പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 23, 2009

പാപ്പുട്ടിയാശാന്റെ ജീവിത പരീക്ഷണങ്ങൾ







ചുണ്ടെലി,


ചുരുണ്ടെലി,


വെള്ളെലി,


കറുത്തെലി,


കൂര്‍ത്തെലി,


ചീര്‍ത്തെലി,


മണ്ണാത്തിപ്പാറൂന്റെ മുണ്ടുകെട്ടു കരണ്ടെലി ......


പാപ്പുട്ടിയാശന്റെ പടിപ്പുര കരണ്ടെലി........


വെയില്‍ കൊണ്ട മണ്ണില്‍ നിന്നും മണ്ണിര തലപൊക്കുന്നതുപോലെ പോലെ ഭൂമി മലയാളത്തിലെ തോട്ടു വക്കിലോ,റോഡരികിലോ,പൊന്തക്കാട്ടിലോ,കുന്നിന്‍ ചെരിവിലോ മറ്റോ ചേര്‍ന്നു കിടന്നു പാപ്പുട്ടിയാശാന്‍ സ്വന്തം ജീവിതം   പാടുകയാണ്..........


ആശാന് കവിത ചില നേരങ്ങളിലെ നിമിഷവികൃതിയാണ്.


സംഗീതവും ആലാപനവും മറ്റൊരാള്‍ക്കും പോകില്ല.


എത്ര അമര്‍ത്തിപ്പിടിച്ചാലും പുറത്തേക്കു തികട്ടിവരുന്ന ഓര്‍മ്മകൾ പോലെ ഒരവതാരമാണ് പാപ്പുട്ടിയാശാന്‍.


എല്ലാ കലകളിലും കയ്യിട്ടുവാരി രസിക്കുന്ന സകലകലാവല്ലഭന്‍, സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരെപ്പോലെ.


മണ്ണോടു  മണ്ണും പൊടിയോടു പൊടിയുമായിട്ടും ആശാന്‍ സ്മരണകള്‍ വട്ടം കറങ്ങുന്നു,പാറിക്കളിക്കുന്നു ,ആശാന്‍ ഭൂമിയില്‍ സൃഷ്ടിച്ച ദൈവങ്ങളെപ്പോലെ.


വാടാനപ്പള്ളി അത്മാവ് എന്ന ഞങ്ങളുടെ സ്വന്തം   സ്റ്റോപ്പില്‍ ബസിറങ്ങി ഒന്നു ചെവി വട്ടം പിടിച്ചാല്‍ മതി,മണിയൊച്ച കേള്‍ക്കാം.അരമണിയുടെയൊ അമ്പലമണിയുടേയൊ അതുമല്ലെങ്കില്‍ ആശാന്റെ കൈമണിയുടേയൊ.
തൊട്ടടുത്ത പെരിങ്ങോട്ടുകരയില്‍ ബസിറങ്ങുന്ന ഭക്തരെ വഴിതെറ്റിക്കാന്‍ ബ്രോക്കര്‍മാരുടെ രൂപങ്ങളില്‍ ചാത്തന്മാര്‍ ചായപ്പീടികയില്‍ വട കടിച്ചോ, ഓട്ടോ സ്റ്റാന്റിൽ പുകച്ചോ,കള്ള് ഷാപ്പില്‍   പിടിപ്പിച്ചോ പതിയിരിപ്പുണ്ടാകും.അത് ചാത്തന്‍സിന്റെ സാക്ഷാല്‍ കളിയാണ്,പാപ്പുട്ടിയാശാന് പക്ഷെ ഇത്തരം കളികളില്‍ താല്പര്യമില്ലെന്നറിയുക,കാളവാഹകനായ ചാത്തനാണ് അരുമയെങ്കിലും   പറഞ്ഞു വരുമ്പോ ആളൊരു മാന്യനാണ്.


