പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, August 14, 2008

ലാന്റ് ഫോണ്‍ കാലത്തെ പ്രണയം

അന്നത്തെ റിങ്ങിന് ലോകോത്തര സംഗീതത്തിന്റെ വിലയും നിലയുമായിരുന്നു.
ഫോണ്‍ അപൂര്‍വ്വമായിരുന്നു.
ഫോണുള്ള വീട്ടില്‍ ജനിച്ചാല്‍ ഓട്ടത്തിലും വേലിചാട്ടത്തിലും അവന്‍ ഒന്നാമനാകും.
ഫോണ്‍ സന്ദേശമെത്തിക്കാനും ആളെ വിളിച്ചു കൊണ്ടു വരാനും അവന് ഇരിക്കപ്പൊറുതിയുണ്ടാവില്ല.

ലാന്‍ഡ് ഫോണുകളില്‍ വെളുത്ത പല്ലുകളുള്ള കറുത്ത ഭീകരന്മാരും അപൂര്‍വ്വം ചുവപ്പന്മാരും വാഴും കാലം.
ഹംസങ്ങള്‍ക്കും എസ്.എം.എസുകള്‍ക്കുമിടയിലെ നീണ്ട ഒരിടവേളയില്‍ രണ്ടു യുവതീയുവാക്കള്‍ കാണുകയും പ്രണയത്തിന്റെ ദുര്‍ഘടങ്ങളിലേക്ക് വീഴുകയും ചെയ്തു.
പ്രണയത്തിന് ഇന്നത്തെ പോലെ അന്നും മാര്‍ക്കറ്റ് കുറവ്.
(ജാരന്മാര്‍ ഇന്നത്തെപോലെ അന്നും സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ രാപ്പകല്‍ രാജ്യനന്മക്കായി പാടുപെട്ടുപോന്നു)
ഇരുപത്തിനാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്താലും മുളപൊട്ടാന്‍ നാല്‍പ്പത് ദിവസമെടുക്കുന്ന കാപ്പിക്കുരു പോലെ കടുപ്പമാണ് അന്നത്തെ പ്രണയം.
കത്തെഴുത്തിലും കണ്ണേറിലുമൊതുങ്ങുന്നു,അന്നത്തെ പ്രണയസല്ലാപങ്ങള്‍.
മുടി മെടഞ്ഞിട്ടാല്‍ പ്രേമമുണ്ടെന്ന് നിശ്ചയം,അതെടുത്ത് മുന്നിലേക്കിട്ടാല്‍ എന്നോടാണെന്ന് തീര്‍ച്ച തുടങ്ങിയ കവിതാശകലങ്ങള്‍ പാടി തേരാപ്പാര നടക്കുക തന്നെ.

