പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, May 8, 2008

പിന്നില്‍ ആന മുന്നില്‍ ദുബായ്


(കണ്ണടച്ചാല്‍ ആനയെ സ്വപ്നം കാണുന്ന കാലം.
പലപ്പോഴും ആന പിറകെ,തൊട്ടു തൊട്ടില്ലാ അകലത്തില്‍.
ആനയുടെ ചവിട്ടേറ്റ് കടലാസ്സ് കീറുന്നതിനു മുമ്പായിരിക്കും സ്വപ്നത്തില്‍ നിന്നും ഉണരുക. )  




 ഉണങ്ങിയ പഞ്ഞിക്കായ പരുവമായിരുന്നു ബാല്യം.
കരിഞ്ഞൊട്ടിയത്,പൊട്ടിത്തകരാന്‍ പാകത്തില്‍,പറക്കാന്‍ വെമ്പി. പറക്കമുറ്റിയവരും പട്ടിണിക്കാരും പ്രേമം കളിച്ച് പൊളിഞ്ഞവരുമൊക്കെ വേലായുധേട്ടന്റെ ലാഞ്ചി(ചെറിയ കപ്പല്‍  )ലക്ഷ്യം വെച്ച് ചേറ്റുവാ കടപ്പുറത്തേക്ക് കുതിച്ചു.ലാഞ്ചി വേലായുധേട്ടനില്ലെങ്കില്‍ മണപ്പുറം അന്നേ കാരിഞ്ഞു പോയേനെ.വേലായുധേട്ടന്‍ വഴി പലരും കടല്‍ കടന്നു.ചിലര്‍ കടലില്‍ അവസാനിച്ചു.
സ്ക്കൂളില്‍ ഹാജര്‍ കുറഞ്ഞു.ടീച്ചര്‍മാര്‍ ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ ദുബായിലിരുന്നാണ് ചിലര്‍ ഹാജര്‍ പറഞ്ഞത്.
സ്ക്കൂളിലെ ആണ്‍ബെഞ്ചുകളിലെ ശൂന്യതകളെ നോക്കി പെണ്‍പരാഗങ്ങള്‍ നെടുവീര്‍പ്പിട്ടു.
ഒന്നിങ്ങു വന്നെങ്കില്‍ എന്ന് കസ്റ്റമേഴ്സിനെ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തെ ഹോട്ടലുകാരനെപ്പോലെ ഗ ള്‍ഫ് ദാഹികളെ കാത്തിരിക്കേണ്ടി വന്നില്ല, വേലായുധേട്ടന്.തേങ്ങാ മോഷ്ടിച്ചും സൈക്കിള്‍ വിറ്റും കാശുണ്ടാക്കി ലോഞ്ചില്‍ ഏതു വിധേനയും അവര്‍ കയറിക്കൂടി.പാഠപുസ്തകങ്ങളിലെ കൊളംബസ് ആയിരുന്നില്ല ഞങ്ങള്‍ക്കന്ന് സാഹസികര്‍  .ലാഞ്ചിയില്‍ കയറി കടല്‍ കടന്ന ചുറ്റുമുള്ള മനുഷ്യരായിരുന്നു.
പ്രായം തികയാത്തവരെ അകറ്റി, പൈസ തികഞ്ഞവരെ കയറ്റി,പായ് ദുബായ് ലക്ഷ്യമാക്കി വലിച്ചു കെട്ടി വേലായുധേട്ടന്റെ ലാഞ്ചി സഞ്ചരിച്ചു.എത്തിയാ‍ല്‍ എത്തി എന്നൊരു മനസ്സോടെ.
കാശില്ലാതെ കരക്കിരുന്ന് അലമുറയിട്ടവരേയും വേലായുധേട്ടന്‍ ലാഞ്ചിയിലേക്ക് പിടിച്ചുകയറ്റി.  
ഏതെങ്കിലും തീരം കണ്ടാല്‍ വേലായുധേട്ടന്‍ തന്റെ ദൌത്യം അവസാനിപ്പിക്കും.
ദാ ദുബായ് എന്ന് ചിരപരിചിതനെപ്പോലെ വേലായുധേട്ടന്‍ കൈ ചൂണ്ടും.
ഛര്‍ദ്ദിച്ചും വയറിളകിയും വശം കെട്ട് മടിച്ചുനില്‍ക്കുന്ന ദുബായ് സ്വപ്നക്കാരെ വേലായുധേട്ടന്‍ വെള്ളത്തിലേക്ക് ചാടാന്‍ പ്രേരിപ്പിക്കും.
കടലില്‍ ചാടിയ ചിലര്‍ ഒരു വഴിക്കാവും.ദുബായ് ആവണമെന്നില്ലെന്നു മാത്രം.
(മൂത്രപ്പുരയില്‍ ടീച്ചര്‍മാരെ ഒളിഞ്ഞു നോക്കിയതിന്റെ പേരില്‍ സ്ക്കൂളില്‍ നിന്നും പുറത്തായി ലോഞ്ചിയില്‍ കയറി രക്ഷപെട്ട ഒരാള്‍ കാശായപ്പോള്‍ സ്ഥിരം മൂത്രപ്പുര സ്പോണ്‍സര്‍ ചെയ്ത് തന്റെ പേരതില്‍ എഴുതിവെപ്പിച്ചു)
ചിലര്‍ കടലില്‍ അവസാനിക്കുന്നു.
കരക്കും കടലിനുമിടയില്‍ നീന്തിത്തുടിച്ച് തളര്‍ന്നവര്‍ ഏതെങ്കിലും പാറക്കൂട്ടത്തില്‍ കയറിയിരുന്ന് യാത്രാവിവരണമെഴുതി നാട്ടിലെ ചെറുമാസികകള്‍ക്ക് നേരെ പറത്തി.
“ഒരു ലോഞ്ച് യാത്രയും കുറെ സാഹസികകാനുഭവങ്ങളും” എന്നോ മറ്റോ പേരില്‍ ഒരു യാത്രാ വിവരനം പ്രസിദ്ധമാണ്.പുസ്തകവും അതെഴുതിയ മോഹന്‍ പാലക്കാടിയും ഇപ്പോഴും അന്തസ്സോടെ ജീവിച്ചിരിപ്പുണ്ട്.

