പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, March 6, 2008

ഈയെമ്മെസ്സിനെയും ഏകേജിയേയും സൃഷ്ടിച്ച സഖാവ് വേലപ്പന്‍‍ ?......



  
ഈയെമ്മെസ്സിനെയും ഏകേജിയേയും സൃഷ്ടിച്ച  സഖാവ് വേലപ്പന്‍‍ ?......



പഴകിയ കഥയാണ്,പഴയൊരു കാലമാണ്,എങ്കിലും പറയാതെ വയ്യ.


 പരക്കം പായുന്ന ബാലമനസ്സിനെ കണിശങ്ങളിലേക്ക് കൊണ്ടു പോകുന്ന കണക്ക് മാഷിനേക്കാളും ഒഴിവുവേളകളെ വെട്ടിമുറിക്കുന്ന തുന്നല്‍ ടീച്ചറേക്കാളും പള്ളിവക സ്കൂളില്‍ വേദോപദേശം ഓതുന്ന പിശാചിനേക്കാളും വിദ്വേഷമായിരുന്നു ഞങ്ങള്‍ കുട്ടി കോണ്‍ഗ്രസ്സുകാര്‍ക്ക് സഖാവ് വേലപ്പനോട്.വീടിനു മുന്നിലെ നെല്‍പ്പാടവും കുറച്ചു തൈതെങ്ങുകളും പിന്നിട്ടാല്‍ വേലപ്പന്‍ സഖാവിന്റെ വീടായി.

തോട്ടുവക്കില്‍ നിലം പൊത്താന്‍ പാകത്തില്‍ ഒരോലപ്പുര.(പത്തു സെന്റ് എന്നാണ് തത്വത്തില്‍ പറയുക,അളന്നാല്‍ അഞ്ചര സെന്റു മാത്രമെ കാണത്തുള്ളു.പത്തുസെന്റു വാങ്ങിക്കൊടുത്ത സമരക്കാരും അതിനു വഴങ്ങിയ ഭൂവുടമയും തമ്മിലുള്ള ഒരു അഡ്ജസ്റ്റുമെന്റിന്റെ ഭാഗമായിരുന്നു അളവിലെ ഈ കുറവ്.പത്തുസെന്റെന്നത് അന്നൊക്കെ അപമാനത്തിന്റെ കൂടെ  പേരായിരുന്നു.അത് ഒരേക്കറായി വികസിപ്പിക്കാനും പത്തുസെന്റെന്ന പേരു കളയാനുമാണ് പലരും ലോഞ്ചി കയറി മണലാരണ്യത്തിലേക്ക് വിട്ടത്,അവിടെ പൊരിവെയിലിലും പിടിച്ചുനിന്നത്.)
പുരപ്പുറത്തിരിക്കുന്നവര്‍ക്ക് ആനയെ പേടിക്കേണ്ട എന്നതുപോലെ സഖാവ് വേലപ്പന്‍ പാര്‍ട്ടിയിലേക്ക്  കയറിയില്ല,ഇറങ്ങിയുമില്ല. അണിചേര്‍ന്ന് വായകീറി മുദ്രവാക്യം വിളിച്ചില്ല,പത്രങ്ങള്‍ പലത് വായിച്ച് സംശയരോഗിയായില്ല,ചായക്കടയിലിരുന്ന് രാഷ്ടീയം കുടിച്ചിറക്കിയില്ല.എന്നിട്ടും വേലപ്പന്‍ സഖാവായി,നാട്ടുകാരുടെ സഖാവ്
വേലപ്പനായി.എല്ലാവരുടേയും സഖാവായി.

പ്രസംഗമാണ് സഖാവിന്റെ നിയോഗം,കല.മൈക്ക് വേണ്ട,കേള്‍ക്കാന്‍ മനുഷ്യര്‍ വേണ്ട.ഒരു ചോപ്പന്‍ മാല മാത്രം മതി, കഴുത്തിലണിയാനും ആവേശം കൊള്ളാനും.

