പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, November 20, 2008

കുരുവിക്കൂടുമരത്തിൽ തൂങ്ങിയ പ്രണയം












റ്റ മുട്ടില്‍ ഏതുപാതിരാവിലും  തുറക്കപ്പെടുന്നതായിരുന്നു തെരേസയുടെ വാതില്‍.
ജാരന്മാരുടെ പ്രത്യേകതരം മുട്ടല്‍ നട്ടപ്പാതിരയിലെ  ഏതുതരം    ഉറക്കത്തേയും ഉണര്‍ത്തുന്ന സാന്ദ്രമായ സംഗീതമാണെന്ന് ഈ മേഖലയിൽ ചരിക്കുന്ന ആരോടും പ്രത്യേകിച്ച് പറയേണ്ടതില്ല   .  കേള്‍ക്കേണ്ട ആള്‍ മാത്രം അറിയുന്ന പ്രത്യേകമായ നാദവീചികളാണ് ഈ മുട്ടലിലൂടെ പുറപ്പെടുക.
വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു അവള്‍,മാളികപ്പുറത്തമ്മയെപ്പോലെ.
ഒറ്റ രാത്രി പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്തത്ര മമത ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.ഇന്ന് കാണേണ്ട എന്ന്  പകല്‍ തീരുമാനിച്ചുറച്ചാലും രാത്രിയായാല്‍ കാലാവസ്ഥ മാറും, കാറ്റു മാറി വീശും.സംവിധായകൻ പവിത്രന്‍ പറയാറുള്ളതു പോലെ ഒരു 'ആല്‍ക്കഹോളിക് വെതര്‍' ആഞ്ഞുവീശും.
ചുറ്റുവട്ടത്തെ അവസാനത്തെ വിളക്കണയുന്നതും കാത്ത് ഞങ്ങള്‍ കാത്തിരിക്കും.ചിലർ ലൈറ്റിന്മേൽ ഒരു കളിയുണ്ട്.കെടുത്തും കൊളുത്തും പിന്നെയും ഈ കളി തുടരും.
പാതിരാ സീരിയലുകളെയും അതിന്റെ അണിയറപ്രവര്‍ത്തകരേയും ഞങ്ങള്‍ ശപിക്കാത്ത ദിവസങ്ങളില്ല.
നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്നതുപോലെയാണ് ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള ഈ സ്വപ്നസദൃശമായ യാത്ര.
വാതില്‍ നിശബ്ദം ചെറുതായി ഒന്ന് തുറന്ന് ആകെ നിരീക്ഷിക്കും.തുറക്കുമ്പോള്‍ വാതില്‍ കരകര  ശബ്ദിക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ കാലങ്ങളിലൂടെയൂള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജാരവര്‍ഗ്ഗം വികസിപ്പിച്ചെടുത്തതാണ്.പതുക്കെയൊന്ന് പൊക്കി ഭാരം കുറച്ച് തുറന്നാൽ ശബ്ദം കുറയും.അല്ലെങ്കിൽ പെട്ടെന്ന് തുറക്കണം.തുറന്നത് വാതിലാണെന്ന് ആർക്കും തോന്നുകയില്ല ഈ ശബ്ദം കേട്ടാൽ.

