പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, March 24, 2013

കേരളവര്‍മ്മയുടെ ചുമരുകള്‍





(1)


കോളേജിനു പിന്നാമ്പുറത്തെ ഊട്ടിയുടെ ഹരിതംഭംഗി അതേപടി.വാ‍ര്‍ഷികവളയങ്ങള്‍ മരങ്ങളെ കൂടുതല്‍ പ്രൌഢമാക്കിത്തീർത്തിരിക്കുന്നു.ഊഞ്ഞാലാടാന്‍ പാകത്തില്‍ ഞാന്നുകിടന്നിരുന്ന വള്ളിപ്പടര്‍പ്പുകള്‍ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ ഇളകാന്‍ മടിച്ച് തൂങ്ങിക്കിടക്കുന്നു.ഓഡിറ്റോറിയത്തിന്റെ പിറകിലെ ചവിട്ടുപടിയിൽ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാനസികമായ ആഘോഷങ്ങളില്‍ തുടിച്ച്.താടിയും ചിരിയുമായി തമ്പിമാഷ് പഴയതുപോലെ.അലസമീ ജീവിതമെന്നുൽഘോഷിച്ച് വിനോദ്ചന്ദ്രൻ മാഷ്.മരങ്ങൾ നട്ട് ഗീതട്ടീച്ചർ. ചെസ്സ് കളിയിലെ നീക്കം പോലെ  ശ്രദ്ധയോടെ അനിൽമാഷ് .മദ്യത്തിൽ നിന്നും മദ്യവിരുദ്ധതയുടെ തീവ്രലഹരി വാറ്റിയെടുത്ത ജോൺസ് മംഗലം.
തൊപ്പിവെച്ച് എന്റെ നാട്ടുകാരൻ മധുമാഷ്.

മരങ്ങളും മഞ്ഞക്കിളികളും കൈകോർത്ത് മലയാളം ഡിപ്പാർട്ട്മെന്റ്.പുരുഷന്മാർക്ക് അകലെ നിന്നും നോക്കിക്കാണാവുന്ന പെൺഹോസ്റ്റൽ.രാജഭവനത്തെ ഓർമിപ്പിക്കുന്ന ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റ്.

 പഴയ രാമേട്ടന്റെ സ്ഥാനത്ത് പുതിയ കാന്റീന്‍ ഒരു ചേലുമില്ലാതെ.കാന്റീനിന്റെ മുന്നില്‍ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി, മണപ്പുറത്തുനിന്നാണ്.

 മരത്തറകള്‍ക്കും അവിടുത്തെ  ഇരിക്കപ്പൊറുതികൾക്കും കാലങ്ങളുടെ വ്യത്യാസമില്ലാതെ.പണ്ട് അരാജകവാദത്തിന്റെ  ഭാഗമായി കാളവണ്ടിയുമായി കാമ്പസില്‍  വന്ന താടി ഡേവിസിന്റെ കാലമല്ല ഇത്.സൌഹൃദമായി നിറഞ്ഞാടിയ കെ.ആര്‍.ബീനമാരേയും ഇനി കണ്ടെന്നുവരില്ല.കാമ്പസ് കൈപിടിച്ചു നടത്തിയ ആര്യയേയും രാമകൃഷ്ണനേയും ഓർമ്മ വന്നു.

‘എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,
എത്ര മരണങ്ങള്‍ വേണം ഒരു ജീവിതമാവാന്‍’

എന്ന് മനോഹരമായ ഭാഷാചിത്രം വരച്ച എഴുത്തിലെ      ഒറ്റയാന്‍ മേതില്‍ ഇനിയുമുണ്ടാവണമെങ്കില്‍ കാമ്പസും കാലവും എത്ര കാത്തിരിക്കണം.അടവ് പിഴച്ചതും അല്ലാത്തതുമായ യു.ജി.സി വണ്ടികള്‍ കാമ്പസ് തുറസിനെ കവര്‍ന്നെടുത്തിരിക്കുന്നു.
 ഇതിന്റെ മറവിലും സൌഹൃദങ്ങളും ഹൃദയദാഹങ്ങളും തൊട്ടും  തലോടിയും നില്പുണ്ട്.

കൊമ്പന്‍ മീശയും അതുയര്‍ത്തുന്ന ഭീതിയെ ചുണ്ടിലെ സൌമ്യത കൊണ്ട് ചോർത്തിക്കളയുകയും ചെയ്യുന്ന  പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ്മയിലെത്തുന്നത്.പികെടിയുടെ മകള്‍ ലണ്ടനില്‍ നൃത്താദ്ധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ ശ്രീകല പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു  .ശ്രീകല നൃത്തം വെച്ച കാമ്പസാണ് .
ഹാളിലേക്ക്  കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ചുമരിലെ എഴുത്തിലാണ്.  


ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു .


  സമൂഹത്തിന്റെ മനസ്സാണ് ഓരോ ചുമരും മതിലുകളും വെളിപ്പെടുത്തുന്നത്.ഇപ്പോള്‍            
ആ സ്ഥാ‍നം    ഫ്ളക്സുകള്‍ക്കാണ്.ഫ്ളക്സൂകള്‍ നോക്കിയാല്‍ കേരളത്തിന്റെ നിലവാരം   എന്താണെന്ന് ഊഹിക്കാം,നിലവാരത്തകര്‍ച്ചയും.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കേരളവര്‍മ്മയില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും കാണുക,എന്തായിരിക്കും  കിട്ടുക എന്നൊക്കെ ആലോചിച്ചിരുന്നു.പക്ഷെ ഈ ഒറ്റ ചുമര്‍സാഹിത്യത്തില്‍   കാമ്പസിന്റെ  നിത്യയൌവ്വനം കണ്ടു.മാറുന്നത് കാമ്പസ് വിടുന്നവര്‍ മാത്രമാണ്.


സെമിനാറില്‍ പങ്കെടുത്ത ഇ.രാജന്‍ മാസ്റ്റരും,ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതട്ടിച്ചറും ഡോ:സര്‍വ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവര്‍മ്മയിലെ മുന്‍ കാലങ്ങളെ ഓര്‍മ്മിച്ചു.പി കെ ടി യിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവർ അവതരിപ്പിച്ചു.മലയാളികള്‍ ചരിത്രരചനയില്‍ വിമുഖരാണെന്നും എം.ജി.എസ്.സമര്‍ത്ഥിച്ചു.


 കേരളവര്‍മ്മയുടെ മനസ്സ് എന്നും വര്‍ത്തമാനത്തിന്റെതാണ്.  കാലങ്ങളെ എന്നും പുതുമയോടെ സ്വീകരിക്കുന്നത്.ചുമരുകളും ഉള്ളും നവീനമായ വരകള്‍ കൊണ്ടും ചിത്രം കൊണ്ടും സമ്പന്നമാക്കുന്നത്.എല്‍.പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങള്‍ ഗാഢമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ കിളിർത്ത് യൌവ്വനത്തിലേക്ക് വിരിഞ്ഞ്  പെണ്‍കുട്ടികളുമൊക്കെയായി ചങ്ങാത്തം തുടങ്ങിയപ്പോള്‍ പഴയ എല്‍കേജി ചിന്തകളെല്ലാം കടലെടുത്തു.

പൊടിമീശയില്‍ നിന്നാണ് പുരുഷജീവിതം കനം വെച്ചുതുടങ്ങുന്നത്, കാമ്പസിലാണത് പൊള്ളിത്തുടങ്ങുന്നത്.



കേരളവര്‍മ്മയിലെ വര്‍ത്തമാനം എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളര്‍ച്ചയെക്കുറിച്ച്. പ്രകമ്പനം കൊള്ളിച്ച പെണ്‍കുട്ടികളെക്കുറിച്ച്,പരാജയപ്പെട്ട പ്രണയങ്ങളെക്കുറിച്ച്.

കേരളവര്‍മ്മയില്‍ പഠിച്ചു എന്ന ഒറ്റക്കാരണത്താല്‍ മുന്മുറക്കാരും പിന്മുറക്കാരും  ഒറ്റ സൌഹൃദത്തില്‍ വരുന്നു പിന്നീടുള്ള കാലങ്ങളില്‍.


(2)



ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന സുധാകരന്‍ മാഷോട് ലോക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാര്‍ക്ക് ചെറിയൊരു വിരോധം.അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്നും റിബേറ്റ് ഖദര്‍മൂണ്ടും അതേനിലവാരത്തിലുള്ള ഷര്‍ട്ടും കാണാതായ വിവരം അറിയുന്നു,അതും     വിലകൂടീയ പശയില്‍ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് പുതച്ച് കോളേജില്‍ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മാഷെ അത്ഭുതപ്പെടുത്തി.തന്റെ ഷര്‍ട്ടിട്ട്  അഭ്യന്തരമന്ത്രിയായ വയലാര്‍ രവി കോളേജില്‍ നെടുനീളത്തിൽ നിക്കുന്നു.അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.മന്ത്രിയുടെ കോലം കത്തിക്കാൻ സൂപ്പന്റെ (ഇപ്പോള്‍ കമ്യൂണിസ്റ്റ് ചൈനക്കാര്‍ക്ക്  കണക്കും കള്ളക്കണക്കും ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ്) നേതൃത്വത്തില്‍ ചൂണ്ടിയതായിരുന്നു ആ വസ്ത്രങ്ങള്‍.


