പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, July 7, 2010

സദാചാരം : കേരളത്തിന്റെ തനത് കല





കേരളം എന്തിലും മുന്നില്‍ നില്‍ക്കും!
സാക്ഷരതയില്‍ /നിരക്ഷരതയില്‍,ആരോഗ്യത്തില്‍ / അസുഖങ്ങളില്‍, ബഹുമാനിക്കുന്നതില്‍/അപമാനിക്കുന്നതില്‍ മതേതരത്വത്തില്‍/വര്‍ഗ്ഗീയതയില്‍ അത്മാര്‍ത്ഥതയില്‍/അഴിമതിയില്‍‍........



ഇപ്പോള്‍ സദാചാരമാണ് ജനകീയമായ കലാപരിപാടി.ഭാവിയില്‍ ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് കേരളത്തിലെ തനത് കലാരുപമായ സദാചാര കല അസ്വദിക്കാന്‍ ആയിരിക്കും.ഇത്തരമൊരു പ്രാകൃത കലാരൂപം ആധുനിക മനുഷ്യന്‍ ജീവിക്കുന്ന മറ്റൊരു സമൂഹത്തിലും കാണാന്‍ കഴിഞ്ഞെന്നുവരില്ല,ഭാവിയില്‍.ഈ കല നിലനിർത്താൻ നമ്മൾ കേരളീയർ ഓരോരുത്തരും രാപകലിലില്ലാതെ മെനക്കെട്ട് പ്രവർത്തിക്കുന്നുമുണ്ട്.



ഏതെങ്കിലും പെണ്ണുമായി ഏതെങ്കിലും ഒരുത്തന്റെ മമത പരദൂഷണമാക്കി ആഘോഷിക്കുക പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിൽ മാത്രം കണ്ടുവരുന്ന വിനോദം ആയിരുന്നു.മറ്റൊന്നും ഇല്ലാത്തതിനാലായിരുന്നു അത്.

ക്രിക്കറ്റും ബ്രോയിലർ ചിക്കനും മൊബൈൽ ഫോണും ഇന്റര്‍നെറ്റും മറ്റും എല്ലായിടത്തും എത്തി നേരംപോക്കിന് സംഗതികൾ തടഞ്ഞതോടെ അവരീ കലാരൂപത്തെ തള്ളി.തികച്ചും ഗ്രാമീണമായ ഈ കലാരൂപം ഇന്ന് നാഗരികമനുഷ്യന്റെ പ്രധാനവിനോദമായി വികസിച്ചിരിക്കുന്നു.പുരോഗമന രാഷ്ടീയക്കാര്‍,അന്നത്തെ അരിക്ക് ഗതിയില്ലാതെ അന്യന്റെ മടിശ്ശീല ലക്ഷ്യമാക്കി ഭിക്ഷാംദേഹികളെ പോലെ തേരാപാരാ ഗതിയില്ലാക്യാമറയും തൂക്കി നടക്കുന്ന ചാനല്‍ പ്രതിഭകള്‍,സാംസ്കാരിക പ്രബുദ്ധര്‍,പത്രപ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇന്ന് ആണും പെണ്ണും നേരില്‍ക്കണ്ടാല്‍ നടക്കാൻ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ച് മാത്രം ആലോചിച്ച് തലപുണ്ണാക്കുന്നു,ക്യാമറ ചൂടാക്കുന്നു,പേന കുടയുന്നു.

ഈയിടെ ഇത്തരം സ്വഭാവമുള്ള ഒരു കേസിന്റെ വിചാരണ സമയത്ത് ഹൈക്കോടതിയിലെ ജഡ്ജി ചോദിച്ചു:എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കാന്‍ പോകുന്നത്.(ബൂര്‍ഷ്വാ കോടതികള്‍ തുലയട്ടെ !എന്ന് ഞങ്ങൾ മുദ്രവാക്യം വിളിക്കും.)ഈ കാര്യത്തിലെങ്കിലും കീറച്ചാക്കുപോലെ ചിന്തയുള്ള ഇവിടുത്തെ രാഷ്ട്രീയക്കാരേക്കാൾ എത്രയോ മുന്നിലാണ്.

