പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, April 30, 2009

നോട്ടം താഴേക്കാണെങ്കിലും ചെരുപ്പുകുത്തികള്‍ ജീവിതം ആഘോഷിക്കുകയാണ്












ഇന്ത്യന്‍ മരക്കുറ്റിയില്‍ നിര്‍മ്മിച്ച പാദരക്ഷയില്‍ ഗാന്ധി അതിവേഗത്തില്‍ എങ്ങിനെ നടന്നുവെന്ന് , തലയിലൊന്നുമില്ലാത്ത ഏതൊരു ഇന്ത്യക്കാരനേയും പോലെ ഞാനും അതിശയപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് ട്രിക്ക് മനസ്സിലായത്.
അന്ന് ഗാന്ധിജിയെ ഷൂട്ട് ചെയ്തത് ചാപ്ലിനെ ക്യാമറ ചെയ്തതു പോലെ *പതിനാറോ പതിനെട്ടോ ഫ്രെയിമില്‍ ആയിരുന്നു.(അലസനെപ്പോലും കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലെ വേഗത്തിലാക്കുന്ന ആ ട്രിക്ക്.ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കളും അനുകരിക്കുന്നത് ആ പതിനെട്ട് ഫ്രെയിം ട്രിക്കാണ്,ലോകം ഇരുപത്തിനാല് ഫ്രെയിമിലേക്ക് മാറിയത് അവര്‍ അറിഞ്ഞതായി നടിക്കുന്നുമില്ല.)
ഇന്നത്തെ ട്വന്റി ഫോര്‍ ഫ്രെയിമിലേക്ക് സിനിമ വളരുന്നതിനു മുമ്പ്.
പതിനെട്ട് ഫെയിമിന്റെ ഈ ചടുലത ഇന്ത്യന്‍ രക്തത്തെ കുറച്ചൊന്നുമല്ല ചൂടുപിടിപ്പിച്ചത്,അന്നും ഇന്നും.ചാപ്ലിനും ഇതേ കളി തന്നെയാണ് കളിച്ചത്.ചാപ്ലിനും ഗാന്ധിജിയും നീണാല്‍ വാഴട്ടെ,പതിനെട്ട് ഫ്രെയിമില്‍ .


അന്ന് ഇരുപത്തിനാല് ഫ്രെയിം കണ്ടുപിടിച്ചിരുന്നുവെങ്കില്‍ നമ്മുടെ സ്വാതന്ത്യ സമരം ഒരു പക്ഷെ ഗാന്ധിജിയില്‍ നിന്നും തുടരുകയും, പലക്കാട്ടെ പ്ലാച്ചിമട സമരം പോലെയുള്ള സാമ്രാജ്യത്വ വിരുദ്ധ സമരം പോലെ കാലങ്ങളിലേക്ക് നീണ്ടു നീണ്ടു ദക്ഷിണാഫ്രിക്കയിലെ നെത്സണ്‍ മണ്ഡേലയെപ്പൊലെ വാര്‍ദ്ധക്യത്തിലേക്കും വീണു പോയേനെ.
ഒരു ഗാന്ധിയില്‍ കാര്യങ്ങള്‍ ഭംഗിയായി ഒടുങ്ങുകയും ചെയ്തേനെ.(ആ വേഗം കാണണമെങ്കില്‍ ദണ്ഡിയാത്രയുടെ ക്ലിപ്പിംഗ് കണ്ടാല്‍ മതി).ആ പതിനെട്ട് ഫ്രെയിമിന്റെ വേഗത്തിലേക്ക് ഇന്നത്തെ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു കാര്യവുമില്ല.


ഇങ്ങനെയൊക്കെ വേണ്ടാതീനം ചിന്തിച്ചതിന് നിമിത്തമായത് തൃശൂര്‍ റൌണ്ടില്‍ പഴയ മെഡിക്കല്‍ കോളേജ് മൂലയിലിരിക്കുന്ന മാരി എന്ന ചെരുപ്പുകുത്തിയാണ്.

