പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 1, 2021

ചാലക്കുടിയിലെ കാട്ടാളന്മാർ

 

 

 

 

 

ചാലക്കുടിയിലെ

കാട്ടാളന്മാർ

 

 

 

കാട്ടാളന്‍ എന്ന വാക്കിന്റെ ഭീകരതയില്‍ കുടുങ്ങി ഇക്കഥയിൽ നിന്നും ആരും കുതറിപ്പോകരുതേ.... 

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാൽ  നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു പോകുന്നത് ചാലക്കുടിയിലെ കാട്ടാളന്‍ ഇട്ട്യേരുചേട്ടന്റെ പലചരക്ക്  കടയിലേക്ക്. 
അടുപ്പിലേക്കും അതുകഴിഞ്ഞ്  അകത്തേക്കും   തദ്വാര പുറത്തേക്കും തൂകാൻ പാകത്തില്‍ എല്ലാം പാക്കറ്റ് പരുവത്തിലോ ഗുളികരൂപത്തിലോ കിട്ടുന്ന ഇക്കാലത്ത് പ്ളാസ്റ്റിക്കില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് കാട്ടാളൻ ഇട്ട്യേരുച്ചേട്ടന്റെ സ്വപ്നം.ചെറിയ സ്വപ്നമല്ല.മനുഷ്യര്‍ക്കിപ്പോ ഇത്തരം സ്വപ്നങ്ങളിൽ വിശ്വാസമില്ല.അതാ  കാട്ടാളന്മാരുടെ കാലിക പ്രസക്തി. 

ഇതര സംസ്ഥാനങ്ങളിലെ മുന്തിയ ഗോഡൌണുകളില്‍ എലി,പാറ്റ,പെരുച്ചാഴി,മരപ്പട്ടി,ഉരഗങ്ങള്‍ തുടങ്ങിയ സുഗന്ധജന്തുക്കൾ മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം സമാസമം അരഞ്ഞു പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാർ മുതൽ ലാടവൈദ്യന്മാർക്ക് വരെ ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ചാലക്കുടി റെയില്‍വേ പാളത്തിനു തൊട്ടുള്ള ആര്‍വീപുരത്തെ സ്വന്തം പെരയിലെ മരമുട്ടിയിലിരുന്ന്  ഇട്ട്യേരുചേട്ടന്റെ വെറോണിചേടത്ത്യാര് മുളകൊണ്ടുനെയ്ത മുറത്തിൽ ചേറ്റി അരകല്ലിൽ പൊടിച്ചെടുത്ത വിവിധയിനം പൊടികൾ മനോരമ,മാതൃഭൂമി,ഹിന്ദു,ദേശാഭിമാനി,ജന്മഭൂമി,ചന്ദ്രിക,ദീപിക തുടങ്ങിയ ദേശീയപത്രങ്ങളില്‍ മതേതരമായ ഭാവനയോടെ പൊതിഞ്ഞുകെട്ടി കൊടുക്കുമ്പോള്‍, യേശു കുരിശിൽ കിടക്കുന്നതുപോലെയുള്ള  ആത്മശാന്തത അനുഭവിക്കുന്നു  ഇട്ട്യേരുചേട്ടൻ  എന്ന മനാമനസ്കൻ.

രോഗങ്ങള്‍ക്ക് കാരണം തേടി പോകേണ്ടത് ആശുപത്രിയിലേക്കല്ല,മായവും മന്ത്രവും ചേർത്ത  രുചിക്കൂട്ടുകളുടെ പാക്കറ്റിലാണ്   അതിന്റെ ഉറവിടം തപ്പേണ്ടതെന്നും    ഇരുനൂറിന്റെ കട്ടിക്കുമുകളിൽ വെക്കാനുള്ള അമ്പതിന്റെ കട്ടി ചിക്കിപ്പരതുന്നതിനിടയിൽ ഇട്ട്യേരുചേട്ടൻ എന്നോട് സാക്ഷ്യം പറഞ്ഞു. 

തന്റെ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങൾ വിഴുങ്ങി   തൂറ്റൽ പിടിച്ചാൽ അതിന് താന്‍ മാത്രമായിരിക്കും  ഉത്തരവാദിയെന്നു പറയാന്‍ പോലും മടിയില്ലാത്ത ആത്മവിശ്വാസിയാകുന്നു  ഇട്ട്യെരുചേട്ടൻ. 

പൊടികളും  വയറിളക്കവും  അനുഭവസാക്ഷ്യവും അവിടെ നില്‍ക്കട്ടെ,
കഥ മറ്റൊന്നാണ്. 

പതിശ്ശേരി എന്ന വീട്ടുപേരിന്റെ അഹങ്കാരത്തില്‍ എര്‍ച്ചിയും മീനും പള്ളിയും പട്ടയും പാതിരിയും കൃഷിയും അതിര്‍ത്തി തര്‍ക്കവുമൊക്കെയായി സാധാരണവും സമാധാനപരവുമായ കുടുംബജീവിതം നയിച്ചവര്‍ പതിശ്ശേരിക്കാട്ടാളൻ എന്ന ക്രൌര്യം നിറഞ്ഞ പേരിലേക്ക് മാറ്റപ്പെട്ടതിന്റെ പിന്നിലും മുന്നിലും ഒരു മഹാരാജാവിന്റെ വെളുത്ത കൈയ്യുണ്ട്.കറുത്ത കയ്യുള്ളവർ പൊറുക്കുക.