സ്ത്രീപുരുഷ സംസർഗ്ഗങ്ങളെ ലോകത്തെ വിഴുങ്ങുന്ന മഹാകാര്യമെന്ന് കൂകിവിളിച്ച് ഇവർ സാമൂഹിക ജീവിതത്തെ അശ്ലീലമാക്കുന്നു.എന്നിട്ട് ഈ അഴുകിയ ചിന്ത സമൂഹത്തിന്റേതെന്ന് വരുത്തിത്തീര്‍ത്ത് സ്വയം കൈകഴുകുന്നു.(എന്തും തലയില്‍ വെക്കാന്‍ ഒരു സമൂഹം ഉണ്ടായത് നന്നായി.ഈ സമൂഹം ഒരൊറ്റ മനുഷ്യനാണെങ്കില്‍ അയാളെ പ്രബുദ്ധവല്‍ക്കരിച്ച് കഴുത എന്ന സംജ്ഞയില്‍ നിന്നും മോചിപ്പിച്ച് നേതാക്കളെ അട്ടത്ത് കേറ്റാമായിരുന്നു)

എന്തെങ്കിലും പുതിയ കാര്യങ്ങൾ ചിന്തിച്ചും കടലയും കൊറിച്ചും മുന്നോട്ടുപോകുന്ന സമൂഹത്തെ പിറകോട്ടു പിടിച്ചു വലിച്ച് എവിടെക്കാ‍ ഇത്ര ധൃതി പിടിച്ച്,അവിടെ നിൽ എന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും മറ്റും പറയുന്നു.മാധ്യമ ധര്‍മ്മം മഹത്തരമാകുന്നത് ഇവിടെയാണ്.സമൂഹത്തിന്റെ മുന്നോട്ടേക്കുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്തുന്നതിൽ.





ഓ! ചാനലിലും പത്രത്തിലുമൊക്കെ വന്നതല്ലെ,രാഷ്ട്രീയക്കാര്‍ വിളമ്പിയതല്ലെ,എന്തെങ്കിലും ഇല്ലാണ്ടിരിക്ക്വോ എന്ന് പാവം നാട്ടുകാര്‍ വിധേയരാവുന്നു.

ഇത് നമ്മുടെ ചുറ്റുവട്ടത്തും പരിശീലിക്കവുന്ന ഒരു കലാപരിപാടിയാണല്ലോ എന്നും അവരും ആലോചിക്കുന്നു.കണ്ണുകള്‍ കൂര്‍പ്പിച്ച് അവരും ചുറ്റുപാടും ഒന്നു പരതുന്നു.ആണും പെണ്ണും കുശൂകുശുക്കുന്നത് എവിടെനിന്നെങ്കിലും കേള്‍ക്കുന്നുണ്ടൊ............?
പത്രങ്ങളും ചാനലും പാർട്ടിക്കാരും കൂടെയുണ്ടെങ്കിൽ പിന്നെന്ത് ചെയ്തുകൂടാ‍....!

(എവിടെ ഉണ്ണിത്താൻ,എവിടെ അബ്ദുള്ളക്കുട്ടി,എവിടെ സക്കറിയാ.......)



ചൊറിയും കുത്തിയിരിക്കുമ്പോള്‍ കിട്ടുന്ന ഹര്‍ത്താല്‍ പോലെ ഇതും ആഘോഷിച്ചു കളയാം എന്ന് ചുമ്മതങ്ങു തീരുമാനിക്കുന്നു.പത്രങ്ങളും ചാനലുകളും വിളമ്പിയ മണ്ടത്തരങ്ങളുടെ പേരില്‍ ഓരോ ടിമിന്റെയും കൂടെ നിന്ന് ഇളിഭ്യരാ‍യ ഫുട്ബാള്‍ ഫാന്‍സുകാരെപ്പോലെയാണ് പാവം മനുഷ്യര്‍.

പൈഡ് പൈപ്പറെ പോലെ മാധ്യമങ്ങള്‍ കുഴലൂതുന്നു.എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ പോലെ അവരുടെ വാലിൽ തൂങ്ങി സമൂഹം അപമാനിതരാവുന്നു.

ഇതൊക്കെ നമ്മെ നയിക്കുന്നത് തുറസ്സിലേക്കല്ല,പൈഡ് പൈപ്പറെപ്പോലെ ഇരുട്ടിലേക്ക് നയിക്കുന്നവരാണ് നമുക്കു മുന്നില്‍.