എന്ന് ചെരിപ്പ് വാങ്ങിയാലും അതേതു ബ്രാന്‍ഡായാലും ഇടത്തെ കാലിന്റെ ഉപ്പുറ്റി തേഞ്ഞു പോകുന്നത് കാലില്‍ ചെരിപ്പെന്ന വിശേഷം ഉണ്ടായതുമുതലുള്ള എന്റെ പ്രശ്നമാണ്.എന്റെ പ്രശ്നം പ്രത്യയശാസ്ത്രപരമായി ഇടതു പക്ഷമാണെന്ന് സധൈര്യം പറയാം.

( മനുഷ്യര്‍ ഇടത് വലതുകളായി അനാഥരാക്കപ്പെടുന്ന ഇക്കാലത്ത് പക്ഷെ ഇടതോ വലതോ എന്നതും ഒരു ഐഡിന്റിറ്റിയാണ്.പച്ചമലയാളത്തിലാണെങ്കില്‍ നില്‍ക്കക്കള്ളിയാണ്)

ഇടതുപക്ഷപരമായ ഈ ദുര്‍നടപ്പ് ഒഴിവാക്കാനാണ് ഉപ്പുറ്റിക്ക് കീഴെ ചെരിപ്പില്‍  എക്സ്ട്രാ ഫിറ്റിംഗ് തുടങ്ങിയത്.
ഇതിനായി എപ്പോഴും ഒരു ചെരുപ്പ് കുത്തിയെ തിരഞ്ഞുകൊണ്ടിരുന്നു,  ചെരുപ്പുകുത്തി ജീവിതത്തിന്റെ ഭാഗമായി എന്നും എഴുതാം.തൃശൂരില്‍ പൂരവെറി തുടങ്ങിയ നഗരത്തില്‍ നല്ല നല്ല കാഴ്ചകളുള്ളപ്പോള്‍ എന്റെ ചിന്തയും അന്വേഷണവും ഒരു ചെരിപ്പിലും അ ചെരുപ്പുകുത്തിയിലും ഉടക്കി എത്ര തവണ കാലിടറിയില്ല!
പൂരം എക്സിബിഷനിലെ തിക്കിലും തിരക്കിലും പെട്ടനുഭവിക്കുന്ന അസുഖകരമായ ലഹരിക്കൊടുവില്‍ ചെരിപ്പിന്റെ  വാര്‍ പൊട്ടിയിട്ടാണെങ്കില്‍ അതിനൊരു ചന്തമുണ്ട്.
  ചെരിപ്പിന്റെ ജാതകം തുടക്കത്തിലെ തിരുത്താനാണ് ഈ പെടാപ്പാട്.


വീട്ടിലുള്ള പെണ്ണുങ്ങളെ പോരാഞ്ഞ് അയല്‍ക്കാരികളേയും പിരികേറ്റി   രാവിലെ നഗരത്തിലേക്ക് പുറപ്പെട്ട് ഉച്ചയോടെ എത്ര കൊണ്ടാലും നീങ്ങാത്ത ഉഴവുകാളകളെപ്പോലെ മീനച്ചൂടില്‍ പെണ്ണുങ്ങള്‍ ഏന്തിവലിഞ്ഞു നില്‍ക്കുമ്പോള്‍, തലക്ക് കൈവെച്ച് നഗരമദ്ധ്യത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ച് നില്‍ക്കുന്ന പുരുഷോത്തമന്മാരുടെ അതിദയനീയത പോലും പൂരത്തിനിടയിലെ രസകരങ്ങളായ കാഴ്ചകളാണ്.
അങ്ങിനെ എത്രയെത്ര കഴ്ചകള്‍ .


