പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Monday, March 26, 2012

സ്വപ്നം കാണുന്നവരെ എന്തിനു പേടിക്കണം



🌿

ഈയിടെ രാജഗോപാലന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ സുഹൃത്തായ ഇന്റര്‍നെറ്റ് മാഗസിന്‍ എഡിറ്റര്‍ എന്നെ ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍വീസില്‍ നിന്നും രാജിവെച്ച് കാടായ കാടെല്ലാം സഞ്ചരിക്കുന്ന നല്ലൊരു മനുഷ്യനാണ് രാജഗോപാലന്‍ .വിവാഹം കഴിച്ചെങ്കിലും പ്രകൃതി വിളിച്ചപ്പോള്‍ ആ വഴി ഇറങ്ങിപ്പോയി.കൂടെയുള്ളവള്‍ വേറൊരു വഴിക്കും.പ്രകൃതിയെ ശ്വസിക്കുന്നത്  പോലെ കഞ്ചാവ് ആസ്വദിക്കുന്ന ബഹുമാന്യ വ്യക്തി കൂടിയാണ് മി.രാജഗോപാലന്‍.  പരിസ്ഥിതിയില്‍ നിന്നും തുടങ്ങിയ ഇന്റര്‍വ്യൂ കഞ്ചാവിലെക്ക് പുകഞ്ഞെത്തുകയായിരുന്നു .ഇതുവരെ ആരും ഓര്‍ക്കുകയോ ആലോചിക്കുകയോ ചെയ്യാത്ത,പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു രാജഗോപാല്‍ അഭിമാനപൂര്‍വ്വം അവതരിപ്പിച്ചത്.

കഞ്ചാവിനേയും അത് പരിസ്ഥിതിയും പ്രകൃതിയും പാരമ്പര്യ ചികില്‍സാ രീതിയുമായുമൊക്കെ എങ്ങനെ പൊരുത്തപ്പെടുമെന്ന്ന്ന് സവിസ്തരം അദ്ദേഹം പ്രതിപാദിച്ചു.ഈ ലേഖനം പക്ഷെ മാഗസിന്‍ നിരസിച്ചു.ആയതിനാല്‍ എന്റെ ചവട്ടുകുട്ടയിലേക്ക് ഞാനിത് തള്ളുന്നു.

ചോദ്യം:എത്ര നാളായി താങ്കള്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.

ഉത്തരം:സുമാര്‍ പത്തുമുപ്പത് വര്‍ഷമായി.

ചോദ്യം:എത്ര വയസ്സുണ്ട് ഇപ്പോള്‍
ഉത്തരം:നാല്പത്തഞ്ച്.
ചോദ്യം:അപ്പോ തുടങ്ങാന്‍ തീരെ വൈകിയില്ല.

ഉത്തരം:ഇല്ല,തീരെയില്ല.പക്ഷെ ദില്ലിയില്‍ ജെ.എന്‍ .യുവില്‍ പഠിക്കുന്ന സമയത്താണ് മുഴുവന്‍ സമയ ഉപയോക്താവായി മാറുന്നത്.അന്നൊക്കെ ഓടുന്ന ബസില്‍ കമ്പിയിൽ പിടിക്കാതെ നിന്ന് കഞ്ചാവ് തെരുക്കാന്‍ എനിക്ക് കഴിയുമായിരുന്നു.സുഹൃത്തുക്കള്‍ക്കൊക്കെ അതത്ഭുതമായിരുന്നു.ഏകാഗ്രത കുറച്ചൊന്നുമല്ല ഇക്കാര്യത്തില്‍ എനിക്കുണ്ടായിരുന്നത് .വലിച്ചാലും ഇതു തന്നെയാണു സ്ഥിതി, കഠിനമായ ഏകാഗ്രത.

ചോദ്യം:എന്താണ് കഞ്ചാവിനെ പറ്റി ഒറ്റ വാക്കില്‍ പറയാന്‍ സാധിക്കുക.

