പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, February 16, 2012

വിടാനുള്ളതോ വീട്

 


ഒരു ദിവസം ഫീമെയില്‍ ഫ്രണ്ട് വിളിച്ചു.അന്നേരം ഞാന്‍ വിളി കേട്ടില്ല.തിരുനെല്ലിയില്‍ താമസിച്ച് പക്ഷി പാതാളത്തേയും കാളിന്ദിയേയും പാപിനാശിനിയേയും അനുഭവിക്കുകയായിരുന്നു.താമസ്ഥലത്തെ 
അതിര്‍ത്തി   ഒഴുകുന്ന പുഴയാണ് . പുഴ കടന്ന് കാട്ടിലേക്ക് കടന്ന സമയത്തായിരുന്നു വിളി.കാട്ടില്‍ മൊബൈല്‍ പാടില്ല.നാട്ടില്‍ അതാപത്താണെന്നറിഞ്ഞിട്ടും  കൊണ്ടുനടക്കുന്നു.പിന്നീടെപ്പോഴൊ ഞാന്‍ അവരെ തിരിച്ചു വിളിച്ചു. അവര്‍ രാജസ്ഥാനിലെ അജ്മീറിലായിരുന്നു.അവിടുത്തെ ഒരു കാഴ്ച എന്നോട് ഷേയര്‍ ചെയ്യാന്‍ വിളിച്ചതാണെന്ന് പറഞ്ഞു.അവിടെ നൂറോളം വീടുകളുള്ള ഒരു കോളനിയില്‍ വീടുകള്‍ക്ക് വാതിലുകളില്ല.ഇതായിരുന്നു അവര്‍ കണ്ട കാഴ്ചയുടെ വ്യത്യസ്തത.വീടുകളെല്ലാം നല്ല രീതിയില്‍ നിര്‍മ്മിച്ചവയായിരുന്നു.മതില്‍ കെട്ടുന്നതിനു മുമ്പേ ഗേറ്റും പൂട്ടും, വീടുവെക്കുന്നതിനു മുന്‍പേ വാതിലും താഴും നിര്‍മ്മിക്കുന്ന ഒരു സ്ഥലത്തു നിന്നായതു കൊണ്ടാവും അവര്‍ ഞെട്ടിപ്പോയത്.കേരളത്തില്‍ നിന്നെവിടെപ്പോയാലും ആരും ഞെട്ടിപ്പോകും,സദാചാരത്തിന്റെ കാര്യത്തില്‍.


വീടു പൊളിച്ച് കഴുക്കോലൂരി നടക്കുന്ന ഒരു താന്തോന്നിയുടെ സന്തോഷത്തോടെയാണ് അവര്‍ കാഴ്ചയുടെ കാര്യം പറഞ്ഞത്.നല്ല മനുഷ്യര്‍ അങ്ങിനെയാണ്.എന്തെങ്കിലും പുതുമ കണ്ടാല്‍, അത്ഭുതം കണ്ടാല്‍, പ്രത്യേകത കണ്ടാല്‍, വ്യത്യസ്തത അനുഭവിച്ചാല്‍ അടുത്ത ആരോടെങ്കിലും അത് പങ്കുവെച്ചേ മതിയാവൂ.

 
തുറക്കാത്ത   വീടും അടച്ചിട്ട   മനുഷ്യരും ബോറടിപ്പിക്കുന്നതാകുന്നു.സുരക്ഷിത ബോധമാണ് എല്ലാം അടച്ചുവെക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുന്നത്. മാന്ത്രികന്റെ ഇന്ദ്രജാലത്തിലെന്ന പോലെ വിസ്മയിച്ചു പോയിട്ടില്ലെ നമ്മള്‍ ഒരിക്കലെങ്കിലും,അതു വരെ കാണാത്ത ഒരറ തുറന്ന് ചിലര്‍ നമ്മെ അമ്പരിപ്പിക്കുമ്പോള്‍.


