പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, November 7, 2008

ശേഖരേട്ടന്‍ എന്ന ഫയല്‍ വാന്‍








ഗു സ്തി ക്കാ ര ന്‍ ആ രോ ഗ്യ വാ ന ല്ലെ ന്ന റി യു ക........ഓ ഷോ



നാട്ടുകാര്‍ക്കിടയില്‍ ശേഖരേട്ടന്‍ പ്രശസ്തനായത് ഫയല്‍ വാനായിട്ടല്ല,വാതം പിടിച്ച ഫയല്‍ വാന്‍ എന്ന പേരിലാണ്.
കുണ്ടിക്ക് കനം വെക്കും മുമ്പെ മൂടും തട്ടി നാടുവിട്ട ശേഖരേട്ടന്‍ തെറിച്ചത് ആലപ്പുഴയില്‍ ഓണാട്ടുകരയിലെ ഒരു ഗ്രാമത്തില്‍.

ഗുസ്തിപിടുത്തമല്ലാതെ മറ്റൊരു കലാപരിപാടിയും നമ്മുടെ നാട്ടില്‍ വേണ്ടെന്ന് മസിലു പിടിച്ചു നിന്ന ഒരു ഗ്രാമം.
കഥാപ്രസംഗത്തില്‍ ഫയല്‍ വാനായ സംബശിവന്‍ കത്തിനിന്ന കാലത്തു പോലും അവിടെ പ്രവേശനമുണ്ടായിരുന്നില്ല.

ഇവിടെയാണ് ശേഖരേട്ടന്‍ തുടങ്ങുന്നത്,
ഒതുക്കത്തില്‍ കുറെ പണികളൊക്കെ ചെയ്ത് ജീവിതത്തിനു കുറേശ്ശെ പുഷ്ടി വന്നു തൊടങ്ങീപ്പോ എല്ലാവരും ചെയ്യുന്ന ഒരു ഏര്‍പ്പാട് എന്ന നിലയില്‍ മറ്റൊന്നും ചിന്തിക്കാതെ ഒരു പെമ്പ്രന്നോത്തിയെ കൂട്ടി.
ദാമ്പത്യത്തിന്റെ ചൂട് കൊറഞ്ഞപ്പോ നാട്ടുവൈദ്യരെ കണ്ടു.

....ദാമ്പത്യൊക്കെ ഇത്രൊള്ളൊ.....പരഗതില്ലെങ്കി....അതുമ്മെ തന്നെ തൂങ്ങി മരിക്ക്യാ ഭേദം...

വൈദ്യര്‍ ഒഴിഞ്ഞു.




പാമ്പിന്റെ തലയില്‍ കയറി പിടിച്ച അന്തം കെട്ടവനെപ്പോലെയായി ശേഖരേട്ടന്റെ അവസ്ഥ.
കളിപ്പീര് നടക്കില്ല,അന്യനാടല്ലെ.
പോരാഞ്ഞ് നാട്ടാര് മൊത്തം മസിലും വീര്‍പ്പിച്ചങ്ങനെ നില്‍ക്കുവാ.
കക്ഷായമാണെങ്കിലും കല്യാണമാണെങ്കിലും ഒന്നേ വഴിയുള്ളൂ.
കണ്ണടച്ചങ്ങ് കയ്പ്പങ്ങു വിഴുങ്ങുക .
ദാമ്പത്യം ലക്ക് കെട്ട് ഇടിച്ച് നില്‍ക്കുമ്പഴാ ശേഖരേട്ടന്റെ മനസ്സിലേക്ക് ഗുസ്തി പാളിയത്.

