമറിഞ്ഞാണ് മാധുരി എപ്പോഴും  പാടുക.കാമവും ശൃംഗാരവുമെല്ലാം അതിന് ചേരുമ്പടി ചേരും.   പാട്ടിന്റെ പൂമാരി വീണുവീണ് കാട്ടിലെ മുളങ്കാട് പീലീനീര്‍ത്തി മാനസമയൂരം വീണ്ടുമേതോ മാദക ലഹരിയില്‍ നൃത്തമാടി അല്ലെങ്കില്‍ എങ്ങിനെയാണ് മഞ്ഞിനും മഴക്കുമിടയിലെ പുയൽ  പോലെ ഈ വരികളൊക്കെ നമ്മെ പറ്റിപ്പിടിക്കുന്നത്. ഒളികണ്ണിലെയോരിതൾ തേന്മലരമ്പുകൾ വന്നുതറക്കാത്തൊരിടമില്ല എന്നിൽ.....േ


   

Thursday, February 21, 2019

മിന്നാ ഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍.... 
പാഴ്പ്രണയത്തിന്റെ താജ് മഹല്‍ എന്ന് കേരളീയ വാസ്തുവിദ്യയുടെ പതിനാറുകെട്ട് എന്ന  ഈ അത്ഭുതത്തെ അതരിപ്പിച്ചേക്കാം ചരിത്രകാരന്മാര്‍ വരും കാലങ്ങളില്‍. ദേശാന്തരങ്ങളില്‍ മദിച്ചുമറിയേണ്ട ഒരു പ്രണയത്തെ ഞെക്കിക്കൊന്നതിന്റെ നിശബ്ദമായ വികാരങ്ങള്‍ ഈ പണ്ടാറക്കെട്ടിന്റെ കനംതൂങ്ങിയ ഓരോ മുറിയും മുക്കും മൂലയും ഒളിപ്പിച്ചു വെക്കുന്നതു പോലെ സന്ദര്‍ശകര്‍ക്കു തോന്നുന്നുവെങ്കില്‍.......... ഈ കഥ കേട്ടിട്ടുണ്ടായിരിക്കണം. ഇന്ത്യക്കാരെ ബ്രിട്ടിഷ് ബിസ്കറ്റ് രുചിപ്പിക്കുവാനാണ് ജോസഫ് ഫ്രൈ എന്ന ബ്രിട്ടിഷുകാരന്‍ ഇന്ത്യയിലെത്തുന്നത്.ചായക്കൊപ്പം ബിസ്കറ്റൊ  മറ്റെന്തിങ്കിലുമോ കടിക്കുന്ന മദിരാശി പട്ടണമാണ് സ്വാഭാവികമായും അവര്‍ ബിസിനെസ്സിന് തെരഞ്ഞെടുത്തത്.ബിസ്കറ്റ് തീറ്റ മൂലം മദിരാശി പട്ടണം പോഷക സമൃദ്ധമായില്ലെങ്കിലും ഗ്രഹണിയും തൂറലും മറ്റുമായി വഴിവക്കുകള്‍ ആങ്ങിനെയായി.ഇതില്‍ നിന്നും പോഷകം വലിച്ചെടുത്ത് ഫ്രൈ കുടുംബം വടവൃക്ഷം പോലെ സമ്പന്നമായി. പോഷക സമൃദ്ധമായ ഇന്ത്യനവസ്ഥയില്‍ ആകൃഷ്ടരായ ഫ്രൈ കുടുംബം വീടുവെക്കാന്‍ പറ്റിയ സ്ഥലം തേടിയാണ് നെല്ലിയാമ്പതിയില്‍ എത്തുന്നത്. പാലക്കാട്ടുകാര്‍ക്കു പോലും ഓണം കേറാമൂലയായിരുന്നു അന്ന് നെല്ലിയാമ്പതി.ആനകളടക്കം കാട്ടു മൃഗങ്ങള്‍ വനപാലകരുടെ ശല്യമില്ലാതെ സ്വൈര്യമായി കഴിഞ്ഞിരുന്ന കാലം. കുടിയേറ്റക്കാര്‍ കണ്ടതൊക്കെ വെട്ടിവെടിപ്പാക്കി കൈക്കലാക്കിയത് പിന്നീടാണ്. കാട്ടുമൃഗങ്ങള്‍ക്കും കാടുകൈയ്യേറ്റക്കാരുക്കും ഇടയില്‍ ഞെരുങ്ങിയ ആദിമനിവാസികളായിരുന്നു.നല്ല വസ്ത്രങ്ങളും ഭഷണവും ശീലിപ്പിച്ചാണ് ജനാധിപത്യ സര്‍ക്കാര്‍ അവരെ കാടിറക്കി പെരുവഴിയിലാക്കിയത് പിന്നീടാണ്. നെല്ലിയാമ്പതിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സായ്പ് കേരള വാസ്തുവിദ്യയില്‍ തടഞ്ഞ് വീണതിന്റെ പരിണതഫലമായി 4x4 കണക്ക് പ്രകാരം  പതിനാറുകെട്ട് വിലക്കു വാങ്ങാന്‍ കോട്ടയത്തെ പള്ളം രാജകുടുംബാംഗങ്ങളെ സമീപിക്കുന്നത്. പഴമ വിട്ട് മട്ടുമാറ്റി മനുഷ്യരെപ്പോലെ ജീവിക്കാന്‍ തുടങ്ങണമെന്ന് കെട്ടുകളില്‍ താമസിക്കുന്ന ഇരുളന്മാര്‍ ആലോചിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഇതുതന്നെ താപ്പ് എന്ന് കരുതി സായ്പിനെ മേല്‍ പതിനാറുകെട്ട് അവർ കെട്ടിവെക്കുന്നു.കുറെ നാള്‍ നമുക്ക് എട്ടിന്റെ പണി തന്നവരല്ലെ,തിരിച്ചു കൊടുക്കാനുള്ള നല്ല അവസരം എന്നു കരുതിയിട്ടുണ്ടാവണം  കഴുക്കോല്‍ ഊരി നിത്യച്ചെലവിന് വഴി കണ്ടെത്തിയിരുന്ന ഈ രാജകുടുംബം. പതിനാറുകെട്ട് സ്വന്തമായിക്കിട്ടിയ സായ്പ് അതെല്ലാം പോളിച്ചെടുത്ത് നൂറുകണക്കിന് ലോറിയിലും ട്രക്കിലുമായി നെല്ലിയാമ്പതി മല കയറുന്നു.അവിടെ പതിനാറുകെട്ട് പുനസ്ഥാപിക്കുന്നു,ജീവിതം ആരംഭിക്കുന്നു. ഒരു  സസ്യഗവേഷണ സ്ഥാപനവും ഒരുക്കുന്നു.കാടിനോടുള്ള സ്നേഹം കൂടുകയും മനുഷ്യരോടുള്ളത് കുറയുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ബിസ്കറ്റ് കമ്പനി പൂട്ടേണ്ടി വന്നു,തമിഴന്മാര്‍ പഴയ സാക്രീന്‍ ബിസ്കറ്റിലേക്ക് തിരിച്ചു കടിക്കാനും തുടങ്ങി. വനവും വനഗവേഷണവുമായി ജീവിതം മുന്നേറുമ്പോഴാണ് മഹാളി എന്ന ഇരുകാലന്‍ വനജീവി ഫ്രൈ കുടുംബത്തില്‍ വന്നെത്തുന്നത്.ആരോഗ്യ ദൃഢഗാത്രനായ മഹാളി എന്ന ആദിമനിവാസിയെ ഫ്രൈ കുടുംബം സഹായത്തിന് വെച്ചു.     വനനിഗൂഢതകളില്‍ സായ്പിനൊരു കൂട്ടും വേണമായിരുന്നു. സിനിമയിലൊക്കെ സംഭവിക്കുന്നതു പോലെ ഫ്രൈ കുടുബത്തിലെ ഇടനാഴി വഴി ഒരു പ്രണയം പൂക്കാന്‍ തുടങ്ങി. ആറടി പൊക്കവും അതിനൊത്ത വീതിയുമുള്ള   കാടനായിരുന്നു മഹാളി.ഫ്രൈയുടെ മകള്‍ മിന്നാ ഫ്രൈക്ക് മഹാളി ഇഷ്ടപുരുഷനാവുന്നു.ചുറ്റാനൊരു മരമുള്ളപ്പോള്‍ എന്തിന് വള്ളി നിലത്തിഴയണം,അതും മനുഷ്യമുഖങ്ങളെ അധികം കിട്ടാത്ത കൊടുംകാട്ടില്‍. മഹാളി എന്ന മഹാവൃക്ഷത്തില്‍ മിന്ന പടര്‍പ്പായി.