എന്‍  .ഒ.സി.കിട്ടാന്‍ പ്രായം തികയാത്ത ഞങ്ങള്‍ കുട്ടികള്‍
മഴക്കലത്ത് നീന്തിത്തുടിച്ച്,വേനലില്‍ വിയര്‍പ്പില്‍ കുളിച്ച്,സ്കൂളില്‍ ചൂരല്‍ കക്ഷായം മോന്തി.(അന്ന് ഗള്‍ഫിലേക്ക് വിസയല്ല,എന്‍  .ഒ.സിയാണ്)
പൂരക്കാലത്ത് ആനയെ കണ്ടും അലുവ അഥവ ഹല്‍വ മണത്തും ബാല്യമുന്തി.
കടപ്പുറത്തു പോയി ദുബായ് നോക്കിയിരുന്നു.കടലിനപ്പുറത്ത് ചേട്ടന്മാരുടെ നിഴല്‍ തേടി.
കടലിനക്കരെ ദുബായ് എന്നായിരുന്നു വിചാരം.അതിനായിരുന്നു പ്രചാരം.
ദുബായ് ഒരു വഴിക്കങ്ങനെ പോകുന്നു,ഞങ്ങള്‍ വേറെ വഴിക്കുമിങ്ങനെ.....
ഭഗവതി ക്ഷേത്രത്തിലെ പൂരമാണ് നാട്ടില്‍ പ്രധാനം.
ഇവിടെ വര്‍ഷത്തില്‍ ഒന്നല്ല പൂരം മൂന്നാണ്.
അപൂര്‍വ്വം വര്‍ഷങ്ങളില്‍ നാലും.
നായന്മാരുടെ വക ഒന്ന് മുക്കുവന്റെ വക വേറെയൊന്ന് മറ്റിതര സമുദായക്കാരുടെ വക പിന്നെയും ഒന്ന്.
മുസ്ലിമുകള്‍ക്കും കൃസ്ത്യാനികള്‍ക്കും അമ്പലത്തില്‍ പ്രവേശനമില്ലാതെ പോയതില്‍ ഞങ്ങള്‍ നാട്ടുകാര്‍ സന്തോഷം കൊണ്ടു   മുട്ടുകുത്തുന്നു.
പൂരം കൂടിക്കൂടി അതൊരു കുരിശായില്ലല്ലോ എന്ന പ്രാര്‍ഥനയില്‍.

