മാഹി എന്നു കേള്‍ക്കുമ്പോള്‍ തന്നെ അച്ചാറിലോ എരിവിലോ കൈമുക്കുന്നതു പോലെ പ്രകാശിക്കുന്ന മുഖമുള്ള മദ്യ സുഹൃത്തുക്കളുണ്ട്.എരിവും പുളിയും ഏറിയതു പോലെ മുഖം ഏങ്കോണിപ്പിക്കുന്ന സോ കോള്‍ഡ് സദാചാരികളേയും അറിയാം. മയ്യഴിമാതാവിനെ നോക്കി കുരിശുവരക്കുക മാത്രമല്ല,പിറുപിറുക്കുകയും ചെയ്യുന്ന(പ്രാര്‍ത്ഥനയാണെന്നും പറയാം) പഴയതും പുതിയതുമായ അറിവില്ലാ പൈതങ്ങളുമുണ്ട്.
ലോകത്തിലുള്ള സകലമാന നാഷണല്‍ പെര്‍മിറ്റ് വണ്ടികളും മാഹി വഴി മാത്രമേ പോകാവൂ എന്ന് വാശിയുള്ള ഡ്രൈവറന്മാരും ഉണ്ട്.യാത്രയെ സുരക്ഷിതമാക്കുന്ന മൂന്നും അവിടെ കിട്ടും, കുറഞ്ഞ ചിലവില്‍,
മാതാവിന്റെ കൃപയും, മദ്യത്തിന്റെ കിക്കും , വണ്ടിക്കുള്ള ഇന്ധനവും.
മയ്യഴിപ്പുഴയിലെ തീരങ്ങളിലെ ലെസ്ലിസായ്വിനേയും കൊറമ്പിയമ്മയേയും ചന്ദ്രിയേയും ഗിരിജയേയും ഓര്‍ക്കുന്ന വായനക്കാരുടെ നീണ്ട നിരതന്നെയുണ്ട്.പാതാറിലേക്ക് കണ്ണ് പാറിക്കുന്ന കാല്പനികരുണ്ട്,
‘കൊറമ്പിയമ്മെ ച്ചിരി പൊടി താ’എന്ന ലെസ്ലിസായ്വിന്റെ വര്‍ത്തമാനത്തിനും കുതിരവണ്ടിയുടെ മണികിലുക്കത്തിനും കാത്തിരിക്കുന്ന കൊറമ്പിയമ്മയെപ്പോലെ കാതരയായവരും ഉണ്ട്.
ചന്ദ്രികയെ കിട്ടിയിരുന്നെങ്കില്‍ ഒന്നു കണ്ണിറുക്കാമെന്നും പ്രണയം തകരുമ്പോള്‍ രണ്ടെണ്ണം വിട്ട് മാഹിപ്പാലത്തില്‍ നിന്നും വെള്ളിയാംകല്ലിലേക്ക് നോക്കി തുമ്പികളുടെ തെറിപ്പ് കാണാമെന്നും മോഹിച്ച കാല്പനികന്മാരും എണ്ണത്തില്‍ കുറവായിരുന്നില്ല.........അങ്ങിനെനെയങ്ങിനെ പോകുന്ന മയ്യഴിയെപ്പറ്റിയുള്ള വാങ്മയ ചിത്രങ്ങള്‍.
മുകുന്ദേട്ടന് പറ്റിച്ച ഓരോ പണികള്‍ എന്നെ പറയാന്‍ കഴിയൂ........
