പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, June 28, 2014

മദ്യപാനികൾ നിത്യവും കുമ്പസാരിക്കുന്നു






dc books





















റിട്ടയർ ചെയ്ത ശേഷമാ ഞാൻ തൊടങ്ങീത്.

ഞാനും ഭാര്യയും ഒരേ സമയത്താ റിട്ടയർ ചെയ്തത്. അവളെ കെട്ടുമ്പോ അഞ്ചുപത്ത് വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു.പോകെപ്പോകെ ഒരേ പ്രായമായി.അത് അടുപ്പം കൊണ്ട് സംഭവിച്ചതായിരിക്കുംന്നാ അവളെപ്പഴും പറയുക.


ആർക്കറിയാം.അതൊക്കെ പോട്ടെ, എത്ര നേരംന്നു വെച്ചാ മുഖത്തോടു മുഖം നോക്കിയിരിക്ക്യാ, എത്ര അടുപ്പണ്ടായാലും.

അങ്ങന്യാ തൊടങ്ങീത്.

യൂഡീ ക്ളർക്കായി ഞെളിഞ്ഞിരിക്കുമ്പോഴാ റിട്ടയർമെന്റ് വരുന്നത്.പെണ്മക്കളുള്ളത് രണ്ടിനേം ഒരുവിധം ഭംഗിയായി കെട്ടിച്ചുവിട്ട് സമാധാനായിരിക്കുമ്പോഴാ റിട്ടയർമെന്റ് വരുന്നത്.

ഇത്ര പെട്ടെന്നത് ഉണ്ടാവുംന്ന് അത്രക്കങ്ങ് വിചാരിച്ചില്ല.

അതങ്ങന്യാ ആനപ്പൊറത്തിരിക്കുമ്പോ താഴെ എറങ്ങണേനെ പറ്റിയൊന്നും ആലോചിക്കില്യ. സർവ്വീസിലിരിക്കുമ്പോ മോളീന്ന് കിട്ടണത് താഴേക്ക് കൊടുത്ത് കളിക്കിണേന്റെ ഒരു രസംണ്ടായിരുന്നു.

റിട്ടയർ ചെയ്തതോടെ എല്ലാം പോയി.താഴ്ത്തട്ടും മേൽത്തട്ടും എല്ലാം നിരപ്പായി. അണ്ടിപോയ അണ്ണാനെ പോലേന്ന് പറയാറില്ലെ അതുപോലത്തെ ഒരവസ്ഥ. കിഴക്കോട്ടും വടക്കോട്ടുമൊക്കെ കൊറെ നോക്കി.വടക്കോട്ടും തെക്കോട്ടും നോക്കി.

ഇല എനങ്ങണതും കിളികൾ കൊക്കുരുമ്മുമ്മതും കൊറെ കണ്ടു.ചെടി നട്ട് പൂക്കൾ ഉണ്ടാവുന്നതും പരീക്ഷിച്ചു നോക്കി.അതും ബോറടിച്ചു.ഒരേ പൂക്കൾ ഒരേ ഇലകൾ ഒരേ കിളികൾ.

ഭാര്യയുടെ നിർബ്ബന്ധത്തിനു വഴങ്ങി ഭക്തി ഒന്നു പരീക്ഷിച്ചു നോക്കി.ആ കൃഷിയും രക്ഷപ്പെട്ടില്ല.ആപ്പിസിൽ ദൈവങ്ങളെപ്പോലെ ഇരുന്നതല്ലേ, പരാതിയുമായി വരുന്ന ഭക്തരെ വിരട്ടിയതല്ലെ. കൈക്കൂലിയിൽ കൈതട്ടി വീണില്ലെങ്കിലും വരുന്നവരെ വിരട്ടലിൽ രസം കണ്ടെത്തി.

മറ്റൊന്നിനെ ദൈവമായി കാണാനും പറ്റണില്ല.പിന്നെ ഇങ്ക്വിലാബിന്റെ രോഗവുമുണ്ടാർന്നു.


ഗതികെട്ട് പണ്ട് മലയാളികൾ  ആസാമിൽ പോയതുപോലെ എന്തും വരട്ടെയെന്ന് നിനച്ച് ഇറങ്ങിത്തിരിക്കയായിരുന്നു,ഗുരുക്കന്മാരായിട്ട് കൊറെ പേരുണ്ട്.

