പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, July 7, 2011

ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍


 






ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8vS0_4tbG6tSM5W1fmVfiRSoxrCzIn9WZRz5qmlSesKD7bR_oqxACYiuB8uSckk0aB64xdluizmgrZp0bLxfdDvvNBvKEJGeyMgGUmbd8Xw62SP1CUpMom4mx5WA72ho8hFQ3WdV986g2/s400/chintha.JPG




രോ മരണത്തിന് കുറച്ചു മനുഷ്യരെയെങ്കിലും അനാഥമാക്കി അവശേഷിപ്പിക്കാനുള്ള ശക്തിയുണ്ട്. സൌഹൃദസന്നിഭമായ   ജിവിതം പെടുന്നനെ അവസാനിക്കുമ്പോൾ പ്രത്യേകിച്ചും.
ചിന്തകനെന്ന, ചിന്ത രവിയെന്ന, രവിയേട്ടന്റെ അവസാന നാളുകളിലാണ്, ആ മനുഷ്യനുമായി ബന്ധപ്പെട്ട സുഹൃത്തുക്കളിലൂടെ ഇത്തരമൊരു ശൂന്യതയുടെ ആഴം മനസ്സിലാവുന്നത്.
ദേവകി നിലയങ്ങോട്ടും ചന്ദ്രികച്ചേച്ചിയും തഥാഗതനും ഇതേ ശൂന്യത തന്നെയാവും നേരിടുന്നത്.സർഗാത്മകതയുടേയും സ്വരച്ചേർച്ചയുടെ ലയം തൃശൂരിലെ  പോട്ടോറിലെ ‘കപിലവാസ്തു’വിൽ രവിയേട്ടനോടൊപ്പം എന്നും ഉണ്ടായിരുന്നു.


കുറെ നാളുകളായി രവിയേട്ടൻ രോഗാവസ്ഥയിലായിരുന്നു.ആശുപത്രി യിലും വീട്ടിലും ഒഴിവാക്കാനാവാത്ത യോഗങ്ങളിലുമൊക്കെയായി ഒരു വർഷമായി രവിയേട്ടൻ  പൊതു സദസ്സുകളിൽ  നിന്നും കുറയുകയായിരുന്നു.പ്രസംഗവേദി രവിയേട്ടന് എക്കാലവും അത്ര പ്രിയവുമല്ലായിരുന്നു .എന്നാൽ സൌഹൃദങ്ങളിൽ  ഊർജ്ജമായി നിറഞ്ഞു കവിയുകയും ചെയ്തിരുന്നു.മരണാനന്തരം വന്നു ചേർന്നവരിൽ  ഭൂരിഭാഗവും പരസ്പരം അറിയുന്നവരായിരുന്നു.

സിനിമയും എഴുത്തും കൂട്ടുകെട്ടുമൊക്കെയായി നിറഞ്ഞു ആ ജീവിതം. ഏഷ്യാനെറ്റിന്റെ  ‘എന്റെ കേരളം’എന്ന പരിപാടിയുമായി കേരളത്തെ നിറഞ്ഞറിഞ്ഞപ്പോൾ സൌഹൃദങ്ങൾ   വിപുലമായിത്തീർന്നു.ആ പരിപാടിയുടെ ചിത്രീകരണം രവിയേട്ടന്  നിരന്തരമായ യാത്രയും ആഘോഷവുമായിരുന്നു.ഫ്രണ്ട്ഷിപ്പ് സെലിബ്രേഷൻ എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു അത്.ചെന്നെത്തുന്ന ഓരോ സ്ഥലങ്ങളും അറിഞ്ഞ അനുഭവങ്ങളും തൊട്ട മനുഷ്യരുമൊക്കെ വേറിട്ട വ്യക്തിത്വത്തിലേക്ക് രവിയേട്ടനെ കൂടുതൽ കൂടുതൽ ഉയർത്തി.ഓരോ മനുഷ്യനും ഒരു പുതിയ ലോകമാണെന്ന ചിന്ത.അതൊരു ഫിലോസഫിയും സാദ്ധ്യതയും കൂടിയാണ്.


