പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, July 19, 2014

കുരുവിക്കൂടുമരത്തിൽ തൂങ്ങിയ പ്രണയം

d c       b o o k s 




റ്റ മുട്ടില്‍ ഏതുപാതിരാവിലും  തുറക്കപ്പെടുന്നതായിരുന്നു തെരേസയുടെ വാതില്‍.
ജാരന്മാരുടെ പ്രത്യേകതരം മുട്ടല്‍ നട്ടപ്പാതിരയിലെ  ഏതുതരം    ഉറക്കത്തേയും ഉണര്‍ത്തുന്ന സാന്ദ്രമായ സംഗീതമാണെന്ന് ഈ മേഖലയിൽ ചരിക്കുന്ന ആരോടും പ്രത്യേകിച്ച് പറയേണ്ടതില്ല   .  കേള്‍ക്കേണ്ട ആള്‍ മാത്രം അറിയുകയും ഉണർത്തുകയും ചെയ്യുന്ന പ്രത്യേകമായ നാദവീചികളാണ് ഈ മുട്ടലിലൂടെ പുറപ്പെടുക.ലോകത്ത് ഒരു സംഗീതഞ്ജനും ഈ ശബ്ദത്തിന്റെ സാന്ദ്രത നിർമ്മിക്കാനാവില്ല.നൂറ്റാണ്ടുകളുടെ പ്രയോഗത്തിൽ ഉരുത്തിരിഞ്ഞുവന്നതു കൊണ്ടു കൂടിയാവാം ഇതിനെ വെല്ലാൻ സാധിക്കാത്തത്.

വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു അവള്‍,മാളികപ്പുറത്തമ്മയെപ്പോലെ.
ഒറ്റ രാത്രി പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്തത്ര മമത ഞങ്ങള്‍ക്കിടയില്‍ വളർന്നിരുന്നു.ഇന്ന് കാണേണ്ട എന്ന്  പകല്‍ തീരുമാനിച്ചുറച്ചാലും രാത്രിയായാല്‍ കാലാവസ്ഥ മാറും, കാറ്റു മാറി വീശും  അവളിലേക്ക് കുതിക്കാൻ കാലുകൾ വെമ്പും.
സംവിധായകൻ പവിത്രന്‍ പറയാറുള്ളതു പോലെ ഒരു 'ആല്‍ക്കഹോളിക് വെതര്‍' ആഞ്ഞുവീശും.

ചുറ്റുവട്ടത്തെ അവസാനത്തെ വിളക്കണയുന്നതും കാത്ത് ഞാനും തെരേസയും കാത്തിരിക്കും.ചിലർ ലൈറ്റിന്മേൽ ഒരു കളിയുണ്ട്.കെടുത്തും കൊളുത്തും, പിന്നെയും ഈ കളി തുടരും.
പാതിരാ സീരിയലുകളെയും അതിന്റെ അണിയറപ്രവര്‍ത്തകരേയും അത് സംപ്രേക്ഷിക്കുന്ന ചാനലുകളേയും ഞങ്ങള്‍ ശകുനം മുടക്കികൾ എന്നോ കാലമാടന്മാരെന്നൊ ശപിക്കാത്ത ദിവസങ്ങളില്ല.
നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്നതുപോലെയാണ് ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള ഈ സ്വപ്നസദൃശമായ രാത്രിയാത്ര.ഈ രാത്രി യാത്രയെ ഒരു ഭരണകൂടത്തിനും നിരോധിക്കാൻ കഴിയില്ല.കാരണം ലോകം നിലനിൽക്കുന്നത് ഈ രാത്രിസഞ്ചാരത്തിൽ കൂടിയും ആണ്.