മിന്നയുടെ തിരുവായ്ക്ക് മഹാളിക്ക് എതിര്‍വാ ഇല്ലായിരുന്നു.കാട്ടുഭാഷ വശമില്ലാത്ത ഒരു സാധാരണ സ്ത്രീ ആയിരുന്നു മിന്ന.യെസ് നോ പറഞ്ഞൊഴിയാനറിയാത്ത മഹാളി മിന്ന(ൽ)പ്രണയത്തില്‍ അടിയറവു പറഞ്ഞ. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ അവര്‍ കാടായ കാട് മുച്ചൂടും കവർന്ന് പ്രേമിച്ചു.കാട്ടുവള്ളികളില്‍ ആടിക്കളിച്ചു,ഫ്രൈ ബിസ്കറ്റുകള്‍ കൊറിച്ചു.കാട്ടുമക്കളെയും കള്ളവാറ്റുകാരെയും മാത്രം കണ്ടു പരിചയിച്ച കൊടും വനത്തിലെ മാന്‍ പേടകളും പന്നികളും ചെന്നായ്ക്കളും കാട്ടുപോത്തുമൊക്കെ വെട്ടിത്തിളങ്ങുന്ന മിന്നയെ കണ്ട് കണ്ണഞ്ചി. മിന്നയുടെ പശ്ചാത്തലത്തില്‍ മഹാളിയെ ഇതേതു ജന്തു എന്ന് കണ്ണിറുക്കുകയും ചെയ്തു. മനുഷ്യകുലമല്ലെങ്കിലും സായ്പിനെ കണ്ടപ്പോള്‍ കാട്ടുമൃഗങ്ങളും കവാത്തു മറന്നിരിക്കണം. മക്കളേക്കാളും ബിസ്കറ്റ് കമ്പനിയേക്കാളും കാടിനെ സ്നേഹിക്കുന്ന ഫാദര്‍ ഫ്രൈ ഈ ബന്ധത്തെ അംഗീകരിക്കുമെന്നായിരുന്നു മകള്‍ ഫ്രൈ വിചാരിച്ചത്.പക്ഷെ കാര്യങ്ങള്‍ ഓവര്‍ ഫ്രൈ ആയി. ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ താന്‍ ഉറങ്ങുന്ന മുറിയൊഴിച്ച് വീടാകെ പൊളിച്ച് ലോറിയിലേക്കും ട്രക്കിലേക്കും കയറ്റുന്ന കാഴ്ചയാണ് മഹാളിയെ വിചാരിച്ച്  കോട്ടുവായിട്ടു പുറത്തു വന്ന മിന്ന കാണുന്നത് .മിന്ന ഉണരുന്നതും നോക്കിയിരിക്കയായിരുന്നു ,ബാക്കിയുള്ളതും പൊളിച്ച് ട്രക്കില്‍ കയറ്റാന്‍. മഹാളി എന്ന മാറാരോഗത്തെ പേടിച്ച് ജോസഫ് ഫ്രൈ കുടുംബം  കൊടൈക്കനാലിലേക്ക് താമസം മാറ്റുകയായിരുന്നു. വീടു വിട്ടല്ല,വീടിനെയും കൂ‍ട്ടി.പതിനാറുകെട്ടിന് ഇരിക്കപ്പൊറുതിയില്ലാതെയായി,ഒരു പ്രണയത്തിന്റെ ചൂടുകൊണ്ട്. നെല്ലിയില്‍ നിന്നും നൂറുകണക്കിന് ട്രക്കുകുള്‍ മലയിറങ്ങുകയും കൊടൈക്കനാല്‍ മല കയറുകയും ചെയ്തു.ഈ കാഴ്ച ഇന്നും പഴമക്കാരുടെ ഓർമ്മയിൽ തിളങ്ങിനിൽപുണ്ട്. ചുട്ട കാട്ടുകിഴങ്ങ്   ട്രൈബല്‍ കാമുകന്റെ സാഹസത്തോടെ കടിച്ച് മോണ വെന്ത് നിറംകെട്ട പല്ലിനാല്‍ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയാൽ മഹാളി മലയിറങ്ങുന്ന മിന്നയെ നോക്കിനിന്നു. പുതിയ അന്തരീക്ഷത്തില്‍ മിന്ന മഹാളിയെ മറന്നു.മഹാളി കാട്ടുകിഴങ്ങ് കടിച്ചും തേന്‍ കുടിച്ചും കാട്ടില്‍ അലഞ്ഞു. അച്ഛന്‍ ഫ്രൈ അധിക നാള്‍ കൊടൈക്കനാലിലെ കുളിര് കൊണ്ടില്ല. സഹോദരന്‍ ഫ്രൈയു (ഫ്രാൻസിസ് )മൊന്നിച്ച്  മിന്ന ഫ്രൈ കടല്‍ കടന്നു.കൊടൈക്കനാലില്‍ എട്ടു കെട്ട് അനാഥമായി. കഥയിൽ ഭരിതനായി നെല്ലിയാമ്പതിയിൽ നിന്ന് വണ്ടി പിടിച്ച് ഞാനവിടെ പോയി.മനോഹമാണീ നാലുകെട്ട്.ഒരു കെയര്‍ ടേക്കറുടെ മേല്‍നോട്ടത്തില്‍ പൂര്‍വ്വാനുഭവങ്ങളുടെ ഭാരത്തോടെയും കരുത്തോടെയും  അതവിടെ എഴുന്ന് നില്‍ക്കുന്നു. ഞാന്‍ ഒരു നിമിഷം കണ്ണടച്ച് മിന്നയേയും മഹാളിയേയും ഓര്‍ത്തു. ജോസഫ് ഫ്രൈയുടെ കുഴിമാടം കണ്ടു.ഫ്രാന്‍സിസ് ഫ്രൈയുടെ ചില ചിത്രരചനകള്‍ കണ്ടു. നെല്ലിയാമ്പതിയില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും കേട്ടറിഞ്ഞ കഥക്ക് കെട്ടുകഥയുടെ ഛായ ഉണ്ടായിരിക്കാം.പക്ഷെ കൊടൈക്കനാലിലെ പതിനാറുകെട്ടില്‍ പൊടിപിടിച്ചു കിടന്ന, കൈതഴക്കത്തിൽ ആരോ മെഴുകിയ ഒരു പെയിന്റിംഗ്  മിന്നയുടെയും മഹാളിയുടെയും പ്രണയത്തിന് ആധികാരികത്വം നല്‍കുന്ന സൂചനയാണ്.ഒരു കറുത്ത പുരുഷനും ഒരു വെളുത്ത സ്ത്രീയും ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.ഈ ചിത്രത്തില്‍ നിന്നാണോ കഥകളെല്ലാം പുറപ്പെട്ടത്.അല്ലെങ്കില്‍ കഥകളില്‍ നിന്നാണോ ഈ ചിത്രം രചിക്കപ്പെട്ടത്.ആര്‍ക്കറിയാം. ഈ ചിത്രം മിന്നാസഹോദരന്‍ ജോസഫ് ഫ്രൈ വരച്ചതാകാനും സാധ്യതയുണ്ട്.അയാള്‍ ഇന്ന് ലോകം അറിയുന്ന ചിത്രകാരനാണ്. സൂചന കണ്ടു പഠിക്കേണ്ടവരാണ് കഥാകൃത്തുക്കള്‍. ഇക്കഥക്ക് ശേഷം ഞാന്‍ ഗൂഗിളില്‍ പോയി മിന്ന ഫ്രൈ എന്ന് ടൈപ്പ് ചെയ്തു.റിസല്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു.മിന്ന ഫ്രൈ എന്ന പേരിനൊപ്പം ഒരുപാടു ലിങ്കൂകള്‍.അതൊക്കെ അവരുടെ ഉയര്‍ന്ന സാമൂഹ്യാവസ്ഥ വെളിവാക്കുന്നവയായിരുന്നു.ഗൂഗിള്‍ പ്രകാരം ഫ്രാന്‍സിസ് ഫ്രൈയും പ്രശസ്തനായ ചിത്രകാരനാണെന്നും അറിഞ്ഞു. ഇംഗ്ലണ്ടില്‍ വലിയൊരു കമ്പനിയുടെ തലപ്പത്ത് റിസഷന്‍ കാലത്തെ അസ്വസ്ഥതയോടെയിരിക്കുകയാണ് മിന്ന,കാട്ടുകിഴങ്ങ് കടിച്ചും കാട്ടുതേൻ നുണഞ്ഞും മഹാളിയോടൊപ്പം പൂവിതളുകളെപ്പോലെ നെല്ലി മലഞ്ചെരിവുകളില്‍ പാറിക്കൊണ്ടിരിക്കേണ്ടതിനു പകരം.