  അങ്ങനാ തൊടങ്ങീത്. ബെവറേജിനു മുന്നിലും ബാറിനുള്ളിലുമൊക്കെ ആളോള് ഇങ്ങനെ തിക്കിത്തിരക്കണ കാണുമ്പോ ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള വഴീന്നൊക്കെ   തോന്നിച്ചിരുന്നു.ഇവരൊക്കെ കുടിച്ച്തീർക്കണ വെള്ളത്തിന്റെ കണക്കെടുത്താൽ പവർക്കട്ട് വേണ്ടിവരില്ലെന്ന് തോന്നീട്ടുമുണ്ട്, ഇടുക്കിയൊക്കെ മാറിനിൽക്കണം.



അദ്യായിട്ട് മണപ്പിച്ചപ്പോ  പൊട്ടക്കിണറ്റിലിറങ്ങുമ്പോഴത്തെ ഒരു നീരസൊക്കെണ്ടാർന്നു.താറാമുട്ട കടിച്ചും അച്ചാറിൽ നക്കിയും കക്ഷം മണപ്പിച്ചും സോഡയും വെള്ളവും  കൊണ്ട് നേർപ്പിച്ചും വായക്കൊരു സുഖണ്ടാക്കി അങ്ങട് കണ്ണടച്ച് വിഴുങ്ങായിരുന്നു. ഉപ്പ ഒന്നും വേണ്ടാന്നായി,വെള്ളം പോലും.




ഇളം മഞ്ഞിൽ പുതപ്പിനുള്ളിൽ കൈരണ്ടും കാലുകൾക്കിടയിൽ തിരുകിവെച്ച് അടുക്കളല് പെമ്പിറന്നോത്തി വെരുകുപോലെ വെപ്രാളപ്പെടുന്നതിന്റെ എത്തം കേട്ടു കിടക്കുമ്പോൾ  നേരം വെളുക്കല്ലെ എന്നായിരുന്നു സർവ്വീസിലിരിക്കുമ്പോ.ഇത് തൊടങ്ങീപ്പോ നേരമെന്താ വെളുക്കാത്തെ എന്നായി.ജനവാതിലിൽ കറുപ്പ് മാറി വെളുപ്പാകുന്നതും നോക്കി അങ്ങനെ കെടക്കും.വാച്ചിലും മാറിമാറി നോക്കും.രാവിലെ പെമ്പ്രന്നോത്തി കൊണ്ടരണ ചക്കരക്കട്ടൻ പേരിനൊന്നിറക്കും,പിന്നെ അവൾ കാണാതെ പുറത്തേക്കൊഴിക്കും.അവൾ ദോശ ചുടാൻ വട്ടം കറങ്ങുന്നിതിനിടയിലാ പുറത്തേക്ക് ചാടുക.എട്ടുമണിക്കാണ് മൂലയിലെ ബാറോട്ടൽ തൊറക്കാ.അയിനു മുമ്പേ തന്നെ എത്തും. അപ്പോത്തന്നെ ഒരു സിനിമക്കുള്ള ആളുണ്ടായിരിക്കും.  ചെരിപ്പിന്റെ വാറുപൊട്ടലും വീഴലുമൊക്കെ സർവ്വ സാധാരണമാ, ഗേറ്റുതൊറക്കുമ്പോ. ഇത്രക്ക് മൽസരബുദ്ധി വേണോ എന്ന് ഡ്രൈഡെയിൽ ഒരു മാസത്തെ ബെവറേജ്ജീവിതം അയവിറക്കുമ്പോൾ ആലോചിക്കാറുണ്ട്.ഞാൻ മാത്രമല്ലല്ലോ എന്ന് സമാധാനിക്ക്യേം ചെയ്യും.


എന്റെ ഒരു ദിവസം എങ്ങിന്യാന്ന് വെച്ചാൽ ബാറുതൊറക്കുമ്പം ഒന്നര.ചങ്കിറങ്ങിപ്പോയ ഒന്നരയെ ചില മെയ്യഭ്യാസങ്ങളിലൂടെ ശരീരത്തിന്റെ എല്ലാ മുക്കിലും മൂലയിലേക്കും എത്തിക്കും.(കഥകളി പഠിക്കുന്നത് മദ്യപാനത്തിന് നല്ലതാന്ന് തോന്നിയിട്ടുണ്ട്.)

അപ്പോ ഒരിരുത്തം വരും.

