പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, April 20, 2008

ലാന്‍ഡ്ഫോണ്‍ കാലത്തെ പ്രണയം


(പുനപ്രകാശനം)





മാവേലിയെപ്പോലെ കള്ളവും ചതിയുമില്ലാത്ത ഒരു ഫോൺ നാടുവാണിരുന്നു,ലാൻഡ് ഫോൺ എന്നായിരുന്നു ആ പാവം രാജകുമാരന്റെ പേര്.



മാളയിലെ ഫോൺ ചെവിയിൽ വെച്ച് മാവിലായിൽ നിന്നാണെന്ന് പറയാൻ അന്നാർക്കും കഴിയില്ല.ബാറിലിരുന്ന് ഭർത്താവ് സോഡ പൊട്ടിക്കുമ്പോൾ ടയർ പഞ്ചറായതാണെന്ന് ഭാര്യയോട് പറയാനും കഴിയില്ല.വെക്കടാ ഫോൺ എന്നു പറഞ്ഞാൽ ക്രെഡിലിൽ വെക്കുക തന്നെ വേണം.ആരെയുംറേഞ്ചൌട്ട് ആക്കാനും നിശബ്ദമാക്കാനും പറ്റില്ല.ലൈനിൽ തുടരൂ.... എന്ന് ടെലിവിഷൻ വാർത്താ വിതരണക്കാർ ആരെങ്കിലും അജ്ഞാപിച്ചാൽ നിന്റപ്പൻ ബിൽ കൊടുക്കുമോ എന്ന് ചോദിക്കാനുള്ള ത്രാണി അന്നത്തെ ജനങ്ങൾക്കുണ്ടായിരുന്നു.അത്രക്ക് ശക്തമായിരുന്നു ആ രാജകുമാരന്റെ സാന്നിദ്ധ്യം.



ആ രാജാവിനെ അസുരന്മാരെല്ലാരും കൂടി ചവിട്ടി താഴ്ത്തി.എന്നിട്ട് അദ്ദേഹത്തിന്റെ രാജ്യം റിലയൻസ് ഐഡിയ തുടങ്ങിയ നാട്ടു രാജാക്കന്മാർ പങ്കിട്ടെടുക്കുകയും ജനങ്ങളെ പഞ്ചാരപ്പാട്ടുകളിൽ മയക്കി പിഴിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തുപോരുന്നു.

പഴയ കഥയാണ്.
ലാന്‍ഡ് ഫോണുകളില്‍ കറുത്ത ഭീകരന്മാരും
അപൂര്‍വ്വം ചുവപ്പന്മാരും വാഴുന്ന കാലം.പ്രണയത്തിന്റെ വ്യവഹാരങ്ങളായ ഹംസങ്ങള്‍ക്കും എസ് .എം.എസ് മിസ് കോളുകൾക്കും ഇടയിലെ പ്രണയിനികളുടെ ഇരുണ്ട നാളുകൾ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു.



രണ്ടു യുവതീയുവാക്കള്‍ കാണുകയും പ്രണയത്തിന്റെ ദുര്‍ഘടങ്ങളിലേക്ക് വീഴുകയും ചെയ്യുക എന്നുള്ളത് നാട്ടിലെ പ്രധാന സംഭവങ്ങൾ ആകുന്ന കാലം.പ്രണയത്തിന് അത്ര മതിപ്പുള്ള കാലവുമല്ല.ഏറെ പണിപ്പെട്ടാണ് പ്രണയം പൊട്ടിമുളക്കുക.ഇരുപത്തിനാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്താലും മുളപൊട്ടാന്‍ നാല്‍പ്പത് ദിവസമെടുക്കുന്ന കാപ്പിക്കുരു പോലെ കടുപ്പമാണ് അന്നത്തെ പ്രണയത്തിന്റെ അവസ്ഥ.മുളപൊട്ടിയാൽ തന്നെ കാലാവസ്ഥ അനുകൂലമായിരിക്കില്ല പലപ്പോഴും.