‘കുരിശിന്റെ വഴി’ കേസുകെട്ടുമായി രണ്ടുനാള്‍ വിയ്യൂരിലെ ജയിലില്‍ കഴിയുമ്പോഴാണ് പോക്കറ്റടിക്കാരനെആദ്യമായി അടുത്ത് പരിചയപ്പെടുന്നത്. ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരസ്പരം പിക്ക് പോക്കറ്റന്മാര് എണ്ണിപ്പറയുന്നതിനിടയില്‍ പോലീസുമായുള്ള ഒളിച്ചുകളിയില്‍ മാഹിപ്പുഴയില്‍ ചാടി രക്ഷപ്പെട്ട കഥയും കേട്ടു.പുഴയെ നമ്പാം,മയ്യഴി മാതാവിനെ ഇക്കാര്യത്തില്‍ നമ്പാന്‍ പറ്റില്ലെന്നവര്‍ പറയുന്നുണ്ടായിരുന്നു.പോക്കറ്റടിക്കാരും മോഷ്ടാക്കളുമാണ് യാഥാര്‍ത്ഥ്യത്തെ തൊടുന്നവര്‍.മയ്യഴി മാതാവിനെ വിശ്വസിച്ച് ഈ പണിക്കിറങ്ങിയാല്‍ എന്തായിരിക്കും ഗതി.
പോക്കറ്റടിക്കാരെല്ലം മതരഹിതസമൂഹമോ മതേതരമായ മനുഷ്യരോ ആണെന്ന് അന്ന് ബോദ്ധ്യപ്പെട്ടു.എല്ലാ ജാതിമതത്തില്‍ പെട്ടവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.പോക്കറ്റടിക്കുമ്പോള്‍ എല്ലാ വിഭാഗം മനുഷ്യരോടും പൊതു സമീപനമാണെന്നവര്‍ ആണയിട്ടു.കുരിശിട്ടവരെ ഒഴിവാക്കുകയോ,കാവിമുണ്ടുകാരോടു അകലം പാലിക്കുകയോ,മുക്രിയെ വെറുതെ വിടുകയോ ചെയ്യില്ല. മതത്തിന്റെ പേരില്‍ ആരെയും ഒഴിവാക്കുകയോ ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ ആണയിട്ടു.അല്ലെങ്കില്‍ തന്നെ പോക്കറ്റടിക്കാര്‍ തൊടുന്ന അണ്ടര്‍ ഗ്രൌണ്ടിനെന്തു ജാതിമതം. ആര്‍ക്കും ബഹുമാനം തോന്നുന്ന രീതിയിലായിരുന്നു ആ സംഘത്തിന്റെ പെരുമാറ്റം.ഇന്ത്യന്‍ മതേതരത്വം ഇവരിലാണെന്ന് അന്നേ ബോദ്ധ്യമായി.രാഷ്ട്രീയക്കാര്‍ പറയുന്ന സെക്യുലര്‍ കളിപ്പീരാണെന്നും തോന്നി.
റോമില്‍ നിന്നും വരുന്നവരോട് പോപ്പ് മുത്തിയ കൊന്തകള്‍ ആവശ്യപ്പെടുന്ന വിശ്വാസികളെപ്പോലെയാണ് മാഹിയില്‍ പോകുന്നവരോട് മദ്യാനുഭാവികള്‍ കുപ്പിയാവശ്യപ്പെടുക.മയ്യഴിമാതാവിന്റെ കൃപ അതില്‍ അടക്കം ചെയ്തിട്ടില്ലെന്ന് ആരു കണ്ടു.
എത്രയെത്ര മാഹികള്‍.
അങ്ങിനെയങ്ങിനെ പലരുടേയും പലതരം മഹിമയാണ് നമ്മള് കാണുന്ന ഈ മാഹി.
ഒരു പക്ഷെ മാഹിക്കാരുടെ മാഹി മറ്റൊന്നായിരിക്കും. ദാസന്റെ പെങ്ങള് ഗിരിജയേ അച്ചുവും അച്ചുവിന്റെ പെങ്ങളെ മൊയ്തീനും പ്രേമിച്ചും അല്ലാതെയും സകുടുംബം സന്തോഷിച്ചും ദ്യേഷിച്ചും കടിച്ചുകീറിയും ജീവിക്കാന്‍ സാഹചര്യമുള്ള ഒരു തനി നാടന്‍ വില്ലേജ്.
