പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, March 8, 2011

പരന്ന ഭൂമിയില്‍ ഉരുണ്ടുകളിക്കുന്ന ഉസ്മാന്‍



 

ണ്ടിരിക്കുമ്പോളായിരുന്നില്ല,ചാളയും കപ്പയും ചേര്‍ത്ത ഉച്ചനേര ഭഷണം നെഗളമുട്ടും വരെ കുത്തിയും തള്ളിയുമിറക്കി തളര്‍ന്ന് തഴപ്പായയില്‍ ഉണര്‍ന്നിരിക്കുമ്പോളാണ് ഉസ്മാന് ആ വിചാരമുണ്ടായത്.
അല്ലെങ്കില്‍ ഉണ്ടിരിക്കുന്ന ഉസ്മാന് ഒരു വിളി എന്നൊരു വചനമുണ്ടാക്കാമായിരുന്നു.

എന്തെല്ലാം വല്ലന്തികളാണ് മാഷന്മാരും ടീച്ചറോത്തികളും സ്കോളീ ഓതിക്കൊടക്കണത്.ഉപ്പുമാവ് വെക്കുന്ന ടീച്ചറോത്തികളാണെന്ന് പുത്തിയില്ലാണ്ടാണെന്ന് വെക്കാം.ഇത് സ്ലേറ്റും പുസ്തകോം പടിച്ചോരല്ലെ. ഈ ദുനിയാവിന്മേല് ഇത്ര പെരുത്ത് സംഗതികളിണ്ടായിട്ടും ഈ മരമണ്ടന്മാര്‍   എന്തിനാപ്പ ദുനിയാവുമ്മെ ഇങ്ങനെ ഉരുട്ടിക്കൊണ്ടിരിക്കണത് .മൂശാരിമാരൊ ആശാരിമാരോ,പോലീസുകാരോ അല്ലെങ്കി കൊശവന്മാരാണോ,എങ്കില്‍   പോട്ടേന്ന് വെക്കാം.അവക്ക് ഉരുട്ടേം വിരട്ടേം നീട്ടേം അമുക്കേം ചെയ്തില്ലെങ്കീ കിടക്കപ്പൊറുതി കിട്ടൂല്ലാന്ന് വെക്കാം.ഇതിപ്പോ അതൊന്നുമല്ല്ലല്ലോ.കാശിന്റെ പോറത്ത് പടിക്കേം  അതിന്റെ പെരുമേലു തന്നെ സ്കോളീ കേറെം  ചെയ്ത പഹയന്മാരും പഹയത്തികളുമല്ലെ .ഇങ്ങനത്തെ പണി ഇവറ്റങ്ങള്‍ടെ തലമണ്ടേന്ന് വരാന്‍ പാട്വോ....പുത്തീം കന്നംതിരിവും ഒള്ളോരന്നല്ലെ വെപ്പ്.അവര്ടെ പെരേലിള്ള പെടക്കോ ചാത്തനോ അവരെ പറഞ്ഞ് തിരിക്കാമായിരുന്നില്ലെ?
ഈ പൂമി വെള്ളേപ്പം പോലെ പരന്നതാന്ന്,സംശില്ല.കുണ്ടും കുഴീം ഇണ്ടാവും.അത് വേറെ കാര്യം.

തന്റെ നിരാശകള്‍ക്കും അതിലും മേലെ നില്‍ക്കുന്ന പുത്തിക്കും ഊന്നല്‍ കൊടുക്കാനായി ഉസ്മാന്‍ തന്റെ രണ്ടുകൈയും തലയില്‍ വെച്ച് ഉമ്മറത്ത് കുത്തിയിരുന്നു.രാജന്‍ മാഷിന്റെ കടലിനെ അതിരിടുന്ന തെങ്ങിന്‍ തോപ്പും അനന്തമായിക്കിടക്കുന്ന കടലും ഉസ്മാന്‍ ഉത്സാഹത്തോടെ നോക്കി.ഭൂമി പരന്നാതാത്രേ.ശ്രദ്ധയോടെ ഇതെല്ലാം നോക്കി മനസിലാക്കുന്നത് ഇപ്പോഴാണ് ,അതു വരെ തൂറാനും പെടുക്കാനും ഊര നനക്കാനും ഒക്കെയുള്ള  ഒരു വെളിമ്പുറം  മാത്രമായിരുന്നു കടലും കടപ്പൊറോം ഒക്കെ.

