പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, May 8, 2011

മലയാളത്തിന്റെ പ്രണയമാധുരി



 



ഇതെഴുതുമ്പോള്‍
ആയിരം വില്ലൊടിഞ്ഞു
ആരോമന മെയ്മുറിഞ്ഞു എന്ന പാട്ട് കേള്‍ക്കുകയാണ്,ദേവരാഗം സൈറ്റില്‍ നിന്നും.ഈ പാട്ടാണ്  ഈ എഴുത്ത് തരുന്നത്.
ഒളികണ്ണിലെയോരിതള്‍
തേന്മലരമ്പുകള്‍
വന്നു തറക്കാത്തൊരിടമില്ല  എന്നിൽ വന്നുതറക്കാത്തൊരിടമില്ല എന്ന് മാധുരി പാടുകയാണ്,വയലാറിന്റെ വരികളില്‍ ദേവരാജൻ മാഷിന്റെ സംഗിതത്തിൽ യേശുദാസിനൊപ്പം.ഒരു തലമുറയെ പ്രണയാതുരമാക്കിയതിന്റെ അവകാശികളിൽ ഇവരുമുണ്ട്.
കവിതയിലും കഥയിലും ജീവിതത്തിലും ഇതര പടര്‍പ്പുകള്‍ വേറെ ഉണ്ടായിരുന്നെങ്കിലും.
കേരളത്തെ മതേതരമാക്കിയതില്‍ രാഷ്ടീയക്കാര്‍ക്കൊപ്പം വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും യേശുദാസിനും മാധുരിക്കുമൊക്കെ വലിയ പങ്കാണുള്ളത്.കേരളത്തിന്റെ സ്രാഷ്ടാക്കള്‍ എന്ന് ഇവര്‍ ഒരിടത്തും അവകാശവാദമുന്നയിച്ചിട്ടില്ല,രാഷ്ട്രീയക്കാരെപ്പോലെ,സാഹിത്യജീവികളെപ്പോലെ.
ഈ മുന്തിരിപ്പന്തലില്‍
മധുവിധു രാത്രിയില്‍
ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും
അവ ഒന്നൊഴിയാതെ ഞാന്‍ തിരിച്ചു തരും.ജീവിതത്തിൽ നിന്നുയർന്നതും എന്നാൽ ഗൃഹാതുരതവും പ്രണയസന്നിഭവുമായ ഒരവസ്ഥയെ അവര്‍ മലയാളിമനസ്സുകള്‍ക്കായി സൃഷ്ടിച്ചെടുത്തു.കാലത്തെ   യൌവ്വനനിര്‍ഭരമായ ഒരവസ്ഥയിലേക്ക് അവർ മാറ്റി തീര്‍ക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ഈ പാട്ടുകൾക്കൊപ്പം മലയാളികൾ നിത്യഹരിതരായി,പ്രേംനസീറിനെപ്പോലെ. 



രാഷ്ട്രീയത്തെ പാട്ടുകളില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തിയതുമില്ല,മാറ്റത്തിനുള്ള ഉപകരണമാക്കുകയും ചെയ്തു. മനുഷ്യന്‍ മതം ദൈവങ്ങള്‍ ഭൂമിയെക്കുറിച്ചെല്ലാം അവര്‍ വസ്തുനിഷ്ഠവിശകലങ്ങള്‍ നടത്തി   മൂന്നാം തരമെന്ന് പരിഹസിക്കപ്പെടുന്ന സിനിമാ പാട്ടിലൂടെ.

