പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 7, 2022

ഭാരത പുഴ

 മണിലാലിന്റെ ഭാരത പുഴ( final)

കെ ജി എസ്




ലോകർ മലിനമാക്കിയ ഉടൽ. പുറമേ ചിരിയും സല്ലാപവുമായി ഓളങ്ങൾ. അകമേ   ചുഴികളും കയങ്ങളും ഭയങ്ങളും ആശങ്കകളും. തുടരുന്ന ഒഴുക്ക്. അങ്ങനെയും ജീവിതം; മനുഷ്യർ. അവരെപ്പറ്റി തെളിനീരൊഴുക്ക് പോലെ ഒരു മലയാള സിനിമ. മണിലാലിന്റെ  ‘ഭാരത പുഴ.


.   

അവർ വ്യവസ്ഥാഭാരത്തിൽ അമർന്നവർ.  പെരുമാറ്റമിനുസം കുറഞ്ഞവർ. അവരിൽ വാക്കിലും വേഷത്തിലും ചലനത്തിലും ബന്ധങ്ങളിലും തെളിമയും ശരിതെറ്റുകളിൽ  തിരിച്ചറിവുമുള്ള ഒരുവളെ സംവിധായകൻ നായികയാക്കി. രാത്രി ഇടവകയും വഴിപിഴച്ചവർ കുഞ്ഞാടുകളുമായ ഒരുവളെ. വാതിൽ തെരുവിലേക്ക് തുറന്ന ഒരുവളെ. ചിരിക്കും സാല്ലാപത്തിനുമടിയിൽ അവളിൽ അഗാധം, അവർ ജീവിക്കുന്ന ജീവിതത്തിന്റെ കയ്പ്പ്. അവളിലൂടെ സിനിമയിൽ  വെളിവാകുന്നത് അഗതിയെ ദുർഗ്ഗതിയാക്കുന്ന ദുരവസ്ഥ.  പതിതരുടെ യാതന. സഹനം. ഏകാന്തത. ദുരന്തം. അതിലുമാഴത്തിലും ചിലത് തേടാനും കാണാനും കേൾക്കാനുമുണ്ട് . അവരിൽ വിളയുന്ന ആത്മവിമർശനവും അതിജീവനവ്യഗ്രതയും ഇച്ഛാശക്തിയും. (സുഗന്ധി. നടി സിജി പ്രദീപ്) 



ശരീരമായി മാത്രം ലോകർ പരിഗണിക്കുന്നവരിൽ ഒരാളായ അവളുടെ  മനസ്സിന്റെ സൂക്ഷ്മാഖ്യാനമാണ് ഈ സിനിമയിൽ പ്രധാനമായും ഞാനനുഭവിച്ചത്. കാറിലേക്കാൾ, ഓട്ടോയിലേക്കാൾ, ചിന്തയിലും  ഓർമ്മയിലുമാണവളുടെ യാത്രകൾ. സിനിമയ്ക്കാഴം കൂട്ടുന്ന ആത്മകഥനയാത്രകൾ; വിചാരവെളിപാടുകൾ. ലോകം അവൾക്ക് പല പേരുകൾ കല്പിച്ചിട്ടുണ്ട് : ഗണിക, അഭിസാരിക, വേശ്യ, കുലട, കളങ്കിത, പാപിനി, വഴിപിഴച്ചവൾ...എന്നിങ്ങനെ. ആ പേരൊന്നും സിനിമ അവളെ വിളിക്കുന്നില്ല. സെക്സ് വർക്കർ എന്നും വിളിക്കുന്നില്ല. അതൊന്നുമല്ല അവളുടെ പേരെന്നും, അതിലൊന്നുമില്ല  അവളുടെ മനസ്സിന്റെ സത്യമെന്നും, അവളും സിനിമയും വിശ്വസിക്കുന്നു. ആ പേരുകളിൽ ഇന്നോളം അടിഞ്ഞഴുകിയ അവജ്ഞ  ആ പെണ്ണിന്റെയല്ല,  ഒരു പെണ്ണിന്റെയും  മനസ്സ് അർഹിക്കുന്നില്ലെന്ന നീതിബോധ്യത്താൽ. ഒരു ഷോട്ടിലും ലൈംഗികദൃഷ്ടി അവളുടെ മേൽ പതിക്കുന്നില്ല. ഓരോ സ്ത്രീശരീരത്തിലും തുണി തുണിയുടെ സ്ഥനത്ത് തന്നെയുണ്ട്. അന്തസ്സിനുള്ള  സ്ത്രീയുടെ അവകാശം സിനിമയിൽ ഭദ്രം. ഈ സിനിമ സെക്സ് വർക്കറെപ്പറ്റിയാണെന്ന് കേട്ട് കുറച്ചെങ്കിലും സെക്സ് വർക്ക് കാണാമെന്ന  പ്രവണതയെ  സംവിധായകൻ  മാന്യമായി നിയന്ത്രിക്കുന്നു. സിനിമ സിനിമയാവുമ്പോൾ സംസ്കാരം മാംസമല്ല മനസ്സാണ്. കോയ്മ കലയ്ക്ക്; ചന്തയ്ക്കല്ലെന്നത്  ഭാരത പുഴയുടെ വിശ്വാസ്യത.


