പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, April 18, 2010

ജോസാട്ടന്റെ തൃശൂര്‍ പൂരം










തീരദേശത്ത് കവികളെക്കൊണ്ട് മുട്ടി നടക്കാന്‍ വയ്യെങ്കില്‍ തൃശൂരില്‍ നാടകപ്രവര്‍ത്തകരാണ് മുട്ടിനുമുട്ട്‍.ചെറുചെറു നാടകസംഘങ്ങള്‍ വല്യ സംഭവമാണ് തൃശൂരില്‍,  ചെറുപൂരങ്ങള്‍ പോലെ. നാടകക്കാരുടെ ചെറു പൂരങ്ങൾ ഒത്തൊരുമിച്ച് എന്നാണാവോ   ഒരു വലിയ തൃശൂര്‍ പൂരം ഉണ്ടാവുക.സ്കൂള്‍ ഓഫ് ഡ്രാമ വന്നതിനു ശേഷം കുറച്ചു കാലത്തേക്ക് നാടകം വഴിതെറ്റിപ്പോയെങ്കിലും(നാടകം അകത്തോ പുറത്തോ എന്ന ഒരു സംശയം അന്നൊക്കെ തൃശൂര്‍കാര്‍ക്ക് തോന്നിയിരുന്നു) പഴയ പ്രതാപത്തിലേക്ക് നാടകം തിരിച്ചു പോകുന്നതിന്റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.ദീപന്റെ സംഘാടനത്തില്‍ അവതരിപ്പിച്ച ഓക്സിജന്‍ തിയ്യറ്ററിന്റെ സ്പൈനല്‍ കോഡ്
നാടകത്തില്‍ നവമായ ഊര്‍ജ്ജമാണ്.ഈ നാടകാവതരണത്തോടെ ഗോപാലന്‍, ജോസ് പി റാഫേല്‍,സി.ആര്‍.രാജന്‍  അടക്കമുള്ള ഗഡികളുടെ നെഞ്ച് വിരിയാന്‍ തുടങ്ങിയിരിക്കുന്നത് സന്തോഷകരമായ കാര്യമാണ്.


നാടകത്തെ പറയുമ്പോള്‍ വിട്ടുകളയാന്‍ പറ്റാത്തൊരു പേരാണ് ജോസ് പാ‍യമ്മല്‍ വിട്ടുകളഞ്ഞാലും പറ്റിപ്പിടിച്ചു കിടക്കും.കാമറയില്‍ക്കൂടി നോക്കിയവരൊക്കൊ സിനിമാക്കാരാ‍വുമെങ്കില്‍,മലയാളം കൂട്ടിയെഴുതിയവരൊക്കെ കവികളാകുമെങ്കില്‍ ഇവര്‍ക്കെല്ലാമുപരി    ജോസ് പായമ്മല്‍ നാടകക്കാരനാണ്.


എഴുത്തില്ല,വായനയില്ല,ക്യാമ്പില്ല, റിഹേര്‍സല്‍ ഇല്ല.ഇതെല്ലാമുണ്ടായിട്ടും നാ‍ടകമുണ്ടാവിത്തടത്താണ്  ജോസാട്ടന്റെ റിയാലിറ്റി ഷോ.റിയലായും ഇതാണ് മലയാളത്തിന്റെ ആദ്യത്തെ റിയാലിറ്റി ഷോ.
നാടകം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കഥ ആലോചിക്കുന്നു, കഥാപാത്രങ്ങളെ നിശ്ചയിക്കുന്നു.ഭൂരിപക്ഷം നടീനടന്മാരും ജോസാട്ടന്റെ റേഷന്‍ കാര്‍ഡിലുള്ളവര്‍ തന്നെ.     .പിന്നീട് ഒന്നു രണ്ടു മണിക്കൂര്‍ ഇവർ തകർക്കുന്നത് അരങ്ങാണ്.




ഇഷ്ടാ, സ്റ്റേജുമ്മലത്തെ പണി.............. നിസ്സാരല്ലാ ട്ടാ.