പക്ഷെ നമ്മ കഥാനായകര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു.
രണ്ടുപേരുടെയും വീട്ടുകാര്‍ രണ്ടു നിലകളുള്ള വീട്ടിലായിരുന്നു പൊറുത്തത്.
വീടുകളില്‍ ഫൊണുണ്ടായിരുന്നു.
പിന്നെ രണ്ടു പേര്‍ക്കും സൌകര്യപ്പെട്ട ഒരു സമയം?
അതവര്‍ കണ്ടെത്തി.
ജാരന്മാര്‍ മാത്രം ജീവിക്കുന്ന സമയം.
രാത്രി പത്തുമണിക്ക് ശേക്ഷം എത്ര വരെ വേണമെങ്കിലും പോകാം.
അവര്‍ സംസാ‍രിച്ചു തുടങ്ങി.
മറ്റുള്ളവര്‍ക്ക് ഒരു രസവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ ചമച്ചു.
പിന്നെ യിലെ പി ഇംഗ്ലീഷിലും മലയാളത്തിലും ഒരെ ഉച്ചാരണമായതിനാല്‍ സംസാരത്തില്‍ വ്യത്യാസമുണ്ടാക്കിയില്ല.
മണിക്കൂറുകളോളം പ്രേമം പറഞ്ഞവര്‍ കിതച്ചു.
ഉണര്‍ന്ന് തൂറാനും പെടുക്കാനും വേണ്ടി മാത്രമവര്‍ ഉറങ്ങി.
മറ്റുള്ളവര്‍ക്ക് താല്പര്യമില്ലാത്ത കാര്യം എന്നു പറഞ്ഞത് ഇവിടെ പിന്‍വലിക്കുന്നു.
ഇവരുടേ സംസാരം ഒരാള്‍ക്ക് വളരെ താല്‍പ്പര്യപ്പെട്ടു.
പേര് സദാശിവന്‍.
ജോലി ടെലഫോണ്‍സില്‍, നൈറ്റ് ഡ്യൂട്ടി.
വെറുതെ നേരം പോയിക്കിട്ടാന്‍ കേബിള്‍ ചെപ്പിയില്‍ കുത്തി നോക്കിയതാണ്.
ഭയങ്കര രസം.
കൊതുകു കടിയേറ്റു കഴിയുന്നതിലും ഭേദമല്ലെ.
പ്രേമത്തിന് വേണ്ടി ചങ്ങമ്പുഴ വരെ പോകേണ്ടതുമില്ല.
കമിതാക്കളുടെ പേരു പറയാന്‍ വിട്ടുപോയി.
ഷാജഹാനും ഷെഹര്‍സദയും.
ഒരേ സമുദായക്കാര്‍.
കീറാമുട്ടിയില്ല.

പത്തുമണി കഴിഞ്ഞാല്‍ പ്രണയത്തിന്റെ പേരില്ലാക്കഥകള്‍, പൊള്ളക്കഥകള്‍ ആരംഭിക്കുകയായി.
പ്രണയം കേട്ടുകേട്ട് സദാശിവന്നായര്‍ ചേട്ടനും ഇരിക്കപ്പൊറുതിയില്ലാതായി.
അനുവദിക്കപ്പെട്ട ലീവ് പോലും അയാള്‍ വേണ്ടെന്ന് വെച്ചു.
കേബിള്‍ ചെവിയില്‍ കുത്തിയില്ലെങ്കില്‍ ജീവിതമില്ലെന്നായി.
മരണം വരെയെന്ന് പ്രതിജ്ഞ ചെയ്ത സ്മോളടി പോലും വേണ്ടെന്നായി,ഭാര്യയെ ചവിട്ടിക്കുത്താതായി.
ഇതിനിടെ പ്രണയം പുഷ്പിച്ച് പ്രതിസന്ധിയിലെത്തുകയും ചെയ്തു.
പെണ്‍കുട്ടിക്ക് നിക്കാഹൊരുക്കങ്ങള്‍.

(ഇനിയുള്ള ഭാഗം നേരില്‍ കേള്‍ക്കാന്‍ സുഹ്രുത്തുക്കളെ ഈ കേബിള്‍ ചെവിയില്‍ കുത്തിക്കയറ്റിക്കോളൂ,സൂക്ഷിച്ച് ...)

“ക്കിനി പിടിച്ചു നില്‍ക്കാനക്കൊണ്ട് കയീല്ല.“പെണ്‍കുട്ടി.
അപ്പുറത്ത് ഒരു ദീര്‍ഘനിശ്വാസം, പിന്നെ ശബ്ദം.“ഞമ്മ എന്തു ചെയ്യും“.
“ഞമ്മക്കൊളിച്ചോടാം“
ദുനിയാവിന്റെ ഏതു മുക്കിലേക്കു വിളിച്ചാ‍ലും ഞാന്‍ റെഡി“,പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍.“
കാമുകന്‍ ബിരിയാണിച്ചെമ്പ് പുറത്തെടുത്തു.
“പെട്ടെന്നല്ലല്ലോ രണ്ടു വര്‍ഷമായില്ലെ ഞമ്മ ഫോണുമ്മെ കുത്തിരിക്കാന്‍ തൊടങ്ങീട്ട്,കൃത്യം പറഞ്ഞാല്‍.........”
“ന്തായാലും ഇപ്ല് ഒന്നും ചെയ്യാന്‍ കയീല്ല.“കാമുകന്‍.
“വീട്ടുകാര്‍ കണ്ണീക്കണ്ട ദുബായിക്കരെക്കൊണ്ട് എന്നെ കെട്ടിക്കും“?
“അതാ നല്ലത്,ഞാന്‍ സഹിച്ചോളാം”കാമുകന്‍.
(എനിക്കാണെങ്കീ പാട്ടുപാടി നടക്കാന്‍ ചെമ്മീന്‍ പിടിച്ച കടാപ്പുറവുമുണ്ട്. )