            ഈ സിനിമ തേടുന്നത് തെരുവിലെറിയപ്പെട്ട് സുഖവില്പനക്കാരിയായൊ-

ടുങ്ങുന്ന ഒരുവൾക്ക് സുഖം എന്തെന്നാണ്.. പണത്തിനപ്പുറം , ഐന്ദ്രിയതയുടെ ചെറുവ്യവഹാരങ്ങൾക്കപ്പുറം, അവളാരായുന്ന പെൺപൊരുൾ എന്തെന്നാണ്. തന്നിഷ്ടത്തിനപ്പുറം ഏതർത്ഥം അവൾക്കിഷ്ടം എന്നാണ്. സഞ്ചാരീബന്ധങ്ങൾക്കപ്പുറം  ആരോടാണ്, എന്തിനോടാണ്, അവളുടെ ആഭിമുഖ്യവും അർപ്പണവും സ്ഥായിയും എന്നാണ്. 


  


 ഇന്നത്തെ അവളെ  അവൾക്ക്  മറികടക്കണം. അതിനായി നാളത്തെ അവളെ അവൾ മനസ്സിൽ മെനയുന്നുണ്ട്. തന്നോട് പോലും മുഴുവൻ പറയാത്ത ഒരു പ്രണയം അവൾക്കുണ്ട്. അവളുടെ സാരഥിയും സുഹൃത്തുമായ കൂട്ടുകാരനോട്. ( നടൻ ദിനേശ് ഏങ്ങൂർ) പരസ്പരം ആഴത്തിലറിയുന്ന  സൌഹൃദം എന്ന ആത്മബന്ധം. ആ കൂട്ട് മനക്കരുത്ത് കൂട്ടുന്നുണ്ട്. അന്യോന്യം ജീവിതേച്ഛ  വളർത്തുന്ന അപൂർവ്വ ജോഡികളായേ ആ  സുഹൃത്തുക്കളെ നാം കാണാറുള്ളു. പാറപ്പുറത്തോ കടപ്പുറത്തോ കോൺക്രീറ്റ് ബെഞ്ചിലോ ഓട്ടുകമ്പനിയിലെ  മൺ‌വടിവുകളുടെ വിജനവലയത്തിലോ ശില്പാശ്രമത്തിലോ ഉള്ള  ഇരിപ്പിലും നിൽപ്പിലും അവർ മാത്രമായ നിരന്തര ഓട്ടോ യാത്രകളിലും ഒരുമിച്ചാണവർ.  ആ മൈത്രിയിലാണവരുടെ സ്വന്തം ഇടം; സ്വന്തം സമയം. അബോധമായെങ്കിലും ആ ഉൾപ്പൊരുത്തത്തിന്റെ അറിവ് അവരിൽ പ്രവർത്തിക്കുന്നത് സൂക്ഷ്മഭാഷയിൽ സിനിമ കാണിക്കുന്നുണ്ട് . അവനില്ലാത്തപ്പോഴത്തെ അവൾ ഒറ്റപ്പെട്ടവൾ. അകാല്പനികയായ വിരഹിണി. വാക്കിലില്ലെങ്കിലും ദൃശ്യഭാഷയിൽ അതുണ്ട്. കണ്ണിലെ ആരുമില്ലായ്കയിൽ, ചുവടുകളിലെ വെമ്പലിൽ അതുണ്ട്. അവൻ കുടിച്ച് തുലയുന്നതിനെതിരേ എന്തിനാ ഇങ്ങനെ വലിച്ചു കേറ്റുന്നതെന്ന  കരുതൽച്ചോദ്യത്തിൽ  അവനോടുള്ള ഇഷ്ടത്തിന് അവൾ കൊടുക്കുന്ന ആത്മസംഗീതമുണ്ട് ..ലോകക്കണക്കിൽ പ്രണയമേയല്ലത്. മുക്കുപണ്ടം പോലെ തിളങ്ങുന്ന  പ്രേമപ്പേച്ച് പറയാനാവില്ല അവൾക്കും അവനും.  