അകത്തുനിന്നും അവൾ  വാതില്‍ നിശബ്ദം ചെറുതായി ഒന്ന് തുറന്ന് ആകെ നിരീക്ഷിക്കും.ജാരൻ വ്യാജനാണോ എന്ന് തിരിച്ചറിയാനാണ്.മണം പിടിച്ചറിഞ്ഞാലും ഒന്നുകൂടി ഉറപ്പുവരുത്തും.ജാരജാരണിമാർ തൊട്ടറിഞ്ഞേ എന്തും വിശ്വസിക്കുകയുള്ളു.കാരണം ഇരുട്ടിന്റെ സന്തതികളാണവർ. തുറക്കുമ്പോള്‍ വാതില്‍ കരകര  ശബ്ദിക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ കാലങ്ങളിലൂടെയൂള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജാരവര്‍ഗ്ഗം വികസിപ്പിച്ചെടുത്തതാണ്.

പതുക്കെയൊന്ന് പൊക്കി ഭാരം കുറച്ച് തുറന്നാൽ ശബ്ദം കുറയും.അല്ലെങ്കിൽ പെട്ടെന്ന് തുറക്കണം.തുറന്നത് വാതിലാണെന്ന് ആർക്കും തോന്നുകയില്ല  .ഇരുമ്പു സാക്ഷയാണെങ്കിൽ എന്നും എണ്ണ കൊടുത്ത് തുരുമ്പ് കളയണം.മരം കൊണ്ടുള്ളതാണെങ്കിൽ വെറുതെ വെള്ളം തെളിച്ചാൽ മതി.അത് ജാരന്മാരെ പോലെ നിശബ്ദരാവും.



ഭൂമിയിലെ ജാരന്മാരുടെ നീണ്ട നിരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് ഞാന്‍.അതിനാല്‍ തീരെ അഹങ്കാരം തീരെയില്ല.പൊതുവെ ജാരന്മാർ ഇരുട്ടിയാൽ അഹങ്കാരം വെടിയും.
‍.
ജാരന്മാര്‍ ഒരിക്കലും രാത്രിയില്‍ കൂട്ടിമുട്ടാന്‍ പാടില്ല,പകല്‍ എല്ലാവരും കുടുംബസ്ഥരും സാമൂഹ്യജീവികളും സര്‍വ്വോപരി മാന്യന്മാരും ആയിരിക്കുമെന്നതിനാല്‍.
ജാരന്മാര്‍ തമ്മില്‍ ഒരിക്കല്‍ കൂട്ടിമുട്ടിയാല്‍പ്പിന്നെ ‘നീയോ ജാരന്‍ ഞാനോ ജാരന്‍ ’ എന്ന് പാട്ടു പാടി നടക്കേണ്ടി വരും ശിഷ്ടകാലം.
ചിലപ്പോളത് മനോരോഗമായി   മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്.ആയതിനാല്‍ മുന്‍ കരുതലുകള്‍ അനിവാര്യം.
നിഴലുകളെപ്പോലും വിശ്വസിക്കരുത് എന്നുള്ളതാണ് ആദ്യ പാഠം.
മിന്നാമിന്നിയുടേതിനേക്കാള്‍ കുറഞ്ഞ പ്രകാശമുള്ള ഞെക്കുവിളക്ക് ഈ   ഈ സഞ്ചാരത്തിൽ അനിവാര്യമാണ്.
ടോര്‍ച്ചിന്റെ മേല്‍ ഉടുമുണ്ടു പൊതിഞ്ഞോ കൈപ്പത്തി പതിച്ചോ ഇത് സാധിച്ചെടുക്കാനാവും    . വിലകൂടിയ ടോര്‍ച്ചുമായി വരുന്ന പഴയകാല ഗള്‍ഫുകാരെ പോലെ ഇരുട്ടിന്റെ പലകോണിലേക്ക് ടോര്‍ച്ചടിച്ച് വെളിച്ചത്തിന്റെ മഹിമ വിളിച്ചോതുന്നത് ജാരന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.
ഇത് സകലമാന ജാരന്മാരുടെയും പൊതു ബോധത്തിലുള്ളതിനാല്‍ അകലങ്ങളില്‍ നിന്നു പോലും മറ്റൊരു ജാരനെ തിരിച്ചറിയാന്‍ കഴിയും,വഴിമാറിപ്പോകാനും.വെളിച്ചം ദുഖമാണുണ്ണീ എന്ന കവിതയിൽ അഭിസംബോധന ചെയ്യപ്പെടുന്ന  ഉണ്ണി ജാരവർഗമല്ലാതെ മറ്റാരുമല്ല.
കണ്ണിന്റെ കാഴ്ച്ച നിരന്തര പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് ജാരന്മാർ.
ചെവിയുടെ കേള്‍വിയും ശ്രദ്ധയര്‍ഹിക്കുന്നു.

