പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, June 21, 2008

പിന്നില്‍ ആന മുന്നില്‍ ദുബായ്

കണ്ണടച്ചാല്‍ ആനയെ സ്വപ്നം കാണുന്ന കാലം.
പലപ്പോഴും ആന പിറകെ,തൊട്ടു തൊട്ടില്ലാ അകലത്തില്‍.
ആനയുടെ ചവിട്ടേറ്റ് കടലാസ്സ് കീറുന്നതിനു മുമ്പായിരിക്കും സ്വപ്നത്തില്‍ നിന്നും ഉണരുക.അപ്പോളൊക്കെ ശരീരം ചോര്‍ന്നൊലിച്ചിട്ടുണ്ടാകും.
ഉണങ്ങിയ പഞ്ഞിക്കായ പരുവത്തിലായിരുന്നു ബാല്യം.
പൊട്ടിത്തകരാനുള്ള പാകത്തില്‍,പറക്കാനുള്ള വെമ്പലില്‍.

പറക്കമുറ്റിയവരും പട്ടിണിക്കാരും പ്രേമം കളിച്ച് പൊളിഞ്ഞവരുമൊക്കെ വേലായുധേട്ടന്റെ ലോഞ്ച്(ലോഞ്ചി എന്നും പറയപ്പെടും) ലക്ഷ്യം വെച്ച് ചേറ്റുവാ കടപ്പുറത്തേക്ക് കുതിച്ചുപായുന്ന കാലം.തീരദേശക്കാര്‍
ദുബായ് കണ്ടുപിടിച്ച കാലമായിരുന്നു അത്.
തോറ്റു തുന്നം പാടി യുവതികളായ ടീച്ചേഴ്സിന് പ്രതിസന്ധി സൃഷ്ടിച്ച കരിമീശക്കാരും പ്രസ്തുത സംഘത്തില്‍ അണിചേര്‍ന്നു.ഇവരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് ക്ലാസ്സില്‍ ടീച്ചറാണെന്ന് തോന്നാനും തുടങ്ങി.
സ്ക്കൂളില്‍ ഹാജര്‍ കുറഞ്ഞു.
ടീച്ചര്‍മാര്‍ ക്ലാസില്‍ ഹാജര്‍ വിളിച്ചപ്പോള്‍ ദുബായിലാണ് ചിലര്‍ എഴുന്നേറ്റുനിന്ന് കൈ പൊക്കിയത്.ചിലര്‍ കടലിലെ നിലയില്ലാക്കയത്തില്‍ നിന്നും.ഹാജര്‍ വിളി കേട്ടവര്‍ രക്ഷപ്പെട്ടു.മറ്റുള്ളവര്‍ ഉപ്പുവെള്ളത്തില്‍ ലയിച്ചടങ്ങി.

