പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, June 27, 2008

കാലന്‍ കുടതൂക്കിയിട്ടതു പോലെ ഒരു ജീവിതം.


 കുത്തിച്ചുടാന്‍ എന്ന് ഞങ്ങള്‍ പറയും.
മറ്റിടങ്ങളില്‍ വേറെ പേരുകളായിരിക്കും.എന്തു പേരു വേണമെങ്കിലും നിങ്ങള്‍ക്കു വിളിക്കാം.കാരണം ഈ പറക്കുന്ന ജന്തു ഒരു  സത്യമാണ്.
ഞങ്ങള്‍ കളിച്ചു നടന്നിരുന്ന  അയല്‍ക്കാട്ടില്‍   ഈ ജീവികളെത്തും.
മരത്തിന്റെ നെറുകെയില്‍, കാല്‍നഖം കൊമ്പിലിറുക്കി തൂങ്ങിക്കിടക്കും,മഴക്കാലത്തെ കുടപ്പീടികകള്‍ പോലെ ഞങ്ങളുടെ സ്വന്തം കാട്,കളിവീട്.അന്നൊക്കെ ഞങ്ങളുടെ നോട്ടം മുകളിലേക്കാണ്,ഇന്നത്തെ എല്ലാ മനുഷ്യരേയും പോലെ.
ഇവയെക്കാണുമ്പോള്‍ സ്വന്തം മുഖച്ഛായ തോന്നുന്നുവെങ്കില്‍ നിങ്ങളുടെ സൌന്ദര്യത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.
അതിന്റെ മുഖം മനുഷ്യമുഖം പോലെയാണ്.തൃശൂര്‍ക്കാരുടെ ഭാഷയില്‍ ഒരു ജാതി മനുഷ്യമുഖം.
പക്ഷെ മനുഷ്യനുമല്ല മൃഗവുമല്ല,അതൊരു പക്ഷി മാത്രമാണ്.
പക്ഷി മാത്രവുമല്ല,കാലന്റെ പൈലറ്റ് വാഹനമെന്നാണ് ചെറുപ്പം മുതല്‍ ഞങ്ങള്‍ ഇവറ്റയെപ്പറ്റി കേട്ട കഥകള്‍.
പകല്‍ സഞ്ചരിക്കാറില്ല,  ഇവക്ക് പകല്‍ കണ്ണുകാണില്ല.എന്തെല്ലാം കഥകള്‍  .അല്ലെങ്കില്‍ സത്യം.
കുത്തിച്ചുട്.....കുത്തിച്ചുട് എന്ന് വായിച്ചെടുക്കാവുന്നതരം ശബ്ദമുണ്ടാക്കും,അതും രാത്രിയില്‍.
അസുഖമായി നാട്ടില്‍ അരെങ്കിലും കിടക്കുന്നുണ്ടെങ്കില്‍ ഈ കുത്തിച്ചുടാന്‍ ശബ്ദത്തിന് തുടര്‍ച്ചയയി നാട്ടുകാരില്‍ നിന്നും  ആശങ്കയോടെയുള്ള ഒരു   വര്‍ത്തമാനവും വരും.
“ആര്‍ക്കുള്ളതാണാവോ..... ഈശ്വരാ‍.....“
മുത്തി ചത്ത് കട്ടില്‍ ഒഴിയാന്‍ കാത്തിരിക്കുന്നവര്‍ കുത്തിച്ചുടാന്‍ ശബ്ദം കേട്ട് കോള്‍മയില്‍ കൊള്ളും.
ഇടക്കിടക്ക് കട്ടിലിലില്‍ കിടക്കുന്ന കരിമ്പടത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ നിലച്ചുപോയോ എന്ന് എത്തിനോക്കും.അന്ന് വാര്‍ദ്ധക്യവും രോഗവുമായി ബന്ധപ്പെട്ടതാണ് കരിമ്പടം.
“വന്ന് വന്ന് കുത്തിച്ചുടാനേം വിശ്വസിക്കാന്‍ പറ്റാണ്ടായിന്നാ തോന്നണേ“
ചിലര്‍ പറയും.
രോഗിയാണെങ്കിലോ?
“ഈ പണ്ടാരത്തിന് വേറെ പണിയില്ലേ ,നാശം.....ഈ നേരത്ത് ?“
എന്ന് പ്രാകും.
എന്തായാലും ജനനത്തിനും മരണത്തിനുമിടയിലെ യാത്രക്കുള്ള  കാലന്‍ കുട പോലെ കുത്തിച്ചുടാന്‍ മരത്തില്‍ തൂങ്ങിക്കിടന്നു.
ആയിടക്കാണ് ആലപ്പാടന്‍ ജോര്‍ജ് എന്ന നായാട്ടുകാരന്‍ ഞങ്ങളുടെ നിഷ്കളങ്കമായ ഗ്രാമത്തില്‍ ഇരട്ടക്കുഴല്‍ തോക്കുമായി പ്രവേശിക്കുന്നത്.പിന്നീടാ കാഴ്ച കണ്ടത് മൃഗയാ എന്ന സിനിമയിലാണ്,മമ്മൂട്ടിയിലൂടെ.
ആദ്യം വിരണ്ടു  ഓടിപ്പോയ ഞങ്ങള്‍ കുളത്തിലെ ചണ്ടി പോലെ അകറ്റിയതിനും വേഗത്തില്‍ ആലപ്പാടനു ചുറ്റുംകൂടി. അയാളെ ശ്വാസം മുട്ടിച്ചു,ഒരു വെടിവെപ്പ് കണ്ടിട്ടു തന്നെ കാര്യം എന്ന  ആരാധനയോടെ.(ആലപ്പാടന്‍ താമസം അക്കരെയായിരുന്നെങ്കിലും കച്ചവടവും കവിതയും ഇക്കരെയായിരുന്നു.കവിയും പത്രപ്രവര്‍ത്തകനുമായിരുന്നു ആലപ്പാടന്‍ .അന്നത്തെ അപൂര്‍വ്വം സര്‍വ്വീസുകളില്‍    ഒന്ന്  എം.ആര്‍.രാമന്‍ എന്ന ബസായിരുന്നു.അത് ഇടക്കിടക്ക് മറിയും.ബസ് മറിയേണ്ട ഒരു വാഹനമായതിനാലും  അധികം ബസില്ലാത്തതിനാലും എല്ലാ മറിച്ചിലും എം.ആര്‍.രാമന്‍ തന്നെ നിര്‍വ്വഹിച്ചു പോന്നു.(പിന്നെയാ‍ണ് ന്യൂ സ്വരാജ് ,പറത്താട്ടില്‍ എന്നിങ്ങനെ ബസുകള്‍ ഓടാനും മറിയാനും തുടങ്ങിയത് .)


