ദൈവമാകാന്‍ ആര്‍ക്കും കഴിയും
നാട്ടുകാരുടെ ഓര്‍മ്മകളില്‍ നിന്ന് നിശേഷം മാഞ്ഞ സമയത്താണ് ലംബോധരന് തിരിച്ചുവരുന്നത് .
സിനിമയില്‍ നാടിളക്കി വരുന്ന നായകനെപ്പോലെ ലംബോധരന് നാട്ടുകാര്‍ക്കു മുന്നില്‍ വന്നു നിന്ന് ഒരുമിമിഷത്തെ അന്ധാളിപ്പ് സമ്മാനിച്ചു.
ലംബോധരന്റെ തിരോധാനം മറവിയില്‍ മുങ്ങിയപ്പോഴും അയാളെക്കുറിച്ചുള്ള കഥകളൊക്കെ ഇടക്കിടെ പൊന്തിവരും,ദഹിക്കാത്തത് ആമാശയത്തില്‍ നിന്നും ഛര്‍ദ്ദിയായി പുറത്തേക്ക് വരുന്നതുപോലെ.
അഞാത മൃതദേഹങ്ങള്‍ ഇടക്കിടെ പത്രത്തിന്റെ കോളം നിറക്കുമ്പോഴായിരിക്കും നാട്ടുകാരുടെ ഉണ്ടയില്ലാവെടി.
“അതു നമ്മുടെ ലംബോധരനായിരിക്കും’.ടിയാന്റെ മരണം നാട്ടുകാര്‍ നിഗൂഢമായി ആഗ്രച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍ .
അമ്മാതിരിയായിരുന്നു അവന്റെ കൈയ്യിലിരിപ്പ്.
എന്തായാലും ലംബോധരന് തിരിച്ചെത്തി.പഴയകഥകളുടെ ചവറ്റുകുട്ടകള്‍ പരതുന്നതു നിര്‍ത്തി പുതിയ ലംബോധര വിശേഷങ്ങള്‍ക്കായി കഥാപ്രേമികളായ നാട്ടുകൂട്ടങ്ങള്‍ ചെവി വട്ടം പിടിച്ചു.
കള്ളുകുടിയും പെണ്ണുപിടിയും തട്ടിപ്പും മത്തങ്ങയുമായിരുന്നു
(ഇന്നത്തെപോലേ ജനകീയമായിരുന്നില്ല)ലംബോധരന്റെ മുന്‍കാല വിനോദങ്ങള്‍ .
പിന്നെ നേരമ്പോക്കിനു ചീട്ടുകളിയും ചാരായവാറ്റും മറ്റു കലാപപരിപാടികളും.
തൃശൂര്‍ക്കാരുടെ നല്ല ഭാഷയില്‍ പറഞ്ഞാല്‍ ഭയങ്കര ചട്ട.നാടകക്കാരന് ഗോപാനറ്റെ സ്റ്റൈലില്‍ ആണെങ്കില്‍ ബെസ്റ്റ് ചട്ട.ചട്ട എന്നാല്‍ തൃശൂര്‍ നിഘണ്ഡുവില്‍ ചട്ടമ്പി.
ലംബോധരന്റെ തേര്‍വാഴ്ചയില്‍ നാട്ടുകാര്‍ ക്ഷമയുടെ നെല്ലിപ്പടിയില്‍ ചവിട്ടി.
തടിക്ക് കോട്ടം വരുന്ന കാര്യം വരുമ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍ ഗാന്ധിയന്മാരും സമാധാനപ്രിയരുമാകാറുണ്ട്.
അതുകൊണ്ട് ആരും എതിര്‍ത്തില്ല.
പൊറുതിമുട്ടിയപ്പോള്‍ വിശ്വാസികള്‍ ദൈവങ്ങളെ വിളിച്ചു.
ആരെയും വിളിക്കാനില്ലാത്ത നിരീശ്വരവാദികള്‍ നിരാശവാദികളായി.
ലംബോധരനും പോലീസും കള്ളനും പോലീസും കളിക്കുന്നതത്ര അടുപ്പത്തിലുമായിരുന്നു.
ദൈവം വിളികേട്ടിട്ടൊ എന്തൊ ലംബോധരന് ഒരുനാള്‍ ഒരു തുമ്പുംഅവശേഷിപ്പിക്കാതെ നാട്ടില്‍ നിന്നും തിരോഭവിച്ചു.അമ്മപെങ്ങന്മാര്ക്ക് സ്വൈരമായിക്കഴിയാന് ചില രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി അങ്ങു പാര്ലമെന്റിലേക്കയക്കുന്നതുപോലെയുള്ള ഒരു അനുഭവം ആയിരുന്നു അത്.