എണ്ണിയാലൊതുങ്ങാത്ത കത്തെഴുത്തിലും കണ്ണേറിലുമൊതുങ്ങുന്നു,അന്നത്തെ ചന്ദ്രികാ രമണ യുദ്ധങ്ങളുടെ പ്രാരഭദിശകൾ.
അങ്ങിനെയിരിക്കെയാണ് നമ്മനാട്ടിൽ
രണ്ടു പേർ പ്രണയത്തിലാവുന്നത്.ട്യൂട്ടോറിയൽ കോളേജിന്റെ ഓലപ്പഴുതിലൂടെ രണ്ടു ക്ലാസുകളിലെ സമാനഹൃദയങ്ങൾ ഊർന്നിറങ്ങി ഒരുമിക്കുകയായിരുന്നു.

നമ്മ കഥാനായകര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു.പോസ്റ്റ്മാൻ കണ്ണന്നായരുടെ നിഴൽ കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു.രണ്ടുപേരുടെയും വീട്ടുകാര്‍ നല്ല നിലയിലായിരുന്നു,വീടുകളില്‍ ഫൊണുകളുമുണ്ടായിരുന്നു.പിന്നെ രണ്ടു പേര്‍ക്കും സൌകര്യപ്പെട്ട ഒരു സമയം,അതുമാത്രമേ അവർ കണ്ടെത്തേണ്ടതുണ്ടായിരുന്നുള്ളു?അതവര്‍ കണ്ടെത്തി.രാത്രി പത്തുമണിക്ക് ശേക്ഷം എത്ര വരെ വേണമെങ്കിലും പോകാം
(അന്നൊക്കെ പത്തുമണി ഇന്നത്തെപ്പൊലെയല്ല,പാതിരയാണ്)
അവര്‍ സംസാ‍രിച്ചു തുടങ്ങി.ഏതൊരു പ്രണയത്തിലുമെന്ന പോലെ മറ്റുള്ളവര്‍ക്ക് ഒരു രസവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ ചമച്ചു.മണിക്കൂറുകളോളം അതു പറഞ്ഞവര്‍ കിതച്ചു.പിന്നെ പ്രണയം പൂക്കൾ വിടർത്തിയ പ്രഭാതത്തിലേക്ക് ഉണരാന്‍ വേണ്ടി മാത്രമവര്‍ ഉറങ്ങി.







മറ്റുള്ളവര്‍ക്ക് താല്പര്യമില്ലാത്ത കാര്യം എന്നു പറഞ്ഞത് പിന്‍ വലിക്കുന്നു.

ഇവരുടേ സംസാരം ഒരാള്‍ക്ക് വളരെ താല്‍പ്പര്യപ്പെട്ടു.അയാളുടെ പേര് സദാശിവന്‍.ജോലി ടെലഫോണ്‍സില്‍ നൈറ്റ് ഡ്യൂട്ടിക്കാരൻ.എത്ര ആവശ്യപ്പെട്ടിട്ടും പകൽ ഡ്യൂട്ടി കിട്ടാത്തവൻ,സ്വാധീനമില്ലാത്തവൻ.വെറുതെ നേരം പോയിക്കിട്ടാന്‍ റെസീവർ ചെപ്പിയില്‍ കുത്തി നോക്കിയതാണ്.എന്നും ഒരേ സമയത്ത് പച്ച വെളിച്ചം മിന്നുന്നതിലൊരു കൌതുകം തോന്നിയാണ് ഒപ്പറേറ്റിംഗ് റൂമിലെ റസീവർ ചെപ്പിയിൽ വെച്ചത്.
കേട്ടപ്പോൾ ഭയങ്കര രസം.പ്രണയമല്ലെ,ഇല്ലാതിരിക്കുമോ!
കൊതുകു കടിയേറ്റു കഴിയുന്നതിലും ഭേദമല്ലെ,രണ്ടു ഹൃദയങ്ങളുടെ ഓരിയിടൽ കേൾക്കുന്നത്.നാട്ടിലും വീട്ടിലുമാണെങ്കിൽ പ്രണയം കമ്മിയും.