ബാക്കിള്ളോരെ ഒറക്കം കെടുത്താന്‍ കുട്ടിച്ചെകുത്താന്മാരുടേ മറ്റോടത്തെ വായന.

ഭൂമി ഉരുണ്ടതാത്രെ.

ഇവരുടെ മുഖത്ത് എന്തിനാ കാട്ടയിലയുടെ ചേലില് കണ്ണ് വെച്ചേക്കണത് റബ്ബേ.

മാഷിന്മാര്‍ക്ക് പുത്തിയില്ലെങ്കീ പോട്ട്.

ഈ കുട്ട്യോള്‍ടെ കാര്യം അങ്ങനാണോ.

കണ്ണെത്താത്തിടത്തോളം പരന്നു കെടക്കണ  കടലങ്ങിനെ കളിച്ചു തുള്ളുന്നതും കലങ്ങി മറിയുന്നതും ഇവറ്റകള്‍ ദെവസോം കാണണില്ലെ....എന്നിട്ടും വായിക്ക്വാ....പൂമി ഉരുണ്ടതാന്ന്.അതും പോരാഞ്ഞ് പറയാ...അതിന്റെ മേത്താ നമ്മളൊക്കേന്ന്. അതുമ്മ നില്‍ക്കാണ്ട് പിന്നേം പറയണ് അത് തിരിയേം ചെയ്യുംന്ന്.പിരാന്തിന്നല്ലാതെ പിന്നെന്തൂട്ടാ ഞമ്മ പറയാന്റെ കൂട്ടരെ.

പകല്‍ നടന്നും നിരങ്ങിയും രാത്രി മറിഞ്ഞും തിരിഞ്ഞും ഉരുണ്ടും ഉസ്മാന്‍ ചിന്തിച്ചു.

ഉരുണ്ടതോ പരന്നതോ....

പരന്നതാണെന്ന് കരുതാന്‍ ന്യായങ്ങളാണെന്ന് വിചാരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാ....ഉരുണ്ടതാണെന്ന് പറയാന്‍.....എന്താപ്പ...ള്ളെ.

ഉരുണ്ടതോ പരന്നതോ എന്ന കാര്യത്തില്‍ ചെറുതായി സംശയം തോന്നുന്ന രാത്രികളില്‍ ചെറ്റ വാതില്‍ തുറന്ന് ഉസ്മാന്‍ കടപ്പുറത്തേക്ക് ഏന്തിവലിഞ്ഞു നടക്കും,കുറ്റി ബീഡിയുടെ സഹായത്തോടെ.ഭൂമി ഉരുണ്ടതാണെന്ന് വെറും തോന്നല്‍ ഉണ്ടാവുന്ന നിമിഷങ്ങളില്‍ ബാലന്‍സ് പോകാതിരിക്കാന്‍ കിണഞ്ഞു  ശ്രമിക്കും.രാജന്‍ മാഷുടെ തെങ്ങിന്‍ തോപ്പൂം, കടലും കാണുന്നതോടെ സംശയമെല്ലാം മാറി പരന്നെതെന്ന്  തന്നത്താന്‍ സാക്ഷ്യപ്പെടുത്തി  മൂത്രം പാത്തി ആശ്വാസം വരുത്തി കിടക്കപ്പായിലേക്ക് ചെരിയും.അനേക ദിവസങ്ങളുടെ ചിന്തയുടേയും പുനര്‍ചിന്തയുടെയും അവസാനത്തില്‍ ഉസ്മാന്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി,ഭൂമി പരന്നതു തന്നെ, ഒരു സംശയോല്യ.

