പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, September 25, 2011

തൊടാതെ പോയ രണ്ടു പ്രണയങ്ങള്‍

പിടി തരാത്ത പ്രണയങ്ങള്‍ കാലങ്ങളില്‍ ഊര്‍ജ്ജപ്രവാഹങ്ങളാവുന്നു.





(തോടാതെ പോകുന്ന പ്രണയങ്ങള്‍ പഴയകാല കാമ്പസിന്റെ സല്‍സ്വഭാവമായിരുന്നു. അനുഭവതലത്തില്‍ തീവ്രമായിരുന്നു അന്നത്തെ പ്രണയങ്ങള്‍
.ഒന്നു കണ്ടാല്‍ മതി എന്നുള്ള നെടുവീര്‍പ്പുകളോ നിശ്വാസങ്ങളോ ആയിരുന്നു മനസ്സു നിറയെ.നേരിട്ടു കാണാതെ, പറയാതെ, കത്തിലും,കടക്കണ്ണിലും ഭാവനയിലുമൊക്കെ പ്രണയം നിറഞ്ഞു നിന്നു. നഷ്ടപ്രണയങ്ങള്‍ പലരിലും മരണം വരെ വൈകാരികമായ ഉത്തേജനം തീര്‍ത്തു .ചിലര്‍ ബാറിലിരുന്നു പഴയ പാട്ടുകള്‍ പാടി മരിച്ചു.

ചിലര്‍ കവിതയെഴുതാന്‍ ശ്രമിച്ചു ചിലര്‍,പൊട്ടക്കവികളായി.ഓട്ടോഗ്രാഫുകളില്‍ പൈങ്കിളി സാഹിത്യമെഴുതിയും മൂത്രപ്പുരയുടേയും മറ്റും ചുമരുകളില്‍ പ്രണയിനിയുടെയും തന്റെയും പേരുകള്‍ എഴുതിപ്പിടിപ്പിച്ച് അതിനിടയില്‍ പ്ലസ് ചിഹ്നം കോറിവെച്ചും മറ്റുള്ളവരിലൂടെ നുണകള്‍ പ്രചരിപ്പിച്ചും പ്രണയത്തിന്റെ ലഹരി നുണയാന്‍ ശ്രമിച്ചു മറ്റുവിരുതന്മാര്‍.
ചങ്ങമ്പുഴ മുതല്‍ ഓയെന്‍വി വരെ കടം കൊണ്ടും പ്രണയം ശ്രമിച്ചു നോക്കി ചിലര്‍.ചിലരെ തഴുകിനശിപ്പിച്ചും ചിലരെ തഴഞ്ഞവസാനിപ്പിച്ചും പ്രണയം പറക്കുന്നു,കാലങ്ങളിലൂടെ.)