ഇറച്ചിക്കടയിലേക്ക് കൊടിച്ചി പട്ടികള്‍ വായൊലിപ്പിക്കുന്നതു പോലെ ഫയല്‍ വാന്മാരോട് സ്ത്രീകള്‍ക്കുള്ള “ ഒരിത് ”കൂടി കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കതെ ശേഖരേട്ടന്‍ ഗോദയിലേക്ക് മലര്‍ന്നടിച്ച് വീഴുകയായിരുന്നു.
(മണ്ടന്മാര്‍ എവറെസ്റ്റും കീഴടക്കും എന്ന പ്രയോഗത്തിന്റെ സാധ്യത ഇവിടെ ഓര്‍ക്കാവുന്നതാണ്.)
ഭര്‍ത്താവെന്ന നിലയില്‍ ആര്‍ജ്ജിച്ച വാളും പരിചയും വീശിയുള്ള പരിശീലനം ശേഖരേട്ടന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
ശേഖരേട്ടന്‍ ഗോദയില്‍ തിളങ്ങി.
ഗോദയില്‍ നിന്നും ഗോദയിലെക്ക് ട്രോഫികളും അനുമോദനങ്ങളും പെണ്‍ഹൃദയങ്ങളും വാരിക്കൂട്ടി മുന്നേറുമ്പോഴും ഒറ്റക്കാര്യത്തില്‍ ശേഖരേട്ടന്‍ വേദനിച്ചു.
തന്റെ അക്കൌണ്ടില്‍ ഒന്നോ രണ്ടോ ഇത്തിരിപ്പോന്നോറ്റങ്ങളെ സൃഷ്ടിച്ച് ലോകത്തിന് തൊന്തരവും എറങ്ങടും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അകത്തോള്ളോളെപ്പോലെ.
ആണത്തത്തിന്റെ പര്യായമായ ഫയല്‍ വാന് കുട്ടികളുണ്ടാവാതിരിക്കുക കൊറഞ്ഞ കാര്യവുമാണ്.
കാലം മാറി,കളി മാറി.

കുടില്‍ വ്യവസായങ്ങള്‍ തകരുന്നതു പോലെ ഗുസ്തിക്കും ബലക്ഷയമുണ്ടായി.
ആരവങ്ങള്‍ നിലച്ചതോടെ ഇറച്ചിതീര്‍ന്ന ഇറച്ചിക്കടകള്‍ പോലെ എല്ലും തോലുമായി ഫയല്‍ വാന്മാര്‍ അവശേഷിച്ചു.
ശേഖരേട്ടനും വയസ്സായി.
ജോലിയുമില്ല കൂലിയുമില്ല,വെറുതെയിരിക്കുമ്പോള്‍ തെറിവിളിക്കാന്‍ കുട്ട്യോളുമില്ല.
ഭാര്യയെ വിളിക്കുന്നതിനൊക്കെ ഒരു കണക്കില്ലെ.
പിന്നെ തന്റെ ആരോഗ്യസ്ഥിതി കൂടി നോക്കേണ്ടെ.
ഗോദയില്‍ പരാജയപ്പെട്ട രണ്ട് കളിയാശാന്മാരെ പോലെ നിരാശാദമ്പദിമാര്‍ അങ്ങനെ കുണ്ടി തിരിഞ്ഞിരിക്കുമ്പോഴാണ് സ്വന്തം നാടിനെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചുമുള്ള ഒരു പ്രവാസി ചിന്ത കടന്നുവന്നത്.



ന്നിനും പാങ്ങില്ലെങ്കിലും എക്സ് ഫയല്‍ വാന്‍ ജന്മനാട്ടിലേക്ക് തിരുമ്പി വരികയല്ലെ.
ശേഖരേട്ടന്റെ വരവ് ആഘോഷിക്കാന്‍ തന്നെ നാട്ടുകാര്‍ തീരുമാനിച്ചു.
കൊട്ടും കുരവയുമായി ആനപ്പൊറത്തൊക്കെ ഇരുത്തി....അങ്ങനെയാ സ്വീകരണപരിപാടി പ്ലാന്‍ ചെയ്തത്.
പക്ഷെ ശേഖരേട്ടന്‍ വന്നു ചേര്‍ന്നത് ആമ്പുലന്‍സിലായിരുന്നു .
നാട്ടുകാര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ പാ‍കത്തില്,വാതം പിടിച്ച് ശരീരം തളര്‍ന്ന്......
അങ്ങനെ വാതം പിടിച്ച ഫയല്‍ വാന്‍ എന്ന പേര് ലോകത്തില്‍ ആദ്യമായി ശേഖരേട്ടന്‍ സ്വന്തമാക്കി.

