പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, August 4, 2014

തവളകളേക്കാൾ മനോഹരമായ...............











തവളകളേക്കാൾ മനോഹരമായ

യമർന്ന് തണുത്തുറഞ്ഞ മണ്ണിൽ നിന്നും  ജലനിർഭരമായ ലോകത്തെ ആഘോഷപൂർവ്വം സ്വികരിക്കുന്ന ശബ്ദങ്ങൾ ഇടതടവില്ലാതെ  പൊങ്ങുന്ന പാതിരാവുകളിൽ ചില്ലുവാതിലുകളിലും വെള്ളപൂശിയ ചുമരുകളിലും  വെളിച്ചവും നിഴലുകളും നൃത്തം വെക്കുമ്പോൾ ഉണരുക ഞെട്ടലോടെയായിരിക്കും. ഉള്ളൊന്നു കാളും. ബോധത്തിൻ്റെഅടുത്ത നിമിഷം  തിരിച്ചറിയും അവരെത്തുകയായി,തവളപിടുത്തക്കാർ.

ഓണക്കാലത്ത് തുയിലുണർത്തു സംഘത്തെ അകലങ്ങളിൽ നിന്നുള്ള നേരിയ സംഗീതവീചികളായിട്ടാണ് ആദ്യം അറിയുക.ഓണക്കാലത്തെ മാജിക്കുകളിൽ ഒന്നാണത്. കാഴ്ചകളേക്കാൾ കേൾവിക്ക് ആഴവും ശക്തിയുമുണ്ടെന്നറിഞ്ഞത് അന്നുമുതലായിരുന്നു.പെട്ടെന്നാണവർ വീട്ടുമുറ്റത്തെത്തുക,ആദ്യദിവസം അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം.

തവളപിടുത്തക്കാരുടെ വെളിച്ചവും നിഴലുകളും ഇതേമാതിരിയാണ്.ആദ്യം ചുമരിൽ നിഴലുകളാൽ മാജിക്ക് കാട്ടിക്കൊണ്ട്.തുടർന്ന് അടക്കിയ സ്വരങ്ങളിൽ അടയിരിക്കുന്ന മനുഷ്യശബ്ദങ്ങളായി. ശബ്ദം കൊണ്ട് തിരിച്ചറിയാത്തതിനാൽ ഇവരെ ഏതോ ദേശക്കാരായി അനുഭവിച്ചു.


പെട്രൊമാക്സാണ്  തവളപിടുത്തത്തിന് ആവശ്യമായ ആകെ ഉപകരണം. ഏകാഗ്രത,സൂക്ഷ്മത അത്യാവശ്യം.പാമ്പിനേയും ചേമ്പിനേയും സർവോപരി പ്രേതങ്ങളേയും അശേഷം മൈൻഡ് ചെയ്യാതിരിക്കുക.ഭൂമിയിൽ മനുഷ്യരുണ്ടെന്ന ചിന്തപോലുമരുത്.ഒരേയൊരു ലക്ഷ്യം തവള, തവള മാത്രം.എങ്കിലേ തവളകളെ കണ്ടെത്താനാവൂ.അത്രക്ക് പച്ചനിറത്തോടൊട്ടിയാണ് തവളകളുടെ വാസം.ജലത്തിൽ വളർന്നുനിൽക്കുന്ന പുല്ലിലോ കുളവാഴയിലോ ആഫ്രിക്കൻ പായലിലോ നിറമിണക്കിയങ്ങിനെ ഇരിക്കും.  എങ്കിലും കണ്മിഴിപ്പ് ഈ ജിവികളെ ആപത്തിൽ കൊണ്ടുചെന്നെത്തിക്കും. മനുഷ്യരുടേയും ആപത്തിന്റെ ഹേതു കണ്ണുതന്നെയെന്ന് ആരെങ്കിലും പറഞ്ഞാൽ ഈയുള്ളവനും  പ്രതിപക്ഷത്തല്ല.