തിരിച്ചുവന്ന ലംബോധരന് പക്ഷെ വെറും ലംബോധരന് മാത്രമല്ലായിരുന്നു.
ദൈവമായിട്ടാണു തിരിച്ചു വരവ്.
തെളിച്ചുപറഞ്ഞാല്‍ മനുഷ്യദൈവം.
പൂര്‍വ്വാശ്രമത്തില്‍ ലംബോധരന് മനുഷ്യനായിരുന്നോ എന്നൊന്നും ചോദിക്കരുത്.മന്ഷ്യദൈവമാകാന് മനുഷ്യന് ആവേണ്ടതില്ല.മനുഷ്യന് എന്ന പേരില്‍ തന്നെ കുറെ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ നല്ല മനുഷര്ക്ക് ദൈവമാകേണ്ടതുമില്ല.മനുഷ്യദൈവങ്ങളെ ഒന്നു ചികഞ്ഞുനോക്കൂ. തരികിട പശ്ചാത്തലം എല്ലാവര്‍ക്കുമുണ്ട്.ആണായാലും,പെണ്ണായാലും.അത് മഹാന്മാരുടെ പശ്ചത്തലത്തിലുമുണ്ടെന്ന് ന്യായീകരിക്കുകയും ചെയ്യാം. അതെന്തായാലും
ആളിപ്പോള്‍ ആയിരം മെഗാവാട്ട് ദൈവീകത പ്രസരിപ്പിക്കാന്‍ കഴിവുള്ള ഗുരുജിയാണ്.
കുത്തഴിഞ്ഞ ജീവിതം മടുത്ത് പഴയ ശീലങ്ങളെല്ലാം അഴിച്ചുമാറ്റി ഹിമാലയശൈത്യത്തില് തപസ്സിരിക്കുകയായിരുന്നു ഇതുവരെ.
മോക്ഷത്തിന്റെ സര്‍വ്വജ്ഞപീഠം കയറിയതിനു ശേക്ഷമാണു തിരിച്ചു വരത്ത്.
ആദ്യം മനുഷ്യനാവണം. പിന്നെയല്ലെ ദൈവമാകാന്‍ കഴിയൂ. ആയതിനാല്‍ മനുഷ്യദൈവമാകാന്‍ കുറെ സമയമെടുത്തു.
തിരിച്ചുവന്ന ലംബോധരന്( ,സോറി ഗുരുജി കമാന്നൊരക്ഷരം ആരോടും മിണ്ടിയില്ല.
കാടുപിടിച്ചു കിടന്ന നാലുകെട്ട് ലംബോധരന് വാടകക്കെടുത്തു.
വേറെയൊരു സംവിധാനവും ഈ നാട്ടില്‍ പ്രതീക്ഷിക്കേണ്ടതില്ല.
മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു.
”ആനന്ദാശ്രമം“അതിനു താഴെ ഇങ്ങനെ വാചകവും എഴുതി.
”എന്റെ ഭക്തര്‍ക്കു നാശമില്ല്”.
നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്ന താടിയും മുലയുമുള്ള ദൈവങ്ങള്‍ക്കു പിന്നാലെ ജനലക്ഷങ്ങള്‍ പേ പിടിച്ചു പായുന്നതു കണ്ട് കേരളം ഭക്തിയുടെ കേദാരഭൂമിയാണെന്ന് ഗുരുജി തെറ്റിദ്ധരിച്ചതാണൊ എന്തൊ..... മനുഷ്യരെ പറ്റിക്കാന്‍ തന്നെ ഗുരുജി തീരുമാനമെടുത്തു..
ആശ്രമത്തിന് ഗുരുജി തെരഞ്ഞെടുത്ത സ്ഥലം കമ്യൂണിസ്റ്റുകള്‍ പോലും പോകാന്‍ പേടിക്കുന്ന പ്രേതബാധയുള്ള സ്ഥലമായിരുന്നു.പ്രേതങ്ങള്‍ മാത്രം പാടുന്ന ചില ലളിതഗാങ്ങള് അവിടെ നിന്നും കേട്ടവരുമുണ്ട്. കമ്മ്യൂണിസ്റ്റ്കാരും നിരീശ്വരവാദികളും സമാധാനക്കേടുണ്ടാക്കാന്‍ പാകത്തിന് ചുറ്റുപാടുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു സത്യം.
രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ സ്വാമിയുടെ ബോര്‍ഡില്‍ ചെറിയോരു മാറ്റം.കമ്യൂണിസ്റ്റ് എഡിറ്റര്‍മാര്‍ ചെയ്ത പണിയാണത്. “എന്റെ ഭക്തര്‍ക്കു നാണമില്ല”സ്വാമി പെട്ടെന്നു തന്നെ പെയിന്റ് എടുത്തു“നാണം” മാറ്റി “നാശ“മാക്കുന്നു.
ഇതു നിത്യവുമെന്ന പോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.പൂജാസാധനങ്ങള്‍ക്കൊപ്പം പെയിന്റും ഗുരുജിയുടെ ആശ്രമത്തിലെ നിത്യോപയോഗ വസ്തുവായി.
ഗുരുജി നാട്ടുകാരെ ശപിച്ചു.പോലീസില്‍ പോകാന്‍ പറ്റത്തില്ല.അവിടെ ഗുരുജിയുടെ പഴയ ഫോട്ടൊ കാണുമായിരിക്കും.
ഒരു കാര്യം വിട്ടുപോയി,വിട്ടുപോകാന്‍ പാടില്ലാത്തതാണ്.ഗുരുജിക്ക് സംസാര ശേഷിയില്ല.
ഹിമശൈലസൈകത ഭൂവില്‍ വെച്ചുള്ള തപസ്സിന്നിടയില്‍ ഒരുനാള്‍ ലംബോധരന് തടാകത്തില്‍ വീണു മഞ്ഞില്‍ ഉരുകിയുറച്ചു.
മരിച്ചില്ല,മരവിച്ചു.
മരവിപ്പില്‍ പല ശേഷികളും നഷ്ടപ്പെട്ടു.
കൂട്ടത്തില്‍ സംസാരശേഷിയും നഷ്ടമായി.
പഴയ സ്കൂള്‍ കൂട്ടികളുടെ മാതിരി സ്ലേറ്റും പെന്‍സിലും എപ്പോഴും കൈയ്യില്‍ കരുതും
.ഭക്തരുടെ ആവശ്യങ്ങള്‍ക്കുള്ള മറുപടി സ്ലേറ്റിലെഴുതിയാണ് കാണിക്കുക.
ഒരു ദിവസം വിശേഷാല്‍ പൂജക്ക് വേണ്ടി നടപ്പന്തല്‍ കെട്ടുകയാണ്.
നിര്‍ദേശങ്ങള്‍ നല്കി താഴെ ഉലാത്തുന്നതിന്നിടയില്‍ മുകളില്‍ പണിയെടുക്കുന്നവരുടെ കയ്യില്‍ നിന്നും കയ്യില്‍ നിന്നും പട്ടികക്കോല്‍ ഗുരുജിയുടെ ഭസ്മക്കുറിത്തലയില് വന്നു പതിച്ചു.
ഊക്കോടെ തലയില്‍ പതിച്ചിട്ടും രക്തം ചീറ്റിയിട്ടും ഗുരുജി നിശ്ശബ്ദനായി,നിര്‍മമനായി നിന്നു.
മനുഷ്യദൈവത്തിനു വേണ്ട സംയമനത്തൊടെ.....ഒരു നിമിഷനേരത്തെ ഇടവേളക്കു ശേഷം ഗുരുജി സ്ലേറ്റില്‍ എന്തൊ തിരക്കിട്ടെഴുതി,ഏവര്‍ക്കും കാണാവുന്ന വിധത്തില്‍ ഉയര്‍ത്തിപ്പിടിച്ചു.
എല്ലാവരും ഭക്തിയുടെ പാരമ്യത്തില്‍ നിന്നു കൊണ്ട് സ്ലേറ്റിലെ ആ വാചകങ്ങള്‍ വായിച്ചു.
അതിങ്ങനെ ആയിരുന്നു.
’അയ്യോ........ഹെന്റമ്മെ '
5 comments:
ദൈവമാകാന്‍ ആര്‍ക്കും കഴിയും
വായിച്ചു ...ഇഷ്ടപ്പെട്ടു
:)
തടിക്ക് കോട്ടം വരുന്ന കാര്യം വരുമ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍ ഗാന്ധിയന്മാരും സമാധാനപ്രിയരുമാകാറുണ്ട്.
അതുകൊണ്ട് ആരും എതിര്‍ത്തില്ല.
പൊറുതിമുട്ടിയപ്പോള്‍ വിശ്വാസികള്‍ ദൈവങ്ങളെ വിളിച്ചു.
ആരെയും വിളിക്കാനില്ലാത്തതിനാല്‍ നിരീശ്വരവാദികള്‍ നിരാശരായി.
Post a Comment