അകത്തെ ലഹരി കാറിന്റെ കുതിരശക്തിക്ക് കുതിപ്പുകൂട്ടി.
ഗ്രാമങ്ങളില്‍,നഗരങ്ങളില്‍,പാടത്ത് ,പറമ്പില്‍,ചതുപ്പില്‍,എസ്റ്റേറ്റുകളില്‍,ബസ് സ്റ്റോപ്പുകളില്‍,വഴിയോരങ്ങളില്‍,ചന്തയില്‍,ഇരുട്ടില്‍,മറവില്‍,തെരുവില്‍ .....മാറി മാറി വരുന്ന ഭൂപ്രകൃതികള്‍ .മനുഷ്യപ്രകൃതികള്‍ .
നെല്ലിയാമ്പതിയുടെ കുത്തനെയുള്ള ചെരിവുകളിലൂടെ,മാന്‍പാറയില്‍ ജീവിതം സചേതനമാക്കുന്ന സാഹസങ്ങളിലൂടെ,സമതലങ്ങളിലെ വെയില്പ്പാളിയിലൂടെ,മലകളില്‍ മഞ്ഞുതൂവിയ വഴികളിലൂടെ,കഴുതച്ചാണകം മെഴുകിയ തമിഴ് പാതയിലൂടെ,ആനകള്‍ അപ്പിയിട്ട് ഭീതി ജനിപ്പിച്ച മലക്കപ്പാറയിലൂടെ.
തിരിച്ച് ചാലക്കുടി വഴി......എവിടേക്ക്?
എവിടേക്കോ....
ഒരു രാത്രി ഞാനിതിലെ പോയിട്ടുണ്ട്........ദുബായ് മണം മായാത്ത സഗീര്‍ പറഞ്ഞു.അന്നത്തെ യാത്ര തനിക്കത്രക്കോര്മ്മയില്ലായിരുന്നുവെന്നും സഗീര്‍.
കുട്ടിക്കാലത്തായിരുന്നോ യാത്ര?
എന്റെ സംശയം.
കള്ളുകാലമായിരുന്നെന്ന് സഗീര്‍.
വഴികള്‍ അന്ന് മങ്ങിയ കാഴ്ചയായിരുന്നു,ഓര്‍മകള്‍ നേരിയതും.
ഇപ്പോള്‍ വഴികള്‍ എനിക്ക് പരിചിതമായി തെളിഞ്ഞു തോന്നുന്നു.
വീട്ടുകാരെവിട്ട് പോന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു,
ഇന്നെങ്കിലും വീട്ടിലെത്താന്‍ പറ്റുമോ?
സഗീറിന്റെ വീട്ടു ചിന്ത കൂറുള്ള വീട്ടുപട്ടിയെ പോലെ ഉണര്‍ന്നു, മുരടനക്കി.
വിചാരിച്ചാല്‍ രാത്രിയെത്താം,ഉത്തരവാദിത്വബോധം നടിച്ചു, ഞാന്‍.
പക്ഷെ നമ്മള് വിചാരിക്കുന്നില്ലല്ലോ?
വാള്‍പ്പാറയില്‍ നിന്നും വനയാത്രയിലൂടെ അതിരപ്പിള്ളിയും കഴിഞ്ഞ് ചാലക്കുടിയിലെത്തി ഉഷാറോടെ രണ്ടെണ്ണം വിട്ട് തീരുമാനിക്കാം,എങ്ങോട്ട് തെറിക്കണമെന്ന്.
അതിന് മുമ്പ് ഒരു സ്ഥലം കൂടിയുണ്ട്.
വറീത് ചേട്ടന്റെയും കത്രീനച്ചേച്ചിയുടെയും താവളം.
എന്തും അന്തരീക്ഷത്തില്‍ നിന്നെടുക്കുന്ന അത്ഭുത വിദ്യ കണ്ട് അന്തം വിടാന്‍ പുട്ടപ്പര്‍ത്തി വരെ പോകേണ്ട കാര്യമില്ല,വറീത് ചേട്ടന്റെയും കത്രീനച്ചേച്ചിയുടേയും മാടക്കടയില്‍ ഒന്നു കയറിയാല്‍ മതി.
ബീഫ് മുതല്‍ ബെവറേജ് കോര്പ്പറേഷന് വരെ അവര്‍ സൃഷ്ടിക്കും,ഏതു പാതി രാത്രിയിലും.
അത്രക്കാണവരുടെ കൈവിരുത്.മാനുഷികത.