കമിതാക്കളുടെ പേരു പറയാന്‍ വിട്ടുപോയി.ഷാജഹാനും ഷെഹനാസും.ഒരേ സമുദായക്കാര്‍.ഒരു കീറാമുട്ടിയുമില്ല.മറ്റു സമുദായങ്ങൾക്കിതിൽ പങ്കുമില്ല.
പത്തുമണി കഴിഞ്ഞാല്‍ പ്രണയത്തിന്റെ പേരില്ലാക്കഥകള്‍, പൊള്ളക്കഥകള്‍.പിള്ളയുണ്ടായാൽ വിളിക്കേണ്ട പേരു പോലും അവർ സങ്കല്പിച്ചു.പ്രണയം കേട്ടുകേട്ട് സദാശിവന്നായര്‍ ചേട്ടനും ഇരിക്കപ്പൊറുതിയില്ലാതായി.അനുവദിക്കപ്പെട്ട ലീവ് പോലും അയാള്‍ വേണ്ടെന്ന് വെച്ചു.കേബിള്‍ ചെവിയില്‍ കുത്തിയില്ലെങ്കില്‍ ജീവിതമില്ലെന്നായി.ചുടല വരെയെന്ന് കൂട്ടുകാർക്കൊപ്പം
പ്രതിജ്ഞ ചെയത സ്മോളടി പോലും വേണ്ടെന്നായി.



യേശുദാസും ജാനകിയും പോലെയോ മൊഹമ്മദ് റാഫിയും ലതാമങ്കേഷ്കറും ഒരുമിച്ചു പാടുന്ന ഡ്യുയറ്റ് പോലെ ഫോൺ വിളികൾ തോന്നിപ്പിച്ചു.
പ്രണയം പുഷ്പിച്ചു പുഷ്പിച്ച് സ്വാഭാവിക പ്രതിസന്ധിയിലെത്തുകയും ചെയ്തു.പെണ്‍കുട്ടിക്ക് നിക്കാഹൊരുക്കങ്ങള്‍.

ഇനിയുള്ള ഭാഗം നേരില്‍ കേള്‍ക്കാൻ എല്ലാവരും ഈ കേബിള്‍
ചെവിയില്‍ കുത്തിക്കയറ്റിക്കോളൂ.

“നിക്കിനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.“പെണ്‍കുട്ടി.
അപ്പുറത്ത് ഒരു ദീര്‍ഘനിശ്വാസം, പിന്നെ ശബ്ദം.
“ഞമ്മ എന്തു ചെയ്യും“.
“ഞമ്മക്കൊളിച്ചോടാം.ദുനിയാവിന്റെ ഏതു മുക്കിലേക്കു വിളിച്ചാ‍ലും ഞാന്‍ റെഡി.“കാമുകി.
“പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍.“കാമുകന്‍ തനി പുറത്തെടുത്തു.
“പെട്ടെന്നല്ലല്ലോ രണ്ടു വര്‍ഷമായില്ലെ ഞമ്മ ഫോണുമ്മെ കുത്തിരിക്കാന്‍ തൊടങ്ങീട്ട്,കൃത്യം പറഞ്ഞാല്‍.........”കാമുകി.
“ന്തായാലും ഇപ്ല് ഒന്നും പെട്ടെന്ന് ചെയ്യാന്‍ കയീല്ല.“കാമുകന്‍.
“വീട്ടുകാര്‍ എന്നെ വല്ലോനെക്കൊണ്ടും കെട്ടിക്കും“കാമുകി.
“അപ്പോപ്പിന്നെ എന്താ ചെയ്യാ”കാമുകൻ.
“എന്നെ രക്ഷിക്കൂ...പ്ലീസ്,നീയില്ലാതെ“കാമുകി.

“നീ ഒരു കാര്യം ചെയ്യ്..........“കാമുകൻ.
“എന്താ.....? കാമുകി.
“വേറെ കെട്ടിക്കോ......അതാ നല്ലത്,ഞാന്‍ സഹിച്ചോളാം”കാമുകന്‍.
ഷെഹനാസില്‍ നിന്നും ഒരു കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടു,തുടര്‍ന്ന് ഒരലര്‍ച്ചയും.
“നായിന്റെ മോനെ....“
കരച്ചിൽ ഷെഹനാസിൽ നിന്നായിരുന്നുവെങ്കിലും, അലര്‍ച്ച ഷെഹനാസില്‍ നിന്നായിരുന്നില്ല,സദാശിവന്നായർ ചേട്ടനില്‍ നിന്നായിരുന്നുവെന്നു മാത്രം.






16 comments:

മണിലാല്‍ said...

പ്രണയത്തിന്റെ ലാന്‍ഡ് ഫോണ്‍ കാലം

smitha adharsh said...