ഭൂമിയിലെ ജാരന്മാരുടെ നീണ്ട നിരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് ഞാന്‍.അതിനാല്‍ തീരെ അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ല.
‍.
ജാരന്മാര്‍ ഒരിക്കലും രാത്രിയില്‍ കൂട്ടിമുട്ടാന്‍ പാടില്ല,പകല്‍ എല്ലാവരും കുടുംബസ്ഥരും സാമൂഹ്യജീവികളും സര്‍വ്വോപരി മാന്യന്മാരും ആയിരിക്കുമെന്നതിനാല്‍.
ജാരന്മാര്‍ തമ്മില്‍ ഒരിക്കല്‍ കൂട്ടിമുട്ടിയാല്‍പ്പിന്നെ ‘നീയോ ജാരന്‍ ഞാനോ ജാരന്‍ ’ എന്ന് പാട്ടു പാടി നടക്കേണ്ടി വരും ശിഷ്ടകാലം.
ചിലപ്പോളത് മനോരോഗമായി   മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്.ആയതിനാല്‍ മുന്‍ കരുതലുകള്‍ അനിവാര്യം.
നിഴലുകളെപ്പോലും വിശ്വസിക്കരുത് എന്നുള്ളതാണ് ആദ്യ പാഠം.
മിന്നാമിന്നിയുടേതിനേക്കാള്‍ കുറഞ്ഞ പ്രകാശമുള്ള ഞെക്കുവിളക്ക് ഈ   ഈ സഞ്ചാരത്തിൽ അനിവാര്യമാണ്.
ടോര്‍ച്ചിന്റെ മേല്‍ ഉടുമുണ്ടു പൊതിഞ്ഞോ കൈപ്പത്തി പതിച്ചോ ഇത്  വെളിച്ചത്തിന് തടയിണ കെട്ടാനാവും. വിലകൂടിയ ടോര്‍ച്ചുമായി വരുന്ന പഴയ ഗള്‍ഫുകാരെ പോലെ ഇരുട്ടിന്റെ പലകോണിലേക്ക് ടോര്‍ച്ചടിച്ച് വെളിച്ചത്തിന്റെ മഹിമ വിളിച്ചോതുന്നത് ജാരന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.
ഇത് സകലമാന ജാരന്മാരുടെയും പൊതു ബോധത്തിലുള്ളതിനാല്‍ അകലങ്ങളില്‍ നിന്നു പോലും മറ്റൊരു ജാരനെ തിരിച്ചറിയാന്‍ കഴിയും,വഴിമാറിപ്പോകാനും.വെളിച്ചം ദുഖമാണുണ്ണീ എന്ന കവിതയിൽ അഭിസംബോധന ചെയ്യപ്പെടുന്ന  ഉണ്ണി ജാരവർഗമല്ലാതെ മറ്റാരുമല്ല.
കണ്ണിന്റെ കാഴ്ച്ച നിരന്തര പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് ജാരന്മാർ.
ചെവിയുടെ കേള്‍വിയും ശ്രദ്ധയര്‍ഹിക്കുന്നു.
  നൃത്തത്തിലെ മൃദുനടനം പോലെയാകണം ഓരോ ചുവടുവെയ്പും.മോഹിനിയാട്ടത്തെ അനുകരിക്കാവുന്നതാണ്.ഭരതനാട്യമരുത്.നാടോടീ നൃത്തം തീരെയരുത്.കിണ്ണത്തില്‍ പോലും നടക്കാന്‍ കഴിയണം.
നേരിയ വെളിച്ചത്തില്‍ അകലെനിന്നും നോക്കിയപ്പോൾ കമ്പിളിക്കെട്ടുപോലെ തോന്നിച്ചു തെരേസയുടെ വീട്.
