അഞ്ചാറ് പേരാല്ക്കൂട്ടങ്ങള് കുടപിടിച്ചു നില്ക്കുന്നൊരു പാലക്കാടന്‍ തറ,ചിങ്ങംചിറ.
കൊല്ലങ്കോടുനിന്ന് എങ്ങിനെ സഞ്ചരിച്ചാലും അഞ്ചാറ് കിലോമീറ്റര്‍ വരും,ഭക്തിയിലേക്കും അബദ്ധങ്ങളിലേക്കും ഒറ്റവഴിയില്ല.ഒറ്റക്കുരുവിക്കൂട് മരം സ്റ്റോപ്പില്‍ നിന്നും ഇടത്തൊഴിഞ്ഞ് വലത്തോട്ട് തിരിയണമെന്ന് മാത്രം.ഗോവിന്ദപുരത്ത് നിന്നാണെങ്കില്‍ തിരിച്ചും.
കോഴി ആട് എന്നീ ഓമനമൃഗങ്ങളുടെ അവശിഷ്ടങ്ങളും,വെന്ത ഇറച്ചി മണവും, ഹണി ബീക്ക് താഴെ നിലവാരമുള്ള മദ്യങ്ങളുടെയും, തമിഴ് പെണ്ണുങ്ങളുടെ ഉച്ചിയിലിരുന്ന് പാലക്കാടന്‍ ചൂടില്‍ വാടിക്കരിഞ്ഞ മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധങ്ങള്‍ ചേര്‍ന്ന് ഒരു കണ്ട്രി ബാറിന്റെ ലഹരിയിലേക്ക് നമ്മെ നയിക്കുന്നൊരിടം,ചിങ്ങംചിറ.
ഇതൊരു ഉല്ലാസ കേന്ദ്രമല്ല.ഭക്തി നിറഞ്ഞു നില്ക്കുന്നൊരു പരിപാവനമായ സ്ഥലമാണ്.ഹിംസയും തീറ്റയും കുടിയുമാണിവിടുത്തെ പശ്ചാത്തലം.
ധര്‍മ്മവും അധര്‍മ്മവും ഒരുമിച്ച് നടത്താവുന്ന ,പുണ്യപുരാണമായ ഒരു സ്ഥലം.
കറപ്പസ്വാമി എന്നൊരു കര്ഷകസാമിയാണിവിടുത്തെ പ്രതിഷ്ഠ.മുത്തപ്പന്റെ പാലക്കാടന്‍ വെര്ഷന്.
വീടില്ലാത്തവര്‍ക്ക് വീട്,പെണ്ണില്ലാത്തവര്‍ക്ക് പെണ്ണ്,മണ്ണില്ലാത്തവര്‍ക്ക് മണ്ണ്,ആണില്ലാത്തവര്ക്ക് അതും കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളും.ഇതൊക്കെയാണ് കറുപ്പസ്വാമിയുടെ വിനോദങ്ങള്‍.ഇതിനാണിവിടെ ജനം ഇരച്ചു കയറുന്നത്.വീട് വേണ്ടവര്‍ വീടിന്റെ മിനിയേച്ചര്‍ പേരാലില്‍ കെട്ടിത്തൂക്കും.കുട്ടികളില്ലാത്തവര്‍ തൊട്ടില്,അവിവാഹിതകള്‍ കുപ്പിവളകള്‍.അവിവാഹിതര്‍ക്ക് പ്രത്യേകിച്ചൊന്നുമില്ല.അമ്പലമില്ല .ദേവസ്വം ബോര്‍ഡില്ലാത്തതിനാല്‍ തന്ത്രിയുമില്ല, മന്ത്രിയുമില്ല.
മദ്യപിച്ച് കലികയറുന്നവര് വായില്‍ തോന്നുന്നത് വിളിച്ച് കൂവി മന്ത്രിയുടെ കുറവ് പരിഹരിക്കും.തന്ത്രിയില്ലാത്തതിന്റെ കുറവ് വരുന്നവര്‍ തന്നെ പരിഹരിച്ചുകൊള്ളണം.
ഒരാലിന്റെ വേരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നു നമ്മുടെ കറപ്പസ്വാമി.