❤മണിലാൽ

Tuesday, February 19, 2019

അമ്മ അനുഭവമാല

അമ്മ അനുഭവമാല...
അമ്മയും ഞാനും കീരിയും പാമ്പും പോലെയായിരുന്നു.അത് സ്വാഭാവികവുമായിരുന്നില്ല - ഞങ്ങൾ രണ്ടുപേർക്കും.എനിക്ക് രണ്ടുജീവികളിൽ ഒന്നാകണമായിരുന്നു,എന്റെ ദുർനടപ്പിന്.അമ്മക്ക് അമ്മയുമാവണമായിരുന്നു. ഇരുദിശകളിലും രണ്ടുപേരും ശരിയുമായിരുന്നു. ബാഗും തൂക്കി ഞാൻ പുറത്തിറങ്ങുമ്പോൾ അമ്മ ചോദിക്കും,എവിടേക്കാടാ,ഞാൻ നിസാരമായി ഞാൻ  പറയും,കൽക്കത്തക്ക്. ഇങ്ങനെയൊരു മകനെ സഹിക്കാൻ ഒരമ്മക്കും എളുപ്പമായിരിക്കില്ല.വീട്ടിൽ നിന്നിറങ്ങാനും വീട്ടിലേക്ക് പോകാനും എനിക്ക് നല്ല മെയ് വഴക്കങ്ങൾ വേണമായിരുന്നു ,ഒരു കാരണവുമില്ലാത്ത യാത്രകളായിരുന്നു,അമ്മക്കതെല്ലാം. കോളേജിനുശേഷമുള്ള ദീർഘസഞ്ചാരങ്ങൾ സിനിമക്കുവേണ്ടിയായിരുന്നു.അന്നൊക്കെ ഫിലിംഫെസ്റ്റിവലുകൾ  പലദേശങ്ങളിലായിരുന്നു,സ്ഥിരം വേദിയില്ലാത്ത കാലം.സ്ഥിരം വേദികൾ എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒന്നുമാണ്.യാത്രയുടെ സാദ്ധ്യതകൾ ആദ്യം തൂറന്നുതന്നത് ഫിലിം ഫെസ്റ്റിവലുകൾ,സിനിമക്ക് വേണ്ടിയുള്ള യാത്ര,സിനിമയിലൂടെയുള്ള യാത്ര. മാതൃഭാവമാണ് അടിസ്ഥാന വികാരമെങ്കിലും ഉരുക്കിന്റെ ധാർഷ്ട്യം അമ്മയുടെ  ജീവിതത്തിലുണ്ടായിരുന്നു,ആരേയുംകൂസാതെയുള്ള ഒരു ജീവിതം.തോരാത്ത പ്രതിസന്ധികളിൽ നിന്നും നേരിട്ട .തിക്താനുഭവങ്ങളിൽ നിന്നും കിട്ടിയതാണത്.അടുത്ത വീട്ടിലെ പയ്യൻ മരത്തിൽ തൂങ്ങിമരിച്ച രാത്രി  മരണം പേടിച്ച് ഞാൻ പോലും മാറിനിന്നപ്പോൾ അമ്മ ചെയ്തത് നേരെ പോയി മരണത്തിലേക്ക് ടോർച്ചടിച്ച് അതിനെ സധൈര്യം സ്വീകരിക്കുകയായിരുന്നു.അമ്മയുടെ ഈ താന്തോന്നിത്തം നാട്ടിൽ വലിയ വർത്തമാനമായിരുന്നു,മയപ്പെടുത്തിയാണെങ്കിലും അക്കഥ പലരും എന്നോടും പറയുകയുണ്ടായി.വർഷങ്ങൾക്കുശേഷം കുറസോവയുടെ ആത്മകഥ വായിച്ചപ്പോൾ തോന്നി അമ്മയാണ് ശരി എന്ന്.എന്നെപ്പോലെ ഒളിച്ചോട്ടമല്ല ശരിയെന്നും.യുദ്ധാവശിഷ്ടങ്ങൾ കാണാൻ സഹോദരനോപ്പം പോയ കുറസോവ ദുരന്തം നോക്കാനാവാതെ തിരിഞ്ഞുനിന്നു,സഹോദരൻ പറഞ്ഞു,ഒന്നിനും പുറംതിരിഞ്ഞുനിൽക്കരുത്, അഭിമുഖീകരിക്കൂ,എല്ലാം പിന്നെ അനായാസമാകും.കുറസോവയെ ഏറ്റവും സ്വാധീനിച്ചതായിരുന്നു  സഹോദരന്റെ വാക്കുകൾ. ദാരിദ്ര്യം ഏകാന്തത  അരക്ഷിതത്വം,എല്ലാറ്റിനേയും അഭിമുഖീകരിച്ചു വളർന്നവളായിരുന്നു എന്റെ അമ്മ. മരങ്ങൾക്ക് വാർഷികവളയമെന്ന പോൽ അത് കരുത്തായി രൂപാന്തരപ്പെട്ടു,ഒന്നിലും ആരേയും കൂസാതെ,ആശ്രയിക്കാതെ. ആയതിനാൽ എന്റെ ജീവിതം സ്വാതന്ത്ര്യം നിറഞ്ഞതായി.കറന്റ് ബിൽ,ടെലഫോൺ ബിൽ,റേഷൻ കട,പലചരക്ക്,മീൻ മാർക്കറ്റ്,പാൽ വിതരണം,കശുവണ്ടി പെറുക്കൽ ഒക്കെ അമ്മ നേരിട്ടുതന്നെ ചെയ്തുകൊണ്ടിരുന്നു.ഇരുപത് കിലോമീറ്റർ അകലെയുള്ള ആലപ്പാട് പുള്ളിലെ കോൾപ്പാടത്തേക്കുപോലും അപകടം പറ്റി അല്പം മുടന്തുള്ള കാലുമായി അമ്മ നിരന്തരം പോയിക്കൊണ്ടിരുന്നു.കൊയ്ത്തിനുമാത്രം ഞാൻ പോകുമായിരുന്നു. ലോറിക്കു മുകളിലെ കറ്റനിറച്ച ഉയരങ്ങളിൽ  കൊയ്ത്തുകാർക്കൊപ്പം ഇരുന്നുള്ള സഞ്ചാരവും എനിക്ക് ഇഷ്ടമായിരുന്നു.സ്കൂളിൽ പോക്കും അമ്മ ചെയ്തിരുന്നെങ്കിൽ,മടി  എന്ന കൂട്ടുകാരൻ അങ്ങിനേയും  ആഗ്രഹിച്ചുപോയിട്ടുണ്ട്. തോരാത്ത മഴയിൽ വീടില്ലാതെ  അമ്മയും മൂന്നുമക്കളും അന്തംവിട്ടുനിന്നതും ആടിയുലഞ്ഞ വള്ളത്തിൽ ഞാനും ചേട്ടനും കൂടി കാനോലിക്കനാലിലൂടെ കറ്റനിറച്ച വഞ്ചി തുഴഞ്ഞതും എന്റെ ജീവിതത്തിലെ ഒഴിച്ചുനിർത്താനാവാത്ത വിഷ്വലുകൾ ആവുന്നത് അമ്മ അതിലെ നായികയായതുകൊണ്ടാണ്.അമ്മക്കൊപ്പം ഞങ്ങളും ചുഴിയിലകപ്പെടാതെ തുഴയുകയായിരുന്നു. രാത്രിയിൽ തുള്ളിക്കളിച്ച വലിയ മീനുകൾ കെട്ടിയിട്ട വഞ്ചിയിലേക്ക് മലക്കം മറിഞ്ഞ് ഞങ്ങളുടെ കറിച്ചട്ടിയെ സമൃദ്ധമാക്കിയതും ഒരു വലിയ കാര്യമായി ഓർമ്മയുടെ ശേഖരത്തിലുണ്ട്. പോകെപ്പോകെ അമ്മ ഒരു തീരുമാനത്തിലെത്തി,എന്നെ വെറുതെ വിടുക. അമ്മയുടെ ആരോഗ്യവും കരുത്തും ധാർഷ്ട്യവുമായിരിക്കാം അതിനുകാരണം.ഇവന്റെ കാലൊന്ന് ഒടിഞ്ഞുകിട്ടിയെങ്കിൽ കുറച്ചുനാൾ വീട്ടിൽ കിട്ടിയേനെ എന്ന് പറഞ്ഞതും ഈ അമ്മയാണ്. ആരോഗ്യം കുറഞ്ഞുവന്ന കാലത്താണ്  മകനായി ഞാൻ അമ്മയിലേക്ക് തിരികെയെത്തുന്നത്. നിന്നെയൊന്ന് കാണാൻ എന്ന് ഒറ്റവാക്ക് മൊബൈലിൽ കേൾക്കേണ്ട  താമസം ഞാൻ ' വാടാനപ്പള്ളിയിലേക്ക് ഓടിയെത്തുമായിരുന്നു.മതിലും വേലിയുമില്ലാത്ത വിശാലവിസ്തൃതിയിലേക്ക് നിഴലും രൂപങ്ങളും  മറിയുന്നതും നോക്കിയിരുന്ന കണ്ണുകൾ തിളക്കം വെക്കുന്നതും അതിൽ കുറച്ച് കണ്ണീരുകലരുന്നതും ഞാൻ അനുഭവിച്ചിട്ടുണ്ട്,അത്  ഒരു കാമുകിയിലും ഞാൻ ശ്രദ്ധിച്ചിട്ടില്ല.. വീട് വിടാനുള്ളത് എന്ന സങ്കല്പത്തിൽ മുറുകെപ്പിടിച്ച് എന്നും വീടുവിട്ടുപോവാൻ ആഗ്രഹിച്ചവൻ അമ്മ കിടപ്പായപ്പോൾ  വീട്ടുപക്ഷിയായി. നഴ്സിംഗിനെ ലോകത്തെ ഏറ്റവും വലിയ സംഭവമായി കാണുന്നതും ഇക്കാലത്ത്.അറിയാതെ അമ്മയുടെ വയറ്റിൽ നിന്നും പോയ ഒരു ദിവസം.ഞാനത് തുടച്ചുകളയുകയായിരുന്നു,അല്പം മടിയോടെ.ഞാൻ പറഞ്ഞു,ഞാൻ എന്താ ചെയ്യുന്നതെന്ന് അമ്മ അറിയുന്നുണ്ടൊ. അമ്മ പറഞ്ഞു ,ഞാനും കുറെ നിന്റെ കോരിയതല്ലെ.ആ നിമിഷം പമ്പ കടന്നു എന്റെ മടിയും അറപ്പും വെറുപ്പുമൊക്കെ,പിന്നെ എല്ലാം സ്നേഹമായിരുന്നു. അമ്മ ഓർമ്മകളിൽ നിന്നും പിൻ വാങ്ങിയപ്പോൾ ഞാൻ ആ ശരീരത്തിന് ഏറെക്കുറെ ഒരു കാവൽക്കാരനെപ്പോലെ നിന്നു.ആ ശരീരത്തിലെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചുകോണ്ടിരുന്നു,അമ്മ  കുട്ടിയെ എന്നപോലെ.എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിയുന്നത് . ഇവിടെ വളരുകയല്ല,തളർന്നുതളർന്നു പോകുകയാണ്,തിരികെ കിട്ടാത്തവിധം..പെട്ടെന്നാണത് ഞാൻ ശ്രദ്ധിച്ചത്.അമ്മ കൈകൾ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു,തലയുയർത്താനുംപെടാപ്പാടു പെടുന്നു.അമ്മക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നതുപോലെ എനിക്ക്  തോന്നി.ഞാൻ ക്ഷമയോടെ  ശ്രദ്ധയോടെ കാത്തിരുന്നു,ശരീരത്തിൽ തൊട്ടിരുന്നു.അമ്മയെ ആകെ നിരീക്ഷണത്തിലാക്കി.ഒടുവിൽ അമ്മയുടെ അസ്വസ്ഥതക്ക് കാരണവും കണ്ടെത്തി,ഞാൻ കരഞ്ഞുപോയ നിമിഷമായിരുന്നു അത്.മനുഷ്യൻ നിസാരനും  നിസഹായനുമാവുന്ന നിമിഷത്തെ ഞാനും  അമ്മക്കൊപ്പം അന്നനുഭവിച്ചു. ആരുടേയും കാഴ്ചയിൽ പെടാൻ സാദ്ധ്യതയില്ലാത്ത അത്രക്ക് കുഞ്ഞനുറുമ്പുകൾ വരിവരിയായി  അമ്മയുടെ കണ്ണിലൂടെ സഞ്ചരിച്ചുകോണ്ടിരിക്കുന്നു,കണ്ണിലൂടെ തെളിനീർ ഒഴുകുന്നുമുണ്ടായിരുന്നു.മരണത്തിനും ജീവനുമിടക്കുള്ള അതിർവരമ്പുകൾ ശാന്തതയുടേതാണെന്നും എനിക്ക് മനസിലായി.ആരോഗ്യമുള്ളവർക്കു മാത്രമേ അലോപ്പതി മരുന്ന് കൊടുക്കാവൂ എന്ന അനുഭവവും അമ്മ തന്നു.വേദനയാൽ  അസ്വസ്ഥയായ അമ്മക്ക് ശാന്തമായ മരണം ഹോമിയോ ഡോക്ടറായ സുഹൃത്ത് ദിപു ഉറപ്പുതന്നു.ശാന്തവും സൗന്ദര്യവും നിറഞ്ഞ മരണവഴികളിൽ കാഴ്ച മറയും വരെ ഞാനും കൂട്ടിരുന്നു. കാഴ്ചകളെ സൂക്ഷ്മമാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്,കലയിൽ മാത്രമല്ല മനുഷ്യത്വത്തിലും. അമ്മയിലൂടെ ഞാൻ നഴ്സിംഗിന്റെ ബാലപാഠവും അറിഞ്ഞു, അമ്മയിലൂടെ  പലതുമറഞ്ഞിരുന്നു,പരസ്പരമറിയുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നുള്ള പ്രണയപാഠമായിരുന്നു അത്.കാലങ്ങളിലൂടെയുള്ള ജീവിതസഞ്ചാരങ്ങളിൽ  ഞാൻ തൊടുന്നതും

Sunday, February 17, 2019

എന്റെ ഉറക്കങ്ങൾ

                   