ചാക്ക് നിർബ്ബന്ധമാണ് ഈ തൊഴിലിൽ,പഴഞ്ചാക്കല്ല പുതിയത്, കൽക്കത്തയിൽ നിന്നുള്ള ചണ നിർമ്മിതം.എത്ര കുത്തിമറിഞ്ഞാലും കെട്ടുപൊട്ടിക്കരുത്.പെട്രൊമാക്സിന്റെ മുകൾ ഭാഗം അടച്ചതിനാൽ തവളപിടുത്തക്കാരുടെ മുഖം ഭൂലോകത്ത് ആർക്കും ലഭ്യമായിട്ടില്ല ഇതേവരെ .

ആയതിനാൽ ഇവർ ഗഗനസഞ്ചാരികളെപ്പോലെ മുഖമില്ലാത്തവരായിരുന്നു.മണ്ണിലൂടെയാണ് വെളിച്ചം പരന്നൊഴുകുക.മറ്റുള്ളവരുടെ ഉറക്കത്തെ ബാധിക്കരുതേ എന്നതിനാൽ ശബ്ദവും പുറത്തേക്കുവരില്ല.ആയതിനാൽ കാലങ്ങളായി ആരിവർ  എന്നത് നിഗൂഡമായ ചോദ്യമായി നിലനിന്നുപോന്നു.രാത്രീഞ്ചരന്മാരെ നേരിൽ കാണാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അവരെ ദൈവങ്ങളെപ്പോലെ ഒരു രൂപത്തിൽ നിശ്ചയിച്ച് കരുതിപ്പോന്നു.

ചെകുത്താന്മാരെപ്പോലും പേടിയില്ലാത്ത ഈ  അമാനുഷികരെ  എന്നെങ്കിലും നമ്മൾ നേരിൽ കാണുന്നു എന്നുവിചാരിക്കുക,ഛെ എന്ന് നമ്മൾ മൂക്കത്ത് വിരൽ വെച്ച്,ടാ ശശി നീയൊക്കെയായിരുന്നോ അത് എന്ന് ചോദിച്ചുപോവുകയും ചെയ്യും.

കുട്ടിക്കാലത്ത് ഭയം നിറഞ്ഞ ബഹുമാനമായിരുന്നു  ഈ അഞ്ജാതജീവികളോട് .ഒരിക്കലും അവർ സാധാരണ മനുഷ്യരാണെന്നോ മനുഷ്യർ തന്നെയാണെന്നൊ തോന്നിച്ചിരുന്നില്ല.അത്രക്ക് നിഗൂഡതകളായിരുന്നു ഇവർക്കു ചുറ്റും സങ്കല്പിച്ചിരുന്നത്. രാത്രിയിൽ മാത്രം ഇറങ്ങുന്ന  ജീവിയെപ്പോലെയാണ് തവളപിടുത്തക്കാരെ മനസിൽ കുട്ടിക്കാലം രേഖപ്പെടുത്തിയത്.

ഇവർക്ക് വീടുണ്ടൊ വീടുകളിൽ ഭാര്യയുണ്ടോ അവർ തമ്മിൽ വഴക്കും വക്കാണവുമുണ്ടൊ എന്നൊന്നും ചിന്തിച്ചതേയില്ല. ആദ്യമഴയിൽ പെരുകിയുണരുന്ന ഈയാമ്പാറ്റകളെ കാണുമ്പോളുള്ള അതേ കൗതുകം ഇവരുടെ വരവിലൂടെ അനുഭവിച്ചു.

തവളപിടുത്തക്കാർ ഒരിക്കലും ഉച്ചത്തിൽ മിണ്ടിയിരുന്നില്ല,അതെല്ലാം  വീട്ടിലെത്തിയാൽ തീർക്കുമായിരിക്കും.രാത്രിയോടു ചേർന്നുനിൽക്കുന്ന നിശബ്ദതയായിരുന്നു അവരുടെ തൊഴിൽഭാഷ. 