നേരത്തെ നാനാജാതിമതസ്ഥരായ നായന്മാരും ഇതര സമുദായക്കാരും ഒത്തൊരുമിച്ചായിരുന്നു പൂരം നടത്തിയത്.
ആന ചെറുതായാലും നായന്മാരുടെ ആനക്ക്  കോലം വെക്കണമെന്ന ഫ്യൂഡല്‍ നിര്‍ബ്ബന്ധത്തിനെതിരെ ഇതര പക്ഷങ്ങള്‍ ചിന്നംവിളിച്ചതോടെയാണ് പൂരം ഛിന്നഭിന്നമായത്.
നായന്മാരുടെ ചെറിയ ആന നടുവില്‍  .ഇതര സമുദായത്തിന്റെ വലിയവ അപ്പുറത്തുമിപ്പുറത്തും.ഒരു വലിയ വള്ളത്തെപ്പോലെ അത് തോന്നിച്ചു.
ആ കാഴച ഇതര സമുദായത്തിന് അപമാനമായി ഭവിച്ചു.
പൂരം പെരുകിയത് നാട്ടുകാരെ പോലെ ഭഗവതിയേയും കുഴക്കി.ഒന്നു കഴിഞ്ഞൊന്നു വിശ്രമിക്കാമെന്നു വിചാ‍രിക്കുമ്പോഴാണ് പിന്നെയും
തുടരെത്തുടരെ പൂരങ്ങള്‍.
മുള്ളാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഭഗവതിക്കും പൂജാരിക്കും ഒരുപോലെ ഉണ്ടായി.

ബട്ടന്‍സുള്ള നിക്കറും കുപ്പായവുമിട്ട് ഞങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ അകമ്പടിയോടെ പൂരപ്പറമ്പിലെത്തുന്നു.
ബട്ടന്‍സ്(അന്ന് കുടുക്ക്) അന്നത്തെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നായിരുന്ന
അഴിഞ്ഞു വീഴുന്ന നിക്കര്‍ മുകളിലേക്കു കൊണ്ടു വന്ന് ഫിറ്റ് ചെയ്യുക, ടിവിയിലെ കമ്മ്യേര്‍സ്യല്‍ ബ്രേക്ക് പോലെആവര്‍ത്തിക്കുന്ന ബോറന്‍ പരിപാടിയായിരുന്നു. ബട്ടന്‍സുള്ളതിന്റെ  അഹങ്കാരത്തില്‍ പൂരപ്പറമ്പില്‍ ഞെളിഞ്ഞുനില്‍ക്കുകയായിരുന്നു ഞങ്ങള്‍.
പെട്ടെന്നാണത് സംഭവിച്ചത്.
നായന്മാരുടെ ആനക്കൊരിളക്കം.
നായന്മാരും അല്ലാത്തവരുമായ നാട്ടുകാര്‍ ജാതി മറന്ന് ജീവനില്‍ കൊതിയുള്ളവരായി,നാലുപാടും ചിതറി.
മുതിര്‍ന്നവരില്‍ നിന്നും ഞങ്ങള്‍ കൂട്ടം തെറ്റി.
കൈതപ്പൊത്തിലൂടെ,പാടവരമ്പിലൂടെ,വേലിവിടവിലൂടെ,ഊടുവഴിയിലൂടെ,നാട്ടുപാതയിലൂടെ,മത്തപ്പാടത്തിലൂടെ ഞങ്ങള്‍ കുട്ടികള്‍ ഓട്ടം തുടര്‍ന്നു.
 രണ്ടുകിലോമീറ്റര്‍ ഓടിത്തളര്‍ന്ന് കടല്‍ കണ്ടപ്പോളാണ് ഓടാനിടമില്ലതെ ഞങ്ങള്‍ നിന്നത്.
എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ക്ക് വഴിമുട്ടി.
പിന്നില്‍ ആന.
മുന്നില്‍ ദുബായ്.
എന്തുചെയ്യണം?
 

തൊട്ടടുത്ത ചായപ്പീടികയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു.
ഞങ്ങള്‍ കാര്യം പറഞ്ഞു.
ആന ഇടഞ്ഞ നിമിഷം തന്നെ അതിനെ തളച്ച കാര്യം അപ്പോഴാണറിയുന്നത്.
നാണക്കേടിനേക്കാള്‍ ആനയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ
സന്തോഷമായിന്നുന്നു ഞങ്ങള്‍ക്ക്.
മുന്നില്‍ ദുബായ് അപ്പോഴും ഒരു കാണാക്കിനാവു പോലെ മങ്ങിക്കിടന്നു.

2 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

പെട്ടെന്നാണത് സംഭവിച്ചത്.
നായന്മാരുടെ ആനക്കൊരിളക്കം.
നായന്മാരും അല്ലാത്തവരുമായ നാട്ടുകാര്‍ ജാതി മറന്ന് ജീവനില്‍ കൊതിയുള്ളവരായി,നാലുപാടും ചിതറി.


നീയുള്ളപ്പോള്‍.....