ശരീരത്തിന്റെ എല്ലാ മുറുമുറുപ്പുകളും അടങ്ങും.ലോകത്തോട് സ്നേഹവും അനുഭാവവും തോന്നിത്തുടങ്ങും.ഭാര്യയോടു പോലും ഒരിതുണ്ടായിത്തുടങ്ങും. ദോശ കഴിക്കാതെ പോന്നതിൽ ഇത്തിരി വിഷമം തോന്നും.


 കിളികൾ പാടുന്നതും മനുഷ്യർ പണി ചെയ്യുന്നതും വേറുതെയല്ലെന്ന്  തോന്നിത്തുടങ്ങും.

പക്ഷെ ഇതൊന്നും നോക്കി സമയം കളയാനും പറ്റില്ല.  ഒരോട്ടോ പിടിച്ച് നേരെ  ഏഴാംകല്ലിലെ ബാറിലേക്ക്.രണ്ടരകിലോമീറ്റർ അകലമുണ്ട്.

മറ്റൊരു ബാറിലേക്ക് എന്തിനാന്ന് നിങ്ങൾ  സ്വാഭാവിമായും ആലോചിക്കുന്നുണ്ടാവും.അതിനും കാരണമുണ്ട്.കാരണമില്ലാതെ ഞാൻ ഒന്നും  ചെയ്യില്ല.കാരണമുണ്ടെങ്കിലും ഒന്നും ചെയ്യാത്ത വർഗ്ഗത്തിന്റെ കൂട്ടത്തിലാണ് ഞാൻ വർഷങ്ങളോളം പേനയുന്തിയതെങ്കിലും.ബാറിൽ അളക്കുന്നവർക്കൊരു ദുശ്ശീലമുണ്ട്.ആദ്യത്തെ പെഗ്ഗ് കറക്ട് ആയിരിക്കും.വിറയോടെ നിൽക്കുന്നവരെ കണ്ടാൽ അവർക്ക് മനസലിയും, അളവിൽ മറിമായം  ചെയ്യാൻ   അവർക്ക് തോന്നില്ല.പക്ഷെ രണ്ടെണ്ണം അകംപൂകി ഒരു പതം വന്ന് നിൽക്കുമ്പോൾ അവർക്കും തോന്നും ഇത്തിരി കുറച്ചാലും തരക്കേടില്ല.

അതുകൊണ്ടാ മറ്റൊരു ബാർ  അന്വേഷിക്കുന്നത്.രണ്ടുബാറുകൾ പിന്നിട്ടുകഴിഞ്ഞാൽ   ബാറിലേക്ക് തിരിഞ്ഞുനോക്കില്ല.ഇളംവെയിൽ മൂത്തുതുടങ്ങുമ്പോഴേക്കും  സർക്കാർ  കനിവുകാട്ടി തുടങ്ങിയിട്ടുണ്ടാവും.


ബെവറേജിന്റെ മുന്നിലാ  പിന്നത്തെ ഗുസ്തി .അതൊന്നാന്തരം ഗുസ്തി തന്നെയാ.




ക്യൂ നാലു തവണ നിൽക്കും.ഓരോ തവണയും കാൽക്കുപ്പി  വീതം വാങ്ങും.

ഞാൻ മനസാ സുകുമാരൻ തൊണ്ടയിലൂടെ ഇറക്കിയ അളവിനെ കൂട്ടിനോക്കി.നാലുകാൽ കൂട്ടിയാൽ   ഫുൾകുപ്പി.അത് പന്ത്രണ്ട് പെഗ്ഗ് വരും.പിന്നെ രണ്ടു ഒന്നര സമം മൂന്നുപെഗ്.ആകെ പതിനഞ്ച് പെഗ്. ഞാനാ ശരീരത്തെ ഒന്നു നോക്കി.അഞ്ചടി കഷ്ടി. ഭാരം എത്ര തൂക്കിയാലും അൻപത് കിലോവിൽ കൂടില്ല.വെള്ള ഷർട്ട് വെള്ളമുണ്ട്.ഷർട്ടിനു ഒറ്റമടക്കു മാത്രം.ചെറുതായി താടിയുണ്ട്.എണ്ണ തേച്ച് മിനുക്കിവെച്ച തല.ചെറിയ താടി.