വീടടക്കുന്തോറും കാലും കയ്യും വിറക്കാന്‍ തുടങ്ങി.ചിലപ്പോള്‍ അങ്ങിനെയാണ് വിറകൊണ്ട് നടക്കാന്‍ പോലും കഴിയാതെ വരും.അപ്പോള്‍ മാനത്ത് നോക്കും.നക്ഷത്രമെണ്ണും.മരിച്ചതെത്ര അല്ലാത്തതെത്ര എന്ന് കണക്കാലോചിക്കും.അപ്പോഴേക്കും ശരീരം നോര്‍മ്മല്‍ ആയിട്ടുണ്ടാവും.കാലാവസ്ഥ നിരീക്ഷണം ആവശ്യത്തിനറിയണം.മഴയുടെ വരവും കാറ്റിന്റെ ഗതിയും  ശരീരം കൊണ്ട് അറിയണം.
ചക്കു കാളയുടെ ശീല്‍ക്കാരവും തീറ്റയുടെയും മൂത്രമൊഴിക്കുന്നതിന്റേയും ശബ്ദങ്ങള്‍ കേട്ടു.തെരേസയുടെ അച്ഛന്‍ വറീത് മാപ്ളക്ക് എണ്ണയാട്ടിന്റെ ചക്കാണ്.
കാളമൂത്രത്തിന്റെ മണം മൂക്കിൻപാലം കടക്കുന്നു,തെരേസയുടെ വീടെത്തിയിരിക്കുന്നു.
ധൃതി പാടില്ല.
ഒന്നു പതുങ്ങി.
പിന്നെ നിവര്‍ന്നു.
മുണ്ടു മുറുക്കി.
മുരടനക്കി തൊണ്ട ശരിയാക്കി,കാഥികനെപ്പോലെ.
വരാന്‍ വിദൂര സാധ്യതയുള്ള ചുമയെപ്പോലും ഒതുക്കിനിർത്തി.
ഒതുക്കം വേണം,എല്ലാറ്റിലും.
കളവിന്റെയും ഒളിസേവയുടെയും സൌന്ദര്യം അതാണ്.
അല്ലെങ്കില്‍ പിടിച്ചു പറിപോലെ തരം താഴും.
തൊഴുത്തിന്റെ ഓരത്തുകൂടി ഓല വകഞ്ഞുമാറ്റി അരത്തിണ്ണക്കരികിലേക്ക് പതുങ്ങി നടക്കുമ്പോള്‍ “ ഹെന്റമ്മെന്ന് ” നിന്നു പോയി.
വാതില്‍ തുറന്ന് ഒരു രൂപം പുറത്തേക്ക്.
ശ്വാസത്തെ നിശ്ചലമാക്കി നിന്നു,പിന്നെ കിണറ്റിന്‍ കരയിലേക്ക് മുട്ടുകുത്തി നീന്തി കിണറിന്റെ ചുറ്റുമതിലിന്റെ അരികുപറ്റി.
ആളെ മനസ്സിലായി.ചെകുത്താനൊന്നുമല്ല,തെരേസയുടെ പിതാവ് സാക്ഷാൽ  വറീത് മാപ്ള.പക്ഷെ ഇപ്പോ ചെകുത്താന്റെ രൂപത്തിലാണെന്നു മാത്രം.
പെട്ടു പോയോ?
മകളുടെ ജാരനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയായിരിക്കും
പത്തു പതിനൊന്നു മക്കളുടെ പിതാവാകാന്‍ ഭാഗ്യം സിദ്ധിച്ച ഈ ചക്കു മാപ്ള.
വറീത് മാപ്ള വീടിന്റെ ചവിട്ടിറങ്ങി നാലുപാടും   പാളി നോക്കി.
പിന്നെ നടന്നു,കിണറ്റിന്‍ കരയിലേക്ക്.ഉന്നം എന്റെ നേര്‍ക്കാണ്.ഞാന്‍ ഭയന്നു,കൂടെ മരം കോച്ചുന്ന തണുപ്പും.ഞാന്‍ വിറക്കാന്‍ തുടങ്ങി.
ഇതെന്തിനുള്ള പുറപ്പാടാ മാപ്ളേടെ.
മാപ്ള പക്ഷെ കിണറ്റിന്‍ കരയില്‍ വന്ന് വെള്ളത്തിലേക്ക് വീണുകിടന്ന  പാള കൊണ്ടുള്ള  ബക്കറ്റ് എടുക്കുകയായിരുന്നു.