നാടകമറിയുന്നവര്‍ പറയും.
അതൊക്കെ നാടകം പഠിച്ചവരുടെ ജാഡയെന്ന് ജോസാട്ടന്‍ തര്‍ക്കുത്തരം പറയും.






ജോസാട്ടനും ഭാര്യ രാധേച്ചിയും കലാനിലയം രാധ എന്നും പേരുണ്ട് അവരുടെ മകളും. പിന്നെ നടിപ്പാന്‍ വീര്‍പ്പുമുട്ടി മുഖം മിനുക്കി വന്നെത്തുന്നവരും സ്റ്റേജിനു പിന്നിൽ ഒത്തു ചേരും.വഴീപ്പോകുന്നവര്‍ക്കൊക്കെ  അഭിനയിക്കാന്‍ സീരിയലൊന്നും അത്ര സജീവമാകാത്ത കാലമാണ്.കര്‍ട്ടന്‍ പൊന്തുന്നതും കാത്ത് കാണികളിരിക്കുമ്പോളാണ് അന്ന് അരങ്ങേറാനുള്ള നാടകത്തെ സംബന്ധിച്ച ചര്‍ച്ച സ്റ്റേജിനു പിറകെ നടക്കുന്നതെന്നും നമ്മള്‍ അറിയേണ്ടതുണ്ട്.ജോസാട്ടന്‍ തന്റെ നെഞ്ചിലേക്ക് കൈ ചൂണ്ടി
“ഞാന്‍ അച്ഛന്‍ രാധയെ ചൂണ്ടി ഇവള്‍ അമ്മ സ്വന്തം മകളെ ചേര്‍ത്തുനിര്‍ത്തി ഇവള്‍ ഒരേയൊരു മകള്‍,പിന്നെ കൂട്ടം കൂടിയവരില്‍ നിന്നും ഒരാളെ പിടിച്ച് ഇവന്‍ എന്റെ മോളുടെ പിന്നാലെ   നടക്കുന്നവന്‍,ഇവന്‍ മൂന്നാന്‍,ഇവന്‍ ഇവളെ കെട്ടുന്നോന്‍,ഇവന്‍ അയലത്തെ എരപ്പാളി എന്നൊക്കെ കഥാപാത്രങ്ങളെ നിശ്ചയിക്കും.അപ്പോളായിരിക്കും  വീട്ടിൽ പോയിട്ടെന്തിനാ എന്ന തോന്നലിൽ  കവലയിൽ നിന്നും   കേറിവന്ന് ഒരുവൻ
ജോസാട്ടാ ...........



എന്ന് തല ചൊറിഞ്ഞു നില്‍ക്കുക.
എന്താണ്ടാ എന്നൊന്നും പുതുമുഖത്തോട് ചോദിക്കേണ്ടതില്ല,ജോസേട്ടന്റെ അരികിലേക്ക് വരുന്നവന്‍ ഒന്നുകില്‍ നടിപ്പാന്‍ അല്ലെങ്കില്‍ അടിപ്പാന്‍.രണ്ടിനും ജോസാട്ടന്‍ പെട്ടെന്നൊന്നും  ഡബ്ബില്‍ ബെല്‍ അടിക്കില്ല.

“ഡാ ഇവനെ, നെനക്ക് ഒരു മരം വെട്ടുകാരനാവാന്‍ പറ്റോടാ?.

നീരസത്തോടെ അയാള്‍ പിന്നെയും തല ചൊറിയും.

“ന്നാ അത് വേണ്ട.നീ എട്ടാം ക്ലാസ്സ് പാസ്സായോനല്ലെ,നീയൊരു ഡോക്ടര്‍ ആയിക്കോ.ഒരു കൊഴല് എവിടന്ന കിട്ട്വാ.......കൊഴലൊന്നും കിട്ടിയില്ലേല്‍ നീ‍ പശൂന്റെ ഡോക്ടര്‍ ആയിക്കോ...അതാവുമ്പോ കൊമ്പും കൊഴലൊന്നും വേണ്ടല്ലോ.....
നീ പോയീ ദാ വറീതേട്ടന്റെ പെട്ടിപ്പീടികേന്ന് ഒരു പ്ളാസ്റ്റിക്ക് കവര്‍ വാങ്ങി വാ.........കയ്യിലിടാന്‍ എന്തൂട്ടേങ്കിലും വേണ്ടെടാ ഇവനെ.
പശു ഡോക്ടറെ തീരുമാനിക്കുമ്പോ തന്നെ അവന്റെ കഥയിൽ എന്തായിരിക്കണം എന്നും  ജോസേട്ടന്‍ മനസ്സില്‍ കണ്ടിരിക്കും.