അപ്പോ

പതിനഞ്ച് പെഗ്ഗ്…ഞാൻ കണക്കപ്പിള്ളയുടെ മട്ടിൽ ഒന്നു മാന്തി നോക്കി.

പതിനഞ്ച് വരില്ല.

അതെന്താ എന്ന് ഞാൻ.

ആദ്യത്തെ അടിയിൽ ഒരു ഛർദ്ദി പതിവുണ്ട്.

എങ്കിൽ ഒന്നര കുറച്ച് പതിമൂന്നര.

ഒന്നര മുഴോനം പോവില്ല.

കണക്കിൽ തോൽക്കുന്ന ഒരു സ്കൂൾ കുട്ടിയോളം ഞാൻ ചെറുതായി.


ഒരു പതിനഞ്ച് പെഗ്ഗിൽ നിന്നും ഒരു ഛർദ്ദി (അതെത്രയായാലും)കിഴിച്ചാൽ കിട്ടുന്നതണ്  എന്റെ മുന്നിൽ നിൽക്കുന്ന   സുകുമാരൻ നായർ.



ഈ കഥ വിവരിക്കുമ്പോൾ സുകുമാരൻ നായർ മദ്യം നിർത്താൻ വേണ്ടി  പൂമലയിലെ ജോൺസൻ മാഷും സംഘവും നടത്തുന്ന  പുനർജ്ജനിയിൽ താമസിക്കുകയാണ്.ഇടക്ക് ഞാൻ അവിടെ പോകാറുണ്ട്. ജീവിതദർശനം എന്ന് പറയുന്നത് നോർമൽ മനുഷ്യന്മാർ പറയുന്നതല്ല, ഇവിടെ വരണം.

എന്റെ ചില സുഹൃത്തുക്കൾ അവിടെ ഒന്നാം തീയതി അവിടേക്ക് വെച്ച് പിടിക്കാറുണ്ട്.

മദ്യം നിർത്താൻ ചെല്ലുന്നവർക്ക് ആദ്യ ദിവസം ആഘോഷത്തിന്റേതാണ്.വയറു കവിയുംവരെ മദ്യം കൊടുക്കും.ഇതെന്ത് ഏർപ്പാടെന്നു കൂടെ വരുന്നവരും  ഇതാണ് സ്വർഗമെന്ന്   മദ്യപനും വിചാരിക്കും.പക്ഷെ അന്നത്തെ കുടിയോടെ ജോൺസൻ അവരുടെ പരിപ്പെടുക്കും.എന്നുവെച്ചാൽ മദ്യപന്റെ ഈഗോയുടെ മുനയൊടിക്കും എന്നാണർത്ഥം.ഇവർക്കു വേണ്ടി കരുതി വെച്ചിരിക്കുന്ന സ്റ്റോക്കിലാണ് സുഹൃത്തുക്കളുടെ ഉന്നം.ഒന്നാം തീയതി എവിടെയില്ലെങ്കിലും മദ്യം പുനർജ്ജനിയിൽ കിട്ടും എന്നൊരു തോന്നൽ ഞങ്ങൾക്കിടയിൽ ഉണ്ട്.

വീശിയതിനു ശേഷം പൂമല ഡാമിൽ കയറി കാറ്റുകൊള്ളുകയും പാട്ടുപാടുകയും ചെയ്യാം.അത്രക്ക് ഗംഭീരമാകുന്നു ഈ മലയും ഈ ഡാമും.ഡാമിന്റെ കരയിൽ ആണ് പുനർജ്ജനി.ഇവിടെ  മദ്യം ഇളക്കിമറിച്ച ജീവിതങ്ങൾ കാണാം.അതനുഭവിക്കുന്ന ഭാര്യമാരേയും അമ്മമാരേയും കാണാം.


ഈ ലോകത്ത് ഒരു രോഗിയും അവരുടെ അവസ്ഥയെ അംഗീകരിക്കില്ല.മസിലുപിടിച്ച് ആരോഗ്യലോകത്തെ വെല്ലുവിളിക്കും.മദ്യപാനം രോഗമായവർ ഇത് തീരെ അംഗീകരിക്കില്ല.മദ്യത്തിൽ നിന്നും അവരെ അടർത്തിമാറ്റാൻ ശ്രമിക്കുന്നവരെ അവർ സംശയത്തോടെ മാത്രമെ പരിഗണിക്കൂ.