അജ്മീറിലെ കുറെ മനുഷ്യര്‍ ജീവിക്കുന്നത് തുറന്നിട്ട വീടുകളിലാണ്. സുരക്ഷിതത്വത്തിന്റെ എലിമാളങ്ങളില്‍ കിടന്ന് അവര്‍ വെയിലിനെ സ്വപ്നം കാണുന്നില്ല. സ്വകാര്യതയില്‍   ചതഞ്ഞ്  ജീവിതത്തെ അവര്‍ ചുരുക്കില്ല. മനുഷ്യരില്‍ ഊന്നുന്നവര്‍ക്ക്    വാതിലുകള്‍ വേണ്ട.വീടു തന്നെ വേണ്ടിവരില്ല.

ഈ വിവരം പറഞ്ഞപ്പോള്‍ തിരുനെല്ലിയിലെ വീട്ടുകാ‍രന്‍ മുരളി പറഞ്ഞു,ദൈവത്തിന്റെ സ്വന്തം നാട് കേരളമല്ല,അതാണ്.നമുക്കവിടെ പോകാം,വാതിലുകള്‍ ഇല്ലാത്ത വീടു കാണാം,അവരുടെ സംസ്കാരം അറിയാം.മുരളിയുടെ തിരുനെല്ലി വീട് എല്ലാവര്‍ക്കും കയറാന്‍ പാകത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്.ആര്‍ക്കും കയറാം,ഏതു സമയത്തും.


വീടുകള്‍ കാടുകള്‍ പോലെ ഉലയണം,കാട്ടാറു പോലെ ഒഴുകണം.


ജയിലുകളെപ്പറ്റി നമ്മള്‍ സംസാരിക്കും.വീടുകളിലേക്ക് നമ്മള്‍ നോക്കില്ല.ജയിലുകള്‍ പോയിട്ടുണ്ടൊ നിങ്ങള്‍.മതിലുകള്‍ക്കുള്ളില്‍ അത് വീടിനേക്കാള്‍ തുറന്നതാണ്.രണ്ടു ദിവസം അവിടെ കിടന്നപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.പോക്കറ്റടിക്കാരും കുറ്റവാളികളും ഭവനഭേദനക്കാരുമൊക്കെ, ഒരുത്സവമായിരുന്നു. ഒറ്റ മുറിയില്‍ നിന്നും   കേരളത്തെ മുഴുവനായി  നമുക്കവിടെ വായിക്കാം.ഒരു പോക്കറ്റടിക്കാരന്‍ മയ്യഴിപ്പുഴയില്‍ ചാടി പോലീസില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് പറയുന്നതെങ്കില്‍ വേറൊരു പിക്ക് പോക്കറ്റ് ഒറ്റവാതില്‍ക്കോട്ടയിലെ ക്ഷേത്രത്തില്‍ നിന്നും ഉറങ്ങുന്ന ദേവിയെ പൊക്കിയതിന്റെ കഥയാണ് അവതരിപ്പിച്ചത്. വാതില്‍ തുറന്ന് പുറം ലോകത്തേക്ക് കാലുകുത്തിയപ്പോള്‍ ദാ നില്‍ക്കുന്നു സ്ഥിരം മരങ്ങോടന്മാര്‍. കേസ്സ് നാടകമായതിനാല്‍ ചില താടിക്കാര്‍ പുറത്ത്  കാത്തു നിന്നിരുന്നു.



ഈയിടെ മുരളി പാലക്കാട് ഫാംഹൌസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. തിരുനെല്ലിയിലേതു പോലെയുള്ള വെന്റിലേഷന്‍ ആവാം എന്ന് പറഞ്ഞപ്പോള്‍ ഇത് തിരുനെല്ലിയല്ല,പാലക്കാടാണ് എന്നാണ് എഞ്ചിനീയര്‍ മറുപടി പറഞ്ഞത്. കുറ്റവാളികള്‍ പാലക്കാട്ടുകാരല്ല,എഞ്ചിനീയറുടെ വിശ്വാസത്തിന്റെ ഉറപ്പില്ലായ്മയാണ്.സമൂഹം നമ്മളെ എപ്പോഴും അരക്ഷിതരാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്.വീടു വെക്കുമ്പോള്‍ എഞ്ചിനീയറുടെ വേഷത്തിലാണവര്‍ ഉടലെടുക്കുക. രോഗത്തിന്റെ കാര്യമാവട്ടെ,വിദ്യാഭ്യാസത്തിന്റെ കാര്യമാവട്ടെ,നിയമത്തിന്റെ കാര്യമാവട്ടെ,ഭക്ഷണത്തിന്റെ കാര്യമാവട്ടെ എപ്പോഴും അവര്‍ നമ്മളെ അരക്ഷിതരാക്കി നിര്‍ത്തും.എന്നാല്‍ വിവാഹം പോലുള്ള നിര്‍ബ്ബന്ധിത നിയമത്തിന്റെ കാര്യം വരുമ്പോള്‍ വളരെ സുരക്ഷിതമെന്നൊക്കെ പറഞ്ഞ് മനുഷ്യരെ കൂട്ടിലടക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കും സമൂഹമെന്ന ഈ വ്യാളി.


