പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, March 13, 2009

പൊതു സ്വതന്ത്രന്‍




വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലും വലിച്ചുനീട്ടി വളിപ്പാക്കുന്നതിലും വിരുതനായ പത്രപ്രവര്‍ത്തകനായിരുന്നു ഉല്‍പ്പലാക്ഷന്‍,മറ്റു പലരേയും പോലെ.


സുഹൃത്തുക്കള്‍ക്കിടയില്‍ ഉല്പു എന്ന ഓമനപ്പേരില്‍ അയാള്‍ അറിയപ്പെട്ടു.

നാലണക്ക് വിലയില്ലാത്ത സമരത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതു രംഗത്തേക്കുള്ള വരവ്.

ബോംബ് വടിവാള്‍ കല്ലേറ് പെണ്ണ് പിടി നാറ്റിക്കല്‍ തുടങ്ങിയ എതിര്‍ പാര്‍ട്ടി പ്രയോഗങ്ങള്‍ക്കിരയാവാതെ, ഖദര്‍ മുഷിയാതെ തഞ്ചത്തില്‍ മുന്നേറിയ ഒരു ജില്ലാ നേതാവായിരുന്നു.

കണ്ണീര്‍ വാതക പ്രയോഗങ്ങളിലൂടെ കോളേജ് ഇലക്ഷനില്‍ വിജയിച്ചുകയറി.

ആയിരക്കണക്കിന് വരുന്ന കുട്ടിനേതാക്കളെ അതിജീവിച്ച് മുന്നേറാനുള്ള മിടുക്കില്ലാത്തതിനാലും നേതാക്കളെ താങ്ങാനാവാതെ തകരുന്ന സ്റ്റേജിന്റെ അടിയില്‍ പെട്ടു ചതഞ്ഞു മരിക്കാന്‍ താല്പര്യമില്ലാത്തതിനാലും....ഗതികെട്ടാല്‍......?

പത്രപ്രവര്‍ത്തന രംഗത്തേക്കു കടക്കുകയാണുണ്ടായത്.

വിവാദം,വിമതപ്രവര്‍ത്തനം,സമാന്തര സംഘടനപ്രവര്‍ത്തനം,വിഭാഗീയത,വിവാദം,നീക്കം,എതിര്‍പ്പ്,വെട്ടിനിരത്തല്‍,പോര്,പോര്‍വിളി,പിളര്‍പ്പ്,പൊട്ടിത്തെറി,അഭിഷിക്തനായി,അമ്മയുടെ കാരുണ്യം,വാഴ്ത്തപ്പെട്ടവള്‍,യോഗം അലങ്കോലപ്പെടല്‍,ഫണ്ട് പാഴായി,അഴിമതി, റബ്ബറിന്റെ താങ്ങുവില,തുടങ്ങിയ ചുരുക്കം ചില വാക്കുകളുണ്ടെങ്കില്‍ ജീവിച്ചു പോകാവുന്ന പത്രപ്രവര്‍ത്തനമാണ് അഷ്ടിക്ക് തെരഞ്ഞെടുത്തത്.

രക്തം തിരിച്ചറിഞ്ഞ പത്രമുടമ കമ്യൂണിസ്റ്റുകാരന്റെ പാര്‍ട്ടി ഓഫീസുകള്‍ ഒളിഞ്ഞു നോക്കുവാനുള്ള പാസ്സും കൊടുത്ത് നമ്മുടെ ടീയാനെ ഗോദയിലിറക്കി.

ആദ്യമാദ്യം ഒളിഞ്ഞുനോക്കി,പിന്നെ ഇതിത്രയേയുള്ളൂ...എന്ന വിലയിരുത്തലില്‍ രണ്ടു റമ്മില്‍ സോഡ പെരുപ്പിച്ച് മനോധര്‍മ്മത്തില്‍ കാര്യങ്ങള്‍ കണ്ടു തുടങ്ങി.

ആയിടക്കാണ് കല്യാണം രാശിയില്‍ തെളിഞ്ഞു വരുന്നത്.കീശ തടവി പോരുന്നതു പോരട്ടെ എന്ന ഭോഷ്കന്മാരുടെ നാട്ടു നടപ്പില്‍ ഒരു കല്യാണം പൂര്‍വ്വാധികം(ഇതിവിടെ ആവശ്യമില്ലാത്തതാണ്,എന്തു ചെയ്യാം പത്രത്തിലായിപ്പോയില്ലെ) ഭംഗിയോടെ നടത്തി.

