പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, March 16, 2019

✳പി ലീലയെക്കൊണ്ട് ഭരണഘടന പാടിപ്പിക്കണം

✳ഒറ്റക്കിരുന്ന് ഉറച്ചനേരം ഒരു വിളി വന്നു. മനസ് ഉത്സവത്തിലേക്ക് തിരയിളക്കി, സുഹൃത്ത് രഘു വക്കീലാണ്. കേരളവർമ്മക്കാലത്ത് മജീഷ്യനായിരുന്നു. പെൺകുട്ടികളെ വീഴ്ത്താനുള്ള പലതരം വിദ്യകളിൽ ഒന്നായിരിക്കണം കോളേജ് കാലത്തെ രഘുവിന്റെ മാജിക്ക്. കോളേജിൽ അന്നത് അധികം ഏറ്റില്ലെങ്കിലും കോടതിൽ മാജിക്ക് യഥേഷ്ടം ഏൽക്കുന്നുണ്ടെന്ന് രഘു.

കോടതിയിലും മാജിക്കിലും ധരിക്കുന്ന കോട്ടിന് സമാനതകളുണ്ട്, രണ്ടിലും സത്യമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ കളവുമുണ്ട്. കോടതിയോടും നിയമ വ്യവസ്ഥയോടും പൊതുവെ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അതിന്റെ മനംമടുപ്പിക്കുന്ന രീതികളായിരിക്കണം അങ്ങിനെ തോന്നാൻ, കേസും കോടതിയുമൊക്കെ നമ്മുടെ വഴിയല്ലെന്ന മാനസികാവസ്ഥയും. ആയതിനാൽ ഭരണഘടനയെ ജാതിമതങ്ങൾ പോലെ ഞാൻ അകറ്റി നിർത്തിയിരുന്നു. ജീവിക്കാൻ സ്വന്തം ഭരണഘടന മതി എന്ന അതിഭീകരമായ ആത്മവിശ്വസവും.

കുരിശിന്റെ വഴി നാടകക്കേസുമായി ഞങ്ങൾ അമ്പത്തിയേഴ് വ്യതസ്ത പേരുകളിൽ ഉള്ള യുവാക്കൾ മൂന്നാലു വർഷം മജിസ്ട്രേറ്റ് കോടതിയുടെ തിണ്ണ നിരങ്ങിയപ്പോൾ ഭരണഘടനാ സ്ഥാപനത്തോട് ഉടലെടുത്ത ബഹുമാനം തീർത്താൽ തീരില്ല.


മജിസ്ട്രേറ്റായ എന്റെ സുഹൃത്തിനോട് അമ്മ നിരന്തരം പറയുമത്രെ, ഫാനിന്റെ ചോട്ടിലിരുന്ന് നുണ കേൾക്കാനല്ലെ നീ ദിവസോം കോട്ടും സൂട്ടുമിട്ട് പോകുന്നത്.

നിയമത്തെ വ്യാഖ്യാനിച്ചവർ ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതാണൊ ഭരണഘടന മറിച്ചും ചെയ്തതാണോ, അങ്ങിനെ ചില സംശയങ്ങൾ. ശബരിമല വിധി വന്നപ്പോഴാണ് ഭരണഘടന എന്ന ഒന്നിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. അത് വരെ ബൈബിൾ പോലെയൊ മഹാഭാരതം പോലെയൊ ഡെക്കാമറൺ കഥകൾ പോലെയൊ പോലെയൊ ആയിരുന്നു അത്, വേണമെങ്കിൽ ആവാം, അവഗണിക്കാം.

നമ്മളെ ബാധിക്കാത്ത ഒരു പുസ്തകം എന്ന ചിന്തയിലായിരുന്നു അത് വരെ. രാജ്യത്തിന്റെ ഭരണഘടനക്കൊപ്പം സ്വന്തം ഭരണഘടനയുണ്ടാക്കി ജീവിക്കുന്ന മനുഷ്യരും പൊരുതുന്ന സമൂഹവും എല്ലാ ലോകത്തുമുണ്ട്.

