പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, November 18, 2013

വൃശ്ചികക്കാറ്റിൻ വികൃതിയിൽ ...........





പതിവിനു  മുന്നേ വൃശ്ചികക്കാറ്റ് പതുങ്ങിവന്ന് മരങ്ങളെ വിറപ്പിച്ചു. ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പില്‍ ക്ഷമ നശിച്ചിട്ടെന്നപോലെയാണു പതുങ്ങി പതുങ്ങിയുള്ള കാറ്റിന്റെ വരവ് .വലിയ മരത്തിന്റെ ചെറു ചില്ലകളിൽ അത് വരവവറിയിച്ചു.

തിരുനെല്ലിയിലെ വനലഹരിയിലേക്ക്  പോകാന്‍ ഉടുത്തൊരുങ്ങിയ   ഞാന്‍ ഒന്നു ശങ്കിച്ചു. എക്കാലവും കോരിത്തരിപ്പിച്ചിട്ടുള്ള  കാറ്റിനെ വിട്ട്  പോകണോ.

 വൃശ്ചികത്തിന്റെ ഇംഗ്ളിഷ്  പരിഭാഷയായ നവംബറിൽ    തന്നെയാണു ഗോവയിലെ  ഫിലിം ഫെസ്റ്റിവല്‍ .പത്തുദിവസം കാറ്റെതര  ലഹരികളിലൂടെ ഈ ദിവസങ്ങൾ കടന്നു പോകും.അവിടെ  സിനിമയിലെ സൗണ്ട് ട്രാക്കില്‍ നിന്നുള്ള കാറ്റനുഭവിച്ചു  സംതൃപ്തിയടണം . ഐനോക്സിലെ സൗണ്ട് സിസ്റ്റത്തില്‍ നിന്നും വരുന്ന സിനിമാക്കാറ്റും ലഹരി പിടിപ്പിക്കുന്നതാകുന്നു.
.

 കാറ്റ് നേരത്തെ വന്നു പോകുമോ.എന്തും സംഭവിക്കാം.


ഇടതും വലതുമായ പണ്ടാറക്കെട്ടുകളും അതിനേക്കാൾ പണ്ടാറങ്ങളായ  കുഞ്ഞാടുകളെ പോറ്റി വളർത്തുന്ന ഇടവക(ഒരു വഹ)യുമൊക്കെ
കാറ്റിനേയും കാലാവസ്ഥയേയും തുറന്നു വിടുന്ന മഹാമാന്ത്രികതയുടെ പര്യായമായ  പശ്ചിമഘട്ടത്തെ തകർത്തിട്ടേ അടങ്ങൂ എന്ന വാശിയിലുമാണല്ലോ.ഞങ്ങൾ വൃശ്ചികക്കാറ്റിന്റെ   ഉടമസ്ഥരും ഹർത്താൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു.ഞങ്ങൾ ജനങ്ങളെ  പ്രാന്ത് പിടിപ്പിക്കരുത്. പിടിച്ചാൽ പിന്നെന്താണ് സംഭവിക്കുകയെന്ന് പറയാൻ മേല.


തിരുനെല്ലിയിലെ ലഹരിപിടിപ്പിക്കുന്ന  ഈറന്‍ കാലാവസ്ഥയിലും ഞാന്‍ കാറ്റിനെ ഓര്‍മിച്ചുകൊണ്ടിരുന്നു.അവിടുത്തെ തണുപ്പും ഇവിടുത്തെ കാറ്റും ഒരുമിച്ചനുഭവിക്കുന്നതു പോലെ ഒരനുഭവം ഓര്‍മ്മയിലൂടെ ഞാന്‍ സൃഷ്ടിച്ചെടുത്തു.കാറ്റില്ലാതെയും അവിടെ ഞാന്‍ കാറ്റിന്റെ വിളി   കേട്ടു,കുസൃ തി കേട്ടു,സംഗീതം  കേട്ടു.
 വൃശ്ചികകാറ്റ്   അതിന്റെ   തട്ടകത്തേക്ക്  ആഴത്തിൽ  എന്നെ  വലിച്ചു കൊണ്ടിരുന്നു.