സായിബാബയെന്നും മിസ്സിസ്സ് ബാബയെന്നും നമുക്കവരെ വിളിക്കാം.
വെറ്റിലപ്പാറതില് നിന്നും പുതിയ പാലം അങ്കമാലിയിലേക്ക് തിരിയുന്നിടം ഞങ്ങള്‍ നിന്നു.
പാലത്തിന്റെ കൈവരികളില്‍ ഇരുന്ന് ഞങ്ങള്‍ പുഴയുടെ ഹൃദയം കേട്ടു,വനം നശിപ്പിച്ച്, അണകെട്ടി പുഴയെ ഊഷരമാക്കാന്‍ ശ്രമിക്കുന്ന ജനകീയനായ കോടാലിവകുപ്പു മന്ത്രിയേയും ഓര്‍ത്തു.
കൈവരിയുടെ തെക്കേയറ്റത്ത് പതുങ്ങിയിരുന്ന് കരള്‍ മദ്യത്തില്‍ മുക്കിയെടുക്കുന്ന തരളിത ഹൃദയങ്ങളുടെ അടക്കം പറച്ചില് കാറ്റ് കൊണ്ടുവന്നു.
സഗീര്‍ ദുബൈ വിശേഷം പറഞ്ഞു,ജോളിയെ ഓര്‍ത്ത്,ബാലുവിനെപ്പറഞ്ഞ്,
ദക്ഷിണാഫ്രിക്കന്‍ കൂട്ടുകാരി മുട്ടീവിലെത്തി.
ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള മനുഷ്യ ബന്ധത്തിന്റെ പുതുമയെപ്പറ്റി സഗീര്‍ പറഞ്ഞു,അത് കടല്‍ത്തിര എണ്ണുന്നതുപോലെയൊ,മുകളിളേക്കെറിഞ്ഞ പന്ത് താഴേക്ക് വരുന്നതുപോലെയൊ അല്ല.ഓരൊ നിമിഷവും പുതിയതാണ്.അതിന്റെ ആകാശവും വിസ്തൃതിയും വേറെയാണ്.
വിശാലതയുടെ സൌന്ദര്യമാണത്.
തിരകളെ എണ്ണുകയല്ല,മുറിച്ച് മുന്നേറുകയാണ്.
ഞാന്‍ ഒന്നും പറയാതെ മലയാളത്തില്‍ മൌനിയായി.എല്ലാ അര്‍ത്ഥത്തിലും കൊച്ചല്ലെ കേരളം,കൊച്ചു കേരളം.
കേരളത്തില്‍ സ്ഥിരമായി ജീവിച്ച് കഞ്ഞികളായവരെക്കുറിച്ച് ഗംഗാധരന് മാഷ് എഴുതിയതിന്റെ പൊരുള്‍ എന്തെന്ന് ഒന്നു ചുഴിഞ്ഞുനോക്കി.
കഥകള്‍ക്കും പഞ്ഞം വന്നപ്പോള്‍ ഞങ്ങള്‍ കാറില്‍ കയറി.
വലിയും കുടിയും ഒന്നും ബാക്കിയില്ല.
ഇനി ഒരു ചെയ്ഞ്ചാകാം.
വറീത് ചേട്ടന് വേഴ്സസ് കത്രീനച്ചേച്ചി.
നീലാകാശത്തേക്ക് കൈകളുയര്‍ത്തി ഞങ്ങള്‍ ചിയേഴ്സ് പറഞ്ഞു.
എന്തൊക്കെ?
ഒന്നുമില്ലെന്ന് ... വറീത് ചേട്ടന് കൈമലര്‍ത്തിയത് ഞങ്ങളെ അമ്പരിപ്പിച്ചു.
ബാബക്കും(മദ്യപാനികളുടെ) നടപ്പു ദീനം വന്നോ?
തല്ക്കാലം കട നിര്‍ത്തി.
അതെന്താ?
തല്ക്കാലം നിര്‍ത്തി, അത്ര തന്നെ.
എത്ര ചൊറിഞ്ഞിട്ടും ദ്യേഷം വരാത്ത വറീത് ചേട്ടന്റെ ആകെയുള്ള നാലിലൊന്ന് പല്ലുകളില്‍ ഒന്നുരണ്ടെണ്ണം വൃശ്ചിക കാറ്റിനോപ്പം ആടിക്കളിച്ചു.
കത്രീനച്ചേച്ചിയോ?