ഞങ്ങള്‍ കുട്ടിക്കോഗ്രസ്സുകാരും യൂത്തകോണ്‍ഗ്രസ്സുകാരും മൂത്ത കോണ്‍ഗ്രസ്സുകാരും ശത്രുപക്ഷത്ത് നിര്‍ത്തിയത് കമ്മ്യുണിസ്റ്റുകാരുടെ തലതൊട്ടപ്പന്മാരെയല്ലായിരുന്നു. ഞങ്ങളുടെ നേതാക്കളായി തലയില്‍ ഉറപ്പിച്ചുനിര്‍ത്തിയ ഇന്ദിരാഗാന്ധിയേയും മക്കളേയും അവരുടെ അപ്പൂപ്പന്‍ നെഹ്രുവിനെയും പിന്നെയങ്ങോട്ടുള്ള പിതാമഹന്മാരെയും തെറിവിളിച്ചുനടന്ന സഖാവ് വേലപ്പനെയായിരുന്നു.(രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരുണനുമൊന്നും തെറി വിളിക്കാന്‍ പാകത്തില്‍ അന്നില്ല.ഇന്ദിരാഗാന്ധി പെണ്ണല്ലെ,ഞാറു പറിക്കാന്‍ പൊയ്ക്കൂടെ എന്നൊക്കെ വേലപ്പന്‍ സഖാവ് വിളിച്ചു കൂവുന്നത് കേട്ട് ഞങ്ങള്‍ക്കുണ്ടായ അരിശം പറഞ്ഞറിയിക്കാന്‍ പറ്റില്ല.ഗൌരിയമ്മ പെണ്ണല്ലെ .......എന്ന് തിരിച്ചു പറയാനെ നിവൃത്തിയുണ്ടായിരുന്നുള്ളു.ഗൌരിയമ്മ എവിടെ, നെഹ്രുവിന്റെ മകളും സഞ്ജയന്റേയും രാജീവിന്റേയും അമ്മയുമായ  ഇന്ദിരയെവിടെ എന്നൊക്കെ ഞങ്ങള്‍ ആലോചിക്കാതെയുമിരുന്നില്ല.)


തെരുവിനെ തെരുവാക്കുന്ന ഈ തെറിവിളി കൊണ്ടുതന്നെ കമ്മ്യുണിസ്റ്റുകാര്‍ സഖാവിനെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്തു.പാര്‍ട്ടിക്ക് പറയാന്‍ കഴിയാത്തത് വേലപ്പന്‍ പറഞ്ഞു,പാടി നടന്നു.
സഖാവിന്റെ പ്രസംഗം കേട്ടാല്‍ എതിരാളികളെ കുത്തിനു പിടിക്കാന്‍ ആവേശം പെരുക്കും,ബീഡിതെരുപ്പിന്റെ സ്പീഡ് കൂടും,ലോഡിറക്കിന്റെ ഊക്കു കൂടും,പിരിവ് പതിന്മടങ്ങാകും,ചാഞ്ചാട്ടമുള്ളവര്‍ പാര്‍ട്ടിയില്‍ പാറപോലെ ഉറയ്ക്കും,ഇലക്ഷന് തലേന്ന് തന്നെ ക്യൂ നില്‍ക്കും,എം.എല്‍ .എ മാര്‍ മരിച്ച വീട്ടില്‍ തലേ ദിവസം പോകുന്നതു പോലെ.

രാവിലെ കുളിക്കാതെ, കുറിതൊടതെ, ബൂര്‍ഷ്വാ വിശ്വാസങ്ങളില്‍ കുടുങ്ങാതെ സഖാവ് വീട്ടില്‍ നിന്നിറങ്ങും.പ്രസംഗിക്കാനും മുദ്രവാക്യം വിളിക്കാനും ചെറിയ ചെറിയ കോര്‍ണറുകളും കോണ്‍ഗ്രസ്സുകാരുടെ വേലിമണ്ടകളും തെരഞ്ഞെടുക്കും. വൈകുന്നേരത്തോടെ നടയിലെത്തും (പ്രധാന കവല    ഞങ്ങള്‍ക്ക് ‘നട‘യായിരുന്നു.ഞങ്ങള്‍   സെന്ററിനെ മൂര്‍ക്കനിക്കക്കാര്‍ വിളിക്കുന്നത് പോലെ മെട്രോസിറ്റി എന്നൊന്നും വിളിക്കില്ല.നട,അതു മതി.മൂര്‍ക്കനിക്കരക്കാര്‍ സ്വന്തം ഗ്രാമമൂലയെ മെട്രോസിറ്റി എന്നും തൃശൂര്‍ പട്ടണത്തെ മുക്ക് എന്നും വിളിച്ചു പോന്നു.സംശയരോഗമുള്ളവര്‍ സില്‍മാ നടന്‍ ടി.ജി രവിയോടോ ചൈനയിലുള്ള  ഏക എഴുത്തച്ഛന്‍  സുരേഷ് എന്ന സൂപ്പാനോടോ,സിറ്റിയില്‍ താമസക്കാരനായ ജയകൃഷ്ണനോടൊ സംശയം തീര്‍ക്കുക,സംശയം തീരാത്തവര്‍ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ ഉടന്‍ കാണുക)