ജോസേട്ടന്റെ നാടകവീട്ടിൽ വെച്ച് വെളിപാടിലെന്ന പോലെ അവൾ പറഞ്ഞു പോകുന്നത് ജീവിതം അവളെ പഠിപ്പിച്ച പാഠങ്ങൾ.  അവളുടെ ഉൾ‌വെളിവ്, ആത്മസത്യം, ബോധ്യം, വിശ്വാസം, സന്ദേഹം. ദാർശനികയല്ലാത്തവളുടെ ദർശനം. അല്പനേരത്തേക്കെങ്കിലും  അവൾ സത്യജീവനുള്ള വാക്കുകളുടെ അമ്മ. ആ വാക്കിലെ വെളിവ് പല പതിറ്റാണ്ടുകളിലെ അരങ്ങനുഭവങ്ങളുടെ സംസ്കാരസ്ഥൈര്യമുള്ള വൃദ്ധനായ  ജോസേട്ടനെ. “എല്ലാറ്റിലും വലുത് ജീവിതമാണ് മോളേ” എന്ന്   ജ്ഞാനാർദ്രനാക്കി.  അവയുടെ നേരും  പരിണതിയുമൊന്നും ഒരു കലക്കം കൊണ്ടും മൂടിപ്പോകാതെ സിനിമയായി കാണിക്കുന്നു സംവിധായകനും ക്യാമറയും അസ്സൽ ദൃശ്യവാസികളായ  എല്ലാ നടീനടന്മാരും.. 


 ജോസേട്ടന്റെ വാത്സല്യത്തിന്റെ അരങ്ങിൽ  നിന്ന് അവളൂം അവനും പുറത്ത് വന്ന്  കോൺക്രീറ്റ് ബെഞ്ചിലിരുന്നപ്പോൾ അവൾ മ്ലാനമനസ്സായിരുന്നു. “നിനക്കെന്താ പറ്റിയത്?” എന്ന അവന്റെ ചോദ്യമൊരു   യാന്ത്രിക കുശലമായിരുന്നില്ല. തുടർന്ന് വളരുന്ന   സംഭാഷണം അവരുടെ സത്യതയുള്ള സെൽഫ് ഓഡിറ്റിംഗ്. “ ഞാൻ അവരുടെ കൂടെ കൂടിയാലോ? ഇത് വരെയുള്ള  ജീവിതം വെച്ച് നോക്കിയാൽ  നാടകമാ എളുപ്പം“  എന്നവൾ ചോദിക്കുമ്പോൾ  “നീ നാടകം കളിക്കാൻ പോയാൽ എന്റെ കാര്യമോ“ എന്ന അവന്റെ ആധിക്ക് അവളുടെ മറുപടി: “ഒറ്റയ്ക്കൊരാൾക്ക് നാടകം കളിച്ച് ജീവിക്കാനൊക്കുമോ? നീയും വേണം, നിന്റെ വണ്ടീം വേണം.“ ചിലപ്പോഴത് “നമ്മുടെ വണ്ടി” എന്നാവുന്നുണ്ട്. ലക്ഷ്യത്തിലേക്കവരെ എത്തിക്കുകയും അവരുടെ ലക്ഷ്യമാവുകയും ചെയ്യുന്നു ആ ഓട്ടോ. അതവരെ ഒരാശ്ലേഷത്തിൽ ഒന്നിപ്പിക്കുന്നു. യന്ത്രശക്തിയേക്കാൾ ജൈവചേതനയാണതിനെ ചലിപ്പിക്കുന്നതെന്നെനിക്ക് പലപ്പോഴും തോന്നി. ആ ബെഞ്ചിലെ അവരുടെ സംഭാഷണത്തിൽ  പ്രണയവ്യംഗ്യം അവർക്ക് രൂപവശ്യത വർദ്ധിപ്പിച്ചിരുന്നു. ആ സംഭാഷണത്തിനൊടുവിലെ അര ഞൊടി നീളുന്ന മൌനനോട്ടത്തിൽ അന്നോളം പറഞ്ഞതിലധികം പറയപ്പെടുന്നുണ്ട് പ്രണയം. അവളിലെ കവി ഉണരുന്ന വേളയിൽ വാച്യമല്ലാത്തതും കഠിനമായ അന്തർന്നിരോധങ്ങള- നുഭവിക്കുന്നതുമായ  ആ ബന്ധതീവ്രത പ്രണയദ്യുതിയായി  മുഖത്ത് വന്നു മായുന്നുണ്ട് . കടലിലേക്ക് നീണ്ട കൽക്കോട്ടയിൽ നിന്ന്  ശശീന്ദ്ര റെയിൽപ്പാളത്തിൽ കൊല്ലപ്പെട്ടതിൽ മനം നൊന്ത്  “നമുക്കൊന്നിച്ച് ചത്താലോ? ഞാനും നീയും നമ്മുടെ വണ്ടിയും?“ എന്ന അവളുടെ ചോദ്യത്തിലുള്ളത്  ഒരാത്മാവിന്റെ ആഴത്തിലെ പ്രണയതീവ്രതയുടെ ഗാഢമുഴക്കം. മരണാനുരാഗം ചിലപ്പോൾ ഉൽക്കടമായ ജീവിതാനുരാഗത്തിന്റെ പ്രശ്‌ഛന്ന- വേഷം മാത്രം.. അഗ്നിനദിയായ അവളുടെ  ജീവിതം ആ  ഉൾപ്പൊരുത്തത്തിൽ കുളിരൊഴുക്കായി മാറുന്നു. ലോകം മലിനപ്പെടുത്തിയവളെ പ്രണയം വിശുദ്ധയാക്കുന്നു. വഴി തെറ്റിപ്പോയവൾക്ക്  ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കാൻ പ്രണയം വഴി തുറക്കുന്നു. അന്തിമമായി ഇത് മാത്രമല്ലെങ്കിലും ഇതും ചേർന്നതാണ് അവളിലെ പെൺപൊരുൾ എന്ന് സിനിമ നമ്മോട് രഹസ്യദൂത് ചൊല്ലുന്നു. ചിലപ്പോൾ  ആത്മരക്ഷകമായ പ്രതിരോധമാണ്  പ്രണയം. 