യല്‍ വാന്‍ കഥകള്‍ കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചവരെ ശേഖരേട്ടന്‍ നിരാശപ്പെടുത്തി. വാതം പിടിച്ച ഫയല്‍ വാന്റെ ചരിത്രാഖ്യാനങ്ങള്‍ക്ക് വേണ്ടത്ര ബലം കിട്ടില്ല എന്ന തോന്നലില്‍ സ്വന്തം ധീരചരിത്രം വേദനയോടെ കടിച്ചുപിടിച്ചു.
പക്ഷെ നാട്ടുകാരുമാ‍യി നല്ല നിലയിലായിരുന്നു ശേഖരേട്ടന്‍.
കല്യാണം, മരണം, ഒളിച്ചോട്ടം,ജാരവേട്ട,ദാമ്പത്യം തല്ലിപ്പിരിയല്‍, ചോറൂണ്,അതിര്‍ത്തി തര്‍ക്കം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ക്ക് ശേഖരേട്ടന്റെ സാന്നിദ്ധ്യം നാട്ടുകാര്‍ ഉറപ്പു വരുത്തും.

ശേഖരേട്ടന്റെ ചാരുകസേരയാത്ര നാട്ടിലെ ചെറുപ്പക്കാര്‍ക്കൊരു വിനോദ പരിപാടി പോലെയായി.
ആ‍യിടക്കാണു നാട്ടില്‍ ഉത്സവം.
ശേഖരേട്ടന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ ഉത്സവം.
സ്വാഭാ‍വികമായും ഉത്സവത്തിന് ശേഖരേട്ടനെ കയറ്റി എഴുന്നള്ളിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
ശേഖരേട്ടന്റെ കസേരയാത്രക്ക് ഒരു കമ്മിറ്റി ഉണ്ടാക്കി.
ഉത്സവത്തിന് കൊണ്ടുപോകുന്നതിനും തിരികെ വീട്ടിലെത്തിച്ച് രസീത് വാങ്ങാനും വേറെ വേറെ ആളുകളെ നിയോഗിക്കുകയും ചെയ്തു.
ഉത്സവദിവസം ഉടുത്തൊരുങ്ങിയ ശേഖരേട്ടനെ കസേരയിലിരുത്തി നാലുപേര്‍ ചേര്‍ന്നു പൊക്കിയെടുത്തു.
യാത്രക്ക് എഴുന്നെള്ളിപ്പിന്റെ ഗമയൊക്കെ ഉണ്ടായിരുന്നു.
ശേഖരേട്ടന്‍ മാത്രമല്ല ഭാര്യയും അതിയാന്റെ മണ്ണിന്റെ പെരുമയോര്‍ത്ത് ആനന്ദം കൊണ്ടു.
ഉത്സവപ്പറമ്പില്‍ നിന്ന് കുറച്ചകലെയായി വിശാലമായ പറമ്പില്‍ പൊട്ടക്കിണറിന്റെ വക്കില്‍ ശേഖരേട്ടനെ നാട്ടുകാര്‍ സ്ഥാപിച്ചു.
ശേഖരേട്ടനെ തനിച്ചാക്കി അവര്‍ ഉത്സവത്തിന്റെ പല പല സംഭവങ്ങളിലേക്കു ലയിച്ചു.
ശേഖരേട്ടന്‍ ഒരു പ്രതാപിയുടെ ഹൂങ്കോടെ തന്നെ ഒറ്റക്കിരുന്നു ഉത്സവം കണ്ടു.
ബലൂണ്‍ വീര്‍പ്പിച്ചു കളിച്ചു നടന്ന കുട്ടികളെ കണ്ടു തന്റെ ബാല്യകാലമോര്‍ത്തു,അമ്മയെകുറിച്ചോര്‍ത്തു.
രസിച്ചുനിന്ന യുവമഥുനങ്ങളെ നോക്കി തന്റെ യൌവ്വനകാലം ഓര്‍മ്മയില്‍ പുനര്‍സൃഷ്ടിച്ചു.
പ്രതിയോഗികളെ നിലമ്പരിശാക്കിയ ഗോദയെക്കുറിച്ചോര്‍ത്തു.
വേണ്ടാതീനത്തിന് വടക്കേതിലെ രാധയില്‍ നിന്നും കിട്ടിയ കീറിനെക്കുറിച്ച് കവിളില്‍ കൈവെച്ച് ഓര്‍ത്തു.
പിന്നെ വാതം പിടിച്ച കാലില്‍നോക്കി തന്റെ കഷ്ടകാലം കണ്ടു.
പിന്നെയും കുറെ കാര്യം ഓര്‍ക്കാനുണ്ടായിരുന്നു.
അതിനു മുമ്പേ ആനകളിലൊന്നിനൊരു കുറുമ്പ്,ഒരിളക്കം.
നാട്ടുകാര്‍ ചിതറിയോടി,മേളക്കാര്‍ നിര്‍ത്തിയോടി.
പക്ഷെ ആന പെട്ടെന്നു തന്നെ മര്യാദ രാമനായി.
ചിതറിയോടിയ നാട്ടുകാര്‍ തിരികെ വന്ന് ‘ആനയെ ആര്‍ക്കാ പേടി‘യെന്നു മസിലുകാട്ടി.
അപ്പോഴാണ് നാട്ടുകാര്‍ അക്കാര്യം ശ്രദ്ധിക്കുന്നത്.
ശേഖരേട്ടന്റെ കസേര ഒഴിഞ്ഞുകിടക്കുന്നു.
നടക്കാന്‍ വയ്യാത്ത ആള്‍ എവിടേക്കോടി പോകാനാ?
സ്വന്തം ജീവനും കൊണ്ടോടുമ്പോള്‍ ശേഖരേട്ടനെ ആരും എടുത്തോണ്ടു പോകാനും വഴിയില്ല.
പിന്നെ ഇതെവിടെപ്പോയി?
പിന്നെ?
അതൊരു വലിയ ‘പിന്നെ‘യായി, ഉത്തരം കിട്ടാത്ത ചോദ്യമായി.
ജനം നാലുവഴിക്കോടി,എട്ടു വഴിക്കായി തിരിച്ചു വന്നു.


