ഓണമല്ലാതെ മറ്റൊന്നും കയറിവരാത്ത ഒരു കുറുക്കന്‍ പാറ,അതായിരുന്നു ഞങ്ങളുടെ നാട്.
കൃഷിക്കരന്റെ താഢനമേറ്റില്ലെങ്കിലും വളരുന്ന കശുമാവ്.
അതില്‍ നിന്നുള്ള അണ്ടി,പിന്നെ നാളികേരം,അടക്ക,നെല്ല് തുടങ്ങിയവയായിരുന്നു നാട്ടിലെ കൃഷീവലന്മാരെ നിലക്ക് നിറുത്തിയത്.
മാനം കറുത്താല്‍ മനസ്സിടിയുന്ന കര്‍ഷകരും ഇരുട്ടിനെ കാത്ത കള്ളന്മാരുമുള്ള ചിന്ന നാട്.
കള്ളന്മാരുള്ളതിനാല്‍ നാട്ടില്‍ എല്ലാറ്റിനുമൊരു അടുക്കും ചിട്ടയുമുണ്ടായിരുന്നു.
കള്ളന്മാരില്‍ കാരണവര്‍ സ്ഥാനം കൊച്ചു വേലായുധനായിരുന്നു.
ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണം പോലെ തുറന്ന ജീവിതമായിരുന്നു കൊച്ചു വേലായുധന്റെത്.
കളവില്‍ ചതിയില്ല എന്ന പ്രമാണത്തില്‍ അടിയുറച്ച് കശുവണ്ടി,നാളികേരം,അടക്ക,മത്തന്‍ തുടങ്ങിയ ജംഗമവസ്തുക്കളെ പ്രേമിച്ച് സ്വന്തമാക്കുന്ന വിജയിച്ച കാമുകന്‍.
ദൈവം സൃഷ്ടിച്ച വസ്തു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വെക്കുന്നു എന്ന് കളവിനെ ന്യായീകരിച്ച കൊച്ചുവേലായുധന്‍ കൊച്ചു ദാര്‍ശികനും കൂടിയായിരുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരിക്കല്‍ കൊച്ചു ഒരു മോഷണം നടത്തി.
അതിന്റെ പേരിലാണ് കൊച്ചു ചരിത്രത്തിലേക്ക് തളപ്പില്ലാതെ വലിഞ്ഞു കയറുന്നത്.
രാവിലെ വയല്‍ക്കരയില്‍ തോട്ടിലേക്ക് ചാഞ്ഞുകിടന്ന ചമ്പത്തെങ്ങില്‍ കാജ ആഞ്ഞുവലിച്ച് ചെരിഞ്ഞിരുന്ന് തൂറുകയായിരുന്നു കൊച്ചു.
താഴെ മീനുകള്‍ ഭക്ഷണത്തിനായി കലഹിക്കുന്നതിന്റെ പശ്ചാത്തല സംഗീതത്തില്‍ കൊച്ചു എന്ന കൊച്ചുകള്ളന്‍ തെങ്ങിന്‍ കുലകളിലേക്ക് കൊതിയോടെ നോക്കി.
കുളക്കോഴികള്‍ വെള്ളത്തില്‍ മുങ്ങിനിവരുന്നതും കണ്ടു.
ചിരി കേട്ടിടത്തേക്ക് കുണ്ടി തിരിച്ച് നോക്കിയപ്പോള്‍ വല്ലവും അരിവാളുമായി കാര്‍ത്തി.
പുല്ലരിയാന്‍ കണ്ട നേരം.
മനസ്സമാധാനത്തോടെ തൂറാന്‍ പോലും അനുവദിക്കില്ല.
അരിശം തോന്നിയെങ്കിലും.......
പിന്നെ കൊച്ചുവിന് ഇതേ നേരത്ത് എന്നും തൂറാന്‍ മുട്ടി.
വല്ലവും അരിവാളുമായി കാര്‍ത്തു നാടൊടി നൃത്തം ചവിട്ടി.
അതൊരു ലോഹ്യത്തിന്റെയും തദ്വാര വ്യത്യസ്തമായ ഒരു കളവിന്റെയും തുടക്കമായിരുന്നു.
കരിക്കു മൂത്ത് നാളികേരമാകുന്നത് പോലെ കാര്‍ത്തിയെ കാത്തുവെക്കാന്‍ കൊച്ചുവിനായില്ല.