പൊതു ദർശനത്തിനു വെച്ച സമയത്ത് സാഹിത്യ അക്കാദമിയിൽ സുജമോളെ കണ്ടു. കണ്ണൂർ കാസർകോട് വയനാട് എന്നിവിടങ്ങളിൽ രവിയേട്ടനൊപ്പം സഞ്ചരിച്ചത് സുജമോളായിരുന്നു.രവിയേട്ടനെ കാണുന്നത് പ്രസാദാത്മകമായ ഒരനുഭവമാണെന്ന് തിരുവനന്തപുരത്തു നിന്നും വന്ന സുജ.അതിന്റെ  തുടർച്ചകൾ ഇവിടെ അവശേഷിക്കുന്നുണ്ടെന്നും സുജ ആശ്വസിക്കുന്നു.
കേരളത്തിന്റെ ഒരറ്റത്തുനിന്നും തുടങ്ങി മറ്റേ അറ്റത്ത് സമാപനത്തിന്റെ ദിനങ്ങളിൽ  രവിയേട്ടൻ  പറഞ്ഞതായ ഒരു തമാശയുണ്ട്.‘ആ കക്ഷിക്ക് (പരശുരാമന്)മഴു ഒന്ന് നീട്ടിയെറിയാമായിരുന്നില്ലെ’ എന്ന്.യാത്രകൾ അവസാനിക്കുന്നത് രവിയേട്ടനിഷ്ടമില്ലായിരുന്നു.കാമറാമാൻ  കെ.ജി.ജയനും,സൌണ്ട് എഞ്ചിനീയർ കൃഷ്ണകുമാറും പാട്യം രാജനും,സ്റ്റാജനുമൊക്കെ എന്റെ കേരളം യാത്രയിൽ രവിയേട്ടനൊപ്പം എന്നുമുണ്ടായിരുന്നു.ആ സംഘശക്തി ആവേശഭരിതമായിരുന്നു.


യാത്രകളിലും സൌഹൃദങ്ങളിലും ആഴത്തിൽ  അഭിരമിച്ചിരുന്ന ഏതൊരാൾക്കും രോഗാവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.ഇതിനെ അഭിമുഖീകരിക്കാനുള്ള വിമുഖത സ്വാഭാവികവുമായിരിക്കും. രവിയേട്ടന്റെ കാര്യത്തിൽ  സന്ദർശകർക്ക്  അപ്രഖ്യാപിതമായ ഒരു വിലക്കുണ്ടായിരുന്നു.ഏറ്റവും വേണ്ടപ്പെട്ടവർ പക്ഷെ ഇതൊന്നും കാര്യമാക്കിയതുമില്ല.
വീട്ടിലും ആശുപത്രിയില്‍ ആണെന്നറിയുന്ന സമയത്തും ഞങ്ങള്‍ രവിയേട്ടനെ അപൂര്‍വ്വം സന്ദര്‍ശിച്ചു. ചന്ദ്രികച്ചേച്ചിക്കൊപ്പം ശങ്കരേട്ടനും ,സതീശനും,പുതുമഠം ജയരാജും മുരളി നാഗപ്പുഴയും, വയനാട് പ്രദീപും,ദേവന്‍ അമ്പലശേരി,കൊറോള ശശിയുമൊക്കെ അവിടെ ഉണ്ടാവും.

സ്വിസ് സ്കെച്ചുകൾ,ദിഗാരുവിലെ ആനകൾ,മെഡിറ്റേറിയന്‍ വേനൽ എന്നിങ്ങനെ


യാത്രാവിവരണങ്ങളൊക്കെ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നുവെങ്കിലും
മനസ്സുടക്കിയത് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ‘ എന്ന സ്ക്രിപ്റ്റ് ഫിലിം മാഗസിനിൽ  വന്ന സമയത്താണ്.തിരക്കഥയിലെ ഭാഷ അന്നെന്നെ അത്ഭുതപ്പെടുത്തി.