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം എന്ന എന്റെ സിനിമയിൽ പ്രണയത്തിന്റെ ഉച്ഛവസ്ഥയിൽ നിയമപുസ്തകം കത്തിക്കുന്ന ഒരു വിഷ്വൽ ഉണ്ട്.

ഇപ്പോൾ തോന്നുന്നു, ഭരണഘടനയെ അപ്പാടെ തള്ളരുത്, അത് പാഠപുസ്തകമാക്കേണ്ട ഒന്നാണ്‌.കുട്ടികളെ മറ്റൊന്നും അടിച്ചേൽപ്പിച്ചില്ലെങ്കിലും ഇത് പഠിപ്പിക്കണം.

സംസാരിക്കാൻ കൊള്ളാവുന്ന ആരെക്കണ്ടാലും ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനവും ഭരണഘടനാ ബെഞ്ചിന്റെ വിധിയും ചർച്ച ചെയ്യാറുണ്ട്.സമൂഹത്തിന്റെ അഥവാ ആണുങ്ങളുടെ മനസിലിരിപ്പ് അറിയാനാണ്. എന്റെ സുഹൃദ് വലയം ഭൂരിപക്ഷവും ജാതി മതരഹിതരാണ്, എന്റെ സന്തോഷജീവിതം അതിലാണ്, പ്രകടമല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിച്ച് തന്നെയാണ് ജീവിതവേഗം. സമഭാവന സ്വാതന്ത്ര്യം എന്നിങ്ങനെ നെറ്റിയിൽ എഴുതിയൊട്ടിച്ചിട്ടുമുണ്ട്.


ഒരാളെക്കാണുമ്പോൾ ഏത് ജാതി ഏത് ഗോത്രം ഏത് നാട് എന്ത് മെച്ചം എന്ന് ചിന്തിക്കുന്നതേയില്ല. അയതിനാൽ ഒന്നിച്ചൊഴുകാൻ കഴിയുന്നു വ്യത്യസ്തങ്ങളായ ആചാരങ്ങളുമായി യോജിച്ച് പോകണമെങ്കിൽ നല്ല അദ്ധ്വാനം വേണം. ജീവിക്കാൻ തന്നെ സമയം കഷ്ടി.

സ്വകാര്യ ചർച്ചകൾ വളരെ ഇഷ്ടമാണ്.താപ്പ് കിട്ടുമ്പോഴൊക്കെ ചർച്ച ചെയ്യും, മദ്യപാനമെങ്കിൽ പറയുകയും വേണ്ട. ചർച്ചാവേദി വീടുകളിലാണെങ്കിൽ ആൺപെൺ ദേദമില്ലാതെ മലയിൽ സ്ത്രീകൾ കയറേണ്ടതില്ല എന്ന് പുരുഷന്റെ ഭാഗത്ത് നിന്ന് കട്ടായം വന്നാൽ സ്ത്രീ സ്വാതന്ത്ര്യം എന്ന അറ്റകൈ പ്രയോഗം വലിച്ച് പുറത്തേക്കിടും. അടുക്കളയിൽ കരിഞ്ഞും കെട്ടിയോന്റെ അടിവസ്ത്രം കഴുകിയും ജീവിച്ചാൽ മതിയോ എന്നൊരു ചോദ്യം പെണ്ണുങ്ങൾക്ക് നേരെ ഉയർത്തും.അവരുടെ ഉള്ളിൽ ആദ്യമൊരു സന്ദേഹമുണരും, പിന്നെ വികസിക്കും, അവർ ആണുങ്ങളായ ഭർത്താവിന്റെ മുഖത്ത് നോക്കും. ഇപ്പുറത്തെ ആണൊരുത്തൻ എരിപിരി കൊള്ളുന്നതും കാണാം. ശബരിമല കയറ്റം പിന്നീടാകാം ഇപ്പോ നീ സ്ഥലം വിട് എന്നൊരു മട്ടും ഭാവവും അയാളിൽ നിന്ന് വായിയെടുക്കാം.