അതിനെ പറ്റി ആലപ്പാടന്‍ എഴുതിയ കവിത നിത്യസുന്ദരമായ ഒന്നായിരുന്നു.’എല്ലാ വണ്ടീം റോട്ടീക്കൂടെ,എം.ആര്‍.രാമന്‍ തോട്ടീക്കൂടെ’എന്നായിരുന്നു ആ കവിത തുടങ്ങുന്നത്.അതിനേക്കാള്‍ ഭയങ്കര കവിതയായിരുന്നു ആലപ്പാടന്‍ പീടികക്കു മുന്നില്‍ എഴുതിവെച്ച ബോര്‍ഡ്.“ സ്കൂള്‍ പുസ്തകങ്ങള്‍ ,പടക്കം,ഗുണ്ട്,സിമന്റ് “ എന്നിവ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും. അന്ന് കവിത എന്നൊക്കെ കേള്‍ക്കുന്നതു തന്നെ ഭയങ്കരമായ  പ്രശ്നമായിരുന്നു.(സത്യന്‍ വഴിനടക്കല്‍ എന്ന സത്യേട്ടന്‍ ആയിരുന്നു ഞങ്ങളുടെ മറ്റൊരു കവി.) ഇപ്പോള്‍ കവിത അതിനേക്കാള്‍ ഭയങ്കര പ്രശ്നമാണെന്ന് ഫെയിസു ബുക്ക് തുറക്കുമ്പോള്‍ തോന്നുന്നുമുണ്ട്.
ആലപ്പാടന്‍ നിലത്തിരുന്ന് തിര നിറക്കുന്നത് കാണാന്‍ വന്‍ പുരുഷാരമാണ് എത്തിച്ചേരുക.
അതൊരു കാഴ്ച തന്നെയാണ്.
ചെങ്കല്‍പ്പൊടി,ചകിരി,സൈക്കിള്‍ ബോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ തുണിസഞ്ചിയില്‍ നിന്നും ആദ്യം പുറത്തെടുക്കും.തെരുവു കച്ചവടക്കാരെ പോലെ അതെല്ലാം ഓരോന്നായി നിരത്തിവെക്കും.
ആദ്യം ചകിരി കുത്തി നിറക്കുന്നു.അരലോഡ് ചെങ്കല്ല് അതിന്മേല്‍ ഇടിച്ച് നിറക്കുന്നു.
പിന്നെ അതിനു മീതെ കുറച്ച് വെടിമരുന്ന്.വിലകൂടുതലുള്ളതിനാല്‍ ആവശ്യത്തിനു മാത്രം.
അതിനും മീതെ വീണ്ടും അര ലോഡ് ചെങ്കല്ല് എന്നിങ്ങനെ രണ്ടു വല്ലി കൂലിക്കുള്ള അദ്ധ്വാനത്തിനു ശേഷമാണ് കുത്തിച്ചുടാനു നേരെയുള്ള ഉന്നം വെക്കല്‍  .ഒന്നിനെ ഉന്നം വെക്കേണ്ടതില്ലെന്ന് പിന്നീട് മനസ്സിലായി.കൂട്ടത്തിലേക്കുള്ള  അന്തവും കുന്തവുമില്ലാത്ത കല്ലെറിയലാണ് ആലപ്പാടന്റെ വെടിവെപ്പെന്ന് മനസ്സിലായി.ഏതെങ്കിലും ഒന്നിന്റെ മണ്ടക്ക് കൊള്ളും,അത്ര തന്നെ.
പക്ഷി നിലമ്പരിശായാല്‍ അതിനെയും തൂക്കി ആലപ്പാടന്‍ സ്ഥലം വിടും.ഞങ്ങള്‍ വായില്‍ വെള്ളമൊലിപ്പിച്ചങ്ങനെ കുറച്ചു നേരം നില്‍ക്കും.
അന്ന് നോക്കുകൂലി നിലവില്‍ വന്നിട്ടില്ലായിരുന്നു.
(ലോകത്തിലെ ബെസ്റ്റ് ഇറച്ചി എന്നാണ് ആലപ്പാടന്‍ കുത്തിച്ചുടാന്റെ ഇറച്ചിയെ വായില്‍ വെള്ളം നിറച്ച് പ്രകീര്‍ത്തിക്കുക)