ഷെഹര്‍സദയില്‍നിന്നും ഒരു പൊട്ടിക്കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടു,തുടര്‍ന്ന് ഭീകരമായ ശബ്ദത്തില്‍ ഒരലര്‍ച്ചയും.
“നായിന്റെ മോനെ....നിന്നെ ഞാന്‍........“പക്ഷെ അലര്‍ച്ച ഷെഹര്‍സദയില്‍ നിന്നായിരുന്നില്ല,സദാശിവന്‍ ചേട്ടനില്‍ നിന്നായിരുന്നുവെന്നു മാത്രം.

3 comments:

മണിലാല്‍ said...

ജാരന്മാര്‍ സ്വാതന്ത്യ സമര സേനാനികളെ പോലെ രാപ്പകല്‍ നാടിനു വേണ്ടി കഷ്ടപ്പെട്ടു.

Anonymous said...

ലാന്റ് ഫോണ്‍ കാലത്തെ പ്രണയം.ജാരാ പോരട്ടെ....

മണിലാല്‍ said...

“ക്കിനി പിടിച്ചു നില്‍ക്കാനക്കൊണ്ട് കയീല്ല.“പെണ്‍കുട്ടി.
അപ്പുറത്ത് ഒരു ദീര്‍ഘനിശ്വാസം, പിന്നെ ശബ്ദം.“ഞമ്മ എന്തു ചെയ്യും“.
“ഞമ്മക്കൊളിച്ചോടാം“
ദുനിയാവിന്റെ ഏതു മുക്കിലേക്കു വിളിച്ചാ‍ലും ഞാന്‍ റെഡി“,പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍.“
കാമുകന്‍ ബിരിയാണിച്ചെമ്പ് പുറത്തെടുത്തു.
“പെട്ടെന്നല്ലല്ലോ രണ്ടു വര്‍ഷമായില്ലെ ഞമ്മ ഫോണുമ്മെ കുത്തിരിക്കാന്‍ തൊടങ്ങീട്ട്,കൃത്യം പറഞ്ഞാല്‍.........”
“ന്തായാലും ഇപ്ല് ഒന്നും ചെയ്യാന്‍ കയീല്ല.“കാമുകന്‍.
“വീട്ടുകാര്‍ കണ്ണീക്കണ്ട ദുബായിക്കരെക്കൊണ്ട് എന്നെ കെട്ടിക്കും“?
“അതാ നല്ലത്,ഞാന്‍ സഹിച്ചോളാം”കാമുകന്‍.
(എനിക്കാണെങ്കീ പാട്ടുപാടി നടക്കാന്‍ ചെമ്മീന്‍ പിടിച്ച കടാപ്പുറവുമുണ്ട്. )

ഷെഹര്‍സദയില്‍നിന്നും ഒരു പൊട്ടിക്കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടു,തുടര്‍ന്ന് ഭീകരമായ ശബ്ദത്തില്‍ ഒരലര്‍ച്ചയും.
“നായിന്റെ മോനെ....നിന്നെ ഞാന്‍........“പക്ഷെ അലര്‍ച്ച ഷെഹര്‍സദയില്‍ നിന്നായിരുന്നില്ല,സദാശിവന്‍ ചേട്ടനില്‍ നിന്നായിരുന്നുവെന്നു മാത്രം.

നീയുള്ളപ്പോള്‍.....