പിന്നെയാണ് ഇതിനൊത്ത കഥ ഉണ്ടാക്കുക.ഭാര്യയും ഭര്‍ത്താവും  സന്തോഷത്തോടേ എര്‍ച്ചിയും ഞായറാഴ്ച കുര്‍ബ്ബാനയും ഇടവക കോമാളിത്തങ്ങളുമായി തൃശൂര്‍ക്കാരുടെ ഇട്ടാവട്ട സന്തോഷങ്ങളില്‍ കഴിയുന്നു.ഒരു മകള്‍.അവളുടെ നടപ്പിലും ഇരിപ്പിലും എന്തോ   ഏനക്കേട്.ഇറച്ചിയില്‍ എല്ല് കടിച്ച മാതിരി ഒരു പന്തികേട്. ദൈവങ്ങളെ സാക്ഷിയായി മാതാപിതാക്കള്‍ക്ക് മകളില്‍ പ്രേമം മണക്കുന്നു.പശൂന്റെ ഏനക്കേട് നോക്കാന്‍ വന്ന പശുഡോക്ടര്‍ക്ക് പശുവിന്റെ വാലു പോക്കിക്കൊടുത്ത മകളുടെ അമറലില്‍ ഒരീണം തോന്നുന്നതോടെയാണ് കഥക്ക് മസാലയുടെ മണം വരുന്നത്.സംഗതി കൊള്ളാമല്ലോന്നു മാതാപിതാദൈവം വകവെയ്ക്കുമ്പോളാണ് സ്റ്റോറി ട്വിസ്റ്റാകുന്നത്.ടിയാന് ഏതോ ഇടവകയില്‍ സ്വന്തം വകയില്‍ തന്നെ തൊഴുത്ത് നിറഞ്ഞുനില്‍ക്കുന്ന  കറവറ്റിയതും അതില്‍ പിറന്ന ഒന്നു രണ്ടു കിടാങ്ങളും ഉണ്ടെന്നറിയുന്നത്.ഇതാണ് കഥ.ഇതിനെ ശുഭപര്യവസാ‍യിയാക്കേണ്ട കടമ ജോസേട്ടനു മാത്രം.


ങ്ങിനെ പോകുന്ന കഥ ഒന്നവസാനിപ്പിക്കാന്‍ പെടുന്ന പാട് ജോസാട്ടനു മാത്രമേ അറിയൂ.മറ്റാര്‍ക്കും അറിയേണ്ടതില്ല,ജോസാട്ടനാണല്ലോ അമരക്കാരന്‍.ലാസ്റ്റ് ബസ് തൃശൂര്‍ വിടുന്നതിനു മുമ്പ് ജോസാട്ടനു മാത്രമല്ല കാണികള്‍ക്കും സ്റ്റാന്റ് വിടേണ്ടതുണ്ട്.ഒരെട്ടൊന്‍പതു മണിയാവുമ്പോഴേക്കും കുണ്ടി വിടര്‍ത്തുകയും പൊക്കുകയും ചെയ്യും അവസാന ബസിനെയോര്‍ത്ത് കാണികള്‍.

