പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Showing posts with label കാട്ടിലെ പുലി. Show all posts
Showing posts with label കാട്ടിലെ പുലി. Show all posts

Saturday, June 19, 2010

സിംഹം കാട്ടിലെ പുലി‘യാണ് !


ഞങ്ങള്‍ തൃശൂരുകാരുടെ ദേശീയ മൃഗം പുലിയാണ്.പുലിക്കളി ദേശീയോത്സവമായതും മറ്റൊന്നുകൊണ്ടുമല്ല.ഐ.എം.വിജയനെയോ
ബിന്ദു മേയറേയോ ശില്പി രാജനെയോ ലാലൂര്‍ വാസുവേട്ടനേയോ പുരുഷന്‍ കടലുണ്ടിയേയോ കറന്റ് ജോണിയേയോ നാടകം ഗോപാലനെയോ വാചകം ഗോപിയേയോ തീറ്റ റപ്പായിയോ ഫ്ലക്സില്‍ കയറിയില്ലെങ്കില്‍ ഉറക്കം വരത്ത എം.എല്‍.എയേയൊ ചൂണ്ടി തൃശൂര്‍ ഘടികള്‍ പറയും.

“പുലിയാണ് ട്ടാ”.
സിംഹത്തെ ചൂണ്ടി ഞങ്ങള്‍ തൃശൂര്‍ ചുണക്കുട്ടികള്‍ പറയും.
“സിംഹം കാട്ടിലെ പുലിയാ ട്ടാ”

പുലിക്കും മേലെയുള്ളവരെ പുപ്പുലി എന്നു വിളിക്കാന്‍ ഞങ്ങള്‍ തിരോന്തരം കാരല്ല കേട്ടാ.

പുലികളെ പൂച്ചകളെക്കാള്‍ സ്നേഹിക്കുന്ന ജനത ലോകത്തില്‍ ഞങ്ങളെപ്പോലെ ഉണ്ടാവില്ല.അതു കൊണ്ടു തന്നെ സിങ്കങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗീര്‍ വനങ്ങള്‍ ഞങ്ങള്‍ക്കു
പുല്ലാണെ,പുല്ലാണെ......
അതിനേക്കാള്‍ ഞങ്ങള്‍ തൃശൂരുകാര്‍ക്ക് പ്രിയതരം പുലിമടയില്‍ കൊഴിഞ്ഞ കുഞ്ചിരോമങ്ങള്‍ ആണ്.
തൃശൂര്‍ക്കാരുടെ ഈ ഭയഭക്തിബഹുമാനങ്ങള്‍ ആദ്യമൊക്കെ നീരസത്തോടെ കണ്ട പുലികള്‍ പിന്നീട് യുദ്ധം പോലും മെച്ചമാക്കിയെടുക്കുന്ന വ്യാപാരി വ്യവസായികളെ പോലെ(കുവൈറ്റ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് പത്രം വായിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത കഥാകാരന്‍ സി.വി.ശ്രീരാമനോട് ഇതോണ്ട് നമുക്കെന്താ മെച്ചം വക്കീലേ......എന്നു ചോദിച്ച കുന്നംകുളത്തെ ബാറുടമ ഇട്ടിക്കുരു മാപ്പിളയുടെ കഥ പിന്നീട് പറയാം) അവസരമാക്കിയെടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.നാക്കെടുത്താല്‍ പുലി പുലി എന്ന് പുലമ്പുന്ന ഈ സാംസ്കാരികകൊഞ്ഞാണന്മാരെ(ഈ പദമുപയോഗിക്കുന്നതില്‍ മന്ത്രി ജി സുധാകരനോടുള്ള കടപ്പാട് ഇവിടെ തീരുന്നില്ല) എന്തിനു ഭയക്കുന്നു എന്നൊരു ചിന്തയില്‍ ആയിരിക്കും പുലികള്‍ നാടുചുറ്റാന്‍ ഇറങ്ങിയിരിക്കുക,മനുഷ്യപ്പേടിയില്ലാതെ.ആദ്യമൊക്കെ കാടും മേടും ഉള്ള സ്ഥലങ്ങളിലാണ് പുലിയിറക്കമെങ്കില്‍ ഇപ്പോള്‍ തുറസ്സാ‍യ സ്ഥലങ്ങളിലാണ് പുലികള്‍ വെയിലുകായാനും കപ്പലണ്ടി കൊറിക്കാനും വരുന്നത്.