ശരീരം പലരെടുക്കുന്നു; മനസ്സ് ഉപഗുപ്തന് മാത്രം കൊടുക്കുന്നു, എന്നൊരു ബുദ്ധകാല വിമോചനമിത്തുണ്ട്. കരുണയും മൈതിയും പ്രണയമായി പകർന്നാടുന്നത്. ആഴത്തിന്റെ ഈ ദൃശ്യഭാഷ ഐന്ദ്രിയതയെ അതിവർത്തിക്കുന്ന ആത്മീയതയാവുന്നു നായികയുടെയും സുഹൃത്തിന്റെയും  മനസ്സുകളിലും ഈ സിനിമയുടെ സൌഹൃദപ്രത്യയ- ശാസ്ത്രത്തിലും. നാമിത് പ്രണയം തന്നെയെന്നുറപ്പിക്കും. ഇങ്ങനെ അങ്ങിങ്ങായി ആ മനപ്പൊരുത്തം സിനിമയിൽ അവരുടെ സൌഹൃദപരിധിക്കപ്പുറമുള്ള അദൃശ്യമായ വശ്യലയത്തിന്റെയും  ഒരുമയുടെയും  ദൃശ്യങ്ങളാവുന്നുണ്ട്. മനുഷ്യാവകാശങ്ങൾക്കെല്ലാം   അവളുൾപ്പെടുന്ന ഇരുളാണ്ട മുഴുവൻ ജീവിതങ്ങൾക്കും അർഹതയുണ്ടെന്ന   ഈ സിനിമയുടെ കേന്ദ്രവാദം സമർത്ഥിക്കാൻ, തിരസ്കൃതരെ മനുഷ്യത്വത്തിലേക്ക് പുനരാനയിക്കാൻ ,  സംവിധായകൻ സ്വീകരിക്കുന്നത് ധാർമ്മികതയിലെ നാനോ ഊർജ്ജമാണ്. അസാധ്യ മാധ്യമമികവിലേ മനസ്സിന്റെ ഇത്തരം സൂക്ഷ്മരശ്മികൾ ദൃശ്യങ്ങളിൽ ആവിഷ്കരിക്കാനാവൂ. . അത് സംവിധായകന്റെ വൈഭവം. ഭാരത പുഴ ഗഹനകാന്തിയുള്ള ഒരു സൌഹൃദ  / പ്രണയ സങ്കീർത്തനമായി അനുഭവിപ്പിക്കുന്നതിന്  സംവിധായകൻ സിനിമയുടെ അബോധവിതാനത്തിൽ വേറെയും  ആദിമമുഴക്കങ്ങൾ പാകിപ്പോയിട്ടുണ്ട്.  

      


സദാചാര സംരക്ഷണം നിന്റെ മാത്രം ബാധ്യതയല്ലെന്ന്  കുമ്പസാരക്കൂട്ടിലെ അവളുടെ താപത്തെ തണുപ്പിക്കുന്ന അച്ചനിൽ ക്രിസ്തുകാരുണ്യത്തിന്റെ ഓർമ്മപ്രകാശം പതിക്കുന്നുണ്ട്.. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പുണ്യനാട്യക്കാരായ ക്രൂരന്മാരോട് പറഞ്ഞ് മറിയത്തെ  അഭയനീതി- യിലേക്കുയർത്തിയ യേശു ഒരു  ദൃശ്യധ്വനിയായി സിനിമയുടെ ആഴത്തിൽ പടരുന്ന പ്രതീതി. അവൾ മാത്രമായി ഒരു തെറ്റ്, കുറ്റം, പാപം, കല്പനാലംഘനം, അസാധ്യം. എങ്കിലും അവൾ മാത്രം പങ്കില. കുറ്റക്കാരി. ആൺ‌കോയ്മയുടെ അനീതിയും കാപട്യവുമാണ് പെണ്ണിന് മേൽ ദുഷ്‌പ്പേരുകളെറിയുന്നത്. 



