പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, May 26, 2008

ഹിന്ദുക്കള്‍ നാം ഒന്നാണ്






ന്റര്‍വെല്ലിനു മുമ്പ് ഉണ്ടായത്:
ബാംഗ്ലൂര്‍ നഗരത്തിന്റെ തിരക്കേറിയ എംജി റോഡില്‍ വെച്ചാണ് അവര്‍ക്ക് മനസ്സില്‍ പ്രേമം പറ്റിയത്.

ചെറുക്കന്‍ സൊഫ്ട് വെയര്‍ എഞ്ചിനീയറും പെണ്‍കുട്ടിയും അതേ വകുപ്പില്‍ ജോലിയില്‍ ഏര്‍പ്പെട്ടവള്‍  .അവധിയെടുത്ത് നാട്ടിലേക്കു പോകാനുള്ള പുറപ്പാടില്‍ വാരിക്കോരി വില്‍ക്കുന്ന കുറെ തുണിത്തരങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി.

സമയം പോകാനൊരു വഴി എന്ന നിലയില്‍ തിരക്കിട്ടൊരു സ്ഥലം തിരഞ്ഞെടുത്തതായിരുന്നു ഐടിക്കാര്‍ക്ക് കണ്ടുവരുന്ന ഒരു തരം പരിഭ്രമം പെരുമാറ്റത്തില്‍ തോന്നിപ്പിക്കുന്ന ചെറുപ്പക്കാരന്‍ .ഐടിക്കരായാലും ആരായാലും     വരാനുള്ളത് വഴിയില്‍ തടയില്ല എന്നതു പോലെ എല്ലാ പ്രണയകഥയിലും  സംഭവിക്കുന്നതു പോലെ അവര്‍ക്കും പറ്റി ഒരിത്.

ഇന്റര്‍വെല്ലിനു ശേഷം സംഭവിച്ചത്:
മദ്യ കേരളത്തിലെ ഒരു എസ് എന്‍ ഡി പി ഗ്രാമം. നമ്മുടെ ബാംഗ്ലൂര്‍ പെണ്‍സോഫ്റ്റ് വെയറിന്റെ വീട്ടില്‍ നമ്മുടെ ആണ്‍ സോഫ്റ്റ്വെയര്‍ മോതിരം മാറല്‍ ചടങ്ങിന് വന്നിരിക്കുകയാണ്.മൂന്നു നാലു കാറുകളിലായി ഒരു പത്തിരുപതു പേര്‍ .

ഒരു കാറു വരാനിത്തിരി വൈകി.വൈകിയെത്തിയ കാറിലുള്ള ചെറുപ്പക്കാ‍ര്‍ വഴിതെറ്റിപ്പോയി എന്നൊരു ക്ഷമാപണം നടത്തി പന്തലിലെ കസേരകളിലേക്ക് ചാഞ്ഞു. ഒരു സാദാ കസേരയിലേക്ക് ഒതുക്കാവുന്നതായിരുന്നില്ല അവരുടെ പാമ്പുപോലുള്ള ശരീരങ്ങള്‍. ‘‘ചെത്തരുത്, കുടിക്കരുത് “എന്ന ഗുരുദേവ ശിരസ്സാ‍ വഹിച്ച പാവം ചെറുപ്പക്കാരായിരുന്നു അവര്‍. തെങ്ങില്‍ കയറാതെ,ചെത്താതെ നേരിട്ട് ബാറില്‍ കയറി ചെലുത്തുകയായിരുന്നു അവര്‍ .

എന്തായാലും ചടങ്ങ് തുടങ്ങി. ഒന്നൊന്നായെണ്ണി......നീയല്ലോ ദൈവമെ സൃഷ്ടിയും......തുടങ്ങി ഏതാനും പദ്യഭാഗങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍ രക്ഷപ്പെട്ടു,എസ്.എന്‍.ഡി.പി.വക വീടുകളില്‍ ആര്‍ക്കും ചടങ്ങിന്റെ കാര്യസ്ഥ പദവി അലങ്കരിക്കാം.ഷര്‍ട്ടൂരി കുംഭവയര്‍ കാണിക്കണമെന്നില്ല.സംസ്കൃതം ലവലേശം അറിയണമെന്നുമില്ല.ചോമാര്‍ അത്രക്ക് പരിഷ്കൃതരാണ്.