കന്നംതിരിവില്ലാതെ പടിപ്പിക്കുന്നവരെ ഒരു പാടം പടിപ്പിക്കണം.ഉസ്മാന്‍ ശപഥം ചെയ്തു.
പാഠപുസ്തകം തിരുത്തും വരെ സ്കൂളിന് മുമ്പില്‍ സമരം ചെയ്യുക.
(ഈ സ്കൂളാണെങ്കില്‍ ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെടേണ്ടതാണ്.ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും മസ്തിഷ്ക നില ഒരേ പോയിന്റില്‍ നില്‍ക്കുന്നതിനാല്‍ പഠിപ്പും പഠിപ്പിക്കലും പരീക്ഷയുമൊക്കെ സമനിലയില്‍ പിരിയുകയായിരുന്നു.ടീച്ചര്‍മാരും ജയിച്ചില്ല,കുട്ടികള്‍ തീരെ ജയിച്ചില്ല .പത്താം ക്ലാസ് കടക്കാന്‍ സ്കൂള്‍ വിട്ട് ഏതെങ്കിലും ആര്യഭട്ടയിലോ ശാന്തി നികേതനിലോ പോയി ഓലച്ചോട്ടിലിരിക്കണം.പത്തു വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ചെക്കന്‍ പത്താം തരം കടന്നപ്പോള്‍ അവനെ ആനപ്പുറത്ത് കയറ്റിയാണ് സ്വീകരണം കൊടുത്തത്.(പൊകെപ്പോകെ വിജയന്മാരുടെ എണ്ണം വര്‍ദ്ധിച്ച് സ്വീകരണച്ചിലവ് വര്‍ദ്ധിച്ചതോടെ ആനകളെ ഒഴിവാക്കി ജയിച്ച കുട്ടികളീടത്രേം മന്ത്രിമാരെ കൊണ്ടുവന്ന് ചടങ്ങ് ലളിതമാക്കുകയായിരുന്നു.പണ്ടൊക്കെ വിളിച്ചാല്‍ വരാത്ത മന്ത്രിമാര്‍ക്ക് പകരം വിളിച്ചില്ലെങ്കില്‍ പരാതി പറയുന്ന മന്ത്രിമാരുടെ കാലമാണ്)
സമര പ്രഖ്യാപനത്തോടെ തിരുസഭകളുടെ ധാര്‍ഷ്ട്യത്തിലേക്കും ചളിപ്പില്ലായ്മയിലേക്കും ഉസ്മാന്‍ ഉയര്‍ന്നു.
പ്ലക്കാര്‍ഡ് എഴുതുന്നതില്‍ വിരുതനായ എസ്.യു.സി.ഐ.നേതാവ് ശശിയെക്കൊണ്ട് മൂന്നു നാലെണ്ണം എഴുതിപ്പിച്ചു.പള്ളിപ്പറമ്പില്‍ നിന്നും ചോര്‍ത്തിയ വെളുത്ത അരങ്ങും കമ്യൂണിസ്റ്റുകള്‍ ഇലക്ഷന്‍ കഴിഞ്ഞ് ഉപേക്ഷിച്ചു പോയ ചുവന്ന അരങ്ങും പിന്നെ സ്വന്തം ഓഫീസില്‍ നിന്നും ചൂണ്ടിയ   പച്ച അരങ്ങും സമാസമം ചേത്ത് സമരമുഖം അലങ്കരിച്ചപ്പോള്‍ മതേതരമായ ഒരിന്ത്യന്‍ അന്തരീ‍ഷം സമരമുഖത്തു വന്നു ചേര്‍ന്നു.