ട്രെയിനിൽ ഇറങ്ങേണ്ട സ്ഥലം വിട്ടുപോകുമോ എന്ന പേടിയിൽ  രാവിലെ  ഇറങ്ങേണ്ടതിന് പാതിരക്കുതന്നെ ഉണർന്ന് ശബ്ദം പുറത്തുവരാതെ എന്നാൽ മറ്റുള്ളവരുടെ ഉറക്കംകെടുത്തുന്ന പഴകിയ ഭർത്താവും ഭാര്യയുമെന്നപോലെ..ഒരു കുടുംബജീവിതം ഫ്രീയായി കേൾക്കണമെങ്കിൽ ഈ സമയത്ത് കാത് കൂർപ്പിച്ചാൽ മാത്രം മതി.

തവളപിടുത്തക്കാരുടെ അടക്കം പറച്ചിൽ പക്ഷെ മനോഹരമാണ്.അവർ കുടുംബജീവിതം .തവളകളെക്കുറിച്ചുമാത്രം  പറയും.അതിനെ കുടുക്കുന്നതിനെപ്പറ്റിയും.


പെട്രോമാക്സും  ചാക്കും ഉണ്ടെങ്കിൽ ഏതു പാതിരാത്രിക്കും തവളപ്പിടിക്കാനുള്ള ഭാവത്തിൽ ഏതൊരാൾക്കും  പുറത്തിറങ്ങാം. ആർക്കും ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ വേലിപൊളിച്ചും നൂണ്ടും നൂഴുന്നും സ്വൈര്യം കെടുത്തിയും നിർഭയമായി സഞ്ചരിക്കാം.വിവാഹം കഴിച്ചവർക്ക് എല്ലാ തെമ്മാടിത്തവും അനുവദിച്ചുകൊടുക്കുന്നതുപോലെ.

ജാരന്മാരും കള്ളന്മാരും പെട്രോമാക്സും ചാക്കുമായി ഒരിക്കലും സഞ്ചരിക്കില്ലെന്ന് മാവേലി നാട്ടിലെ മാലോകർക്കറിയാം.അവരുടെ വെളിച്ചവും കെണിയുമൊക്കെ അകമേ ആയിരിക്കും.ഒരു കൂട്ടർ ഇരുട്ടിനെ തോല്പിക്കുന്നവരും മറ്റേകൂട്ടർ ഇരുട്ടിനെ കാമിക്കുന്നവരുമാകുന്നു.

 പെട്രോമാക്സ് വാടകക്ക് കിട്ടുന്ന പ്രായമാപ്പോൾ,സൈക്കിളും പെട്രോമാക്സും വാടകക്ക് കിട്ടണമെങ്കിൽ ഒരു പ്രായമൊക്കെ ആവണം.സൈക്കിൽ ചവിട്ടാറായോ തവളപിടിക്കാറായോ എന്നൊരു നോട്ടം വാടകക്ക് തരുന്നവർ നോക്കും,ഞങ്ങൾക്കും തവളകളെ പിടികൂടാൻ പൂതി തോന്നി.മഴപെയ്ത് തവളകൾ കരയാൻ തുടങ്ങിയപ്പോൾ വാടകപെട്രോമാക്സുമായി ഞങ്ങളും ആഘോഷപൂർവ്വം ഇറങ്ങും.ഒരു കീറച്ചാക്കും കരുതും.അബദ്ധത്തിൽ തവള കയ്യിൽ പെട്ടാലോ?

അന്ന് സുഗതകുമാരി ടീച്ചറൊ സി.ആർ.നീലകണ്ഠനോ ഞങ്ങൾക്ക് വായനയായിട്ടില്ല.

ഇടത്തരം മേൽത്തരം തവളകളെ മാത്രമേ ഞങ്ങൾ പിടിക്കുകയുള്ളു.
പിടിച്ചതിന്റെ അരക്കുതാഴെ നോക്കി ഞങ്ങൾ വെള്ളമിറക്കും. കുഞ്ഞുമാക്രികളെ പിടിച്ചാൽ,പ്രായപൂർത്തിയായിട്ട് വാ എന്ന് സ്നേഹത്തോടെ ജലത്തിലേക്ക് തിരിച്ചയക്കും.

കുട്ടിക്കാലത്ത് സഹജീവിസ്നേഹം സംവരണത്തോടെ മാത്രമേ ഉണ്ടായിരുന്നുള്ളു.