ആശാന്റെ ജീവിതം തുറന്നുപിടിച്ച   പുസ്തകമാണ്,അതു കൊണ്ടു തന്നെ കീറിപ്പറിഞ്ഞതും.മന്ത്രവാദി,നാടന്‍കലാ പരിപോഷകന്‍,ബുദ്ധി ജീവി,ഗാന്ധിയന്‍,മദ്യനിരോധന സമിതി പ്രവര്‍ത്തകന്‍ സര്‍വ്വോപരി നല്ലൊരു കുടിയനും സ്വാഭാവികമായി അരാജകവാദിയും, എന്നിങ്ങനെയായിരുന്നു അവിയല്‍ പരുവത്തില്‍ പാപ്പുട്ടിയാശാന്റെ ജീവിതം.എല്ലാം ഒത്തുചേർന്നൊരാളിൽ കാണണമെങ്കിൽ ചെല്ലുവിൻ എന്ന കവിതക്ക് ചേരുംപടി ചേരുന്ന ഒരാൾ. ഏതൊരാളെയും പോലെ തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ച ഒരാൾ .


സ്വന്തം നിലയിലും മറ്റുള്ളവരുടെ ചിലവിലും നടത്തിക്കൊണ്ടു പോന്ന ഒരു അമ്പലം ആശാന്റെ തിരോധാനത്തോടെ തെരുവോരത്തെ  രക്തസാക്ഷി മണ്ഡപങ്ങള്‍ പോലെ കാക്കകള്‍ക്കു അഭിഷേകം നടത്താന്‍ പാകത്തില്‍ അനാഥമായെങ്കിലും ഇന്നും നിലവിലുണ്ട്.


കാളി ,ചാത്തന്‍,ഒടിയന്‍ തുടങ്ങിയ കൂടിയ വഹകളാണു ക്ഷേത്രത്തില്‍ അരങ്ങു വാഴുന്ന ദൈവങ്ങള്‍ .   എല്ലാ ദൈവങ്ങള്‍ക്കും കാവലാള്‍ പോലെ ഊന്നുവടിയിൽ      ഗാന്ധി പ്രതിമയും അമ്പലത്തിനുമുന്നില്‍ നില്‍പ്പുണ്ട്.


പച്ചമലയാളം കടന്ന് കന്നട നാട്ടിലും തമിഴകത്തും ഈ സംഹാരമൂര്‍ത്തികള്‍ക്കു കൈയ്യടിച്ചും കൈയ്യയച്ചും പ്രോല്‍സാഹിപ്പിക്കുന്ന ഭക്തജനങ്ങളുമുണ്ട്.നീളത്തില്‍ ഖദറിട്ടു കാതില്‍ കടുക്കനിട്ട്‌ പതിയെ നീങ്ങുന്ന
കറുത്ത ദേഹമായിരുന്നു പാപ്പുട്ടിയാശാന്‍... ..


നഗ്നപാദനായി ഗാന്ധിയെക്കാള്‍ ലളിതന്‍,മദ്യപിച്ച് മദോന്മത്തനായി നടു വളഞ്ഞ് ഗാന്ധിയേക്കാള്‍ വിനീതന്‍. .


ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ചിരി ആകെയുള്ള രണ്ടു പല്ലുകളില്‍ കുമിഞ്ഞുകൂടിയ ആശാന്‍ചിരി പത്തരമാറ്റു മുന്നിലാണ്.


ഗാന്ധിയൻ  ലാളിത്യത്തില്‍ നിന്നും മന്ത്രവാദത്തിന്റെ ഉഗ്രതയിലേക്കുള്ള പാപ്പുട്ടിയാശാന്റെ പകര്‍ന്നാട്ടം കാണേണ്ടതാണ്.


ചുവപ്പു
 വസ്ത്രങ്ങള്‍ ചുറ്റി കാലിലും അരയിലും മുഴങ്ങുന്ന ചിലങ്കയണിഞ്ഞു ചോര തിളങ്ങുന്ന വാളുമായി ആശാനിലൂടെ ഭൂമിയിലെത്തുന്ന ഉഗ്രമൂര്‍ത്തികള്‍ പരിഹരിക്കാത്ത പ്രശ്നങ്ങളില്ല.നിഗ്രഹിക്കാത്ത ശത്രുക്കളില്ല.