കുടുംബ ഡോക്ടറായി ഒരു ഇ.എൻ.ടി.സ്പെഷ്യലിസ്റ്റ് ഉണ്ടാവുന്നത് നല്ലത്.
  നൃത്തത്തിലെ മൃദുനടനം പോലെയാകണം ഓരോ ചുവടുവെയ്പും.മോഹിനിയാട്ടത്തെ അനുകരിക്കാവുന്നതാണ്.ഭരതനാട്യമരുത്.നാടോടീ നൃത്തം തീരെയരുത്.കിണ്ണത്തില്‍ പോലും നടക്കാന്‍ കഴിയണം.

നേരിയ വെളിച്ചത്തില്‍ അകലെനിന്നും നോക്കിയപ്പോൾ കമ്പിളിക്കെട്ടുപോലെ തോന്നിച്ചു തെരേസയുടെ വീട്.പുള്ളുവൻ പാട്ടിന്റെ വിദൂരശബ്ദങ്ങൾ കാറ്റിലുലഞ്ഞ് പൊന്തിവരികയും പിൻ വാങ്ങുകയും ചെയ്യുന്നുണ്ട്.കാറ്റിന്റെ കയ്യിൽ ഇളം തണുപ്പുമുണ്ട്.
വീടടക്കുന്തോറും കാലും കയ്യും വിറക്കാന്‍ തുടങ്ങി.ചിലപ്പോള്‍ അങ്ങിനെയാണ് വിറകൊണ്ട് നടക്കാന്‍ പോലും കഴിയാതെ വരും.അപ്പോള്‍ മാനത്ത് നോക്കും.നക്ഷത്രമെണ്ണും.മരിച്ചതെത്ര അല്ലാത്തതെത്ര എന്ന് ആലോചിക്കും.അപ്പോഴേക്കും ശരീരം നോര്‍മ്മല്‍ ആയിട്ടുണ്ടാവും.കണക്കുകൂട്ടുമ്പോഴാണ് മനുഷ്യർ നോർമൽ ആവുക.കണക്കുപിഴക്കുമ്പോൾ അബ്നോർമലും. കാലാവസ്ഥ നിരീക്ഷണം ആവശ്യത്തിനറിയണം.മഴയുടെ വരവും കാറ്റിന്റെ ഗതിയും  ശരീരം കൊണ്ട് അറിയണം അളക്കാൻ കഴിയണം.
ചക്കു കാളയുടെ ശീല്‍ക്കാരവും തീറ്റയുടെയും മൂത്രമൊഴിക്കുന്നതിന്റേയും ശബ്ദങ്ങളും കേട്ടു.തെരേസയുടെ അച്ഛന്‍ വറീത് മാപ്ളക്ക് എണ്ണയാട്ടാണ് പ്രധാനവിനോദം.
കാളമൂത്രത്തിന്റെ മണം മൂക്കിൻപാലം കടന്നും മുന്നേറുന്നു,തെരേസയുടെ വീടെത്തിയിരിക്കുന്നു.
ധൃതി പാടില്ല.
ഒന്നു പതുങ്ങി.
പിന്നെ നിവര്‍ന്നു.
മുണ്ടു മുറുക്കി.
അരയിലെ ചെറിയ പിച്ചാൻ കത്തിയിൽ കൈയ്യമർത്തി.
മുരടനക്കി തൊണ്ട ശരിയാക്കി, കാഥികനെപ്പോലെ.
വരാന്‍ വിദൂര സാധ്യതയുള്ള ചുമയെപ്പോലും ഒതുക്കിനിർത്തി.
ഒതുക്കം വേണം,എല്ലാറ്റിലും.
കളവിന്റെയും ഒളിസേവയുടെയും സൌന്ദര്യം അതാണ്.
അല്ലെങ്കില്‍ പിടിച്ചു പറിപോലെ തരം താഴും.
തൊഴുത്തിന്റെ ഓരത്തുകൂടി ഓല വകഞ്ഞുമാറ്റി അരത്തിണ്ണക്കരികിലേക്ക് പതുങ്ങി നടക്കുമ്പോള്‍ “ ഹെന്റമ്മെന്ന് ” നിന്നു പോയി.
വാതില്‍ തുറന്ന് ഒരു രൂപം പുറത്തേക്ക്.