‘നഗരം വെറി ശമിക്കാത്ത ഒരു പുരുഷൻ‘  എന്ന ഒരു ചെറിയ വാക്യത്തിലുണ്ട് അവളുടെ പുരുഷദർശനം . പത്രാസും പ്രൌഢിയും നുണയും ചൂഷണവും വശീകരണതന്ത്രങ്ങളുമൊക്കെ നഗരത്തിനും പുരുഷനും തുല്യം. തീരാത്തൃഷ്ണ കൊണ്ട് വരിഞ്ഞു ഞെരിക്കുകയാണെന്നെ രണ്ടുമെന്ന് അവൾ വ്യവസ്ഥയിലെ വന്യബന്ധനത്തിന്റെ  കടുംകെട്ടറിയുന്നു. അനുഭവത്തിന്റെ ആധികാരികതയിലാണ് അവളുടെ പുരുഷവിചാരണയുടെ നീതിശാസ്ത്രം.   

ജീവിതം അവളെ പഠിപ്പിച്ചത്  ചോദ്യങ്ങളാണ്;. ഉത്തരമല്ല  “തന്റേടമുണ്ടോടാ നിനക്കെ“ ന്നവൾ തെമ്മാടിയോട് ചോദിക്കുമ്പോൾ ആൺമുഷ്ക് ചൂളുന്നു. കൂടെ കിടക്കുന്ന പുരുഷന്മാരോട് അവൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. (1. ഡോക്ടർ. നടൻ- ശ്രീജിത് രവി. 2. പ്രവാസി. നടൻ ഇർഷാദ്) ചോദ്യങ്ങളെല്ലാം അവരുടെ ഭാര്യമാരെയും കുടുംബത്തെയും പറ്റി. പുരുഷന്റെ ഉത്തരം നുണയെന്ന് നന്നായറിയുന്ന അവൾ “നല്ല രസമുണ്ട് കേൾക്കാൻ” എന്ന ഉന്നത പ്രതികരണത്തിൽ അവരെ അനായസമായി മറികടക്കുന്നു. കുടുംബത്തെ- പ്പറ്റിയുള്ള ചോദ്യങ്ങളിൽ അവളുടെ ഉള്ളിന്റെ ഉള്ളിലെ കുടുംബസ്വപ്നം പ്രകാശനനിരതം എന്നെനിക്ക് തോന്നി.



ഇഷ്ടത്തിൽ നിന്നാണ് ,( സുഗന്ധി എന്ന തന്റെ പേരിലെന്തുണ്ട് പൊരുൾ എന്ന ചിന്തയിൽ നിന്നുമാവാം.,) “എനിക്കങ്ങനെയൊരു മണമുണ്ടോ” എന്ന് കൂട്ടുകാരനോട്  അവളുടെ ചോദ്യം. “ നിനക്ക് പലേ മണം” എന്ന അവന്റെ ഉത്തരം ഒരു തിരസ്കാരശകാരമല്ല. സ്വീകാരമുഴക്കം. ഇരുവർക്കും മനസ്സിൽ ഒരേ വെടിക്കെട്ട്. ഒരേ ആകാശം; പൂത്തിറങ്ങുന്നത്  ഒരേ  വസന്തം. ഇരുവരിലും നിറയുന്നത് പ്രണയത്തിന്റെ മണം . ശരിയിലേക്കുള്ള പിടച്ചിൽ വെളിവാകുന്ന അവളുടെ ചോദ്യങ്ങളിലും  ചെറുവാക്യങ്ങളിലും സ്വാതന്ത്ര്യത്തിലേക്കുള്ള  അവളുടെ ഉദയസൂചന വ്യക്തം. സിനിമ അവളെ ദിവ്യപ്പെടുത്തുന്നില്ല. സത്യപ്പെടുത്തുന്നേ‌യുള്ളു. പുലിക്കളിയുടെ വരവ് എന്ന പ്രത്യാശയിലാണ് അവ്ന്റെ പരിഹാരസമാഹാരം.  തീയും വെള്ളവും സമസാന്നിദ്ധ്യമായ ഒരു ദൃശ്യം സിനിമയുടെ തുടക്കത്തിലുണ്ട്. കത്തുന്ന കാട് കെടുത്താൻ വേണ്ടതിലേറെ വെള്ളം തൊട്ടടുത്തുണ്ട്. ആരും കെടുത്തുന്നില്ല. ചരിത്രത്തിലു- ടനീളമുണ്ട് ഇങ്ങനെ തൊട്ടടുത്ത്  പരിഹാരസമൃദ്ധിയുണ്ടെങ്കിലും അനുഭവത്തി- ലുപകാരപ്പെടാത്തതിനാൽ എരിഞ്ഞടിയുന്ന പ്രശ്നാരണ്യങ്ങളായ ജീവിതങ്ങൾ.  