സുഹൃത്തിനെപ്പോലെ ഒഴിയാബാധയും ബോധ്യവുമായി  ഉറക്കം കൂടെയുണ്ട്. എന്തിലേക്കും  ചായാന്‍ തോന്നുന്ന  മാനസികനിലയാണത് .ഈ   ശീലം നല്ലതല്ലെന്ന് പലരും പറയുന്നു.ഉറക്കപ്രാന്തിന്റെ പേരിൽ അമ്മ   വഴക്കും വക്കാണവും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്.ഉറക്കം തെളിയാത്ത ദിവസങ്ങളിൽ സ്കൂളിലോ കോളേജിലോ പോയിട്ടില്ല, പോകുന്നത്  ആനക്കാര്യമല്ല എന്നതും ഒരു കാരണമായി ഉറക്കത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്. മടിയുറക്കം ചിലപ്പോൾ നാളുകളിലേക്ക് നീണ്ടു പോകുകയും ചെയ്യും.   ഇന്ത്യയിലായതിനാൽ ഇത്തരം അപരിചിതസ്വഭാവങ്ങൾ  മാനസികാരോഗമായി എഴുതുകയൊ എഴുതിത്തള്ളുകയോ ചെയ്യില്ല, പ്രാന്തിന്റെ വൈവിധ്യം കൂടിയാണ് ലോകത്തിന്റെ സൗന്ദര്യം . മനുഷ്യരുടെ ആരോഗ്യം ആർക്ക് വേണം, മാനസികാരോഗ്യത്തെ രാഷ്ടീയക്കാർക്കും ഭരണകൂടത്തിനും പേടിയുമാണ്.  ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മനുഷ്യദൈവത്തെ പറ്റി സംസാരിക്കുന്നതിനിടയിൽ യു.കെ.യിൽ മനശാസ്ത്രഞ്ജനായ മലയാളി സുഹൃത്ത് പറഞ്ഞു,അവിടെയാണെങ്കിൽ കാര്യങ്ങൾ ഇത്ര നീണ്ടു പോകില്ല, പിടിച്ചുകെട്ടി കൂട്ടിലടിച്ചേനെ.പൊതുവിൽ ഭ്രാന്തിനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.അതുകൊണ്ടാണല്ലോ ദാരിദ്യം പങ്കുവെക്കലാണ് സോഷ്യലിസം എന്നു പറഞ്ഞ പ്രധാനമന്ത്രിയും നമുക്ക് പ്രിയങ്കരമായത്. ഒരുതരം കുറ്റബോധത്തിൽ വീഴുമെങ്കിലും   ഉറക്കത്തെ ഞാന്‍ മറ്റെന്തിനുമുപരിയായി സ്നേഹിക്കുന്നു, ഉറക്കം എന്നെ നിർവ്വചിക്കാനാവാത്തവിധം സമനിലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അകത്തും പുറത്തും ഉറഞ്ഞു തുള്ളുന്ന ഭ്രാന്തിൽ നിന്നുള്ള മോചനം കൂടിയാണത്. ഒരാൾ രാവിലെ വന്ന് എന്നോട് ചോദിക്കുന്നു, നമ്മൾ ഹിന്ദുവല്ലെ. ഞാൻ പറയുന്നു, അല്ല. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നമ്മൾ വിശ്വാസികൾ സമ്മതിക്കുമോ. ഞാൻ പറയുന്നു, എനിക്ക് വിശ്വാസം മനുഷ്യരിൽ മാത്രം. അയാളെ അവഗണിച്ച് കഴിഞ്ഞാൽ എനിക്ക് കുറച്ചുറങ്ങണം, അയാൾ തേച്ച വിഷം പോകാൻ. കണ്ണുകളിൽ നിന്ന് വെളിച്ചം മായുന്നതോടെ ഞാൻ മറ്റൊരു ലോകത്തേക്ക് സ്വതന്ത്രനാവുന്നു.അവിടെ എനിക്ക് പ്രിയപ്പെട്ടതെല്ലാം ഉണ്ട്,യഥാര്‍ത്ഥ ജീവിതത്തിൽ സങ്കല്പിക്കാൻ പറ്റാത്തത്.കണ്ണു തുറന്നു കാണുന്നതിനേക്കാൾ മനോഹരമാകുന്നു കണ്ണടച്ചാൽ സംഭവിക്കുന്നത്.പ്രണയത്തിലേക്ക് ചായുന്നതിനേക്കാൾ ലഹരിയോടെയാണ് ഞാൻ ഉറക്കത്തിലേക്ക് വീഴുന്നത്. അവിടെ ശാന്തതയുടെ ചാരുകസേരകൾ നിരവധി. ഒരു ചായ കുടിക്കാം എന്ന് വിചാരിക്കുന്നതു പോലെ ലളിതമായി, ഒന്നുറങ്ങിക്കളയാം എന്ന് എല്ലായ്പ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു.പൊട്ടിമുളക്കുന്നതിനു മുമ്പേയുള്ള വിത്തിന്റ മഹാനിദ്ര ഞാനെപ്പോഴും സ്വപ്നം കാണുന്നു.  അമ്മയേക്കാളും  താരാട്ടിന്റെ കരുതലിൽ  എന്നെ ഉറക്കിയിട്ടുള്ളത് യാത്രകളാണ് . എനിക്കുള്ള താരാട്ട്  യാത്രകളിൽ    ഉണര്‍ന്നിരിപ്പുണ്ട്  .ബസിന്റെ താളത്തിൽ ,ട്രെയിനിന്റെ താളത്തിൽ ഞാൻ സ്വരൂപിച്ചുണര്‍ത്തിയ സ്വപ്നങ്ങളെത്ര,സംഗീതങ്ങളെത്ര,പ്രണയങ്ങളെത്ര.  മറ്റു  യാത്രകളിലൊന്നിലും കിട്ടാത്ത താളം കെ.എസ്.അര്‍.ടി.സി ബസ് യാത്രകളിൽ  ഞാൻ അനുഭവിച്ചിട്ടുണ്ട്. കട്ടപ്പുറത്തിരിക്കുന്ന വണ്ടികളെ ആലോചിച്ച് ഞാൻ  ആശങ്കപ്പെട്ടിട്ടുണ്ട്. കര്‍ണാടക,തമിഴ്നാട് സ്റ്റാന്റുകളിൽ കേരളത്തിന്റെ സ്വന്തം ബസുകൾ കാണുമ്പോൾ എനിക്ക് കിട്ടുന്നത് കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ല,   സ്വപ്നത്തിലേക്ക് കുടിയിരുത്തിയ  പ്രിയപ്പെട്ട സ്വരൂപങ്ങളേയാണ്.  പകൽയാത്രകളിൽ എനിക്കേറ്റവും ഇഷ്ടം സർക്കാർ ബസുകളാകുന്നു.   ഡബ്ബിൾ ബെല്ലടിച്ച് കൊണ്ടാണ് യാഥാര്‍ത്ഥ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും അത് കയറിയിറങ്ങുന്നത്.  കാഴ്ചകളെ മറയ്ക്കുന്ന രാത്രിയാത്രകൾ ട്രെയിനിലായാലും തരക്കേടില്ല.എത്ര മനോഹരമായ  കാഴ്ചകളായാലും യാത്രകളിൽ ഇടക്കിടെ  ഉറങ്ങാതെ വയ്യ.തണുപ്പിൽ നിന്നും  ,കാറ്റിൽ നിന്നും  ,സംഗീതത്തിൽ നിന്നും   ,ഓര്‍മ്മകളിൽ നിന്നും  ആലസ്യത്തിലേക്ക് എറിയപ്പെടുകയാണ്,മറിച്ചും സംഭവിക്കും.   അത്യധികം മനോഹരമായ കാഴ്ചകളാണ് പുറത്തെങ്കിലും  വയനാടൻ ചുരം കയറുമ്പോൾ എത്ര ഹെയര്‍പിൻ വളവുകളുണ്ടൊ അതിലധികം തവണ ഞാനുറങ്ങിയുണരും.യാഥാര്‍ത്ഥ്യങ്ങളേയും സങ്കല്പനങ്ങളേയും ചേരുമ്പടി ചേര്‍ത്ത് പുതിയൊരു ലോകം നിർമ്മിക്കാനുള്ള അവസരം കൂടിയാവുന്നു ഈ ഉറക്കങ്ങളും ഉണര്‍ച്ചകളും സമ്മാനിക്കുന്നത്. ഉറക്കമില്ലാതെ യാത്രയില്ല, അവ ഈടുറ്റ ഉണർച്ചകൾ കൂടിയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം വയനാട്ടിലേക്കുള്ള   യാത്രയെ വഴിയിൽ ഉപേക്ഷിച്ച് കാറിൽ തൃശൂര്‍ക്ക് മടങ്ങുമ്പോൾ വഴി സംഘര്‍ഷഭരിതങ്ങളായിരുന്നു.ആക്രമോൽസുകരായ ജനങ്ങൾ റോഡ് നിറയെ. രോഷാകുലരായ മനുഷ്യർ ആളിക്കത്തുന്നു, പെയിന്റിംഗിന്റെ  ദൃശ്യചാരുതയോടെ തെരുവിനെ  തീയിടുന്നു.  വീട്ടുമനുഷ്യർ അങ്ങിനെയാണ്,വീട്ടിൽ നനഞ്ഞ പടക്കം പോലെ  ഉറഞ്ഞിരിക്കും,വീട്ടിൽ നിന്നും അകലം കിട്ടിയാൽ ഉറഞ്ഞു തുള്ളും. വീട്ടു മനുഷ്യനെതിരെ നിതാന്തജാഗ്രത വേണം.  കൂടെയുണ്ടായിരുന്ന ആകാശവാണിയിലെ പി. ബാലൻ,ഏഷ്യാനെറ്റിലെ എം.ആർ.രാജന്‍, അസലു, ശ്രീനി എന്നിവരൊക്കെ വീടെത്തുമൊ എന്ന ആശങ്കയെ ഭീതിയോടെ പെരുപ്പിക്കുകയും ആശങ്കപ്പെടുകയുമായിരുന്നു വഴി നീളെ. തിരിച്ചുവരവ് എനിക്ക് പ്രിയപ്പെട്ടതായിരുന്നില്ല ഒരിക്കലും.ഈ യാത്രയിലും ഞാനൊന്നുറങ്ങിപ്പോയി.അവർ എന്നെ വിളിച്ചുണര്‍ത്തി, കണക്കില്ലാതെ ശകാരിച്ചു.ഭയത്തിൽ കൂട്ടിരിക്കേണ്ടവർ സുഖിച്ച് ഉറങ്ങിയാലോ.  ഉറക്കത്തിനു പകരം എന്തു വെച്ചാലും അത് ഞാനെടുക്കില്ല,പ്രണയം പോലും.ഉറക്കത്തിൽ വരുന്ന ഏത് ഉണർത്തലിനേയും ഞാൻ ശത്രുപക്ഷത്ത് നിര്‍ത്തും,കുറച്ചു നേരമെങ്കിലും.ഉറക്കത്തിന്റെ ആഴങ്ങളിൽ നിന്നും തിരിച്ചുവരുന്നത് പലപ്പോഴും  സര്‍ഗ്ഗാത്മകമായ അന്തരീക്ഷത്തിലേക്കായിരിക്കും.ഉറക്കത്തിൽ നിന്നും കണ്ണുതിരുമ്മാതെ എഴുത്തിലേക്ക് കയറിയിരിക്കുന്നതിനെപ്പറ്റി മാധവിക്കുട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു.  വായനയിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഉറക്കത്തിൽ നിന്നും കിട്ടും.വായന കൂടിയാല്‍ നിങ്ങൾ ഒരു കോപ്പിയടിക്കാരൻ മാത്രമായി ചുരുങ്ങും, അതിന്റെ ഓർമ്മ പുതുക്കൽ മാത്രമായി ജീവിതം ചുരുങ്ങും.സര്‍ഗ്ഗാത്മകതയെ തട്ടിച്ചു നോക്കാൻ മാത്രം പുസ്തകം കയ്യിലെടുക്കുക.സിനിമയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് പ്രധാനം, ഒന്നിനേയും കാണാപാഠമാക്കരുത്.  എഴുത്തുകാരൻ അല്ലാത്തതിനാൽ ഞാൻ പാട്ടുകേട്ടോ,വായിച്ചോ,ആലോചിച്ചോ  വെറുതെയിരിക്കുന്നു.മറിച്ച് സിനിമ ചെയ്യുമ്പോഴോ മറ്റൊ ഉറക്കമില്ലാതെയുമിരിക്കും,അലാറത്തിന്റെ അമറൽ കേള്‍ക്കാതെ തന്നെ ഉണരും.  ഉറക്കത്തെ കീഴ്പ്പെടുത്തിയായിരിക്കും ആ സമയം ഉത്തരവാദിത്വങ്ങൾ മുന്നേറുക.ഉണര്‍ച്ചയോടടുത്ത  ഉറക്കമാണ് കൂടുതൽ  ഇഷ്ടം,പൈപ്പിൽ നിന്നുള്ള തുള്ളിതുള്ളിയായി വീഴുന്ന ശബ്ദം പോലും അറിയുന്ന ഉറക്കം. പതിഞ്ഞ കാലടികളാൽ  തൊടാൻ വരുന്ന പ്രണയത്തെ അറിയുന്നതു പോലെയുള്ള മയക്കം. മഴക്കാലത്തെ ഉറക്കം പോലെ ലോകത്തില്‍ മറ്റൊന്നുമില്ല.മഴയോടൊപ്പമുള്ള യാത്രകൾ,ഉറക്കമല്ല.പാതിയുറക്കത്തെ മഴ കൊണ്ടു പോകുന്നു, മറുപതിയിൽ മയക്കം. രണ്ട് കടവുകൾ തമ്മിലെ പരസ്പരമാണത്. മദ്യപിച്ചാൽ തളർന്നുറങ്ങും.ആയതിനാൽ മദ്യം എനിക്ക് ക്രിയേറ്റിവിറ്റിയോ സന്തോഷമോ അല്ല. സുഹൃത്തുക്കള്‍ക്കൊപ്പം ആറാടാനുള്ള  അസുലഭമായ സാഹചര്യം മാത്രമാണത് .എന്നിട്ടും മദ്യപിക്കുന്നത് മാന്യനാക്കി ഒറ്റപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ്. ഭക്ഷണം കഴിച്ചാലും ഉറക്കം വരും.പ്രണയത്തിനൊടുവിലും ഗാഢമായ ഉറക്കം വരും.പ്രണയക്കൂടുതൽ ഉറക്കം കെടുത്തും,പ്രായക്കൂടുതലും. വേനലിൽ വിയര്‍ത്തുറങ്ങാനും മഴയിൽ തണുത്തുറങ്ങാനും ഇഷ്ടമാണ്.കാറ്റിനൊപ്പം പറന്നുറങ്ങാറുമുണ്ട്.മഴക്കൊപ്പം പെയ്തുറങ്ങാ‍റുണ്ട്. മഴകൊണ്ടുറങ്ങുന്ന തെരുവുമനുഷ്യരെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്.മഴകൊണ്ടു നടക്കണമെന്ന ആഗ്രഹം പോലെ തന്നെയാണ്  മഴകൊണ്ടുറങ്ങണമെന്ന ആഗ്രഹവും.   രാത്രി ആരും കാണാതെ മഴനനഞ്ഞുനില്‍ക്കാറുമുണ്ട്.അതിന് ശേഷമുള്ള ഉറക്കത്തെ എങ്ങിനെ നിർവ്വചിക്കുമെന്നറിയില്ല,അത്രക്ക് ലഹരിദായകം, അകത്തും പുറത്തും മഴപ്രതീതി.ഭ്രാന്തെന്നു കൂകിയാലും  കുഴപ്പമില്ല .മഴയുണ്ടെങ്കിൽ പിന്നൊന്നും വേണ്ട.മഴയുണ്ടെങ്കിൽ ലോകത്തെ കൈവെള്ളയിൽ വെച്ചുറങ്ങാം. ചില സമയങ്ങളിലെ ഉണര്‍ച്ച ആത്മഹത്യാപരമാകുന്നു.  ഒരു രാത്രിയിൽ ഉറക്കമില്ലാതെ എനിക്ക് ഭ്രാന്തായി, മനസ് കീഴ്മേൽ മറിഞ്ഞു.ആരെയെങ്കിലും ഒന്നു തൊട്ട് അസ്വസ്ഥത തേച്ചുമാച്ചു കളയാന്‍ പറ്റാത്ത പാതിരാ സമയം.ശബ്ദങ്ങളെ മാത്രമല്ല സ്വാഭാവികമായ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന കുറഞ്ഞ നിലവാരത്തിലുള്ള വീടായിരുന്നു അത്.  പുറത്തേക്കിറങ്ങിയാൽ ഗൃഹനാഥൻ ഉല്‍കണ്ഠയോടെ വലിയ ടോര്‍ച്ചെടുത്ത്   മുറി തുറന്നുവരും.താനറിയാതെ ആ വീട്ടിൽ ഒന്നും സംഭവിക്കരുതെന്ന് തീരുമാനിച്ച പിച്ചമനസിന്റെ ഉടമ.എന്റെ മനോനില അയാളോടു വിവരിക്കാനും പറ്റില്ല. അടച്ചിട്ട മുറിയിൽ ഞാൻ വെരുകിനെപ്പോലെ വെപ്രാളപ്പെട്ടു. ഒരു തരത്തിലും മനസിനെ ശാന്തമാക്കാന്‍ പറ്റുന്നില്ല. തല കിടക്കയിൽ പൂഴ്ത്തി നോക്കി,നിലത്തിഴഞ്ഞു,തലയിൽ വെള്ളമൊഴിച്ചു,ഇഷ്ടമുള്ളവരെ,ഇഷ്ടമുള്ളതിനെ ഓര്‍ത്തുനോക്കി.....  മുഴുഭ്രാന്തിലേക്ക് ഞാന്‍ വീഴുന്നതു പോലെ, സ്വയംഹത്യയിലേക്ക് മനസ്സ് നീങ്ങുന്നത് പോലെ...  ചാനലിലെ എഡിറ്റിംഗ് പണിയിൽ ഭ്രാന്തുപിടിച്ച അവൾ അപ്പോളാണ് വിളിക്കുന്നത്.അതവളുടെ സ്ഥിരം പരിപാടിയാണ് പാതിരാത്രിവരെ ജോലി ചെയ്ത് തല തരിക്കുമ്പോൾ സുഹൃത്തുക്കളിൽ  ആരെയെങ്കിലും വിളിച്ച് തെറിവിളിക്കുക. ആയതിനാൽ പാതിരാത്രിയിൽ ഒരു തെറിവിളി ഞങ്ങൾ സുഹൃത്തുക്കൾ എപ്പോളും പ്രതീക്ഷിക്കുന്നുണ്ട്, നിങ്ങൾ അങ്ങിനെ ഉറങ്ങി സുഖിക്കേണ്ട എന്നൊരു ടോണിൽ.    എന്നെയും അന്ന് വിളിച്ചു ടൺ ഭാരമുള്ള തെറികൾ  .സ്നേഹം പശ്ചാത്തലമാക്കിയ ആ ഒറ്റത്തെറിയിൾ ഞാൻ പെട്ടെന്ന് നോർമൽ ആയി.പിന്നെ നല്ല ഉറക്കമായിരുന്നു.ആ ഉറക്കത്തില്‍ നിന്നും  ഞാന്‍ പ്രണയത്തിലേക്കാണ് ഉണര്‍ന്നത്, മറുപുറത്ത് അവളായിരുന്നില്ല. ഉണര്‍ന്നാൽ ഉഷാറാവാൻ  അടുപ്പമുള്ള എന്തെങ്കിലും വേണം,പ്രണയമാണെങ്കിൽ കൂടുതൽ രുചികരം. ഒന്നും കിട്ടിയില്ലെങ്കിൽ  വീണ്ടും ഉറങ്ങും, മറ്റൊന്നിലേക്ക് ഉണരാൻ വേണ്ടി,പ്രണയ സൂര്യൻ ഉദിക്കുന്നതുവരെ.  മറ്റുള്ളവരുടെ വീട്ടിൽ ഉറക്കം കിട്ടാത്തവരുണ്ട്,സ്വന്തം വീട്ടിൽ ഉറക്കം വരാത്തവരുണ്ട്. നല്ല വീടുകൾ തരുന്നത് നല്ല ഉറക്കമാകുന്നു,നല്ല സൌഹൃദങ്ങൾ തരുന്നതും മറ്റൊന്നല്ല.ഈയിടെ തളിക്കുളത്തെ  മധുവിന്റെ വീട്ടിൽ പോയിരുന്നു.ഓടിട്ട പഴയ വീടായിരുന്നു അത്.ചിതൽ കേറി വീട്ടുകാരെ ഉറക്കം കെടുത്തുന്ന വീട്. ഈര്‍പ്പം മണക്കുന്ന ഇത്തരം വീടുകൾ  അമ്മമാരെ ഓര്‍മിപ്പിക്കും.അത് പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവിടെ ഉറങ്ങണമെന്ന് മധുവിനെ ഓര്‍മ്മിപ്പിച്ചു.അത്രക്ക് സുഖകരമായിരുന്നു ആ വീട്ടിലെ രാത്രിയുറക്കം, ഉറക്കത്തിനുവേണ്ടി ഏതറ്റവും വരെ പോകാനും തയ്യാർ.   ഉറങ്ങാൻ തോന്നുമ്പോൾ അത് വേണ്ടെന്നുവെക്കരുതെന്ന് തിരൂർ പ്രകൃതിജീവനകേന്ദ്രത്തിലെ  ഡോ:രാധാകൃഷ്ണന്‍ പറയും.നിയമസഭയിലായാലും കോടതിയിലായാലും പെണ്ണുകാണുന്നതിനിടയിലായാലും അത് ചെയ്യണം.തൃശൂർ റൌണ്ടിലൂടെ ഞാനും ശില്പി രാജനും ഒരിക്കൽ നടക്കുകയായിരുന്നു.അലുക്കാസിന മുന്നിൽ ഞങ്ങളുടെ സുഹൃത്ത് കൃഷ്ണൻ അഴുക്കുചാലിലേക്ക് തലവെച്ച് കിടക്കുന്നു.ഞാനും ശില്പിയും മുഖത്തോടുമുഖം നോക്കി,എന്തു ചെയ്യണമെന്ന്.ശില്പി പറഞ്ഞു,അവന്‍ വിശ്രമിച്ചോട്ടെ,നമുക്ക് പോകാം. സുഹൃത്തിനെ വിട്ടു പോന്നതിന് ശില്പിയെ ഞാന്‍ കുറ്റം പറഞ്ഞു.ഇപ്പോൾ  അറിയുന്നു,എന്തിനൊരാളെ ഒരു കാരണവുമില്ലാതെ ഉറക്കത്തിൽ നിന്നുണര്‍ത്തണം.    ഞങ്ങളുടെ പ്രിയ സുഹൃത്ത് കോഴിക്കോട്ടേ ശശി നല്ലൊരു സംഘാടകനും നല്ല കൂര്‍ക്കം വലിക്കാരനുമായിരുന്നു.മുംബൈയിൽ  ഫിലിം ഫെസ്റ്റിവലിന് ഞങ്ങൾ ഒരു മുറിയിൽ തിങ്ങിനിറഞ്ഞു താമസിക്കുകയായിരുന്നു.ശശിയുടെ കൂര്‍ക്കം വലി ഞങ്ങളെ മാത്രമല്ല ആ ലോഡ്ജിലെ മറ്റു മുറിയിലുള്ളവരേയും ഉറക്കിയില്ല.