അപൂർവ്വം  മാത്രം സംഭവിക്കുന്ന കവിതകൾ  പോലെ കഥകൾ പോലെ നോവലുകൾ പോലെ വായനയിൽ ഒരട്ടിമറിയായിരുന്നു അത്.സിനിമ അത്രക്കായോ എന്നത് മറ്റൊരു കാര്യം.എഴുത്ത് വേറെ സിനിമ വേറെ.


എഴുപതുകളിലെ സിനിമാ വസന്തത്തിലേക്കും മനുഷ്യൽ വഴുതുന്ന സമയമായിരുന്നു അത്.എഴുപതുകൾ നമുക്ക് സമ്മാനിച്ചത് സിനിമയും സാഹിത്യവും മാത്രമായിരുന്നില്ല.മനുഷ്യത്വത്തിന്റെ ഒരു പുതിയ യുഗം കൂടിയായിരുന്നു അത് നിർമ്മിച്ചത്. അത് പുതിയൊരു മാനവികത ഉയർത്തി.സാഹിത്യത്തിനും സിനിമക്കും പുറത്തുള്ള രംഗങ്ങളിൽ പോലും അത് പുതിയ ഉണർവുണ്ടാക്കി.തൊഴിലാളികൾ,അദ്ധ്യാപകർ, ഡോക്ടർമാർ, രാഷ്ടീയക്കാർ, വ്യത്യസ്ത ജനവിഭാഗങ്ങളിൽ അതിന്റെ അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നതായി കാണാം.മാനവികമായിരുന്നു ആ കാലഘട്ടത്തിന്റെ പൊതു സ്വഭാവം.സിനിമയിൽ  ജോൺ എബ്രഹാം,കെ.പി.കുമാരൻ,അരവിന്ദൻ,അടൂർ ,കെ.ജി.ജോർജ്ജ്,കെ.ആർ.മോഹനൻ,ജി.എസ്.പണിക്കരുമൊക്കെ ഈ ശാഖയുടെ പ്രയോക്താക്കളാണ് .അതിന്റെ തുടർച്ചകളിലാണ് രവിയേട്ടനും ടി.വി.ചന്ദ്രനും,പവിത്രനും,പി.ടി.കുഞ്ഞുമുഹമ്മദുമൊക്കെ.പിന്നെയും ഇതിന്റെ തുടർച്ചകളും ഇപ്പോളും  ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മരണത്തിന്റെ തലേദിവസം സുഖവിവരം അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നും ആശുപത്രിയിൽ എത്തിയ ടി.വി.ചന്ദ്രനും
മസ്കറ്റിൽ  നിന്നെത്തിയ ഗഫൂറും  എന്റടുത്തേക്ക് വന്നു. ആശുപത്രിയിൽ നിന്നും കാണാവുന്ന സ്ഥലമാണെങ്കിലും ഒന്നുരണ്ടു കിലോമീറ്റര്‍ വളഞ്ഞും തിരിഞ്ഞും ഊടു വഴികളിലൂടെയും സഞ്ചരിക്കണം വീട്ടിലെത്താൻ.വഴികൾ ഇനിയും അവസാനിക്കുന്നില്ലല്ലോ എന്ന് ചന്ദ്രേട്ടൻ അസ്വസ്ഥതയോടെ ചോദിക്കുന്നുണ്ടായിരുന്നു.ഗാഢമായ ഒരു സുഹൃദ്സംഘത്തിൽ നിന്നും പവിത്രൻ വിട്ടുംപോയതിന്റെ ശൂന്യത രവിയേട്ടന്റെ ആസന്ന മരണാവസ്ഥയിൽ  അവർക്ക് കൂടുതൽ ത്രീവ്രമായി അനുഭവപ്പെടുന്നതായി തോന്നി. പവിയേട്ടനും രവിയേട്ടനും ഞങ്ങൾക്കിടയിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു.ചന്ദ്രേട്ടന്‍ കൂടുതൽ ഒറ്റപ്പെടുന്നതായും തോന്നി. ഒരുമിച്ചനുഭവിച്ച ഓര്‍മ്മകൾ  അവർ പാതിരയോളം പങ്കുവെച്ചു.