എന്നെ മാത്രം എന്തിനു ചികിൽസിക്കുന്നു.നൂറുനൂറായിരം പേർ ബെവറേജിൽ ക്യൂ നിൽക്കുന്നതു നിങ്ങൾ കാണുന്നില്ലെ എന്നൊരു ചോദ്യവും അവർ ഉന്നയിക്കും.നുണകൾ കൊണ്ട്  കൊട്ടാരങ്ങൾ പണിയുന്നതും ശൂന്യതയോടു വർത്തമാനം പറയുന്നതും ലോകത്തോടെന്ന പോലെ ചിരിക്കുന്നതും കാണുമ്പോൾ അവർ ആരായാലും സുഹൃത്തുക്കൾക്ക് അവരെ കൊണ്ടുപോയി ചികിൽസക്ക് വിധേയമാക്കാം.സമ്പൂർണമായ മദ്യനിരോധനം അവർക്ക് വിധിക്കാം.


 ഒരേ സമയം നാല്പതോളം മദ്യപരെ ഒന്നിച്ച് കൈകാര്യം ചെയ്തുപോരുന്നുണ്ട് ജോൺസൻ.മദ്യപരെ മാത്രമല്ല അവരുടെ കുടുംബത്തേയും. സ്വയം കൈകാര്യം ചെയ്ത് മദ്യത്തിൽ നിന്നും  കരകയറിയവനാണ് ജോൺസൻ.ഞങ്ങൾ ഒന്നിച്ച്  കേരളവർമ്മ കോളേജിൽ നിരങ്ങിയിട്ടുണ്ട്.


മദ്യപരെ ജോൺസനു ഇഷ്ടക്കേടില്ല, ഇഷ്ടവുമാണ്.മദ്യപാനം ഒരു രോഗമാവുന്നവരെയാണ് ജോൺസൻ ഏറ്റെടുക്കുന്നത്.ക്ഷണിക്കപ്പെടുന്നതും അല്ലാത്തതുമായ എല്ലാ മദ്യസൽക്കാര പാർട്ടികളിലും ജോൺസൺ എത്താറുണ്ട്.സൗഹൃദപരമായ നുരഞ്ഞുപൊങ്ങൽ ആസ്വദിക്കാറുമുണ്ട്. ഒന്നുരണ്ടെണ്ണത്തിനെ തെരഞ്ഞുപിടിച്ച് മാർക്കിടുകയും ചെയ്യും.

അവരുടെ ട്രാക്ക് ശരിയല്ലെന്ന് പറയും.അമ്മയോ ഭാര്യയോ കൂടെയുണ്ടെങ്കിൽ മാത്രമേ ജോൺസൻ മദ്യപരെ പുനർജ്ജനിയിലേക്കെടുക്കൂ.

പെറ്റ തള്ളയോ പേരിനൊരു  ഭാര്യയൊ ഇല്ലാത്ത മദ്യപരുടെ കാര്യം പോക്കാണ്.

അവർക്കും ജീവിക്കേണ്ടെ എന്ന് എന്റെ ജീവിതം വെച്ച് ഞാൻ ജോൺസനോടു പറഞ്ഞുനോക്കി.ഇതൊന്നുമില്ലാത്തവർ എവിടെയെങ്കിലും പോയി തുലയട്ടെ എന്നൊരു മനോഭാവമായിരുന്നു ജോൺസൻ്റെ മുഖത്ത്.


 ദിവസത്തിൽ ഒരു മണിക്കൂർ നേരമെങ്കിലും ഒറ്റക്കിരിക്കാൻ ശീലിച്ചാൽ മദ്യപാനം

ഒരാൾക്ക് മറ്റേതു കാര്യത്തെയും പോലെ  കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നായിത്തീരും.ഒറ്റക്കിരിപ്പ് മദ്യപാനത്തെ മാത്രമല്ല ജീവിതത്തെ ആകെത്തന്നെ അട്ടിമറിക്കും.പുനർജ്ജനിയിലെ അന്തേവാസികൾ നേരം പോവാതെയും എന്തുചെയ്യണമെന്നറിയാതെയും ഇരിക്കുന്ന ഇരിപ്പ് സങ്കടകരമാണ്.അവരെ മാറ്റിനിർത്തി ഒന്നുരണ്ടെണ്ണം ഒഴിച്ചുകൊടുത്താലോ എന്ന് തരളമായ നമ്മുടെ ഹൃദയത്തിൽ തോന്നലുണ്ടാവും.അത്ര

പാവങ്ങളാണ് മദ്യപാനികൾ /രോഗികൾ.അവർക്ക് നീന്താൻ കുളങ്ങളില്ല.ഒളിക്കാൻ മാളങ്ങളില്ല പറക്കാൻ ആകാശങ്ങളുമില്ല.