സമാനതകളില്ല ആ കൂര്‍ക്കംവലിക്ക്. രാവിലെ നോക്കുമ്പോൾ ശശി കൂര്‍ക്കംവലിയൊന്നുമില്ലാതെ ശാന്തമായി ഉറങ്ങുന്നു. സിനിമക്ക് പോകാൻ എല്ലാവരും തിടുക്കപ്പെടുകയാണ്, ശില്പി പറഞ്ഞു, ശശിയ ഉണര്‍ത്തേണ്ട, വിശ്രമിച്ചോട്ടെ....   ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനേക്കാൾ സാധാരണക്കാരായ  മാദ്ധ്യമപ്രവര്‍ത്തകരും  കാണുന്നത്.അല്ലെങ്കിൽ പൊതുവേദിയിലേയും നിയമസഭയിലേയും ഉറക്കം അവർ ഫോട്ടോ ആക്കില്ലല്ലോ.ആ വിശ്രാന്തിയെ   സാമാന്യബോധമുള്ള മനുഷ്യർ അഭിവാദ്യം  ചെയ്യുകയാണ് ചെയ്യേണ്ടത്.സദാ ഉണർന്നിരിക്കുന്നവരെ ശ്രദ്ധിക്കണം,അവർ അപകടകാരികളാണ്,ഹിറ്റ്ലർ അങ്ങിനെയായിരുന്നു.  എന്റെ പുസ്തകം ‘മാര്‍ജാരന്‍’ എങ്ങിനെയുണ്ട് എന്നു ചോദ്യത്തിന്   വടുക്കുഞ്ചേരിയിലെ  സുജ പറഞ്ഞത് വായന തീര്‍ന്നില്ല, പുസ്ത്കം കയ്യിലെടുത്താൽ എവിടെയുമില്ലാത്ത ഉറക്കം വന്ന് പുണരുമെന്ന്. ഉറക്കം സമ്മാനിക്കുന്ന പുസ്തകം നല്ല പുസ്തകം, നല്ല ഉണർച്ച അവരെ കാത്തിരിക്കുന്നു.   അസ്വസ്ഥമാക്കുന്ന പുസ്തകത്തേക്കാൾ ഉറക്കുന്ന പുസ്ത്കമാണ് നല്ലത്.എന്നെ പുസ്ത്കം കൊണ്ടു പോകുന്നത് ഭാവനകളിലേക്കാണ്.അത് പിന്നീട് മയക്കവും ഉറക്കവുമാകും.ആയതിനാൽ ഒരു പുസ്ത്കവും ഒറ്റയടിക്ക് അവസാനിപ്പിക്കുക ഒരിക്കലും പറ്റാത്ത കാര്യവുമാണ്.  ഒരു പുസ്തകം ഒറ്റയടിക്ക് വായിച്ചു തീർക്കുന്നവർ സ്വന്തം നിലയിൽ ഭാവനാ രഹിതരാണ്.  ഒറ്റയടിക്ക് വായിച്ച   പുസ്തകങ്ങളിൽ ഓര്‍മ്മ വരുന്നത് ‘ക്ളാന്റസ്റ്റൈൻ  ഇന്‍ ചിലി’ ആണ്, മാര്‍ക്വേസിന്റെ ചെറിയ പുസ്തകം. ഒരിക്കൽ ഞാനും ഇമബാബുവുമൊത്ത്  കല്ലിന്റെ ജന്മാന്തരങ്ങൾ എന്ന ഡോക്യൂമെന്ററിക്ക് വേണ്ടി പടങ്ങൾ എടുക്കാൻ തഞ്ചാവൂരിലേക്ക് പോയി.രാത്രി ട്രെയിനിൽ വാഷ് റൂം ഭാഗത്ത് ഞങ്ങൾ പരസ്പരം തലയിണയാക്കി ഉറങ്ങി തഞ്ചാവൂരിൽ ഉണരുകയായിരുന്നു. നല്ല ക്ഷീണം നല്ല കിടക്കയാവുന്നു. വണ്ടിയോടിക്കുമ്പോളും ഞാന്‍ ഉറങ്ങാ‍റുണ്ടായിരുന്നു.ചില ഓര്‍മ്മകൾ,ചില ചിന്തകൾ ലഹരി പിടിപ്പിക്കുമ്പോൾ  മയക്കവും കൂടെ വരും.  അപകടം മണത്ത വാടാനപ്പിള്ളിയിൽ കട നടത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ പറഞ്ഞു,നിന്റെ ലൈസന്‍സ് ക്യാൻസൽ ചെയ്തിരിക്കുന്നു.അതിൽ പിന്നെ ടൂവീലർ അധികം ഓടിച്ചിട്ടില്ല.  ലോകത്ത് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ഡ്രൈവര്‍മാരോടാണ്.നമ്മൾ ഉറങ്ങിയും ഉണര്‍ന്നും അലസവും വിലസവുമായി യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ അനുഭവിക്കുന്ന ഏകാന്തത എന്നെ അലട്ടാറുണ്ട്.രാത്രിയാത്രകളിൽ യാത്രക്കാരുടെ ഉറക്കങ്ങളുമായി വളയം പിടിക്കുമ്പോൾ ശവവണ്ടി ഓടിക്കുന്നതു പോലെയാണ് തോന്നുക.  ഉറക്കം വമ്പിച്ച സ്വകാര്യതയാകുന്നു. കള്ളയുറക്കം നല്ല അഭിനയം വേണ്ട ഒന്നാണ്.വിവാഹം കഴിച്ചവർക്ക് ഇതിൽ പ്രത്യേക പ്രാഗത്ഭ്യം നേടാറുണ്ട്. വിവാഹം പലതിന്റേയും പരിശീലനക്കളരിയാണ്. കിടക്കുമ്പോൾ കാലാട്ടികൊണ്ടിരിക്കുന്നതിനാൽ ഉറക്കത്തിലും ഞാൻ കാലാട്ടിക്കൊണ്ടിരിക്കുന്നു.ഇത് തെറ്റിദ്ധാരണകൾ പരത്തും.പക്ഷെ ആരെയും ബോധ്യപ്പെടുത്തേണ്ടാത്തതാണ് എന്റെ ഉറക്കങ്ങൾ. എന്താ ഇത്ര നേരത്തെ,എത്ര നേരമായി ഈയുറക്കം,പകലുറങ്ങാന്‍ നാണമില്ലെ,വാതിൽ തുറന്നിട്ടാണൊ കിടപ്പ് എന്നിങ്ങനെ ഉറക്കം കെടുത്തുന്ന വര്‍ത്തമാനങ്ങൾ പറയാന്‍ ഞാൻ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല.  രാത്രി വളരെ വൈകി മദ്യപിച്ചും ചര്‍ച്ച ചെയ്തും ഉറക്കത്തിലേക്ക് വീഴുമ്പോൽ ഉറക്കത്തിലും ചര്‍ച്ച തുടരുന്ന ചിലരുണ്ട്.അതിലൊരാൾ ശില്പി രാജനാണ്.നേരെ ചൊവ്വേ ഭാര്യയോടു പറയാന്‍ കഴിയാത്ത കാര്യങ്ങൾ ഉറക്കത്തില്‍ കയർത്ത് സംസരിച്ച് തീര്‍ക്കുന്നവരുമുണ്ട്,അതിലൊരാൾ ഞങ്ങളുടെ പ്രേമേട്ടനാണ്. ഞങ്ങൾ ഇത് പ്രേമേട്ടനോടും ശില്പിയോടും  നേരിട്ടു പറഞ്ഞ് അവരുടെ ഉറക്കം കെടുത്തിയിട്ടില്ല.  എഴുത്ത് പോലെ വമ്പിച്ച സ്വകാര്യതയാണ് ഉറക്കവും അനുഭവിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലെ ഒരുള്‍നാടൻ ഗ്രാമത്തില്‍ തെയ്യം കാണാന്‍ പാതിരാത്രിയിൽ പോയി.തോണി കയറിയും പാലം കടന്നും കുറെ ദൂരങ്ങൾ.തെയ്യം കഴിഞ്ഞ്  തെങ്ങിൻ തോപ്പിൽ അടിച്ചു പൂസായി കിടന്നുറങ്ങി.രാവിലെ എഴുന്നേല്‍ക്കുമ്പോൾ അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യത്തിലേക്കാണ് ഞങ്ങൾ ഉണര്‍ന്നത്.തെയ്യത്തേക്കാളും ഭംഗിയുള്ള കാഴ്ച അത് തന്നു.ഉറക്കവും ഉണർച്ചയും വ്യത്യസ്ത കാഴ്ചകളാകുന്നു,അതും പലസ്ഥലത്താവുമ്പോൾ. ഒരു ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനും കെ.ആർ. മോഹനേട്ടനും പ്രിയനന്ദനനും  കെ.ജി.ജയനും കൃഷ്ണകുമാറുമൊക്കെ പയ്യന്നൂരിലെ ഒരു ബാർ ഹോട്ടലിൽ താമസിച്ചു. അന്നേരം പുറത്ത് സംഘര്‍ഷമുണ്ടായി.ഞങ്ങളുടെ മുറിയുടെ ജനല്‍ച്ചില്ലുകൾ കല്ലേറിൽ തകര്‍ന്നു വീണു കൊണ്ടിരുന്നു.കുറച്ച് നേരം പുറത്തെ തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ചില്ലുകൾ പൊട്ടിത്തകരുന്നതിന്റെ ഭംഗി നോക്കി ഞാൻ നിന്നു.പിന്നെ കട്ടിലിന്റെ താഴേക്ക് ഊര്‍ന്നു പോയി   പാതികെട്ട ബോധത്തോടെ നിലംപറ്റി.പിറ്റെ ദിവസമാണ് ഞാനറിയുന്നത് മോഹനേട്ടനും കൂട്ടരുമൊക്കെ അകത്തളത്തിൽ ഇരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. ഉറക്കമൊഴച്ച് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനേക്കാളും ഉറങ്ങി അതിനെ നേര്‍പ്പിക്കുകല്ലെ നല്ലത്.  അകത്തെ സംഘര്‍ഷത്തേയും പുറത്തെ സംഘര്‍ഷത്തേയും വേർതിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം.  ശ്വാസം തടഞ്ഞ് ഞെട്ടി ഉറക്കമുണരുമ്പോൾ ഒരു നിമിഷത്തേക്ക് മരണം മണക്കും. മലർന്ന് കിടപ്പ് തുടർന്നാൽ ശ്വാസം തിരികെ വരില്ല, ഒന്ന് ചെരിഞ്ഞു കിടന്നാൽ ശ്വാസ സഞ്ചാരം സ്വാഭാവികമാവുകയും ചെയ്യും.  മരണവും ജീവിതവും തമ്മിലെ ഈയൊറ്റ നിമിഷത്തിലെ നേർക്കുനേർ ഈയിടെയായി ഉറക്കത്തിന്നിടയിൽ അനുഭവിക്കുന്ന മറ്റൊരു ലഹരിയാണ്.  നിശാവിശാലതയിൽ നീണ്ടുനിവര്‍ന്നു കിടക്കുമ്പോൾ ചില അസ്വസ്ഥ രാത്രികളിൽ കൈവിരൽ തുമ്പത്ത്  അവളുടെ തണുപ്പ് കിട്ടിയെങ്കിലെന്ന് വിചാരിക്കാറുണ്ട്,നിമിഷനേരത്തേക്കെങ്കിലും. ഉണ്ട് എന്നതിനേക്കാൾ ഇല്ല എന്ന അറിവ് തരുന്ന ആഹ്ളാദം ചേറുതല്ല. ആയതിനാൽ മറ്റെന്തിനേക്കാളും ഉറക്കത്തിലേക്കാണ് എന്റെ ചെരിവ്.  ❤