(3)



ഇനി സൂപ്പന്‍ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും   സ്വന്തം പേരിടണമെന്ന് സൂപ്പന്‍ പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.പേര് സുരേഷ്.എരിഞ്ചേരിയില്‍ ജനനം.എഴുത്തച്ഛന്‍ താവഴിയാണ്.ഇത്രമതി.

കുരിശിന്റെ വഴി നാടകം നിരോധിച്ച കാലം.1987.ശ്രീ കേരളവര്‍മ്മയിലെ എസ്.എഫ്.ഐ സഖാക്കള്‍ക്ക്    പ്രതികരിക്കാതെ              
ഇരിക്കപ്പൊറൂതിയില്ലാതെയായി.  എന്തെങ്കിലും ചെയ്തേപറ്റൂ.(പ്രതികരണം ആണ് തൃശൂര്‍ക്കാ‍രുടെ  ദേശീയസമരം.)  അങ്ങിനെ   നാ‍ടകം ചെയ്യാന്‍ തീരുമാനമായി.  പ്രിന്‍സിപ്പള്‍ അനുമതി നല്‍കിയില്ല.നാടകക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന  കാലമായിരുന്നു അത്.പി.ജെ.ആന്റണിയാണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും ഇറക്കിവിട്ടത്.വികാരം വ്രണപ്പെടുന്ന ഒരുവഹ രോഗം ഇടവകകളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്.


ആയതിനാല്‍   നാടകമെന്നു  കേട്ടാല്‍ അധികാരികള്‍ വണ്ടിയും വടിയുമായി ചെന്ന്    മുളയിലെ നുള്ളും.കേരളവര്‍മ്മയിലും പ്രിന്‍സിപ്പല്‍ നാടകത്തെ നിരോധിച്ചു.അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയന്‍ ഭരിക്കുന്ന സഖാക്കള്‍ക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമായിരുന്നു.ഒറ്റക്ക് നിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകര്‍ക്കുന്നൊരു വിദ്യായിരുന്നു അത്.കേരളത്തിലിതൊരു പുതിയ തരംഗമായി മാറുന്ന കാലവുമായിരുന്നു.

ഇലക്ഷന്റെ ഭാഗമായി ചുമരുകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട് എ.ബി.വി.പിയുമായി എസ് എഫ് ഐ ക്കാര്‍  ഉരസല്‍  എന്നൊരു കലാപരിപാടിയും ക്രമത്തിൽ നടത്തുന്ന സമയം കൂടിയായിൽരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാള്‍,ഉറുമി,കത്തി,പട്ടിക,ഇഷ്ടിക,നായക്കുരണപ്പൊടി, തുടങ്ങിയ ആയുധങ്ങള്‍ ഇരുവശത്തും ശേഖരിക്കപ്പെട്ടു.

 സംഘര്‍ഷാവസ്ഥക്കിടയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി പ്ളാൻ ചെയ്തത്.സുരാസുവും അമ്മുവേടത്തിയും പരിപാടിക്കായി നേരത്തെ  എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.പരിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സൂപ്പന്‍ സഖാവിന്റെ കാതില്‍   രഹസ്യം പറയുന്നു.ആവേശം മൂത്താല്‍ ആശാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടും.പിടിച്ചു കെട്ടി തിരിച്ചു കൊണ്ടന്നേക്കണം,അല്ല്ലെങ്കില്‍ ഞാന്‍ വഴിയാധാരമാവും.

ഓട്ടം എങ്ങോട്ടായിരിക്കും സംഭവിക്കുക എന്ന് സൂപ്പന്‍.ദിശയൊന്നും പറയാന്‍ പറ്റില്ലെന്ന് അമ്മുവേടത്തി.എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടീച്ചു കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തിയുടെ വാക്കുകളില്‍ നിന്നും സൂപ്പന്‍ വായിച്ചെടുത്തു.


'നാലുകാലുള്ള നാല്‍ക്കാലികളെ വിടുക വെറുതെ വിടുക.............

രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........കല്ല്ലെറീയുക...........'

പരിപാ‍ടി കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു,അതിനപ്പുറവും സംഭവിച്ചു.