മുട്ടുകേൾക്കുന്നതിനുമുമ്പേ തെരേസ മുൻകൂർ പുറത്തിറങ്ങുന്നതാണോ?
മുട്ടുവിൻ തുറക്കപ്പെടും എന്നത് ഇക്കാര്യത്തിലെങ്കിലും മാറ്റിയെഴുതേണ്ടിവരുമോ.

ഉയരം വെച്ചും ശരീരം വെച്ചു നോക്കുമ്പോൾ ഒരു നിറഞ്ഞ പെണ്ണിനുവേണ്ടുന്നതൊന്നും ആ ശരീരത്തിലില്ലെന്ന് കൂരാക്കൂരിരുട്ടിലും ഞാൻ അറിഞ്ഞു.പ്രണയ രാത്രികളിൽ പെൺശരീരം പുറത്തെടുക്കുന്ന ഉന്മാദഗന്ധത്തിനുപകരം മൂക്കുപൊടിയുടെ മനംമടുപ്പിക്കുന്ന ഗന്ധമാണ് അവിടെ  നിറഞ്ഞത്.
തെരേസയല്ല.പിന്നെയാർ?
സംശയമില്ല,തന്തയാർ.

ശ്വാസത്തെ നിശ്ചലമാക്കി നിന്നു,പിന്നെ കിണറ്റിന്‍ കരയിലേക്ക് മുട്ടുകുത്തി നീന്തി കിണറിന്റെ ചുറ്റുമതിലിന്റെ അരികുപറ്റിക്കിടന്നു.കിണറ്റുകരയിലെ ഈർപ്പത്തിൽ അടിവസ്ത്രം വരെ നനയുന്നുണ്ടായിരുന്നു.

പെട്ടു പോയോ?
പിടികൊടുക്കരുത്.
മകളുടെ ജാരനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയായിരിക്കും
പത്തു പതിനൊന്നു മക്കളുടെ പിതാവാകാന്‍ ഭാഗ്യം സിദ്ധിച്ച ഈ ചക്കു മാപ്ള.
വറീത് മാപ്ള വീടിന്റെ ചവിട്ടിറങ്ങി നാലുപാടും   പാളി നോക്കി.
പിന്നെ നടന്നു,കിണറ്റിന്‍ കരയിലേക്ക്.ഉന്നം എന്റെ നേര്‍ക്കാണ്.ഞാന്‍ ഭയന്നു,കൂടെ മരം കോച്ചുന്ന തണുപ്പും.ഞാന്‍ വിറക്കാന്‍ തുടങ്ങി.ഭയത്തിന്റേയും തണുപ്പിന്റേയും വിറ ശരീരത്തിൽ ഒന്നിച്ച് പ്രകമ്പനം കൊള്ളുകയാണ്.
ഇതെന്തിനുള്ള പുറപ്പാടാ മാപ്ളേ എന്ന് മറ്റൊരവസരത്തിലാണെങ്കിൽ നെഞ്ചുവിരിച്ച് ചോദിക്കാമായിരുന്നു.
മാപ്ള   കിണറ്റിന്‍ കരയില്‍ വന്ന് വെള്ളത്തിലേക്ക് വീണുകിടന്ന   പാളബക്കറ്റ് എടുക്കുകയായിരുന്നു.