തവളയുടെ അടുത്തേക്ക് പെട്രോമാക്സ് പതുക്കെ കൊണ്ടുവരും.വെളിച്ചത്തിന്റെ പ്രസരിപ്പിലേക്ക് തവള കണ്മിഴിക്കും.വെളിച്ചം ദു:ഖമാണുണ്ണി എന്നൊന്നും അവർ വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.പെട്രൊമാക്സ് വെളിച്ചത്തിലാണ് തവളയുടെ കണ്ണുകൾ തിളങ്ങുക.അത്രമാത്രം തിളക്കമുണ്ടായിട്ടും തവളക്കണ്ണുകൾക്ക് ഒരു കവിതയിലും ഇടംകിട്ടിയിട്ടില്ല,ഏതോ കവിത്വമുള്ള കർഷകൻ വികസിപ്പിച്ചെടുത്ത നെല്ലിന് തവളക്കണ്ണൻ എന്നു പേരിട്ടിട്ടുണ്ടെങ്കിലും.

പുല്പടർപ്പിലും കുളവാഴക്കൂട്ടത്തിലും ആഫ്രിക്കൻ പായൽപ്പരപ്പിലും കണ്ണുകളാൽ കവിത രചിച്ച് തവളകൾ കിടക്കുന്നുണ്ടാവും.ഹെലോ കവിതേ എന്ന് നെരൂദിയൻ സ്റ്റൈലിൽ കുറച്ചുനേരം നോക്കിനിൽക്കും.

ആ കണ്മിഴിപ്പ് തുടരവെ മനുഷ്യന്റെ വിനാശക്കൈ നിശബ്ദം വന്ന് അതിന്റെ അരക്കെട്ടിൽ പതിയും.കണ്ണുകൾ തമ്മിൽ ഏറ്റുമുട്ടിയാൽ ഒരാൾക്കും ഒന്നും ചെയ്യാനാവില്ല.ആയതിനാൽ ആണ് പിറകിലൂടെയുള്ള ഈ കളി. അരക്കെട്ടിൽ പിടിച്ചാൽ ഒരു തവളയ്ക്കും അതിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല.ലോകത്ത് ഇത്രയേറെ ഇടുങ്ങിയ അരക്കെട്ടുള്ള ജീവി മനുഷ്യകുലത്തിൽ മാത്രമല്ല   മറ്റു ജന്തുവിഭാഗങ്ങളിലും വേറെയുണ്ടാവില്ല.

നീന്തൽ നല്ല എക്സർസൈസ് ആണെന്നു  തവളയെ പ്രതി പറയുന്നതിൽ തെറ്റില്ല.

അരക്കെട്ട് ഉടുക്ക് പോലെയാണ്.തള്ളവിരലും അതിനടുത്ത പേരറിയാത്ത വിരലും തീർത്ത വളയത്തിനുള്ളിൽ ഏതു തവളയും വഴങ്ങും.അരക്കെട്ടിനു താഴെയാണ് ഭക്ഷ്യയോഗ്യമായ  ഭാഗം.അരക്കെട്ടാണ് തവളക്ക് ട്രാജഡിയാവുന്നത്.അവിടെയാണ് കത്തിയും മനുഷ്യനും  മൂർച്ച തെളിയിക്കുക.

ഒറ്റവെട്ടിനു അത് രണ്ടായി പിളരും.വെട്ടേറ്റാലും മറ്റുഭാഗങ്ങൾ പിറകിലുണ്ട് എന്ന മട്ടിൽ  തലഭാഗം രണ്ടുകാലിൽ ചാടിച്ചാടി ഇരുട്ടിൽ പോയി മറയും.അവക്കെന്തുപറ്റിയെന്ന് ആരും തിരക്കാറില്ല.

പിൻകാലുകളില്ലാത്ത തവള തവളയേയല്ല.

തവളകൾ നീന്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടൊ,നീന്തൽ മൽസരത്തിലെ സൗന്ദര്യത്തെ വെല്ലുന്നതാണത്..നീന്തുന്ന തവളയുടെ കാലുകൾ പോലെ  അഴകുറ്റ ഒന്ന് ഭൂമിയിൽ ഇനിയും കാണാനിരിക്കുന്നതേയുള്ളു.