അമ്മുവേടത്തി പറഞ്ഞതു പോലെത്തന്നെ സുരാ‍സു ഇറങ്ങിയോടി.ഒരു നിമിഷം വിദ്യാര്‍ത്ഥികള്‍ പകച്ചു നിന്നു. പകച്ചുനിന്ന സൂപ്പനെ അമ്മുവേടത്തി ഒന്നു നോക്കി.പകപ്പില്‍ നിന്നും മുക്തനായ സൂപ്പനും പിറകെയോടി.മറ്റു ചില സഖാക്കളും സൂപ്പനെ പിന്തുടര്‍ന്നു.കൂട്ടയോട്ടമെന്ന് കരുതി അപരിചിതരും ഓട്ടക്കാരെ അനുഗമിച്ചു.സൂപ്പനൊഴികെ എല്ലാവരും ഗേറ്റുവരെ ഓടിത്തളര്‍ന്നു.ചിലര്‍ അന്തം വിട്ടു നിന്നു,ഇങ്ങനെയൊരു കലാപരിപാടി ആദ്യമാണ്.

ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താന്‍ സൂപ്പന്‍ കിണഞ്ഞു പരിശ്രമിച്ചു.      സുരാസു കുത്തിക്കുകയാണ്.ശരീരത്തില്‍ ചുറ്റിവരിഞ്ഞിരിക്കുന്നത് കാവിയായതിനാല്‍  ഓട്ടത്തിനൊരു അദ്ധ്യാത്മിക പരിവേഷവുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയില്‍ ചുറ്റിയ ഉറുമി നിലത്തുവീഴുന്നത്.കേരളവര്‍മ്മ കോളേജോ കടത്തനാടന്‍ കളരിയോ എന്നൊന്നും ചോദിക്കരുത്.

പ്രത്യേക ശബ്ദത്തോടെ ഉറുമി റോഡിലേക്ക് വീണു. ശബ്ദം കേട്ട സുരാസു ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഉറുമി കയ്യിൽ വീശാൻ പാകത്തിൽ നിൽക്കുന്ന സൂപ്പനെയാണ് കാണുന്നത്. ഓട്ടത്തിന്റെ വേഗത കൂട്ടാതെ തരമില്ലെന്നായി സുരാസുവിന്.കളി കാര്യമാവുകയാണോ?സുരാ‍സുവും ഒരു നിമിഷം ആലോചിച്ചുനിന്നിട്ടുണ്ടാവും എന്ന് ഇവിടെ എഴുതുന്നില്ല.ഓട്ടം തുടരുകയാണ്.    അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയില്‍ ചുറ്റണമെങ്കില്‍ വലിയ പാടാണ്.അത് കാനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പന്‍ ഓട്ടം തുടര്‍ന്നു. ബസ് സ്റ്റോപ്പില്‍ സുരാസു തളര്‍ന്നിരിക്കുന്നതു വരെ,സുരാസുവിനെ വരിഞ്ഞുകെട്ടുന്നതുവരെ.ഒരു വിധം സുരാസുവിനെയും ഓട്ടോയില്‍ കയറ്റി അമ്മുവേടത്തിയെ ഏല്‍പ്പിക്കാന്‍ കോളേജിലേക്ക് തിരിച്ചു പോരുമ്പോള്‍ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കള്‍. കാവിധാരിയായ  സുരാസുവിന് പിന്നാലെയുള്ള ഓട്ടം അവരെ മറ്റൊരു തരത്തില്‍ തെറ്റിദ്ധരിപ്പിച്ചതാണ്.അവരും കാവിധാരിയെ പിന്തുടര്‍ന്നു വരികയായിരുന്നു.


ഇതിനിടയില്‍ കാവിധാരിയായ ഒരാളെ സഖാവ് സൂപ്പന്‍ പിന്തുടരുന്നതു കണ്ട് മറ്റേ സംഘവും ആയുധശേഖരത്തോടെ സംഘടിക്കുന്നുണ്ടായിരുന്നു.

ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയ ഒരു സംഘര്‍ഷം ഒഴിവായി എന്നതാണ് സംഗതികളുടെ ബാക്കിപത്രം.


ഒരു വിപ്ളവം നടത്തിയ അനുഭവമാണ് ഇതിലൂടെ സൂപ്പന്‍ അനുഭവിച്ചത്.എന്നും എല്ലാ തരം വിപ്ളവങ്ങളേയും സ്നേഹിച്ചിരുന്നു സൂപ്പന്‍.ഇന്ത്യന്‍ വിപ്ളവം വഴിമുട്ടിയപ്പോള്‍ വിപ്ളവ ചൈനയിലെ ഹോങ്കോങില്‍  കുടുംബജീവിതം തകര്‍ക്കുയാണിപ്പോള്‍. 





1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കേരളവർമ്മയും ഊട്ടിയും പിന്നെ പഴയ ഓർമ്മകളും..


നീയുള്ളപ്പോള്‍.....