നിങ്ങള്‍ ഒരു പണക്കാരനെ നോക്കു.ശ്രദ്ധിച്ചു നോക്കണം, സ്വല്പം കുറവു കാണും.സ്വല്പമല്ല,നല്ല രീതിയില്‍ തന്നെ കാണും.(തൊഴിലാളിയുടെ വിയര്‍പ്പില്‍ കൈവെക്കാതെ ഒരാളും പണക്കാരനായിട്ടില്ലെന്ന് നമ്മുടെ മാര്‍ക്സ് അങ്കിള്‍ നേരത്തെ തന്നെ പറഞ്ഞുവെച്ചിട്ടൂണ്ട് ,അല്ലെങ്കില്‍ വേറെ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ടായിരിക്കും.ആ വഴി ഏതെന്ന് നിങ്ങള്‍ കണ്ടെത്തുക) ആ മുടന്തിനുള്ള ചികിത്സയുടെ ഭാഗമായിട്ടാണ് ഇവരൊക്കെ പത്മശ്രീ/മറ്റു തരികിടകള്‍ കളിക്കുന്നത്.(അധിക റെഫറന്‍സിനു നമ്മുടെ തൃശൂര്‍ക്കാരുടെ സാര്‍വ്വദ്ദേശീയ ചിത്രമായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് പലവട്ടം കാണുക.)
പത്മയും ഇപ്പോള്‍ പഴയതു പോലെയല്ല,അവള്‍ക്കും ഇപ്പോള്‍ കലയേയും സംസ്കാരത്തേയും സാഹിത്യത്തേയുമൊന്നും പിടിക്കുന്നുമില്ല.പത്മയുടെ കണ്ണിപ്പോള്‍ കച്ചവടക്കാരിലേക്കാണ്.സമൂഹത്തിന്റെ അതേ മനസ്സാണ് പത്മക്കും.പണപ്പെട്ടിയുടെ കനം നോക്കിയുള്ള ഒരു പിച്ചമനസ്സ്. പത്മയെക്കിട്ടിയാലും മതിയാവില്ല. ഒരു പുണരല്‍ കൊണ്ടു അവസാനിച്ചു എന്നും കരുതരുത് .പിന്നെ സ്വീകരണമായി,ഫ്ലെക്സായി നാറ്റക്കേസായി.ഒരു പത്മശ്രീക്ക് ലക്ഷക്കണക്കിനു ഫ്ലെക്സ് ഉയരുന്നുവെങ്കില്‍ പത്മശ്രീ നിരോധിക്കേണ്ട കാലമായിരിക്കുന്നു.അത്രയേറെ മലിനീകരണമാണ് ഇതിലൂടെ നടക്കുന്നത്.ഫ്ലെക്സ് ഇന്നൊരു സാമൂഹ്യപ്രശ്നമായിരിക്കുന്നു.പക്ഷെ ആരും അതിനെതിരെ മിണ്ടില്ല.ഇന്ന് പലര്‍ക്കും ജീവനുണ്ടെന്നു തോന്നുന്നത് ഫ്ലെക്സ് ഉള്ളതു കോണ്ടാണ്.മരിച്ചു എന്നറിയുന്നതും ഫ്ലെക്സ് ഉള്ളതു കൊണ്ടാണ്.രാഷ്ട്രീയക്കാര്‍ രാവിലെ വാതില്‍ തുറന്നു ഫ്ലെക്സിലേക്ക് നോക്കിയാണ് ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്ന് നെഞ്ചില്‍ കൈവെച്ചാശ്വസിക്കുന്നത്.
പറഞ്ഞു വരുന്നത് ജോണ്‍സനെ കുറിച്ചാണ്.
നാട്ടുകാരുടെ നിഘണ്ഡുവില്‍ ജോണ്സണ് സ്വല്പം കുറവുള്ള മനുഷ്യനാണ്.സ്വല്പമല്ല.നല്ലോണം തന്നെ.
കാഴ്ചയിലും കേള്വിയിലുമല്ല.
പെരുമാറ്റത്തില്‍ മാത്രം.
(കാഴചയില്‍ ഒരു കുഞ്ഞു സുരേഷ് ഗോപിയെപ്പോലിരിക്കും)ഒറ്റ നോട്ടം കൊണ്ടു തന്നെ ജോണ്‍സനെ പിടികിട്ടും.
ആനയെ കണ്ടാല്‍ ചങ്ങലകിലുക്കം മായുന്നതു വരെ.
