പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, December 31, 2008

അമ്മയെ വില്‍ക്കാനുണ്ട്


കൈ

കാലുകള്‍ ബലപ്പെട്ട മക്കള്‍ ഒക്കത്തുനിന്നൂര്‍ന്ന് കളിക്കൂട്ടുകാരെ തേടുമ്പോള്‍ അമ്മയുടെ രണ്ടാമത്തെ പൊക്കിള്‍ക്കൊടിയും മുറിയുന്നു.
പിന്നെ ഊര്‍ന്നും ഊരിയും മക്കള്‍ പലവഴിക്കാവുന്നു.
ഘട്ടംഘട്ടമായങ്ങനെ വളരുന്ന അകല്‍ച്ച.
ഒരിക്കലും കൂട്ടിമുട്ടാത്ത വിധത്തില്‍ അത് വളര്‍ന്നേക്കാം,കാലം വീണ്ടും അവരെ അടുപ്പിച്ചേക്കാം.
തിരികെയെത്തുമ്പോള്‍ പലപ്പോഴും വൈകിപ്പോകും.
പിന്നെ പരക്കം പാ‍ച്ചിലാണ്,ഒരമ്മക്കു വേണ്ടി.
പ്രായമായ സ്തീകളെ അസമയത്ത് അമ്മെ എന്ന് വിളിച്ച് അപഹാസ്യരാകും ചിലര്‍.
ചിലര്‍ അമ്മയുടെ ശ്രാദ്ധത്തിന് അനാഥാലയത്തില്‍ പോയി ഭക്ഷണപ്പൊതി വിതരണം നടത്തും.
തറവാട്ടുവക അമ്പലത്തിലെ പന്തലിന്റെ ഒരു കാല്‍ അല്ലെങ്കില്‍ പ്രധാന ഗേറ്റിന്റെ കൊളുത്ത് അമ്മയുടെ പേരില്‍ സ്പോണ്‍സര്‍ ചെയ്ത് കുറ്റബോധത്തിന്റെ ബാധയകറ്റും മറ്റുചിലര്‍.
പിന്തുടരുന്ന ഈ അമ്മപ്പേടി നിങ്ങളെ എവിടെ വേണമെങ്കിലും കൊണ്ടു ചെന്നെത്തിക്കും,എന്തും ചെയ്യിക്കും.
പറഞ്ഞു വരുന്നത് ജനമേജയന്‍ മാഷ്...ഷെ പറ്റിയാണ്.
ഒറ്റ മകന്‍.
മാഷ്...ഷാകാനുള്ള യോഗ്യതയായി എന്നു തോന്നിയപ്പോള്‍ പഠനമുപേക്ഷിച്ച് വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കാ‍ന്‍ തുടങ്ങി
മാഷ്....ഷ് നിര്‍ത്തിയേടത്തുനിന്നും കുട്ടികള്‍ പഠിച്ചു വളര്‍ന്നു.
ശമ്പളവും പീയെഫും കടലാസ്സ് നോക്കാന്‍ പ്രതിഫലം കൂടി ലഭിച്ചു തുടങ്ങിയതോടെ പിന്നെ അടുത്ത പടിയിലേക്ക് നോക്കി.
അവിവാഹിതന്റെ പതിനെട്ടാം പടി തന്നെ.
സ്വന്തമായി സ്ഥലം, വീട്, ജോലി, ഏകമകന്‍ ,എന്തിനും ഏതിനും പോകാത്തവന്‍,മഷ്ക്കുണന്‍
നല്ല മാവേല്‍ തന്നെ ഉന്നം വെച്ചു.
കണ്ണഞ്ചും കനി താഴെ.
ആദ്യാനുഭവത്തില്‍ മുങ്ങി പിന്നെ നിവരാന്‍ കഴിയാതെ, പെണ്ണില്‍ വീണ ലഹരിയില്‍ നിന്നും ജനമേജയന് സ്വബോധം വീണ്ടുകിട്ടിയില്ല.