അരക്കെട്ടിൽ നിന്നും തുടകളെ മോചിപ്പിച്ചാൽ  തൽസമയം  അതിനെ അടുപ്പിൽ കയറ്റും.തൊലിയുരിഞ്ഞാൽ പ്രത്യക്ഷമാവുന്ന വെളുത്തുതുടുത്ത ഇറച്ചി മോഹിപ്പിക്കുന്നതാണ്.

ഇറച്ചിക്കൊതിപൂണ്ട് തുടകളിൽ നോക്കിയിരിക്കെ തവള എന്ന പൂർവ്വജന്മത്തെ നമ്മൾ മറന്നുപോകും.തുടയിൽ നിന്നും കാലറ്റം വരെ നീണ്ടുകിടക്കുന്ന ഞരമ്പ് ഊരിക്കളയണം.ഞരമ്പ് ആരോഗ്യത്തിന് ഹാനികരമെന്ന് തവളയെക്കുറിച്ചു പഠിച്ചവർ പറയുന്നു.തവളയെ കീറിമുറിച്ച് പഠിക്കുന്ന കോളേജ് ലാബിനേക്കാൾ ചർച്ചകളായിരിക്കും രാത്രിയിലെ ഈ സെഷനിൽ നടക്കുക.വെന്തുവന്നാൽ ഒരു കഷണം വീതം ഓരോരുത്തർക്കും കിട്ടിയാലായി കിട്ടിയെങ്കിലായി.

 തവളകൾ കരയുന്ന ശബ്ദം കേട്ട് ഞെട്ടിയുണരുന്ന രാത്രികൾ ഉണ്ടായിട്ടുണ്ട്.പുറമെ നിന്നാണോ അകമേ നിന്നാണോ എന്ന് ഒരുനിമിഷം സംശയിച്ചുപോകുകയും ചെയ്യും.
തവളയെ ആരും കറിവെച്ചതായി ചരിത്രത്തിൽ ഇല്ല.ഫ്രൈ ആവാനാണ് തവളയുടെ ജന്മനിയോഗം.

പരിസ്ഥിതി  എന്തെന്നറിയുന്നതിനു മുമ്പത്തെ കഥയാണിത്.പിന്നീട് തവളകൾ കൂട്ടുകാരായി.അതിക്രമം കാട്ടാൻ അരക്കെട്ടിലേക്ക് കൈ പൊന്തിയില്ല. നെല്പാടങ്ങളിലെ കീടങ്ങളെ പിടിക്കുന്നതിന് തവളകൾ അത്യന്താപേക്ഷിതമാണെന്നും തവളയെ ആർക്കെങ്കിലും പിടിക്കണമെങ്കിൽ തന്നെ ചേരക്കോ നീർക്കോലിക്കോ മാത്രമാണ് അതിനവകാശമെന്നും ജന്തുക്കളുടെ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും പിൽക്കാലത്ത് അറിവായി.പാമ്പുകൾ തവളയെ വായിൽ പിടിച്ചുകിടക്കുമ്പോൾ നാലുകണ്ണുകളാണ് ലോകത്തോടു സംസാരിക്കുന്നത്.നാലു ആഴമുള്ള കണ്ണുകൾ.

മഴയെ കാവ്യാത്മകമാക്കി ഉയർത്തുന്നത് തവളകളാണ്,പുതുമഴയെ പ്രത്യേകിച്ച്.
പുതുമഴക്കുശേഷമുള്ള കരച്ചിൽ വേണോ വേണ്ടയോ എന്ന  സംശയത്തോടെയാണ്.ഗ്ലിസറിൻ ഉപയോഗിച്ചുള്ള കള്ളക്കരച്ചിലാണോ എന്നു തോന്നിയാൽപ്പോലും അത്ഭുതമില്ല
.