( ഈ വിളിക്ക് മറുപടിയായി ഞങ്ങള്‍ കാണാറുള്ളത്, വിയര്‍ത്ത്,ബീഫിളക്കുന്ന തവിയുമായി അകത്തുനിന്നും ആണുങ്ങളുടെ പ്രവിശ്യയിലേക്ക് നെഞ്ചു വിരിക്കുന്ന കത്രീനച്ചേച്ചിയേയാണ് )
അവളും തല്‍ക്കാലമില്ല.വറീതുചേട്ടന് നിസ്സംഗമായി പറഞ്ഞു.
അതെന്താ ആകെയൊരു തല്‍ക്കാല്‍ ?
അവള് അവള്ടെ വീട്ടീലാ..
അതെന്താ...സൌന്ദര്യപ്പിണക്കം വല്ലതുമാണോ?
അതിനെന്തോന്ന് സൌന്ദര്യമിരിക്കുന്നു അവള്‍ക്ക്.
അപ്പോ ..പിന്നെന്താ പ്രശ്നം?
ചെറിയ കാര്യം ലോകോത്തര സംഭവമാക്കാന്‍ ശ്രമിക്കുന്ന പത്രക്കാരെ പോലെ ഞങ്ങള്‍ വറീത് ചേട്ടനെ ചൊറിഞ്ഞുകൊണ്ടിരുന്നു.
പോക്കിലെ പന്തികേട് മനസ്സിലാക്കിയ വറീത് ചേട്ടന് ഒരുപായമെന്ന നിലക്ക് ഏതോ പൊത്തില്‍ കൈയ്യിട്ട് ഫുള്‍ ബോട്ടില്‍ എക്സിക്യൂട്ടീവ് പുറത്തെടുത്തു.
ഞങ്ങള്‍ക്കതിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നി.
വറീത് ചേട്ടന് വിട്ടില്ല.
ആദ്യം എന്നോടൊപ്പമെത്ത്,എന്നിട്ട് ആണുങ്ങളെപ്പോലെ സംസാരിക്ക്.
ഇനി ആണുങ്ങളാവാതെ വറീത് ചേട്ടനെ മുന്നില്‍ പിടിച്ചു നില്ക്കാന് പറ്റില്ല,ഞങ്ങളുറച്ചു.
എക്സിക്യൂട്ടീവ് മദ്യം ലോക്കല്‍ ക്ലാസ്സുകളിലേക്ക് വറീത് ചേട്ടന് കമിഴ്ത്തി.
തൊട്ടു നക്കാനെന്ന വണ്ണം നാക്കു ഞങ്ങള്‍ക്കു നേരെ നീട്ടി വറീത് ചേട്ടന് തുടങ്ങി.
“നേരാം വണ്ണം കെട്ടിക്കൊണ്ടു വന്ന അന്നയെ ഞാന്‍ വെറുംകയ്യോടെ പറഞ്ഞയിച്ചില്ലെ,പള്ളിക്കാരും പട്ടക്കാരും വാളെടുത്തില്ലെ...എന്നിട്ടെന്തൂട്ടാണ്ടായെ...പിന്നേം കെട്ടിയില്ലെ വെറോണിയെ.
കറവ വറ്റിയപ്പോ അതിനേം തൊഴുത്തു മാറ്റിക്കെട്ടിയില്ലെ.
എന്നിട്ടെന്തൂട്ടാണ്ടായെ?
പിന്നല്ലെ കള്ളിപ്പൂച്ചയെപ്പോലെ പിന്നാലെ മണത്ത് പോന്ന കത്രിയെ ഒഴിവാക്കാന്‍ പാട് ”
ഉള്ള പല്ലില്‍ വറീതേട്ടന് ആവുന്നത്ര പൊട്ടിച്ചിരിച്ചു.
വറീത് ചേട്ടന് പാതിരിയേയും പള്ളിക്കാരേയും പറ്റിച്ച് കൊണ്ടു നടന്ന ഒരു വിളഞ്ഞ വിത്തായിരുന്നെന്നും മുമ്പും വറീത് ചേട്ടന് പള്ളിയെ പറ്റിനിന്ന് ഒന്നും പള്ളിയെപ്പറ്റിച്ച് വേറൊന്നും സാധിച്ച കാര്യവും അപ്പോഴാണ് ചുരുളഴിയുന്നത്.
മറ്റൊരു ചായക്കട തൊട്ടടുത്ത് വന്നതാണ് ഇപ്പോഴത്തെ വറീത് -കത്രീനാ ക്രൈസിസിന്റെ മൂല കാരണം.