പോത്തു പോലും വെള്ളം കുടിക്കാത്ത ഈ തണുപ്പിലാണൊ പഹയന്റെ വെള്ളം കുടി.തൊണ്ട വരണ്ടിട്ടായിരിക്കും.പാവം.മക്കള്‍ ഒന്നും രണ്ടുമൊന്നുമല്ലല്ലോ.അധികവും പെണ്മക്കളും.ആരും  വെള്ളം കുടിച്ചുപോകും.

ജാരന്മാര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന കാലമാണ്.
പക്ഷെ മാപ്ള ചെയ്യുന്നത് മറ്റൊന്നായിരുന്നു.വെള്ളം കോരി പൊക്കിയെടുത്ത് അതില്‍ നിന്നും കയര്‍ അഴിക്കാന്‍ തുടങ്ങി
വളരെ ശ്രദ്ധയോടെ.ഈ നേരത്താണോ റിപ്പയർ.

തക്കം നോക്കി ഞാന്‍ തൊട്ടടുത്ത പുളിമരത്തിന്റെ  ചുവട്ടിലേക്ക് മാറി.
മാപ്ള കയറൂരി നേരെ ഞാനിരിക്കുന്ന പുളിമരച്ചോട്ടിലേക്ക്   ഉന്നം പിടിക്കുന്നു.എന്റെ നേരെ നടന്നുവരികയാണ്. ജാരന്മാർക്ക് ഒരിക്കലും പോകാൻ പാടില്ലാത്ത  സംയമനം പമ്പകടന്നു.എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു മുമ്പേ   മരത്തിലെ ഒരു കൊമ്പില്‍ ഞാൻ കടന്നു പിടിച്ചിരുന്നു.
ഈ മാപ്ളക്കെന്തിന്റെ കേടാന്ന് വിചാരിച്ച് ജാരന്റെ നിസഹയതയോടെയും തട്ടിക്കൂട്ടിയുണ്ടാക്കിയ ആത്മസംയമനത്തോടെയും പുളിമരത്തില്‍ വലിഞ്ഞു കയറി.പ്രത്യേകം ശ്രദ്ധിക്കുക,ജാരനായാല്‍ മരം കേറ്റവും ഒരിനമാണ്.
മൂന്നാമത്തെ ശിഖിരത്തില്‍ കയറിയിരുന്നു, മൂങ്ങയെപ്പോലെ. എന്നാല്‍ മൂളാതെ.
മുകളില്‍ ഒരു കുരുവിയുടെ കുറുകല്‍.
പുളിമരത്തില്‍ കുരുവി കൂടുകെട്ടിയതായി തെരേസ പറഞ്ഞിരുന്നു, രഹസ്യ സമയത്ത് അടക്കിയ സ്വരത്തില്‍.
മാപ്ള വിടുന്ന ലക്ഷണമില്ല.
പുളിമരച്ചോട്ടില്‍ വന്ന് മേലോട്ട് നോക്കുകയാണ്.
ആകാശത്തിന് വില പറയാന്‍ വന്ന കച്ചവടക്കാരനെപ്പോലെ.
മാപ്ള അഞ്ഞുപിടിച്ച് കയറാന്‍ തുടങ്ങി,പുളിമരത്തിലേക്ക്.
എന്റെ അടിവസ്ത്രം നനഞ്ഞു.
പക്ഷെ ധൈര്യം ചോരാതെ മുറുക്കിപ്പിടിച്ചു.
ആദ്യത്തെ കൊമ്പില്‍ കയറി നിന്ന് ഞാന്‍ നില്‍ക്കുന്ന ചില്ലയിലേക്ക് മാപ്ള കയര്‍ എറിഞ്ഞു,ജാരന്മാരെ പിടിക്കാന്‍ പരിശീലനം കിട്ടിയ ഒരാളെ പോലെ.എന്റെ സംശയം അതല്ല.എന്നെ കണ്ടിട്ടുണ്ടെങ്കില്‍ പാതിരയായാലും ജാരനായാലും എന്തെങ്കിലും വിശേഷം പറയേണ്ടെ.ജാരനായാലും മനുഷ്യനല്ലെ ഞാൻ. എനിക്കൊന്നും പിടികിട്ടുന്നില്ല.