ക്യൂവിന്റെ സംഘബലവും  അബോധത്തിന്റെ  ശാന്തതയുമാണവരുടെ വീട്.വെയിലിനെ നിലാവാക്കി   രാത്രിയെ പകലാക്കി അവർ ഉയർത്തും.

മദ്യത്തോടുള്ള ആദരവ് എന്തുകൊണ്ട് സഹജീവികളോടില്ലാത്തത് എന്ന് ആരും ചിന്തിച്ചുപോകും.

പുനർജ്ജനിയിലെ ഒരു തിരുവല്ലക്കാരൻ എന്നോടു സ്നേഹം പറയാനെത്തി.അയാൾ അയാളുടെ ബന്ധുക്കളുടെ  സ്ഥാനമാനങ്ങൾ പറയാൻ തുടങ്ങി.വലിയ പോസ്റ്റുകളിൽ ജീവിക്കുന്ന ഒരുപാടുപേരുടെ ലിസ്റ്റ് എനിക്കുമുന്നിൽ നിരത്തി.അയാളുടെ പോസ്റ്റ് മാത്രം അയാൾ പറഞ്ഞില്ല.ഞാൻ ചോദിച്ചുമില്ല.അയാൾ ചികിൽസക്ക് എത്താൻ കാരണം അതു തന്നെ.

മനുഷ്യർക്കിടയിൽ   അന്തരങ്ങൾ ഒരു വിഭാഗത്തെ പാർശ്വവൽക്കരിച്ചുകൊണ്ടിരിക്കുന്നു.അവരിൽ ചിലരെ നമുക്ക് മദ്യപാനരോഗികൾ എന്നും വിളിക്കാം.മറ്റുചിലർ വേറേയും പേരുകളിൽ ഉണ്ട്.മദ്യപാനരോഗികളിൽ ഭൂരിപക്ഷവും സ്വയം ചെറുതായി സങ്കല്പിക്കുന്നവരോ മറ്റുള്ളവരാൽ  ചെറുതാക്കപ്പെട്ടവരോ ആണെന്നാണ് എന്റെ ഏറെക്കാലത്തെ നിരീക്ഷണം.ഈ ലോകക്രമം ഇത്തരം മനുഷ്യരെ എന്നും ഉണ്ടാക്കിക്കൊണ്ടിരിക്കും.


മദ്യപാനം കൊണ്ട് വീണ കുടുംബങ്ങളുണ്ട്.കുടുംബം കൊണ്ട് മദ്യത്തിലേക്ക് വീണ മനുഷ്യരുമുണ്ട്.

ചിലർക്ക് വീട്ടിലേക്ക് കയറുമ്പോൾ ജയിലിലേതു പോലെയുള്ള നടയടിയുണ്ടത്രെ. അതിനെ നേരിടാൻ വേണ്ടി മാത്രം ഒന്നും രണ്ടും കഴിക്കാൻ ശേഷിയുള്ളവർ പോലും മൂന്നും നാലും അഞ്ചും അതിനുമീതേയും അളവുകളിലേക്ക് ഉയരുന്ന കാഴ്ച സങ്കടകമായി അനുഭവിച്ചിട്ടുണ്ട്.

വീട് ജയിലിനേക്കാൾ മഹത്തരമായ ഇടമാവുമ്പോൾ ആരും മദ്യത്തിലേക്ക് ചായും.മനുഷ്യർക്ക് ചായാൻ ആകെയുള്ള ഒരിടവും അതാകുന്നു.കഴിപ്പ് ശേഷി നഷ്ടപ്പെട്ടവരുടെ അണ്ണാക്കിലേക്ക് സപ്ളയർ അവസാനത്തെ സിപ്പും ഒഴിച്ചുകൊടുത്ത് പുറത്തുതട്ടി യാത്രയാക്കുന്നതും ബാറിലെ മനോഹരമായ  കാഴ്ചകളാകുന്നു.