സ്ക്കൂളിലെ ആണ്‍ബെഞ്ചുകളിലെ ശൂന്യതകളെ നോക്കി പെണ്‍പരാഗങ്ങള്‍ നെടുവീര്‍പ്പിട്ടു,എന്നു വരും നാഥന്മാര്‍!
ഒന്നിങ്ങു വന്നെങ്കില്‍ എന്ന് കസ്റ്റമറെ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തെ ഹോട്ടലുകാരനെപ്പോലെ കാത്തിരിക്കേണ്ടി വന്നില്ല, വേലായുധേട്ടന്.
പ്രായം തികയാത്തവരെ അകറ്റി, പൈസ തികഞ്ഞവരെ കയറ്റി,പായ് ദുബായ് ലക്ഷ്യമാക്കി വലിച്ചു കെട്ടി.എത്തിയാല്‍ എത്തി എന്നായിരുന്നു അന്നത്തെ നില.
കാശില്ലാതെ കരക്കിരുന്ന് കരഞ്ഞവരെക്കണ്ട് ദയ തോന്നിയ വേലായുധേട്ടന്‍ കമഴ്ത്തിയിട്ട മണ്ണെണ്ണ പാട്ട ചൂണ്ടി അതില്‍ അവരെ കയറ്റിയിരുത്തി.ടിക്കറ്റെടുത്തവരേയും എടുക്കാത്തവരേയും ഒരേ ഗണത്തില്‍ പെടുത്തിയാല്‍ ലോഞ്ചില്‍ ഒരു യുദ്ധത്തിനു സാദ്ധ്യത വേലായുധേട്ടന്‍ മണത്തറിഞ്ഞിട്ടുണ്ടാവും.സദ്യയില്‍ ക്ഷണിച്ചവരേയും ക്ഷണിക്കാത്തവരേയും പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല.
ജോലി കിട്ടിയാല്‍ വേലായുധേട്ടന്റെ പൈസ വീട്ടില്‍  എത്തിക്കാമെന്ന് ഒഴിവുകഴിവ് പറഞ്ഞും ചിലര്‍ ലോഞ്ചിയില്‍ ഇടം കണ്ടെത്തി.
ജോലിയൊക്കെ തരപ്പെട്ടപ്പോള്‍ ലോഞ്ചിയിലെ ഭക്ഷണം മോശമായിരുന്നുവെന്നും വെള്ളം ചോദിച്ചപ്പോള്‍ കടല്‍ വെള്ളം കൊടുത്തുവെന്നും, ആയതിനാല്‍ മിസ്റ്റര്‍ വേലായുധന്‍ പണം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍ തനിനിറം കാട്ടി.

ഏതെങ്കിലും തീരം കണ്ടാല്‍ വേലായുധേട്ടന്‍ തന്റെ ദൌത്യം അവസാനിപ്പിക്കും.ഇത്രയൊക്കെ മതി,അതിനുള്ള കാശല്ലെ വാങ്ങിയിട്ടുള്ളു എന്നൊരു ചിന്തയായിരിക്കും വേലായുധേട്ടന്.
ദാ, ദുബായ് എന്ന് ചിരപരിചിതനെപ്പോലെ വേലായുധേട്ടന്‍ കൈ ചൂണ്ടും.
ആ ലക്ഷ്യത്തിലേക്ക്  കണ്മിഴിച്ച് കടലിലേക്ക് ചാടി നീന്തിക്കോളണം.
ഛര്‍ദ്ദിച്ചും വയറിളകിയും വശം കെട്ട് മടിച്ചുനില്‍ക്കുന്ന ദുബായ് സ്വപ്നക്കാരെ വേലായുധേട്ടന്‍ ഇടംകാല്‍ വെച്ച് കടലിലേക്ക് വീഴ്ത്തും.നീന്തല്‍ അറിയുമോ എന്നൊന്നും നോക്കാറില്ല.
കടലില്‍ ചാടിയ നീന്തറിയുന്നവരും അല്ലാത്തവരും  ഒരു വഴിക്കാവുന്നു.
(മൂത്രപ്പുരയില്‍ ടീച്ചര്‍മാരെ ഒളിഞ്ഞു നോക്കിയതിന്റെ പേരില്‍ സ്ക്കൂളില്‍ നിന്നും പുറത്തായി ലോഞ്ചിയില്‍ കയറി രക്ഷപെട്ട ഒരാള്‍ കാശായപ്പോള്‍ സ്ഥിരം മൂത്രപ്പുര സ്പോണ്‍സര്‍ ചെയ്ത് തന്റെ പേരതില്‍ എഴുതിവെപ്പിച്ചു)
ചിലര്‍ കടലില്‍ അവസാനിക്കുന്നു.
കരക്കും കടലിനുമിടയില്‍ നീന്തിത്തുടിച്ച് തളര്‍ന്നവര്‍ ഏതെങ്കിലും പാറക്കൂട്ടത്തില്‍ കയറിയിരുന്ന് യാത്രാവിവരണമെഴുതി നാട്ടിലെ ചെറുമാസികകള്‍ക്ക് നേരെ പറത്തിവിട്ട് സഞ്ചാര സാഹിത്യകാരന്മാരായി.
“ഒരു ലോഞ്ച് യാത്രയും കുറെ സാഹസികകാനുഭവങ്ങളും” എന്നോ മറ്റോ പേരില്‍ ഞങ്ങളുടെ നാട്ടിലെ മോഹന്‍ പാലക്കാടി അങ്ങിനെ സാഹിത്യം വശമാക്കിയ ആളാണ്.