ഒ.വി.വിജയന് കഥകളിലെ മിത്ത് പോലെ ഒന്ന്.പണ്ട് കര്‍ഷകര്‍ കൊയ്ത്തൊക്കെ കഴിഞ്ഞ് അരിവാള്‍ വീടിന്റെ ഉത്രത്തിലോ ചെറ്റയിലോ പൂഴ്ത്തിവെച്ചതിനുശേഷം ഒന്ന് നടുനിവര്‍ന്ന് ആശ്വാസം കൊള്ളാനാണിവിടെ വന്നു ചേരാറ്.പിന്നെ വെപ്പും കുടിയുമൊക്കെയായി കുറെ നേരം പയ്യാരം പറഞ്ഞിരിക്കാനൊരിടം,അത്രയേ അവര്‍ കരുതിയുള്ളൂ.അളിയന്റെ തുണിക്കെട്ടിലേക്ക് എന്റെ കോണകം കൂടി.....എന്നു പറയുമ്പോലെ ലക്കും ലഗാനുമില്ലാത്ത ഭക്തരുടെ വരവായി പിന്നെ. അകലങ്ങളില്‍ നിന്നും ആടിനേയുംകോഴിയേയും തൂക്കി തീറ്റപ്പണ്ടാരങ്ങളായ ഭക്തര്‍ കശാപ്പിനായി വരുന്നതു കാണുമ്പോള്‍ തമാശ പോലെയാണത്രെ ഇവിടുത്തുകാര്‍ക്ക് തോന്നുക.
സ്വാമിയെ വന്ദിച്ച് കോഴിയേയും ആടിനേയും കഴുത്തറുത്ത് ആലിന് ചുവട്ടിലും ചുറ്റുപാടുമുള്ള കുന്നിലും പാടത്തുമൊക്കെ തീ കൂട്ടി കറിവെച്ച്, ചോറുവെച്ച് മദ്യം കൂട്ടി ചെലുത്തുന്നതാവിടുത്തെ വഴിപാട്.വീടുകളിലെന്നപോലെ പെണ്ണുങ്ങള് സാരി വലിച്ചു കുത്തി ഉണ്ണിയാര്‍ച്ചയെപ്പോലെ മുടി മേലെ കെട്ടിവെച്ച് ഒരങ്കപ്പുറപ്പാട് പോലെ വിയര്‍ത്തൊലിച്ച് പാചകം ചെയ്യുന്നു,ആണുങ്ങള് കുടിച്ചും കടിച്ചുവലിച്ചും ആലിന് കൊമ്പില്‍ ഊഞ്ഞാലാടിയുമങ്ങനെ.........
പേരാലില്‍ കൂടുകെട്ടിയ കിളിക്കൂട്ടങ്ങള്‍ ഭക്തിയാലും ഭക്തരാലും ശ്വാസം മുട്ടി കൂടുകളൊഴിഞ്ഞിരിക്കുന്നു.ഈ മനുഷ്യരെക്കൊണ്ട്....എന്ന് പ്രാകിപ്പറന്നു പോയ കിളികള്‍ ആളൊഴിഞ്ഞൊ എന്ന് നോക്കാന്‍ ഇടക്കിടക്ക് പേരാല്‍ ചുറ്റിപ്പറക്കുന്നുമുണ്ട്.
ഇത്തരമൊരു ഭക്തിസാന്ദ്രമായ മദ്യമേഖലയിലേക്കാണ് ഞങ്ങള്‍ നാലഞ്ചാണുങ്ങള്‍ ചെല്ലുന്നത്.കോഴിയും കുപ്പിയുമില്ലാത്ത ഞങ്ങളെ
പുച്ഛത്തോടെയാണ് ഭക്തിരസത്തില്‍ ആറാടിയ ജനം കണ്ടത്. ഇതെല്ലാം അകത്തുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതുമില്ല.ഞങ്ങളുടെ പിടിപ്പില്ലായ്മ കണ്ടിട്ട് വല്ല ചാനലുകാരോ പത്രക്കാരോ എന്ന് കരുതി കറുത്ത് കുറുകിയ ഒരു കാരണവര്‍ അടുത്തുകൂടി സ്വയം പരിചയപ്പെടുത്തി കറപ്പസ്വാമി മാഹാത്മ്യം വിളമ്പിത്തന്നു.ഞങ്ങളെ പരിഷ്കാരികളായിത്തോന്നിയതു കൊണ്ടൊ എന്തൊ.....
അയാള്‍ സ്വയം പരിചയപ്പെടുത്തി.
എന്റെ പേര് മരുതന്....പിന്നെ അതിന്റെ ഇംഗ്ലീഷ് വിവരണവും.
എം...എ...ആര്... ....,....യു...ടി...എച്ച്....എ...എന്‍.
കറപ്പസ്വാമി സാധിക്കാത്ത കാര്യങ്ങളില്ലെന്ന് മരുതന്.
അവസാനമായി കറപ്പസ്വാമി മരുതനെന്ന ഭക്തന് സാധിച്ച് കൊടുത്തത് ഒരു വീടായിരുന്നു.