പെണ്ണുങ്ങളെക്കണ്ടാല്‍ കുണ്ടി മറയുന്നതുവരെ.
അതാണ് ജോണ്സന്... ......
നേരെ വാ നേരെ പോ എന്നൊരു നിലപാട്.
സ്ത്രീകള്‍ ജോണ്‍സന്റെ മുന്നില്‍ വരില്ല.
മുലയിലേക്ക് നോക്കിയാല്‍ മതിയാവുന്നതു വരെ അവിടെ നിന്ന് കണ്ണെടുക്കില്ല.
വയറിയലേക്കു നോക്കിയാലും വലിയ വ്യത്യാസമില്ല.
ഒരു കാര്യം ചെയ്യുമ്പോള്‍ അതിലേക്ക് തന്നെ ഫോക്കസ് ചെയ്യും.
ഫോക്കസ്സുള്ളവരെ ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ക്കിത്തിരി പ്രയാസമാണ്.ഫോക്കസ് പോയ സമൂഹമാണിത്.
(ആണുങ്ങളെ കണ്ടാല്‍ സാരിത്തലപ്പെടുത്ത് വയര്‍ മറക്കുന്ന സ്ത്രീകളുടെ സ്ഥിരമായ ഏര്‍പ്പാട് ലോകത്താകമാനമുള്ള പുരുഷന്മാരെ അവഹേളിക്കുന്നതിനു തുല്യമാകുന്നു.ഇത്തരമൊരവസ്ഥയില്‍ ഇതിനോടുള്ള പ്രതിഷേധമായിട്ടെങ്കിലും, പൊട്ടനാണെങ്കിലും ജോണ്‍സന്റെ നടപടി പ്രശംസാര്‍ഹമാകുന്നു.)
പെണ്ണുങ്ങള്‍ക്ക് ജോണ്‍സന്റെ മുന്നില്‍ നില്‍ക്കാനും വയ്യ,ഒന്നിട്ട് കൊടുക്കാനും വയ്യ.
എന്തുചെയ്യാം.
പൊട്ടനായിപ്പോയില്ലെ.
മാന്യന്മാരുടെ രീതിയിലുള്ള കടക്കണ്ണിട്ടു നോട്ടം ജോണ്‍സനു അത്ര വശമില്ലെന്നു സാരം.
സദാചാരവും ചില രീതികളുമുള്ള സമുദായത്തില്‍ അങ്ങിനെ ജോണ്സണ് സ്വല്പം കുറവുള്ളവനായി,പൊട്ടനായി.സ്കൂളില്‍ പോകില്ല.പത്രം വായിക്കില്ല.സിനിമക്കു പോകില്ല. അതിന്റെ ഗുണമുണ്ടുതാനും. വലിക്കില്ല,കുടിക്കില്ല.അതു കൊണ്ടു തന്നെ കൂട്ടുകെട്ടുമില്ല.അതിന്റെ ദോഷമുണ്ടു താനും.ഇയ്യാക്കുവിന്റെ ഏഴാമത്തെ മകനായിട്ടാണ് ഈ ഗുണദോഷന് പിറന്നത്.മാമോദീസയും കുര്‍ബ്ബാന കൈകൊള്ളലുമൊക്കെ സമയാസമയം നടത്തി.ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ വീട്ടുകാര്‍ നെടുവീര്‍പ്പിട്ടു.
അപ്പന് ഇയ്യാക്കുവിന് കവലയില്‍ പലചരക്കുണ്ട്.
രാവിലെ മുതല്‍ ജോണ്സന് ഉപ്പ് പെട്ടിയില്‍ കയറിയിരിക്കും.
പണപ്പെട്ടിയിലേക്ക് കടക്കണ്ണിട്ട് ഒരു കള്ളക്കുറുക്കനെപ്പോലെ.
പിന്നാമ്പുറത്തെ ചായ്പില്‍ നിന്നും വെള്ളത്തിലിട്ട അടക്കയെടുക്കാനൊ,ഉണ്ട ശര്‍ക്കര ചാക്കില്‍ നിന്നും മാന്തിയ കൈ കഴുകാനൊ അപ്പന് കടക്കു പുറത്തേക്ക് തിരിഞ്ഞാല്‍ മേശയില്‍ നിന്നും നണയത്തുട്ടുകള് ജോണ്‍സന്റെ കീശയിലെത്തും.പൊട്ടനെങ്കിലും ഇത്തരം കര്‍മ്മങ്ങള്‍ ധ്രുതകര്‍മ്മസേനയുടെ വേഗത്തിലായിരിക്കും നടക്കുക.