പുരുഷനാണ് പ്രശ്നം. മലയും കയറ്റിറക്കങ്ങളും ആർത്തവവും ബ്രഹ്മചര്യവുമൊന്നുമല്ല.പൊതു ഇടങ്ങൾ സ്ത്രീകൾ ശ്വസിക്കാൻ തുടങ്ങിയാൽ അടുക്കളയിൽ കയറാനും അടിവസ്ത്രങ്ങൾ നനക്കാനും കാലുതിരുമ്മാനും ആളെ വേറെ നോക്കേണ്ടി വരും.ശരണം വിളികൊണ്ടോ നാമജപം കൊണ്ടോ പരിഹരിക്കാൻ പറ്റാത്തതാണ് കാലങ്ങളിലൂടെ പുരുഷലോകം ആർജിച്ച ശീലങ്ങൾ. ദൈവങ്ങളെ സഹിക്കാം പുരുഷന്മാരെ പറ്റില്ല. ആണധികാരത്തിന്റെ അടരുകൾ അനവധി. ബ്രാഹ്മണ്യം വരെ അത് എഴുന്ന് നിൽക്കുന്നു.

പുരുഷനെന്നാൽ അധികാരമാണ്, അധികാരമെന്നാൽ ബ്രാഹ്മണ്യമാണ്. ആകയാൽ അധികാരത്തിന്റെ പൂണൂലണിയാൻ ക്യൂ നിൽക്കുന്നവരെ എവിടെയും കാണാം.

ഇന്ത്യൻഭരണഘടന പൗരസ്ത്യമാണെന്നും അതിനെ ഭാരതവൽക്കരിക്കണമെന്നുമുള്ള വാദം ഉയരുന്നുണ്ട്. മനുസ്മൃതി പോലുള്ള സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക.സ്ത്രീകൾക്ക്, ദളിതർക്ക് ഒന്ന് ശ്വാസം വിടണമെങ്കിൽ മുകളിൽ നിന്ന് സമ്മതം വാങ്ങിക്കണം.


എന്റെ ജീവിതത്തിൽ ഭരണഘടനക്ക് പൊന്നുംവിലയുണ്ടാവുന്നത് സ്ത്രീ പ്രവേശനവിധിക്ക് ശേഷമാണ്.സ്ത്രീകൾ അണിയേണ്ടത് പുരുഷനൊപ്പം അവരെ മനുഷ്യരാക്കുന്ന ഭരണഘടനാ തത്വങ്ങളെയാണ്, ഭക്തിയേയോ സ്വർണ്ണത്തേയോ അല്ല.

 കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ഗഫൂർ പാതിരാവർത്തമാനത്തിനിടയിൽ ദലിത് സുഹൃത്തുക്കൾ എത്രപേരുണ്ട് എന്ന പ്രസക്തമായ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി, സുഹൃത്തുക്കളെ ഇതുവരെ ഞാൻ ജാതിയടിസ്ഥാനത്തിൽ തരംതിരിച്ചിട്ടില്ലായിരുന്നു. ആൺ സുഹൃത്തുക്കൾ മുതൽ പെൺ സുഹൃത്തുക്കൾ വരെ ഞാൻ വിരലിൽ കണക്കെടുത്തു, സങ്കോചത്തോടെ. വിരലുകൾ ഓരോന്നായി വിടർന്നുതുടങ്ങി.

അതിൽ എന്നോടൊപ്പം വീട് പങ്കിടുന്ന പെൺസുഹൃത്തുക്കളുമുണ്ടായിരുന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.പൊതുവെ സൗഹൃദത്തിന്റെ തീൻമേശകളിൽ, സു ഹൃദ്സദസുകളിൽ, സഞ്ചാരങ്ങളിൽ മേൽപ്പറഞ്ഞവരെ അധികം കണ്ടിട്ടില്ല, രാഷ്ട്രീയ വർത്തമാനങ്ങളിൽ അവരെ നാവിൻ തുമ്പിൽ അണിനിരത്തുമെങ്കിലും.