വൃശ്ചികക്കാറ്റ് തൃശൂര്‍ക്കാരുടെ സ്വന്തം കാറ്റാണ്.  ചുരം കടന്ന് പാലക്കാടന്‍ കാര്‍ഷികതലമണ്ടയിൽ  തലോടി തൃശൂരിലേക്ക് കുതിരാന്‍ കയറിയിറങ്ങി വരുന്ന കുസൃതിയാണ് വൃശ്ചികക്കാറ്റ്.വടക്കോട്ട് പൊന്നാനിയോളമെത്തില്ല.തെക്കോട്ട് കൊടുങ്ങല്ലൂരു വരേയും. തെറിപ്പാട്ടും മതംമാറ്റവും ഈ ഉശിരൻ കാറ്റിനു ഇഷ്ടമല്ലെന്നു തോന്നുന്നു.


 വൃശ്ചികക്കാറ്റിന്റെ നേര്‍ രേഖ തൃപ്രയാര്‍  വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ ചേറ്റുവ ചാവക്കാട് എന്നിവിടങ്ങളിലേക്കാണ് ഉന്നം വെക്കുന്നത്. ചിറകുകളുമായിട്ടാണു വായുകുമാരന്റെ വരവ്.ചിറകുമോഹികൾ കാറിനൊപ്പം പറക്കും,അല്ലാത്തവർ പൊടി തട്ടും എന്ന് പറഞ്ഞ് വാതിലടക്കും.കൂടെ പോരുന്നവരെ കാറ്റെടുത്ത് അമ്മാനമാടും.കാറ്റിന്റെ കൈകളിൽ എന്ന പ്രയോഗം പോലും ഞങ്ങളുടെ നാട്ടിലെ കവികൾ ഉണ്ടാക്കിയതാണ്‍... .....,.ധീരപാലൻ ചാളിപ്പാട്ടോ സത്യൻ വഴിനടക്കലോ  കെ.എസ്‌ .കെ  തളിക്കുളമോ ആരെങ്കിലുമാവട്ടെ.കവികളല്ലല്ലോ  കവിതയല്ലേ പ്രധാനം !




വൃശ്ചികക്കാറ്റിന്റെ കാലം ലഹരിപിടിപ്പിക്കുന്നത് ഓര്‍മ്മകളിലാണ്.തെങ്ങില്‍ നിന്നും ഓലയടക്കം എല്ലാ പണ്ടാരങ്ങളും വെട്ടിയിറക്കുന്ന  കാലം കൂടിയാണത്.തെങ്ങിന്‍ മണ്ടയുടെ ഭാരം കുറക്കാനായിരിക്കണം ഓലകള്‍ വെട്ടിയിറക്കും.വിളഞ്ഞതും വിളവു കുലകള്‍ താഴെയെത്തും.പക്ഷെ കരിക്ക് മാത്രം വരില്ല. കാറ്റില്‍ ഉലഞ്ഞു തെങ്ങുകള്‍ വീഴാതിരിക്കാന്‍ വേണ്ടിയായിരിക്കണം ഈ തലഭാരം വെട്ടിയിറക്കുന്നത് .


കാറ്റിൽ ആലോലമുലയുന്ന    തെങ്ങിലേക്ക്  തെങ്ങുകയറ്റക്കാര്‍   എന്തിവലിഞ്ഞുകയറുന്നത് മറക്കാനാവാത്ത കാഴ്ചയാണ് .ഉലയുന്ന തെങ്ങിന്‍ തുഞ്ചത്തുനിന്നും നാളികേരമാണോ  കയറ്റക്കാരനാണൊ ആദ്യം വീഴുക എന്ന് ഞങ്ങള്‍ ശ്വാസം പിടിച്ച്  താഴെ കാത്തിരിക്കും.തെങ്ങുകയറ്റക്കാര്‍ ആരും തെങ്ങില്‍ നിന്നു വീണു മരിക്കില്ല.താഴെ കൂടി പോകുന്ന മറ്റുള്ളവര്‍  അവര്‍ ചെത്തിയിടുന്ന നാളികേരം വീണോ ഓലമടല്‍ വീണോ മരിക്കുന്നത്  സുലഭവുമായിരുന്നു.