തോക്കും തിരയുമില്ലാത്ത വെറും കയ്യോടെ  നെഞ്ചും വിരിച്ച് നടന്ന ഞങ്ങളുടെ ചേട്ടന്മാര്‍ തലപുകഞ്ഞു.
എങ്ങനെയെങ്കിലും കുത്തിച്ചുടാന്‍ ഇറച്ചി തിന്നണം.
ഒടുവില്‍ ഒരു വഴി തുറന്നുകിട്ടി.
വായ് കീറിയ ദൈവം കുത്തിച്ചുടാനെ പിടിക്കാന്‍ ഒരു വഴികാട്ടാതിരിക്കുമോ.
കല്ല് ,കവണ ,കുറുവടി,(അന്ന് മെറ്റല്‍ പ്രചാരത്തിലില്ല) തുടങ്ങിയ മാരകായുധങ്ങളുമായി അവര്‍ ഇറങ്ങിത്തിരിച്ചു.ലോഹി,പ്രതാപന്‍,ആനന്ദന്‍,മധു,കുട്ടാപ്പി,തിലകാജി,ഗോപി,ചിത്രാജി,ഉദയന്‍, ബക്കര്‍, വാസണ്ണന്‍(വാസു,ലോഹി,തിലകാജി എന്നിവര്‍ ഇന്നില്ല) എന്നിങ്ങനെയുള്ള  ചേട്ടായീസായിരുന്നു വേട്ടക്കു മുന്നില്‍ .പ്രായത്തില്‍ ബി ടീമായ ഹര്‍ഷന്‍, രാമു,രവി,പ്രദീപ്,ലാല്‍ എന്നിങ്ങനെ വേറേയും.ഡോക്ടറായി വളര്‍ന്ന സജീവ്,ഉദയാപ്പി എന്നിവരുടെ പേരിതില്‍ ചേര്‍ക്കുന്നില്ല.
ചാഞ്ഞ തെങ്ങും അതില്‍ നിന്നും വെള്ളത്തിലേക്കുള്ള ചാട്ടവുമായിരുന്നു അന്നത്തെ കുട്ടികളുടെ വാട്ടര്‍ തീം പാര്‍ക്ക്.ഈ സന്തോഷങ്ങള്‍ മടുത്തിരിക്കുമ്പോഴാണ് കുത്തിച്ചുടാന്‍ വേട്ടക്ക് സീനിയേര്‍സിന്റെ പുറപ്പാട്.
മറ്റു സന്തോഷങ്ങള്‍ക്കായ് കാത്തിരുന്ന ഞങ്ങളും കുത്തിച്ചുടാന്‍ വേട്ടയില്‍ ചേട്ടന്മാര്‍ക്കൊപ്പം ചേര്‍ന്നു.
വണ്‍ ....  ടൂ.....ത്രീ എന്ന് നിലവിളിക്കുമ്പോള്‍ നൂറോളം വരുന്ന സംഘം കുത്തിച്ചുടാനെ ഒത്തൊരുമിച്ച് കല്ലെറിയും.ഏതെങ്കിലും കല്ല് കൊണ്ടാലായി,കൊണ്ടില്ലെങ്കിലായി.
നില്‍ക്കക്കള്ളിയില്ലാതെ മനുഷ്യന്‍ മതം മാറുന്നതുപോലെ കുത്തിച്ചുടാന്‍ പറന്ന് ഇരുന്ന  മരം മാറും.
കാഴചയില്ലാത്തതനിനാല്‍ ഒരൂഹം വെച്ചാണ് പറക്കല്‍.
അന്ധന് പിന്നാലെ അണികളായി ഇറച്ചിക്കൊതിയാല്‍ അന്ധരായ ഞങ്ങളും.
മനുഷ്യനും കുത്തിച്ചുടാനും തമ്മിലെ വര്‍ഗ്ഗീയ ലഹളയാണത്.
പറക്കുന്നതിനിടയില്‍ ഏതെങ്കിലും മരത്തിലിരിക്കാന്‍ തുടങ്ങിയാല്‍ കല്ലുമഴ മുകളിലേക്ക് പെയ്യും.ഇന്നത്തെ ക്രിക്കറ്റ് കളിയുടെ ഊക്കെല്ലാം അന്ന് കല്ലേറില്‍  പ്രകടമായിരുന്നു.