നേരത്തെ പള്ളിമണി കേള്‍ക്കുന്ന ചുറ്റുവട്ടത്തിലൊന്നും ഒരു ചായക്കടയില്ലായിരുന്നു,വറീത് പ്രൊപ്രൈറ്ററായ കടയല്ലാതെ.
ചില ആദിവാസി ഊരിലെ ഏതെങ്കിലും കുന്നില്‍ കാണുന്ന പള്ളി പോലെ വറീത് ചേട്ടന്റെ ചായക്കട വേറിട്ടുനിന്നു.
(ആദിവാസികളെ പിടിക്കാന്‍ ഊരില്‍ പള്ളി പണിയുകയും ആദ്യത്തെ മണിയൊച്ച കേട്ട മാത്രയില്‍ തന്നെ ആദിവാസികള്‍ പേടിച്ച് മറ്റൊരിടം തേടിയതായി കഥയുണ്ട്. ഓടുന്ന ഓട്ടത്തില്‍ കൃസ്തുമതം എന്നൊരു ഭൂതം അവരെ ഒടിവെക്കാന്‍ വരുന്നതിനെപ്പറ്റി അവര്‍ വിളിച്ചു പറഞ്ഞ് നിലവിളിച്ചതായി വിശാലമല്ലാത്ത അകൃസ്തീയമായ ഒരു ചരിത്രപുസ്തകം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്).
കഥയിങ്ങനെ:തെക്കുനിന്നും വന്നൊരു കൂട്ടര്, ഒരു മുകുന്ദനും ഒരു സന്താനലക്ഷ്മിയും(ഒരുമിച്ച് വന്നതിനാല്‍ ഭാര്യ ആയിരിക്കും) തൊട്ടടുത്ത എസ്റ്റേറ്റില്‍ കാന്റീന് പിടിച്ചു.
പുതിയ കട അതിന്റെ വഴിക്ക് പൊയ്ക്കൊള്ളും,അങ്ങിനെ വിചാരിച്ചാല്‍ മതിയായിരുന്നു.
കടംകേറി കൂലികൊടുക്കാന്‍ കഴിയാത്ത എസ്റ്റേറ്റാണ്.പറ്റ് കയറി പുസ്തകം നിറയുമ്പോള്‍ കാന്റീനില്‍ താനെ പുകയെരിയാതാകും.ഒന്നു ക്ഷമിച്ചാല്‍ മതി,അത്രയേയുള്ളൂ.പക്ഷെ അതൊന്നുമല്ല പ്രശ്നം.
കഥയുടെ ട്വിസ്റ്റ് ഇങ്ങനെ:എസ്റ്റേറ്റ് വളപ്പിലേക്ക് ഊളിയിട്ട എരുമയെ പിടിച്ചു കെട്ടാന്‍ കടന്ന വറീത് മാപ്ല സന്താനലക്ഷ്മിയില് ഒന്നു കുരുങ്ങി.
ഇതുവരെ കയറ്റി എഴുന്നെള്ളിച്ചതില്‍ മൂന്നെണ്ണത്തിനേക്കാളും ഏക്കം പിടിക്കാവുന്നവള് .
ഈ ചിന്തയുടെ പരിണതഫലമെന്ന നിലയില്‍ എരുമകളെ വറീത് വല്ല വിധേനയും എസ്റ്റേറ്റ് വേലിക്കകത്തേക്ക് കടത്തി വിടുകയും സന്താനലക്ഷ്മിയുമായി കണ്ണുകൊണ്ടൊന്ന് ഉരസുന്നതിന്റെ സുഖം അനുഭവിക്കുകയും ചെയ്തു പോന്നു.
അതില്‍ നില്‍ക്കേണ്ടതായിരുന്നു.
കാരണം.....
കാരണം വറീതിന്റെ പ്രായം എഴുപത്തി രണ്ടാണ്,ചില്ലറയല്ല.
ജനസമൂഹം കട്ടിലിനു ചുറ്റും നിന്ന് ചത്തോ ചീഞ്ഞോ ജീവനുണ്ടൊ എന്നൊക്കെ( മീന്‍ മാര്‍ക്കറ്റിലെന്ന പോലെ )ചര്‍ച്ച ചെയ്യേണ്ട സമയമായി.
ബീഫിന്റെ നീളന്‍ ചട്ടകം വായുവില്‍ ചുഴറ്റി നില്‍ക്കേണ്ട കത്രീനക്കും അറുപത്തഞ്ച് കവിഞ്ഞു,ഇനി വേറൊരു വറീത് എന്ന് ചിന്തിക്കാനും പാങ്ങില്ല.