പത്രത്തിലെ ഭാഷയാണ് ലോകത്തിന്റെ ഭാഷയെന്ന് തെറ്റിദ്ധരിച്ച ഉല്‍പ്പു ആദ്യരാത്രിയില്‍ തന്നെ ദാമ്പത്യത്തില്‍ കോലുവെച്ചു.


“എനിക്കൊരു സ്വപ്നമുണ്ടായിരുന്നു“ എന്ന ഫാര്യാഭാഷണത്തിന് “അത് പള്ളിയില്‍ പറഞ്ഞാ മതി”യെന്ന പത്രഭാഷണം കൊണ്ട് നേരിട്ടു.

“ഇനി നമ്മള്‍ ഒരുമിച്ചല്ലെ.... എല്ലാ കാ‍ര്യങ്ങളും...“എന്ന വാക്യം പൂര്‍ണ്ണമാക്കുന്നതിനു മുമ്പ് ആരും ഒരുമിച്ചു പോകുന്നതിഷ്ടമില്ലാത്ത പത്രപ്രവര്‍ത്തകന്‍ പല്പു ഇടപെട്ടു.

“എനിക്കെന്റെ വഴി ,കുടുംബം കുടുംബത്തിന്റെ വഴിക്ക് പോകും“ എന്നും പറഞ്ഞ് “ബെഡ് റൂമില്‍ നിന്നും ഉല്പലാക്ഷന്‍ എന്ന് ”ബൈ ലൈന്‍ എഴുതി ചേര്‍ത്തു.


“നമ്മള്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ഭംഗിയാക്കുകയല്ലെ നല്ലത് ” ഫാര്യ ഉല്പുവിന്റെ കുഴിനെഞ്ചില്‍ വിരലോടിച്ച് കുണുങ്ങി.


“നമ്മള്‍ ഒരുമിച്ചൊരു വേദി പങ്കിടുന്ന പ്രശ്നമേ ഉദിക്കുന്നില്ല,ഇരുന്നാലും മുഖം തിരിഞ്ഞേ ഇരിപ്പുണ്ടാവൂ”ഉല്പലാക്ഷന്‍ പേനയുടെ ടോപ്പിട്ട് തിരിഞ്ഞു കിടന്നു.


കണ്ണീരുകുടിച്ചു കൊണ്ട് ഫാര്യ ചിന്തിച്ചു.

എത്രയോ നല്ല കിഴങ്ങന്മാരുടെ ആലോചനകള്‍ വന്നതാണ്,പത്രപ്രവര്‍ത്തകനാണ്,വിശാല ഹൃദയനായിരിക്കും,എന്തൊക്കെയായാലും എഴുത്തും വായനയും തിരിയുന്ന ആളല്ലെ.......എന്തു മണ്ടത്തരമാണെങ്കിലും മന്ത്രിമാരോട് ചോദിക്കാന്‍ കെല്‍പ്പുള്ളവനല്ലെ.

സിനിമക്കും പാര്‍ട്ടിക്കും ഫ്രീ പാസ്സ് കിട്ടുന്നവനല്ലെ....എന്നൊക്കെ.




ഒന്നുമുണ്ടായില്ലെങ്കിലും അതുണ്ടാവും എന്ന മട്ടില്‍ ഫാര്യ പകുതി അടവ് ബാക്കിയുള്ള ത്രീ ബെഡ് റൂം ഫ്ലാറ്റിന്റെ സ്വീകരണമുറിയിലെ ഇറ്റാലിയന്‍ സിങ്കിലേക്ക് നിറയൊഴിച്ചു.


ഒരു നേതാവിന്റെ വാര്‍ത്ത വളച്ചൊടിക്കാനെന്താണൊരു വഴി എന്നാലോചിച്ച് പത്രമാഫീസില്‍ പേന കൊണ്ട് ഇല്ലാത്ത ബ്രെയിന്‍ ചൊറിയുന്നതിനിടക്കാണ് ഛര്‍ദ്ദിച്ച ഫാര്യയുടെ ഫോണ്‍ മുഴങ്ങുന്നത്.


“ചേട്ടാ ഞാനൊരമ്മയാവാന്‍ പോകുന്നു....

ചേട്ടനൊരു അച്ഛനും......“


അതു മുഴുപ്പിക്കുന്നതിനു മുമ്പെ ഉല്പു ഇടപെട്ടു.


“അതു തീരുമാനിക്കാന്‍ വരട്ടെ!”


അന്നാദ്യമായ് ഉല്‍പ്പലാക്ഷന്‍ തന്റെ ദാമ്പത്യത്തില്‍ ഒരു വിമത ശല്യം മണത്തു.