മാപ്ള കെട്ടു കൊമ്പിൽ മുറുക്കുകയാണ്.
മാപ്ളെ,ഇതെന്തെര് സര്‍ക്കസ്.
തിരുവനന്തപുരം ഭാഷയില്‍ ഞാന്‍ ചിന്തിച്ചു.
അപ്പോഴാണ് മാപ്ളേടെ മറ്റൊരഭ്യാസം.
കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ മുറുക്കുന്നു.ഇയാളെന്താ ആത്മഹത്യ എങ്ങിനെ ചെയ്യാം എന്ന് ക്ളാസ് എടുക്കുകയാണോ?
മാപ്ളെ കളി കാര്യാവും ട്ടാ,പറഞ്ഞില്ലാന്ന് വേണ്ട.
എനിക്കാണെങ്കില്‍ മിണ്ടാനും തരമില്ല.

അടുത്ത ദിവസം നാട്ടുകാര്‍ മുഴുവന്‍ ഉത്സവലഹരിയില്‍ പുളിമരച്ചോട്ടില്‍ വന്നു തമ്പടിച്ച് പുളിമരത്തിൽ തൂങ്ങിക്കിടക്കുന്ന വറീത് മാപ്ളേടെ ജീവിതം പലതരത്തിൽ രചിച്ചാസ്വദിക്കുന്നത്   ഞാന്‍ ഭാവനയുടെ സ്ക്രീനില്‍ കണ്ടാസ്വദിച്ചു.
ഒഴിഞ്ഞ ചക്കിനെക്കുറിച്ചും അനാഥമാകുന്ന ചക്കു കാളയെക്കുറിച്ചും പുരനിറഞ്ഞ പെണ്മക്കളെപ്പറ്റിയും പറഞ്ഞ് നാട്ടുകാ‍ര്‍ മൂക്കത്ത് വിരല്‍ വെക്കും.
“കര്‍ത്താവിന് സ്നേഹമുള്ളവരെയാണ് ആദ്യം വിളിക്കുക” എന്ന് പറഞ്ഞ് പാതിരിയച്ഛന്‍ പരിഹാസ്യനാകും.
ശവപ്പെട്ടി ലോന ഉള്ളാലെ ചിരിച്ച് പെട്ടിയില്‍ അവസാനത്തെ ആണിയടിക്കും.
മുകളിരുന്ന ഈയുള്ളവന്‍ ഇക്കഥ പുറത്തു പറയാന്‍ കഴിയാതെ ജന്മം മുഴുവന്‍ കഴിയേണ്ടതിനെ കുറിച്ചാലോചിച്ച് ഭ്രാന്തു പിടിക്കും.
പെട്ടെന്നാണ് ഒരു ആശയം പിറന്നത്.
നിമിഷ കവിതക്ക് ജാരന്മാര്‍ പ്രസിദ്ധരാണ്.
ധൈര്യത്തിനു കരുതിയ കത്തി മടിക്കുത്തില്‍ നിന്നെടുത്ത് കൊമ്പില്‍ കെട്ടിയ കയര്‍ പതുക്കെ പതുക്കെ അറുത്തു.ഈ സമയം മാപ്ള അന്ത്യകൂദാശക്ക്  സ്വയം  സ്വയം വിധേയനാവുകയായിരുന്നു.