പ്രശ്നമുള്ളത് ചടങ്ങിന്റെ സമയത്താണ്. എല്ലാവരും കേറിയങ്ങു ഒരോരോ അഭിപ്രായും പറയുംഎന്നുള്ളതാണത്.എല്ലാ ഞാഞ്ഞൂളുകളും തലപൊക്കും,പ്രത്യേകിച്ച് വിവാഹ മരണ ചടങ്ങുകളില്‍ . ധാര്‍ഷ്ട്യവും ശരീരബലവും സമൂഹത്തില്‍ എന്തെങ്കിലും കുറച്ച് അംഗീകാരവും ഉള്ള ആരെങ്കിലും എല്ലാവരെയും കീഴ്പ്പെടുത്തി ചടങ്ങിന്റെ ആധിപത്യം ഏറ്റെടുക്കയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍  പതിവ്.


മോതിരം മാറല്‍ ചടങ്ങിന്റെ അവസാന രംഗമെത്തുന്നു.സോഫ്റ്റ് വെയറുകള്‍ നിലത്ത് വിരിച്ചിട്ട പുല്‍പ്പായില്‍ ന്യൂ ജനറേഷന്‍ പകിട്ടോടെ , എല്ലാ മനുഷ്യരും ചെയ്യുന്ന ഒരു സാദാ ഏര്‍പ്പാടാണെങ്കിലും.
മത്സരത്തിനൊടുവില്‍ കാര്യസ്ഥന്റെ റോളില്‍ വന്ന ആള്‍ കുറച്ചൊരഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു.
എവിടെ.... വരന്റെ അമ്മ?
സോഫ്ട് വെയറിന്റെ അമ്മ വന്നു. 
എവിടെ..... വധുവിന്റെ അമ്മ?
മറ്റേ സോഫ്റ്റ് വെയറിന്റെ അമ്മയും രംഗത്തെത്തി.
മോതിരം കുട്ടികളുടെ കൈയ്യില്‍ കൊടുക്കൂ....
നിമിഷം കണ്ണടച്ച് മക്കള്‍ക്ക് മോതിരം കൈമാറി.
“ഇനി മോതിരം മാറാം.ആദ്യം വരന്‍. ദൈവത്തെ ധ്യാനിച്ച് ആ മോതിരമങ്ങ് വധുവിന്റെ വിരിലില്‍ അണിയിക്കു........“



ഒരു നിമിഷത്തെ ധ്യാനത്തിനുശേഷം വരന്‍ സോഫ്റ്റ് വെയര്‍ തലയുയര്‍ത്തി കാര്യസ്ഥന്റെ നേരെ സോഫ്ടായി  ഒരു ചോ‍ദ്യം. “ഏതു ഗോഡിനേയാണ് ഞാന്‍ മനസ്സില്‍ വിചാരിക്കേണ്ടത്?“
സോഫ്ട് വെയറില്‍ നിന്നും ഇമ്മാതിരി ഹാര്‍ഡായ ചോദ്യം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സദസ്സിലെ വക്രിച്ച മുഖഭാവത്തില്‍ നിന്നും വ്യക്തം. അവസരം കാത്തിരുന്നതു പോലെ സദസ്സ് ഉഷാറാവുകയും ചെയ്തു.