ഗതികെട്ട അന്ധന്‍പക്ഷി അടുത്ത മരത്തിലേക്കോ തെങ്ങിലേക്കോ ചിറകുയര്‍ത്തും.പിന്നാലെ ആള്‍ക്കൂട്ടവും.ഒരിടത്തും അതിനിരിക്കാന്‍ ഇടം കൊടുക്കാതെ കല്ലേറുമായി ഞങ്ങള്‍ പിന്തുടരും.


തോടുകള്‍,പുഴകള്‍,കായലുകള്‍,കുളങ്ങള്‍,കുറ്റിക്കാടുകള്‍, നെല്പാടങ്ങള്‍,മൊട്ടക്കുന്നുകള്‍,മത്തങ്ങാപ്പാടങ്ങള്‍,കൂര്‍ക്കത്തടങ്ങള്‍...... ഞങ്ങള്‍ പിന്നിട്ട ഭൂവിഭാഗങ്ങള്‍ എത്രയെത്ര.വിശാലമായ സ്ഥലങ്ങളിലേക്ക് കുത്തിച്ചുടാന്‍ പറക്കില്ല.കടല്‍ വരെയെത്തും തിരിച്ചു പറക്കും.ഞങ്ങള്‍ കടലില്‍ കാല്‍ നനച്ച് ഓട്ടത്തിന് ഊര്‍ജ്ജം സംഭരിക്കും. മേലോട്ടൊരു കണ്ണ്,താഴോട്ടൊരു കണ്ണ്.ഓടുന്ന വഴിയില്‍ സ്കൂളിലെ പെണ്‍കുട്ടികളുടെ വീടുണ്ടെങ്കില്‍ അവിടേക്കും ഒരു കണ്ണ്.അന്നെത്രയെത്ര കണ്ണുകളായിരുന്നു.അത്രക്ക് കാഴ്ചകളുമുണ്ടായിരുന്നു.