ജോസാട്ടനെ പരിചയപ്പെടുന്നത് രണ്ടായിരത്തിനു മുമ്പാണ്.പി.ടി.കുഞ്ഞുമുഹമ്മദിന്റെ ആദ്യ ചിത്രമായ മഗ് രിബ് എന്ന സിനിമയുടെ ഷൂ‍ട്ടിംഗിനിടയില്‍.അതില്‍ ജോസാട്ടന്റെ എല്ലാ അര്‍ത്ഥത്തിലും പ്രിയതമയായ രാധേച്ചി നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഭാര്യയോടുള്ള സ്നേഹക്കൂടുതല്‍ കാരണം സഹസംവിധാ‍യകരായ ഞങ്ങള്‍ക്ക് എപ്പോഴും ജോസാട്ടന്‍   ശല്യക്കാരനായിരുന്നു.ചില സീനുകളില്‍ രാധേച്ചിയുടെ സാന്നിദ്ധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.വാ തുറക്കേണ്ടിയിരുന്നില്ല.പാതി ആര്‍ട്ട് സിനിമയായിരുന്നു അത്.വര്‍ത്തമാനം ഉണ്ടെങ്കില്‍ തന്നെ പാതിക്ക് വെച്ച് നിര്‍ത്തണം.


യലോഗില്ലെങ്കില്‍ എന്തഭിനയം എന്ന് തന്റെ സ്വന്തം നാടകാനുഭവത്തില്‍ നിന്നും ജോസേട്ടന് ന്യായമായും ചോദിക്കാം.ഇടക്കിടക്ക് ജോസാട്ടന്‍ ഞങ്ങളെ വിളിച്ചു പറയും.



ഡാ.........രാധേച്ചിക്കൊരു ഡയലോഗ് കൊടുക്കെടാ.

ഞങ്ങള്‍ പറയും

പി.ടി.യോട് പറയ് ജോസാട്ടാ....

ബുള്‍ഗാന്‍ താടിയും വെച്ച് നടക്കുന്ന പി.ടി.യെ ജോസാട്ടന് പേടിയായിരുന്നു.താടിയുള്ളപ്പനെ പേടിയുള്ളതു പോലെ.



മദ് മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

കഥയെഴുത്ത് സി.വി.ശ്രീരാമന്‍ എന്ന ഞങ്ങളുടെ ബാലേട്ടന്‍ കൊണ്ടു വന്നതായിരുന്നു.

അഭിനയമോഹവുമായി പി.ടി.യെ കാണാന്‍ വന്നതാണ്.പി.ടി.ക്ലാപ് ബോര്‍ഡ് കയ്യില്‍ കൊടുത്തു അവനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.(ഒറ്റ സിനിമ കഴിഞ്ഞതോടെ അവന്‍ വക്കീല്‍ പണിയിലേക്കും കുടുംബത്തിലേക്കും മടങ്ങി നല്ലൊരു മനുഷ്യനായി.)അവന്റെ അഭിനയമോഹം മനസ്സിലാക്കി ജോസാട്ടന്‍ തന്റെ നാടകത്തിലേക്ക് ക്ഷണിച്ചു.

നീ പൂരക്കാലത്ത് പവലിയനില്‍ വാ.ഞാന്‍ നിന്നെ അഭിനയിപ്പിക്കാം.പക്ഷെ രാധേച്ചിക്ക് പി.ടി.അറിയാതെ ഡയലോഗ് കൊടുക്കണം.
അതെങ്ങിനെയാ ജോസേട്ടാ.സംവിധായകനറിയാതെ.
അതൊക്കെ നീ തിരുകിക്കേറ്റിയാ മതി.



ങ്ങിനെയാണ് ഒരു പൂരക്കാലത്ത് സമദ് ജോസാട്ടന്റെ തിയ്യറ്ററായ പൂരം എക്സിബിഷനിലെത്തുന്നത്..പതിവുപോലെ അന്നും ആറുമണി.കഥാ ചര്‍ച്ച നടക്കുകയാണ്.നേരത്തെ പറഞ്ഞതു പോലെ അച്ഛനുമമ്മയും മകളും തീരുമാനമായി.മകള്‍ക്കുപിന്നില്‍ ചുറ്റിത്തിരിയുന്നവനേയും തീരുമാനമായി.കെട്ടുന്നവനെയും അവന്റെ അപ്പനമ്മയേയും ഒപ്പിച്ചു.അപ്പോള്‍ ആണ് സമദിന്റെ വരവ്.



“ഈശോ ഈ കുരിശിനെ എവിടെ തറക്കും.