കാര്യപരിപാടിയില്‍ അടുത്ത ഇനം എന്ന നിലയില്‍ മാപ്ള മരക്കൊമ്പിൽ നിന്നുകൊണ്ട്  മലയാളത്തില്‍ വണ്‍ ടു ത്രീ പറഞ്ഞു.പഹയന്‍ ചാടാന്‍ പോകയാണ്.
ചക്ക വെട്ടിയിട്ടതുപോലൊരു ശബ്ദവും “കര്‍ത്താവെ” എന്നാ നിലവിളിയും   ഒന്നിച്ചായിരുന്നു.
കോഴിക്കൂട്ടില്‍ നിന്നും കോഴികള്‍ പുറത്തിറങ്ങുന്നതുപോലെ വറീത് മാപ്ളേടെ പുരനിറഞ്ഞു നില്‍ക്കുന്ന ആണ്മക്കളും പെണ്മക്കളും മുന്‍ പിന്‍ വാതിലുകള്‍ വഴി പുറത്ത് വന്ന് പുളിമരച്ചോട്ടില്‍ വിശ്രമം കൊള്ളുന്ന മാപ്ളയെ ടോര്‍ച്ചും അരിക്കലാമ്പും ഉപയോഗിച്ച് കണ്ടു പിടിച്ചു. ചുറ്റും കൂടിനിന്ന അവര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പുറത്തേക്കെടുക്കാന്‍ പാകത്തിലുള്ള മാന്യ ദേഹത്തെ എല്ലാവരും കൂടി അകത്തേക്കെടുത്തു.
ഈ സംഭവത്തിനുശേഷം   കത്തി കയര്‍ മണ്ണെണ്ണ ഫ്യൂരഡാന്‍ തീപ്പെട്ടി തുടങ്ങിയ ആത്മഹത്യാ സാമഗ്രികള്‍ മാപ്ളേടെ കണ്‍ വെട്ടത്ത് കാണാതിരിക്കാനും രാത്രിയില്‍ ഒരനക്കം കേട്ടാല്‍ ഞെട്ടിയുണര്‍ന്ന് “എന്തപ്പാ‍” എന്നു ചോദിക്കാനും മക്കള്‍ ജാഗരൂകരായി.
ചക്കു കാളയെ പോലെ വട്ടം തിരിഞ്ഞു വറീത് മാപ്ള.
തെരേസയുമായുള്ള എന്റെ സമാഗമം പുളിമരക്കൊമ്പിൽ കയറുപൊട്ടിയ അന്നേ അവസാനിച്ചു.
 കുറച്ചുകാലത്തിനുശേഷം  മറ്റൊരുത്തന്റെ കഴുത്തിൽ തൂങ്ങി  മൂന്നാലഞ്ചു കുട്ടികളുടെ മദര്‍ തെരേസയായി അവർ  ജീവിച്ചു പോരുന്നു.




28 comments:

Anil cheleri kumaran said...

കഥ പറയുന്ന ശൈലിയും അവതരണവും എല്ലാം കൊള്ളാം. രസായിട്ടുണ്ട്.

ഗുപ്തന്‍ said...

ഹഹഹ!

Off:

മുഴുവന്‍ ശ്രദ്ധയും ചെയ്യുന്ന പണിയിലാണ്.

(എന്നും അങ്ങിനെയായിരുന്നു . എണ്ണം പറഞ്ഞ പതിനൊന്നു മക്കളാ)
<<<< ഇതിന്‌ ഒരു ഹ എക്സ്ട്രാ

മണിലാല്‍ said...



റ്റ മുട്ടില്‍ തുറക്കപ്പെടുന്നതായിരുന്നു തെരേസയുടെ വാതില്‍.

ജാരന്മാരുടെ പ്രത്യേകതരം മുട്ടില്‍ ലോക സംഗീതം മുഴുവനുണ്ടെന്ന് തോന്നിയിട്ടുണ്ട്.

(ഈ മുട്ട് ഒരാള്‍ മാത്രമെ കേള്‍ക്കൂ)

വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു അവള്‍.

ഒറ്റ രാത്രി പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്തത്ര അക്ഷമ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

പകലെത്ര യാത്ര ചെയ്താലും രാത്രി ഞങ്ങള്‍ വീടുകളിലെത്തും.

ചുറ്റുവട്ടത്തെ അവസാനത്തെ വിളക്കണയാന്‍ ഞങ്ങള്‍ കാത്തിരിക്കും.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നല്ല ഉഗ്രന്‍ പ്രയോഗങ്ങള്‍ :)

മണിലാല്‍ said...