വിത്തു പോലെയാവണം വീടുകള്‍.ചെറുവിത്തില്‍ നിന്നും വലിയ മരങ്ങള്‍ ഉണ്ടാവുന്നതു പോലെ ഒരു പ്രൊസസ്.ചെറിയ വീടുകള്‍ വളരുന്നതു നിങ്ങള്‍ കണ്ടിട്ടില്ലെ.വലിയ വീടുകള്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നതും നിങ്ങള്‍ കണ്ടിട്ടില്ലെ.തുറന്നിട്ട വീടുകള്‍,പുറമെ നിന്ന് ശ്വാസം കൊള്ളുന്ന വീടുകള്‍ എത്രയുണ്ട് കേരളത്തില്‍.ഒറ്റ വീര്‍പ്പിന് എണ്ണാവുന്ന വീടുകളെ ഉണ്ടാവൂ.ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസംഗിച്ചും എഴുതിയും വരച്ചും സിനിമയെടുത്തും വിപ്ലവം പറഞ്ഞും മനുഷ്യര്‍ ജീവിക്കുന്ന സ്ഥലമാണ് കേരളം.എന്നിട്ടും കഷ്ടമാണ് കാര്യങ്ങള്‍.ആദ്യം സമൂഹം നന്നാവട്ടെ എന്നിട്ടാവം വീടും വ്യക്തിയും എന്ന നിലപാട് ശാസ്ത്രീയമായി ശരിയാണെങ്കിലും തട്ടിപ്പും സ്വയം രക്ഷപ്പെടലും അതില്‍ അടങ്ങിയിട്ടുണ്ട്.

 ചെറുവത്താനിയിലെ ശ്രീരാമേട്ടന്റെ വീട്,എറണാകുളത്തെ ഷാജിയുടെ ഫ്ലാറ്റ്,മുംബയില്‍ മിത്രനും സംഘവും താമസിച്ചിരുന്ന സ്ഥലം, വഴുതക്കാട്ടെ ദീപാച്ചിയുടെയും കുരിയാപ്പിയുടെയും വീട്,എടമുട്ടത്തെ ജ്യോതിസ്സിന്റെയും പ്രൊവിന്റിന്റെയും ഗ്രാന്മ,എറണാകുളത്തെ ജോളിയുടെ വീട്,ബാലന്റെ പഴയ ആകാശവാണി ക്വാര്‍ട്ടേഴ്സ്,  കെ.രാജഗോപാലന്റെ പല സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന വീട്, ഹാരീസും അനിലയും പാര്‍ക്കുന്ന ഏറ്റുമാനൂരിലെ പാര്‍പ്പിടം,ശശിയും ഹേമയും മാറിമാറിത്താമസിക്കുന്ന പട്ടത്തേയും ഹരിപ്പാട് തൃക്കുന്നപ്പുഴയിലേയും വീടുകള്‍,  സിനിമ രാജീവ് വിജയരാഘവന്റെ പട്ടത്തെ വൃന്ദാവന്‍ കോളനിയിലെ ഫ്ലാറ്റ്(വിജയരാഘവന്‍ ഭാര്യയുടെ നാടായ നെതര്‍ലാന്റിലേക്ക് പോയിട്ടും കൂടു വിട്ടു പോയില്ല സുഹൃത്തുക്കള്‍).(പേരും ദിക്കും പറയാനാഗ്രഹിക്കാത്ത കുറെ വീടുകള്‍ വേറെ.)
കുറെയേറെ വീടുകളുണ്ട്, വിത്തിനെ മഹാ മരമാവാന്‍ അനുവദിക്കപ്പെട്ടത്.
അതിലെ കിളികളായ് കലഹിച്ചു കാഷ്ഠിച്ച സുഹൃത്തുക്കള്‍.