‘മയ്യഴിപ്പുഴ’ രസിച്ച് ഒരുനാള്‍ ഈയുള്ളവനും പുറപ്പെട്ടു പോകുന്നു മാഹിയിലേക്ക്.കോവിലനേയും മാധവിക്കുട്ടിയേയും സി.വി.ശ്രീരാമനേയും ഇടശ്ശേരിയേയും കക്കാടിനേയും ബഷീറിനേയും പട്ടത്തുവിളയേയും ഉറൂബിനേയും എം.ടി.യേയും
എന്‍.പി.മുഹമ്മദിനേയും തിക്കൊടിയനേയും യു.എ.ഖാദറിനേയും പി.വത്സലയേയും വൈലോപ്പിള്ളിയേയും അവരവരുടെ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാണ് മയ്യഴിലേക്കുള്ള കുതിപ്പ്.
ഇന്നാണെങ്കില്‍ മഹേഷ് മംഗലാട്ടിനോട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു,യാത്രയും അനുബന്ധസേവയും ഒഴിവാക്കാമായിരുന്നു.
പത്തിരുപത്തിയഞ്ചാണ്ടിനുമുമ്പു
സാഹിത്യം വായിച്ച് വയലന്റാവുന്ന പ്രായത്തില്‍ എന്തും സംഭവിക്കും.സാഹിത്യം വായിച്ചു തുടങ്ങുന്നവര്‍ക്ക് എക്കാലവും കണ്ടു വരുന്ന ഒരു മാറാരോഗമാണത്,കരപ്പന് വരട്ടുചൊറി എന്നിവ പോലെ.( ജീവിതാന്ത്യം വരെ സാഹിത്യവും സിനിമയും കവിതയുമൊക്കെ ക്വോട്ട് ചെയ്തു ജീവിക്കുന്ന രോഗികളുമുണ്ട് നമ്മുടെയിടയില്‍.സുരാസു പറഞ്ഞതു പോലെ അവരെ വെറുതെ വിടുക.)
അതെന്തായാലും ചന്ദ്രികയും ഗിരിജയും കൊറമ്പിയമ്മയും ദാസനുമൊക്കെ തലക്കകത്തെ പത്തു സെന്റില്‍ കുടിയേറി അവകാശം സ്ഥാപിച്ച് തുടങ്ങിയ കാലമായിരുന്നു അത്.
എം.ടിയുടെ മഞ്ഞ് വായിച്ചു നോക്കി,മയ്യഴി ഉരുകിയില്ല.വി കെ എന്നിന്റെ പയ്യന്‍സ് വായിച്ചു നോക്കി,നര്മ്മത്തിനുമുകളിലും മയ്യഴി പൊങ്ങിക്കിടന്നു, ഉറൂബിന്റെ സുന്ദരന്മാരും സുന്ദരിമാരേയും കണ്ടു,മനുഷ്യത്വത്തിനും മേലെ മയ്യഴി തെളിഞ്ഞു കിടന്നു.കവിതകള്‍ പലതും കഴിച്ചുനോക്കി,കുലുക്കമില്ല മയ്യഴിക്ക്.സിനിമയില്‍ മുഴുകി നോക്കി.കണ്ട ചിത്രങ്ങളേക്കാള്‍ മനോഹരം കാണാത്തത് എന്ന മട്ടില്‍ മയ്യഴി കൂടുതല്‍ വര്‍ണ്ണാഭമായി.
എന്നിട്ടും പോയില്ല ചോണനുറുമ്പ് ....
എന്നു പാടിയ ബാല്യം പോലെ പാതാറും മയ്യഴിയും വെള്ളിയാങ്കല്ലും ദാസനും ചന്ദ്രിയും കൊറമ്പിയമ്മയും ലെസ്ലി സായ്വും..................