കഥ തുടരുന്നു........
മഴശരീരത്തോടെയാണ് ഞങ്ങള്‍ നനഞ്ഞുകയറിയത്. കുതിര്‍ന്ന കണ്ണടയിലൂടെയുള്ള മങ്ങിയ കാഴ്ചയില്‍
ബര്‍ത്തിലേക്കു പതിയെ നൃത്തമായി നീങ്ങുമ്പോഴാണ് പിറകില്‍ നിന്നും വിളി കേട്ടത്.പരിചിതമായ ഒരാളില്‍ നിന്നും കേള്‍ക്കുന്നതു പോലെയുള്ളതായിരുന്നു അത്.
പക്ഷെ പരിചയം അത്രയില്ല.അയാള്‍ പരിചയപ്പെടുത്തി, ഗോപാലകൃഷ്ണന്‍.നിങ്ങള്‍ നിരങ്ങിയ കേരളവര്‍മ്മ
കോളേജില്‍ ഞാനും ഉണ്ടായിരുന്നു.പിടികിട്ടി.അത്രക്ക് സജീവമായിരുന്നു ഗോപാലകൃഷ്ണന്‍ കോളേജില്‍.സംസ്കൃതം പറഞ്ഞ് എട്ടും പൊട്ടും തിരിയാത്ത കാമ്പസ് കുട്ടികളെ ഞെട്ടിക്കലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രധാന പ്രസംഗ പരിപാടി.ഞങ്ങളുടെ കേരളവര്‍മ്മക്കാലം സംഘര്‍ഷങ്ങളുടെ കാലം കൂടിയായിരുന്നു.എസ്.എഫ്.ഐ.യും എ.ബി.വി.പിയും തമ്മിലെ നിത്യശത്രുത നിലനിന്നിരുന്ന കാലം.ഇന്നും അങ്ങിനെ തന്നെ,വ്യത്യാസമില്ല.രണ്ടു കൂട്ടര്‍ക്കും നിലനില്പിന്റെ പ്രശ്നമാണത്.ആശയപരമായിരുന്നോ അതൊക്കെ എന്ന് അന്നും ഇന്നും തോന്നിപ്പോകാറുണ്ട്.പുറത്ത് രാഷ്ട്രീയരംഗത്ത് നടന്നിരുന്ന സംഘര്‍ഷത്തിന്റെ വിദ്യാര്‍ത്ഥി വെര്‍ഷന്‍ ആയിരുന്നു കോളേജില്‍ നടന്ന പല സംഘട്ടനങ്ങളും. ഗോപാലകൃഷ്ണന്റെ ചേരിയിയോട് എനിക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു,അന്നും ഇന്നും.അതൊക്കെ പഴയ കഥ.ഗോപാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്താണ്.


ഞങ്ങള്‍ പല കോളേജ് രസങ്ങളും പറഞ്ഞു.ട്രെയില്‍ ഒല്ലൂര്‍ ഇരിഞ്ഞാലക്കുട ചാലക്കുടി സ്റ്റേഷനുകളിലൂടെ ട്രെയിന്‍ കടല കൊറിച്ചു കൊണ്ടു മുന്നേറി. ഡിവൈന്‍ സ്റ്റേഷന്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.അവിടെ ചെല്ലുമ്പൊള്‍ എനിക്ക് ടോയ്ലറ്റില്‍ പോകാന്‍ തോന്നും.ഭക്തിയുടെ കൂട്ടങ്ങളെ എനിക്കെന്നും അലര്‍ജിയാണ്.ദൈവമില്ലെങ്കില്‍ ചാ‍വാലികളാവുന്ന സമൂഹം.

ട്രെയിനില്‍ എന്റെ കൂടെ ഗോപീകൃഷ്ണനും ഉണ്ട്.സുഹൃത്ത് ജോര്‍ജിന്റെ കവിതാപുസ്തക പ്രകാശനത്തിന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു.ചിത്രകാരന്‍ കൂടിയായ ജോര്‍ജ്ജിന്റെ കവിതയെ പരിചയപ്പെടുത്തുന്നത് ഗോപിയാണ്.
ഞങ്ങള്‍ മൂന്നുപേരും കൂടി കോളേജ് കാലം ഓര്‍ത്തെടുക്കുകയായിരുന്നു.ഗോപി കേരളവര്‍മ്മക്കാരനല്ലെങ്കിലും.
സംസാരത്തിനിടയില്‍ തന്നെ ഗോപാലകൃഷ്ണന്‍ മൊബൈലില്‍ നിന്ന് മെസ്സേജ് വായിക്കുകയും ടൈപ്പ് ചെയ്യുകയും തകൃതിയില്‍ നടത്തുന്നുണ്ട്.വക്കിലിന്റെയും ഗുമസ്ഥന്റെയും പണി ഒരാള്‍ ചെയ്യുന്നതു പോലെ ഒരേര്‍പ്പാട്.ഗോപാലകൃഷ്ണന്‍ വക്കീലാണ്,കോടതിക്കാര്യമായിരിക്കുമെന്ന് തോന്നി തിടുക്കം കണ്ടപ്പോള്‍.ഞങ്ങള്‍ ഒന്നും ചോദിച്ചില്ലെങ്കിലും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരാളോടെങ്കിലും പറയാതിരിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഗോപാലകൃഷ്ണന്‍.വിഷയം പ്രണയമാണ്.മൂന്നാമതൊരാള്‍ അറിഞ്ഞില്ലെങ്കില്‍ പ്രണയത്തിന് നിലനില്‍പ്പില്ല.
ഗോപാലകൃഷ്ണന്‍ പറഞ്ഞു തുടങ്ങുന്നു.രാഷ്ട്രീയ വേദികളില്‍ കാര്‍ക്കശ്യക്കാരനായ ഒരാള്‍ പ്രണയത്തിനുമുന്നില്‍ പുതിയൊരു മനുഷ്യനാവുന്നത് ഞങ്ങള്‍ ട്രെയിന്റെ ഉലച്ചിലിലും അറിഞ്ഞു.
ചിരിയോടെ ഗോപാലകൃഷ്ണന്‍ പറഞ്ഞു തുടങ്ങുന്നു,
മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച്.
സുനന്ദ, ചെന്നെയില്‍ നിന്നാണ്.................
കോളേജില്‍ പഠിച്ചിരുന്നതാണ്.