ഷാര്‍ജയിലെ സഞ്ജുവിന്റെയും ബാലുവിന്റെയും വീടുകളും ഇത്തരത്തില്‍ പെടുത്താം.വീടിനു പുറത്തായാല്‍  സ്വതന്ത്രത്തിന്റെ സ്വച്ഛന്ദതയിലേക്ക്   മാറുന്ന ചില മനുഷ്യരുമുണ്ട് .ഈ ജീവിതത്തിലെ മനോഹരമായ കാഴ്ചയാ‍ണ്നി, നിയമങ്ങളില്ലാത്ത യാത്രകള്‍.

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു പിറകില്‍ ശാന്തിനഗറില്‍ നിന്നും ഞങ്ങളുടെ സംഘം വീടൊഴിയുമ്പോള്‍ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു ‘സമാധാനമായി’.

ഞങ്ങള്‍ ചോദിച്ചു:എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ?.
’ബുദ്ധിമുട്ടിച്ചോ എന്നല്ല,ഉറക്കം കെടുത്തി എന്നു പറയുന്നതാവും ശരി. വീടിന്റെ വേനലില്‍ ഞാനിങ്ങനെ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ മഴ പോലെ തകര്‍ത്തു പെയ്യുകയായിരുന്നില്ലെ.ഒന്നല്ല,എല്ലാ ദിവസവും’.

അവിവാഹിതരുടെ കണ്ണുവെട്ടത്ത് താമസിക്കാതിരിക്കലാണ് വിവാഹിതന്റെ മനസ്സമാധാനത്തിന് നല്ലതെന്നും അടിക്കുറീപ്പെഴുതി പ്രശസ്തനായ ആ പത്രപ്രവര്‍ത്തകന്‍.

അതിനു ശേഷമാണ് പുറത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധ തുടങ്ങിയത്.
അമര്‍ത്തിയടച്ച വീടുകള്‍ പുറമെ നിന്നുള്ള ശബ്ദങ്ങളെ ഇഷ്ടപ്പെടില്ല.കൊട്ടിയടച്ച മനസ്സുകള്‍ അപരന്റെ ആഘോഷങ്ങളെ ഉള്‍ക്കൊള്ളില്ല.ഉണങ്ങിയ മരം വള്ളിപ്പടര്‍പ്പുകളെ സ്വീകരിക്കാത്തതു പോലെ.ടൈം ടാബിളില്‍ ജീവിക്കുന്നവര്‍ അസമയത്തെ അനക്കങ്ങളെ അരാജകമായിട്ടായിരിക്കും അനുഭവിക്കുക.അടുത്ത വീട്ടിലെ ജാരയനക്കങ്ങളെ പോലും അവര്‍ തിരിച്ചറിയും. മരണസമാനമായ  ഉറക്കത്തെ അവര്‍ ഒരിക്കലും വരിച്ചിട്ടില്ലെന്നും പറയാം.

(ഡിപ്രഷന്‍ എന്ന രോഗത്തിനടിമപ്പെടുന്നത് കൂടുതലും ഇവരാണ്.ഡല്‍ഹിയിലെ  വന്‍കിട ഫ്ലാറ്റില്‍ നടത്തിയ പഠനം ഞെട്ടിപ്പി ക്കുന്നതാണ്.അവിടെ 70 ശതമാനത്തോളം വരുന്ന വീട്ടമ്മമാര്‍ ഡിപ്രഷന്‍ എന്ന മാനസിക രോഗാവസ്ഥയിലാണെന്ന പഠനം റിപ്പോര്‍ട്ട് ചെയ്തത് ഒരു ദേശീയ മാസികയാണ്.)