അവിടെ നിന്ന് ഉസ്മാന്‍ ലോകത്തെ വെല്ലുവിളിച്ചു.ഭൂമി കൊഴുക്കട്ട പോലെ ഉരുണ്ടതല്ല, പത്തിരി പോലെ പരന്നതാണ്.ആദ്യമൊക്കെ ആളുകള്‍ ഭ്രാന്തെന്ന് തള്ളി ഉസ്മാനെ പരിഹസിച്ചു.പത്രക്കാര്‍ തിരിഞ്ഞു നോക്കിയില്ല.ഇന്നാണെങ്കില്‍ ചാനലില്‍ തുടര്‍ ചര്‍ച്ചയാക്കിയേനെ.

പള്ളിയിലെ മുക്രിയും പള്ളിക്കമ്മിറ്റി സിക്രട്ടറിയും ഉസ്മാന്‍ പറയുന്നതില്‍ ന്യായമില്ലെ എന്ന   സംശയം പ്രകടിപ്പിച്ചതോടെ ഗ്രാമം രണ്ടു ചേരിയിലാവുകയും ചെയ്തു.

കുറഞ്ഞ അംഗബലം കൊണ്ട് വിനീതരായിപ്പോയ സെന്റ് ജോസഫ് പള്ളി ഇടവകയിലെ വികാരി കുഞ്ഞാടുകളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.

വെള്ളം കലങ്ങട്ടെ,നമ്മളായിട്ട് കലക്കേണ്ട. മീന്‍ പിടിക്കേണ്ട സമയമാവട്ടെ അപ്പോ നമുക്ക് ആലോചിക്കുകയും ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം.അതുവരെ എന്തു ചെയ്യും എന്ന ഒരു കുഞ്ഞാടിന്റെ സംശയത്തിന് പാതിരി ഹാസ്യത്തില്‍ പൊതിഞ്ഞ മറുപടി പറഞ്ഞു : അതുവരെ കടല്‍ മീന്‍ കഴിക്കുക.