ട്ടോ....ട്ടോ..ട്ടോ..ട്ടോ.....ട്ട്ടോ...ട്ടേ....ആദ്യമായിട്ടാണ് ഒരു പോസ്റ്റ് നു തേങ്ങ ഉടക്കാന്‍ അവസരം കിട്ടിയത്...അതിന്റെ ആക്രാന്തം കാണിച്ചതാണ്....ഒന്നും വിചാരിക്കരുത്...
സദാശിവന്‍ ചേട്ടന്‍ നീണാള്‍ വാഴട്ടെ...!!

സ്മിതം said...

സ്മിത: കൂ‍..കൂ...യ്...

മറ്റൊരു സ്മിത

d said...

ഹ ഹ ഹ... അന്നും ഇന്നും ഇതൊക്കെത്തന്നെ...

നിരക്ഷരൻ said...

ക്ലൈമാക്സില്‍ ചിരിപ്പിച്ചു കളഞ്ഞു സദാശിവന്‍ ചേട്ടന്‍
:) :)

ഗീത said...

ആ നല്ല സംബോധന കേട്ടപ്പോള്‍ ഷാജഹാന്റെയും ഷെഹനാസിന്റെയും മനോനില എന്തായിരുന്നിരിക്കും എന്നാലോചിച്ചപ്പോള്‍ ധാര്‍മികരോഷത്തിനിടയിലും പൊട്ടിച്ചിരിച്ചുപോയി.....

Unknown said...

മര്‍ജ്ജാരാ കഥയിലെ നായകനു ഒരു മര്‍ജ്ജാരന്റെ
മണം അടിക്കുന്നുണ്ടല്ലോ

Suvi Nadakuzhackal said...

സദാശിവന്‍ ചേട്ടന്‍ ഇയര്‍ ഫോണ്‍ മാത്രമല്ലേ വെച്ചിരുന്നുള്ളൂ? മൈക്ക് ഉണ്ടായിരുന്നോ? കഥയില്‍ ചോദ്യം പാടില്ലല്ലോ അല്ലേ?

yousufpa said...

അവന്‍ മാര്‍ജ്ജാരവംശത്തിലെ കാടനാണെന്ന് തോന്നുന്നു.

മാണിക്യം said...

അതേ അതേ ടെലഫോണ്‍
എക്സ്ചേഞ്ചിലേ അണ്ണന്മാരുടെ ഒരു വിനോദമായിരുന്നു ഫോണ്‍ ലൈന്‍
റ്റാപ് ചെയ്തു കേള്‍‌ക്കുകയും
ഇടക്ക് വന്നു കമന്റ് പറയുകയും ചെയ്യുക...

പ്രത്യേകിച്ചു വിമന്‍സ് കോളെജ് ഹോസറ്റലില്‍
ഇവരുടെ വിളയാട്ടം തന്നെ ആയിരുന്നു ... മൊബൈല്‍ ഫോണ്‍ ഇവന്മാരുടെ
കയ്യില്‍ നിന്ന് രക്ഷപെടല്‍ തന്നെ ........
ഏതായാലും
"പ്രണയത്തിന്റെ ലാന്‍ഡ് ഫോണ്‍ കാലം"
നന്നായിരിക്കുന്നു ഒരു സ്പെഷ്യല്‍ ‘മ്യാവൂ’

Kaithamullu said...

രണ്ടു ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്താലും മുളപൊട്ടാന്‍ നാല്‍പ്പത് ദിവസം വേണ്ടി വരുന്ന കാപ്പിക്കുരു പോലെ കടുപ്പമാണ് പ്രണയം?

മ്യാവൂ, മ്യാവൂ, മ്യാവൂ....(മൂന്ന് വട്ടം)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാപ്പിന്നെ സദാശിവന്‍ ചേട്ടനങ്ങ് ഏറ്റെടുക്കായിരുന്നില്ലേ?

ബാബുരാജ് ഭഗവതി said...

പ്രണയത്തിന്റെ ലാന്‍ഡ് ഫോണ്‍ കാലം
സദാശിവന്‍ ചേട്ടന്‍ പ്രണാമം

മണിലാല്‍ said...

പ്രണയത്തിന്റെ ലാന്‍ഡ് ഫോണ്‍ കാലം.

Kaithamullu said...

മാറ്...ജാരാ!
(പിന്നേം പ്രണയകാലമോ, അതും ലാന്‍ഡ് ഫോണ്‍ വഴി?)

മണിലാല്‍ said...

wish you a good day.
love....marjaaran.


നീയുള്ളപ്പോള്‍.....