വിളഞ്ഞവിത്താണ്.
സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
വല്ലം തോട്ടിലേക്കെറിഞ്ഞ് അരിവാള്‍ ഉയര്‍ത്തി കൊച്ചുവും കാര്‍ത്തിയും ശപഥം ചെയ്തു.
ഇരുട്ടും കള്ളനും പോലെ നമ്മളൊന്നാണെന്ന്!
തന്നെ കാത്തിരിക്കുന്ന തെങ്ങുകളെയും കവുങ്ങുകളെയും മറന്ന് അന്നുരാത്രി കൊച്ചു കാര്‍ത്തുവിന്റെ വീട്ടിലെത്തി.
ചേറ്റുവക്കിലെ ചെറ്റപ്പുരയാണ്.
ചെറ്റയുടെ ചാരെനിന്ന് കൊച്ചു കാര്‍ത്തിയുടെ നിശ്വാസത്തിനായി ചെവിയോര്‍ത്തു.
കൂര്‍ക്കം വലിയും ഞെരക്കങ്ങളും ചേര്‍ന്ന് മൃഗശാലയെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദം മാത്രം കേട്ടു.
കാര്‍ത്തി മാത്രം കേള്‍ക്കാന്‍ പാകത്തില്‍ കള്ളച്ചുമ ചുമച്ചു.
പ്രതികരണമില്ല.
അരയില്‍ നിന്നൂരിയ കത്തികൊണ്ട് ചെറ്റവാതിലിന്റെ കയര്‍ ചെത്തി.
വാതില്‍ മാറ്റിവെച്ചു.
അകത്തെ കാഴ്ച്ച കണ്ട് കൊച്ചു കോരിത്തരിച്ചു,നിരനിരയായി പത്തിരുപതുപേര്‍.
ഇത്രേം വലിയ കുടുംബത്തില്‍ നിന്നും പെണ്ണു കക്കാനും വേണം ഒരു ഭാഗ്യമൊക്കെ.
ഒരു ചുമ പൊങ്ങി.
കാര്‍ത്തുവിന്റെ ക്ഷയം പിടിച്ച തന്തപ്പിടിയായിരുന്നു.
ജാരനെപ്പോലെ പതുങ്ങി അയാള്‍ കാര്‍ത്തുവിന്റെ മുഖം പരതി.
ഒരു രക്ഷയുമില്ല.
എല്ലാം ഏതാണ്ട് ഒരമ്മ പെറ്റപോലെ ഒരേ മുഖഭാവത്തില്‍.
ശബ്ദമുണ്ടാക്കാതെ തീപ്പെട്ടി കത്തിച്ചു.
തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും യാരോ ഒരാള്‍ കാജാബീഢി കത്തിച്ചു പിന്‍ വലിഞ്ഞത് കൊച്ചുവിനെ ഒന്നു ഞെട്ടിച്ചു.
വെളിച്ചത്തില്‍ കൊച്ചു കാര്‍ത്തുവിന്റെ മുഖം കണ്ടു.
പരിസരം ഒന്നു വീക്ഷിച്ച ശേഷം വിളിച്ചുണര്‍ത്താതെ ബലിഷ്ടമായ കൈകളില്‍ കാര്‍ത്തുവിനെ എടുത്തുയര്‍ത്തി.
വേതാളത്തെ പോലെ പുറത്തിറങ്ങി ഇരുട്ടിലേക്ക് നടന്നു.
ചുമലില്‍ കിടക്കുന്ന മോഷണവസ്തുവില്‍ അയാള്‍ക്കഭിമാനം തോന്നി.
ഇതെന്തൊരു മയക്കമാണ്?
“ആനമയക്കി”അയാള്‍ അവളെ സ്നേഹത്തോടെ വിളിച്ചു.
പാലത്തില്‍ അയാള്‍ നിന്നു.
മൊതലിനെ കൈവരികളില്‍ കിടത്തി.
ഒരു ഞെരക്കം.
പിന്നെ ഒരു നിലവിളിയും.
കൊച്ചു വായ് പൊത്തി.
ഇതു ഞാനാടീ...നിന്റെ കൊച്ചു....
അയ്യോ ചേട്ടാ....ഞാന്‍ കാര്‍ത്തിയല്ല.....കൌസുവാ.......