എടുത്തു ചാട്ടക്കാരായ ചിലര്‍ കിണറ്റിലേക്ക് ചാടുന്നു.
മുങ്ങിത്താഴ്ന്ന അവരെ രക്ഷപ്പെടുത്താന്‍ പിറകെ മറ്റുള്ളവര്‍ ചാടുന്നു.
ഓര്‍ക്കപ്പുറത്തൊരോണം വന്നത് പോലെ നാട്ടുകാര്‍ ഉഷാറായി.

നമ്മുടെ പ്രിയങ്കരനായ...... നാടിന്റെ കണ്ണിലുണ്ണിയായ ഫയല്‍ വാന്‍ ശേഖരേട്ടനെ കണ്ടു കിട്ടുന്നവര്‍ ഹരികഥക്ക് കെട്ടിയ സ്റ്റേജിന്റെ പുറകു വശത്ത് കൊണ്ടു വെക്കുവാന്‍..........
മൈക്കിലൂടെ അനൌണ്‍സ്മെന്റിനും വന്‍ തിരക്കനുഭവപ്പെട്ടു.
അപ്പോഴാണ് പീക്കിരി പയ്യന്‍ ഊരിപ്പോയ നിക്കറും കൂട്ടിപ്പിടിച്ച് ഗീര്‍വാണം പോലെ ആള്‍ക്കുട്ടത്തിലേക്കു ചീറിപ്പാഞ്ഞ് വന്നത്.
അവനെന്തോ പറയാനുണ്ടായിരുന്നു.
കിതപ്പില്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല.
അവന്‍ ആംഗ്യഭാഷയില്‍ എന്തൊ പറഞ്ഞ് എല്ലാവരെയും അവനു പിന്നാലെ കൂട്ടി.


പൈഡ് പൈപ്പര്‍ക്ക് പിറന്ന കുട്ടിയെ പോലെ അവന്‍ ഒന്നൊരരൂപ പീപ്പി വിളിച്ച് ഓടി,പിന്നാലെ ഗ്രാമം മുഴുവനും.
അവര്‍ എത്തിച്ചെര്‍ന്നത് ഒരു കൈതക്കൂട്ടിന്നരികെ.
അവര്‍ ആ കാഴ്ച കണ്ടു,കണ്‍കുളിര്‍ക്കെ.
കൈതക്കൂട്ടിന്നകത്ത് ശേഖരേട്ടന്‍ അവശനായി,എന്നാല്‍ ചമ്മലോടെ.


ആപത്ത് നേരത്ത് അധികാരത്തോടെ പുറപ്പെടുവിക്കുന്ന വന്‍ ചോദ്യാവലി ആള്‍ക്കൂട്ടം ശേഖരേട്ടനു നേരെ ഉയര്‍ത്തി.