വൃശ്ചികക്കാറ്റു പ്രണയം പോലെയോ ദാമ്പത്യം പോലെയോ ആണ് .അതു നമ്മെ ഇടത്തോട്ടു വലിക്കുന്നു.വലത്തോട്ടു വലിക്കുന്നു,ചുറ്റിവരിയുന്നു,ശ്വാസം മുട്ടിക്കുന്നു, ചുഴറ്റിയടിക്കുന്നു,വട്ടം കറക്കുന്നു,നിലം പരിശാക്കുന്നു . നില്‍ക്കക്കള്ളിയില്ലാതെ പ്രായമായവര്‍ പറഞ്ഞു പോകും,ഈ നശിച്ച കാറ്റ്........
ഞങ്ങള്‍ക്കാണെങ്കില്‍ കാറ്റിനൊപ്പം പറന്നുകളിക്കണം.  കാറ്റിനോടു  കയർത്തിട്ടൊന്നും ഒരു  കാര്യവുമില്ല.കാറ്റു ഞങ്ങളെ എവിടെയൊക്കെ കൊണ്ടുപോയിട്ടില്ല!

കാഴ്ചകളില്‍ ഇല്ലെങ്കിലും മനുഷ്യര്‍ കാറ്റിനെ അറിയും.മഴ പോലെ ഒരനുഭവമാണത്.കാറ്റിനുള്ളിലാണ് നമ്മളെന്ന് അറിയുന്നേയില്ല.വൃശ്ചികക്കാറ്റ് നമ്മെ പൊതിയുന്ന ഒരു വസ്ത്രമാണ്.നമ്മള്‍ സഞ്ചരിക്കുന്നിടത്ത് കാറ്റുണ്ട്,കാറ്റു സഞ്ചരിക്കുന്നിടത്ത് നമ്മളുമുണ്ട്.ഒരേ വേഗത്തില്‍ ഒരേ താളത്തില്‍ കാറ്റും ഞങ്ങൾ  കുട്ടികളുമങ്ങിനെ. കാറ്റുകാലത്തിനെന്തൊരു വേഗമാണ് .എത്ര പെട്ടെന്നാണ് കാറ്റു ഞങ്ങളെ  വീട്ടിൽ നിന്നും സ്കൂളിൽ കൊണ്ടുവെക്കുന്നത്.തിരിച്ചു വരാനും കാറ്റുണ്ട്,കാറ്റിൻപുറമുണ്ട്.

 തെങ്ങോലകള്‍ ഒന്നിനുമുകളിലായി കൂട്ടിയിട്ട് അതിനുമേല്‍ ആന കളിക്കുമ്പോള്‍ കാറ്റായിരുന്നു അന്നത്തെ കളിക്ക്  ചാലകശക്തി എന്ന് ഇന്നറിയുന്നു.അന്ന് കാറ്റിനൊപ്പമായിരുന്നു എല്ലാം. സ്കൂളില്‍ പോകുന്നത്,ഊഞ്ഞാലാടുന്നത്,രാവിലെ പല്ലു തേക്കുന്നത്,പാലുവാങ്ങാന്‍  പോകുന്നത്,പമ്പരം കളിക്കുന്നത്,പാടത്ത് പുല്ലരിയായന്‍ പോകുന്നത്,ചൂണ്ടയിടുന്നത് ,ചന്തി കഴുകുന്നത് ,ചണ്ടികൊണ്ടുള്ള ചങ്ങാടത്തിൽ യാത്ര ചെയ്യുന്നത്,മരം കേറുന്നത് ,മദം കൊള്ളുന്നത് ,എല്ലാം.