“ശ്രീരാമസ്വാമിയെ മനസ്സില്‍ വിചാരിച്ചോളൂ.......“
രാമ ഭക്തന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അതിനെ ഖണ്ഡിക്കാന്‍ ഒന്നിലേറെപ്പേരുണ്ടായി.
“സ്വന്തം ഭാര്യയെ കാട്ടിലെറിഞ്ഞവനെ തന്നെ വേണം ഇമ്മാതിരി ഒരു നല്ല കാര്യത്തിന്.........
“പരിഹാസരൂപേണ ഒരാള്‍ ഇടപെട്ടു. രാമനെ കൊണ്ടുവന്നയാള്‍ പരിഹാസത്തില്‍ ശിലയായി,നിശബ്ദനായി.
“എങ്കില്‍ മോനൊരു കാര്യം ചെയ്യ്, സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ ധ്യാനിക്ക്.........“
വയറുചാടിയ കൃഷ്ണഭക്തന്‍ ചെറിയൊരു നിര്‍ദ്ദേശം വെച്ച് വിജയീഭാവത്തില്‍ ഇരുന്നു. സദസ്സിന്റെ കോണില്‍നിന്നും പരിഹാസച്ചിരിയും അതിനോടൊപ്പം ഒരു കമന്റും.

“പതിനാറായിരത്തെട്ടിന്റെ മാനേജരാ‍......കല്യാണം പോലുള്ള മംഗളകാര്യത്തിന് ആലോചിക്കാന്‍ പറ്റിയ കക്ഷി തന്നെ.“
ദൈവങ്ങളും അധികമായാല്‍ കുഴപ്പം തന്നെ.
സദസ്സ് ചിരിയില്‍ മുങ്ങി. പക്ഷെ ചിരി അധിക നേരം നീണ്ടുനിന്നില്ല.അതു പിന്നെ വാഗ്വാദമായി, വക്കാണമായി,കയ്യേറ്റമായി കൂട്ടക്കരച്ചിലില്‍ അവസാനിക്കുകയും ചെയ്തു.
ഗുരുവിന്റെ പിന്‍ ഗാമികളായിരുന്നുവെങ്കിലും ഗുരുദര്‍ശനം പല സ്കൂളില്‍ നിന്നും പഠിച്ചവരായിരുന്നു ഇരുപക്ഷത്തുള്ളവര്‍.


പിന്നീട് സംഭവിച്ചത്: പെണ്‍സോഫ്റ്റ് വെയറിന്റെ പക്ഷത്ത് നിന്ന് ഏഴും ആണ്‍ വെയറിന്റെ പക്ഷത്ത് നിന്ന് നാലുപേരും രണ്ടുപക്ഷത്തും പെടാതെ ബിരിയാണി സാപ്പിട്ട് സ്ഥലം കാലിയാക്കാമെന്നു കരുതിയെത്തിയ ഒന്നു രണ്ടു ഹാര്‍ഡ് വയറന്മാരും വിവിധ ആശുപത്രികളിലായി പരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടു.

സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും പരിക്കുകളില്ലാതെ അത്ഭുതകരമായി ബാംഗ്ലൂ‍രിലേക്ക് രക്ഷപ്പെട്ട് ജാതിമതക്കെട്ടുകളില്ലാതെ വളരെ സോഫ്റ്റായി കഠിന ജീവിതം നയിച്ചു.

ഒരു കാര്യം കൂടി:
ഞങ്ങള്‍ എസ് എന്‍ ഡി പി ക്കാരുടെ കല്യാണത്തിനുള്ള ഒരേര്‍പ്പാട് വിവാഹ രജിസ്റ്ററില്‍ ഒപ്പു വെക്കുക എന്നുള്ളതാണ്.ഈ രേഖ ബഹുമാനപ്പെട്ടതും അല്ലാത്തതുമായ കോടതികള്‍ അംഗീകരിച്ചിട്ടുള്ളതുമാണ്. വധൂവരന്മാര്‍ക്കു പുറമെ മഞ്ഞത്തലയന്മാരായ രണ്ടു സാക്ഷികളും വേണം.ഒരിക്കലൊരു വിവാഹത്തില്‍ സാക്ഷിയായി ഒരു എസ് എന്‍ ഡി പി ചേട്ടനോട് ഒപ്പുവെക്കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ വധൂവരന്മാരെ സാക്ഷിയാക്കി സത്യ സന്ധനായ അയാള്‍ കണ്ണില്‍ ചോരയില്ലാതെ പ്രതികരിച്ചതിങ്ങനെയായിരുന്നു.
“പൊല്ലാപ്പിനൊന്നും ഞാനില്ല രാഘവേട്ടാ,
ഈ പ്രായത്തില്‍  കോടതിയിലൊക്കെ കയറിയിറങ്ങ്വാന്ന് വെച്ചാല്‍ അത്ര സുഖമുള്ള കാര്യൊന്നല്ല ട്ടാ”.