ആരാ ഈ പണി ചെയ്തത്?
കൈതക്കൂടല്ലാതെ വേറൊരു സ്ഥലവും കിട്ടിയില്ലെ?
എങ്ങനെ ഇവിടെയത്തി?


ചെറിയ ചമ്മലോടെ ശേഖരേട്ടന്‍ പറഞ്ഞു.

“എന്നെ ആ‍രും കൊണ്ടു വെച്ചതല്ല.സ്വന്തം കൃത്യാ...
എങ്ങനാന്നറീല്ല.
ആനേടെ ഓടലും അതിന്മേലുള്ള പേടീം അന്ധാളിപ്പും കൂട്യായപ്പോ കാലിന്മേലീക്ക് ഒരു ബലം കേറീങ്ങ് വരണ പോല......പിന്നെ കണ്ണിലിരുട്ട് വീണത് പോലെ....കണ്ണ് തെളിഞ്ഞപ്പൊ ദാ ഞാനിവിടെ കെടക്കാ.......

ജനം മൊത്തത്തില്‍ അവരവരുടെ മൂക്കത്ത് വിരല്‍ വെക്കാന്‍ ശ്രദ്ധിച്ചു.


പിന്നെന്താ അവിടെത്തന്നെ ഇരുന്നു കളഞ്ഞത്?“
ഒരു സഹൃദയന്‍ ചൊദിച്ചു.
“നെറയെ മുള്ളല്ലെ,ഉള്ളീ കേറുമ്പം അതൊന്നും കണ്ടില്ല”
ഗോദയെ വിറപ്പിച്ച പഴയ ആശാന്റെ ഇപ്പൊഴത്തെ അവസ്ഥയില്‍ എല്ലാവരും സഹതപിച്ചു.
അപ്പഴാ....തിരക്കിനിടയില്‍ നിന്നു ചേക്കുട്ടിയാ‍ശാന്‍ ഒരു ലോകവിവരം വെളിപ്പെടുത്തിയത്.

“ ആന.. വാ‍തത്തിന് നല്ലതാ....പാലകാപ്പി എന്ന ശാസ്ത്ര ഗ്രന്ഥത്തിലിണ്ട്........

പാലകാപ്പി ആനയെ ചികിത്സിക്കുന്നതിനുള്ള ഗ്രന്ഥമാണെന്നു ചേക്കുട്ടിയാശാനോടു തര്‍ക്കിക്കാന്‍ കഴിവുള്ള മേനോന്മാര്‍ അവിടെയുണ്ടായിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല്ല.
പ്രത്യേകിച്ചും ശേഖരേട്ടനെ കൈതക്കൂട്ടില്‍ നിന്നും ഖനനം ചെയ്തെടുത്ത സാഹചര്യത്തില്‍.







14 comments:

മണിലാല്‍ said...

ദാമ്പത്യത്തിന്റെ ചൂട് കൊറഞ്ഞപ്പോ നാട്ടുവൈദ്യരെ കണ്ടു.
....ഇത്രയൊക്കെയുള്ളൂ.....അതുമ്മെ തന്നെ തൂങ്ങി മരിക്കെന്നെ ഭേദം...വൈദ്യര്‍ പറഞ്ഞു.
പാമ്പിന്റെ തലയില്‍ കയറി പിടിച്ച അന്തം കെട്ടവനെപ്പോലെ പിടി വിടാനും പറ്റാത്ത അവസ്ഥ.

മണിലാല്‍ said...

ഗോധയില്‍ നിന്നും ഗോധയിലെക്ക് എതിരാളികളെ ചവിട്ടിമെതിച്ച് ട്രോഫികളും അനുമോദനങ്ങളും പെണ്‍ഹൃദയങ്ങളും വാരിക്കൂട്ടി മുന്നേറുമ്പോഴും ഒരു കാര്യത്തില്‍ ശേഖരേട്ടന്‍ വേദനിച്ചു.
തന്റെ അക്കൌണ്ടില്‍ ഒന്നോ രണ്ടോ ഇത്തിരിപ്പോന്നോറ്റങ്ങളെ സൃഷ്ടിച്ച് ലോകത്തിന് തൊന്തരവും എറങ്ങടും ഉണ്ടാക്കാന്‍ കഴിയാത്തതില്‍ അകത്തൊള്ളോളെപ്പോലെ ശേഖരേട്ടനും വ്യസനിച്ചു.

radhika nair said...