ജോസാട്ടന്‍ തലയില്‍ കൈവെച്ചില്ല,(അതിനുള്ള സമയമില്ല)കഥയില്‍   മാറ്റം ആലോചിച്ചു.



മഗ് രിബ് ഷൂട്ടിംഗിനിടയില്‍ ചില ഗ്ലാസ്സ് കമിഴ്ത്തലുകളില്‍ സംഭവിച്ച സമദുമായുള്ള അടുപ്പം അവനെ നാടകത്തില്‍ അപ്രധാനമല്ലാത്ത റോളുകളീലൊന്നായ തന്റെ  മകനാക്കാന്‍  തീരുമാനിച്ചു.ആദ്യം രാധേച്ചി ഉടക്കി.ഇതു വരെയില്ലാത്ത   മകന്‍ ഇപ്പൊ എവിടുന്നു വന്നു.പോട്ടെടി ഒരു മകനിരിക്കട്ടെ.കഥ ആ വിധത്തില്‍ തിരിച്ചുവിട്ടാല്‍ മതിയല്ലൊ.കഥയും തീരുമാനമായി.മകളുടെ വിവാഹമാണ് വിഷയം. വിവാഹത്തോടെ നാടകം അവസാനിക്കും.അതിനിടയിലെ പ്രേമവും കോടാലികളുമാണ് നാടകത്തിന്റെ ശരീരം.(അതിലെക്കെത്താന്‍ കുറച്ചു സമയമെടുക്കണം.അതിന് സ്റ്റേജിലെ എല്ലാവരും ആഞ്ഞുപിടിക്കണം,കഥ വലിച്ചു നീട്ടിക്കൊണ്ടുപോകണം.ഇതു തീരുമാനമായി.എല്ലാവരും സ്റ്റേജില്‍ കയറി.ചിലര്‍ അവസരം കാത്ത് സ്ടേജിനു പിറകില്‍ ഡയലോഗ് എന്തു കാച്ചും കാച്ചാതിരിക്കണം എന്നൊക്കെ ചിന്തിച്ച് കാത്തിരുന്നു.)കഥ തുടങ്ങി.പത്തു മിനിട്ടെ ആയിട്ടുള്ളൂ.പ്രണയം വീട്ടില്‍ അറിയുന്നു,അച്ഛന്‍ അത് വലിയൊരു ഭൂകമ്പമാക്കി മാറ്റുന്നു.അമ്മ അലമുറയിടുന്നു.മകള്‍ മറ്റൊരാളുടെ കഴുത്തില്‍ താലികെട്ടുന്നതിനുമുമ്പ്   കിണറ്റുകയറില്‍ കെട്ടി തൂങ്ങുമെന്ന വാശിയിലും.ഈ സമയത്താണ് ജോസാട്ടന്‍ അവതരിപ്പിച്ച പുതുമുഖ നടന്‍ സമദ് മകന്റെ റോളില്‍ ഇടപെടുന്നത്.



പ്രേമത്തെ ഊതിവീര്‍പ്പിച്ച് ഒരു പൊട്ടിത്തൈറിയില്‍ എത്തിച്ച് നാടകീയമാക്കാനുള്ള ചേരുവകള്‍ ജോസാട്ടന്‍ കുടുംബം ഇറക്കുന്നതിനിടയിലാണ് സമദിന്റെ ഇടപെടല്‍.സന്ദര്‍ഭത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനുപകരം സമദ് സമവായത്തിന്റെ വഴികളാണ് അവതരിപ്പിച്ചത്.എങ്ങിനെയെങ്കിലും പെങ്ങളെ ഇറക്കി വിട്ട് സ്വസ്ഥമായിരിക്കാമെന്ന ഒരു അഴകൊഴമ്പന്‍ സഹോദരന്റെ മനസ്സോടെ സമദ് കാമുകനുമായുള്ള വിവാഹത്തെ ന്യായീകരിച്ചു.  കാമുകന്റെ കുടുംബ മഹിമയെപ്പറ്റിയും സാമ്പത്തിക സ്ഥിതിയെയുമൊക്കെ ഉയര്‍ത്തി അവനു തന്നെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കുകയാവും ഭംഗിയെന്ന് വാദിച്ച് സമദ്  ആദര്‍ശകഥാപാത്രമായി വിലസാന്‍ ഒരു ശ്രമം നടത്തിനോക്കി.