പോത്തുപോലും   കുടിക്കാത്ത   തണുപ്പിലാണൊ പഹയന്റെ വെള്ളം കുടി.തൊണ്ട വരണ്ടിട്ടായിരിക്കും.പാവം.മക്കള്‍ ഒന്നും രണ്ടുമൊന്നുമല്ലല്ലോ.അധികവും പെണ്മക്കളും.ആരും  വെള്ളം കുടിച്ചുപോകും.
ജാരന്മാര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന കാലമാണ്.
പക്ഷെ മാപ്ള ചെയ്തത് മറ്റൊന്നായിരുന്നു.വെള്ളം കോരി പൊക്കിയെടുത്തതിനുശേഷം അതില്‍ നിന്നും കയര്‍ അഴിക്കാന്‍ തുടങ്ങി,പുരനിറഞ്ഞുനിൽക്കുന്ന പെണ്മക്കളുടെ അച്ഛനുവേണ്ട സ്വാഭാവികമായ ശുഷ്കാന്തിയോടെ.  റിപ്പയർ ചെയ്യാൻ കണ്ട സമയം,ഞാൻ അതിശയപ്പെട്ടു.

 ഈ തക്കം നോക്കി ഞാന്‍ തൊട്ടടുത്ത പുളിമരത്തിന്റെ  ചുവട്ടിലേക്ക് മാറി.
മാപ്ള കയറൂരി നേരെ ഞാനിരിക്കുന്ന പുളിമരച്ചോട്ടിലേക്ക്   ഉന്നംപിടിച്ച് നടന്നു വരികയാണ്.

അയ്യോ,അറിയാതെ എന്നിൽ നിന്നും പുറത്തേക്ക് പോന്ന ശബ്ദം  ഞാൻ വിഴുങ്ങി.

എന്റെ നേരെ നടന്നുവരികയാണ് .എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു മുമ്പേ   മരത്തിലെ   കൊമ്പില്‍ ഞാൻ കടന്നു പിടിച്ചിരുന്നു.
ഈ മാപ്ളക്കെന്തിന്റെ കേടാന്ന് വിചാരിച്ച് ജാരന്റെ നിസഹയതയോടെയും തട്ടിക്കൂട്ടിയുണ്ടാക്കിയ ആത്മസംയമനത്തോടെയും പുളിമരത്തില്‍ വലിഞ്ഞു കയറി.പ്രത്യേകം ശ്രദ്ധിക്കുക, ഈ കലോൽസവത്തിൽ മരം കേറ്റവും ഒരിനമാണ്.