കൂനിന്മേല്‍ കുരു പോലെ കുട്ടികളുണ്ടായിട്ടും കഥ തഥൈവ.

ചിലന്തി വലയില്‍ പെട്ട പ്രാണിയെപ്പോലെ ഒന്നു കുതറി നോക്കി,കുടഞ്ഞു നോക്കി,പിന്നെ അതില്‍ മയങ്ങി.
“പത്തു ലക്ഷവും ഇന്‍ഡീക്ക കാറുമാ....കിടക്കവിടെ“
ധനസ്ത്രീ അയാളെ ചവിട്ടിക്കൂട്ടി.

പിന്നെ ഊരാന്‍ ശ്രമിച്ചില്ല,ഒരു പിടച്ചിലില്‍ അവസാനിച്ചു..
കുതറാന്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ എന്നാശ്വസിച്ച് പടം മടക്കി.
തന്റെ ദയനീയതയല്ല,അത് മറ്റുള്ളോര്‍ അറിയുന്നതാണ് കഷ്ടം.
വീടുമായുള്ള പൊക്കിള്‍ക്കൊടി മുറിച്ച ജനമേജയയന്‍ റോഡു വക്കില്‍ സ്ഥലം വാങ്ങി മതില്‍ കെട്ടി ഗേറ്റ് വെച്ചു,ഗേറ്റിന്റെ തൂണില്‍ മാതൃഭാവം വരച്ചു വെച്ചു.
ഗേറ്റിന് പിന്നില്‍ വീടില്ലെങ്കില്‍ നാട്ടുകാര്‍ എന്തു പറയും, വീടും വെച്ചു.
പൂജാമുറിയില്‍ ലോകത്തുള്ള എല്ലാ ദൈവങ്ങളെയും കുടിയിരുത്തി,ദൈവങ്ങള്‍ക്കും വീര്‍പ്പുമുട്ടി.
അമ്മെ നാരായണ എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വിളിച്ചു.
അരനാഴികയകലെ ഒറ്റക്കൊരുവീട്ടില്‍ ആര്യോഗം നശിച്ചു കഴിയുന്ന അമ്മയെ മാത്രം ഒറ്റമകന്‍ കടാക്ഷിച്ചില്ല.
ബോധം നശിച്ച് അവര്‍ മലമൂത്രത്തില്‍ കുഴഞ്ഞു കിടന്നപ്പോഴും ജനമേജയന്‍ തിരിഞ്ഞുനോക്കിയില്ല.
അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ശാരീരികയുക്തികൊണ്ടും സാമൂഹ്യ ശക്തി കൊണ്ടും ജനമേജയന്‍ നേരിട്ടു.
നാട്ടുകാരുടെ മുന്നില്‍ ജനമേജയന്‍ പെണ്‍കോന്തനും വിലയില്ലാത്തവനുമായി.
അദ്ധ്യാപഹയനല്ലെ,ഇതില്‍ക്കൂടുതലെന്ത് ,,,,,എന്ന് നാട്ടുകാര്‍ സഹതപിച്ചു.
എന്തുട്ടായിട്ടെന്താ.......ആ തള്ളേടെ അവസ്ഥ കണ്ടില്ലെ......ദുഷ്ടന്‍ എന്നവര്‍ ചെവി പാകത്തിന് കിട്ടിയിടത്തൊക്കെ കുശുകുശുക്കി.
തനിക്കെതിരെ വീശിയ സുനാമിയില്‍ പോലും കുലുങ്ങിയില്ല നമ്മുടെ ജനമേജയന്‍.
അങ്ങിനെ ഒരു ദിവസം ശീമാട്ടിയുടെ പ്ലാസ്റ്റിക് കവറില്‍ എന്തൊക്കെയൊ കുത്തി നിറച്ച് വീടിന്റെ മുന്നില്‍ ഓട്ടോ കാത്തു നില്‍ക്കുന്ന നമ്മുടെ ജനമേജയന്‍ മാഷ്...ഷെ നാട്ടുകാരില്‍ ചിലര്‍ കാണാനിടയായി.
ഒരു നാട്ടു വര്‍ത്തമാനമെന്ന നിലയില്‍ ഒരാള്‍ മാഷോട് തിരക്കി.
“എങ്ങ്ട്ടാ മാഷ്....ഷെ.....ഇത്ര രാവിലെ....”
“അമ്മേടട്ത്തേക്ക്യാ.....”
മാഷ്...ഷ് പറഞ്ഞു.