വിവാഹം കഴിച്ച് അവര്‍ മൂന്നാലു കുട്ടികളുടെ മദര്‍ തെരേസയായി

Anonymous said...

വിവാഹം കഴിച്ച് അവര്‍ മൂന്നാലു കുട്ടികളുടെ മദര്‍ തെരേസയായി,
എണ്ണം പറഞ്ഞ പതിനൊന്നു മക്കള്‍, എന്നാ അലക്ക്!

കൊള്ളാം പ്രണയ കഥ.

തെരേസടെ ചേടത്തി

annamma said...

അപ്പോള്‌ ട്ടോറ്ച്ചിന്ടെ കൂടെ കത്തിയും ആവശ്യം. നല്ല് കഥ.

മണിലാല്‍ said...

തെരേസയുമായുള്ള എന്‍ പ്രണയ സമാഗമം പുളിമരച്ചോട്ടിലെ പൊട്ടിയ കയറില്‍ അന്നേ അവസാനിച്ചു.

വിവാഹം കഴിച്ച് അവര്‍ മൂന്നാലു കുട്ടികളുടെ മദര്‍ തെരേസയായി.

smitha adharsh said...

അസ്സലായി..ഗുഡ്..ഗുഡ്..റിയലി ഗുഡ്

Unknown said...

manoharamaaya ennam paranja katha.really wonderfullllllllll

മണിലാല്‍ said...

വിവാഹം കഴിച്ച് അവര്‍ മൂന്നാലു കുട്ടികളുടെ മദര്‍ തെരേസയായി.

മണിലാല്‍ said...

saraswathi smitha annammma
thanks

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരൊന്നൊന്നര കഥ

മുസാഫിര്‍ said...

ജാരന്റെ സുവിശേഷം ! കൊള്ളാം.

മാണിക്യം said...

അപ്പോ അതാ കാര്യം.!!
കൊള്ളാം ഒന്നു ചിരിച്ചു,
ഒന്നു സ്വൈര്യമായി ആത്മഹത്യ ചെയ്യാനും
ഈ ജാരന്മാര്‍ സമ്മതിക്കില്ലന്ന് വന്നാല്‍ ....

Arun Meethale Chirakkal said...

"ഒതുക്കം വേണം.

കളവിന്റെയും ഒളിസേവയുടെയും സൌന്ദര്യം അതാണ്."

അതെ, 'ഒതുക്കമാണ് മിടുക്കിന്‍റെ പ്രാണന്‍'

"Brevity is the soul of wit" ennu kuntham kulukki.

Blogrollil petuthamallo alle...?

Anonymous said...

കഥയ്‌ക്ക്‌ ഒരു ഇതുണ്ട്‌. അതും. പക്ഷെ ഒരു കുരുക്ക്‌ പോലെ പെട്ടെന്ന്‌ അഴിയുകയോ കുരുങ്ങുകയോ ചെയ്‌തു. പെട്ടെന്ന്‌ ബ്ലോഗിനെ ഒതുക്കാന്‍ നോക്കുന്നതിനു പകരം കുറച്ചു കൂടി നീട്ടി പാടി നോക്കാമായിരുന്നു. എന്നാല്‍ ആലാപനം കുറേക്കൂടി കേമമായേക്കുമായിരുന്നേനെ എന്ന്‌ താല്‍പ്പര്യം.

മണിലാല്‍ said...

സ്മിത,സരസ്വതി,മുഹമ്മദ്,മുസാഫിര്‍,മാണിക്യം,അരുണ്‍,മുകുന്ദനുണ്ണി,എണ്ണം പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് നന്ദി.

മണിലാല്‍ said...

വിവാഹം കഴിച്ച് അവര്‍ മൂന്നാലു കുട്ടികളുടെ മദര്‍ തെരേസയായി.