‘ദന്തഗോപുരം തപസിനു തിരയും
ഗന്ധര്‍വ്വകവിയല്ല ഞാന്‍........
മൂകത മൂടും ഋഷികേശത്തിലെ
മുനിയല്ല ഞാന്‍ ഒരു മുനിയല്ല ഞാന്‍...‘

ഈ പാട്ടിന്റെ മൂഡ് പ്രണയമോ രാഷ്ട്രീയമോ?പ്രണയകവിതകൾ ഫാസിസത്തിന്റെ കാലത്ത് രാഷ്ട്രീയമാണെന്ന് റഷ്യൻ കവി അന്ന അഹമത്തോവ പറഞ്ഞിട്ടുമുണ്ട്.
രാഷ്ട്രീയം പ്രമേയമാക്കിയ പാട്ടുകളിൽ  പ്രണയത്തിന്റെ മാധുര്യം ചേർത്തു മാധുരി.ദേവരാജനും വയലാറും  ഇതിനു കൂട്ടായി നിന്നു.മാധുരി അങ്ങിനെയാണ്,പാട്ടാകെ പ്രണയമാണ്.പാടാന്‍ അറിയില്ല എന്ന വിമർശനത്തെ  അവര്‍ പ്രണയം കൊണ്ടാണ് നേരിട്ടത്,പ്രണയാതുരമായ സ്വരം കോണ്ടാണ്.


  വെള്ളിവീഴുന്നത് തിട്ടപ്പെടുത്താന്‍ നിന്നവരെ പ്രണയത്തിന്റെ മുന്തിരിച്ചാറില്‍ അവര്‍ മുക്കിത്താഴ്ത്തി.

മനുഷ്യന്റെ സങ്കല്പഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടൊ,ദേവമന്ത്രമുണ്ടൊ


എഴുന്നേറ്റാല്‍ മൂളലായി വന്നു നിറയുന്നതാണ് ഓരോ ദിവസത്തെയും എന്റെ പാട്ട്.അല്ലെങ്കില്‍ അന്നത്തെ സംഗീതത്തിന്റെ തുടക്കം.ഒന്നുറങ്ങി അത് മനസ്സില്‍ നിന്നും മാഞ്ഞുപോകണം,തേഞ്ഞു പോകണം,അതുവരെ നാവിലത് പറ്റിപ്പിടിച്ചു കിടക്കും ഉറങ്ങുന്നതുവരെ.പലപ്പോഴും ആ ദിവസത്തെ മൂഡുമായി ബന്ധപ്പെട്ടതാണത്.ഓരോ ദിവസവും മനസ്സില്‍ വരുന്ന സൌഹൃദങ്ങളും വ്യത്യസ്തമാകുന്നു,പ്രണയങ്ങളും,പാട്ടുകളിൽ    ഏറ്റവും അടുത്തു നില്‍ക്കുന്നത് മലയാളം പാട്ടുകള്‍ തന്നെ,കാരണം മറ്റൊന്നുമല്ല മലയാളിയായിപ്പോയി.  ഓരോ ഭാഷയും    സ്വതസംഗീതത്തെ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.അതിനെ ക്രമത്തിലും ഒതുക്കത്തിലും  മെരുക്കിയെടുക്കുക  മാത്രമേ ചെയ്യേണ്ടതുള്ളു.ദേവരാജന്റെ ഗാനമാധുരി അതാണ്,മറ്റു പലരുടേയും പോലെ.

 ഞാന്‍ നട്ട പയറിന്
വിരലിലിടാനൊരു
വൈഢൂര്യ മോതിരം തന്നേ പോ

ഞാന്‍ ഏറ്റവുമധികം സഞ്ചരിച്ചിട്ടുള്ളത് ,   വായു വേഗത്തില്‍ മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പമാകുന്നു. അവ എന്നില്‍ സഞ്ചാരശീലം വളർത്തി.
 തൃക്കാക്കര പൂപോരാഞ്ഞ്
തിരുനക്കര പൂ പോരാഞ്ഞ്