ഇതിനിടയിലാണ് വെറുമൊരു പാദരക്ഷ എനിക്ക് വിഷയമാകുന്നത്.
ഞാന്‍ ചെല്ലുമ്പോള്‍ കടയുടെ മുന്നിലെ പിരിയന്‍ കോണിയില്‍ തല വെച്ച് വിശ്രമിക്കുകയാണ് നമ്മുടെ ചെരുപ്പുകുത്തി,മാരി.കോണിയിറങ്ങി വന്ന ഒരാള്‍ മാരിയുടെ തലമാറ്റിക്കിട്ടാന്‍ പടിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
പാദരക്ഷയെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം കിടന്ന കിടപ്പില്‍ കേട്ട മാരി കാലാട്ടിയല്ലാതെ മറ്റൊന്നും പറഞ്ഞില്ല,ഇതാണോ ലോകത്തിലെ വലിയ കാര്യം എന്ന മട്ടില്‍  .പൂരത്തിനിടയില്‍ പൂട്ടുകച്ചവടം എന്നും ആലോചിച്ചിരിക്കാം.ആള്‍ മറ്റൊരു ലോകത്തിലാണ്.
ഭൌതികജീവിതത്തില്‍ നിന്നും തേഞ്ഞുമാഞ്ഞ് മറ്റൊരു തലത്തിലേക്ക് വിലയം കൊള്ളുന്നതു പോലെ ഒരവസ്ഥ.
ഞാന്‍ ചെരിപ്പ് ഉയര്‍ത്തിക്കാട്ടി കാര്യം വീണ്ടും അവതരിപ്പിച്ചു.
മാരി ചിരിയില്‍ എന്നെ അംഗീകരിച്ചു,എന്നിട്ടും എഴുന്നേല്‍ക്കാന്‍ ഭാവമില്ല.ജാരനും സന്യാസിക്കും ചേരുന്നതുപോലെയുള്ള മഹനീയമായ നിര്‍മമത മാരിയില്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
ചെറുതാടിയുടേയും മീശയുടേയും പശ്ചാത്തലത്തില്‍ നിന്നും വെറ്റിലക്കറ തീണ്ടിയ ആ ചിരിയാണ് എനിക്ക് വിനയായത്.
(ആ ചിരിയില്‍ ഹൃദയത്തിന്റെ നനവും തുടിപ്പുമുണ്ടായിരുന്നു.ചിരപരിചിതനെ പോലെയായിരുന്നു ആ കണ്ണുകള്‍ സംസാരിച്ചത്)
കുറച്ച് നേരത്തെ ധ്യാനത്തിന് ശേഷം മാരി ചെരിപ്പ് പരിശോധിക്കാന്‍ സന്നദ്ധനായി,സര്‍ക്കാര്‍ ക്ലര്‍ക്കിനെപ്പോലെ തന്റേതായ സമയമെടുത്ത്,ഉപഭോക്താവിനെ മാനിക്കാതെ.
ചില ചോദ്യങ്ങള്‍ മാരി എന്നോട് ചോദിച്ചു.
ഞാനും വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിച്ചു,ടീയാന്റെ മനസ്സെങ്ങാനും മാറിയാലോ.ചെരിപ്പുപണി നിരസിച്ചാലോ.
ചെരിപ്പിടുമ്പോള്‍ ഞാനനുഭവിക്കുന്ന പ്രശ്നങ്ങള്‍ വീണ്ടും അവതരിപ്പിച്ചു.
അപ്പോളും മാരി ചിരിയില്‍ ചാരി ഒതുങ്ങി നിന്നു.
വിലപ്പെട്ട വാക്കുകള്‍ നഷ്ടപ്പെടുന്ന വേദനയോടെ പറഞ്ഞു.
“നാളെ വരൂ“ മാരി.
"ഈ നേരത്ത് " ? ഞാന്‍

വേണ്ട.നാലുമണി കഴിഞ്ഞ് ....
മാരി തന്റെ അസൌകര്യം പറഞ്ഞു.ഞാനംഗീകരിച്ചു.
എന്റെ കാലിന്റെ പ്രശ്നമാണല്ലോ.
ഓകെ.
എന്തായാലും ചെരിപ്പ് കൈപ്പറ്റിയല്ലോ.
പിറ്റേന്ന് നാലുമണികഴിഞ്ഞുടന്‍ മാരിയെക്കാണാനെത്തി.
മാരിയെ കാണാനില്ലായിരുന്നു.
ചെരിപ്പുകൂമ്പാരത്തിന് മുകളില്‍ ഷീറ്റ് പുതച്ച് അതിന് മേലെ കരിങ്കല്ല് കയറ്റിവെച്ച് കട ഭദ്രമായി പൂട്ടിയിരിക്കുന്നു.
എന്റെ ചെരിപ്പിന്റെ വാലെങ്ങാനും കാണുന്നുണ്ടൊ എന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി,കണ്ടില്ല. 
ഞാന്‍ ചാഞ്ഞും ചെരിഞ്ഞും ആ കെട്ടിനുള്ളിലെക്ക് ഒളിഞ്ഞു നോക്കി,എന്റെ ചെരിപ്പെവിടെ!