അതെങ്ങിനെയെന്ന ചോദ്യത്തിന് എം എസ് ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തില്‍ നിന്നാണത് അനുവദിച്ച് കിട്ടിയതെന്ന്
മരുതന് പറഞ്ഞു. പഞ്ചായത്തില്‍ നിന്നും കിട്ടിയത് എങ്ങിനെ അതെങ്ങിനെ കറപ്പസാമിയുടെ എക്കൗണ്ടില്‍ എഴുതാന്‍ പറ്റും എന്ന് തര്‍ക്കിച്ച്
ഭക്തിപാരമ്യത്തില്‍ നിന്നുലയുന്ന മരുതനെ ഞങ്ങള്‍ വലച്ചില്ല.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനം കഴിഞ്ഞതിന് ബാക്കിപത്രം എന്നപോല്‍ കുടിച്ചവശരായി തൂപ്പുകാരെ കാത്തുകിടക്കുന്ന പ്രവര്‍ത്തകരെപ്പോലെ ഭക്തജനങ്ങള്‍ അപ്പോഴും പേരാലിന്റെ വേരുകള്‍ പോലെ വളഞ്ഞുപിരിഞ്ഞു കിടന്നു.
ഇതൊക്കെ കണ്ട് മന്ദബുദ്ധിയെപ്പോലെ വായ തുറന്ന് വെള്ളമൊലിപ്പിക്കുന്ന ഒരു തോറ്റ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും ജയിച്ചുകയറിയ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും വേലിയില്‍ കാറ്റില്‍ കീറിയുലയുന്നുണ്ടായിരുന്നു.
കറപ്പസ്വാമി മുതലിങ്ങോട്ട് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുന്ന ആയിരക്കണക്കിനു വരുന്ന സ്വാമിമാര്‍ക്കൊക്കെ കൊടുത്തുകഴിഞ്ഞുള്ള വോട്ടുകള്‍ കൊണ്ട് വേണം രാഷ്ടീയക്കാര്‍ക്ക് കഷ്ടിച്ച് ജീവിച്ചു പോകുവാന്‍ .എന്തായാലും മദ്യപാനികള്‍ക്കായി ആത്മീയമായ ഒരത്താണി ചെറിയ കാര്യമല്ല.ഭരണഘടന വിഭാവന ചെയ്യുന്ന പൗരന്മാര്ക്കുള്ള തുല്യ നീതി ഒരു മദ്യപാനിക്കും കിട്ടുന്നില്ല.മറു ഭാഗത്ത് മദ്യത്തിനു തീവിലയാക്കി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ .സദാചാര പ്രശ്നങ്ങള്‍ വേറെയും.ഇതിനിടയില്‍ തുള്ളി ആശ്വാസത്തിനും തൊട്ടുനക്കാനുമായി അവര്‍ക്കും ഒരു ദൈവമിരിക്കട്ടെ. മറ്റു ദൈവങ്ങളോളം വരില്ലെങ്കിലും ഒരു കുഞ്ഞുദൈവം.
16 comments:
ഇത്തരമൊരു ഭക്തിസാന്ദ്രമായ മദ്യമേഖലയിലേക്കാണ് ഞങ്ങള്‍ നാലഞ്ചാണുങ്ങള്‍ ചെല്ലുന്നത്.കോഴിയും കുപ്പിയുമില്ലാത്ത ഞങ്ങളെ ഒരുതരം
പുച്ഛത്തോടെയാണ് അവിടുത്തെ ഭക്തിരസത്തില്‍ ആറാടിയ ജനം സ്വീകരിച്ചത്.ഇതെല്ലാം അകത്തുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതുമില്ല.
കറപ്പസ്വാമി മുതലിങ്ങോട്ട് മുതലമട,മൂത്രത്തിക്കര സ്വാമിമാരൊക്കെ കഴിഞ്ഞ് ബാക്കിയുള്ള വോട്ടുകള്‍ കൊണ്ട് വേണം രാഷ്ടീയക്കാര്‍ക്ക് കഷ്ടിച്ച് ജീവിക്കുവാന്‍.
കറപ്പസ്വാമി മുതലിങ്ങോട്ട് മുതലമട,മൂത്രത്തിക്കര സ്വാമിമാരൊക്കെ കഴിഞ്ഞ് ബാക്കിയുള്ള വോട്ടുകള്‍ കൊണ്ട് വേണം രാഷ്ടീയക്കാര്‍ക്ക് കഷ്ടിച്ച് ജീവിക്കുവാന്‍.
erekkaalathinu sesham.kollaaam. enikkishtappettu
ചിങ്ങംചിറ ചരിതം കൊള്ളാമല്ലോ....