നടയിലെത്തിയാല്‍ ഒരു ചുവപ്പന്‍ മാല സഖാവിന്റെ കഴുത്തില്‍ ആരെങ്കിലും ചാര്‍ത്തും.ആരും ഇല്ലെങ്കില്‍ സ്വയമതങ്ങു ചെയ്യും.ചുവപ്പന്‍ മാലയില്ലാതെ സഖാവില്ല,സഖാവിന്റെ പ്രസംഗമില്ല.


ഇന്നത്തെ പോലെയല്ല അന്നത്തെ കാര്യങ്ങള്‍. ഇലക്ഷന്‍ കാലത്തു മാത്രമല്ല എന്നും കോണ്‍ഗ്രസ്സായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ശത്രുപക്ഷം.

ഇന്ദിരാഗാന്ധി എന്ന് കേട്ടാല്‍ സഖാവിന് കലികയറും.ഏകേജീയേയും ഈയെമ്മെസ്സിനേയും എത്ര പ്രശംസിച്ചാലും മതിവരില്ല.ഒരുകാര്യം പറയാന്‍ വിട്ടു.എന്തൊക്കെ പണിയുണ്ടെങ്കിലും ഏതൊരാളെപ്പോലെയും മറന്നുപോകാത്ത ഒരു കാര്യമുണ്ടായിരുന്നു.കല്ല്യാണം.അതു കഴിക്കുക മാത്രമല്ല അതില്‍ രണ്ടുമൂന്നു കുട്ടിസഖാക്കളെ വാര്‍ത്തെടുക്കുകയും ചെയ്തു രാവന്തി പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വേലപ്പന്‍ സഖാവ്.



(ബോധം തെളിഞ്ഞാല്‍ പ്രസംഗം തുടങ്ങും, ഉറങ്ങിയാല്‍ മാത്രമേനിര്‍ത്തൂ.പ്രസംഗിച്ചുകൊണ്ടേ എന്തും നടത്തൂ.അതു കൊണ്ടു തന്നെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ വേലപ്പന്‍ സഖാവിനു പറഞ്ഞിട്ടുള്ളതല്ല)


പാലക്കാടന്‍ ചുരം കടന്ന് ചൂളം വിളിച്ചെത്തുന്ന വൃശ്ചികക്കാറ്റെങ്ങാനും ഒന്നൂക്കോടെ വീശിയാല്‍ സഖാവ് ബലമുള്ള എന്തിലെങ്കിലും പിടിച്ചു നില്‍ക്കും.ഇനിയും മെലിയാനില്ലാത്ത ഒരു ശരീരമായിരുന്നു സഖാവിന്റേത്.ആളില്ലാ പാര്‍ട്ടിയുടെ കൊടി പോലെ ദുര്‍ബ്ബലം.

ഈ ശരീരത്തിന്റെ അനന്തരാവകാശികളായിട്ടാണ് മൂന്നുകുട്ടികള്‍ ഉദയുംകൊണ്ടത്.രണ്ടാണും ഒരു പെണ്ണും.പാര്‍ട്ടി പ്രേമം മൂത്ത് ആണ്‍പെറന്നോറ്റങ്ങള്‍ക്ക് “ഈയെമ്മെസ്സെ“ന്നും “ഏകേജി“യെന്നും പേരിട്ടു.( ചാവക്കാട്ടെ ലീഗുകാ‍രനായ ഒരാള്‍ മകന് “ജനാബ് സി.എഛ്.മുഹമ്മദ് കോയ“ എന്ന് പേരിട്ടതു പോലെ).പെണ്‍കുട്ടിക്ക് “സുശീല ഗോപാലന്‍ “എന്നു പേരിടാന്‍ ആഗ്രഹിച്ചെങ്കിലും മുളയിലെ അത് വാടിപ്പോയതിനാല്‍ സുശീലാ ഗോപാലന്‍  തല്‍ക്കാലം രക്ഷപ്പെട്ടു.