അന്ന് കടല്‍ത്തിരമാലകള്‍ പോലെയാണ് നെല്‍ വയലുകള്‍ നൃത്തം വെക്കുക.അകലെ മരണവീടൂകളില്‍ നിന്നുള്ള കരച്ചിലുകള്‍ ഞങ്ങളെ    തഴുകിപ്പോയിട്ടുണ്ട് ,വൃശ്ചികകാറ്റിനൊപ്പം.തലയില്‍ നെല്‍ക്കറ്റയേറ്റി പോകുന്ന ഞങ്ങളെ കാറ്റ് വരമ്പില്‍ നിന്നും ചെളിയിലേക്ക് തള്ളിയിട്ടിട്ടുമുണ്ട്.



കായലില്‍ ചൂണ്ടല്‍ ഇട്ടു മീന്‍ കൊത്തുന്നതും കാത്തിരിക്കുന്ന ഞങ്ങള്‍ വെയിലും കാറ്റുമേറ്റു വരണ്ടു പോകും.ചൂണ്ടയില്‍ കൊരുത്ത് കരയിലേക്ക് വീഴുന്ന മീനുകള്‍ ചത്തു വിറങ്ങലിക്കും.വരണ്ടുണങ്ങിയ ഞങ്ങളെ കാറ്റിന്റെ ഊക്ക് എടുത്തു കൊണ്ടുപോകുമെന്ന്   ഭയപ്പെട്ടിരുന്നു.


കാറ്റില്ലെങ്കിൽ ഗന്ധമുണ്ടൊ?ആണ്‍ പെണ്‍ കുട്ടിഗന്ധങ്ങൾ കാറ്റിൽ ഇടകലരുന്നു.

കാറ്റില്‍ നിന്നും ഞങ്ങള്‍  വിടുതൽ  നേടി ശ്വാസം വിടുന്നത്   കുളത്തിലോ കായലിലോ

ഊളിയിടുമ്പോഴാണ്.വെള്ളത്തിനടിയില്‍ ഞങ്ങള്‍ ആശ്വാസം കൊള്ളും.അന്നത്തെ ഞങ്ങളുടെ  ഇഷ്ടങ്ങളും മറ്റുള്ളവർക്ക്  അനിഷ്ടമായതും   വെള്ളത്തിനകത്താണ് റിലീസ് ചെയ്യുക.വെള്ളത്തിന്റെ ചുമരുകള്‍ ഞങ്ങള്‍ക്ക് വലിയൊരു കോട്ടയുടെ സുരക്ഷിതത്വം നല്‍കിയിരുന്നു.ആഴത്തിന്റെ ഇടനാഴികളിലൂടെ സ്വകാര്യ ആനന്ദങ്ങളിൽ മുഴുകി എത്ര ഒഴികിയിട്ടുണ്ട്.ഒരേ ജലത്തിൽ ഞങ്ങൾ ശ്വസിച്ചു,ഒരേ ജലത്തിന്റെ നനവിൽ ഞങ്ങൾ കാഴ്ചകൾ കണ്ടു.



  എണ്ണിയാലൊതുങ്ങാത്ത വേണ്ടാതീനങ്ങള്‍ അവിടെ റിലീസ് ചെയ്തിട്ടുണ്ട്.  ഉപരിതലത്തിലേക്ക് പൊങ്ങിവരുമ്പോള്‍ പെരുമ്പറ കൊട്ടി   കാറ്റ് കാത്തിരിപ്പുണ്ടാവും.ഇരമ്പത്തിലേക്കും നിശബ്ദതയിലേക്കുമുള്ള തിരിച്ചും മറിച്ചും യാത്രകള്‍ കൊതിപ്പിക്കുന്നതായിരുന്നു.ആഴങ്ങളിലും ഞങ്ങൾ ഗന്ധങ്ങൾ എത്ര  കൈമാറിയിട്ടുണ്ട്.ഒരേ കാറ്റിൽ ഉലയുന്നത് പോലെ.

 കാറ്റിനെ മുറിക്കുന്ന  'സ്വാമി ശരണങ്ങൾ' ഞങ്ങളെ എത്രമാത്രം  അലോസരപ്പെടുത്തിയിരിക്കുന്നു.ഡിസമ്പറിൽ കുളിച്ച്  കയറുന്നവരെ കാറ്റ്  ഈറനണിയിക്കുമ്പോൾ ഏതു നിരീശ്വരവാദിയും  അലറിപപോകും,സ്വാമിയെ ശരണം.