ചന്ദ്രേട്ടൻ കരഞ്ഞു, ഗഫൂറും.
ഞാനും ഷാജി വര്‍ഗ്ഗീസും പ്രിന്റെക്സ് അജിതുമൊക്കെ സ്നേഹസുരഭിലമായ എഴുപതുകളിൽ തീ പടർത്തിയ ഒരു തലമുറയുടെ അഗാധമായ അടുപ്പത്തെയും പാരസ്പര്യത്തെയും മാറിയിരുന്ന് അനുഭവിക്കുകയായിരുന്നു.ചന്ദ്രേട്ടൻ പലതും പറഞ്ഞു.
കബനീനദിയില്‍ വര്‍ക്ക് ഷോപ്പ് നടത്തിപ്പുകാരനായി രവിയേട്ടൻ അഭിനയിച്ച അനുഭവങ്ങൾ  മുതൽ ആശുപത്രിയിൽ ബോധത്തിനും അബോധത്തിനും ഇടയിലെ ദുർബലവുമായ അവസ്ഥയിൽ പോലും അഗാധമായ സ്നേഹത്തിൽ രവിയേട്ടൻ യാത്ര ചോദിച്ചതു വരെ.പിരിമുറുക്കത്തിന്റെ പാരമ്യതയിൽ വീടു വിട്ട് ഞങ്ങള്‍ സ്വാന്തനങ്ങൾക്കായി തൃശൂരിന്റെ ഇട്ടാവട്ടങ്ങളിൽ ആ പാതിരക്ക് യാത്ര ചെയ്തു,രവിയേട്ടന്റെ കിടപ്പിനരികിൽ നിന്നും വിഷാദിച്ചിറങ്ങിയ പുതുമഠം ജയരാജും ഞങ്ങൾക്കൊപ്പം കൂടി.

രാത്രി മുഴുവന്‍ ഞങ്ങൾ ചങ്കുറപ്പും അഗ്നിയും മനുഷ്യത്വവും ഒന്നിച്ച് കൊണ്ടുനടന്ന ഒരു  തലമുറയെ ഓർത്തെടുത്തുകൊണ്ടിരുന്നു. രവിയേട്ടനോടുള്ള ആദരം മുഴുവൻ പറഞ്ഞ ഓരോ വാക്കിനേയും വികാരതീവ്രമാക്കി.

പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തേക്ക് തിരിക്കുമെന്ന് ചന്ദ്രേട്ടൻ പറഞ്ഞു,പക്ഷെ രവിയേട്ടന്റെ അവസ്ഥ കണ്ട്  പോയില്ല.കെ.ആര്‍.മോഹനേട്ടൻ രാവിലെ തൃശൂർക്ക് പുറപ്പെട്ടു.നീലൻ,വെങ്കിടി,ടെലഫോൺ ശശി,ഗൌരി,,ടോമി വൈകീട്ടും പുറപ്പെട്ടു.

ശില്പിരാജനെ ഹോസ്പിറ്റലിലാക്കി ഞാൻ ഒരത്യാവശ്യത്തിന് പട്ടാമ്പിയിലേക്കും പോയി.രാത്രി എട്ടുമണിക്ക് ശില്പി രാജന്റെ മൊബൈലിൽ നിന്നും ടി.വി.ചന്ദ്രൻ പറഞ്ഞു.
‘ അവൻ പോയെടാ........‘


ആശുപത്രിയിൽ എല്ലാവരും ഉണ്ടായിരുന്നു.പിണറായി വിജയൻ,രവിയേട്ടൻ സൌഹൃദങ്ങളിലെ പ്രധാനിയായ ചെലവൂർ വേണു,വി.കെ.ശ്രീരാമേട്ടൻ,ഗീതേച്ചി,എം.പി.സുരേന്ദ്രൻ,പ്രിയനന്ദനൻ,നാരയണൻ നിലയങ്ങോട്,രവിയേട്ടന്റെ സഹോദരൻ ചിത്രകാരൻ പ്രഭാകരൻ ,കബിത,ഇ.എം.രാധ,ബാബു ഭരദ്വാജ്,മുരളി മാഷ് എന്നിവരൊക്കെ അവിടെ എത്തിച്ചേർന്നിരുന്നു.