ഞങ്ങള്‍ മൂക്കത്ത് കൈവെച്ചത് വാടാനപ്പിള്ളി മണപ്പുറത്ത് പുലിയിറങ്ങി എന്ന് കേട്ടപ്പോളാണ്.തിമിംഗലം എന്നു കേള്‍ക്കുമ്പോള്‍ കടല്‍ ലക്ഷ്യമിട്ട് പടിഞ്ഞാറോട്ടും സുനാമി എന്ന് കേള്‍ക്കുമ്പോള്‍ പാലം കടന്ന് കിഴക്കോട്ടും പായുന്ന ഞങ്ങള്‍ പുലിയിറങ്ങി എന്ന് കേട്ടപ്പോള്‍ ദിക്കുതെറ്റി പകച്ചു പോയി.

പുലിയിറക്കം തളിക്കുളത്തെ സ്നേഹതീരത്താണെങ്കില്‍ മൂന്നു നാലു മന്ത്രിമാര്‍ക്ക് പണിയാ‍യേനെ.പുലിക്കും പുലിയെ പേടിച്ചവര്‍ക്കും പിടിച്ചവര്‍ക്കും സ്വീകരണവും പിന്നെ ഫ്ലക്സും ഗാനമേളയും.കാട്ടു ഭക്ഷണത്തിന്റെ ഒരു മഹാമേളയും സംഘടിപ്പിക്കാമായിരുന്നു.കീശയില്‍ വരുന്നതെത്രയെന്നു പോലും ആരും തിരക്കില്ല.

നാലു പാടും വെള്ളത്താല്‍(കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സാധാ വെള്ളമെന്ന് പ്രത്യേകം പറയുന്നു) ചുറ്റപ്പെട്ട സ്ഥലമാണ് മണപ്പൂറം.

മനുഷ്യപ്പറ്റുള്ള സര്‍ദാറിനെയും ടി.കെ.രാമനേയും കമ്യൂണിസവും വോളീബോളും സമം ചേര്‍ത്ത കുഞ്ഞിക്കെളവന്‍ മാസ്റ്ററെയും പോലെയുള്ള കമ്യൂണിസ്റ്റ് പുലികള്‍ ഇറങ്ങിയ ചരിത്രം മണപ്പുറത്തിനുണ്ടെങ്കിലും റിയലിസ്റ്റിക്ക് പുലികള്‍ ഇതാദ്യമാണ്.

നാലുവരിപ്പാതയുണ്ടാക്കാന്‍ സാധാരണക്കാരന്റെ മേല്‍ കോടാലി വെക്കാന്‍ കൂട്ടു നില്‍ക്കുന്ന പുതിയ ബി.ഒ.ടി.കമ്യൂണിസ്റ്റുകാരെ വെറുതെ വിടുക(പഴയകാല കമ്യൂണീസ്റ്റുകള്‍ ലാല്‍ സലാം),കവികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണെന്ന കാര്യമെങ്കിലും പുലികള്‍ ഓര്‍ക്കണ്ടേ.ആരോടാ കളി അല്ലെ !


കടല്‍ കടന്നോ പുഴ നീന്തിയോ തരക് കൊടുക്കാതെ പാലം കടന്നോ എങ്ങിനെയാണ് ഈ പുലി മണപ്പുറത്തെത്തിയത്?
ശ്രീലങ്കയില്‍ നിന്നാവാനും വഴിയില്ല!