മൂന്നാമത്തെ ശിഖിരത്തില്‍ കയറിയിരുന്നു, മൂങ്ങയെപ്പോലെ. എന്നാല്‍ മൂളാതെ.
മുകളില്‍ ഒരു കുരുവിയുടെ കുറുകല്‍.
പുളിമരത്തില്‍ കുരുവി കൂടുകെട്ടിയതായി തെരേസ പറഞ്ഞതായി ഓർമ്മ വന്നു, രഹസ്യ സമയത്ത് അടക്കിയ സ്വരത്തില്‍.
മാപ്ള വിടുന്ന ലക്ഷണമില്ല.
പുളിമരച്ചോട്ടില്‍ വന്ന് മേലോട്ട് നോക്കുകയാണ്.
ആകാശത്തിന് വില പറയാന്‍ വന്ന കച്ചവടക്കാരനെപ്പോലെ.
മാപ്ള അഞ്ഞുപിടിച്ച് കയറാന്‍ തുടങ്ങി,പുളിമരത്തിലേക്ക്.
എന്റെ അടിവസ്ത്രം നനഞ്ഞു.
  ധൈര്യം ചോരാതെ മുറുക്കിപ്പിടിച്ചു.
ആദ്യത്തെ കൊമ്പില്‍ കയറി നിന്ന് ഞാന്‍ നില്‍ക്കുന്ന ചില്ലയിലേക്ക് മാപ്ള കയര്‍ എറിഞ്ഞു,ജാരന്മാരെ പിടിക്കാന്‍ പരിശീലനം കിട്ടിയ ഒരാളെ പോലെ.എന്റെ സംശയം അതല്ല.എന്നെ കണ്ടിട്ടുണ്ടെങ്കില്‍ പാതിരയായാലും ജാരനായാലും എന്തെങ്കിലും വിശേഷം പറയേണ്ടെ.ജാരനായാലും മനുഷ്യനല്ലെ ഞാൻ.
മാപ്ള കെട്ടു കൊമ്പിൽ മുറുക്കുകയാണ്.
മാപ്ളെ,ഇതെന്തെര് സര്‍ക്കസ്.
തിരുവനന്തപുരം ഭാഷയില്‍ ഞാന്‍ ചിന്തിച്ചു.
അപ്പോഴാണ് മാപ്ളേടെ മറ്റൊരഭ്യാസം.
കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ മുറുക്കുന്നു.ഇയാളെന്താ ആത്മഹത്യ എങ്ങിനെ ചെയ്യാം എന്ന് ക്ളാസ് എടുക്കുകയാണോ?
മാപ്ളെ കളി കാര്യാവും ട്ടാ,പറഞ്ഞില്ലാന്ന് വേണ്ട.
എനിക്കാണെങ്കില്‍ മിണ്ടാനും തരമില്ല.
അടുത്ത ദിവസം നാട്ടുകാര്‍ മുഴുവന്‍ ഉത്സവലഹരിയില്‍ പുളിമരച്ചോട്ടില്‍ വന്നു തമ്പടിച്ച് പുളിമരത്തിൽ തൂങ്ങിക്കിടക്കുന്ന വറീത് മാപ്ളേടെ ജീവിതം പലതരത്തിൽ പറഞ്ഞാസ്വാദിക്കുന്നത് ഞാന്‍ ഭാവനയുടെ മിനിസ്ക്രീനില്‍ കണ്ടാസ്വദിച്ചു.
ഒഴിഞ്ഞ ചക്കിനെക്കുറിച്ചും അനാഥമാകുന്ന ചക്കു കാളയെക്കുറിച്ചും പുരനിറഞ്ഞ പെണ്മക്കളെപ്പറ്റിയും പറഞ്ഞ് നാട്ടുകാ‍ര്‍ മൂക്കത്ത് വിരല്‍ വെക്കും.
“കര്‍ത്താവിന് സ്നേഹമുള്ളവരെയാണ് ആദ്യം വിളിക്കുക” എന്ന് പറഞ്ഞ് പാതിരിയച്ഛന്‍ പരിഹാസ്യനാകും.
ശവപ്പെട്ടി ലോന ഉള്ളാലെ ചിരിച്ച് പെട്ടിയില്‍ അവസാനത്തെ ആണിയടിക്കും.
മുകളിരുന്ന ഈയുള്ളവന്‍ ഇക്കഥ പുറത്തു പറയാന്‍ കഴിയാതെ ജന്മം മുഴുവന്‍ കഴിയും.
പെട്ടെന്നാണ് ഒരു ആശയം പിറന്നത്.
നിമിഷ കവിതക്ക് ജാരന്മാര്‍ പ്രസിദ്ധരാണ്.
ധൈര്യത്തിനു കരുതിയ കത്തി മടിക്കുത്തില്‍ നിന്നെടുത്ത് കൊമ്പില്‍ കെട്ടിയ കയര്‍   പതുക്കെ അറുത്തു.ഈ സമയം മാപ്ള അന്ത്യകൂദാശക്ക്  സ്വയം  സ്വയം വിധേയനാവുകയായിരുന്നു.

കാര്യപരിപാടിയില്‍ അടുത്ത ഇനം എന്ന നിലയില്‍ മാപ്ള മരക്കൊമ്പിൽ നിന്നുകൊണ്ട്  മലയാളത്തില്‍ വണ്‍ ടു ത്രീ പറഞ്ഞു.പഹയന്‍ ചാടാന്‍ പോകയാണ്.