ഇതിനിടയിലാണ് ഇളം കാറ്റായി വന്ന് മാമ്പൂ പരുവത്തിലുള്ള മുപ്പതുകാരി സന്താനലക്ഷ്മിയുടെ ചില്ല കുലുക്കാന്‍ വറീത് ചേട്ടന്റെ ശ്രമം.
പ്രാരാബ്ധം പ്രമേയമാക്കിയ സന്താന ലക്ഷ്മിയുടെ ജീവിതം വറീത് ചേട്ടന്റെ പ്രണയ ചേഷ്ടകളില്‍ ഉടക്കിയില്ല.
കച്ചോടം പോകുന്നതെങ്കില്‍ എസ്റ്റേറ്റിലെ മരക്കൊമ്പില്‍ തൂങ്ങും,അല്ലേല്‍ നാട്ടിലേക്ക് മടങ്ങി അവിടെ വല്ല മരത്തിലും എന്ന പ്രതിജ്ഞ ചൊല്ലി നടക്കുകയായിരുന്നു സന്താന ലക്ഷ്മി.(ഇതിനിടയില്‍ എഴുപതുകളില്‍ പൂത്ത ചെമ്പകം അവര്‍ കണ്ടില്ല.)
രണ്ടായാലും തനിക്കു തന്നെ നഷ്ടം.വറീത് മാപ്ല വിചാരിച്ചു.
പ്രണയമല്ലെ,പെട്ടേന്നു തന്നെ പോംവഴിയും മനസ്സില്‍ പതിഞ്ഞു കിട്ടി.
തന്റെ കട പൂട്ടൂക,സന്താനലക്ഷ്മിയുടെ കടയെ പുഷ്ടിപ്പെടുത്തുക,അതു വഴി അവളേയും.എന്തായാലും അവള് തന്റെതെന്ന് ഒരു വിധിയും സ്വയമെഴുതി അടിയിലെ പോക്കറ്റിലിട്ടു.
തല്‍ക്കാല്‍ സംവിധാനത്തില്‍ കത്രീനയെ അവള്ടെ വീട്ടിലേക്ക് പതിയെ പറഞ്ഞയക്കുക,പിന്നെ സ്ഥിരപ്പെടുത്തുകയും അവിടെത്തന്നെ ചെയ്യാം.
എന്തും സഹിച്ച് നിലനിര്‍ത്താന്‍ പൊതുമേഖലാ സ്ഥാപനമൊന്നുമല്ലല്ലോ അവള് .
സ്ഥിരത കഴുതയക്ക് പറ്റും,മനുഷ്യനാവില്ല എന്ന ഫിലോസഫിയും വറീത് ചേട്ടന് ഇതിനിടയില്‍ ഉണ്ടാക്കി,ഒരു ബി.എ.ഫിലോസഫിക്കാരന്റെ മട്ടില്‍.
പറഞ്ഞതും ചിന്തിച്ചതുമൊക്കെ അതിന്റെ വഴിക്ക് നടന്നു. വറീതേട്ടന് മാത്രം എസ്റ്റേറ്റ് വഴിയില്‍ കൂടി നടക്കുകയും ചെയ്തു.
ഇനിയും വറീത് ചേട്ടന്റെ തറ വര്‍ത്തമാനം കേള്‍ക്കാന്‍ എക്സിക്യൂട്ടീവ് ബ്രാണ്ടി ബാക്കിയുണ്ടായിരുന്നില്ല.
ഭഷണം കഴിക്കാന്‍ നട്ടപ്പാതിരക്ക് ഞങ്ങള്‍ വറീത് ചേട്ടന്റെ പിന്നാലെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. വലിയ മതിലിനു മുന്നിലെത്തിയപ്പോള്‍ വറീത് ചേട്ടന് പറഞ്ഞു.
ചാടിക്കോ?
എട്ടടി ഉയരമുള്ള മതിലിന്റെ ഉയരവും സ്വഭാവവും നോക്കി ഞങ്ങള്‍ അന്തോം കുന്തോം പോയി നില്‍ക്കെ പഴച്ചക്ക നിലമ്പൊത്തും പോലെ വറീത് ചേട്ടന് അപ്പുറത്തേക്ക് വീണു ഞെളുങ്ങി.ഒന്നു ഞരങ്ങി.പിന്നെ എഴുന്നേറ്റു.പ്രണയമല്ലെ.
ഈ അവസ്ഥ കണ്ടിട്ടും വേലി ചാടാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി.