ഇട്ട്യേരുചേട്ടന്റെ ഭാഷയില്‍ പറഞ്ഞാൽ 

പണ്ടു പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു മഹാരാജ്യങ്ങളുണ്ടായിരുന്നു. 
നമ്മടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. ഒരു ഫെയര്‍ സ്റ്റേജിന്റെ അകലത്തില്‍ സ്നേഹത്തോടെ കഴിഞ്ഞവർ
പരസ്പരം വഴക്കാവുകയും കലഹംമൂത്ത്   ഉടുമുണ്ടുപൊക്കി സ്വന്തം മദ്ധ്യതിരുവിതാംകൂറും ഇടക്കൊച്ചിയും പുറത്തു കാണിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. 


പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ അല്പമാത്രനാണം മറക്കാൻ കോണകം പോലും നഷ്ടമായ കൊച്ചിരാജൻ  ഈ വിപത്തിൽ നിന്നും  രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ എന്ന് വിലപിച്ച മാത്രയിൽ പതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന നസ്രാണികൾ മുളവടി, മുളകുപൊടി,നായക്കൊരണ,കവണ,പൂഴിമണ്ണ്,മണ്ണേണ്ണ,പപ്പായത്തണ്ട്,കല്ല്,പുല്ല്,മരക്കൊമ്പുകൾ,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി  മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയോടിച്ച് രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് കൊച്ചി രാജപ്പന്റെ നാണം മാറ്റിയെന്നുമാണ് ഇട്ട്യേരുചേട്ടന്‍ പൂര്‍വ്വികരിൽ നിന്നും ശേഖരിച്ചുവെച്ച കട്ടാളക്കഥൈ.

 
അന്തോം കുന്തോമില്ലാത്ത നായന്മാരുടെ നേതൃത്വത്തില്‍ ആന കുതിര കഴുത  കുന്തം കഠാര തുടങ്ങിയ മാരകായുധങ്ങളുമായി നിരന്ന തിരുവിതാംകൂറിന്റെ ആൾപ്പടയെ ഉടുമുണ്ട് തലയില്‍കെട്ടി പ്രാകൃതമായ രീതിയിൽ നാറ്റിയോടിച്ചതിന്റെ സന്തോഷ സൂചകമായി പതിശ്ശേരി കുടുംബത്തിന് രാജാവ് നല്‍കിയ സ്ഥാനപ്പേരാണത്രെ കാട്ടാളന്മാർ.

 

വീട്ടിൽ നിന്നും ചാർത്തിക്കിട്ടുന്ന പേരിൽ അല്ലല്ലൊ മനുഷ്യർ ജീവിക്കുന്നത്,മറ്റുള്ളവർ ചാർത്തിക്കൊടുക്കുന്ന പേരിലൂടെയാണ്.ഒറ്റപ്പേരിൽ മാത്രം ജീവിക്കുന്ന എത്ര പേരുണ്ടാവും ഈ ലോകത്തിൽ. ധനകാര്യത്തിൽ ലോകനിലവാരമുള്ള പ്രധാനമന്ത്രിക്കു തന്നെ എത്രയെത്ര ചെല്ലപ്പേരുകളാണ് ജനങ്ങൾ ചാർത്തിയത്. ഐ.എം.എഫ്.ചാരൻ എന്നൊക്കെ ഒരാളെ വിളിക്കാമോ?


കമ്പ്യൂട്ടറും, പ്ളാസ്റ്റിക്  കൂടുകളും, ആധുനിക കൈവണ്ടികളും,ടോക്കണും,എയർ കണ്ടീഷണറും,പാർക്കിംഗ് ഫെസിലിറ്റിയും,  കളവ് പരിശോധനായന്ത്രങ്ങളും, ഏപ്രണിട്ട പെണ്‍കുട്ടികളുമില്ലാതെ, നോണ്‍ വെജിറ്റേറിയൺ മണമുള്ള ചാലക്കുടി വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഒറ്റമുറിപ്പിടികയിൽ ഒഴിവു സമയത്ത് ചാക്കിൻ കെട്ടിന്മേല്‍ കയറിയിരുന്ന് മുറിബീഡി വലിച്ചുരസിക്കുന്ന സമപ്രായക്കാരൻ പൌലോസ് എന്ന പൊതിഞ്ഞു കെട്ടുകാരനും ചേര്‍ന്ന് 70കാരനായ കാട്ടാളൻ ഇട്ട്യേരുചേട്ടന്റെ ജീവിതം   പഴയ പറ്റുകാരുമായി  പുതിയകാലത്തും ഒത്തുപോകുന്നു. 

ചരിത്രകാരന്മാർ രേഖപ്പെടുത്താൻ മറന്നുപോയ നായർ നസ്രാണി  യുദ്ധചരിത്രത്തിലെ  കാക്കകാഷ്ഠിക്കാത്ത  ജീവനുള്ള സ്മാരകമാകുന്നു ഇട്ട്യേരുചേട്ടൻ എന്ന കാട്ടാളൻ. കാട്ടാളന്മാരെക്കുറിച്ച് ചരിത്രമെഴുതാൻ ഇനിയും വൈകിയിട്ടില്ല.ഇതിന് ചുണക്കുട്ടന്മാരെ കാത്തിരിക്കയാണ് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട വെളിച്ചത്തിൽ കാട്ടാളന്മാർ.

 

 

മണിലാൽ

www.marjaaran.blogspot.com

2009

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കാട്ടാള ചരിതം അസ്സലായിരിക്കുന്നു ...


നീയുള്ളപ്പോള്‍.....