അബ്ദുള്ളക്കുട്ടി എന്ന എം.എല്‍.എ. കേരള സമൂഹത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ്.ഒരു ലെഫ്റ്റ് എന്ന് സ്വയം കരുതുന്ന എന്നെപ്പോലെ അയാള്‍ക്കും ഈ ഭൂമുഖത്ത് അവകാശമുണ്ട്.തിരുവനന്തപുരത്തെ ബോറില്‍(നിയമ സഭ,പുറമെ നിന്ന് കാണുന്നവർക്ക് തമാശയാണെങ്കിലും) നിന്ന് രക്ഷപ്പെടാന്‍ ഒന്ന് പൊന്മുടിക്കോ മറ്റൊ കറങ്ങാ‍ന്‍ തീരുമാനിച്ചത് അങ്ങിനെയിരിക്കും.എങ്ങിനെയായാലും അത് അയാളുടെ കാര്യം.ഇക്കാര്യത്തിനു നിയമസഭയില്‍ സിക്ക് ലീവോ ചാനലുകളില്‍ നിന്ന് മാറ്റേണിറ്റി ലീവോ തേടേണ്ടതില്ല.

സഞ്ചരിക്കാൻ ഒരു റോഡ് വേണം,റോഡാവുമ്പോൾ വാഹനത്തിന് പിന്നിലോ മുന്നിലോ പല വാഹനങ്ങളും ഉണ്ടായെന്നിരിക്കും.അതില്‍ സ്വാഭാവികമായും സ്ത്രീകളും(സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോഴെ ഹാലിളകുന്ന സ്വഭാവം എവിടെ നിന്നായിരിക്കും ഉല്‍ഭവിച്ചത്,സ്ത്രീ എന്നു മുതലാണ് കളിക്കുന്നവരുടെ തുരുപ്പു ശീട്ടായി മാറിയത്) ഉണ്ടായിരിക്കും.

പിന്നാലെ വന്ന വാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തിലെ സ്ത്രീകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനയുക.ഇതേത് സ്ഥലമാ.........സര്‍.


ചാനലുകളില്‍ സ്ക്രോളിംഗ്,ചര്‍ച്ച,പത്രത്തില്‍ വെണ്ടക്ക,നിയമ സഭയില്‍ സബ്മിഷന്‍...ഇതെന്താണ് സര്‍............

ഈ നൂറ്റാ‍ണ്ട് ഏതെന്ന് നോക്കാന്‍ കലണ്ടര്‍ പരതിപ്പോകും നമ്മള്‍.

സക്കറിയ,ഉണ്ണിത്താന്‍,അബ്ദുള്ളക്കുട്ടി,പിന്നെ പേരില്ലാത്ത പലരും...........
......സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം തുടരുന്നു.

നമ്മള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്.
സദാചാരസംരക്ഷണത്തില്‍,തെമ്മാടിത്തത്തില്‍.
മനുസ്മൃതിയിലേക്കും സതിയിലേക്കും ഉള്ള അകലം എത്ര?

പെന്‍ഷന്‍ കാരുടെയും വയസ്സന്മാരുടെയും സംസ്ഥാനമായി കേരളം മാറുന്നുവെന്ന് വിവരമുള്ള മന്ത്രിമാര്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇപ്പോളാണ് പുടികിട്ടിയത്.പ്രണയാതുരമായ മനസ്സുകള്‍ യൌവ്വനത്തിന്റെ ഊര്‍ജ്ജസ്വലതക്കൊപ്പം പോകുന്ന സഹസഞ്ചാരികളാണ്.(സഞ്ചരിക്കാത്ത പിശുക്കന്മാരും ഇല്ലാതില്ല).അതിന് പറ്റിയതല്ല സദാചാര കേരളത്തിന്റെ മൈക്രോസ്കോപ്പ് മനസ്സ്.കിട്ടിയ വണ്ടിക്ക്,അല്ലെങ്കില്‍ കള്ളവണ്ടിക്ക് കേരളത്തെ പിന്തള്ളുകയായിരിക്കും ഇവരൊക്കെ.(യാത്രക്ക് സ്കോപ്പില്ലാത്ത പ്രണയാതുരരായ പാവം മനുഷ്യര്‍ ക്ഷമിക്കുക).

ആധുനികരായ ചെറുപ്പക്കാര്‍ പ്രാകൃതമായ ഈ സദാചാരകേരളത്തില്‍ ജീവിക്കണൊ, സര്‍.

അത്രക്ക് മോശമായി വരികയാണ് സർ, നമ്മുടെ കേരളം


അടുത്ത വീട്ടില്‍/ഫ്ലാറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണം. നിങ്ങളെ സാമൂഹ്യവിരുദ്ധര്‍ ആയി ചിത്രീകരിക്കാനുള്ള അവകാശമുണ്ട് ഈ സദാചാരകേരളത്തിന്.എൻ കൌണ്ടറിൽ തീവ്രവാദികളെ കൊലചെയ്യുന്നതുപോലെ, കമിതാക്കളും ഇങ്ങിനെ കൊലചെയ്യപ്പെടുന്ന കാലവും വിദൂരമല്ല ഇവിടെ.