മലയാളം അറിയാത്തവരും പ്രശ്നപരിഹാരത്തിനെത്തുന്നതിനാല്‍ ഭാഷയുടെ   അവിയല്‍ പ്രയോഗമാണ് ആശാന്‍ പടച്ചുവിടുക.

ഏതാണ്ട് അതിങ്ങനെയൊക്കെയായിരിക്കും.


"ഹാര്‍ട്ടുക്കൊരു ട്രബിളുണ്ട്‌.... അതുടനെ കമ്പ്ലയിന്റാകും.പ്രച്നം എങ്കൈയിരുന്താലും  പരിഹാരം ഇങ്കെയിരിക്ക്‌... , എക്സപെന്‍സ്‌ റൊമ്പ ജാസ്തിയാകും...ഒം...ക്രീം....എന്നിങ്ങനെപ്പോകും ആശാന്റെ പ്രയോഗങ്ങള്‍ . ഇതു കേട്ടാല്‍  ഭാഷയുടെ തലതൊട്ടപ്പന്മാരായ എഴുത്തച്ഛന്‍ പരമ്പരകൾ  വരെ ഞെട്ടും.ചങ്കില്‍ നിന്നും  ശബ്ദം പുറത്തെടുക്കുന്ന വിദ്യ കണ്ടു പിടിച്ച തിരുവിതാംകൂര്‍ നാടകങ്ങള്‍ പൂരപ്പറമ്പ് തകര്‍ക്കുമ്പോൾ ,  വടക്കന്മാരുടെ അറ്റകൈ പ്രയോഗമായ   തെയ്യം, തിറ, മൂക്കാന്‍ ചാത്തന്‍ തുടങ്ങിയവ രംഗത്തവതരിപ്പിച്ച് നാട്ടുകാരെ ശ്വാസം മുട്ടിച്ച് ഒരു ചെറിയ ബുദ്ധിജീവി പരിവേഷവും നേടിയെടുത്തിട്ടുണ്ട്‌  നമ്മുടെ ആശാൻ. അങ്ങിനെയിങ്ങനെ നാടന്‍ കലകളെ പരിപോഷിപ്പിച്ചും മറ്റും മടിശീല കാലിയായി കോണകത്തിന്റെ ഇരുതലകള്‍ കൂട്ടി മുട്ടിക്കാന്‍ തന്നെ പെടാപ്പാട് പെടുന്ന സമയത്ത്, ഉണ്ട് ഉടുമുണ്ടുരിഞ്ഞിരിന്ന് കിഴക്കന്‍ കാറ്റു കൊള്ളുമ്പോ ആശാനൊരു ഉള്‍വിളി   പുതിയ മോഡലില്‍ ഒരമ്പലം  ആയാലോ!

ഒറ്റ ദൈവങ്ങളുടെ കാലം കഴിഞ്ഞെന്നും ആളുകളെ ആകര്‍ഷിക്കണമെങ്കില്‍ പലതരം അവതാരങ്ങള്‍ വേണമെന്ന ഹൈടെക് ആശയം ആശാനില്‍ ഉടലെടുത്തു.

 മാർജിൻ ഫ്രീ മാര്‍ക്കറ്റ്‌ പോലെ ഏതുംതരം ദൈവങ്ങളെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭക്തര്‍ക്കു കിട്ടുന്ന ഒരു സൂപ്പർ സ്ഥലം.