എന്‍.ഒ.സി.കിട്ടാത്ത(അന്നൊക്കെ വിസ എന്ന പദം ഡിക്ഷണറി പ്രസവിച്ചിട്ടില്ലായിരുന്നു) ഞങ്ങള്‍ കുട്ടികള്‍ മഴക്കലത്ത് നീന്തിത്തുടിച്ച്,വേനലില്‍ വിയര്‍പ്പില്‍ കുളിച്ച്,സ്കൂളില്‍ ചൂരല്‍ കക്ഷായം മോന്തി,പൂരക്കാലത്ത് ആനയെ കണ്ടും പൂരപ്പറമ്പിലെ അലുവ മണത്തും ബാല്യമുന്തുകയായിരുന്നു.ഇടക്കൊക്കെ വീട്ടുകാരെ വെട്ടിച്ച്
കടല്‍ കാണാന്‍ പോയി ദുബായ് നോക്കിയിരുന്നു.
കടലിനക്കരെ ദുബായ് എന്നായിരുന്നു അന്നൊക്കെ വിചാരം.ഇന്നും അത് പൂര്‍ണ്ണമായി പോയിട്ടില്ല.അല്ലെങ്കില്‍ പിന്നെ വീമാനങ്ങള്‍ കടലിനു മീതെ പറക്കേണ്ടതില്ലല്ലോ.

ഭഗവതി ക്ഷേത്രത്തിലെ പൂരമാണ് നാട്ടില്‍ പ്രധാനം.
ഇവിടെ വര്‍ഷത്തില്‍ ഒന്നല്ല പൂരം മൂന്നാണ്.
അപൂര്‍വ്വം വര്‍ഷങ്ങളില്‍ നാലും.
നായന്മാരുടെ വക ഒന്ന് ,മുക്കുവന്റെ വക വേറെയൊന്ന്, മറ്റിതര സമുദായക്കാരുടെ വക പിന്നെയും.
നേരത്തെ നാനാജാതിമതസ്ഥരായ നായന്മാരും ഇതര സമുദായക്കാരും ഒത്തൊരുമിച്ചായിരുന്നു പൂരം നടത്തിയത്.
ആന ചെറുതായാലും നായന്മാരുടെ ആനക്ക് കോലം വെക്കണമെന്ന ഫ്യൂഡല്‍ നിര്‍ബ്ബന്ധത്തിനെതിരെ ഇതര പക്ഷങ്ങള്‍ ചിന്നംവിളിച്ചതോടെയാണ് പൂരം ഛിന്നഭിന്നമായത്.
നായന്മാരുടെ ചെറിയ ആന നടുവില്‍.മറ്റു സമുദായക്കാരുടെ
വലിയവ അപ്പുറത്തുമിപ്പുറത്തും.
ഒരു വലിയ വള്ളത്തെപ്പോലെ അത് തോന്നിച്ചു.
ആ കാഴച ആനപ്പീഢകരാ‍യ ഇതരസമുദായത്തിനു അപമാനമായി ഭവിച്ചു.
പൂരം പെരുകിയത് നാട്ടുകാരെ പോലെ ഭഗവതിയേയും കുഴക്കി.
ഒന്നു കഴിഞ്ഞൊന്നു വിശ്രമിക്കാമെന്നു വിചാ‍രിക്കുമ്പോഴാണ്  തുടരെത്തുടരെ പൂരങ്ങള്‍.
മുള്ളാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഭഗവതിക്കുണ്ടായി.
പൂജാരിക്കാണെങ്കില്‍ അത്  പുണ്യാഹമാക്കി പുറത്തേക്കൊഴുക്കാം.

അങ്ങിനെ ഒരു വേനലില്‍ പൂരമെത്തുന്നു.
ബട്ടന്‍സുള്ള നിക്കറും കുപ്പായവുമിട്ട് ഞങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ അകമ്പടിയോടെ പൂരപ്പറമ്പിലെത്തുന്നു.