 

ഗാഢസൌഹൃദം ആത്മഭാഷയായ സിനിമയാണ് ഭാരത പുഴ.  കാണും തോറും പ്രിയമേറുന്നത്. സിനിമയിൽ കാഴ്ച സൂക്ഷ്മമാക്കാൻ വാക്ക് കൂട്ട് വരും. ഉൾക്കാഴ്ച  തിളക്കും. ഭാരത പുഴ പറയുന്നത് തൃശൂർ ഭാഷ. നാടൻസംസാരം. പഴഞ്ചൊല്ലി- ന്റെ സ്വരമിതത്വവും പൊരുൾസാന്ദ്രതയുമുള്ളത് . പാവപ്പെട്ടവർ  നോവ് കൂട്ടി നേര് നുണയുന്ന  പ്രതിരോധ വെളിവുകൾ. നഗരത്തിലെ അരണ്ട ഇടങ്ങളാണവരുടെ ഇടങ്ങൾ . കുപ്രസിദ്ധ അധോലോക ഭീകരതയോ ഹിംസയോ ഗാങ് വാറോ അക്രമമോ ഇല്ല. ചെറുകിട അധോലോകം പോലുമല്ല. എങ്കിലും എന്തെങ്കിലും അഴുക്കിൽ പൂഴ്ന്നല്ലാതെ ഒരു പാദവുമില്ല. ഓരോരോ ഒഴിവിടങ്ങളിൽ ലഹരിയല്ലാതെ ലക്ഷ്യമില്ലാതെ ശാന്തിയില്ലാതെ കറങ്ങുന്ന  കുറേ  പുരുഷന്മാരുടേയും  ഓരോരോ സമസ്യകളിലുഴലുന്ന കുറെ സ്ത്രീകളുടേയും വർത്തമാന ചരിത്രം, ഭാരത പുഴ. ഏറെയുമില്ല കുറവുമില്ല. ഒരു കൂട്ടൊക്കുമ്പോൾ ഒഴുകിത്തുടങ്ങുന്ന മനുഷ്യർ. ഒഴുകിയൊഴുകി ദൂരേക്കൊന്നും ആരും പോകുന്നില്ല. പോകാനുമില്ല. ആഞ്ഞൊഴുകിയാലും എങ്ങും എത്താനാവായക.  അവരുടെ ലോകം അടഞ്ഞ ലോകം. ‘ഠ’ വട്ടമായ ഒരു നഗരം. എല്ലാരും തമ്മിലറിയുന്ന ഒരു പരിചിത  നഗരം . അവിടം  അവർക്കഭയം.  അതിലവർ ഒരേ ശിഖരത്തിൽ ചുറ്റിച്ചുറ്റിക്കുരുങ്ങുന്ന ആയുസ്സിന്റെ മലിന പതാകകൾ. തെറ്റിന്റെ അച്ചു തണ്ടിൽ കറങ്ങാൻ അവർക്കോരോരുത്തർക്കു- മുണ്ട് ഓരോ ഭ്രമണപഥം. അതേ തീരദേശം, അതേ വയൽ, മരങ്ങൾക്കൂം പാഴ്ചെടികൾക്കുമിടയിലൂടെ അതേ പാത. അതേ ഉയരം കുറഞ്ഞ കടകൾ. അതേ പാറപ്പുറം. അതേ ഓട്ടു കമ്പനി. അതേ നിരപ്പ്. അതേ കയറ്റം. അതേ ഇറക്കം. അതേ മുഷ്കന്മാർ. അതേ പെണ്ണുങ്ങൾ. കടം. കൊടുത്തത് തിരിച്ചു തരാനപേക്ഷിക്കുന്ന അതേ പാവം ആന്റപ്പൻ.( നടൻ, സുനിൽ സുഗത) അതേ മടുപ്പ്, അതേ ലഹരി, അതേ പാഴ്ച്ചെടികൾ, അതേ പുകക്കുഴൽ, ഈ തെളിപ്രകൃതി നശിപ്പിക്കാൻ അടിയിൽ നിന്ന് തുരന്ന് തുടങ്ങിട്ടുണ്ടെന്ന അതേ പാരിസ്ഥിതിക വിവേകം, അതേ മൊബൈൽ ടവർ, അതേ നുണ, പറ്റിപ്പ്, അതേ ഓട്ടോ, അതേ സാരഥി. അവൻ പൂസായാൽ അവൾ സാരഥി. അതേ പാളം. അനാദിയെന്ന് തോന്നിക്കുന്ന അതേ തീവണ്ടിയിരമ്പം .അവരുടെ ജീവിത വൃത്തത്തിൽ  ഉദിക്കുന്നേയില്ല പുതുമ.    ആവർത്തനം മാത്രം. ആവർത്തനം വഴികൾ  വട്ടത്തിലാക്കുന്നു. കായലും കടലും തോടും കുളവും ഡാമും .രൂപ വ്യത്യാസത്തിൽ  പല വടിവുകളിൽ ആവർത്തിക്കുന്ന ജലം . പരിമിതികൾക്കുള്ളിൽ ഓരോരുത്തരും തേടുന്നത് ഓരോ സാധ്യത. വിടൻ, ഭോഗം. കുടിയൻ, ലഹരി. ബന്ദി, മോചനം. കടക്കാരൻ, വീടൽ. അഡിക്ടിന് കുടിനിർത്തൽ. നിസ്വന് പുലിക്കളി ക്ഷേമസാധ്യത.  സാധ്യത സർവത്ര. ഒന്നും സാധിക്കുന്നില്ലെന്ന് മാത്രം. പരിധികൾ കടന്ന് പോകലില്ല.രുചി മടുത്ത ദിവസങ്ങൾ കൊണ്ട് മെടഞ്ഞ  ആയുസ്സ് തുടരുന്നു..  ഒരു പൊട്ടൻ ഇറങ്ങി വന്ന് 