സാമൂഹ്യമാറ്റത്തോടൊപ്പം മാത്രമേ നമ്മളും മാറൂ എന്ന ചിന്താഗതി എനിക്ക് പ്രിയട്ടതല്ല. എല്ലാവരും ഒരുമിച്ച് മാർച്ച് ചെയ്യുന്നതല്ല വിപ്ലവം. എല്ലാറ്റിനും അവനവൻ വഴികളുമുണ്ട്.

നവോത്ഥാനമെന്ന് സാമൂഹ്യ നായകർ വന്ന് മാറ്റിമറിക്കേണ്ടത് മാത്രമല്ല. ഓരോ അണുവിലും ഓരോ നിമിഷത്തിലും നമ്മൾ ഒറ്റക്കും നടത്തേണ്ട കലാപം കൂടിയാണത്. അടുക്കളയിൽ ഭാര്യക്കൊപ്പം കയറുമ്പോൾ, അവർക്ക് മുന്നിൽ പുറംലോകത്തെ തുറന്ന് വെക്കാൻ തുടങ്ങുമ്പോൾ ജനാധിപത്യത്തിന്റെ ആദ്യാക്ഷരമെഴുതുകയാണ്.

മറ്റെല്ലാ കാര്യത്തിലും മുകളിലേക്ക് നോക്കാമെങ്കിലും ജാതിയുടെ കാര്യമെത്തുമ്പോൾ താഴേക്കാണ് നോക്കേണ്ടത്, മനുഷ്യർ അവിടെയാണ്, മനുഷ്യത്വം അവിടെയാണ്. ഭരണഘടന പോലെത്തന്നെ അംബേദ്ക്കറും എനിക്ക് ഒരുകാലത്ത് തെറ്റിദ്ധാരണയായിരുന്നു, എല്ലാം ഗാന്ധിയിലേക്ക് ഏകമുഖമാക്കിയിരുന്നു.

ഭരണഘടനാശില്പി എന്നതിൽ നിന്ന് ശില്പി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാൻ ഇത്തിരി വൈകി. ആലോചിക്കുമ്പോൾ പല രീതികളിൽ വ്യാഖ്യാനിക്കാവുന്ന ശില്പഘടന തന്നെയാണത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ, വലുപ്പചെറുപ്പങ്ങളെ സൂക്ഷ്മാംശത്തിൽ കണ്ട് സമഭാവനയിൽ എഴുതിയുയർത്തിയ നിയമ സംഹിത ഒരു ശില്പം പോലെ ഭദ്രമായ ഐക്യവും അടിത്തറയും സൗന്ദര്യവും പ്രസരിപ്പിക്കുന്നു.

ഇതിനെ പുതുക്കിപ്പണിയുകയാണ് ജനാധിപത്യത്തിലൂടെ കാലം ചെയ്യേണ്ടത്. സമഭാവന , സ്വാതന്ത്ര്യം എപ്പോഴും ഉയർത്തിപ്പിടിക്കണം, അതിലൂടെ മനുഷ്യർ നിവർന്ന് നിൽക്കണം.

ഭക്തി കെട്ട് പോകില്ല.
കാരണം അതിന് അടിസ്ഥാനമില്ല.

 മനസ് കെട്ടുപോകുന്ന സമയങ്ങളുണ്ട്, തത്സമയ ചിന്തകളിൽ ഭ്രാന്തു പിടിച്ച് മനഷ്യർ ദൈവങ്ങളെ കക്ഷത്ത് തിരുകി തെരുവിനെ അശുദ്ധമാക്കുമ്പോൾ, നിശബ്ദത ഭാഷയാവേണ്ട സ്ഥലങ്ങളിൽ ആക്രോശം മുഴങ്ങുമ്പോൾ, മനുഷ്യരെ മനുഷ്യർ നെടുകെ പിളരുമ്പോൾ ......