ജോസാട്ടനും രാധേച്ചിയും   സമദിന്റെ വര്‍ത്തമാനം കേട്ട് ഒരു പോലെ ഞെട്ടി,പക്ഷെ പുറത്തു കാണിച്ചില്ല.കാമുകനെ കയ്യകലത്തില്‍ കിട്ടിയ സന്തോഷത്തില്‍ മകള്‍ ഞെട്ടാന്‍ പാടില്ലായിരുന്നു,പക്ഷെ അവളും ഞെട്ടി. രണ്ടുമണിക്കൂര്‍ കൊണ്ടു പോകേണ്ട നാടകമാണ് ,പത്തു പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളു.എന്തു ചെയ്യും.ഒന്നും ചെയ്യാനില്ല.നിയന്ത്രണം കയ്യിലെടുത്ത ജോസാട്ടന്‍ പെട്ടെന്നു തന്നെ സമദിന്റെ മോന്തക്കുറ്റിക്ക് ഒരു കീറ്.പല ദേഷ്യങ്ങളും അതില്‍ തീര്‍ത്തു.രാധേച്ചിക്ക് സിനിമയില്‍ ഡയലോഗ് കൊടുക്കാത്തതിന്റെ,നാടകം പൊളിക്കാന്‍ ശ്രമിച്ചതിന്റെ എല്ലാം ദേഷ്യവും ആ അടിയില്‍ ഉണ്ടായിരുന്നു. അത് അഭിനയമായിരുന്നില്ല,ശരിക്കും   കൊടുക്കുകയായിരുന്നു.സമദ് സ്റ്റേജില്‍ കറങ്ങി വീണു. ഒന്നും മിണ്ടാതെ കിടന്നു.പിറകെ വരുന്നു ജോസാട്ടന്റെ ഡയലോഗ്



“നീ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത്.
ഞാന്‍ ഇന്നലെ കാളന്‍ ഡോക്ടറെ കണ്ടിരുന്നു.

ഡോക്ടറാണ് ആ രഹസ്യം എന്നോട് പറഞ്ഞത്.

നിനക്കറിയോ.........അവന് കുഷ്ഠമാണെടാ,കുഷ്ഠം.(ഇന്നാണെങ്കില്‍ രോഗം എയ്ഡ്സായിരിക്കും)



  ഒരു സഹോദരന്‍ വന്നിരിക്കുന്നു.സ്വന്തം സഹോദരിക്ക് വരനായി  നിത്യരോഗിയേയും തെരഞ്ഞുപിടിച്ച്.

നീ ഇപ്പോ ഇറങ്ങണം ഈ വീട്ടില്‍ നിന്ന്  “


ഒരു വെടിക്ക് രണ്ടു പക്ഷികള്‍ എന്ന പോലെ ജോസാട്ടന്റെ വാക്കുകള്‍.

നാടകം തുടരുകയും വേണം, സമദിനെ ഇറക്കിവിടുകയും വേണം.


നിയും സമദ് സ്റ്റേജില്‍ നിന്നാല്‍ അപ്പച്ചനു പണികൂടുമെന്ന് രാധേച്ചിക്കും മകള്‍ക്കും മനസ്സിലായി.
അമ്മയും സഹോദരിയും കോറസ്സായി സമദിനോടപേക്ഷിച്ചു.
അച്ഛന്റെ മുന്നില്‍ പെടാതെ എവിടെയെങ്കിലും പോയി ജീവിച്ചോ.മനസ്സില്ലാ മനസ്സോടെ സമദ് സ്റ്റേജിനു പുറത്തേക്ക് പതുക്കെ പതുക്കെ വേച്ചു വേച്ചു നടന്നു.ഈ സമയം പശ്ചാത്തല സംഗീതം വേണമായിരുന്നു.പക്ഷെ ഇതൊന്നും പായമ്മല്‍ തിയ്യറ്ററിനു പതിവില്ലല്ലോ.