തെക്കന്‍ കാറ്റും ഞാനും തൃക്കാക്കരയും തിരുനക്കരയും തൊട്ട് ഭാവനാവേഗത്തിൽ തിരുമാന്ധാം കുന്നിലെത്തിയത് എത്ര പെട്ടെന്നാണ്.
ഇപ്പോഴാണെങ്കില്‍ പെരിന്തല്‍മണ്ണയും തിരുമാന്ധാംകുന്നും അരികെ.  ദൂരവും സമയവും കൈപ്പിടിയിലൊതുങ്ങുമ്പോള്‍  കാവ്യകല്പനകള്‍ നഷ്ടമാവുന്നു.മണ്ണിന്റെ ശേഷിപ്പിനെപ്പോലും നമ്മള്‍ കോണ്‍ക്രീറ്റില്‍ മൂടിക്കളയുകയാണ്.പാട്ടിൽ നിന്നും കവിതയും ജീവിതവും പോകുന്നത് അതു കോണ്ടായിരിക്കാം.

തൃക്കാക്കരയും തിരുനക്കരയും തിരുമാന്ധാംകുന്നും എത്ര മനോഹരമായാണ് അന്ന് മലയാള മനസ്സില്‍ വയലാര്‍ വരച്ചിട്ട് പോയത്.

ഒരിക്കല്‍ തിരുമന്ധാംകുന്നിന്‍ മുകളില്‍    കുറെ നേരം നിന്നു.അമ്പലം കാണാനല്ല.ഞെരളത്തിന്റെ സംഗീതവും വയലാറും മാധുരിയും   എന്നെ അവിടേക്ക്   കയറ്റുകയിരുന്നു.
(ഭക്തി എനിക്ക് നഗ്നതയുടെ ലജ്ജയാണ് തരുന്നത് .ഭക്തി എന്ന തോന്നല്‍ പോലും എനിക്ക്  അപമാനത്തിന്റെ  ആവരണം തരുന്നു.




എന്നിട്ടും ഞാന്‍

“തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍
തിരുവെള്ളിത്തിറയുടെ തേന്‍ കിരണം......”

എന്ന് മാധുരിയെ പാടിപ്പോകുന്നു. 


ഭക്തിയെ പ്രചരിപ്പിക്കുന്നതിൽ ഈ സംഗീതക്കാർക്കുള്ള പങ്കിനെ വെറുതെ വിടുന്നു.

ഒറ്റ വരിയില്‍ വയലാര്‍ കുറിച്ചിട്ട തിരുമാന്ധാംകുന്നിനെ വീണ്ടും എനിക്ക് പുനസൃഷ്ടിക്കേണ്ടിവന്നു.മാഹിയില്‍ പോയി മുകുന്ദന്റെ മയ്യഴി ഓര്‍ത്തെടുക്കുന്നതുപോലെ,തസറാക്കില്‍ പോയി ഒ.വി.വിജയന്റെ ഇതിഹാസത്തെ   പെരുപ്പിക്കുന്നതുപോലെ.(മാര്‍ക്വേസിന്റെ മെക്കണ്ടൊയെ അന്വേഷിച്ച് അതൊരു സ്ഥലഭാവനയെന്ന് തിരിച്ചറിയുന്ന അനുഭവത്തെ  സിനിമയില്‍ കണ്ടിട്ടുണ്ട്.)

വയനാടും തിരുനെല്ലിയും  ആകർഷകമാകുന്നതിൽ

 നീലപ്പൊന്മാനെ
എന്റെ നീലപ്പൊന്മാനെ

എന്ന പാട്ടിനും പങ്കുണ്ട്. കൂടെ പി.വത്സലയും രാമു കാര്യാട്ടുമൊക്കെയുണ്ട് .  ബുള്‍ഗാൻ താടിയും   ചുണ്ടില്‍ പൈപ്പും തിരുകി രാമുകാര്യാട്ട് ഏതോ ഫ്രെയിമിലേക്ക് ദൃഷ്ടിയുറപ്പിച്ച്   ഇപ്പോഴും പാറയിൽ കയറി നില്പുണ്ടൊ എന്നൊരു തോന്നലും  വിട്ടു പോകുന്നില്ല.