ദീർഘകാലത്തെ ചുറ്റിക്കറങ്ങലിൽ സ്വന്തമെന്ന് ഉള്ളിൽ നിറയുന്ന തൃശൂർ റൗണ്ടിലേക്ക് ഇറങ്ങും. തേക്കിൻ കാടിനെ നെടുകെ പിളർക്കും, റൗണ്ടിൽ ഒരുവട്ടം ചുറ്റും. ആരെയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. ഓഫീസ് വിട്ടിറങ്ങുന്നവർ, സിനിമക്കാർ, നാടകക്കാർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, പ്രതിരോധ സമിതിക്കാർ, അരാജകർ...

 ഇവർ ഭൂരിപക്ഷവും സംസാരിക്കാൻ കൊള്ളാവുന്നവരാണ്. പ്രണയിനികൾ, പ്രതീക്ഷ കൈവിടാത്തവർ, രാജ്യത്തിന്റെ പോക്കിൽ ആശങ്കപ്പെടുന്നവർ... അവർക്കൊപ്പം ചായ കുടിക്കാം, ബീർ പാർലറുകളിൽ കയറാം, ബാറുകളിൽ സമനില തെറ്റാം, എന്തുമാവാം. അവർക്കൊപ്പം സ്നേഹം തൊട്ടുകൂട്ടാം.അവരിൽ നിന്ന് ജാതി തികട്ടി വരില്ല, മതബോധം ഛർദ്ദിക്കില്ല.

സമനില കൈവരിക്കാനാവുമെന്നതാണ് മദ്യത്തിന്റെ ശ്രേഷ്ഠത. ഇടിഞ്ഞു പൊളിഞ്ഞ ലോകം ഒറ്റപ്പെഗ്ഗിൽ എഴുന്നേറ്റ് അറ്റൻഷനിൽ നില്ക്കുന്നത് കാണാം.

മദ്യത്തിന്റെ സാന്നിദ്ധ്യം എന്തൊരു ശാന്തതയാണ് തരുന്നത്, കുടിച്ചില്ലെങ്കിൽ പോലും, എപ്പോഴും അത് സമീപത്ത് കരുതുക തന്നെവേണം,മറിച്ചൊരു ശുഭ സാദ്ധ്യത മറ്റൊന്നും തരാത്തിടത്തോളം കാലം.

മദ്യം ഭരണഘടന പോലെ ,
സമഭാവനയോടെ.

ഭരണഘടനയുമായുള്ള അന്യത നാൾക്കുനാൾ കൂടുന്നു,ഇരുൾ മൂടുന്നത് പോലെ. കരുതിയിരിക്കുക,അതിന്റെ വെളിച്ചം കെട്ടു പോകരുത്.അനുഭവത്തിന്റെ ചൂളയിൽ നിന്ന് ഉരുത്തിരിച്ചെടുത്തതാണ്.

പി ലീലയെക്കൊണ്ട് പാടിപ്പിച്ച് ജ്ഞാനപ്പാന പോലെ മാലോകരെ മുഴുവൻ കേൾപ്പിക്കേണ്ട ഒന്നാണ് ഭരണഘടന.

✳ ശുഭം

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പുരുഷനെന്നാൽ അധികാരമാണ്, അധികാരമെന്നാൽ ബ്രാഹ്മണ്യമാണ്. ആകയാൽ അധികാരത്തിന്റെ പൂണൂലണിയാൻ ക്യൂ നിൽക്കുന്നവരെ എവിടെയും കാണാം.

ഇന്ത്യൻഭരണഘടന പൗരസ്ത്യമാണെന്നും അതിനെ ഭാരതവൽക്കരിക്കണമെന്നുമുള്ള വാദം ഉയരുന്നുണ്ട്. മനുസ്മൃതി പോലുള്ള സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക.സ്ത്രീകൾക്ക്, ദളിതർക്ക് ഒന്ന് ശ്വാസം വിടണമെങ്കിൽ മുകളിൽ നിന്ന് സമ്മതം വാങ്ങിക്കണം.


നീയുള്ളപ്പോള്‍.....