ആ വാക്കില്‍ ഒരു മകന്റെ സ്നേഹം മുഴുവന്‍ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടു.
“അതെന്തായാലും നന്നായെന്റെ മാഷ്....ഷെ...............അമ്മേടെ സ്ഥിതി വല്ലാണ്ട് മോശാ .....മാഷ്...ഷ്....വേഗം ചെല്ല്.....”
അത് മുഴുമിപ്പിക്കുന്നതിനും മുമ്പ് മാഷ്....ഷില്‍ നിന്നും ഒരു തിരുത്ത് വന്നു.
ഒരു മകനും പ്രത്യേകിച്ച് ഒരു മാഷ്....ഷും പറയാന്‍ പാടില്ലാ‍ത്ത ഒരസംബന്ധമായിരുന്നു അത്.


“തേങ്ങേടെ മൂട്,

ഞാന്‍ പോണത് .....

വള്ളിക്കാവിലമ്മേടട്ത്തേക്ക്യാ

.....അല്ലാണ്ട്....”7 comments:

സൌഹൃദത്തിന്റെ കളരി said...

വള്ളിക്കാവിലമ്മേടടുത്ത് പോകുന്നവര്‍ ഇത്രക്ക് മോശപ്പെട്ടവരാണൊ....ഒരു സംശയമാണു കേട്ടൊ....

bilatthipattanam said...

പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെ ഒരു
ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം എല്ലാവരും പരിപാലിക്കുന്നു !വരുമാനം ചിലവഴിക്കാനും -കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും അവന്‍/അവള്‍ എ ങ്ങിനെയാണ് ഒന്നു രക്ഷപ്പെടുക

അനാഗതശ്മശ്രു said...

ഇതസം ബന്ധകഥയല്ല..സം ഭവ്യ കഥ...
:)

മാര്‍ജാരന്‍ said...

“തേങ്ങേടെ മൂട്,

ഞാന്‍ പോണത് .....

വള്ളിക്കാവിലമ്മേടട്ത്തേക്ക്യാ

.....അല്ലാണ്ട്....”

മാര്‍ജാരന്‍ said...

മാഷ്...ഷാകാനുള്ള യോഗ്യതയായി എന്നു തോന്നിയപ്പോള്‍ പഠനമുപേക്ഷിച്ച് വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കാ‍ന്‍ തുടങ്ങി
മാഷ്....ഷ് നിര്‍ത്തിയേടത്തുനിന്നും കുട്ടികള്‍ പഠിച്ചു വളര്‍ന്നു.

sreenadhan said...

നന്നായിട്ടുണ്ട്‌. ഇടത്തരം
മലയാളിയുടെ യഥാതഥചിത്രീകരണം.ഇന്ന്‌ മലയാളി ഹിന്ദു കുടുംബങ്ങളില്‍ social acceptanceന്റെ ഭാഗമാണ്‌ അഴകുള്ളവളെ അമ്മ എന്നു വിളിക്കുന്നത്‌.
രസകരമായിട്ടുണ്ട്‌.
അഭിനന്ദനങ്ങള്‍.

മാര്‍...ജാരന്‍ said...

വള്ളിക്കാവിലമ്മയെ വെറുതെ വിടൂ


നീയുള്ളപ്പോള്‍.....