നേരത്തെ സമദിനെപ്പറ്റി പറഞ്ഞ വാചകം ഒന്നു കൂടി വീശാം.കലാരംഗത്തേക്കുള്ള കാല്‍ വെയ്പില്‍ തിക്താനുഭവം രുചിച്ച സമദ് കുടുംബവുമായി നല്ല ജീവിതം നയിക്കുന്നു. വീട്ടിലും കോടതിയിലും നുണ മാത്രമെ പറയൂ എന്നു പറയുന്ന ഒരു സാധാരണ മനുഷ്യനായി.

12 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

“ഡാ ഇവനെ നെനക്ക് ഒരു മരം വെട്ടുകാരനാവാന്‍ പറ്റോടാ?.
നീരസത്തോടെ അയാള്‍ പിന്നെയും തല ചൊറിയും.
“അത് വേണ്ടെങ്കില്‍ വേണ്ട.നീ എട്ടാം ക്ലാസ്സ് പാസ്സായോനല്ലെ,നീയൊരു ഡോക്ടര്‍ ആയിക്കോ.ഒരു കൊഴല് എവിടന്ന കിട്ട്വാ.......അല്ലെങ്കില്‍ വേണ്ടാ നീ പശൂന്റെ ഡോക്ടര്‍ ആയിക്കോ...അതാവുമ്പോ കൊമ്പും കൊഴലൊന്നും വേണ്ടല്ലോ.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ അടിപൊളിനാടകങ്ങൾ കാണാനും പിന്നീടഭിനയിക്കാനും സ്ഥിരം എക്സിബിഷൻ പാസ്സെടുത്തിരുന്നയൊരുത്തൻ ,ഇപ്പോൾ ഇവിടെ ഇതെല്ലാമയവിറക്കി ഷീവാസും,ഷീ-വോക്കുമായി തേരാപാരാ നടക്കുന്നു...കേട്ടൊ മണിലാൽ.

ഞാന്‍ ഹേനാ രാഹുല്‍... said...

purappedooooo

എന്‍.ബി.സുരേഷ് said...

ജോസാട്ടന്റെ നാടകജീവിതവും ജീവിതനാടകവും കേട്ടു.
ജീവിതത്തിന്റെ ഓരോ നിമിഷവും ഇന്‍സ്റ്റന്റല്ലെ പിന്നെന്തിന് നാടകത്തിനു മാത്രം തയ്യറെടുപ്പ്.

പിന്നെ ഇതിന്റെ കൂട്ടത്തില്‍ അന്തിക്കാടിനും റാഫിക്കും ഷാഫിക്കുമിട്ടൊന്നു വച്ചത് കണ്ടു. ചക്കിനു വച്ചത് കൊക്കിനു കൊള്ളുമോ എന്തോ?

മാതൃഭൂമിയില്‍ കേരളവര്‍മ്മ സ്മരണ വായിച്ചു. അങ്ങനെയാണ് ഒച്ച കേള്‍ക്കാതെ ഈ ബ്ലോഗ്ഗില്‍ എത്തിയത്.

മണിലാല്‍ said...

ഇനിയും സമദ് സ്റ്റേജില്‍ നിന്നാല്‍ അപ്പച്ചനു പണികൂടുമെന്ന് രാധേച്ചിക്കും മകള്‍ക്കും മനസ്സിലായി.മനസ്സില്ലാ മനസ്സോടെ സമദ് സ്റ്റേജിനു പുറത്തേക്ക് പതുക്കെ പതുക്കെ നടന്നു.ഈ സമയം പശ്ചാത്തല സംഗീതം വേണമായിരുന്നു.പക്ഷെ ഇതൊന്നും പായമ്മല്‍ തിയ്യറ്ററിനു പതിവില്ലല്ലോ.

മണിലാല്‍ said...