ബട്ടന്‍സ്(അന്ന് കുടുക്ക്) അന്നത്തെ ജീവിതത്തില്‍ വളരെ പ്രാധാനപ്പെട്ട ഒന്നായിരുന്നു.
അഴിഞ്ഞു വീഴുന്ന നിക്കര്‍ മുകളിലേക്കു കൊണ്ടു വന്ന് ഫിറ്റ് ചെയ്യുക, ടിവിയിലെ കമ്മ്യേര്‍സ്യല്‍ ബ്രേക്ക് പോലെ ആവര്‍ത്തിക്കുന്ന ബോറന്‍ പരിപാടിയായിരുന്നു .
ബട്ടന്‍സിന്റെ അഹങ്കാരത്തില്‍ പൂരപ്പറമ്പില്‍ ഞെളിഞ്ഞു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.
പെട്ടെന്നാണത് സംഭവിച്ചത്.
നായന്മാരുടെ ആനക്കൊരിളക്കം.
നായന്മാരും അല്ലാത്തവരുമായ നാട്ടുകാര്‍ ജാതി മറന്ന് ജീവനില്‍ കൊതിയുള്ളവരായി,നാലുപാടും ചിതറി.
ഞങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും കൂട്ടം തെറ്റി.കൈതപ്പൊത്തിലൂടെ,പാടവരമ്പിലൂടെ,വേലിവിടവിലൂടെ,ഊടുവഴിയിലൂടെ,നാട്ടുപാതയിലൂടെ,മത്തപ്പാടത്തിലൂടെ ഞങ്ങള്‍ ഓട്ടം തുടര്‍ന്നു.
ഒരിക്കലും പിന്തിരിഞ്ഞു നോക്കിയില്ല.
തുമ്പിക്കൈയ്യിന്റെ തണുപ്പ്,കൊമ്പിന്റെ മൂര്‍ച്ഛ ഇതെല്ലാം ഓരോ നിമിഷത്തിലും ഞങ്ങള്‍ ശരീരത്തില്‍ പ്രതീക്ഷിച്ചു.
ഒടുവില്‍ കടല്‍ത്തിര മറ്റൊരു കൊമ്പനെപ്പോലെ  ഛിന്നംവിളിച്ചു വരുന്നത് കണ്ടപ്പോഴാണ് ഓട്ടം നിര്‍ത്തിയത്.
എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ വഴിമുട്ടി.

പിന്നില്‍ ആന.
മുന്നില്‍ കടല്‍,അതിനപ്പുറം ദുബായ്.

എന്തുചെയ്യണം?
തൊട്ടടുത്ത ചായപ്പീടികയില്‍ നിന്നും ഒരു മുസ്ല്യാര്‍ മുറുക്കിച്ചുവപ്പിച്ച് ഇറങ്ങിവന്ന് കളിയില്‍ ചോദിച്ചു.
ഇങ്ങള് ദുബായീക്ക് പോണോ കുട്ട്യോളെ........“
ഞങ്ങള്‍ കാര്യം പറഞ്ഞു.
ആനേനെ എപ്ലേ തളച്ച്,അല്ലേങ്കിത്തന്നെ ഞമ്മപ്പോലത്തെ ഒര് മൃഗല്ലേന്ന് ഓരും.“
നാണക്കേടിനേക്കാള്‍ ആനയില്‍ നിന്നും രക്ഷപ്പെട്ടതിന്റെസന്തോഷമായിന്നുന്നു ഞങ്ങള്‍ക്ക്.
മുസ്ല്യാരുടെ വാക്കിലെ തമാശ പോത്തുപോലെ വളര്‍ന്നതിന് ശേഷമാണ് തിരിഞ്ഞത്.

5 comments:

മണിലാല്‍ said...

ആനയെ എപ്ലേ തളച്ച്,അല്ലേങ്കി തന്നെ ഞമ്മപ്പോലത്തെ മൃഗല്ലേന്ന് ഓര്........

മുസാഫിര്‍ said...