കൊച്ചു അന്തം വിട്ടുനിന്നു.
കൊച്ചുവിന്റെ മനോവിചാരം വായിച്ചിട്ടെന്നപോലെ കൌസു പറഞ്ഞു.
ഇനി എന്തു ചെയ്യും ചേട്ടാ....
അതു തന്നെയാ ഞാനും ആലോചിക്കുന്നത്?
കൈയ്യില്‍ കിട്ടിയതിനുശേഷം ആവശ്യമില്ലാത്തതാണെന്നറിഞ്ഞാലും തിരിച്ചുകൊണ്ടു വെക്കേണ്ട ഗതികേട് ഒരിക്കലും ഉണ്ടയിട്ടില്ല.
എന്തായാലും ഇത്രേമെത്തിയില്ലെ...നമുക്കൊരുമിച്ച് പൊറുക്കാം ചേട്ടാ....
നിന്റെ ചേച്ചിക്ക് വെഷമാവില്ലെ?
കാര്‍ത്തി ഇതൊന്നും ഒരു പുരാതിയായിട്ട് പറയില്ല ചേട്ടാ....അവളൊരു കേമിയാ....വേറൊരുത്തന്റെ മേല്‍ ചായാന്‍ അവള്‍ക്കധികം സമയൊന്നും വേണ്ട ചേട്ടാ.....വല്ലവും അരിവാളുമായി ഒന്നിറങ്ങിയാല്‍ മതി.
കൌസുവിന്റെ അവനവനിസം ഫിലോസഫിയില്‍ കൊച്ചുവീണു.
ഇരുട്ടില്‍ അവര്‍ ഉരുകിയൊലിച്ചു.
എല്ലാ ഭാര്യമാരെയും പോലെ കള്ളന് കഞ്ഞി വെച്ചും ക്ലാസ് തിരിച്ച് കുട്ടികളെ ഉല്പാദിപ്പിച്ചും ഉത്തമ ഭാര്യയായി അരി(മരണം)യെത്തും വരെ കൌസു ജീവിച്ചതും ചരിത്രം.
കാര്‍ത്തുവിനെ കാണുമ്പോഴൊക്കെ പോലീസിന്റെ മുന്നില്‍ പെട്ടതു പോലെ കൊച്ചു ചുരുണ്ടുകൂടിയതും ചരിത്രം.
9 comments:
മാനം കറുത്താല്‍ കൃഷിക്കാരന്റെ മനസ്സു കറുക്കുന്നതുപോലെ,മാനം കറുത്താല്‍ കള്ളന്‍ കൊച്ചുവിന്റെ മനസ്സ് നിറയും.
കൌസു കൊള്ളാം..!
ഏതൊരു ഭാര്യയേയും പോലെ കള്ളന് കഞ്ഞിവെച്ച് കൌസു ജീവിത ദൌത്യം നിറവേറ്റി.
കള്ളന്മാരായാല്‍ ഇങ്ങനെ വേണം...ഹ ഹ..
സസ്നേഹം,
ശിവ.
ഗുണപാഠം:പെണ്ണുകക്കാന്‍ പോകുമ്പോള്‍ ടോര്‍ച്ചെടുക്കണം.
അയല്‍പക്കങ്ങളില്‍ നിന്നു വന്നവരാണോ ഈ ജോടികള്‍?
അങ്ങിനെയെന്കില്‍ കുറച്ചു ശ്രദ്ധിക്കുക. ബന്ധുക്കളിലും വായനക്കാര്‍ ഉണ്ട്...
എല്ലാ ഭാര്യമാരെയും പോലെ കള്ളന് കഞ്ഞി വെച്ചും ക്ലാസ് തിരിച്ച് കുട്ടികളെ ഉല്പാദിപ്പിച്ചും ഉത്തമ ഭാര്യയായി അരി(മരണം)യെത്തും വരെ കൌസു ജീവിച്ചതും ചരിത്രം.
എല്ലാ ഭാര്യമാരെയും പോലെ കള്ളന് കഞ്ഞി വെച്ചും ക്ലാസ് തിരിച്ച് കുട്ടികളെ ഉല്പാദിപ്പിച്ചും ഉത്തമ ഭാര്യയായി അരി(മരണം)യെത്തും വരെ കൌസു ജീവിച്ചതും ചരിത്രം.
:)
Post a Comment