കുന്നിന്‍ മുകളില്‍ നിന്നൊരു ഭംഗി,താഴേക്ക് കുതിച്ചിറങ്ങുമ്പോള്‍ വേറൊരു ഭംഗി, അതില്‍ നിന്നിറങ്ങി മുകളിലോട്ടു നോക്കിയാല്‍ മറ്റൊരു ഭംഗി.ഓട്ടത്തിനിടയില്‍ ഇതും ഞങ്ങള്‍ അനുഭവിച്ചിരുന്നിരിക്കാം.(പിന്നീടാണ്   കുളം തൂര്‍ത്ത് കുന്നിടിച്ച് പുഴ വരട്ടി മരം വെട്ടി മനുഷ്യര്‍  ആധുനികനായത്) ഓട്ടത്തിനിടയില്‍ പാടത്ത് ഇടക്കാലവിളയായി പടര്‍ന്നു കിടക്കുന്ന വെള്ളരിക്കാ വള്ളിയില്‍ നിന്നും ഇളംവെള്ളരികള്‍ ഞങ്ങള്‍ കൈക്കലാക്കും. ദാരിദ്ര്യം പൊതുകാര്യമായ അന്ന് ഇതൊന്നും കളവായി പരിഗണിച്ചിരുന്നില്ല.അന്ന് പോലീസ് സ്റ്റേഷനും എത്രയോ ദൂരത്തായിരുന്നു.പക്ഷിയെപ്പറ്റി പറഞ്ഞ് പോലീസിലെത്തുന്നത് ഏതൊരു കോടതിയും ന്യായീകരിക്കില്ല.പക്ഷിയിലേക്ക് തിരിച്ചു വരാം.

ഒടുവില്‍ ചിറകുശേഷി നഷ്ടപ്പെട്ട് ഏതെങ്കിലും മരത്തില്‍ സഖാവ് കുത്തിച്ചുടാന്‍ തളര്‍ന്നിരിക്കുമ്പോള്‍ കൂട്ടത്തില്‍ മരംകേറിയും സാഹസികനുമായ ഒരാള്‍ മരത്തില്‍ കയറി അതിനെ പിഞ്ചിക്ക് പിടിച്ച് താഴെയിറക്കും.


കുത്തിച്ചുടാനെയും കൊണ്ടുള്ള ആ ഇറങ്ങിവരവ് കാര്‍ഗിലിലോ സുവര്‍ണ്ണക്ഷേത്രത്തിലൊ    ഓപ്പറേഷന്‍ നടത്തി വരുന്ന ജേതാവിന്റെ മട്ടിലായിരിക്കും.
അതിന്റെ കൊക്കിലോ നഖത്തിലോ കയ്യെങ്ങാന്‍ പെട്ടാല്‍  പ്രേമത്തില്‍ മതിമറന്ന കാമുകിയുടെ പിടുത്തം പോലെയായിരിക്കും,
 ഊരിപ്പോരാന്‍ പെടാപ്പാട് തന്നെ ചെയ്യണം.
കുത്തിച്ചുടാനെ കയ്യില്‍ കിട്ടുന്നതിനു മുമ്പേ പഞ്ചായത്തിന്റെ പത്തുപതിനഞ്ച് വാര്‍ഡുകള്‍ താണ്ടി അടുത്ത പഞ്ചായത്തിലേക്ക് വരെ ഞങ്ങള്‍ അധിനിവേശ സംഘം ചെന്നു കയറും.അന്നൊന്നും വീടുകള്‍ക്ക് മതിലു പോയിട്ടു വേലികള്‍ തന്നെ വിരളം.  വേലികള്‍ ചാടാനുള്ള പരിശീലനം അന്നേ പരിശീലിച്ചവരായിരുന്നു അന്നത്തെ ഞങ്ങള്‍.
കുത്തിച്ചുടാന്‍ ഇറച്ചിയുടെ രുചിയും ഞങ്ങള്‍ അറിഞ്ഞു.
നാട്ടിലെ സാമൂഹ്യജീവിതം പിശകുന്നതും ഇവിടം മുതലാണ്.
 മാനിഷാദാ എന്ന് പഠിപ്പിച്ച കവിയുടെ പിന്‍ തലമുറക്കാരനായ  ആലപ്പാടനും കവികളല്ലാത്ത ഞങ്ങളുടെ ചേട്ടന്മാരും കൂടി കുത്തിച്ചുടാന്‍ സമുദായത്തെ ചുട്ടുതിന്ന് നശിപ്പിച്ചതോടെ നാട്ടില്‍ മരണസൂചികയില്‍ കുത്തനെ ഇടിവുണ്ടായി.