‘ കെയാർ ’എന്ന് രവിയേട്ടൻ അബോധത്തിൽ വിളിച്ചത് കെ.ആർ.മോഹനേട്ടനെ അത്ഭുതപ്പെടുത്തി.
‘അവൻ എന്നെ മോഹനേട്ടാ എന്നേ വിളിച്ചിരുന്നുള്ളു‘
എന്ന് മോഹനേട്ടൻ .

നീ എഴുതണം രാജാ എന്ന് രവിയേട്ടന്‍ ഇംഗ്ലീഷിൽ  ചുണ്ടനക്കിയെന്ന് ശില്പിരാജൻ.
മരത്തിൽ നിന്നും കരിങ്കല്ലിൽ നിന്നും കളിമണ്ണിൽ നിന്നുമെല്ലാം
ശില്പത്തെ കണ്ടെടുക്കുന്ന രാജനിൽ നിന്ന് രവിയേട്ടൻ ഒരു എഴുത്തുകാരനെ കണ്ടെടുക്കയാണോ....?
രവിയേട്ടനൻ അങ്ങിനെയായിരുന്നു.നല്ലതിനെ മാ‍ത്രം അപരനിൽ നിന്നും കണ്ടെത്തുന്ന ഒരാൾ.ഏതുപ്രകാരത്തിലും മനുഷ്യനാവാൻ  നിയുക്തനായവൻ.
ചിന്ത രവി,രവീന്ദ്രൻ ,ചിന്തകൻ എന്നീ പേരുകളിൽ വിളിക്കപ്പെട്ടവൻ.

മണിലാൽ





3 comments:

മണിലാല്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

ആശംസകള്‍ ..വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം :)

മണിലാല്‍ said...

സിനിമയിലേക്കും എഴുപതുകളിലെ സിനിമാ വസന്തത്തിലേക്കും മനുഷ്യര്‍ വഴുതുന്ന സമയമായിരുന്നു അത്.എഴുപതുകള്‍ നമുക്ക് സമ്മാനിച്ചത് സിനിമയും സാഹിത്യവും മാത്രമായിരുന്നില്ല.മനുഷ്യത്വത്തിന്റെ ഒരു പുതിയ യുഗം കൂടിയായിരുന്നു അത് നിര്‍മ്മിച്ചത്. അത് പുതിയൊരു മാനവികത ഉയര്‍ത്തി.സാഹിത്യത്തിനും സിനിമക്കും പുറത്തുള്ള രംഗങ്ങളില്‍ പോലും അത് പുതിയ ഉണര്‍വ്വുണ്ടാക്കി.തൊഴിലാളികള്‍,അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, രാഷ്ടീയക്കാര്‍, വ്യത്യസ്ത ജനവിഭാഗങ്ങളില്‍ അതിന്റെ അടയാളങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതായി കാണാം.മാനവികമായിരുന്നു ആ കാലഘട്ടത്തിന്റെ പൊതു മുദ്രാവാക്യം.സിനിമയില്‍ ജോണ്‍ എബ്രഹാം,കെ.പി.കുമാരന്‍,അരവിന്ദന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍,കെ.ജി.ജോര്‍ജ്ജ്,കെ.ആര്‍.മോഹനന്‍,ജി.എസ്.പണിക്കരുമൊക്കെ ഈ ശാഖയുടെ പ്രയോക്താക്കളാണ് .അതിന്റെ തുടര്‍ച്ചകളിലാണ് രവിയേട്ടനും ടി.വി.ചന്ദ്രനും,പവിത്രനും,പി.ടി.കുഞ്ഞുമുഹമ്മദുമൊക്കെ.പിന്നെയും ഇതിന്റെ തുടര്‍ച്ചകളും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.


നീയുള്ളപ്പോള്‍.....