ഞാൻ കത്തിയുടെ വേഗം കൂട്ടി.
ചക്ക വെട്ടിയിട്ടതുപോലൊരു ശബ്ദവും “കര്‍ത്താവെ” എന്ന നിലവിളിയും   ഒന്നിച്ചായിരുന്നു.
കോഴിക്കൂട്ടില്‍ നിന്നും കോഴികള്‍ പുറത്തിറങ്ങുന്നതുപോലെ വറീത് മാപ്ളേടെ പുരനിറഞ്ഞു നില്‍ക്കുന്ന ആണ്മക്കളും പെണ്മക്കളും മുന്‍ പിന്‍ അടുക്കള വാതിലുകള്‍ വഴി പുറത്തുവന്ന് പുളിമരച്ചോട്ടില്‍  വിശ്രമം കൊള്ളുന്ന മാപ്ളയെ ടോര്‍ച്ചും അരിക്കലാമ്പും ഉപയോഗിച്ച് കണ്ടു പിടിച്ചു. ചുറ്റും കൂടിനിന്ന അവര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പുറത്തേക്കെടുക്കാന്‍ പാകത്തിലുള്ള മാന്യ ദേഹത്തെ എല്ലാവരും കൂടി അകത്തേക്കെടുത്തു.
ഈ സംഭവത്തിനുശേഷം   കത്തി കയര്‍ മണ്ണെണ്ണ ഫ്യൂരഡാന്‍ തീപ്പെട്ടി തുടങ്ങിയ ആത്മഹത്യാ  സാമഗ്രികള്‍ മാപ്ളേടെ കണ്‍ വെട്ടത്ത് കാണാതിരിക്കാനും രാത്രിയില്‍ ഒരനക്കം കേട്ടാല്‍ ഞെട്ടിയുണര്‍ന്ന് “എന്തപ്പാ‍” എന്നു ചോദിക്കാനും മക്കള്‍ ജാഗരൂകരായി.

ചക്കു കാളയെ പോലെ വട്ടംതിരിഞ്ഞു വറീത് മാപ്ള.
തെരേസയുമായുള്ള എന്റെ സമാഗമം പുളിമരക്കൊമ്പിൽ കയറുപൊട്ടിച്ച അന്നേ അവസാനിച്ചു.


 കുറച്ചുകാലത്തിനുശേഷം  മറ്റൊരുത്തന്റെ കഴുത്തിൽ തൂങ്ങി  മൂന്നാലഞ്ചു കുട്ടികളുടെ മദര്‍ തെരേസയായി അവർ  ജീവിച്ചു പോരുന്നു.


4 comments:

മണിലാല്‍ said...

ജാരന്മാര്‍ ഒരിക്കലും രാത്രിയില്‍ കൂട്ടിമുട്ടാന്‍ പാടില്ല,പകല്‍ എല്ലാവരും കുടുംബസ്ഥരും സാമൂഹ്യജീവികളും സര്‍വ്വോപരി മാന്യന്മാരും ആയിരിക്കുമെന്നതിനാല്‍.
ജാരന്മാര്‍ തമ്മില്‍ ഒരിക്കല്‍ കൂട്ടിമുട്ടിയാല്‍പ്പിന്നെ ‘നീയോ ജാരന്‍ ഞാനോ ജാരന്‍ ’ എന്ന് പാട്ടു പാടി നടക്കേണ്ടി വരും ശിഷ്ടകാലം.

ajith said...

ഹഹഹ
സമാധാനമായിട്ട് ഒന്ന് മരിക്കാന്‍ പോലും സമ്മതിക്കാത്ത ജാരന്മാര്‍!

ശ്രീ said...

ജാരന്മാരുടെ ഒരു കാര്യം

Muralee Mukundan , ബിലാത്തിപട്ടണം said...

ജാരന്മാര്‍ ഒരിക്കലും രാത്രിയില്‍ കൂട്ടിമുട്ടാന്‍ പാടില്ല,പകല്‍ എല്ലാവരും കുടുംബസ്ഥരും സാമൂഹ്യജീവികളും സര്‍വ്വോപരി മാന്യന്മാരും ആയിരിക്കുമെന്നതിനാല്‍.
ജാരന്മാര്‍ തമ്മില്‍ ഒരിക്കല്‍ കൂട്ടിമുട്ടിയാല്‍പ്പിന്നെ ‘നീയോ ജാരന്‍ ഞാനോ ജാരന്‍ ’ എന്ന് പാട്ടു പാടി നടക്കേണ്ടി വരും ശിഷ്ടകാലം.


നീയുള്ളപ്പോള്‍.....