ഭക്തിസാന്ദ്രമായ മദ്യമേഖല! രണ്ടും ലഹരിയായതിനാല്‍ കീഴാളമനസ്സിന്റെ വിശുദ്ധനിലങ്ങളില് കൂടിക്കലരുന്നു.നന്നായിട്ടുണ്ട്.അഭിനന്ദനം.
കറപ്പസ്വാമി മുതലിങ്ങോട്ട് മുതലമട,മൂത്രത്തിക്കര തുടങ്ങി എയ് ഡ്സ് രോഗികളേക്കാള്‍ എണ്ണത്തില്‍ അധികം വരുന്ന സ്വാമിമാര്‍ക്കൊക്കെ കൊടുത്തുകഴിഞ്ഞുള്ള ശിഷ്ടവോട്ടുകള് കൊണ്ട് വേണം രാഷ്ടീയക്കാര്‍ക്ക് കഷ്ടിച്ച് ജീവിക്കുവാന്‍.
ഈ ബ്ലോഗ് ആദ്യകാല ബ്ലോഗുകളെപ്പോലെ മനോഹരം.
very nice.....................................
ചിങ്ങംചിറ എന്ന പേരു കണ്ടാണ് ഇവിടെയെത്തിയത്. ഇപ്രാവശ്യം അവധിയില്‍ അവിടെ പോകണമെന്ന് കരുതിയതാണ്, ചുമ്മാ ഒന്നു കാണാന്‍. പണ്ടൊക്കെ കോഴി കുരുതി കൊടുത്ത് വഴിപാട് നേരാന്‍ ആള്ക്കാര് പോയിരുന്നത്രേ. കുറച്ച്കാലത്തോളമായി കൂടുതലും കുടിയന്മാരുടെ ഒരു വിഹാരകേന്ദ്രമായി മാറിയത്. ആളുകള്‍ പോകുന്നത്, വഴിപാട് കം പിക്നിക്ക് കം കുടി എന്നിവക്കായിരിക്കണം. പക്ഷേ, ഈയിടെയായി പിക്നിക്ക്, സിനിമാ/ആല്‍ബം പിടിക്കുന്നവരുടെ ഒരു ഇഷ്ട ലൊക്കേഷന്‍ ആയി മാറിയിട്ടുണ്ടത്രേ. വലിയ ഒരു ആല്‍മരമാണ് ഒരു പ്രത്യേകത. പരിസരമെല്ലാം വൃത്തിയാക്കി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിദ്യാവിജയ യജ്ഞം പോലത്തെ എന്തോ ഒരു സരസ്വതി യജ്ഞം നടത്തിയിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്നറിയില്ല. ഈ സ്ഥലത്ത് കുറച്ച് സിനിമകളും നിരവധി ആല്‍ബങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്.
ചെമ്പകമേ എന്ന ആല്‍ബത്തിലെ “സുന്ദരിയേ വാ..” എന്ന ഗാനം കണ്ടുനോക്കൂ.
കോഴി ആട് എന്നീ ഓമനമൃഗങ്ങളുടെ അവശിഷ്ടങ്ങളും അതിന്റെ വെന്ത ഇറച്ചി മണവും ഹണി ബീക്ക് താഴെ നിലവാരമുള്ള മദ്യങ്ങളുടെയും തമിഴ് പെണ്ണുങ്ങളുടെ ഉച്ചിയിലിരുന്ന് പാലക്കാടന്‍ ചൂടില്‍ വാടിക്കരിഞ്ഞ മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധവും ചേര്‍ന്ന് ഒരു കണ്ട്രി ബാറിന്റെ ലഹരിയിലേക്ക് നമ്മെ നയിക്കുന്നൊരിടം,ചിങ്ങംചിറ.
ഇതൊരു ഉല്ലാസ കേന്ദ്രമല്ല.ഭക്തി നിറഞ്ഞു നില്ക്കുന്നൊരു പരിപാവനമായ സ്ഥലമാണ്.
ബ്ലൊഗ് കണ്ടതിലും വായിച്ചതിലും സന്തോഷം
ആകപാടെ രസോള്ള എഴുത്തും...അതിനെക്കാള്‍ രസോള്ള ഗ്രാമവും...
മദ്യപാനികളുടെ ദൈവത്തെ ചിങ്ങംചിറയില്‍ കണ്ടെത്തി
കല്യാണിക്കുട്ടി,ക്രിഷ്,കണ്ണനുണ്ണി,സ്വപ്ന അനു ഏവര്‍ക്കും സ്വാഗതം........മണിലാല്‍ എന്ന മാര്ജാരന്
Post a Comment