സോഡാക്കുപ്പികളും ഗ്ളാസും പൊട്ടിത്തകർന്ന്  കെ.എസ്.ആർ.ടി.സി.മൂത്രപ്പുരകളേക്കാൾ നാറ്റം വമിക്കുന്ന കണ്ട്രി  ബാറിനകത്ത് സാഹസികമായി സഞ്ചരിക്കുന്ന മദ്യപരെ  നേരിൽ കണ്ടിരുന്നെങ്കിൽ വെള്ളത്തിനു മീതെ ഈസിയായി   നടന്ന പഴയ വീഞ്ഞുവാറ്റുകാരൻ അന്തംവിട്ടുപോയേനെ.


പുനർജ്ജനിയിലുള്ളവർ സന്ധ്യകളിൽ അവർ തൊട്ടടുത്ത പൂമല ഡാമിൽ പോയി ചൂണ്ടയിട്ടിരിക്കുന്നതു കാണാം.മീൻ കുരുങ്ങിക്കിടന്നാലും  ഇല്ലെങ്കിലും അവർക്കൊന്നുമില്ല.കയ്യിൽ കണയുമായി അങ്ങിനെ കുറെ നേരമിരുന്നാൽ അത്രയും നേരം പോയിക്കിട്ടുമെന്നല്ലാതെ മറ്റൊരു ചിന്തയും അവർക്കുണ്ടെന്ന് തോന്നുന്നില്ല.മീൻ കിട്ടിയാൽ അതൊരു ബാദ്ധ്യതയായി മാറുകയും ചെയ്യും.


കുടിയന്  മീനോടുകൂടി ഒരു കുപ്പിയും കൂട്ടിവെക്കണം.മീനും ഇറച്ചിയുമൊക്കെ കള്ളുമായി കൂടിക്കലരുന്ന മനോഹരമായ ചിന്തയാകുന്നു.

അതുകൊണ്ടല്ലെ ഹർത്താൽ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ആഘോഷദിനങ്ങളിൽ  കോഴിക്കടയും ബെവറേജും സഖാക്കളെക്കൊണ്ട് പൊതിയുന്നത്.


ലോകത്തിൽ ഏറ്റവും വലിയ സൂത്രക്കാർ രാഷ്ട്രീയക്കാരോ തസ്കരന്മാരോ ജാരന്മാരോ അല്ല മദ്യപരല്ല, മദ്യപാന രോഗികളാണ്.


മദ്യപാനരോഗം അതനുഭവിക്കുന്ന ഒരാൾക്ക് ഭ്രാന്തുപോലെ സുഖമുള്ള ഏർപ്പാടാണ്.അതിൽ പെട്ടാൽ അതിൽ തന്നെ ആഘോഷിച്ചടങ്ങുന്നതിലാണ് സന്തോഷം. സൈക്യാടിസ്റ്റ് സുഹൃത്ത് പറഞ്ഞു, കുടുംബ പ്രശ്നങ്ങൾ തീർക്കാൻ താങ്കൾ ആരെയും കൊണ്ടുവരേണ്ടതില്ല, അത് പോലെ മദ്യപന്മാരുടെ പിന്നാലെ നേരെയാക്കാൻ നടന്ന് താങ്കൾ സമയം കളയുകയുമരുത്.


മനുഷ്യർക്ക് മറ്റൊരു സന്തോഷത്തിലേക്ക് കൊണ്ടുവരണമെങ്കിൽ അതെവിടെ നിന്നു കിട്ടും?

ലോകത്തിൽ ഏറ്റവും ദരിദ്രനായി ജീവിക്കുന്ന പ്രസിഡന്റ് എന്നു പേരുകേട്ട ഉറുഗ്വാ എന്ന രാജ്യത്തിന്റെ പ്രസിഡന്റ് ജോസ് മുജിക്ക അൽ ജസീറ ടിവിയിലെ പ്രശസ്തമായ അഭിമുഖത്തിൽ ആവശ്യപ്പെടുന്നത് മദ്യത്തിനും മയക്കുമരുന്നിനും ആരും അഡിക്ട് ആവരുതെന്നാണ്.  മനോഹരമായ അഡിക്ഷൻ പ്രണയത്തോടായിരിക്കണമെന്നും എൺപതുകാരനായ പ്രസിഡന്റ് അടിവരയിട്ടു പറയുന്നു.