ഇത് സംബന്ധിച്ച ചര്‍ച്ച തര്‍ക്കത്തില്‍ കലാശിക്കുകയും പിടിഏ കമ്മിറ്റി പിളരുകയും ചെയ്തു.
സ്റ്റാഫ് റൂമിലും ചേരിതിരുവുണ്ടായി.മൂത്രപ്പുരയില്‍ നിന്നും ഇറങ്ങിവന്ന ലിസിട്ടിച്ചര്‍ കാത്തു നിന്ന മൂത്രം മുട്ടികളായി ക്യൂ നിന്നവരോട് “ഭൂമി ഉരുണ്ടതോ വളഞ്ഞതോ ആകട്ടെ മനുഷ്യര്‍ക്ക് മര്യാദക്ക് മൂത്രമൊഴിക്കാന്‍ പറ്റിയാ മതിയായിരുന്നു". പൊട്ടി പൊളിഞ്ഞ മൂത്രപ്പുര വഴിയാത്രക്കാര്‍ക്ക് ടീച്ചര്‍മാരുടെ ഒന്നാം നമ്പര്‍ പരിപാടി ലൈവ് ആയി കാണുമാറാവുന്ന വിധത്തിലായിരുന്നു.
അഞ്ചാറു വര്‍ഷത്തെ എഴുത്തിനും കുത്തിനും കഴുത്തില്‍ പിടുത്തത്തിനുശേഷം ഹസ്  കൊണ്ടു വന്ന ഗ്ലോബിന്റെ കാര്യം രത്നട്ടീച്ചര്‍ മറച്ചു വെച്ചു.
ഉസ്മാന്‍ ഉയര്‍ത്തിയ വിവാദത്തില്‍ കഴമ്പുണ്ടെങ്കില്‍ എന്തിന് സഹജീവികളുടെ കൂട്ടത്തില്‍ നാണം കെടണം.(ടീച്ചര്‍ക്ക് ഇതിലൊരു സങ്കടവുമുണ്ട്.എത്ര നാള്‍ കാത്തിരുന്നാണ് ഗ്ലോബ് സംഘടിപ്പിച്ചതു തന്നെ.ഓരോ വരവിനും കുപ്പികളുടെയും കൂ‍ട്ടുകാരുടെയും എണ്ണം കൂടുക ചെയ്തെങ്കിലും ഗ്ലോബ് മാത്രം കൊണ്ടു വരപ്പെട്ടില്ല.പിന്നിടാണ രത്നട്ടീച്ചര്‍ക്ക് കാര്യം പിടികിട്ടിയത്. ഒന്നാം ക്ലാസ് കാണാത്ത,സ്ക്കൂള്‍ അസംബ്ലിയില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഭാരതത്തിന്റെ സഹോദരീ സഹോദരന്‍ മാത്രമായിരുന്നു ടീച്ചറിന്റ് ഹസ്.ഗ്ലോബ് വാങ്ങാന്‍ പോയ കടയില്‍ ബ്ലോഗ് എന്നോ മറ്റോ പറഞ്ഞിരിക്കാം. പഠനത്തിന്റെ യാതൊരഹങ്കാരവുമില്ലാതെ വളര്‍ന്ന ഹസ് ഒരുനാള്‍ മാവിന്‍ തോപ്പില്‍ മുച്ചീട്ട് കളിച്ചുകൊണ്ടിരിക്കുമ്പോളാണ് മേനോന്‍ എന്ന് കുറ്റപ്പേരുള്ള പോസ്റ്റ് മേന്‍ വിസയും കൊണ്ടു വരുന്നത്.പണമായപ്പോള്‍ കിട്ടിയ മണവും ചില ഇംഗ്ലീഷ് വാക്കുകളും കൂട്ടിച്ചേര്‍ത്ത് ടീച്ചറിന്റെ മുന്നില്‍ ആലോചനയുമായെത്തുന്നത്.ടീച്ചറാണെങ്കില്‍ ബീഏഡും കഴിഞ്ഞ് ഒരു  ബാങ്ക് എക്കൌണ്ടുള്ള യോഗ്യനെ കാത്തിരിക്കയായിരുന്നു.സ്കൂളില്‍ കേറണ്ടെ! പെണ്ണുകാണാന്‍ വന്ന ദാരിദ്യവാസികളുടെ മുന്നില്‍ നാണം കുണുങ്ങിനിന്നു  മടുത്ത ബി.എ.ബി.എഡ്. അണ്ണന്റെ മടിശീലയുടെ കനം കടക്കണ്ണുകൊണ്ടറിഞ്ഞ് ഡബ്ബിള്‍ ബെല്ലടിച്ച്, ഗള്‍ഫ് ഘടിയുടെ കൂമ്പൊടിക്കാന്‍ തീരുമാനിച്ചു.ബിഎഡെന്നു കേട്ടപ്പോള്‍ തന്നെ എന്തോ വലിയ സാധനമെന്ന് ധരിച്ച നിയുക്ത ഹസ് പിരണ്ടു വീണത് വിവാഹവേദിയിലേക്കാണ്.പിന്നൊന്നും ഓര്‍മ്മയില്ല.)