 ജന്മത്തിന്റെ ഗതാഗതം നിയന്ത്രിക്കുന്നു. എല്ലാവരും അതേ അക്കങ്ങളിൽ വീണ്ടും വീണ്ടുമെത്തുന്ന ഘടികാര സൂചികളാവുന്നു.. പഴയ അതേ വട്ടം ചുറ്റുന്നു.  






ഇത് ഒഴുകും തോറും അഴകും ആഴവും പൊരുളൊഴുക്കും കൂടുന്നൊരു സിനിമ.  മറ്റുള്ളവരുടെ ദു:ഖം ഒരു ദൂരസ്ഥലമല്ലെന്ന് പറയുന്ന സിനിമ.  സംസ്കാരശ്രേണിയിൽ ഏറ്റവും താഴെയല്ല, ആ ശ്രേണിക്ക് പുറത്താണ് വഴിപിഴച്ചവരുടെ വാഴ്വ്.  മണിലാലിന്റെ സിനിമ അവരുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കുന്ന പ്രതിരോധ ധീരതയുടെ സൌന്ദര്യം അനുഭവിപ്പിക്കുന്നു.


സിനിമയുടെ തുടക്കത്തിൽ  തിണ്ണയിലിരുന്ന്  ഒരു പെണ്ണ് മീൻ വെട്ടുന്ന ദൃശ്യം രണ്ട് ദിവസം കണ്ടതോർമ്മ വരുന്നു. ചെതുമ്പൽ കളയുന്നതിനിടയിൽ അവൾ മീനിനെ മെല്ലെ തലോടി. ക്ഷമാപണത്തിന്റെ മൃദുസ്പർശം തോന്നിച്ച തലോടലിൽ  മീൻ കണ്ണ് തിളങ്ങിത്തുടങ്ങി. തലോടുന്നവളുടെ നിസ്സഹായദയയെ അലിവോടെ നോക്കുന്ന  ആ മീൻ കണ്ണ് മറക്കാനാവുന്നില്ല. ചില സ്പർശത്തിൽ  മരണാനന്തരവും അറിയുന്ന സ്നേഹമുണ്ടായിരിക്കാം.   മൃതരിലും ആത്മീയമായ തിളക്കം തരാൻ സ്നേഹസ്പർശത്തിന് കഴിയും.  പക്ഷേ, എല്ലാ സപർശവും സ്നേഹസ്പർശമല്ല. ഓട്ടുകമ്പനിയിലെ ഏകാന്ത മൺപീഠത്തിലിരുന്ന് നമ്മുടെ നായിക കൂട്ടുകാരനോട് ഒരു സ്പർശത്തിന്റെ കഥ പറയുന്നുണ്ട്. വീട്ടിൽ നിന്ന് ഇറക്കി വിടപ്പെട്ടപ്പോൾ കൌമാരത്തിൽ അവളുടെ ആദ്യ അഭയം ഓട്ടുകമ്പനിയായിരുന്നു. അവളെ അവളക്കിയ ഇടം എന്നവൾ പറയുന്നതിൽ നാം കേൾക്കുന്നത് അവളെ അവളല്ലാതാക്കിയ ഒരു വലിയ മുറിവിന്റെ രക്തവിലാപം. ഓട്ടുകമ്പനിയിൽ ഞെരിഞ്ഞമർന്ന് മേച്ചിലോടായി മാറുന്ന മണ്ണനുഭവിക്കുന്ന കശക്കൽ സ്പർശപരമ്പര. മണ്ണ് ചുമന്ന് തളർന്നിരിക്കുമ്പോൾ ഒരിക്കൽ പിന്നിൽ നിന്ന് വന്ന ഒരു മസിലൻ സ്പർശം അവളെ നിഷ്കളങ്കതയിൽ നിന്ന് പാഴ്ച്ചെളിയിലേക്ക് കശക്കിയെറിഞ്ഞു. അതാണവളുടെ പറുദീസാനഷ്ടം. അവിടെ നിന്നാണ് ജീവിതം അവൾക്ക് ചെളിയിൽ കുഴയലും കുളിക്കലുമായി മാറിയത്. അവളെത്തന്നെ പാഴ്ചെളിയാക്കിയത്.  