കപ്പയോ മീനോ ബീഫോ അല്ല,സന്താനലക്ഷ്മിയായിരുന്നു പ്രചോദനം.പിന്നെ വറീത് ചേട്ടന്റെ തീഷ്ണമായ പ്രണയവും.
പാതി മതിലിനു മുകളില്‍ ചെറിയ ചെറിയ അഞ്ചെട്ടു ഷട്ടറുകളുള്ള സര്‍ക്കാര്‍ കാന്റീനിന്റെ മുന്നിലെത്തിയതും വറീത് മാപ്ല് ഒരു ശബ്ദം പുറപ്പെടുവിച്ചു,വിത്തുകാള മുരളുന്നതു പോലെ.
ഷട്ടര്‍ പാതി തുറന്ന് ഊണ് പാത്രം പുറത്തേക്ക് നീണ്ടുവന്നു.
സാമ്പാര്‍,വെള്ളം,തോരന്‍ തുടങ്ങിയ വറീത് മാപ്ലയുടെ ആവശ്യങ്ങള്‍ക്ക് ഒരു കൈയും കയിലും(തവി) മറുപടി കൊടുത്തു കൊണ്ടിരുന്നു.ഏതു ശരീരത്തില്‍ നിന്നാണ് ആ കൈകള്‍ പൊട്ടിമുളച്ചതെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കിയിട്ടും ഞങ്ങള്‍ പരാജയപ്പെട്ടു.
തിരിച്ചു പോരുമ്പോള്‍ ചോദിച്ചു.
കാണാന്‍ പറ്റിയില്ലല്ലോ ചേട്ടാ?
അതിന്റെ ആവശ്യമില്ല....വറീത് ചേട്ടന് ഞങ്ങളുടെ ആവേശത്തകര്ച്ചയെ അവഗണിച്ചു.
മുന്നിലേക്ക് നീണ്ടു വന്ന പാത്രവും വെള്ളവും തവി പിടിച്ച കൈയ്യും എല്ലാം ഒരാളെ സങ്കല്പ്പിക്കാന് പാകത്തില്‍ പ്രണയം വറീത് ചേട്ടനില്‍ പൂവിട്ടു നിന്നിരുന്നു.
വീണ്ടും ഗേറ്റ് ചാടി റോഡില്‍ എത്തുമ്പോഴേക്കും നാലഞ്ച് എരുമകള്‍ ശബ്ദം വെച്ച് വറീത് ചേട്ടനെ വളഞ്ഞു.അവയെ എതിര് ശബ്ദം കൊണ്ടോടിച്ച് വറീത് ചേട്ടന് ഇരുട്ടിലേക്ക് മറഞ്ഞു.
എത്ര തിരഞ്ഞിട്ടും വറീത് ചേട്ടനെ കിട്ടിയില്ല.കാറെടുത്ത് മുന്നോട്ട് പോകുമ്പോഴും ഞങ്ങള്‍ വറീത് ചേട്ടനെ തിരഞ്ഞുകൊണ്ടിരുന്നു.
ഒരു ചെറിയ കുന്നില്‍ എരുമകളെ സ്നേഹിക്കുന്ന വറീത് ചേട്ടന്റെ ശബ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞു,ഒരു പറ്റം മിന്നാമിനുങ്ങികളും അവിടെ പാറിക്കളിച്ചു.നിലാവും നേര്‍ത്ത മഞ്ഞും ചേര്‍ന്ന് അവയുടെ ചിറകുകളില്‍ മറ്റൊരു വര്‍ണ്ണം കൂടി തുന്നിപ്പിടിപ്പിച്ചിരുന്നു.
2 comments:
കാറ്റ് കറങ്ങി നിന്ന ഒരു ചെറിയ കുന്നില്‍ എരുമകളെ സ്നേഹിക്കുന്ന വറീത് ചേട്ടന്റെ ശബ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞു,ഒരു പറ്റം മിന്നാമിനുങ്ങികളും അവിടെ പാറിക്കളിച്ചു.നിലാവും നേര്‍ത്ത മഞ്ഞും ചേര്‍ന്ന് അവയുടെ ചിറകുകളില്‍ മറ്റൊരു വര്‍ണ്ണം കൂടി തുന്നിപ്പിടിപ്പിച്ചിരുന്നു.
സത്യം സത്യം സത്യം,..........ചീങ്കണ്ണിയെ എന്തിനു നീന്തല്‍ പഠിപ്പിക്കണം.?
Post a Comment