ഇരു ഗ്രൂപ്പിലും പെട്ടു പോകാന്‍ പാടില്ലാത്ത ഹെഡ് മിസ്ട്രസ് ലില്ലി മാഡത്തിനായി പിന്നെ ഉറങ്ങാരാവുകള്‍.അവരുടെ ഭര്‍ത്താവ് ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള(മാമോദീസ രെജിസ്റ്ററില്‍ പുലിക്കുന്നന്‍ ജോണി,സ്റ്റേഷന്‍ റെജിസ്റ്ററില്‍ ഇടിയന്‍ ജോണി)സ്റ്റേഷനിലെ ഇടിക്കും ബാറിലെ കുടിക്കും വീട്ടിലെ കുരയ്ക്കും ശേഷം ഒന്നിനും മേലാതെ കൂര്‍ക്കം വലിച്ച് ഉരുണ്ടും ചുരുണ്ടും വാലുമടക്കിക്കിടന്നു.രാത്രി ശല്യം ഒഴിഞ്ഞല്ലോ എന്നോര്‍ത്ത് ലില്ലിട്ടിച്ചര്‍ കുടിയന്‍ ജോണിയുടെ തടിച്ച ശരീരത്തിന്‍ കരയില്‍ വിശ്രമിച്ചു,ചിന്തിച്ചു.ലില്ലി മാഡത്തിന്റെ ഉയര്‍ച്ച ഒരു തരം ഉരുണ്ടുകളിയായിരുന്നു.കേവലം തുന്നല്‍ ടീച്ചറായി സ്കൂള്‍ ജീവിതം തുടങ്ങുകയും ഉരുണ്ടുകളിയിലൂടെ മലയാളത്തില്‍ കടക്കുകയും പിന്നെ സാമൂഹ്യപാഠം,കണക്ക്,സയന്‍സ് എന്നി വിഷയങ്ങളില്‍ കൂടി ഉയര്‍ന്ന് പ്രധാനദ്ധ്യാപികയാവുകയും ചെയ്ത മാതൃകാ വനിതാരത്നമാണ് .കൂര്‍ക്കം വലി മൂലം ചിന്തക്ക് ഭംഗം വന്നെങ്കിലും മുന്നില്‍ കിടക്കുന്ന അഴിമതി ശരീരത്തില്‍ തൊട്ട് ഒരു കുരുട്ടു ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ത്ഥിച്ച് കുരിശ് വരച്ച് കിടന്നുറങ്ങി.പ്രസന്നവതിയായി ഒരുങ്ങുന്ന ഹെഡ് മിസ്റ്ററസിനെ കണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍ രാവിലെ തന്നെ പോലീസ് മുറയില്‍ സംശയിച്ചു.
ഹെഡ് മിസ്റ്ററസിന്റെ റൂമിലേക്ക് സമര നായകന്‍ ഉസ്മാന്‍ വിളിക്കപ്പെട്ടു.ഉസ്മാന്‍ വിനയാന്വിതനായി എന്നെക്കൊണ്ട് ഇതൊക്കെയെ പറ്റൂ എന്നൊരു മുഖഭാവത്തില്‍ ഓഫീസ് റൂമില്‍ എത്തിക്കപ്പെട്ടു.

ടീച്ചര്‍ ഒരു സ്വകാര്യം പറയുന്ന പോലെ ചുറ്റുമൊന്ന് കണ്ണോടിച്ച് ഉസ്മാനോട് പറഞ്ഞു.

ഉസ്മാന്‍ പറയുന്നത് സത്യമാണെന്നറിയാം.
പക്ഷെ പുറത്ത് പറയാന്‍ പറ്റോ!

സര്‍ക്കാരും മന്ത്രിമാരും എത്ര മണ്ടത്തരം പറഞ്ഞാലും കേള്‍ക്കുകയേ നിവൃത്തിയുള്ളൂ....
യഥാ രാജാ തഥാ പ്രജാ....എന്ന് സംസ്കൃതത്തില്‍ ഉസ്മാനെ ചെറുതായൊന്ന് വിരട്ടാന്‍ നോക്കി.

എന്റെ കെട്ട്യോനും അങ്ങനാ പറഞ്ഞത്,അല്പം അകത്ത് ചെന്നാല്‍ ആര്‍ക്കും എന്തും ഉരുണ്ടതാണെന്ന്‍ തോന്നും,പോലീസുകാരെപ്പോലെ ലോകാം കണ്ടൊരാരാ  ...
ഇനിയെങ്ങാനും ഭൂമി ഉരണ്ടതാന്നു ആരെങ്കിലും പറഞ്ഞോണ്ടു വന്നാല്‍ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടാ മതീന്നാ അങ്ങോര് പറണേ.....ആള് വിരട്ടിക്കോളാന്നാ.....
തനിക്കു പിന്നില്‍ ഒത്താശയുടെ ഒരു ലോകം ഉരുണ്ടുകൂടുന്നതോര്‍ത്ത് ഉസ്മാന് ഉത്സാഹം വര്‍ദ്ധിച്ചു.
ഉസ്മാന്‍ പോയ്ക്കോളീ ധൈര്യമായി.