അത്രക്ക് മുന്നിലേക്ക് മനസുന്തി ചിന്തിക്കുന്നവരാണ് ഞങ്ങള്‍ ചോന്മാര്‍ .







11 comments:

മണിലാല്‍ said...

ഒരു എസ് എന്‍ ഡി പി മദ്യമേഘലാ പ്രണയം

വിന്‍സ് said...

:)

ബാബുരാജ് ഭഗവതി said...

മാര്‍ജൂ
കൊള്ളാം..
ചോമാരുടെ നാണുഗുരു സ്വാമിയെ മനസ്സില്‍ ധ്യാനിക്കാന്‍ പാടില്ലായിരുന്നോ..
ദുഷ്ടന്മാര്‍......

ശശി said...

പ്രിയ മാര്‍ജ്,
തീയ്യ സമുദായത്തിന്റെ ബലഹീനതകളെ പറ്റി വളരേ സരസമായി പ്രതിപാദിച്ചിരിക്കുന്നു...
നന്ദി...

പൊറാടത്ത് said...

പുതിയ ‘സ്വാമി’വചനം...
“ബ്രാന്‍ഡേതായാലും മദ്യം നന്നായാല്‍ മതീ“

Unknown said...

വെള്ളാപ്പിള്ളിക്ക് ഇ മെയ് ല്‍ ചെയ്യുന്നുണ്ട്

siva // ശിവ said...

നന്നായി ഈ തമാശ...

മണിലാല്‍ said...

ബാംഗ്ലൂര്‍ നഗരത്തിന്റെ തിരക്കേറിയ എംജി റോഡില്‍ വെച്ചാണു അവര്‍ക്ക് പ്രേമം പറ്റിയത്

Anoop Technologist (അനൂപ് തിരുവല്ല) said...

:)

മണിലാല്‍ said...

പിന്‍ കുറിപ്പ്:
ഞങ്ങള്‍ എസ് എന്‍ ഡി പി ക്കാരുടെ കല്യാണത്തിനുള്ള ഒരേര്‍പ്പാട് വിവാഹരജിസ്റ്ററില്‍ ഒപ്പു വെക്കുക എന്നുള്ളതാണ്.ഇത് കോടതി ബഹുമാനപ്പെട്ടതും അല്ലാത്തതുമായ കോടതികള്‍ അംഗീകരിച്ചിട്ടുള്ളതുമാണ്. വധൂവരന്മാര്‍ക്കു പുറമെ മഞ്ഞത്തലയന്മാരായ രണ്ടു സാക്ഷികളും വേണം.ഒരിക്കല്‍ ഒരു വിവാഹത്തില്‍ സാക്ഷിയായി ഒരു എസ് എന്‍ ഡി പി ചേട്ടനോട് ഒപ്പുവെക്കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ വധൂവരന്മാരെ സാക്ഷിയാക്കി സത്യ സന്ധനായ അയാള്‍ കണ്ണില്‍ ചോരയില്ലാതെ പ്രതികരിച്ചതിങ്ങനെയായിരുന്നു.
“പൊല്ലാപ്പിനൊന്നും ഞാനില്ല രാഘവേട്ടാ,
കോടതിയില്‍ കയറിയിറങ്ങ്വാന്ന് വെച്ചാല്‍ അത്ര സുഖമുള്ള കാര്യൊന്നല്ല ട്ടാ”

നിസ്സഹായന്‍ said...

സംഗതി കലക്കി !!
ഗോപീകൃഷ്ണാ, വെള്ളാപ്പള്ളിയുടെ ഇ മെയില്‍ ഒന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു.


നീയുള്ളപ്പോള്‍.....