പുല്ലരിഞ്ഞു മടങ്ങുമ്പോൾ കൊലുന്നനെയുള്ള അവളെ  കാറ്റു  കൊണ്ടു പോകുമോ എന്ന് ഞാൻ  ഭയപ്പെട്ടിട്ടുണ്ട് .കാറ്റിൽ അവൾ ഉലയുമ്പോൾ ഞാൻ കണ്ണടക്കും.അപ്പോൾ അവൾ നിറഞ്ഞ വല്ലത്തിൽ പിടിമുറുക്കി നില്ക്കുകയാവും.









 കാറ്റിൻ  ശബ്ദത്തെ   ദൃശ്യത്തിലേക്ക് പാരായണം ചെയ്യുന്ന വിശാലമായ ഭൂമിയും മരങ്ങളും കൃഷിയിടങ്ങളുമെല്ലാം ചുരുങ്ങിയിരിക്കുന്നു.വീഴാറായ ഒരു വലിയ അയിനിപ്ളാവിനു വിലയിടാന്‍ വന്ന മരക്കച്ചവടക്കാരനോടു ഞാന്‍ പറഞ്ഞു,മരം വില്പനക്കില്ല.




വൃശ്ചികക്കാറ്റിനു ഇളക്കങ്ങളായി മദിക്കാന്‍   വേണം,വേണ്ടുവോളം മരങ്ങള്‍  .



മാർ.....ജാരൻ 
ബ്ളോഗിൽ   നിന്നുള്ള കഥകൾ 
235 പേജ് 
വില 160 
ഡീസി ബുക്സ് 


4 comments:

മണിലാല്‍ said...

ഇടതും വലതുമായ പണ്ടാറക്കെട്ടുകളും അതിനേക്കാൾ പണ്ടാറങ്ങളായ കുഞ്ഞാടുകളെ പോറ്റി വളർത്തുന്ന ഇടവക(ഒരു വഹ)യുമൊക്കെ
കാറ്റിനേയും കാലാവസ്ഥയേയും തുറന്നു വിടുന്ന മഹാമാന്ത്രികതയുടെ പര്യായമായ പശ്ചിമഘട്ടത്തെ തകർത്തിട്ടേ അടങ്ങൂ എന്ന വാശിയിലുമാണല്ലോ.ഞങ്ങൾ വൃശ്ചികക്കാറ്റിന്റെ ഉടമസ്ഥരും ഹർത്താൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു.ഞങ്ങൾ ജനങ്ങളെ പ്രാന്ത് പിടിപ്പിക്കരുത്. പിടിച്ചാൽ പിന്നെന്താണ് സംഭവിക്കുകയെന്ന് പറയാൻ മേല.

Madhu said...

കാലം കുറെയായി വൃശ്ചികം മിസ്‌ ചെയ്തിട്ട്...
നന്നായി മണിലാൽ, ചില വാചക പൊരുത്തങ്ങൾ ഒഴികെ.
ബാല്യം കാറ്റിനോടൊപ്പം പാറിപ്പോകാതെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടല്ലോ, എന്നെപ്പോലെ...

റാണിപ്രിയ said...

മനസ്സില്‍ ഒരായിരം ഓര്‍മ്മകളുടെ തിരയിളക്കി തഴുകുന്നു വൃശ്ചിക കാറ്റ് .............
കാറ്റും മഴയും പുഴയും കടലും എല്ലാം പ്രകൃതി തന്നെ................

Pradeep Kumar said...

വൃശ്ചികക്കാറ്റിന്റെ ആത്മീയ അനുഭൂതിയും, ലഹരിയും അഥിയാനാവുന്നു.... ഫിലിം ഫെസ്റ്റിവൽ നല്ലൊരു അനുഭവമാവട്ടെ എന്ന് ആശംസിക്കുന്നു.....


നീയുള്ളപ്പോള്‍.....