അങ്ങിനെയാണ് സാഹിത്യച്ചൊറി മാറ്റാന്‍ മറുമരുന്നിന് മയ്യഴിലെത്തുന്നത്.ചൊറിക്ക് ജാലിംലോഷന്‍ എന്നൊരു ലേപനവും കണ്ടുപിടിച്ച കാലമായിരുന്നു അത്.സാഹിത്യച്ചൊറിയും സാഹിത്യം കൊണ്ടുള്ള ചൊറിയും പെട്ടെന്ന് ശമിക്കില്ല.
എന്തിനും എതിനും മരുന്നുണ്ടല്ലോ മയ്യഴിയില്‍.കുമാരന് മാസ്റ്ററെ മനസ്സാ ഒന്നു പേടിക്കണമെന്നുമാത്രം.അത്ര മതി.മദ്യവിരുദ്ധക്കാര്‍ പാവങ്ങളാകുന്നു.എല്ലാ വിരുദ്ധരും പാവങ്ങളാകുന്നു.
അന്ന് കേരളത്തില്‍ നിന്നും വ്യത്യസ്തമായൊരിടമായിരുന്നു മയ്യഴി.നിരനിരയായ മദ്യക്കടകള്‍ മയ്യഴി ഗാന്ധിയായ കുമാരന് മാസ്റ്ററുടെ കണ്ണുനിറച്ചെങ്കില്‍,അതു നമ്മുടെ മനസ്സാണ് നിറക്കുക.
കൊറമ്പിയമ്മയേയും കണാരേട്ടനേയും ദാസനെയും ഗിരിജയേയും ലെസ്ലി സായ്വിനേയും ചന്ദ്രിയേയും അച്ചുവിനേയും എവിടെയും കണ്ടില്ല, അവരുടെ മക്കളേയും പേരമക്കളേയും കണ്ടില്ല.
ബ്രാണ്ടിഷോപ്പ് വഴി കടലിനെ ലക്ഷ്യമാക്കി നടന്നു.
മനുഷ്യര്‍ മലയാളികള്‍ തന്നെ,പ്രണയത്തിന്റെയും തമ്മിലടിയുടേയും ഭാഷ മലയാളം തന്നെ,യാത്രയാണെങ്കില്‍ ഓട്ടോറിക്ഷ തന്നെ.തീറ്റപ്പണ്ടം അരിശ് തന്നെ. പോലീസും തഥൈവ, പോലീസ് ഭാഷ എല്ലായിടത്തുമെന്ന പോലെ തെറി തന്നെ,ആശ്വാസം.കേരളം വിട്ടതിന്റെ അന്യത തോന്നിയില്ല..
പൊതു നിരത്തില്‍ പുരുഷന്മാര് മദ്യത്തിലും സ്ത്രീകള്‍ സ്വന്തം കാലിലും നടക്കുന്നു.അങ്ങിനെ തനി നാടന്‍ കേരളഗ്രാമം പോലെ ഒന്ന്. പാര്‍ക്കിലെ സിമന്റ് ബഞ്ചില്‍ ഇരുന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ജീവിച്ചു മരിച്ച കഥാപാത്രങ്ങളെ ഓര്‍ത്തു, മരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ കാണാനാഗ്രഹിച്ചു. അടങ്ങാത്ത നോവല്‍ ചിന്തകളുമായി ഇരിക്കുമ്പോള്‍ ഒരു താടിക്കാരന് അമ്പതമ്പത്തഞ്ച് വയസ്സില്‍ സഞ്ചരിച്ച് പലയിടങ്ങളിലേക്കും കണ്ണയച്ച് അലസനെ പോലെ നീങ്ങുന്നു.ഇടക്കയാള്‍ ചെടിപ്പൊന്തകള്കിടയില് ഇല്ലാതാവും,പിന്നെ വെളിപ്പെടും.അയാള്‍ ഒടുവില്‍ എന്നെ ഉന്നം വെച്ചു ചിരിച്ചു.