ആരായിരിക്കും ഈ കുഞ്ഞിന്റെ പിതാ...


ഞാന്‍ തന്നെയായിരിക്കുമോ...ഛേ....അതാവാന്‍ വഴിയില്ല.

ഇക്കാര്യത്തില്‍ നേര്‍വഴിക്ക് ചിന്തിച്ചാല്‍ ഒരിടത്തുമെത്തില്ല.


രാത്രിയില്‍ അവള്‍ക്ക് വരുന്ന മെസ്സേജ്....അതവള്‍ അടക്കത്തില്‍ കൈകാര്യം ചെയ്യുന്നത് പല തവണ കണ്ടിട്ടുണ്ട്.

ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നത്....സ്വപ്നത്തിലാണെങ്കിലും തന്നെ കണ്ടിട്ടാവില്ല.

വാതിലില്‍ പാതിരാക്ക് കേള്‍ക്കുന്ന മുട്ട് കാറ്റിന്റേതാവാന്‍ തരമില്ല.

വനം മന്ത്രിയുടെ ഒത്താശയോടെ മില്ലുകാര്‍ തന്ന തേക്കിന്‍കാതലില്‍ തീര്‍ത്ത വാതിലാണ്,കാറ്റില്‍ പോലും അനങ്ങാത്ത മരമാണ്.

പിന്നല്ലെ വാതില്‍.

പലപ്പോഴും മുറിയില്‍ ഒരു പുരുഷ ഗന്ധം അനുഭവപ്പെടാറുണ്ട്,ഉല്പു നിരീക്ഷിച്ചു,തന്റേതാകാന്‍ വഴിയില്ല.


അനുരജ്ഞനത്തിനു സാധ്യത ഇല്ലാതാക്കി പ്രശ്നങ്ങളിലേക്ക് ഊളിയിട്ടു,ഉല്‍പ്പു എന്ന പത്രപ്രവര്‍ത്തകന്‍.

കുടിച്ച് മത്തനായി,പത്രസമ്മേളനം കണക്കെ ഛര്‍ദ്ദിച്ചു.

ഭാര്യയുടെ ഛര്‍ദ്ദി ചികഞ്ഞു നോക്കി.

(ഐക്യമുന്നണി സംവിധാനത്തിന്റെ തന്റെ നിലനില്‍പ്പ് പ്രശ്നങ്ങള്‍ ഉണ്ടാക്കലും തീര്‍ക്കലുമാണ്,ഉണ്ടായില്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കും അതാണ് പത്ര ധര്‍മ്മം.)

ഐക്യമുന്നണി സംവിധാനത്തില്‍ വിള്ളല്‍ വീണിരിക്കുന്നു.

ഒരു പുതിയ കക്ഷി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു,തന്റെ പ്രാധാന്യം കുറഞ്ഞു പോകുമെന്ന് ഉല്‍പ്പുവിനുറപ്പായി.

എങ്ങിനെയെങ്കിലും ചൊറികുത്തി വൃണമാക്കണം,അല്ലെങ്കില്‍ മനസ്സമാധാനമുണ്ടാവില്ല.

മറ്റവനെ വെട്ടാന്‍ കോപ്പുകൂട്ടുക,അല്ലെങ്കില്‍ മുന്നണി തകര്‍ക്കുക എന്ന് മനസ്സില്‍ കണക്കു കൂട്ടി.

ഇങ്ങനെ ആലോചിക്കുന്നിടയിലാണ് ജാരന്‍ പ്രത്യക്ഷപ്പെട്ടത്.



തന്റെ പത്രകുടുംബത്തിലെ തന്നെ ഒരംഗം.

കോടമ്പാക്കം കഥകളും സിനിമാ പേജുമാണയാളുടെ രോഗം.

കോളമിസ്റ്റ് ജാരന്‍ പറഞ്ഞു,

നമ്മള്‍ ഒരു കുടുംബമാണെങ്കിലും പറ്റിപ്പോയി,പത്രക്കാരല്ലെ, പറ്റുന്നതല്ലെ.

ആദ്യത്തെ രണ്ടു വര്‍ഷം നിങ്ങളിരുന്നില്ലെ! ഇനിയുള്ള കാലം എനിക്ക്,അങ്ങിനെയാ ചേട്ടന്റെ ഫാര്യ ഉള്‍പ്പെടെ ഞങ്ങള്‍ രണ്ടു കക്ഷികള്‍ എടുത്ത തീരുമാനം.