പറഞ്ഞു വന്നത് ജോണ്സന് പൈസയോടുള്ള ഭ്രമമാണ്.
അവിടേക്കും ഒരു ചെറിയ ഫോക്കസ്.
പക്ഷെ ഒന്നും ചിലവഴിക്കാനല്ല,കൂട്ടിവെക്കാനാണ്,
കാശുകുടുക്കയില്‍ നിക്ഷേപിക്കനാണ്.നാള്‍ക്കുനാള്‍ കാശുകുടുക്കയുടെ കനം കൂടിക്കൂടി വന്നു.(ഭക്ഷണത്തേക്കാള്‍ മനുഷ്യര്‍ വിലയിടുന്നത് പൈസക്കാണ്,പൊട്ടന്മാര് പോലും.അതിലേക്കൊരു കാന്തശക്തി ഓരോ ശരീരത്തിലും അന്തര്‍ലീനമാകുന്നു.കാശിനോട് ആര്‍ത്തിമാത്രം കാണിച്ചാല്‍ മതി.നിങ്ങള്‍ കാശുകാരനാകും.ലോകത്തിലെ മറ്റൊന്നും നിങ്ങളെ ബാധിക്കില്ല. കൌപീനമെടുത്ത് ടൈ കെട്ടി നടക്കാനും നിങ്ങള്‍ മടിക്കില്ല.
സി.വി.ശ്രീരാമന് എന്ന ഞങ്ങളുടെ ബാലേട്ടന് പറഞ്ഞ ഒരു കഥയുണ്ട്.കുവൈറ്റ് യുദ്ധം നടക്കുന്ന സമയം.ബാലേട്ടന് സുഹൃത്തിന്റെ ബാറിലിരുന്ന പത്രം വായിക്കുകയാണ്.കുവൈറ്റില്‍ യുദ്ധം.ബാറുടമ ബാലേട്ടനോടു ചോദിക്കുകയാണ്.
"ഈ യുദ്ധം കൊണ്ട് നമുക്കെന്തു മെച്ചാ വക്കീലെ"
സരസകവി കൂടിയായ വക്കീല്‍ പറഞ്ഞു.
"ഈ കാലിക്കുപ്പിക്കൊക്കെ സ്വര്‍ണ്ണത്തിന്റെ വിലയാകും.ഇതു കൊണ്ടാണ് യുദ്ധത്തില്‍ ഉപയോഗിക്കുന്ന മാരകായുധങ്ങള്‍ ഉണ്ടാക്കുന്നത് "
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബാലേട്ടന് ബാറില്‍ കണ്ടത് കുപ്പികളുടെ വലിയ കൂമ്പാരം.ബാറുടമ ലോക്കല്‍ കുപ്പിക്കച്ചവടം നിരോധിച്ചു എല്ലാം കൂട്ടിവെക്കുകയായിരുന്നു.)
ആകെ കിട്ടിയ ഗുണം അതാണ്.ഒന്നും പുറത്തേക്ക് പോകില്ല.
പെരുന്നാളിനും പൂരത്തിനും മറ്റുള്ളോര് കാശുകുടുക്ക നിലത്തടിക്കുമ്പോള്‍ ജോണ്സന് മാത്രം കുടുക്ക കാതോടു ചേര്‍ത്ത് കിലുക്കി തൃപ്തിപ്പെടും.
കാലം മാറി.
കാശുകുടുക്കകള്‍ ഉടയാന്‍ തുടങ്ങി.
ജോണ്‍സനെ പിന്നെ ഞങ്ങള്‍ കാണുന്നത് പലിശക്കാരന്റെ റോളിലാണ്.
പണത്തില്‍ ഒരു പിടി,പലിശയില്‍ ഒരു പിടി,തിരിച്ചുപിടി ഇത്യാദി ഗുണങ്ങളുടെ ഒരു ഫോക്കസ് ജോണ്‍സനില്‍ ഉടലെടുത്തു.
പൊട്ടന് ജോണ്സന് പലിശക്കാരന് ജോണ്‍സനായി,പിന്നെ പണക്കാരന് ജോണ്‍സനായി.
മുത്തന് വീട് പണിതു.
വലിയവീട്ടില്‍ നിന്നും പെണ്ണു വന്നു.
വലിയ വായില്‍ വര്‍ത്തമാനങ്ങള്‍ വന്നു.
വമ്പനായി.