ആദ്യം ചിരി.മര്യാദയോടെ.ഞാനും ചിരി മടക്കി.ആള് എന്നോട് അടുത്തു കൂടുകയാണ്.എനിക്കും ഉത്സാഹം.അങ്ങോട്ട് പോകാതെ ഇങ്ങോട്ടു വരുന്ന സൌഹൃദങ്ങള്‍ എന്നും താല്പര്യമായിരുന്നു. മയ്യഴിയിലേക്ക് പാലം കടന്നും വള്ളം പിടിച്ചും വരുന്ന കേരള മദ്യപാനികളെക്കുറിച്ചും സമൂഹത്തിന്റെ മൂല്യച്യുതിയെക്കുറിച്ചും മയ്യഴി മാതാവിന്റെ അത്ഭുത സിദ്ധിയെക്കുറിച്ചും പെറുക്കിവെച്ച വാക്കുകള്‍ കൊണ്ട് ഭംഗിയില്‍ ഞാന്‍ സംസാരിച്ചു,അയാളും സംസാരിച്ചു.
സ്വഭാവികമായും മുകുന്ദനിലുമെത്തി കാര്യങ്ങള്‍.മുകുന്ദനില്ലെങ്കി
മുകുന്ദന് വഴിതെറ്റിച്ച കേരളത്തിലെ ചെറുബാല്യക്കാരെപ്പറ്റിയും ഈ മനുഷ്യന് സംസാരിച്ചു.പേരു പറയുകയോ ഞാന്‍ ചോദിക്കുകയോ ചെയ്തില്ല.എന്റെ പേരും പുറത്തേടുക്കേണ്ടിവന്നില്ല.
സംസാരം ഒടുവില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എത്തി,ഞങ്ങള്‍ അവിടെയിരുന്ന് സ്വല്പം കാറ്റുകൊണ്ടു.മുകുന്ദന് എഴുതിവെച്ച മയ്യഴിപ്പുഴയെ അയവിറക്കി.
എന്റെ യാത്രക്കൊരു ലക്ഷ്യമുണ്ടെന്നും അത് നടത്താതെ മടങ്ങുന്നത് മാഹിയില്‍ പോയി മദ്യപിക്കാതെ വരുന്നതിനു തുല്യമാണെന്നും എനിക്കറിയാമായിരുന്നു.ഞാന്‍ അടക്കി വെച്ച ചോദ്യം അയാളോട് ചോദിച്ചു.
“ദാസനും ചന്ദ്രിയും ലെസ്ലിസായ്വുമൊക്കെ ശരിക്കും മാഹിയില്‍ തന്നെ ജനിച്ച് ,തിന്നും കുടിച്ചും സ്നേഹിച്ചും വിദ്വേഷിച്ചും അര്‍മാദിച്ചും ജീവിച്ച മനുഷ്യനായിരുന്നോ?”
അയാള്‍ ഒന്നു മുരണ്ട് തൊണ്ട ശരിയാക്കി താടി ഉഴിഞ്ഞ് പുഴയിലേക്ക് ചാഞ്ഞ മരത്തിന്റെ വിടവിലൂടെ വെള്ളിയാങ്കല്ലിലേക്കെന്ന പോലെ നോക്കി, പതുക്കെ എന്റെ നേരേ തിരിഞ്ഞു.സാഹിത്യം സാഹിത്യം എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരു മരമണ്ടനാണ് മുന്നിലിരിക്കുന്നതെന്ന ഭാവം ആ നോട്ടത്തില്‍ ഉണ്ടായിരുന്നുവോ!
പിന്നെ ഒരു ബി.എ.ഫിലോസഫറുടെ കനത്തോടെ പറഞ്ഞു.മൊഴിഞ്ഞു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.
“മോനെ മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞൂടാ...........പക്ഷെ മുകുന്ദന് എഴുതിയ ദാസന് ഞാനാണ് .അതെല്ലാം എന്നെപ്പറ്റിയാണ്.”