ഒരു സ്മോൾ രാജ്യമാണെങ്കിലും മദ്യത്തിനും മയക്കുമരുന്നിന്റെ കള്ളക്കടത്തിനും  പേരുകേട്ട ലാർജ് രാജ്യാമാണ് ഉറുഗ്വാ.


  പ്രണയമടക്കമുള്ള അപരബന്ധങ്ങളടക്കം  മനുഷ്യന്റെ എല്ലാ സന്തോഷങ്ങളേയും ജന്മവാസനകളേയും കൊട്ടിയടച്ചതിന്റെ ഉരുൾപൊട്ടലാണ് ബെവറേജിനുമുന്നിൽ കാണുന്ന തിരയിളക്കം.മദ്യത്തിനാണെങ്കിൽ മദ്യവിരുദ്ധരെ മാറ്റിനിർത്തിയാൽ ദേശീയാംഗീകാരവുമുണ്ട്


ആയതിനാൽ   അവർ അതിൽത്തന്നെ സന്തോഷത്തോടെ കഴിയട്ടെ എന്നതാണ് സമൂഹത്തിന്റെ നിർമമത.


ഏറ്റവും സന്തോഷമുള്ള   സമൂഹത്തിൽ ഒരു കലയും നിലനിൽക്കില്ല എന്ന തത്വം പോലെ ഏറ്റവും സന്തോഷമുള്ള സമൂഹത്തിൽ ബെവറേജും നിൽനിൽക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.ആ സമൂഹത്തിനായി നമുക്ക്  ക്യൂ നിന്നും അല്ലാതെയും  ഈങ്ക്വിലാബ് വിളിച്ചുകൊണ്ടിരിക്കാം.














7 comments:

മണിലാല്‍ said...


അദ്യായിട്ട് മണപ്പിച്ച് ചുണ്ടിൽ വെച്ചപ്പോ പൊട്ടക്കിണറ്റിലിറങ്ങുമ്പോഴത്തെ ഒരു നീരസൊക്കെണ്ടാർന്നു.താറാമുട്ട കടിച്ചും അച്ചാറിൽ നക്കിയും കക്ഷം മണപ്പിച്ചും സോഡയും വെള്ളവും കൂടുതലൊഴിച്ച് നേർപ്പിച്ചും വായക്കൊരു സുഖണ്ടാക്കി അങ്ങട് കണ്ണടച്ച് വിഴുങ്ങായിരുന്നു. പിന്നെ ഒന്നും വേണ്ടാന്നായി വെള്ളം പോലും.

ajith said...

മദ്യമുക്തം

Cv Thankappan said...

മദ്യപാനരോഗം എല്ലായിടത്തും പടര്‍ന്നുപിടിച്ചിരിക്കുകയാണ്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

വീട് ജയിലിനേക്കാൾ മഹത്തരമായ ഇടമാവുമ്പോൾ
ആരും മദ്യത്തിലേക്ക് ചായും.മനുഷ്യർക്ക് ചായാൻ ആകെയുള്ള ഒരിടവും അതാകുന്നു.

ചന്തു നായർ said...

ഏറ്റവും സന്തോഷമുള്ള സമൂഹത്തിൽ ഒരു കലയും നിലനിൽക്കില്ല എന്നു പറയും പോലെ ഏറ്റവും സന്തോഷമുള്ള സമൂഹത്തിൽ ബെവറേജും നിൽനിൽക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.ആ സമൂഹത്തിനായി നമുക്ക് ക്യൂ നിന്നും അല്ലാതെയും ഈങ്ക്വിലാബ് വിളിക്കാം.

saidu kootungal said...

മദ്യത്തിന്റെയും മദ്യാപാനിയുടെയും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന അനുഭവം സൃഷ്ട്ടിക്കുന്ന എഴുത്ത് അസ്സലായിരിക്കുന്നു..!!

സജിത്ത്.വി.എസ്സ്. said...

ഏറ്റവും സന്തോഷമുള്ള സമൂഹത്തിൽ ഒരു കലയും നിലനിൽക്കില്ല എന്നു പറയും പോലെ ഏറ്റവും സന്തോഷമുള്ള സമൂഹത്തിൽ ബെവറേജും നിൽനിൽക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.ആ സമൂഹത്തിനായി നമുക്ക് ക്യൂ നിന്നും അല്ലാതെയും ഈങ്ക്വിലാബ് വിളിക്കാം.


നീയുള്ളപ്പോള്‍.....