അടുത്ത ദിവസം ഉച്ചക്ക് കട തുറന്നിട്ടുണ്ട്, ആളില്ല.
അപ്പോളാണ് ചെരുപ്പ്കുത്തി പെരുകിയതായി കണ്ടത്,തൊട്ടടുത്ത് മറ്റൊരു ചെരിപ്പുകുത്തി,മാരിയേക്കാള്‍ ചെറുപ്പമാണ്.
മാരിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അടുത്ത ബാറിന് നേരെ അയാള്‍ ചൂണ്ടുവിരല്‍ ചൂണ്ടി.
ഇപ്പോ വരും.
ഞാന്‍ ബാറിലേക്ക് നോക്കി നിന്നും.ബാറില്‍ നിന്നും മദ്യപാനികള്‍ പുറത്തേക്ക് പെറ്റുവീഴുന്നതും നോക്കി,അതിലെന്റെ മാരി ഉണ്ടൊ എന്നും നോക്കി.
പെട്ടെന്നാണ് ബാറില്‍ നിന്നും റോഡ് ക്രോസ് ചെയ്യുന്ന മാരിയെ കണ്ടത്.
ക്രോസ് ചെയ്യുന്നതിനിടയില്‍ കടയിലേക്ക് പാളിനോക്കുന്നതിനിടയില്‍ മാരി എന്നെ കണ്ടു.
പിന്നെയും അതേ ചിരി.
ഭഷണം കഴിച്ചിട്ട് വരാം.
മാരി കൈ കൊണ്ട് ആംഗ്യം കാട്ടി.
ചിരിയും ഭഷണം കഴിക്കാത്തതിന്റെ അവശതയും ദാര്‍ശനികതയും
കൂടിക്കുഴഞ്ഞ് വാടിത്തളര്‍ന്ന മുഖം.
ഞാന്‍ പിന്നെയും സഹിച്ചു,കാലിന്റെ ദുര്‍ നടത്തം എന്റേതാണല്ലോ.
അടുത്ത ദിവസമാണ് മാ‍രി എന്നെ ഞെട്ടിപ്പിച്ചത്.
ഏതായിരുന്നു ആ ചെരിപ്പ്?
ലേഡീസോ ജെന്‍സോ
ഞാന്‍ അടയാളം പറഞ്ഞുകൊടുത്തു.
മാരി അവസാനവാക്ക് പറഞ്ഞു.
ഒരു മണിക്കൂര്‍.........
തൊട്ടടുത്താണ് അജിതിന്റെ ജൂസ് കട.അവിടെ പോയി ആന്റപ്പനേയും രാധയേയും കണ്ടു.സായാഹ്ന പത്രത്തിലെ കൂട്ടക്കൊല വായിച്ചു,സുന്ദരി ജ്യൂസ് ഉണ്ടാക്കി കൊണ്ടു വന്നു.ഒരു മണിക്കൂറിനു പകരം
ഒന്നര മണിക്കൂര്‍ അവിടെയിരുന്നു.ജോസിലേക്ക് മോഹന്‍ ലാല്‍ ഫാന്‍സ് തള്ളിക്കയറാന്‍ തുടങ്ങിയപ്പോ പുറത്തേക്കിറങ്ങി.
ഭാഗ്യത്തിന് മാരി അവിടെത്തന്നെയുണ്ട്.



എന്നെ നോക്കി വീണ്ടും ചിരിച്ചു.മാരിയുടെ ചിരിക്ക് ഓരോ നേരത്തും ഓരോ അര്‍ത്ഥമാണ്.
പുതിയ അര്‍ത്ഥം ഇങ്ങനെ.
'നല്ല സോള്‍ ഇല്ല,വാങ്ങിക്കണം.നാളെ കണ്ടിപ്പാ തരാം'
പക്ഷെ നാളെ തൃശൂര്‍ പൂരമാണ്.പൂരച്ചൂടില്‍ നമ്മളിലാരെങ്കിലും കൊഴിഞ്ഞുപോയില്ലെങ്കില്‍ വീണ്ടും കാണാം.
ചെരിപ്പില്ലെങ്കിലും മാരി...... നിന്റെയാ വല്ലാത്ത ചിരി......