അതിസുന്ദര ബ്ലൊഗുകള്‍
മാതൃഭൂമിയിലും കണ്ടു.
കൊള്ളാം.

Anonymous said...

hello

a traveller with creative energy said...

ബാല്യകാലമോര്‍ത്തു,അമ്മയെകുറിച്ചോര്‍ത്തു.
രസിച്ചുനിന്ന യുവമഥുനങ്ങളെ നോക്കി തന്റെ യൌവ്വനകാലം ഓര്‍മ്മയില്‍ സൃഷ്ടിച്ചു.
പ്രതിയോഗികളെ നിലമ്പരിശാക്കിയ ഗോദയെക്കുറിച്ചോര്‍ത്തു.
വേണ്ടാതീനത്തിന് വടക്കെതിലെ രാധയില്‍ നിന്നും കിട്ടിയ കീറിനെക്കുറിച്ചും ഓര്‍ത്തു.
പിന്നെ വാതം പിടിച്ച കാലില്‍നോക്കി

Anonymous said...

അവന്‍ ഓടി പൈഡ് പൈപ്പറെപ്പോലെ,പിന്നാലെ ഗ്രാമം മുഴുവനും.
അവര്‍ എത്തിച്ചെര്‍ന്നത് ഒരു കൈതക്കൂട്ടിന്നരികെ.
അവര്‍ ആ കാഴ്ച കണ്ടു,കണ്‍കുളിര്‍ക്കെ.
കൈതക്കൂട്ടിന്നകത്ത് ശേഖരേട്ടന്‍ അവശനായി,എന്നാല്‍ ചമ്മലോടെ

മണിലാല്‍ said...

പാലകാപ്പി ആനയെ ചികിത്സിക്കുന്നതിനുള്ള ഗ്രന്ഥമാണെന്നു ചേക്കുട്ടിയാശാനോടു തര്‍ക്കിക്കാന്‍ കഴിവുള്ള മേനോന്മാര്‍ അവിടെയുണ്ടായിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല്ല.
പ്രത്യേകിച്ചും ശേഖരേട്ടനെ കൈതക്കൂട്ടില്‍ നിന്നും ഖനനം ചെയ്തെടുത്ത സാഹചര്യത്തില്‍.

Pongummoodan said...

ഹ ഹ സൂപ്പർ! :)

കനല്‍ said...

താങ്കളുടെ ബ്ലോഗിലെ പല പോസ്റ്റുകളും എനിക്ക്
ഇഷ്ടമായി.

നന്ദി അറിയിക്കുന്നു.
അഭിനന്ദനങ്ങള്‍!!!!

മണിലാല്‍ said...

നന്ദി പൊങ്ങമൂടന്‍,നന്ദി കനല്‍...വീണ്ടും കാണാം

മുസാഫിര്‍ said...

പാവം ശേഖരേട്ടന്‍,ആനക്കറിയുമോ വാതം പിടീച്ചവരുടെ ബുദ്ധിമുട്ട് .

നവരുചിയന്‍ said...

എന്നാലും എന്‍റെ ശേഖരേട്ടാ ........

സംഭവം കലക്കി

മണിലാല്‍ said...

നാട്ടുകാര്‍ക്കിടയില്‍ ശേഖരേട്ടന്‍ പ്രശസ്തനായത് ഫയല്‍ വാനായിട്ടല്ല,വാതം പിടിച്ച ഫയല്‍ വാന്‍ എന്ന പേരിലാണ്.
കുണ്ടിക്ക് കനം വെക്കും മുമ്പെ മൂടും തട്ടി നാടുവിട്ട ശേഖരേട്ടന്‍ തെറിച്ചത് ആലപ്പുഴയില്‍ ഓണാട്ടുകരയിലെ ഒരു ഗ്രാമത്തില്‍

മണിലാല്‍ said...

എടുത്തു ചാട്ടക്കാരായ ചിലര്‍ കിണറ്റിലേക്ക് ചാടുന്നു.
മുങ്ങിത്താഴ്ന്ന അവരെ രക്ഷപ്പെടുത്താന്‍ പിറകെ മറ്റുള്ളവര്‍ ചാടുന്നു.
ഓര്‍ക്കപ്പുറത്തൊരോണം വന്നത് പോലെ നാട്ടുകാര്‍ ഉഷാറായി


നീയുള്ളപ്പോള്‍.....