ഓ അങ്ങിനെയാ‍ണ് ദുബായില്‍ ഒരു പാ‍ട് തൃശ്ശൂര്‍ക്കാര് വന്നത് അല്ലെ ?

Visala Manaskan said...

"അഴിഞ്ഞു വീഴുന്ന നിക്കര്‍ മുകളിലേക്കു കൊണ്ടു വന്ന് ഫിറ്റ് ചെയ്യുക, ടിവിയിലെ കമ്മ്യേര്‍സ്യല്‍ ബ്രേക്ക് പോലെ ആവര്‍ത്തിക്കുന്ന ബോറന്‍ പരിപാടിയായിരുന്നു ." :)

"ബട്ടന്‍സിന്റെ “അഹങ്കാരത്തില്‍“ പൂരപ്പറമ്പില്‍ ഞെളിഞ്ഞു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.
പെട്ടെന്നാണത് സംഭവിച്ചത്" അതൊരു ഒന്നൊന്നര അഹങ്കാരം തന്നീ. എന്നും ട്രൌസറില്‍ മെയിന്‍ കുടുക്ക് വാഴാത്ത എനിക്കത് ശരിക്കും ഫീല്‍ ചെയ്യുന്നു. :)

:) സംഭവം മൊത്തത്തില്‍ അടിപൊളി!

ഓടോ:

നോം ഒരു തച്ചന്‍ ഫാന്‍. തച്ചന്‍! രസ്യന്‍ കവിത ചൊല്ലി‍, ഓടക്കുഴലന്‍ , ‍കരയില്‍ ഏറ്റം ഭംഗിയുള്ള കൈപ്പട യന്‍. വിക്ട്രോറിയയില്‍ പഠിക്കുമ്പോള്‍ തച്ചന്റെ പ്രശസ്ത ‘ര’ മനസിലേക്കായിരുന്നു ഞാന്‍ കോപ്പിചെയ്ത് വച്ചത്. ഇപ്ലും അങ്ങിനെ തന്നെ എഴുതുന്നു.

മോഹന്‍ ദാസ് മാഷ്, പുരാണത്തിന്റെ പേരില്‍ എന്നെ പുറത്തുതട്ടിയ കൊടകരയിലെ ഏക ആളാകുന്നു. പഞ്ചായത്തിനെക്കൊണ്ടാദരിപ്പിക്കേം എന്നെകൊണ്ട് മാവും വപ്പിക്കേം ചെയ്യിച്ചു.

ച്ചാല്‍, മാര്‍ജ്ജാരന്റെ സുഹൃത്തുക്കള്‍ എന്റെ അടുത്ത പ്രിയപ്പെട്ടവരാ.. ന്ന് പറയാരുന്നു.

കുഞ്ഞന്‍ said...

ഹഹ,, പുണ്യാഹത്തിന്റെ കാര്യം വായിച്ച് അന്തം വിട്ടിരിക്കാണ് ഞാന്‍.. ദൈവമേ ഇനിയും പുണ്യാഹം കിട്ടീരുന്നെങ്കില്‍ ആശിച്ചിരുന്നു..ഇനിയിപ്പോള്‍ ബ്ലാ..ബഹ് ഹൂ..മുഴുവന്‍ ഓക്കാനിച്ച് ഓക്കാനിച്ച് കൈയ്യിട്ട് ഛര്‍ദ്ദിക്കണം..!

മണിലാല്‍ said...

മുസാഫിര്‍,അങ്ങനെയാണ് തൃശൂര്‍ക്കാരുടെ ദുബായ് ഉണ്ടായത്,
വിശാലന്‍,ഒന്നുമല്ലെങ്കിലും നമ്മള്‍ തൃശൂര്‍ക്കാരല്ലെ.
കുഞ്ഞാ.....മൂത്ര ചികിത്സക്കും ശാസ്ത്രീയ അടി-തറയുണ്ടെന്ന് കോട്ടക്കല്‍ ആര്യവൈദ്യന്‍ പറഞ്ഞിട്ടുണ്ട്.


നീയുള്ളപ്പോള്‍.....