മണിലാൽ  

Sunday, January 6, 2019

സുഷി ഭക്ഷണമല്ല സംസ്കാരമാണ്

സുഷി ഭക്ഷണമല്ല  സംസ്കാരമാണ്... ✳മണിലാൽ


 ജീവന്റെ ചൂട് വിട്ടുപോകാത്ത പച്ച മത്സ്യം തിരുകിവെച്ച സുഷി ടോക്കിയോ ബേയിലെ ക്രൂയ്സിൽ  ചാഞ്ഞുവീശിയ നിലാക്കുളിരിലിരുന്ന് രുചിക്കുമ്പോഴാണ് മീൻജീവിതത്തെ   ഞാനാദ്യമായി ആഴത്തിൽ അയവിറക്കുന്നത്. മറ്റൊരു വിഭവം പച്ചമീൻ തന്നെയായിരുന്നു,നെടുകെ പിളർത്തിവെച്ചത്. മാംസത്തിൽ പറ്റിപ്പിടിച്ച അതിന്റെ വലിയ മുള്ളുകളിൽ നിലാവെളിച്ചം തിളങ്ങിനിന്നു. വലിയ കക്കയുടെ തോട് കൊണ്ട് ചുരണ്ടിയെടുത്ത് എന്തൊക്കെയോ ദ്രവ്യരുചികളിൽ മുക്കിയാണത് കഴിക്കുക. ജാപനീസ് രുചിയുടെ പ്രാചീനതയെ എന്തും വരട്ടെ എന്ന് കണ്ണടച്ച് നാവിലേക്ക് തിരുകിവെച്ചു. മാകിസുഷി, ചിരാഷിസുഷി, നരേസുഷി, ഒഷിസുഷി, കാകിനോഹ സുഷി, സാഷാസുഷി, ഗുങ്കൻമാകി സുഷി എന്നിങ്ങനെ സുഷി വ്യത്യസ്ത പേരുകളിൽ വ്യത്യസ്ത രുചികളിൽ. വളരെ സ്വാഭാവികതയോടെ  മനസും ശരീരവും ആ രുചിയുടെ സംസ്കാരത്തെ സ്വീകരിച്ചു.ഒരിന്ത്യക്കാരന് ഏത് സംസ്കാരവും സ്വീകാര്യമായിരിക്കും, നമ്മൾ അനേക രുചികളിൽ കിടന്ന് ശണ്ഠ കൂടുന്നവർ. ഉദയ് രാജ് , ആശ, അജു, മിനി, രാഗേഷ്, നിമിത, ശ്രീകുമാർ, ദീപാ എന്നീ തനിമലയാളികളുടെ സംരംഭമായ സൗത്ത് പാർക്ക് ഹോട്ടലിലേക്ക് രണ്ട് ദിവസം ക്ഷണമുണ്ടായിരുന്നു. മലയാളിയുടെ രുചിയാതുരതയെ ഉണർത്താൻ തക്ക പാചക വിശേഷമാണവിടെ. ചെറിയകാല യാത്രയായതിനാൽ ജാപനീസ് രുചിയിലും സംസ്കാരത്തിലും കുത്തി മറിയാനായിരുന്നു എനിക്ക് താല്പര്യം. എത്ര പെട്ടെന്നാണ് മനുഷ്യൻ മറ്റൊന്നാവുന്നത്, ഓന്തിനേക്കാൾ ധ്രുതഗതിയിൽ. ജലത്തിൽ നിന്ന് ഭക്ഷണമേശ വരെയുള്ള  മീനിന്മേലുള്ള മനുഷ്യാദ്ധ്വാനത്തെ ഒന്നോർത്തുനോക്കി. ചെമ്മീനും കപ്പൽച്ചേതം വന്ന നാവികനും കിഴവനും കടലും ഓർമ്മകളിൽ ആലോലമാടി. എന്റെ കടലിലേക്ക് രണ്ടു മൂന്ന് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ബാല്യത്തിന്റെ ധൃതിയിന്മേൽ കടൽപ്പൂഴി പതിയാൻ അധിക സമയമൊന്നും വേണ്ടിവരില്ല. കടലെപ്പോഴും തൊട്ടടുത്ത്.കാഴ്ചയിൽ, കേൾവിയിൽ, ഭാവനയിൽ. മാർക്കറ്റിലായാലും കടപ്പൂറത്തായാലും മീഞ്ചട്ടിയിലായാലും മീൻകണ്ണുകൾ ഒരു നിമിഷനേരത്തേക്കെങ്കിലും എന്നെ അലോസരപ്പെടുത്താറുണ്ട്. നാവിലേക്കൂറി വരുന്ന കൊതിയിൽ അതെല്ലാം നിമിഷംകൊണ്ട് മുങ്ങിപ്പോകുകയും ചെയ്യും.സൗന്ദര്യം ഊരിവെച്ചാണ് മീൻ കരയിലെത്തുന്നത്, ജീവന്റെ തെളിച്ചം കുറച്ചുനേരം കൂടി നിലനിൽക്കും. കരയിലെ അവസാനത്തെ പിടയലോടുകൂടി മീൻസൗന്ദര്യം അവസാനിക്കും.പിന്നെയത് മൃതശരീരമാണ്, ഭക്ഷ്യവസ്തുവാണ്. ചൂണ്ടയിൽ കൊത്തുമ്പോഴും കുടുങ്ങി അന്തരീക്ഷത്തിലൂടെ കരക്കെത്തുമ്പോഴുമൊക്കെ പഴയൊരു ചൂണ്ടക്കാരനെന്ന നിലയിൽ മീനിനെ അനുഭവിച്ച വികാരമെന്തായിരുന്നു , സുഷിയുടെ രുചി നുണയുന്നതിനിടയിൽ ഒന്നാലോചിച്ചു. ചൂണ്ടയിൽ മീൻ കൊത്തുമ്പോളുള്ള ഉണർവ് സന്തോഷം,കുടുങ്ങുമ്പോഴുള്ള മീൻവെപ്രാളത്തിന്റെ കനം,പൊക്കിയെടുക്കുമ്പോഴത്തെ ഭാരത്തിൽ വലുപ്പചെറുപ്പത്തെക്കുറിച്ചുള്ള കണക്കുകൂട്ടൽ. അന്തരീക്ഷത്തിലേക്കുയർത്തുമ്പോൾ ചൂണ്ടയിൽ കിടന്നുള്ള പിടച്ചിൽ വല്ലാത്തൊരവസ്ഥ തരും. ഒരു കൊലപാതകത്തേയൊ ആത്മഹത്യയേയൊ ചിന്തിക്കുക, അപ്പോ അനുഭവിക്കുന്ന വിറയലിന്റെ അതേ അവസ്ഥ. കരക്കലെത്തിയ മീൻ കുറച്ച് പിടച്ചിലോടെ അവസാനിക്കും, മീൻശോഭ പെട്ടെന്ന് മായും.അത് ജലത്തിൽ തന്നെ കഴിയേണ്ടതാണ് എന്ന് അടിസ്ഥാന വിചാരം കുറച്ച് നേരമെങ്കിലും നമ്മെ അലട്ടും. നമ്മുടെ ശീലത്തിന്റേയും രുചിയുടേയും പിൻബലത്തിൽ അതിന്റെ അവസാനം തീൻമേശയിലാവുന്നു എന്ന് മാത്രം. രുചിയും ശീലവുമാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ വൃത്തവും താളവും തെറ്റിക്കുന്നത്.വിശ്വാസം അതിന്റെ പിറകെ അണിയണിയായ് വരും. വിശ്വാസം മരണം വരെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടവർക്കുള്ള താണ്.അവർക്ക് ഭൂമി മാത്രമല്ല എല്ലാം പരന്നതായിരിക്കും. മരണാനന്തരം  സ്വർഗ്ഗം ഉണ്ടെങ്കിൽ അവർക്ക് കൊള്ളാം. പുതിയതോ അഴുകിയോ എന്നൊക്കെ ആലോചിച്ച് മീൻചന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നൊരു കാലമുണ്ട്. മീൻകച്ചവടക്കാർ കളിയാക്കും, അവരുടെ വാക്കിൽ വീണ് മീൻ വാങ്ങിയാൽ വീട്ടിൽ നിന്നാണ് കിട്ടുക.  നല്ല മീനിന്റെ കണ്ണുകൾക്ക് നല്ല തെളിച്ചമാണ്,ശരീരത്തിന് തിളക്കമാണ്,ആ കണ്ണുകൾ പറയും, സംശയിക്കേണ്ട വാങ്ങിക്കോ.മറിച്ചുള്ള മീൻകണ്ണുകൾ ചോദിക്കും, ഇത് തന്നെ വേണോ. ഐസിട്ട മീൻ മോശം, അത് വാങ്ങരുത് എന്ന പഴയൊരു കാലമുണ്ട്. അമ്മ അത്തരം മീനിനെ ഐസുംവണ്ടി എന്നാണ് വിളിക്കാറ്. കണ്ടാലും കൊണ്ടാലും മീനിന്റെ പഴക്കത്തെ തിരിച്ചറിയുന്നതിന് പിന്നിൽ കുറെ കാലത്തെ പരിശീലനമുണ്ട്. ആനകളെ കാട്ടിൽ കാണുന്നത് പോലെ മീനിനെ ജലത്തിൽ കാണണം.ജലത്തിൽ അവയുടെ ഊക്ക് ഗംഭീരമാണ്,കാട്ടിലെ ആനകളെപ്പോലെ. ശരീരത്തിൽ മുറിവുപറ്റി അഴുകിയ ഭാഗങ്ങൾ മീനുകളെക്കൊണ്ട് കൊത്തിക്കുന്ന ചികിത്സാരീതിയുണ്ട്.കുട്ടിക്കാലത്തത് കുറെ പ്രയോഗിച്ചിട്ടുണ്ട്.ജലത്തിൽ നിന്നും കയറുമ്പോഴേക്കും വൃണങ്ങളിലെ അഴുക്കും പഴുപ്പും ശുദ്ധമായിട്ടുണ്ടാവും.ചെറിയ വേദനയോടെയുള്ള മീനിന്റെ കുഞ്ഞുമ്മകളും ചെറുചുണ്ടുകൊണ്ടുള്ള കൊത്തും രസമുള്ള ചികിത്സയാണ്. ജലത്തിൽ നിന്നും കയറിയാൽ വൃണം വെയിലത്ത് കാട്ടി ഉണക്കും,ഒന്നുരണ്ട് ദിവസത്തെ മീൻചികിത്സയിൽ മുറിവ് കരിഞ്ഞു തുടങ്ങും. സുഷിക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട ചരിത്രമാണ്. അരിയും ഉപ്പും ചേർത്ത്  മീൻവാറ്റി സൂക്ഷിക്കുന്ന രീതിയാണ് സുഷിയുടെ തുടക്കം. ജാപനീസ് സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഒരു ഫാസ്റ്റ് ഫുഡായി സുഷി ഇന്ന് മാറിയിരിക്കുന്നു.ക്രൂയ്സിൽ സുഷിയും പച്ചമീനും തിന്നുകൊണ്ടിരിക്കുമ്പോൾ നിലാവെളിച്ചത്തിൽ മീനുകൾ കടലിൽ പുളക്കുന്നുണ്ടായിരുന്നു. പിടക്കുന്ന ശരീരവുമായി മൂന്ന് ജാപനീസ് പെൺകുട്ടികൾ ക്രൂയ്സിനകത്ത് നൃത്തം ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ മനുഷ്യശരീരങ്ങൾ,ആണായാലും പെണ്ണായാലും ജപ്പാനിലെ ആകർഷണമാണ്. സെൻ ബുദ്ധിസത്തിന്റെ സ്വാധീനത്തിൽ സാംസ്കാരികമായ ഉന്നതി നേടിയ മുറോമാച്ചി കാലഘട്ടമാണ് (1392-1573)സുഷിയുടേയും തുടക്കം. കാലത്തിന്റെ ഇങ്ങേ തലക്കലിരുന്ന് 2018 ൽ സുഷി രുചിക്കുമ്പോൾ നൂറ്റാണ്ടുകൾക്കിടയിലെ ബഹുദൂരങ്ങൾ സുഷി എന്ന ഭക്ഷണപദാർത്ഥത്തെ വലിയ വ്യത്യാസം കൂടാതെ നിലനിർത്തിപ്പോരുന്ന ജപ്പാൻ സംസ്കാരത്തെ വെറുതെ മനസിലിട്ട് നുണഞ്ഞു. ഏതൊരു ചരിത്രവും പോലെ ജാപനീസ് ചരിത്രവും ലഹരിപിടിപ്പിക്കുന്നതാണ്, സാമുറായ് പ്രകമ്പനങ്ങൾ  അകിറ കുറസോവ മനസിലേക്ക് ദൃശ്യവും ശബ്ദവുമായി നിറച്ചുതന്നിട്ടുമുണ്ട്. ഭക്ഷണത്തിന് ഒരു ചരിത്രമുണ്ട്,സംസ്കാരമുണ്ട്. അത് നിർബ്ബന്ധിച്ച് തീറ്റാനോ,നിർദ്ദാഷിണ്യം തട്ടിത്തെറിപ്പിക്കാനോ  ഉള്ളതല്ല. ശ്രീകുമാർ, സെലസ് ,ഉല്ലാസ്, അജു, അരുൺ തുടങ്ങിയ ന്യൂജെൻ  യുവാക്കൾ ഞങ്ങളെ കാണാൻ വന്നു. എല്ലാവരും ഐ.