ഉദ്ദേശിച്ച ബ്രാന്‍ഡ് കിട്ടാതെ ആരും മടങ്ങിപ്പോകരുതെന്ന നവീനമായ സൂപ്പര്‍മാര്‍ക്കറ്റ് ചിന്തയോളമെത്തി ആശാന്റെ ആശയങ്ങൾ .  കിട്ടിയത്  വാങ്ങി മോന്താന്‍ ഇതെന്താ  ബെവറേജോ.ദൈവങ്ങള്‍ വിളയുന്ന തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ ചെന്ന് ഒറ്റയടിക്കു ബള്‍ക്കായി ഒരുപാടു ദൈവങ്ങൾക്ക് ഓര്‍ഡര്‍ കൊടുത്തു.ഒരു ദൈവത്തെ തന്നെ നിലനിര്‍ത്താന്‍ നാട്ടുകാര്‍ പാടുപെടുന്ന കാലത്താണിതെല്ലാം എന്ന് പ്രത്യകം ഓര്‍ക്കണം.പുതിയ അമ്പലത്തിനു മുകളില്‍ ദൈവങ്ങള്‍ അണിനിരന്നപ്പോള്‍ ആശാന്റെ ഭാവന പിന്നെയും ചിറകുവിരിച്ചു.എന്തു കൊണ്ടു ദൈവങ്ങളെ വട്ടം കറക്കിക്കൂടാ.

വെയിലത്തും മഴയത്തും ദൈവങ്ങള്‍ ചൊറിയും കുത്തിയിരിക്കുന്നതെന്തിനാ.കാക്കകളിൽ നിന്നും കാക്കാ കാഷ്ഠങ്ങളിൽ നിന്നും മോചനം കൂടി ലഭിക്കും.ദൈവങ്ങള്‍ ഉറക്കം തൂങ്ങിയിരുന്നുകൂടാ.മന്ദബുദ്ധിയാണെന്ന് ഭക്തർ തെറ്റിദ്ധരിക്കും.തെറ്റിദ്ധാരണയാണല്ലോ ഭക്തരുടെ ശക്തി.

ആശാന്‍  തല പുകച്ചും അല്ലാതെയും അലോചിച്ചു.അമ്പലത്തിനു മുകളില്‍ ദൈവങ്ങള്‍ക്കു വട്ടം കറങ്ങി കളിക്കാനിഷ്ടം പോലെ സ്ഥലവുമുണ്ട്‌. ..  .,.ഒരു തിരിയല്‍ യന്ത്രം സ്ഥാപിക്കുക തീരുമാനത്തിൽ ചിന്ത കറങ്ങിയെത്തി.കഴകവും തന്ത്രിയും മന്ത്രിയും ദേവസ്വം ബോര്‍ഡും താന്‍ തന്നെയായതു കൊണ്ട്‌ ആരും എതിര്‍ത്തില്ല.സഹായിയായ രാമു മാത്രമാണു എതിരഭിപ്രായമല്ലാ‍ത്ത രീതിയില്‍ ഒരഭിപ്രായം പറഞ്ഞത് ,ദൈവങ്ങളുടെ ഏകാഗ്രത നശിക്കും.
ആശാന്‍ അയഞ്ഞില്ലെന്നുമാത്രമല്ല കൂടുതല്‍ മുറുകി ദേവസ്വം മന്ത്രിയുടെ നിലവാരത്തിലേക്കുയര്‍ന്നു.

ദൈവങ്ങള്‍ ഒന്നിളകുന്നതു നല്ലതാണു,മടിപിടിച്ചു  പോകും.

ആശാന്‍ സ്വന്തം തീരുമാനത്തിനുമീതെ അവസാനത്തെ ആണിയുമടിച്ചു.
തിരിഞ്ഞു കൊണ്ടിരിക്കുന്നതാ നല്ലത്,ദൈവങ്ങളുടെ തലയില്‍ കാക്ക കാഷ്ഠിക്കില്ല ഗത്യന്തരമില്ലാതെ രാമു ഒരു ചെറിയ മാറ്റത്തോടെ ആശാനൊപ്പം നിന്നു.