ഞാന്‍ നാലടി കൃത്യം അളന്നു നടന്നു.പിന്നെ തിരിഞ്ഞുനോക്കി.
മാരിയും എന്നെ നോക്കുന്നുണ്ടായിരുന്നു.ആ മുഖഭാവത്തെ ഞാനിങ്ങനെ വിവര്‍ത്തനം ചെയ്തു.

'ലോകം നില്‍ക്കുന്നത് പാദരക്ഷകളിലല്ല.മണ്ണില്‍ ചവിട്ടി നടക്കുക.പാദരക്ഷകളില്ലാത്ത കാലത്താണ് മഹാന്മാര്‍ കൂടുതലും ഉണ്ടായിട്ടുള്ളത്.'

ഒന്നര വര്‍ഷത്തിനു ശേഷം ഇപ്പോളും ഞാന്‍ മാരിയെ ഓര്‍ക്കുന്നത്,ആ ചെരിപ്പ് ഇപ്പോഴും ആ ചിരിക്കുന്ന മുഖത്തിന്റെ തണലില്‍ കിടപ്പുണ്ട്   എന്നതിനാലാണ്.



*(മുമ്പ് സിനിമ ഷൂട്ട് ചെയ്തിരുന്നത്  പതിനെട്ട് ഫ്രെയിമില്‍ ആയിരുന്നു.ഇത് ഇരുപത്തിനാല് ഫ്രെയിമില്‍ ഓടിക്കുമ്പോള്‍ ചലനങ്ങള്‍ക്ക് ചടുലതയും സ്പീഡും വരും)

19 comments:

മണിലാല്‍ said...
This comment has been removed by the author.
Unknown said...

eswaraaaaaaaaaa
enthoru piece.karakalanja ezhthanallo mashe
really energetic. kallu kutichittillenkilum kick aaya pole.

yousufpa said...

മെയ്ദിനം ഇത് വായിച്ച് കൊണ്ട് ഞാന്‍ തൃപ്തിയടഞ്ഞു.

ശ്രീനാഥന്‍ said...

good one. let everybody celebrate life.

മണിലാല്‍ said...

ശ്രീനാഥന്‍,താങ്ങളെവിടെയാണ്.ഒന്നു കാണുക.

മണിലാല്‍ said...

വീട്ടിലുള്ള പെണ്ണുങ്ങളെ പോരാഞ്ഞ് അയല്‍ക്കാരികളേയും പിരികേറ്റി ഏറ്റെടുത്ത് രാവിലെ നഗരത്തിലേക്ക് പുറപ്പെട്ട് ഉച്ചയോടെ എത്ര കൊണ്ടാലും നീങ്ങാത്ത ഉഴവുകാളകളെപ്പോലെ മീനച്ചൂടില്‍ പെണ്ണുങ്ങള്‍ ഏന്തിവലിഞ്ഞു നില്‍ക്കുമ്പോള്‍ തലക്ക് കൈവെച്ച് നഗരമദ്ധ്യത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ച് നില്‍ക്കുന്ന പുരുഷകേസരിമാരുടെ അതിദയനീയത പോലും പൂരത്തിനിടയിലെ രസകരങ്ങളായ കാഴ്ചകളാണ്.
അങ്ങിനെ എത്രയെത്ര........

മണിലാല്‍ said...

തൃശ്ശിവ പേരൂരിന്റെ റൌണ്ട് വട്ടത്തില്‍ നിന്നും ഒരു മാര്‍ജ്ജാരന്‍ കഥ,പൂരത്തോടൊപ്പം.

ഇരട്ടി മധുരം.. said...

അപ്പോള്‍ പൂരം എങ്ങിനെയുണ്ടായിരുന്നു?

Muralee Mukundan , ബിലാത്തിപട്ടണം said...

പൂച്ച പൂരം കാണാൻ പോയ കഥ ഇഷ്ട്ടപ്പെട്ടു കേട്ടോ..

മണിലാല്‍ said...