ഏതു നിമിഷവും പത്രങ്ങളില്‍, ചാനലുകളില്‍ ഏതൊരു മനുഷ്യനും സ്ത്രീ സാമീപ്യത്തിന്റെ പേരില്‍ “ബഹുമാന്യരാവാനുള്ള“ സാധ്യത ഇന്ന് കേരളത്തില്‍ ഉണ്ട്. സര്‍,ഇനി പറയൂ ഇത് ദൈവത്തിന്റെ നാടു തന്നെ?
തന്നെ!

ലോക ഫുട്ബാളില്‍ പോലും ഒന്നു ഗോളടിക്കണം മാധ്യമങ്ങളില്‍ നിറയാന്‍.ഇവിടെ ഒന്നും ചെയ്യാതിരുന്നാല്‍ പോലും നിങ്ങള്‍ക്ക് പത്രത്തില്‍ നിറയാം.ആരെങ്കിലും ഒരു ഊച്ചാളി വിചാരിച്ചാല്‍ മതി, നിങ്ങള്‍ എഴുത്തിലും ദൃശ്യത്തിലും നിറയും.കല്ലെറിയാൻ ഒരു ഭാരത സ്ത്രീ ഉണ്ടാവുകയും വേണം.

മാനുഷികതയും പരസ്പരമായ മമതകളും അഭിനിവേശങ്ങളും ജനാധിപത്യത്തിന്റെ യൌവ്വനമായിരിക്കണം.സ്ത്രീപുരുഷബന്ധങ്ങള്‍ അതിന്റെ പൂക്കാലവും ആയിത്തീരണം



.കേരളത്തിലെ എല്ലാ രാഷ്ട്രീയപക്ഷങ്ങളും ലവ് ജിഹാദുകാരും(ഉണ്ടെങ്കില്‍)ഒളിനോട്ടക്കാരായ സദാചാരികളെപ്പോലെയാണ്.നേരില്‍ കണ്ടാല്‍ ഷൂട്ട് അറ്റ് സൈറ്റ് അല്ലെങ്കില്‍ ഈ വക പ്രാകൃതലീലകള്‍‍.ലൈംഗിക ദാരിദ്ര്യവും വൈകൃതങ്ങളും പുരുഷദൌബ്ബല്യങ്ങളും താത്രിക്കുട്ടി മുതലിങ്ങോട്ട് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്............പുരുഷന്മാരുടെ സ്വന്തം നാട്ടില്‍ അതിന്റെ കഥകള്‍ തുടരുന്നു.

കള്ളന്മാരെ കണ്ടെത്താന്‍ എറ്റവും മിടുക്ക് കള്ളന്മാര്‍/പോലീസുകാര്‍ക്കാണ്.
നീ...........അല്ല നീ............. എന്നു പരസ്പരം കൈ ചൂണ്ടുന്ന സദാചാര സമൂഹമായി നമ്മള്‍ താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

പ്രണയങ്ങള്‍, സ്തീപുരുഷ സൌഹൃദങ്ങള്‍, ഒന്നായ് നിറയുന്ന ലൈംഗീകത‍..... ഒരു പാക്കറ്റ് പാല്‍ വാങ്ങി ഉള്ളിലേക്കും പുറത്തേക്കും വലിച്ചെറിയുന്നത്ര പ്രകൃതിക്ക് ദോഷം ചെയ്യുന്നില്ല.
ഭൂമിയുടെ മന്ദഹാസങ്ങളിലൊന്നും അതാണ്.





പിന്‍ കുറിപ്പ:സ്വന്തം വീട്ടുവളപ്പില്‍ ആരോ ഉപേക്ഷിച്ചു പോയ ചാരായം വാറ്റ് സാമഗ്രികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പ്രതിയായി കോടതിയില്‍ ഹാജരാക്കപ്പെട്ട ആൾ ജഡ്ജിക്കുമുമ്പാകെ ഇങ്ങനെ അപേക്ഷിച്ചുവത്രെ : സര്‍.സര്‍..... നീതി പീഠത്തിനു ദയവുണ്ടായി ബലാത്സംഗത്തിനു കൂടി എന്റെ പേരില്‍ കേസ്സെടുക്കണം.
അതിനുള്ള സാമഗ്രിയും എന്റെ പക്കലുണ്ട്.





No comments:


നീയുള്ളപ്പോള്‍.....