ചായപ്പീടിക ചര്‍ച്ചകളില്‍ ഒന്നും തെളിഞ്ഞുവരുന്നില്ല,പറ്റ് കുമിഞ്ഞുകൂടുന്നതല്ലാതെ.രാത്രീഞ്ചരന്മാര്‍ പുറത്തിറങ്ങില്ലെന്നൊരു കാര്യം പലരേയും സന്തോഷിപ്പിക്കുന്നുണ്ട് പോലും.ജീവനില്‍ ഏറ്റവും കൊതി രാത്രീഞ്ചരന്മാര്‍ക്കാണെന്ന കാര്യത്തില്‍ സംശയം മറ്റുള്ളവര്‍ക്കുണ്ടെങ്കിലും അവര്‍ക്കില്ല.

രാത്രി ലൈറ്റിംഗിനെക്കുറിച്ച് ഉറക്കമൊഴിച്ച് നിരീക്ഷണം നടത്തുന്ന സ്റ്റില്‍ ഫോട്ടൊഗ്രാഫിയിലെ പുലി ഇമബാബു പുലിയെ പേടിച്ച് രാത്രി പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല രാത്രി മൊബൈല്‍ ഓഫ് ചെയ്ത് ഇരുട്ടുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.


നാട്ടുകാരേയും വനപാലകരേയും പ്രത്യേകിച്ച് ഗ്രാമ പഞ്ചായത്തിനെയും ഒന്നിച്ച് കുഴക്കുന്ന ചോദ്യമിതാണ്? മണപ്പുറത്തെങ്ങിനെ പുലിവീരന്‍ എത്തി.
സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ മീശ പിരിച്ച് ഭരണാധികാരികളെ വിറപ്പിച്ച നാടാണ്.ഈ നാട്ടിലാണ് ഒരു സാധാ പുലി നാട്ടുകാരെ വിറപ്പിക്കുന്നത്.വനപാലകര്‍ കൂടൊരുക്കി കടപ്പുറത്തേക്ക് കുടുംബസമേതം പുറപ്പെട്ടിട്ടുണ്ട്.വാടാനപ്പിള്ളി മനോഹരമായ ബീച്ചാണ്,സുനാമി വരുമ്പോള്‍ ലളിത ഗാനം പാടി കടപ്പുറത്ത് മതിമറന്നിരിക്കുന്ന മണ്ടന്‍ കാമുകനെപ്പോലെ കൈക്കൂലിക്കാര്‍ കരിങ്കല്ലിറക്കി നാശമാക്കിയിട്ടുണ്ടെങ്കിലും.

പുലികളെന്ന് വീമ്പിളക്കിയ ആരും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല.പുലികളാവാന്‍ ബെവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ ഇപ്പോള്‍ ഒമ്പതുമണി വരെ കാത്തുനില്‍ക്കാതെ മാളത്തിലൊളിക്കുന്നു,എലികളെപ്പോലെ.രാത്രി കുറ്റിക്കാട്ടിലെക്ക് നീട്ടി മൂത്രം വീശുന്നത് അത്ര പന്തിയല്ലെന്നും പുരുഷകേസരികള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്.
രാത്രികാല വിപ്ലവ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്.


നാട്ടിലിറങ്ങി മനുഷ്യനെ മാന്തിയും കടിച്ചും പരിചയപ്പെട്ടതോടെ പുലിയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്ന് ജന്തു നിരീക്ഷകര്‍ വിലയിരുത്തുന്നു.
കാട്ടു മൃഗം വീട്ടുമൃഗമാകുന്നുവോ ?
വൃത്തികെട്ട മനുഷ്യത്വം പുലികളെയും ബാധിക്കുന്നുവോ ?
സംശയം അതാണ്.

അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ തയ്യാറാക്കി കൊണ്ടുവെക്കുന്ന കൂട്ടില്‍ കയറി അകത്തുനിന്നും പൂട്ടി മനുഷ്യരെപ്പോലെ(പ്രത്യേകിച്ച് എന്‍.ജി.ഒ.മാരെപ്പോലെ) സ്വയം സുരക്ഷിതമാവേണ്ട കാ‍ര്യം പാവം പുലിക്കില്ലല്ലോ!

ഗ്രാമപഞ്ചായത്ത് കമ്മിറ്റികള്‍ പുലികളെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതേത്തുടര്‍ന്ന് പുലികള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്ന കാലം വിദൂരമല്ല.

നീയുള്ളപ്പോള്‍.....