ഒരു ചൊല്ലും നാട്ടില്‍ പരന്നു.
പൈസയുണ്ടാക്കാന്‍ ബുദ്ധി വേണ്ട.
ജോണ്‍സനെ കണ്ടില്ലെ.
ഇപ്പോള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ പലിശകൊണ്ടും റിയല്‍ എസ്റ്റേറ്റ് കൊണ്ടും ജോണ്‍സനേക്കാള്‍ മീതെയും താഴെയും പൈസയുണ്ടാക്കി ചെത്തി നടക്കുന്ന പുത്തന്‍ പണക്കാര് അവര്‍ പൈസക്കാരനാണെന്ന് മേനി പറയാറില്ല.(ഇടക്കൊരു ഫ്ലക്സ് വെക്കും,അത്ര തന്നെ)
പറഞ്ഞാല്‍ ,
നീ വീമ്പൊന്നും വിളമ്പണ്ടാ.....
പണമുണ്ടാക്കാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട.അത്ര ബുദ്ധിയെന്നല്ല,ഒരു ബുദ്ധിയും വേണ്ട.
ഏതു പൊട്ടനും അതുണ്ടക്കാം.
നമ്മുടെ ജോണ്‍സനെ കണ്ടില്ലെ !
(നാട്ടുകാരോടു പോകാന്‍ പറ . ജോണ്സന്മാര് മടിച്ചു നില്‍ക്കേണ്ടതില്ല.കോര്‍പ്പറേറ്റ് കാലം അവരുടേതാണ്. തൊഴിലാളി ഐക്യം എന്ന മുദ്രവാക്യമുയര്‍ത്തി കുറെ കാലം തൊഴിലാളികളെ വ്യാമോഹിപ്പിച്ച രാഷ്ട്രീയക്കാരിപ്പോള് മുതലാളി ഐക്യമെന്നാണ് വിളിച്ച് കൂവുന്നത്.മുതലാളിമാര്‍ക്കൊപ്പം നിന്ന് പോസ് ചെയ്യാന്‍ മാനം മറന്ന് മത്സരിക്കുകയാണ് ഭരണപ്രതിപക്ഷങ്ങള്‍.ഇതൊക്കെ പത്രത്തിലും ചാനലിലും ഫ്ലെക്സിലുമൊക്കെ കാണാന്‍ വിധിക്കപ്പെട്ടവരാകുന്നു സാദാ ജനവിഭാഗങ്ങള്‍.പ്ലാച്ചിമടയിലേക്ക് കൊക്കൊക്കോളയെ കൊണ്ടുവന്ന് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച വികസനവാദികളാകുന്നു പുതിയ രാഷ്ട്രീയക്കാര്‍ എന്നത് മലയാളികള്‍ പ്രത്യേകം ഓര്‍ത്തുകൊണ്ടിരിക്കണം.)
8 comments:
ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട പണക്കാര്.
ആനകളെ കണ്ടാല്‍ ചങ്ങലകിലുക്കം മായുന്നതു വരെ,പെണ്ണുങ്ങളെക്കണ്ടാല്‍ കുണ്ടി മറയുന്നതു വരെ.
ആനകളെ കണ്ടാല്‍ ചങ്ങലകിലുക്കം മായുന്നതു വരെ,പെണ്ണുങ്ങളെക്കണ്ടാല്‍ കുണ്ടി മറയുന്നതു വരെ.
സദാചാരവും ദുരയുമുള്ള സമുദായത്തില്‍ അങ്ങിനെ ജോണ്സണ് സ്വല്പം കുറവുള്ളവനായി,പൊട്ടനായി.
മാന്യന്മാരുടെ രീതിയിലുള്ള കടക്കണ്ണിട്ടു നോട്ടം അത്ര വശമില്ലെന്നു സാരം.
welcme dears
ആനകളെക്കണ്ടാല് ചങ്ങല കിലുക്കം മായുന്നതു വരെ പെണ്ണുങ്ങളെ കണ്ടാല്‍ കുണ്ടി മറയുന്നതു വരെ.......
പൈസ ഉണ്ടാക്കാന്‍ ഏതു മണ്ടനും പറ്റും?
ചായ്.. ഇതോകെ ഇത്ര ഈസി ആണോ ...എങ്കില്‍ ഒന്നു ടെസ്റ്റ് ചെയാം .. പനകാരന് ആകുമ്പോള്‍ വിളികാം.................
എന്തായാലും ജോണ്സന് കൊള്ളാം
Post a Comment