ഉത്തരം:അതൊരു ഔഷധവിളയാണെന്ന് നിസംശയം പറയാം.അതില്‍ മായം ലവലേശമില്ല.സിഗരറ്റ്,ബീഡി എന്നിവയില്‍ മനുഷ്യനെ ആസക്തി വര്‍ദ്ധിപ്പിക്കാനുള്ള പല വസ്തുക്കളും ചേര്‍ക്കുന്നു.ഇത് അഡിക്ഷനു കാരണമാകുന്നു.ചുമ കുരയായി മാറി  വീണടിയുന്നതു വരെ അതില്‍ നിന്നും മോചനമില്ല.ഇത്തരം വീടുകളില്‍ കള്ളന്‍ കയറുകയില്ല എന്നൊരു കാര്യത്തില്‍ സമാധാനിക്കാം(ചിരിക്കുന്നു).കഞ്ചാവ് പരിസ്ഥിതിയുടെ സ്വച്ഛന്ദതയിലുള്ള വനനിബിഢതയിലാണ് വളരുന്നത്.തികച്ചും സ്വാഭാവികവും കാല്പനികവുമായ അന്തരീക്ഷത്തില്‍  .പാറപ്പുറത്തോ മറ്റൊ വിരിച്ചിട്ട് സൂര്യൻ്റെ സ്വാഭാവികമായ പ്രകാശത്തിലാണ്  നേരിട്ട് ഉണക്കിയെടുക്കുന്നത്.സൂര്യനുമായുള്ള സംയോഗം ഔഷധഗുണം കൂട്ടാന്‍ സഹായമാകുന്നു.കഞ്ചാവിനടിമപ്പെട്ടവര്‍ വിരളമാകുന്നു.ഉണ്ടെങ്കില്‍ തന്നെ അവരെ തിരിച്ചു കൊണ്ടു വരാന്‍ എളുപ്പമാണ്. സിഗാറിനടിമപ്പെട്ടവരേക്കാള്‍ അവര്‍ തുലോം കുറവുമാണ്.സംശയമുണ്ടെങ്കില്‍ ഇതേപ്പറ്റി നിങ്ങള്‍ക്ക് ഏതെങ്കിലും സാമൂഹ്യ ബോധമുള്ള സൈക്യാട്രിസ്റ്റിനോടൊ മറ്റോ ചോദിക്കാവുന്നതാണ്.

എം.പി.നാരായണപ്പിള്ളയും ഇതേ കാര്യം ഒരിക്കല്‍ പറഞ്ഞതായിട്ടോര്‍ക്കുന്നു.

ഒറ്റവാക്കില്‍ നിര്‍ത്താന്‍ പറ്റിയില്ല,ക്ഷമിക്കണം.ഇഷ്ടവിഷയം പറയുമ്പോള്‍ നാക്കിനെ നിയന്ത്രിക്കാന്‍ പ്രയാസമാകുന്നു.ഒരു കാര്യം വിട്ടുപോയി കഞ്ചാവ് നാക്കിനെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല ഔഷധം കൂടിയാണ്.കുരങ്ങന്‍ കഞ്ചാവടിച്ചതു പോലെ എന്നൊരു പ്രയോഗം നിലവിലുണ്ട്.ചാട്ടവും മരംകേറ്റവും നിര്‍ത്തി ഒരു തത്വചിന്തകന്റെ ഭാവം വരും.നമ്മള്‍ കേരളീയന്റെ നാടന്‍ കലകളിലൊന്നായ ആയുര്‍വ്വേദത്തിന്റെ പല ഔഷധക്കൂട്ടിലും കഞ്ചാവ് കയറിക്കൂടി ഉദ്ദീപനം ഉണ്ടാക്കുന്നതായി വൈദ്യന്മാര്‍ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്.

സൈക്കോ ആക്ടീവിസത്തിന് കഞ്ചാവ് ഗുണപ്രദമാണെന്ന് ലോക നിലവാരത്തിലുള്ള പഠനങ്ങളില്‍ പറയുന്നുണ്ട്.കഞ്ചാവ് വയലന്‍സിനെ കുറക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.അവധാനത ഉണ്ടാക്കുന്നു എന്നതാണ് കഞ്ചാവിന്റെ ഗുണങ്ങളിലൊന്ന്.

ചോദ്യം:കഞ്ചാവിന്മേലുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെ പറ്റി എന്താണഭിപ്രായം.

ഉത്തരം:ആരോ എഴുതി വെച്ച മണ്ടത്തരം നിരന്തരം ജനങ്ങള്‍ ചുമക്കേണ്ടി വരുന്നതിനെയാണ് നമ്മള്‍ നിയമം എന്നു പറയുന്നത്.അതില്‍ നിന്ന് തെറ്റിയാല്‍ നാട്ടുകാര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന് പേടിയുള്ളതു കൊണ്ടാണ്

മന്ത്രിമാരൊക്കോണ്ട് സത്യം ചെയ്യിക്കുന്നത്.മന്ത്രിമാരെ ഒരിക്കലും ബുദ്ധിയില്‍ കുടുക്കാതെ മാറ്റിനിര്‍ത്തണമെന്നാണ് സത്യപ്രതിഞ്ജ  കൊണ്ട ഉന്നം വെക്കുന്നത്.മന്ത്രിയായിക്കഴിഞ്ഞാല്‍ എന്തോ കൂടുന്നതും എന്തോ കുറയുന്നതും

  നാം കാണുന്നതല്ലെ. എഴുതിവെച്ച മണ്ടത്തരങ്ങളില്‍ നിന്നും കിടുകിടാ മാറില്ലെന്നാണല്ലോ ദൈവത്തിന്റെ പേരിലായാലും അല്ലെങ്കിലും സത്യപ്രതിജ്ഞ കൊണ്ടുദ്ദേശിക്കുന്നത്, സ്വയം ചിന്തയരുത്.