ഓര്‍മ്മയില്‍ സുനന്ദയെന്ന പേരിലൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് ഗോപാലകൃഷ്ണന്‍.



ദിവസങ്ങള്‍ക്കു മുമ്പ് മൊബൈല്‍ ഫോണില്‍ വിളി വരുന്നു.

ഗോപുവല്ലെ എന്നാണാദ്യ ചോദ്യം.
ആരെന്ന് ഗോപാലകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു.
25 വര്‍ഷം മുമ്പേ നിങ്ങളെ എനിക്കറിയാം എന്ന് മറുപുറം തുടരുന്നു.
അറിയാം എന്നു മാത്രമല്ല വലിയ ഇഷ്ടവുമായിരുന്നു.
ഇതറിയിക്കാന്‍ അന്നൊക്കെ പലപ്പോഴും ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്,പക്ഷെ.
പ്രണയത്തിന്റെ മുന്നില്‍ പോലും സാവകാശമില്ലാത്ത മനുഷ്യനായിരുന്നു നിങ്ങള്‍,പ്രണയത്തെക്കാള്‍ സംസ്കൃതത്തോടായിരുന്നു നിങ്ങള്‍ക്ക് ആഭിമുഖ്യം.
സംസ്കൃതം നിരോധിക്കേണ്ട ഭാഷയാണെന്നു പോലും എനിക്കന്ന്.
തിരക്കോടു തിരക്കായിരുന്നു നിങ്ങള്‍ക്ക്.
കോളേജിലെ വിദ്യാര്‍ത്ഥിനേതാക്കളില്‍ നിന്ന് നിങ്ങളും വിഭിന്നമായിരുന്നില്ല എന്നു മാത്രമല്ല.അവരേക്കാള്‍
ഗൌരവക്കാരനുമായിരുന്നു.
ലോകം നിങ്ങളുടെ തലയില്‍ എന്നൊരു ഗമ എപ്പോഴുമുണ്ടായിരുന്നു.
നിങ്ങളുടെ ചിരി നിങ്ങള്‍ക്കു മാത്രമുള്ള പ്രത്യേകതയായിരുന്നു.
മൌനമായ എന്റെ പ്രണയാഭ്യാര്‍ത്ഥനകള്‍ പക്ഷെ നിങ്ങള്‍ ചിരിച്ചൊതുക്കി‍.
ഒരിക്കല്‍ രാമേട്ടന്റെ ചായക്കടക്കും ഓഫീസ് റൂമിനും ഓഡിറ്റോറിയത്തിനുമിടയില്‍ വെച്ച് കണ്ടപ്പോള്‍
‘ഇവിടെ നില്‍ക്ക് ഞാനിപ്പോ വരാം’ എന്ന് പറഞ്ഞതു പ്രകാരം ഞാനവിടെ നിന്നത് മൂന്നു മണിക്കൂറായിരുന്നു.വേരിറങ്ങിയത് ഞാനറിഞ്ഞില്ല.കാറ്റായിപ്പോലും നിങ്ങള്‍ അവിടെ വന്നില്ല.കവിതയായിട്ടു നിങ്ങള്‍ക്ക് വരാന്‍ പറ്റില്ല.അത് എസ്.എഫ് .ഐക്കാരുടെ കുത്തകയായിരുന്നു.
പ്യൂണ്‍ കൃഷ്ണേട്ടന്‍ വന്ന് കുട്ടി ഇവിടെ കുറെ നേരമായല്ലോ എന്ന് ചോദിച്ചപ്പോഴാണ് കാത്തിരുന്നതിന്റെ വ്യര്‍ത്ഥത ഞാന്‍ മനസ്സിലാക്കിയത്.ഇപ്പോള്‍ എന്റെ കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ 23.
ഇതിനിടയില്‍ സ്വാഭാവികമായും എന്റെ വിവാഹം കഴിഞ്ഞു.ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരു ആചാരം. അതില്‍ ഉണ്ടായ മോന് 20 വയസ്സും.
ഇത്രയോക്കെയുമാണ് സുനന്ദ ഗോപാലകൃഷ്ണനോട് പറഞ്ഞത്.