 വലിയ കരച്ചിലുകളൊക്കെ ചാക്കിനകത്തുകയറി,ചെറുകിട മോങ്ങലുകൾ മാത്രം അവശേഷിക്കുമ്പോൾ തവളപിടുത്തക്കാർ നിറഞ്ഞ ചാക്കുമായി സ്ഥലം വിട്ടു എന്ന് മനസിലാക്കാം.രാവിലെ എഴുന്നേറ്റാൽ തവള ഓർമ്മയിൽ പോലുമുണ്ടാവില്ല.ലൈംഗികാഭിനിവേശങ്ങളെ ചേരുംപടി ചേർക്കാനാണ് തവളകൾ മേക്രോ എന്ന സംഗീതം അലറുന്നത്. ചാക്കിലേക്ക് എറിയപ്പെടുന്നതോടെ തവളകളുടെ  ജീവിതം അവസാനിക്കുകയാണ്.സ്വന്തം ആവാസത്തിൽ നിന്നും വലിച്ചെറിയുമ്പോൾ ഇണയും തുണയും തൃഷ്ണയുമെല്ലാം ഒടുങ്ങുമായിരിക്കും.

രതിക്രീഡകളിൽ നിന്നും തവളകളെ അടർത്തിയെടുക്കാൻ പോലും മനുഷ്യനു മടിയില്ല. ചാക്കിനുള്ളിലേക്കെറിയപ്പെട്ട തവളകൾ കരയാറില്ല.

തവളകളെ കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കായിരുന്നു എന്നാണോർമ്മ. സാമ്രാജ്യത്വത്തിന്റെ നശീകരണനിലപാടുമായി ഒത്തുനോക്കുമ്പോൾ ചില ഗൂഢാലോചനകൾ തെളിഞ്ഞുവരുന്നു.തവളകൾ വംശനാശത്തിന്റെ വക്കത്തെത്തിയതിലൂടെ നഷ്ടമായത് കൃഷിയിടങ്ങളിലെ ജൈവപരിസരങ്ങളാണ്.പാമ്പും കീരിയും തവളകളും ഞണ്ടും ഞവിനിയുമൊക്കെ  ചലനാത്മകമാക്കിയ നെൽവയലുകൾ ജൈവവൈവിധ്യത്തിന്റേയും സമ്പത്തിന്റേയും നേർനിലങ്ങളായിരുന്നു.ഇതിൽ മുഖ്യപങ്കുവഹിച്ചത് തവളകളായിരുന്നു.തവളകൾ സജീവമാക്കിയ  നീർന്നിലങ്ങളെ നശിപ്പിക്കാനാവുമോ ഇല്ലാത്ത ഡിമാന്റുണ്ടാക്കി അവിടേക്ക് കയറ്റിക്കൊണ്ടുപോയത്.ഇത് രാഷ്ട്രീയക്കാർക്ക് സമയമുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്ന വിഷയമാകുന്നു.

വംശനാശത്തോടടുത്തപ്പോൾ തവള പിടുത്തം നിരോധിച്ചു.പെട്രോമാക്സുകൾ കുറെക്കാലം കല്യാണവീടുകളിലും മരണവീടുകളിലും മനുഷ്യരുടെ കണ്ണു ബൾബാക്കി ജ്വലിപ്പിച്ചുകൊണ്ടിരുന്നു.
തവളകളെ വിട്ടു  മറ്റു പിടുത്തങ്ങളിലേക്ക് തിരിഞ്ഞ് തവളപിടുത്തക്കാർ സാമൂഹ്യജീവികളായി മാറി.

അനുബന്ധക്കുറിപ്പ്:

തവളരാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തവളപിടുത്തക്കാരൻ നിരോധനത്തിന് പുല്ലുവില കൽപ്പിച്ച് തവളവേട്ടക്കിറങ്ങി.കള്ളനാണെന്ന് കരുതി പോലീസ് പിടിയിലായി.തൊണ്ടിമുതൽ കെട്ടഴിച്ച് നിലത്തിടാൻ ലാത്തി കൊണ്ട് പോലീസ് ആഞ്ജാപിച്ചു.
പിന്നീട് കണ്ട കാഴ്ച  അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ച തവളകൾക്കൊപ്പം തൊപ്പിവെച്ച പോലീസുകാർ തവളച്ചാട്ടക്കാരാകുന്നതാണ്. 