മന്നത്തു പത്മനാഭന്റെ അനുയായികളോ വിമതരോ ആയ കുറെ പേര്‍  കൂട്ടംകൂടി ജീവിക്കുന്ന സ്ഥലത്ത് കുറെ നാള്‍ താമസിച്ചു,പെരിങ്ങാവില്‍.അയല്‍ക്കാരോട് അവരുടെ ജന്മ സ്വഭാവമായ സമദൂരസിദ്ധാന്തം പ്രയോഗിക്കാന്‍ തീരുമാനിച്ചു.അടുപ്പമോ അകല്‍ച്ചയോ ഇല്ലാത്ത ഒരു 'വഹ'യാണല്ലോ ഈ സിദ്ധാന്തം.രണ്ടു വര്‍ഷത്തെ കോലാഹലജീവിതത്തിനു ശേഷം എല്ലാം കെട്ടിവെക്കുമ്പോള്‍ തോന്നി,അയല്‍ക്കാര്‍ക്കൊക്കെ ഒരു ശല്യ വീട് ഒഴിഞ്ഞുപോകുന്നതിന്റെ സന്തോഷമായിരിക്കും എന്ന്.രാത്രിയോ പകലോ എന്ന ഭേദമില്ലാതെ പൊറുത്ത നാളുകളായിരുന്നു അത്.ലിംഗഭേദമില്ലാതെ സന്ദര്‍ശങ്ങള്‍ വന്നുപോയ വീടാണ്.പാതിരക്ക് വന്ന് ഹോണടിക്കുന്ന വാഹങ്ങള്‍,അതില്‍ നിന്നിറങ്ങുന്ന മനുഷ്യര്‍,സോഡാക്കുപ്പികള്‍.ലഹരിയും അതിന്റെ ചിറകുകളായ പാട്ടും കൂത്തും വേറെയും.രാവില്‍ ഉണര്‍ന്ന് കുളിച്ച് കുപ്പിവളയിട്ടും അല്ലാതെയും വരുന്ന പെണ്ണുങ്ങള്‍ ,  ഭക്തജനങ്ങള്‍.ഇവരെ നോക്കിയാണ്  ഞങ്ങള്‍ ഗുഹാ മനുഷ്യര്‍ കോട്ടുവായിട്ടുത്.ആണുങ്ങള്‍ അകത്തും പെണ്ണുങ്ങള്‍ പുറത്തുമിരുന്ന് സിഗാര്‍ വലിച്ച് ഭക്തജനപാതയിലേക്ക് പുകവിട്ടു.


രണ്ടുവീടിനപ്പുറം പ്രശസ്തമായ ധന്വന്തരി ക്ഷേത്രം ഉണ്ടായിട്ടും ഒരു വാസ്തുവിദ്യയുടെ വില പോലും അങ്ങോട്ടു കല്പിച്ചില്ല. വീടിനു പുറത്ത് രാജന്റെ ശില്പം വെച്ചിരുന്നു.അമ്പലത്തില്‍ വന്നുപോയ്ക്കൊണ്ടിരുന്ന ഭക്തര്‍ ഈ ശില്പത്തെ ഏതോ കരിദൈവമെന്ന് തെറ്റിദ്ധരിച്ച് നീണ്ടുനിവര്‍ന്നു നിന്ന് തൊഴാറുണ്ട്. ഈ ഭക്തി ഞങ്ങള്‍ക്കുനേരെയാണെന്ന് ആദ്യമൊക്കെ തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്.ഈ പരമഭക്തരെ മരുന്നിനു പോലും ഞങ്ങള്‍ മാനിച്ചില്ല.ഇതേതു വഹകള്‍ എന്ന് അമ്പലക്കമ്മിറ്റിക്കാര്‍ ഞങ്ങളെയോര്‍ത്ത് മൂക്കത്ത് വിരല്‍ വെച്ചു.വീടൊഴിഞ്ഞു പോരാന്‍ നേരം അടുത്ത വീട്ടിലെ പെണ്‍സമദൂരക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. ഞങ്ങളുടെ കൊഴിഞ്ഞു പോക്കിനെ ആഘോഷിക്കാനെന്നാണ് കരുതിയത്.എന്നാല്‍ അവരില്‍ നിന്നും കേട്ടത് മറ്റൊന്നായിരുന്നു.‘നിങ്ങള്‍ പോവാണൊ ?’എന്ന ശബ്ദത്തിന് അകമ്പടി എന്തായാലും സന്തോഷമായിരുന്നില്ല.