എങ്ങിനെ എന്റെ നമ്പര്‍ കിട്ടി എന്ന ചോദ്യത്തിന്

രഷ്ട്രീയക്കാരനാവുമ്പോള്‍ അത് സംഘടിപ്പിക്കാനാണൊ വിഷമം
എന്നായിരുന്നു സുനന്ദയുടെ മറു ചോദ്യം.

ചെന്നെയില്‍ നിന്നും അവള്‍ എറണാകുളത്തുള്ള ഭര്‍തൃഹരിയുടെ വീട്ടിലേക്ക് പോകും വഴി തൃശൂരിറങ്ങി.

ഗോപാലകൃഷ്ണന്റെ ഭാര്യ പറഞ്ഞു.ടൌണിലും പൂരപ്പറമ്പിലും കണ്ണീക്കണ്ട ഹോട്ടലിലൊന്നും തിരിഞ്ഞുകളിക്കേണ്ട.
വീട്ടിലേക്ക് പോന്നോട്ടെ ആ കുട്ടി.പ്രണയിനികള്‍ എത്ര വയസ്സിലും കുട്ടിയാണ്.
പിന്നെ 27 വര്‍ഷത്തെ കാത്തിരിപ്പല്ലെ.എന്താ സംഭവിക്കാന്ന് ഒരു നിശ്ചയവുമില്ല.
അങ്ങിനെ അവര്‍ ഗോപാലകൃഷ്ണനെന്ന അവരുടെ പ്രിയപ്പെട്ട ഗോപുവിന്റെ വീട്ടിലെത്തുന്നു.
അപ്പോള്‍ ജീന്‍സും ടീ ഷര്‍ട്ടുമൊക്കെയായിരുന്നു അവളുടെ വേഷം.
നിന്റെ രൂപം ഇങ്ങനെ തന്നെയായിരുന്നോ അന്നും.
ഇതായിരുന്നു ഗോപാലകൃഷ്ണന്‍ ആദ്യം ചോദിച്ചത്.
ഇതേക്കാള്‍ വെളുത്തിട്ടായിരുന്നു,അവള്‍ പറഞ്ഞു.
നീ വെയിലത്ത് നിര്‍ത്തിയിട്ടാ ഇങ്ങനെ ഞാന്‍ കരിഞ്ഞു പോയത്,അവള്‍ ചിരിച്ചു.



മനസ്സു പറയുന്നിടത്തേക്ക് ശരീരമെത്താത്ത പ്രായത്തില്‍ പ്രണയം (വിവാഹിതരുടെ കാര്യത്തില്‍ പ്രത്യേകിച്ചും)ശരീരത്തില്‍ തന്നെ അടയിരുന്ന്

സാന്ദ്രമാവുന്നുണ്ടാവാം.അങ്ങിനെ
യൊനായിരിക്കാം ഗോപാലകൃഷ്ണനിലും സുനന്ദയിലും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.