വേണമെങ്കില്‍ ഈ സംവിധാനത്തില്‍ തുടരാം.

അല്ലെങ്കില്‍ പൊന്നാനിയിലെ പൊതു സ്വതന്ത്രന്മാരെപ്പോലെ ഫ്ലെക്സിലിരുന്ന് വെയിലു കൊള്ളാം.



‘ചെറു കക്ഷികള്‍ക്ക് രാജ്യസഭാ സീറ്റിന്റെ വര്‍ഷങ്ങള്‍ പങ്കിട്ടു കൊടുക്കുന്നതു പോലെയാണ് കുടുംബജീവിതമെന്ന ഐക്യമുന്നണി സംവിധാനമെന്ന് ”ഒരു വാര്‍ത്ത കൊടുക്കുന്നതെങ്ങിനെ.....

ഉല്‍പ്പു ജീവിതത്തിലാദ്യമായി ഐക്യമുന്നണി സംവിധാനത്തിന്റെ തകര്‍ച്ച നേരില്‍ കണ്ടു.



7 comments:

മണിലാല്‍ said...

ഒരു നേതാവിന്റെ വാര്‍ത്ത വളച്ചൊടിക്കാനെന്താണൊരു വഴി എന്നാലോചിച്ച് പത്രമാഫീസില്‍ പേന കോണ്ട് ഇല്ലാത്ത ബ്രെയിന്‍ ചൊറിയുന്നതിനിടക്കാണ് ഫാര്യയുടെ ഫോണ്‍ മുഴങ്ങുന്നത്.


“ചേട്ടാ ഞാനൊരമ്മയാവാന്‍ പോകുന്നു....

ചേട്ടനൊരു അച്ഛനും......“


അതു മുഴുപ്പിക്കുന്നതിനു മുമ്പെ ഉല്‍പ്പു ഇടപെട്ടു.


“അതു തീരുമാനിക്കാന്‍ വരട്ടെ!”


അന്നാദ്യമായ് ഉല്‍പ്പലാക്ഷന് തന്റെ ദാമ്പത്യത്തില്‍ ഒരു വിമത ശല്യം മണത്തു.

ആരായിരിക്കും ഈ കുഞ്ഞിന്റെ പിതാ...

മണിലാല്‍ said...

കോളമിസ്റ്റ് ജാരന്‍ പറഞ്ഞു,

നമ്മള്‍ ഒരു കുടുംബമാണെങ്കിലും പറ്റിപ്പോയി,പത്രക്കാരല്ലെ, പറ്റുന്നതല്ലെ.

ആദ്യത്തെ രണ്ടു വര്‍ഷം നിങ്ങളിരുന്നില്ലെ! ഇനിയുള്ള കാലം എനിക്ക്,അങ്ങിനെയാ ചേട്ടന്റെ ഫാര്യ ഉള്‍പ്പെടെ ഞങ്ങള്‍ രണ്ടു കക്ഷികള്‍ എടുത്ത തീരുമാനം.

വേണമെങ്കില്‍ ഈ സംവിധാനത്തില്‍ തുടരാം.

അല്ലെങ്കില്‍ പൊന്നാനിയിലെ പൊതു സ്വതന്ത്രന്മാരെപ്പോലെ ഫ്ലെക്സിലിരുന്ന് വെയിലു കൊള്ളാം.

Mukundanunni said...

ഇതില്‍ ഞാന്‍ പലതും രസിച്ചു.

ശ്രീനാഥന്‍ said...

രസകരം, പാര സ്വന്തം കുലത്തിനിട്ടു തന്നെയാണല്ലൊ സുഹ്ര്റുത്തേ?

Muralee Mukundan , ബിലാത്തിപട്ടണം said...

മതമില്ലതെന്തു രാഷ്ട്രീയം
രാഷ്ട്രീയമില്ലതെന്തു മതം
ഇതുതാന്‍ മമനാടിന്‍
പുതുതൊഴില്‍ മേഖല ...

Unknown said...

gambheeram.epola ithinokke samayam

ജെ പി വെട്ടിയാട്ടില്‍ said...

താങ്കള്‍ ഒരു ബ്ലോഗര്‍ ആണെന്നുള്ള വിവരം ഇപ്പോഴാ അറിഞ്ഞത്...
ആശംസകള്‍
ഞാന്‍ കന്നിക്കാരനായ ഒരു എഴുത്തുകാരനാണ്.
എന്നെ അനുഗ്രഹിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. ആവശ്യമായ ഉപദേശങ്ങള്‍ തരണം.


നീയുള്ളപ്പോള്‍.....