ആരും മരിക്കുന്നില്ല,ഒന്നും മായുന്നില്ല.

തിരുനെല്ലിയിലെ താമസക്കാലത്ത് തുറന്നിട്ട ജനലയിലൂടെ മഴപെയ്തൊഴിഞ്ഞ ഒരു രാത്രിയില്‍ കാടാകെ ലക്ഷക്കണക്കിന് മിന്നുമിനുങ്ങുകൾ തെളിഞ്ഞിറങ്ങുന്നതു കണ്ട് ,

  വയനാട്ടിലെ വാസന പൂവുകള്‍
വാര്‍മുടി ചീകി ചൂടേണം

എന്ന പട്ടായി ഞാൻ മാറി.

ഒരിക്കല്‍ മാനന്തവാടിയില്‍  നിന്നും തിരുനെല്ലിയിലെക്ക് തിരികെ വരുമ്പോള്‍     തേക്കിന്‍ തോട്ടത്തില്‍ നിന്നനുഭവിച്ച കാറ്റും കുളിരും
 തേക്കു പൂക്കും കാട്ടിലെ
എന്ന വരികളുമായി ചേര്‍ത്ത് വെക്കാവുന്നതാണ്.

തൊട്ടടുത്ത   സുകുമരേട്ടൻ അനുഭവത്തിനുവേണ്ടി മാനന്തവാടി യാത്ര സന്ധ്യയിലേക്ക് മാറ്റി വെക്കും എന്ന് പറഞ്ഞപ്പോഴാണ് എന്റെ മാത്രം  തോന്നലല്ല അതെന്ന് അറിയുന്നത്.ശരീരമാകെ       പ്രകൃതിയെ അനുഭവിക്കണമെങ്കില്‍ ബൈക്കില്‍ തന്നെ പോകണം  .ബസിലുള്ളവരെല്ലാം ഇതേ ലയത്തിലായിരുന്നുവെന്ന് ഞാനിപ്പോള്‍ തിരിച്ചോര്‍ക്കുന്നു.

വയലാർ ഇതിലെ സഞ്ചരിച്ചിട്ടുണ്ടാവും, വയലാറിന്റെ  ഭാവനക്കൊപ്പം യേശുദാസും മാധുരിയും.

പ്രണയത്തിലേക്ക് ചാഞ്ഞ് സുഗന്ധമറിഞ്ഞായിരിക്കണം മാധുരി  പാടിയിട്ടുണ്ടാവുക.



 

 പാട്ടിന്റെ പൂമാരി വീണുവീണ്
കാട്ടിലെ മുളങ്കാട് പീലീനീര്‍ത്തി
മാനസമയൂരം വീണ്ടുമേതോ
മാദക ലഹരിയില്‍ നൃത്തമാടി


അല്ലെങ്കില്‍ എങ്ങിനെയാണ് മഞ്ഞിനും മഴക്കുമിടയിലുള്ള  പുയൽ  പോലെ
ഈ വരികള്‍ നിരന്തരം നമ്മെ പറ്റിപ്പിടിക്കുന്നത്.


(വയലാറിന്റെ പാട്ടുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന  കൊല്‍ക്കൊത്തയിലുള്ള ശോഭ ജോഷിക്ക് )

dc books

10 comments:

മണിലാല്‍ said...
This comment has been removed by the author.
Manoj vengola said...

കാലത്തെ അവര്‍ യൌവ്വനനിര്‍ഭരമായ ഒരവസ്ഥയായി മാറ്റി തീര്‍ക്കുകയും നിലനിര്‍ത്തുകയും ചെയ്തു.

മണിലാല്‍ said...