ഉറക്കത്തിനുള്ള ക്ഷീണം ട്രെയിനില്‍ കയറുന്നതിനു മുമ്പേ ഉള്ളില്‍ കയറ്റിയതിനാല്‍ സുനന്ദയുടെ ഗോപുവിനെ വിട്ട് ഞങ്ങള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറി.



*******************************************************************



പ്രണയത്തിന്റെ മറ്റൊരു തുടര്‍ച്ച ഫെയിസ് ബുക്കില്‍ നിന്നാണുണ്ടാവുന്നത്.

ദേവി ഇപ്പോള്‍ പുറത്താണ്,ഇന്ത്യക്ക്.മനുഷ്യസ്വാഭാവികതയായ കുടുംബവുമൊക്കെയായി. എന്റെ സിനിമാപ്രദര്‍ശനവുമായി ഞാന്‍ കോളേജില്‍ പോകുന്നതറിഞ്ഞ് അവള്‍ ചോദിച്ചു.

കേരളവര്‍മ്മയില്‍ നിന്ന് എനിക്കെന്ത് കൊണ്ടുതരുമെന്ന്.എന്തെങ്കിലും.അവള്‍ക്കുറപ്പു കൊടുത്തു,ഒരു തമാശക്ക്.


കാമറ മറക്കാതെ ബാഗിലുണ്ടായിരുന്നു.സിനിമക്കും ചര്‍ച്ചക്കും ശേഷം ചുറ്റിയടിക്കുമ്പോള്‍ എനിക്ക് കിട്ടി അവളുടെ ജീവിതം ഒരു കാലത്ത് തീഷ്ണമാക്കുകയും പിന്നീട് സംഘര്‍ഷവും സര്‍ഗ്ഗാത്മകമാകുകയും ചെയ്ത മാഷിന്റെ ഫോട്ടൊ.ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ച അദ്ധ്യാപകരുടെ ഫോട്ടൊയില്‍ ചെറുപ്പമായിരുന്നു മാഷ്.ഞാനത് വീണ്ടും കാമറയിലാക്കി.

ഈ കാര്യം അവളോട് പറയണൊ എന്നാദ്യം സംശയമുണ്ടായിരുന്നു.അവള്‍ സമ്മാനം ചോദിച്ചപ്പോള്‍
ഞാനത് അയച്ചു കൊടുത്തു.സന്തോഷം പോലെ തന്നെ സംഘര്‍ഷവും മോശം അനുഭവമല്ല.ഈ ബലത്തിലാണ് അതയച്ചു കൊടുത്തത്.അവളെഴുത്തുകാരിയും കൂടിയാണ്.
അവള്‍ പറഞ്ഞു.
കേരളവര്‍മ്മയെന്നാല്‍ അവള്‍ക്ക് മാഷാണ്. കേരളവര്‍മ്മയിലെ പലരേയും അവള്‍ വിളിക്കാറുണ്ടായിരുന്നു.വിശേഷങ്
ങള്‍ അറിയാറുണ്ടായിരുന്നു.ദേവിയില്‍ അത്രക്കായിരുന്നു കേരളവര്‍മ്മ. കേരളവര്‍മ്മയെക്കുറിച്ചെഴുതിയ ഞാനെഴുതിയ കുറിപ്പ് മാതൃഭൂമിയില്‍ വായിച്ചു അവള്‍ കരഞ്ഞു. എഴുത്തുഗുണം കൊണ്ടല്ല,കേരളവര്‍മ്മയെ ഓര്‍മ്മിച്ച്.


കോളേജെന്നാല്‍ അവള്‍ക്ക് മാഷാണ്. മരച്ചോട്ടിലും വെയിലത്തും മഴയിലുമൊക്കെ എത്ര തവണ കാറ്റു പിടിച്ചു നിന്നിട്ടുണ്ടാവും അവര്‍ .

എത്രയെത്ര വിയര്‍ത്തിട്ടുണ്ടാവും,നനഞ്ഞിട്ടുണ്ടാവും!

മാഷിന്റെ അവസാന ദിവസങ്ങളിലായിരിക്കണം അവര്‍ കണ്ടത്.