ചെളിയുടെ മറ്റൊരു ദൃശ്യകാണ്ഡം മണിലാൽ കാണിക്കുന്നത് ശില്പിയുടെ സ്റ്റുഡിയോയിലാണ്. ശില്പാശ്രമത്തിൽ വാൽമീകി പോലെ ശില്പി( നടൻ,  ശില്പിരാജൻ)  മുറ്റത്തെത്തിയ അവളെ വാത്സല്യത്തോടെ പിടിച്ച് അകത്തേക്കാനയിക്കുന്നു. സിനിമയിൽ ശില്പാശ്രമത്തിലെ ഭാഷ മൌനമാണ്. മനുഷ്യചരിത്രത്തിലെ അത്യന്തതീക്ഷ്ണങ്ങളായ നിലവിളികൾ കനത്തുറഞ്ഞ മൌനമുഖങ്ങൾ അവൾ ചുറ്റും കാണുന്നു. അവൾ അവളുടെ വംശത്തിലെത്തിയ പോലെ ആഴത്തിൽ സ്വാസ്ഥ്യം അനുഭവിക്കുന്നു.    വിശുദ്ധപ്പെടൽ അനുഭവിക്കുന്നു. ആ മുഖം അനുഗ്രഹിക്കുന്ന മുഖം പോലെ പ്രസാദശാന്തമായി. അവളുടെ എന്നോ കേടാ‍യിപ്പോയ ചിരി നറുമന്ദഹാസമായി അവളിൽ ഉയിർത്തെഴുന്നേൽക്കുന്നു. ചെളിയിൽ നിന്ന് വളർന്ന ഇലകളോടും പൂക്കളോടുമൊപ്പം ശില്പിയുടെ മാന്ത്രിക സ്പർശത്തിന്റെ പവിത്രയറിഞ്ഞ് ദേവതാശില്പമായി, മഹിതയായി. സുന്ദരിയായി. 


മണിലാലിന്റെ ‘ഭാരത പുഴ’ സ്വപ്നം കണ്ടത്  ഈ സർഗ്ഗാത്മക വിതാനത്തിലേക്കുള്ള സ്ത്രീജന്മത്തിന്റെ  പവിത്രാരോഹണമാണെ- ന്നതാണെന്റെ സിനിമാനുഭവം.  

 

 ഈ പുഴയും അനേകം ഒഴുക്കുകളുടെ ഒരു  കൂട്ടൊഴുക്ക്. പല ജീവിതങ്ങളുടെ  കൂട്ടൊഴുക്ക്. പുറത്തേക്കാൾ അകമുള്ളത്. പുറത്തൊഴുക്കിനേക്കാൾ ഉള്ളൊഴുക്കുള്ളത്. ഉൾക്കാഴ്ചയാണ് കാഴ്ചയെന്ന് നോട്ടത്തെ തിരുത്തുന്നത്. താരത്തെയല്ല കഥാപാത്രത്തെയാണ് ഉൾക്കൊള്ളേണ്ടതെന്ന്  കാണലിനെ ശുദ്ധീകരിക്കുന്നത്.  ഇതിൽ ആണുങ്ങളും പെണ്ണുങ്ങളുമായി അനേകം കഥാപാത്രങ്ങൾ. ഓരോ കഥാപാത്രവും ഓരോ കഥ. പകയോ കടമോ കണക്കോ തീർക്കാൻ  കഥാന്ത്യത്തിൽ  വന്ന് പുനസ്സമാഗമത്തിനോ തുടർച്ചയ്ക്കോ കാത്ത് നിൽക്കുന്നവരില്ല. ആദ്യന്തമെന്നത് പല നല്ല കഥയിലും  രസം കൊല്ലി വാചാലത. അനാവശ്യ ഭാവഭാരം . ധ്വനിമനോഹരമായ ദൃശ്യവും വാക്കും  ഈ സിനിമയുടെ സൌന്ദര്യസിദ്ധികൾ . സംവിധായകൻ മൌനശക്തിയറിഞ്ഞ സംഗീതജ്ഞനെപ്പോലെ പെരുമാറുന്നു. ചില കഥാപാത്രങ്ങൾ 

പറഞ്ഞ വാക്കുകൾ എനിക്ക് പലപ്പോഴും വീണ്ടും കേൾക്കാൻ  തോന്നി. മദ്ധ്യേയിങ്ങനെ നാം കാണുന്നതിന്റെ മറുപുറവും ആഴവും  കാണുന്നതും കാണിക്കുന്നതും  നല്ല കഥ. ഈ അപ്പുറം കാണലും കാണിക്കലുമാണ് ഈ സിനിമയുടെ ഉള്ളിനന്റെ സുതാര്യമായ ഗഹനതയ്ക്കാധാരം. 


അനന്യമായ രൂപസമാധിയിൽ മെല്ലെ ഉണർന്നൊഴുകുന്ന നേരൊഴുക്കായ  ഭാരത പുഴയ്ക്കും മണിലാലിനും കൂട്ടർക്കും  അസ്സൽ ദൃശ്യവാസികൾക്കും (അഭിനേതാക്കൾക്കും)  സലാം..

No comments:


നീയുള്ളപ്പോള്‍.....