പ്രസംഗം മുഴുവന്‍ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയാണെന്നുപറഞ്ഞല്ലോ.ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്സായതു മാത്രമല്ല സഖാവിന്റെ ചൊടിപിച്ചത്,പെണ്ണായതുകൊണ്ടു കൂടിയാണ്.പെണ്ണുങ്ങളോടുള്ള സമീപനം അന്നും ഇന്നും ഒരു പോലെ തന്നെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

“ഇന്ദിരാഗാന്ധി പെണ്ണല്ലെ,ഞാറുപറിക്കാന്‍ പൊയ്ക്കൂടെ“ എന്ന മുദ്രവാക്യം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുഴക്കിയത് സഖാവ് വേലപ്പന്‍ആയിരിക്കും. അതേ വര്‍ഗ്ഗക്കാരിയായ ഗൌരിയമ്മയെ വരമ്പില്‍നിന്ന്  പാടത്തേക്കി ചെളി പുരളാന്‍ വേലപ്പന്‍ സമ്മതിച്ചതുമില്ല.  
ഇന്ദിരാഗാന്ധിക്കെതിരെയുള്ള പ്രസംഗവും മുദ്രവാക്യം വിളിയും ഗാന്ധികുടുംബത്തിന്റെ ആശ്രിതരും അടിമകളുമായ ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.അടിമകള്‍ക്കും വേദനിക്കും എന്ന് അന്നേ മനസ്സിലായ  മറ്റൊരു കര്യമാണ്.

(ഇന്ദിരാഗാന്ധിയുടെ ഇലക്ഷന്‍ തോല്‍വി ആകാശവാണിയിലെ പ്രതാപന്‍ ആറേ പതിനഞ്ചിന് പറയുന്നത് കേട്ട് ജീവന്‍ കലാവേദിയുടെ ചുവടെ നിന്ന് കുഴഞ്ഞു വീണ കോണ്‍ഗ്രസ്സുകാര്‍ എത്രയെത്ര ! കുഴഞ്ഞുവീഴല്‍ കോണ്‍ഗ്രസ്സുകാരുടെ തനത് കലയായി പില്‍ക്കാ‍ലത്ത് അംഗീകരിക്കപ്പെട്ടു)


എന്നാല്‍ തന്റെ ശരീരം തന്നെയാണു തന്റെ രക്ഷയെന്നു കരുതിയ സഖാവ് ഇതൊന്നും അത്ര ഗൌനിച്ചില്ല.ഹോചിമിന്‍ സഖാവിന്റെ വിറങ്ങലിച്ച പ്രതിരൂപമായിരുന്നു വേലപ്പന്‍സഖാവിന്റേത്.


അടിയന്തിരാവസ്ഥയില്‍ എലികളായ പുലികളെല്ലാം മാളത്തിലോളിച്ചപ്പോള്‍ തന്റെ പ്രസംഗപരമ്പര തുടരുക മാത്രമല്ല “ഇന്ദിരാഗാന്ധിയുടെ അടിയന്തിരം“ എന്നു കളിയാക്കി പ്രസംഗിച്ചു നടക്കുകയും ചെയ്ത സഖാവിന്റെ നെഞ്ചൂക്ക് ഇന്നും ഞങ്ങള്‍  സ്മരിക്കുന്നു. കമ്മ്യൂണിസം തലക്കടിച്ചു വട്ടായിപ്പോയ ഒരാളായി അച്യുതമേന്റെയും കരുണാകരന്റെയും ചാരപ്പോലീസുകാര്‍ സഖാവിനെ എഴുതിത്തള്ളി,തല്ലിയില്ല.അതോ മാസ്റ്റര്‍  ഈയെമ്മെസ്സിന്റേയും മാസ്റ്റര്‍ ഏകേജിയുടേയും ജാതകഫലമോ.!