  ഉത്സവദിവസം   ഉല്‍ഘാടനം ദൈവങ്ങളുടെ കറക്കം ഉൽഘാടനം  ചെയ്യാനെത്തിയത് കാതല്‍ മന്നൻ   ജെമിനി ഗണേശനാണ്. സ്വിച്ചോൺ ചെയ്യാൻ മുകളിൽ കയറിയ താര ദൈവം കോണിയൊടിഞ്ഞു താഴെ വീണതും ജനങ്ങള്‍ ഭൂമിയിലെക്കു രാജകീയമായി അദ്ദേഹത്തെ സ്വീകരിച്ചതും ഉത്സവത്തിനിടയിലെ മറ്റൊരുത്സവവമായി ഞങ്ങൾ കൊണ്ടാടി.

ദൈവകോപമെന്ന വശപ്പിശകായി ഈ സംഭവത്തെ ദോഷൈകദൃക്കുകള്‍ ചിത്രീകരിച്ചെങ്കിലും ആശാന്‍  ഉറച്ചുനിന്നു,കുണ്ടികുലുങ്ങാതെ.

തുടര്‍ന്നുള്ള നാളുകളില്‍ ദൈവങ്ങൾ കറങ്ങിക്കൊണ്ടിരുന്നു യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നതുവരെ.പവര്‍കട്ട് സമയത്ത് ദൈവങ്ങള്‍ നടുനിവര്‍ത്തി ആശ്വാസിച്ചു.ദൈവങ്ങളുടെ കറക്കം രസിച്ചു നിന്ന ഞങ്ങൾക്ക് ക്ലാസിൽ വൈകിച്ചെന്നതിന്റെ ചൂരൽ പ്രയോഗം നിത്യ സംഭവമായി.

കറുത്തു മെലിഞ്ഞു നീളന്‍ ജുബ്ബയില്‍ പൊതിഞ്ഞ ആശാൻ കാണേണ്ട കാഴ്ചയാണ്.ക്ലീന്‍ഷേവ്‌ ഫുള്‍കഷണ്ടി കാതില്‍ കടുക്കന്‍ കറുകറുപ്പ്  മെലിയാൻ ഇനിയും ശരീരമില്ലാത്ത  കനം കുറഞ്ഞ മനുഷ്യന്‍ .പക്ഷെ ചിലപ്പോള്‍ ആശാനെ മറിച്ചും കാണേണ്ട ഗതികേടുണ്ടായിട്ടുണ്ട്  .മദ്യനിരോധന പ്രവര്‍ത്തകന്‍ കൂടിയായ ആശാനിലെ ഗാന്ധിയനെ ചിലപ്പോള്‍ ചാത്തന്‍ സേവ പിടികൂടും.മദ്യപിച്ച് ,ഖദറഴിഞ്ഞ്,ഛര്‍ദ്ദിച്ച്‌ കേടുവന്ന ചര്‍ക്ക കണക്കെ അലങ്കോലമായി കിടക്കുന്ന ആശാനെ നോക്കി ആളുകള്‍ ഗുണദോഷിക്കും:"എന്താ ആശാനെ ...ഇതു....ആളോള് കാണില്ലെ“.

ഈ സമയം സിറോസിസിനു മാരകമായി വിധേയമായ കരളില്‍  ഗാന്ധിസത്തെ കൂട്ടുപിടിച്ച് ആശാന്‍ മൊഴി വരും.


"നായിന്റെ മോനെ ,ന്റെ ജീവിതമാ ന്റെ സന്ദേശം.കുടിച്ചാൽ ദ് പോലെ വഷ്ലവണം.ബി കെയർ ഫൂൾ....."



















12 comments:

മണിലാല്‍ said...

നഗ്ന പാദനായി ഗാന്ധിയെക്കാള്‍ ലളിതന്‍,മദ്യപിച്ച് മദോന്മത്തനായി നടു വളഞ്ഞ് ഗാന്ധിയേക്കാള്‍ വിനീതന്‍.

മണിലാല്‍ said...