മണിലാല്‍ said...

കോഴിക്കൂട്ടില്‍ നിന്നും കോഴികള്‍ പുറത്തിറങ്ങുന്നതുപോലെ വറീത് മാപ്ലേടെ പുരനിറഞ്ഞു നില്‍ക്കുന്ന ആണ്മക്കളും പെണ്മക്കളും മുന്‍ പിന്‍ വാതിലുകള്‍ വഴി പുറത്ത് വന്ന് പുളിമരച്ചോട്ടില്‍ വിശ്രമം കൊള്ളുന്ന മാപ്ലക്കു ചുറ്റും കൂടി നിജസ്ഥിതി ഗ്രഹിച്ചു.

മണിലാല്‍ said...

തെരേസയുടെ വീടെത്തിയിരിക്കുന്നു.

ധൃതി പാടില്ല.

ഒന്നു പതുങ്ങി.

പിന്നെ നിവര്‍ന്നു.

മുണ്ടു മുറുക്കി.

മുരടനക്കി തൊണ്ട ശരിയാക്കി.

വരാന്‍ സാധ്യതയുള്ള ചുമയെ ഒതുക്കി.

ഒതുക്കം വേണം.

കളവിന്റെയും ഒളിസേവയുടെയും സൌന്ദര്യം അതാണ്.

എം.എസ്. രാജ്‌ | M S Raj said...

മുടിയാനായി അയാള്‍ടെ ഒരാത്മഹത്യാ ശ്രമം. കണ്ടില്ലേ ഒരു പാവം കാമുകന്റെ (?) ഗതി... :(

സോ സാഡ്!

മണിലാല്‍ said...

പിന്നീട് കുനിഞ്ഞുനിന്ന് വിവാഹം കഴിച്ച അവര്‍ മൂന്നാലഞ്ചു കുട്ടികളുടെ മദര്‍ തെരേസയായി.

abhayam suresh said...
This comment has been removed by the author.
abhayam suresh said...

Is it your story, cause your blogs name is "mar.....JARAN" and the story is about 'JARANS'.
I enjoyed it and I keep few known 'Jarans' on this story, you also know them. That's a different story......
Could have ellaberate more widely, felt you stopped it in a hurry.
Very good work...........

സുപ്രിയ said...

മൂന്നാലു കുട്ടികളുടെ മദര്‍ 'തെരേസ'
നല്ല ഭാവന.

മാര്‍ജ്ജാരന്റെ പോസ്റ്റുകള്‍ ഞാന്‍ കാണാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു. ഒരു കാര്യം ചെയ്തൂടെ? ഈ കഥകളെല്ലാം നല്ല രസമുണ്ട്. പ്രിന്റ് മീഡിയയില്‍ പ്രസിദ്ധീകരിച്ചുകൂടേ... ഒരു സമാഹാരം ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ...

മണിലാല്‍ said...



റ്റ മുട്ടില്‍ തുറക്കപ്പെടുന്നതായിരുന്നു തെരേസയുടെ വാതില്‍.

ജാരന്മാരുടെ പ്രത്യേകതരം മുട്ടില്‍ ലോക സംഗീതം മുഴുവനുണ്ടെന്ന് തോന്നിയിട്ടുണ്ട്.

(ഈ മുട്ട് ഒരാള്‍ മാത്രമെ കേള്‍ക്കൂ)

വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു അവള്‍.

Sapna Anu B.George said...

തിരുവനന്തപുരം ഭാഷയില്‍ ഞാന്‍ ചിന്തിച്ചു.

അപ്പോഴാണ് മാപ്ലേടെ മറ്റൊരഭ്യാസം.

കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ മുറുക്കുന്നു.ഇയാളെന്താ ആത്മഹത്യ ക്ലാസ്സ് എടുക്കുകയാണോ?.............................ഇതു കലക്കി മണി...


നീയുള്ളപ്പോള്‍.....