“തൃക്കാക്കര പൂപോരാഞ്ഞ്
തിരുനക്കര പൂ പോരാഞ്ഞ്......
എത്ര പെട്ടെന്നാണ്
തെക്കന്‍ കാറ്റും ഞാനും തിരുമാന്ധാം കുന്നിലെത്തിയത്.
ഇപ്പോഴാണെങ്കില്‍ പെരിന്തല്‍മണ്ണയും തിരുമാന്ധാംകുന്നും അരികെ.തിരുമാന്ധാംകുന്നിറങ്ങിയാല്‍ മോഹന്‍ ജിയുടെ വീട്ടില്‍ പോകാം,അവരുടെ ഹെറിട്ടേജില്‍ പോകാം

Muralee Mukundan , ബിലാത്തിപട്ടണം said...

പാട്ടിന്റെ പാലാഴി...



ഗൃഹാതുരതവും പ്രണയസന്നിഭവുമായ ഒരവസ്ഥയെ അവര്‍ മലയാളിമനസ്സുകള്‍ക്കായി സൃഷ്ടിച്ചെടുത്തു.കാലത്തെ അവര്‍ യൌവ്വനനിര്‍ഭരമായ ഒരവസ്ഥയായി മാറ്റി തീര്‍ക്കുകയും നിലനിര്‍ത്തുകയും ചെയ്തു. രാഷ്ട്രീയത്തെ പാട്ടുകളില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തിയതുമില്ല. ‘

മണിലാല്‍ said...

പ്രണയത്തിന്റെ മാറില്‍ സുഗന്ധം ശ്വസിച്ചാണ് മാധുരി ഈ പാട്ടൊക്കെ പാടിയിട്ടുണ്ടാവുക എന്ന് തോന്നിപ്പോയിട്ടുണ്ട്,പലപ്പോഴും.

“ഈ മുന്തിരിപ്പന്തലില്‍
മധുവിധു രാത്രിയില്‍
ഒന്നൊഴിയാതെ
ഞാന്‍ തിരിച്ചു തരും.........”

അല്ലെങ്കില്‍ ഈ വരികള്‍ എങ്ങിനെയാണ്
നിരന്തരം നമ്മെ പറ്റിപ്പിടിക്കുന്നത്.

SABEENA M SALI said...

തേക്കു പൂക്കും കാട്ടിലെ...........താങ്കളുടെ ഭാഷയും ആ പാട്ടും ഒരുപാട് നല്ല ഓര്മ്മകള്‍ തന്നു.നന്ദി

SABEENA M SALI said...

തേക്കു പൂക്കും കാട്ടിലെ...........താങ്കളുടെ ഭാഷയും ആ പാട്ടും ഒരുപാട് നല്ല ഓര്മ്മകള്‍ തന്നു.നന്ദി

മണിലാല്‍ said...

മാധുരി അങ്ങിനെയാണ്,പാട്ടാകെ പ്രണയമാണ്.പാടാന്‍ അറിയില്ല എന്ന വാദത്തെ അവര്‍ പ്രണയാതുരമായ സ്വരം കൊണ്ടാണ് നേരിട്ടത്.മാധുരിയുടെ പാട്ടില്‍ വെള്ളിവീഴുന്നത് തിട്ടപ്പെടുത്താന്‍ നിന്നവരെ പ്രണയത്തിന്റെ മുന്തിരിച്ചാറില്‍ അവര്‍ മുക്കിത്താഴ്ത്തി.

ഗോപകുമാർ പണ്ടാരിക്കൽ said...

മണിലാൽജി ഇത്രയും നല്ലൊരു സംഗീതാസ്വാദകനണെന്നു ഞാൻ അറിഞ്ഞില്ല. നമുക്കൊന്ന് കൂടണംട്ടാ

കുഞ്ഞൂസ് (Kunjuss) said...

സംഗീതത്തിന്റെ താഴ്വരയിൽ , പ്രണയവും നിറച്ചൊരു യാത്രയായി ഈ പോസ്റ് ....


നീയുള്ളപ്പോള്‍.....