ലോകത്തെവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് വിജയമുണ്ടായാല്‍ (ക്യൂബയിലോ ദക്ഷിണകൊറിയയിലോ ഉള്ള ഒരു പഞ്ചായത്തിലോ സര്‍വ്വീസ് സഹകരണ ബാങ്കിലൊ കമ്യൂണിസ്റ്റുകാര്‍ ജയിച്ചാല്‍മതി)അതനുഭവിക്കേണ്ടത് ഞങ്ങള്‍ പാവപ്പെട്ട കോണ്‍ഗ്രസ്സുകാരാണ്.വീട്ടില്‍ നിന്നു നടയിലേക്കുള്ള രണ്ടര കിലോമീറ്റര്‍ നീളത്തില്‍ പ്രസംഗിച്ചും കോണ്‍ഗ്രസ്സുകാരെ തെറിവിളിച്ചും കോണ്‍ഗ്രസ്സുകാരുടെ വീടിന്റെ വേലിമണ്ടക്കല്‍ പടക്കം പൊട്ടിച്ചും അവരെ പ്രകോപിതരാക്കും.ഒളിച്ചിരിക്കുന്ന പേടിത്തൂറി കോണ്‍ഗ്രസ്സുകാരെ മാളത്തില്‍ നിന്നും പുറത്തു ചാടിക്കാനുള്ള ഒരു വേല.


എന്തു തന്നെയായാലും സഖാവിനെ മാറ്റിനിര്‍ത്തി ഞങ്ങക്കൊരു ചരിത്രമില്ല.കവിതയിലൂടെ  മാത്രമല്ല , പടക്ക കച്ചവടത്തിലൂടെയും വിസ്ഫോടനങ്ങള്‍ സൃഷ്ടിച്ച ‘ആലപ്പാട്‘ എന്ന തൂലികാ നാമ ധാരിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ വേലപ്പനെപ്പറ്റി രചിച്ച കവിതാ പുസ്തകം ഞങ്ങളുടെ നാടിന്റെ ചരിത്രം കൂടിയാണ്.( ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരെ പേടിപ്പിക്കാനുള്ള പടക്കം ആലപ്പാട്ട് തന്നെയാണ് സഖാവിന് സപ്ലൈ ചെയ്തിരുന്നതും.)



ഈയെമ്മെസ്സിനേയും ഏകേജിയേയുമൊക്കെ പുസ്തകങ്ങളിലൂടെയും സിനിമയിലൂടെയും രക്തസാക്ഷി മണ്ഡപങ്ങളിലൂടെയുമൊക്കെ പുതുതലമുറ ഓര്‍മ്മിക്കുമ്പോള്‍ അവരെയൊക്കെ സ്വന്തം രക്തത്തിലൂടെ സൃഷ്ടിച്ചതിന്റെ മഹത്വത്തിലാണ് വേലപ്പന്‍സഖാവിന്റെ ജീവിതം ഇപ്പോഴും ചരിത്രത്തിന്റെ ഭാഗമായി ജ്വലിച്ചു നില്‍ക്കുന്നത്.ലാല്‍ സലാം സഖാവെ,ലാല്‍ സലാം.

4 comments:

മണിലാല്‍ said...

സഖാവു വേലപ്പന്റെ ധീരസാഹസിക കഥ

Anonymous said...

ദേശചരിത്രം മാത്രം പറയുക എന്നത് ഒരു സ്ഥിരം ബ്ലോഗര്‍ ശൈലിയാണ്.
നരേഷന്‍ കൊള്ളാം.
എങ്കിലും മറ്റു മേഖലകള്‍ കണ്ടെത്തുന്നത് നന്നായിരിക്കും.
കഴുത സ്വാമി രസിച്ചു.

മണിലാല്‍ said...

ഏകേജിയേയും ഈയെമ്മെസ്സിനെയും സൃഷ്ടിച്ച് സഖാവ് വേലപ്പന്‍........

മണിലാല്‍ said...

ഏകേജിയെയും ഈയെമ്മെസ്സിനെയും സൃഷ്ടിച്ച സഖാവ് വേലപ്പന്റെ കഥ.


നീയുള്ളപ്പോള്‍.....