മനുഷ്യര്‍ മനുഷ്യരെ തിരിച്ചറിയുന്നുണ്ട്,പ്രത്യേകിച്ച് സാധാരണയില്‍ സാധാരണരായ പച്ച മനുഷ്യര്‍.അന്ന് ഞങ്ങളെ യാത്രയയച്ച സ്ത്രീകള്‍ തന്നത് പതിരുകളില്ലാത്ത വിശ്വാസമായിരുന്നു.

ഏതു പ്രകാരത്തിലും അജ് മീറിലെ  തുറന്ന വീടുകള്‍ എന്റെ സ്വപ്നഭൂമിയാണ്.യേശുദാസ് പാടിയതു പോലെ,ഒരു ദിവസം ഞാനവിടെ പോകും.

6 comments:

മണിലാല്‍ said...

അടച്ചിട്ട വീടും തുറക്കാത്ത മനുഷ്യരും ബോറടിപ്പിക്കുന്നതാകുന്നു.സുരക്ഷിത ബോധമാണ് എല്ലാം അടച്ചുവെക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുന്നത്. മാന്ത്രികന്റെ ഇന്ദ്രജാലത്തിലെന്ന പോലെ വിസ്മയിച്ചു പോയിട്ടില്ലെ നമ്മള്‍ ഒരിക്കലെങ്കിലും.അതു വരെ കാണാത്ത ഒരറ തുറന്ന് ചിലര്‍ നമ്മെ അമ്പരിപ്പിക്കുമ്പോള്‍.

മണിലാല്‍ said...

അടച്ചിട്ട വീടും തുറക്കാത്ത മനുഷ്യരും ബോറടിപ്പിക്കുന്നതാകുന്നു.സുരക്ഷിത ബോധമാണ് എല്ലാം അടച്ചുവെക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുന്നത്. മാന്ത്രികന്റെ ഇന്ദ്രജാലത്തിലെന്ന പോലെ വിസ്മയിച്ചു പോയിട്ടില്ലെ നമ്മള്‍ ഒരിക്കലെങ്കിലും.അതു വരെ കാണാത്ത ഒരറ തുറന്ന് ചിലര്‍ നമ്മെ അമ്പരിപ്പിക്കുമ്പോള്‍.

ഗാനൻ said...

അമര്‍ത്തിയടച്ച വീടുകള്‍ പുറമെ നിന്നുള്ള ശബ്ദങ്ങളെ ഇഷ്ടപ്പെടില്ല.കൊട്ടിയടച്ച മനസ്സുകള്‍ അപരന്റെ ആഘോഷങ്ങളെ ഉള്‍ക്കൊള്ളില്ല.

Anonymous said...

Nalini jameela kootukariyennu abimanikkunna manushyar???famous ayathu kondano???entho... ulkkollanavunnilla snehikkatha purushanu munnil shareearam kazhcha vekkunnavare.....

Anonymous said...

jeevikkan vazhiyillathe arum veshyayavunnilla ennu viswasikunnu njan...veshyayavunnathu adhwanikkan vayya...ennal panam venam thanum..anganeyullavaranu...allenkil kallu chumannum jeevikkam...veetu paniyeduthum jeevikkam...ariyathe chethiyil pedunnavare pattiyalla parayunnathu....swanthamayi ee vazhi thiranjedukkunnavareyanu...

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യര്‍ മനുഷ്യരെ തിരിച്ചറിയുന്നുണ്ട്,പ്രത്യേകിച്ച് സാധാരണയില്‍ സാധാരണരായ പച്ച മനുഷ്യര്‍.അന്ന് ഞങ്ങളെ യാത്രയയച്ച സ്ത്രീകള്‍ തന്നത് പതിരുകളില്ലാത്ത ആത്മവിശ്വാസമായിരുന്നു


നീയുള്ളപ്പോള്‍.....