തൃശൂര്‍ പൂരം കഴിഞ്ഞതിന്റെ സമാധാനത്തില്‍.....



തല പുറത്തേക്കിട്ടാല്‍ പൂരം കാണാം,കുടമാറ്റം കാണാം,പുരുഷാരം കാണാം(സ്ത്രീകള്‍ ഇത്തരം വെടിക്കെട്ട് പരിപാടികള്‍ക്ക് വരാത്തതിനാലാവണം പുരുഷാരം എന്ന വാക്കുണ്ടായതെന്ന് തോന്നുന്നു.ഉണ്ണിയാര്‍ച്ചയെപ്പോലെയൊ ത്ധാന്‍സി റാണിയെപ്പോലെയൊ മനക്കരുത്തും കൈക്കരുത്തും ഉള്ളവരാണെങ്കില്‍ മാത്രം തൃശൂര്‍ പൂരത്തിന്റെ തിരക്കില്‍ അവര്‍ക്ക് വരാം.)പക്ഷെ ഞങ്ങള്‍ എലൈറ്റിന്റെ ശീതീകരിച്ച മുറിയില്‍ പത്തോളം പുരുഷാരം കുടിച്ച് ചുരുങ്ങിക്കിടന്നു.ടീവിയില്‍ പൂരം പൊലിക്കുന്നത് കൊറിച്ചിരുന്ന് കണ്ടു.ക്യാമറ ഫ്രെയിം ലോകത്തെ മനോഹരമാക്കുമ്പോള്‍ എന്തിന് നമ്മള്‍ പൊരിവെയില്‍ കൊള്ളണം.

എല്ലാം കഴിഞ്ഞ് റൌണ്ടിലേക്കിറഞ്ഞുമ്പോള്‍ ഒന്നും സംഭവിക്കാത്തതു പൊലെ നഗരവും തേക്കിന്‍ കാടും.

കറന്റ് കോര്‍ണറും അതിന്റെ മുന്നിലെ അഞ്ചെട്ടു പേര്‍ക്ക് ഒന്നിച്ച് ചാരിനില്‍ക്കാവുന്ന പോസ്റ്റു ബോക്സും, ബാറ്റാ സ്റ്റോപ്പും,പത്തന്‍സിന്റെ മണവും,ആനമേനോന്റെ അമറലും,കുറുകെ നടക്കാന്‍ തേക്കിന്‍ കാടും സന്ധ്യക്ക് മലര്‍ന്നുകിടക്കാന്‍ തെക്കേ ഗൊപുരനടയും,പാത്തും പതുങ്ങിയും സാഹിത്യകാരന്മാര്‍ അക്കാദമിയില്‍ സാഹിത്യ അവിഹിതം നടത്താന്‍ എത്തുന്ന സാഹിത്യ അക്കാദമിയും,യുവസല്ലാപങ്ങളെ മൃഗലോകം ഉപദ്രവിക്കില്ലെന്ന ഉറപ്പില്‍ മൃഗശാലയിലെത്തുന്ന കാമുകീകാമുകന്മാരും,ശബ്ദം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ നാടകക്കാരും,രാവന്തി അപ്പമുണ്ടാക്കി കൈക്കുഴതെറ്റിയ പുത്തന്‍പള്ളിക്കുമുന്നിലെ ചേട്ത്തിമാരും,ഉപതിരഞ്ഞെടുപ്പോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിന്ദുമേയറും, രാഗവും ജോസും രാമദാസും സ്വപ്നയുമെല്ലാം പചയതുപോലെ, എല്ലാം തിരിച്ചു കിട്ടിയതുപോലെ...........

Unknown said...

mashe appo satyamaayum ningal pooram nerittu kandille?

മണിലാല്‍ said...

ഇന്ത്യന്‍ മരക്കുറ്റിയില്‍ നിര്‍മ്മിച്ച പാദരക്ഷയില്‍ ഗാന്ധിജിയെങ്ങിനെ അതിവേഗത്തില്‍ നടന്നുവെന്ന് , ചിന്തിക്കാത്ത ഏതൊരു ഇന്ത്യക്കാരനേയും പോലെ ഞാനും അതിശയപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് ട്രിക്ക് മനസ്സിലായത്.