സ്വാഭാവികമായും വൃദ്ധരും നിത്യരോഗികളുമായവര്‍ ആശ്വസിക്കുകയും     തദ്വാര ഇവരുടെ മരണം കാത്തിരുന്നവര്‍ ഹതാശയരാവുകയും ചെയ്തു.
മരണസമിതി ഭാരവാഹികളാകാന്‍ ആളില്ലാതായി.
അടിയന്തിരങ്ങള്‍ കുറഞ്ഞു,സദ്യകളില്ലാതെ നാട്ടുകാര്‍ വലഞ്ഞു.കക്കകള്‍ നാടുവിട്ടു പോകാന്‍ തുടങ്ങി.ശവമടക്കുകാര്‍ ജോലിയില്ലാതെ ജീവച്ഛവങ്ങളെപ്പോലെയായി.
ഗതികെട്ട നാട്ടുകാര്‍ യോഗം ചേര്‍ന്ന് കുത്തിച്ചുടാനെ വെറുതെ വിടാനും ജനജീവിതം സ്വാഭാവികമാക്കാനും കര്‍ക്കശമായ തീരുമാനമെടുത്തു.
ആലപ്പാടനും ചേട്ടന്മാരും പിന്‍ വാങ്ങിയതോടെ മഴക്കാലത്തെ കുടപ്പീടികള്‍ പോലെ സജീവമായി ഞങ്ങളുടെ കാടുകള്‍ .
 ആവിയായിപ്പോയവരുടെ പേരു വെട്ടാന്‍ റേഷന്‍കാര്‍ഡുമായി താലൂക്കാഫീസില്‍ നാട്ടുകാര്‍ വീണ്ടും ക്യൂ നില്‍ക്കാന്‍ തുടങ്ങിയതും ഇതേ കാലത്തായിരുന്നു.

6 comments:

മണിലാല്‍ said...

കുട ഞാത്തിയിട്ടതു പോലെ ഒരു ജീവിതം.

ജിജ സുബ്രഹ്മണ്യൻ said...

കുറ്റിച്ചുളാന്‍ എന്നു ഞങ്ങളും പറയും ഇതിനെ..ഇതിന്റെ ഒച്ച രാത്രി കേല്‍ക്കുമ്പോള്‍ പേടി ആണ്..ആരുടെ മരണം അറിയിക്കാന്‍ വന്നതാണ് എന്നോര്‍ത്ത്..കൊച്ചു കുഞ്ഞുങ്ങള്‍ ഒക്കെ ഉള്ള വീടു ആണെങ്കില്‍ സന്ധ്യ ആകുമ്പോഴെക്കു കുഞ്ഞിനെ അകത്തു കയറ്റണം എന്നു പറയും ..മുറ്റത്തൂടെ കുഞ്ഞിനേം കൊണ്ടു നടക്കാ‍ന്‍ തന്നെ സമ്മതിക്കാറില്ല..ഇപ്പോള്‍ ഈ പക്ഷി ഒന്നും ഇല്ലാ എന്നു തോന്നുന്നു...

Unknown said...

നന്നായി. ഇതു പോലെ ഒരു പാടു ജീവികൽ നമ്മുടെ ഭൂതകാലങലിൾ നമ്മെ വേട്ടയാടിയിരുന്നു. ഇപ്പോൽ ഇതാ ഇവിടെ വയൽക്കരയിൽ തവളകളുടെയും ചിവീടുകളുടെയും സംഗീതവിരുന്നാണു.

സസ്നേഹം

മണിലാല്‍ said...

റേഷന്‍ കാര്‍ഡില്‍ നിന്നും പേരു വെട്ടാന്‍ നാട്ടുകാര്‍ താലൂക്കാഫീസില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി

മണിലാല്‍ said...

അന്ന് നോക്കുകൂലി നിലവില്‍ ഇല്ലായിരുന്നു.

Mukundanunni said...

kalan kuda thookiyidunnu
kalankuda thookiyidunnu

rasamundu


നീയുള്ളപ്പോള്‍.....