എനിക്ക് സമനില തെറ്റി,കുടിച്ച കള്ളത്രയും പുറത്തേക്ക് വരുന്നതു പോലെ ഒരു ആകസ്മികത.ഇത്രക്ക് ഞാന്‍ പ്രതീക്ഷിച്ചതല്ല മാഹിക്ക് പുറപ്പെടുമ്പോള്‍.അധികമാരും അറിയാത്ത സത്യം ഇതാ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.ഒരു പത്രപ്രവര്‍ത്തകന്റെ സ്വാര്‍ത്ഥതയോടെ ഞാന്‍ ചുറ്റും നോക്കി.മറ്റാരും കേള്‍ക്കുന്നില്ലല്ലോ ഈ രഹസ്യം.ആ നിമിഷത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അയാള്‍ മാത്രമേ എന്നോടൊപ്പമുള്ളു,അന്ന് മൊബൈലും ഇല്ല.
അയാളാണെങ്കില്‍ എന്റെ താല്പര്യം മുതലെടുത്ത് കഥ തുടരുകയാണ്.
“കഥ എഴുതിക്കഴിഞ്ഞാല്‍ കഥാപാത്രങ്ങള്‍ വഴിയാധാരമാകുന്നു.എഴുത്തുകാരന് അണിയിച്ച കുപ്പായവും, തലയില്‍ വെച്ചുതന്ന ഭാണ്ഡവും പേറി നടക്കാന്‍ അയാള്‍ വിധിക്കപ്പെട്ടിരിക്കുന്നു.എഴു
ഞാന്‍ ദാസന്റെ കൈത്തലം തടവി.ചന്ദ്രികയെ താലോലിച്ച ആ കൈകള്‍ എന്നെ കോരിത്തരിപ്പിക്കുന്നതു പോലെ തോന്നിച്ചു.
തെങ്ങുകയറ്റക്കാരനോ ബ്രാണ്ടിഷാപ്പിലെ സപ്ലയറോ ടൂറിസ്റ്റുകളെ വഴിതെറ്റിക്കുന്ന ഗൈഡോ സാദാ സ്കൂള്‍ ടീച്ചറുടെയോ ഉപ്പുമാവ് വെപ്പുകാരിയുടെ പാവം ഭര്‍ത്താവോ ആയി പോകുന്നതിനു പകരം ഈ മനുഷ്യന് ഉയരെ പൊങ്ങിയത് കേരള സാഹിത്യ ചരിത്രത്തിന്റെ ഈഫല്‍ ഗോപുരാഗ്രത്തിലേക്കാണ്.മുകുന്ദന്റെ മഷിത്തണ്ടിന് സ്തുതി.
പാതാറിന്റെ കാഴ്ചകളെ വിട്ട് ഞങ്ങള്‍ എഴുന്നേറ്റു.സ്വാഭാവികമായും എത്തപ്പെട്ടത് ബ്രാണ്ടിഷോപ്പില്‍.(മാഹിയില്‍ എല്ലാ വഴികളും ഇങ്ങനെയാണ്.)അവിടെ ആളുകളും ഷോപ്പ് ജീവനക്കാരും സ്ഥിരം പറ്റുകാരനെപ്പോലെ ദാസനെ തലയുയര്‍ത്തി നോക്കുക മാത്രം ചെയ്തു.ഞാന്‍ സാക്ഷാല്‍ക്കാരിക്കപ്പെട്ട വിജയിയുടെ ഭാവത്തില്‍.നിറയെ മദ്യപിച്ചു.പൊരിച്ചതും വെച്ചതുമായ കടലിന്റെ ജീവവൈവിധ്യത്തെ ആവോളം അകത്താക്കി,ദാസനെ കണ്ടെത്തിയ സന്തോഷത്തില്‍ ഞാന്‍ ലോകം മറന്നു.ദാസനും ഇതൊക്കെ തന്നെ ചെയ്തു.
ദാസന് കുടിച്ചുവെങ്കിലും ലക്കുകെട്ടില്ല.വരമായി കിട്ടിയ കഥാപാത്രത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവനെ പോലെ ദാസന് നിന്നു.ഇവന് വെറും വായനക്കാരന്,ഞാനോ ലോകപ്രശസ്തമായ കഥാപാത്രവും എന്ന മട്ടില്‍ എന്നെ അവന് അല്പമായി പരിഗണിക്കുന്നതു പോലെ തോന്നി..