തീരദേശത്ത് കവികളെക്കൊണ്ട് മുട്ടി നടക്കാന്‍ വയ്യെങ്കില്‍ തൃശൂരില്‍ നാടകപ്രവര്‍ത്തകരാണ് മുട്ടുന്നവര്‍.ചെറുചെറു നാടകസംഘങ്ങള്‍ വല്യ സംഭവമാണ് തൃശൂരില്‍.സ്കൂള്‍ ഓഫ് ഡ്രാമ വന്നതിനു ശേഷം കുറച്ചു കാലത്തേക്ക് നാടകം വഴിതെറ്റിപ്പോയെങ്കിലും(നാടകം അകത്തോ പുറത്തോ എന്ന ഒരു സംശയം അന്നൊക്കെ ഇബിടുത്ത്കാര്‍ക്ക് തോന്നിയിരുന്നു) പഴയ പ്രതാപത്തിലേക്ക് നാടകം തിരിച്ചു പോകുന്നതിന്റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.ദീപന്റെ സംഘാടനത്തില്‍ അവതരിപ്പിച്ച ഓക്സിജന്‍ തിയ്യറ്ററിന്റെ



സ്പൈനല്‍ കോഡ്

മണിലാല്‍ said...

നാടകം തുടരുകയും വേണം, സമദിനെ ഇറക്കിവിടുകയും വേണം.

ശ്രീനാഥന്‍ said...

കുട്ടിയറ്റു പോകുന്ന വംശത്തിൽ നിന്നൊരാളെ രസകരമായി പരിചയപ്പെടുത്തിയതിനു നന്ദി.

മണിലാല്‍ said...


പ്രേമത്തെ ഊതിവീര്‍പ്പിച്ച് ഒരു പൊട്ടിത്തൈറിയില്‍ എത്തിച്ച് നാടകീയമാക്കാനുള്ള ചേരുവകള്‍ ജോസാട്ടന്‍ കുടുംബം ഇറക്കുന്നതിനിടയിലാണ് സമദിന്റെ ഇടപെടല്‍.സന്ദര്‍ഭത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനുപകരം സമദ് സമവായത്തിന്റെ വഴികളാണ് അവതരിപ്പിച്ചത്.എങ്ങിനെയെങ്കിലും പെങ്ങളെ ഇറക്കി വിട്ട് സ്വസ്ഥമായിരിക്കാമെന്ന ഒരു അഴകൊഴമ്പന്‍ സഹോദരന്റെ മനസ്സോടെ സമദ് കാമുകനുമായുള്ള വിവാഹത്തെ ന്യായീകരിച്ചു. കാമുകന്റെ കുടുംബ മഹിമയെപ്പറ്റിയും സാമ്പത്തിക സ്ഥിതിയെയുമൊക്കെ ഉയര്‍ത്തി അവനു തന്നെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കുകയാവും ഭംഗിയെന്ന് വാദിച്ച് സമദ് ആദര്‍ശകഥാപാത്രമായി വിലസാന്‍ ഒരു ശ്രമം നടത്തിനോക്കി.

Sapna Anu B.George said...

Good one marjaaaaaran

മുകിൽ said...

"ഈശോ ഈ കുരിശിനെ എവിടെ തറക്കും.."

തൃശ്ശൂരിനെ ഭയങ്കരമായി മിസ് ചെയ്തു ഇതു വായിച്ചു.. പൂരപ്പറമ്പും പള്ളിപ്പറമ്പും നിറഞ്ഞാടുന്ന ഒരു കാലം.. 'നാടകം തുടങ്ങുന്നു' എന്നു പറയുന്ന ഒരു പ്രത്യേക സ്വരം..ഒരുപക്ഷേ പുതു തലമുറക്കു വേണ്ടി, അവര്‍ക്കറിയാത്ത ഈ സന്തോഷങ്ങളിലേക്കു ഒരു തിരികെ യാത്ര നടത്തേണ്ടതു ആവശ്യമാണു. നാടകക്കാര്‍ മുന്‍ കൈ എടുക്കട്ടെ. എല്ലാം വീണ്ടും ഉണര്‍ന്നു വരും എന്നു കരുതാം ല്ലേ


നീയുള്ളപ്പോള്‍.....