ഞാന്‍ ചോദിച്ചു.
എന്തായിരുന്നു
മാഷ് നിന്നോട് അവസാനമായി പറഞ്ഞത്.
‘നീ വിളിച്ചതു കൊണ്ട്
ഞാനിവിടെ വന്നു”
ഇതിലെ ‘നീ’ ദേവിയും ‘ഇവിടെ’ എന്നത് തിരുവില്വാമലയിലെ പുനര്‍ജ്ജനിയുമാണ്.
അവള്‍ പറഞ്ഞിടത്ത് മാഷ് വരികയായിരുന്നു.
ജീവിതമാകാനായിരുന്നില്ല,യാത്ര പറയാന്‍.
മാഷ് ദേവിയെ തൊട്ടോ?
ഞാന്‍ ചൊദിച്ചു.
തൊട്ടിരുന്നെങ്കില്‍ ഞാന്‍ കൂടെ പോയെനെ,അവള്‍ പറഞ്ഞു.എങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.

നിനക്ക് മാഷെ തൊടാമായിരുന്നില്ലെ?

ഞാന്‍ വീണ്ടും ഇടപെട്ടു.
‘ആവോ’അവള്‍ പറഞ്ഞൊഴിഞ്ഞു.
മാഷിന്റെ ശേഷവും ദേവിക്ക് കത്തുകള്‍ വന്നു.നാട്ടില്‍ വരുമ്പോള്‍ കേരളവര്‍മ്മയില്‍ പോകുമെന്നും അവള്‍ പറഞ്ഞു.

ദേവിയെ കേരളവര്‍മ്മ തൊടുന്നത് എവിടെയായിരിക്കും.

4 comments:

മണിലാല്‍ said...

നിനക്ക് മാഷെ തോടാമായിരുന്നില്ലെ?
ഞാന്‍ വീണ്ടും ഇടപെട്ടു.
‘ആവോ’അവള്‍ പറഞ്ഞൊഴിഞ്ഞു.
മാഷിന്റെ ശേഷവും ദേവിക്ക് കത്തുകള്‍ വന്നു.നാട്ടില്‍ വരുമ്പോള്‍ കേരളവര്‍മ്മയില്‍ പോകുമെന്നും അവള്‍ പറഞ്ഞു.

Vineeth Rajan said...

ചിലര്‍ കവിതയെഴുതാന്‍ ശ്രമിച്ചു.ഓട്ടോഗ്രാഫുകളില്‍ പൈങ്കിളി സാഹിത്യമെഴുതിയും ചുമരുകളില്‍ രണ്ടു പേരുകള്‍ക്കിടയില്‍ പ്ലസ് ചിഹ്നം കോറിവെച്ചും മറ്റുള്ളവരിലൂടെ നുണകള്‍ പ്രചരിപ്പിച്ചും പ്രണയത്തിന്റെ ലഹരി നുണയാന്‍ ശ്രമിച്ചു മറ്റുവിരുതന്മാര്‍.
ചങ്ങമ്പുഴയെ ഓയെന്‍ വിയെ എല്ലാം കടം കൊണ്ടും പ്രണയം ശ്രമിച്ചു നോക്കി ചിലര്‍.ചിലരെ തഴുകിനശിപ്പിച്ചും ചിലരെ തഴഞ്ഞവസാനിപ്പിച്ചും പ്രണയം പറക്കുന്നു,കാലങ്ങളിലൂടെ...
:) :)

Manickethaar said...

നന്നായിട്ടുണ്ട്‌

മണിലാല്‍ said...

ഞാന്‍ യു എ ഇ യിലുണ്ട്.
ഒക്ടോബര്‍ ഇരുപത്തി മൂന്ന് വരെ.


ഒക്ടോബര്‍ ഇരുപത്തിരണ്ടിന്
ദുബായ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍
എന്റെ ഫിലിം
"പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം"
പ്രദര്‍ശിപ്പിക്കുന്നു.



ഇവിടെയുള്ള സുഹൃത്തുക്കള്‍
സിനിമ കാണാന്‍ വരിക.

സമയം:അഞ്ചുമണി.


നീയുള്ളപ്പോള്‍.....