ടി.രംഗത്തുള്ളവർ.സുഷി കഴിക്കാതെ ജപ്പാൻ വിടരുത്, അവർ സ്റ്റേഹപൂർവ്വം നിർബ്ബന്ധിച്ചു. അതായിരുന്നു തുടക്കം.സുഷിയെ എങ്ങനെ നേരിടണം, നിർദ്ദേശങ്ങൾക്കായി ഉല്ലാസ് ക്രൂയ്സിൽ ഞങ്ങൾക്കൊപ്പം വന്നു. കടൽ തിളങ്ങുന്നുണ്ടായിരുന്നു. അകലെ പാലത്തിലൂടെ പാഞ്ഞു പോയ വെളിച്ചത്തോടൊപ്പമുള്ള ട്രെയിൻ ദൃശ്യം കടലിന്റെ അടിത്തട്ട് വരെ പ്രതിഫലിച്ചു. ഒരു കരട് പോലുമില്ലാത്ത കടൽ.മീനുകൾക്ക് ശുദ്ധവായു ശ്വസിക്കാൻ ഉപരിതലത്തിലേക്ക് വരേണ്ടതില്ല.  മനുഷ്യന്റെ ഓരോ ശ്വാസവും കാടിനോടെന്ന പോലെ കടലിനോടും കടപ്പെട്ടിരിക്കുന്നു. ഭൂമിക്കാവശ്യമായ ഓക്സിജന്റെ പകുതിയിലേറെ സംഭാവന ചെയ്യുന്നത് കടലാണ്, ശാസ്ത്രം അങ്ങിനെ പറയുന്നു. ജലോപരിതലത്തിൽ തിരകൾക്കൊപ്പം ഒഴുകി നടക്കുന്ന സൂക്ഷ്മ സസ്യങ്ങളാണ്  (Phyto plankton)കടലിൽ നിന്നുള്ള  ഓക്സിജന്റെ പ്രഭവകേന്ദ്രം. മീൻ വഴുക്കിപ്പോകുന്നത് പോലെ ഓർമ്മകൾ.നാട്ടിലെ പ്രധാന വീശക്കാരനായിരുന്നു കൃഷ്ണൻകുട്ടിയേട്ടൻ.വലയും കൂടയുമായി രാവിലെത്തന്നെ ഞങ്ങൾ കണികാണും. കായലിനേയും സൂര്യനേയും  ലക്ഷ്യമാക്കി കിഴക്കോട്ടാണ് ആ നടപ്പ്.അറുപത് വയസിന് ശേഷമാണ് മീൻ കൊതി മൂലം വലയിലേക്ക് വീണത്. അത് വരെ റേഷൻകട നടത്തുകയായിരുന്നു. ഉച്ചയോടെ ക്ഷീണിച്ച ശരീരവുമായി തിരികെ വരും, നനഞ്ഞ വലയും ഒഴിഞ്ഞ കൂടയും പതിവുപോലെ. ഇടംകയ്യിൽ പൊക്കിപ്പിടിച്ച ഒരു പൊതിയുമുണ്ടാവും. ആരെങ്കിലും വഴിയിൽ വെറുതെ മര്യാദച്ചോദ്യം ചോദിക്കും, ഇന്നെന്താ കിട്ടീത് കൃഷ്ണൻ കുട്ട്യേട്ടാ.. ഇന്ന് മത്തിയാ, മീനിനൊക്കെ എന്താ വെല. കായലിൽ വല വീശാൻ പോയി കടൽമീനുമായി വരുന്ന കൗതുകം നാട്ടുകാർ അന്നും ഇന്നും കഥകളായി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പപ്പടത്തിന് ഇഷ്ടം കൂടുതൽ കാണിച്ചാൽ അമ്മ പറയും, ഇവന് ഒരു പപ്പടക്കാരിയെ കല്യാണം കഴിപ്പിക്കണം. മീൻ കൊതി കാണിച്ചാൽ മുക്കുവത്തിയെ. ഓരോ ഇഷ്ടത്തിനും ഓരോ കല്യാണം. കാലങ്ങൾക്കിപ്പുറം അറിയുന്നു,ഓരോ ഇഷ്ടങ്ങൾക്കും ഓരോ മൂഡിനും  യോഗ്യരായ സുഹൃത്തുക്കൾ വേണം. ആഴക്കടലിലെ മീനെല്ലാം പല രുചികളിൽ മുന്നിൽ നിരത്തി അവൾ അണിയുന്ന ഒരു നോട്ടമുണ്ട്, നാവിൽ ഊറുന്നതിനേക്കാൾ  ഓർമ്മയിലെ അമ്മയായിരിക്കും അവിടെ പിടയുക. സുഷി കാലങ്ങളിലൂടെ സഞ്ചരിക്കുന്നു,ജപ്പാൻ ജനതയുടെ നെഞ്ചോട് ചേർന്ന്. മറ്റെന്തിലുമെന്ന പോലെ ഭക്ഷണത്തിലും മതമില്ലാത്ത ജനത,ജപ്പാൻ. ടോക്കിയോ പ്രവിശ്യയിലെ സാൻസോജി അമ്പലത്തിൽ പോയപ്പോൾ ഞങ്ങൾ ഓരം ചേർന്ന് ജപ്പാൻ മദ്യമായ സാഖി രുചിച്ചു, കൂടെ രുചിക്കാൻ മീൻ കിട്ടിയിരുന്നെങ്കിൽ എന്നും ആശിച്ചു. അവിടെ എന്തുമാവാം,മറ്റുള്ളവർക്ക് അലോസരമരുത് എന്ന് മാത്രം.അതാണ് ഏറ്റവും മനോഹരമായ അമ്പലം, ആർക്കും പോകാവുന്ന സാംസ്കാരിക നിലയങ്ങൾ. ഒരു വലിയ ഓട്ടുവട്ടകക്ക്  ചുറ്റും കൂടി നിന്ന്  ആളുകൾ കുന്തിരിക്കം പുകയുന്നത്   ശ്വസിക്കുന്നു,അകം ശുദ്ധമാക്കന്നു. ജാതിദേശ ലിംഗ ഭേദമില്ലാതെ മനുഷ്യർ ഇടകലരുന്നതിന്റെ സുഗന്ധമായിരുന്നു അവിടം. സൂക്ഷി ഒരു സംസ്കാരമാണ്,സാമുറായ് തുടർച്ച പോലെ അത് ജാപ്പാൻ എന്ന രാജ്യത്തെ ലോകത്താകമാനം പ്രതിനിധീകരിക്കുന്നു.കുറസോവയിലൂടെ തുടങ്ങിയതാണ് ഞാൻ. മുറാകാമിയുമുണ്ട്. അമ്പലത്തിനരികെ ഇരിക്കുമ്പോൾ  ഒരു സാമുറായ് വേഷക്കാരൻ തിരക്കിലൂടെ ധൃതിയിൽ പോകുന്നു, ആ കാഴ്ച യാഥാർത്ഥ്യമെന്ന് ഉറപ്പുവരുത്താൻ ഞാൻ ആവർത്തിച്ചാവർത്തിച്ച്  ആ മനുഷ്യനെ നോക്കിക്കൊണ്ടിരുന്നു,മറ്റുളളവരും കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ മാത്രം അത് സ്വപ്നമല്ലെന്ന് മനസിലായി.അയാൾക്ക് ഒത്ത ഉയരവും നല്ല പേശീബലവും ഉണ്ടായിരുന്നു.കാമറ ശരിയാക്കി വരുമ്പോഴേക്കും അയാൾ തിരക്കിൽ അലിഞ്ഞുപോയിരുന്നു. അപ്പോൾ ഞാനിരുന്നത് ഒരു ബുദ്ധശില്പത്തിന്നരികിലായിരുന്നു. ജപ്പാൻ വാസത്തിൽ ഉടനീളം ഒഴിഞ്ഞ മനസായിരുന്നു. ബുദ്ധൻ സന്നിവേശിച്ചത് പോലെ. ജപ്പാന്റെ പുറംമോടി ശാന്തിയുടെ ചിത്രമാണ് തരുന്നത്. കഴിക്കുന്നു, രുചിക്കുന്നു,പിന്നിട്ട വലിയൊരു കാലത്തെ രസിക്കുന്നു,അതാണ് സുഷി.അതാണ് സംസ്കാരം.തട്ടിയും മുട്ടിയും പരിക്കുപറ്റാതെ ഒരു രുചി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുക, സമൂഹത്തിന്റെ ഭാഗമായി നിലനിൽക്കുക. ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളേക്കാളും ഓടിയും ചാടിയും ദേഹത്തെ പോറ്റുന്ന പ്രഭാതസവാരികളേക്കാളും സജീവമായ സ്ഥലം മീൻ മാർക്കറ്റുകളാണ്,അതേത് രാജ്യത്തായാലും,ചത്ത മീനുകൾക്കുപോലുമുണ്ട് മനുഷ്യരെ ഉണർത്താനുള്ള രുചിവൈഭവം.  സോനാഗച്ചിയിലെ സന്ധ്യക്ക് മുക്കിലും മൂലയിലുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രായമാവാത്ത കുട്ടികൾക്കും പ്രായം മറച്ചുവെച്ച സ്ത്രീകൾക്കും ചത്ത മീൻകണ്ണുകളാണെന്ന് സങ്കൽപ്പിച്ചിട്ടുണ്ട്. ചത്ത് മലച്ച മീനിനെ സ്നേഹത്തോടെ തലോടുന്ന നാടൻ കച്ചവടക്കാരേയും ഓർമ്മ വരുന്നു. ടോക്കിയോ  ബേ ഹോട്ടലിന്റെ വിശാലമായ തീന്മുറിയിൽ രാവിലെ എന്തൊരാഹ്ലാദമായിരുന്നു.പച്ചിലകൾ,കായ്ഖനികൾ,കോഴി,പോർക്ക്,വിവിധ രാജ്യങ്ങളിലെ ചായ,മറ്റു പാനിയങ്ങൾ,ഇതൊക്കെ പിന്നിടുമ്പോൾ മുന്നിൽ വലിയ മീൻനിര.പച്ചയും പാതിവെന്തതും മുഴുവൻ വെന്തതുമായ മീനുകൾ,മസാലയില്ല,ഉപ്പും മുളകുമില്ല.മീൻ മീനിന്റെ രുചിയോടെ അറിയുന്നത് ആദ്യം. വേവിക്കാത്ത ഭക്ഷണത്തെ ശരീരം കൂപ്പുകൈകളോടെ സ്വീകരിക്കും. കരളിന് പണി കുറയും. ഈ സമയത്ത് തിരൂരിലെ രാധാകൃഷ്ണൻ ഡോക്ടറേയും പ്രകൃതിജീവിതത്തേയും എങ്ങിനെ ഓർക്കാതിരിക്കും. ജപ്പാൻ യാത്രയെ മനോഹരമാക്കിയതിൽ ഒരു സ്ഥാനം ഭക്ഷണത്തിനുള്ളതാണ്,ഇതിൽ സുഷിക്കുമുണ്ട് പ്രഥമ സ്ഥാനം.സാക്കി എന്ന നാടൻ ചാരായം പിറകെ വരും. എല്ലാം അടിവയറിനെ ശാന്തമായ സമുദ്രമാക്കി. സുഷി ഒരു തുറന്നിട്ട വാതിലാണ്. സഞ്ചാരയോഗ്യമായ ഒരു സാമൂഹ്യാവസ്ഥയുടെ അകവും പുറവും  അത് കാണിച്ചു തരുന്നു,ഒരു ജനത നടന്നു കയറിയ നാഡീ മിടിപ്പിന്റെ ചരിത്രവും. (ബാംഗ്ലൂരിലെ ഗർഷോം ഫൗണ്ടേഷൻ ടോക്കിയോവിൽ സംഘടിപ്പിച്ച ഗ്ലോബൽ അവാർഡ് മീറ്റിൽ പങ്കെടുക്കാനാണ് ജപ്പാനിൽ പോകുന്നത്. അന്തർദ്ദേശീയ വ്യവസായിയും ഏഡ്പ്രിന്റ് മാനേജിംഗ് ഡയറക്ടറുമായ കോഴിക്കോട്ടുകാരൻ പി.കെ. അബ്ദുള്ളക്കോയയാണ് ജപ്പാനിലേക്ക് വാതിൽ തുറന്നുതന്നത്. അങ്ങിനെ യാത്രാ ജീവിതത്തിലെ ജപ്പാൻ പതിപ്പും എഴുതിച്ചേർത്തു) ✳ശുഭം      

നീയുള്ളപ്പോള്‍.....