ഒരു വിജയിയുടേ ഉത്സാഹത്തോടെ ഉസ്മാന്‍ പുറത്തിറങ്ങി.
ഏതോ പാവം ഗള്‍ഫ് കാരന്‍ സംഭവന ചെയ്ത ഗേറ്റും കടന്ന് ആ പാവം സര്‍ക്കാര്‍ സ്കൂളിന്റെ പടി കടന്ന് തിരിഞ്ഞു നിന്നു. താന്‍ പഠിക്കാത്ത സ്കൂളിനെ ഒരിക്കല്‍ കൂടി നോക്കി  .പിന്നെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ നെഞ്ചു വിരിച്ചു നടന്നു.ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണത് സംഭവിച്ചത്. തമിഴ് ബ്ലേഡ് അടവരശന്‍ മുന്നില്‍ .ഇത്ര വിജനവും വിസ്തൃതവുമായ സ്ഥലത്ത് അകലെ നിന്നു വരുന്നതു പോലും  കാണാതെ തൊട്ടുമുന്നില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുക. കൊടുക്കാനുള്ള കായിന്റെ കാര്യമോര്‍ത്ത് ഉസ്മാന്‍ എരിപിരി കൊണ്ടെങ്കിലും അപ്പോള്‍ ഉസ്മാന്‍ വിയര്‍ത്തത് അടവരശന് കുടിശ്ശിക വന്ന പണത്തെ പറ്റിയോര്‍ത്തല്ല.

അടവരശന്‍ മുന്നില്‍ പൊന്തി വന്ന സ്പെഷ്യല്‍ ഇഫക്ടിനെ മുന്‍ നിര്‍ത്തി ഉസ്മാന്‍ ആലോചനയില്‍ മുഴുകി.
പറഞ്ഞുംപിടിച്ച് ഭൂമി ഉരുണ്ടതു തന്നെയാണൊ?

4 comments:

മണിലാല്‍ said...

(ഈ കഥ നടന്നതോ നടക്കാനിരിക്കുന്നതോ ബുദ്ധിജീവികളുടെ കേന്ദ്രം എന്ന നിലയില്‍ കുപ്രസിദ്ധമായ തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തില്‍ ആണ് .നിലാവ് കൊണ്ടാല്‍ പോലും പൊള്ളുന്ന നമ്മുടെ പഴയ ശകുന്തളയെപ്പോലെ നിര്‍മ്മലമാണ് നമ്മുടെ സമൂഹം.കഥ അവരെ പൊള്ളിച്ചാലോ.സ്ഥലം പറയാമെന്ന് വെച്ചാല്‍ തന്നെ അത് മറ്റാരുടെയുമല്ല,എന്റേതാണ്.ദയവാ
യി എന്റെ സ്ഥലപ്പേര് ചോദിക്കരുത്)

മണിലാല്‍ said...

അടവരശന്‍ മുന്നില്‍ പൊന്തി വന്ന സ്പെഷ്യല്‍ ഇഫക്ടിനെ മുന്‍ നിര്‍ത്തി ഉസ്മാന്‍ ആലോചനയില്‍ മുഴുകി.
പറഞ്ഞുംപിടിച്ച് ഭൂമി ഉരുണ്ടതു തന്നെയാണൊ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഉസ്മാൻ ചരിതം കൊള്ളാമല്ലോ

അജിത് said...

അവര്‍ ഭൂമിയില്‍ മണ്ണില്‍ തൊട്ടുനില്‍ക്കുന്നു.ഉറുമ്പ് കടിച്ചാല്‍ അതിനെ ഉരച്ചു കൊല്ലുന്നു.


നീയുള്ളപ്പോള്‍.....