."തിരിഞ്ഞു കൊണ്ടിരിക്കുന്നത് നല്ലതാണു,ദൈവങ്ങളുടെ തലയില്‍ കാക്ക കാഷ്ഠിക്കില്ല“

ചാളിപ്പാടന്‍ | chalippadan said...

ഗടി... വാടാനപ്പള്ളിയുടെ അഭിമാനമായ പാപ്പുണ്ണി ആശാനോടാണോ കളി ?
ഞാന്‍ ആദ്യമായിട്ടാണ് ഈ വഴിക്ക്. നന്നായിട്ടുണ്ട് .
അയ്യന്തോള്‍ ലെയിന്‍ തകര്‍ത്തു മാഷേ! ബാക്കി വയ്ച്ചിട്ടു അഭിപ്രായം അറിയിക്കാം.
പാപ്പുണ്ണി ആശാനെ പറ്റി ഒരു ലിങ്ക് കൂടി.
http://theatreofjoy.blogspot.com/

മണിലാല്‍ said...

പാപ്പുട്ടിയാശാന്റെ ജീവിത പരീക്ഷണങ്ങള്‍,സാക്ഷാല്‍ ചാത്തന്‍ കഥ






ചുണ്ടെലി,


ചുരുണ്ടെലി,


വെള്ളെലി,


കറുത്തെലി,


കൂര്‍ത്തെലി,


ചീര്‍ത്തെലി,


മണ്ണാത്തിപ്പാറൂന്റെ മുണ്ടുകെട്ടു കരണ്ടെലി ......


പാപ്പുട്ടിയാശന്റെ പടിപ്പുര കരണ്ടെലി........


വെയില്‍ കൊണ്ട മണ്ണില്‍ നിന്നും മണ്ണിര തലപൊക്കുന്നതുപോലെ പോലെ ഭൂമി മലയാളത്തില്‍ (തോട്ടു വക്കിലോ,റോഡരികിലോ,പൊന്തക്കാട്ടിലോ,കുന്നിന്‍ ചെരിവിലോ മറ്റോ...)ചേര്‍ന്നു കിടന്നു പാപ്പുട്ടിയാശാന്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി പാടുകയാണ്..........


ആശാന് കവിത ചില നേരങ്ങളിലെ നിമിഷ വികൃതിയാണ്.

മണിലാല്‍ said...

ചാത്തന്‍മാര്‍ ശ്രദ്ധിക്കുക.......മാര്‍ജാരന്‍.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

പകര്‍ന്നാട്ടം ഉഗ്രന്‍ :). അഭിനന്ദനങ്ങള്‍. (പേനയെടുത്തോരും ആണിപിടിപ്പോരും ഖദറിട്ടൊരും മദിര സേവിപ്പോരും എല്ലാ ആശാന്‍മാരും നിതരാം വിജയിപ്പൂതാക!! )

മണിലാല്‍ said...

തുടര്‍ന്നുള്ള നാളുകളില്‍ ദൈവങ്ങളെ ആശാന്‍ കറക്കിക്കൊണ്ടിരുന്നു,യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നതുവരെ.(പവര്‍കട്ട് സമയത്ത് ദൈവങ്ങള്‍ നടുനിവര്‍ത്തി ആശ്വാസിച്ചു).

മണിലാല്‍ said...

തുടര്‍ന്നുള്ള നാളുകളില്‍ ദൈവങ്ങളെ ആശാന്‍ കറക്കിക്കൊണ്ടിരുന്നു,യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നതുവരെ.(പവര്‍കട്ട് സമയത്ത് ദൈവങ്ങള്‍ നടുനിവര്‍ത്തി ആശ്വാസിച്ചു).

Unknown said...

ugran. njan bloganayil vayichitundo?

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

abhayam suresh said...

puthiya kadhal ellam vayichoo.
valarea nanayitunde.
Ayanthole laninl poyathu orma vanu.

തകര്‍പ്പന്‍ said...

വെറും കഥയാണോ സംഭവിച്ചതാണോ?


നീയുള്ളപ്പോള്‍.....