അരക്കു താഴെയുള്ളത്:

തവള നിരോധനത്തെ തുടർന്ന് വെള്ളത്തിൽ വീണുമരിച്ചവരെ പുറത്തുകൊണ്ടുവരിക,അട്ടയെപിടിച്ച് മെത്തയിൽ കിടത്തുക,റെയിൽവേ ട്രാക്കിൽ പൂസായി കിടക്കുന്നവരെ ട്രെയിൻ വരാത്ത ട്രാക്കിലെക്ക് മാറ്റിക്കിടത്തുക തുടങ്ങിയ പണികളിലേക്ക് തിരിയുകയും അടുത്ത കാലത്ത് തവളകളും തവളച്ചാട്ടങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയാവുകയും ചെയ്ത ശില്പി രാജന്റെ കൂട്ടുകാരനും എനിക്ക് പരിചയക്കാരനുമായ നെടുപുഴയിലെ  തവളബാലേട്ടന്
ഈ എഴുത്ത് സമർപ്പിക്കുന്നു.


മണിലാൽ



7 comments:

മണിലാല്‍ said...

മഴയെ കാവ്യാത്മകമാക്കി ഉയർത്തുന്നത് തവളകളാണ്,പുതുമഴയെ പ്രത്യേകിച്ച്.
പുതുമഴക്കുശേഷമുള്ള കരച്ചിൽ വേണോ വേണ്ടയോ എന്ന ഒരുമാതിരി കരച്ചിലാണ്.ഗ്ലിസറിൻ ഉപയോഗിച്ചുള്ള കള്ളക്കരച്ചിലാണോ എന്നു പോലും തോന്നിയിട്ടുണ്ട്.

Unknown said...

Thavalakal nallavaranu

sasikumarvtvm said...

മൈത്രീപാടത്ത് സന്ധ്യക്ക്‌ ഒന്നോ രണ്ടോ തവള കരയുന്ന കേള്ക്കാം.
പിന്നാലെ പുളകന് നീന്തി വരും.
തവള പാട്ട് നിറുത്തും.
പെട്രോൾ മാക്സ് തൂക്കി ഇട്ടിന്ടു.
മണ്ണെണ്ണ ഇല്ല.
മണ്ണെണ്ണ എല്ലാം എനി ദേശ തൊഴിലാളി കലക് ചോറും കിഴങ്ങും വെകിക്കാൻ.
മുതുകുളം എന്ന ഗ്രാമം വിളിപ്പാടെ അകലെ ആയതിനാലും.,തവള പിടുത കഥ എഴുതിയ പദ്മരാജനെ അവിടെ അടക്കിയതിനാലും. എല്ലാ തവളകളും അവിടേക്ക് പോകുമെന്ന് സ്ഥലം പോലീസ് .
പിന്നെ കൊള്ളാവുന്ന തവള ടി വി ക്ക് മുന്നിലും

പ്രയാണ്‍ said...

ഇശ്...ട്രെയിനിന് തല വെച്ച ഒരാളുടെ തല മുറിഞ്ഞ ശരീരം എഴുന്നേറ്റ് നിന്നത് കണ്ടു പേടിച്ച എഞ്ചിന്‍ ഡ്രൈവറെ പറ്റി ഒരു ഫ്രന്‍റ് പറഞ്ഞത് ഓര്‍മ്മ വന്നു.

Sudheer Das said...

തവളപിടുത്തത്തിന് പിന്നില്‍ അങ്ങനെയും ഒരു തലം ഉണ്ടായിരുന്നുവല്ലേ. കൊതുകകളുടെ വര്‍ദ്ധനവിനും തവളകളുടെ കുറവ് കാരണമാകുന്നുണ്ടെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.

മണിലാല്‍ said...

തവളകളെ സ്നേഹിക്കുക

Muralee Mukundan , ബിലാത്തിപട്ടണം said...

തവള ബാലേട്ടൻ എന്ന ഞങ്ങളുടെ കുഞ്ഞിരി ബാലേട്ടന്റെ കഥയും കൂടിയാണിത്...


നീയുള്ളപ്പോള്‍.....