ഞങ്ങള്‍ പുറത്തിറങ്ങി,യാത്ര പറഞ്ഞു.കോഴിക്കോട്ടേക്കുള്ള വണ്ടിപിടിക്കാനായി മയ്യഴിമാതാവിനു നേരെ ഞാന്‍ നടക്കുമ്പോള്‍ ദാസന്റെ കുപ്പായത്തിലിറങ്ങിയ ആ മനുഷ്യന് പാതാറിനെ ഉന്നം വെച്ച് തിരിച്ചു നടക്കുകയായിരുന്നു.ആരായിരിക്കും അയാളുടെ പുതിയ ഇര !
(ഈ അനുഭവം ഈയിടെ പറഞ്ഞപ്പോള്‍ അയാളെ ഉടന്‍ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത എം.മുകുന്ദന് ഊന്നിപ്പറഞ്ഞു :ഇനി എന്റെ പേരിലായിരിക്കുമോ അയാള്‍ ഇറങ്ങുക)
6 comments:
തെങ്ങുകയറ്റക്കാരനോ ബ്രാണ്ടിഷാപ്പിലെ സപ്ലയറോ ടൂറിസ്റ്റുകളെ വഴിതെറ്റിക്കുന്ന ഗൈഡോ സാദാ സ്കൂള്‍ ടീച്ചറുടെയോ ഉപ്പുമാവ് വെപ്പുകാരിയുടെയോ പാവം ഭര്ത്താവായിപ്പോകുന്നതിനു പകരം ഈ മനുഷ്യന് ഉയരെ പൊങ്ങിയത് കേരള സാഹിത്യ ചരിത്രത്തിന്റെ ഈഫല്‍ ഗോപുരാഗ്രത്തിലേക്കാണ്.മുകുന്ദന്റെ മഷിത്തണ്ടിന് സ്തുതി.
ജീവനുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടരുതെന്നാണ് എന്റെ ആഗ്രഹം. എന്റെ സങ്കല്പങ്ങളുടെ ലിമിറ്റായിപ്പോകും ചിലപ്പോഴത്.
നന്നായിട്ടുണ്ട്,,,ആശംസകള്‍.
വളരെ ഹൃദ്യം. അധികം നാളായില്ല മയ്യഴിയുടെ കഥാകാരനെക്കണ്ട് ഞാന്‍ വരച്ച അദ്ദേഹത്തിന്റെ പോര്‍ട്രൈറ്റില്‍ ഒപ്പ് വാങ്ങിയിട്ട്. അതുകൊണ്ട് കൂടി ഈ കുറിപ്പ് എനക്ക് ഏറെ ഇഷ്ടമായി......സസ്നേഹം
കഥാകാരാനെ തൊട്ടറിഞ്ഞ് ...കഥാപാത്രങ്ങളെ കണ്ടുമുട്ടുന്ന അസുലഭ മുഹൂർത്തങ്ങൾ...!
മയ്യഴിയിലേക്ക് മുകുന്ദനും നോവലും കൊണ്ടുപോയ ആൾ തന്റെ മുദ്രകൂടി പതിപ്പിച്ചു മയ്യഴിമണ്ണിൽ. നോവലിലെ ജീവിതങ്ങളെ കഥാപാത്രങ്ങളായല്ല പച്ചജീവിതങ്ങളായിത്തന്നെ നമ്മളെ പിന്തുടരുന്നത് മുകുന്ദന്റെ സ്ർഗവൈവിദ്ധ്യം കൊണ്ട്. ഓർമ്മിപ്പിക്കലിനും പുനർവായനയിലേക്ക് പ്രചോദിപ്പിക്കലിനും നന്ദി. മദ്യം ആരോഗ്യത്തിന് ഹാനികരം.
Post a Comment