ശ്രീഇടമൺ said...

ഇന്ത്യന്‍ മരക്കുറ്റിയില്‍ നിര്‍മ്മിച്ച പാദരക്ഷയില്‍ ഗാന്ധിജിയെങ്ങിനെ അതിവേഗത്തില്‍ നടന്നുവെന്ന് , ചിന്തിക്കാത്ത ഏതൊരു ഇന്ത്യക്കാരനേയും പോലെ ഞാനും അതിശയപ്പെട്ടിട്ടുണ്ട്.

ഇപ്പോഴാണ് ട്രിക്ക് മനസ്സിലായത്.
നന്ദി...*

Anonymous said...

ഒത്തിരി ഒത്തിരി ഇഷ്ട്ടായി...

Anonymous said...

( മനുഷ്യര്‍ ഇടത് വലതുകളായി അനാഥരാക്കപ്പെടുന്ന ഇക്കാലത്ത് പക്ഷെ ഇടതോ വലതോ എന്നതും ഒരു ഐഡിന്റിറ്റിയാണ്.പച്ചമലയാളത്തിലാണെങ്കില്‍ ഒരു നില്‍ക്കക്കള്ളിയാണ്.അതല്ലെങ്കില്‍ പിന്നെ സാംസ്കാരികരംഗത്തെ തൃശൂര്‍ പൂരവും മറ്റു ചെറുപൂരങ്ങളും കൊമ്പും കുഴലുമായി രാഷ്ടീയ നേതാക്കള്‍ക്ക് താളം പിടിക്കേണ്ട കാര്യമില്ലല്ലോ)

മണിലാല്‍ said...

op

smitha adharsh said...

പൂരം എക്സിബിഷനിലെ തിക്കിലും തിരക്കിലും പെട്ടനുഭവിക്കുന്ന സുഖം..
ഹോ ! എന്റെ ദൈവമേ,അത് ഞാന്‍ അനുഭവിച്ചിട്ടു മൂന്ന് കൊല്ലമാകുന്നു..
പോസ്ടിനെക്കാള്‍ എനിക്കിഷ്ടപ്പെട്ടത്,ആ നോസ്ടാല്ജിക് ആയ ആ കമന്റ്‌ ആണ്..
കറന്റ് കോര്‍ണറും അതിന്റെ മുന്നിലെ അഞ്ചെട്ടു പേര്‍ക്ക് ഒന്നിച്ച് ചാരിനില്‍ക്കാവുന്ന പോസ്റ്റു ബോക്സും, ബാറ്റാ സ്റ്റോപ്പും,പത്തന്‍സിന്റെ മണവും,ആനമേനോന്റെ അമറലും,കുറുകെ നടക്കാന്‍ തേക്കിന്‍ കാടും സന്ധ്യക്ക് മലര്‍ന്നുകിടക്കാന്‍ തെക്കേ ഗൊപുരനടയും..കാമുകി കാമുകന്മാര്‍ പഞ്ചാരയടിക്കുന്ന നമ്മുടെ സ്വന്തം മൃഗ ശാലയും..പുത്തന്‍ പള്ളി സമീപത്തെ വെള്ളേപ്പവും,ബിന്ദുമേയറും, രാഗവും ജോസും രാമദാസും സ്വപ്നയുമെല്ലാം ഓര്‍മ്മയില്‍ വന്നു..
എനിക്കെന്റെ തൃശ്ശൂര്‍ പിന്നെയും,പിന്നെയും പ്രിയപ്പെട്ടതാകുന്നു..
നന്ദി..ഈ ഓര്‍മ്മിപ്പിക്കലിന്

മണിലാല്‍ said...

തൃശൂര്‍ റൌണ്ട് വട്ടത്തില്‍ വെച്ച് കണ്ടുമുട്ടിയ സുഹൃത്തിനോട്(?):ഘടി ക്ഷമിക്കണം,ഇന്നലെ നീയാണെന്ന് കരുതി മറ്റൊരുവനെ ഞാന്‍ മൈന്‍ഡ് ചെയ്തില്ല,സോറി.

Anonymous said...

Very goood posting!!!!!!!!!


നീയുള്ളപ്പോള്‍.....