പണ്ട് കൊച്ചി രാജ്യത്തൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നു.ഇക്കണ്ടന്‍ എന്നോ പേരുള്ള ഒരാള്‍  .ആ പഹയന്‍ കാടെല്ലാം വെട്ടിത്തെളിയിച്ച് കൃഷി ചെയ്യാന്‍ പറഞ്ഞു. ശാസ്ത്രവളര്‍ച്ചയുമില്ല പരിസ്ഥിതി ബോധവുമില്ല എന്നൊരു കാലമായിരുന്നു അത്.ആ നിയമം കോട്ടയം പാലാ ഭാഗത്തെ കോണ്‍ഗ്രസ്സുകാര്‍ ശിരസാവഹിക്കുകയും കയ്യേറ്റത്തെ ഒരു സ്വഭാവമായി മാറ്റുകയും ചെയ്തു.അന്നവര്‍ കഞ്ചാവിനെ മാത്രം വെട്ടി നിരത്തിയില്ല,സമാധാനം.

ആ കാലത്തെ നിയമം തന്നെയാണ് ഇന്നും പിന്തുടരുന്നത്. കാടു കണ്ടാല്‍ വെട്ടിക്കൊണ്ടേയിരിക്കുക.

ചോദ്യം:കഞ്ചാവ് നിരോധിക്കേണ്ട കാര്യമില്ലെന്നാണൊ?

ഉത്തരം: യാതൊരു കാര്യവുമില്ല.ഇന്നത്തെ വാര്‍ത്ത കണ്ടില്ലെ.കാലിഫോര്‍ണിയയില്‍ കഞ്ചാവ് നിയമവിധേയമാക്കി.ആര്‍ക്കും വീട്ടില്‍ പോലും ഓമനിച്ചു വളര്‍ത്താം.രഹസ്യകാമുകത്വം അവസാനിപ്പിക്കാം. മണിപ്പൂര്‍ ഇന്ത്യയിലാണെങ്കില്‍ ഇന്ത്യയില്‍ കഞ്ചാവ് പൊതുവില്പന നടക്കുന്ന സ്ഥലമാണ് മണിപ്പൂര്‍  .അവിടെ ചന്തകളില്‍ നിന്നും നമുക്കത് കിട്ടും.ഇവിടെ ചീരക്കെട്ട് വില്പനക്ക് വെച്ചിരിക്കുന്നതു പോലെ പെണ്ണുങ്ങളാണത് വില്‍ക്കുന്നത്.
ആംസ്റ്റർഡാമിൽ കഞ്ചാവ് നിയമ വിധേയമാണ്.സിഗാർ വലിക്കുന്നവരെ പഴഞ്ചനായിട്ടാണ് അവർ കാണുന്നത്.

ഇന്ത്യയിലും ഇത് നിയമ വിധേയമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ചോദ്യം:അപ്പോ കഞ്ചാവ് ഉപയോഗിക്കുന്നതല്ല,നശിപ്പിക്കുന്നതാണ് കുറ്റം അല്ലെ.

ഉത്തരം:സംശയമുണ്ടൊ.പ്രകൃതിയിലുള്ള ഒന്നും നശിപ്പിക്കേണ്ടതല്ല.എല്ലാറ്റിനും അതിന്റെതായ നിയോഗങ്ങളുണ്ട്.ഒരു കള്ളിമുള്‍ ചെടിക്കു പോലും.നോക്കൂ പാലക്കാട് ജില്ലയില്‍ മഞ്ഞരളിക്കായ തിന്ന് കുറെ പേര്‍ മരിക്കുന്നുണ്ട്.പലപ്പോഴും എസ്.എസ്.എല്‍  .സി പരീക്ഷാ റിസല്‍ട്ട് വരുന്ന കാലത്താണ് ഇത് സംഭവിക്കുന്നത്.ഇതാരും വെട്ടിമുറിക്കുന്നില്ലല്ലോ. പരീക്ഷാ കാലത്തെങ്കിലും അത് ചെയ്യേണ്ടതല്ലെ. അതു പാടില്ല.

ചോദ്യം:എന്തായിരിക്കും കഞ്ചാവ് നിരോധിക്കുന്നതില്‍ സര്‍ക്കാരിനുള്ള താല്‍പര്യം.

ഉത്തരം:ചാരായം നിരോധിച്ചതാര്‍ക്കു വേണ്ടിയാണ്.സാധാരണക്കാരെ മദ്യത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയല്ല.വിദേശ മദ്യ ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണാധികാരികള്‍ മാനസികമായി മന്ദത ബാധിച്ചവരായിത്തീരും, മന്ദത, അധികാരത്തിന്റെ ഒരു പാര്‍ശ്വഫലമാണ്.അവര്‍ എന്തും നിരോധിച്ചു കളയും.കഞ്ചാവ് വേട്ടക്ക് ഒത്താശ ചെയ്യുന്നതാരെന്നല്ലെ,മദ്യ ലോബികളും വന്‍കിട സിഗാര്‍

കമ്പനിക്കാരുമാണ്.മുതലാളിമാരുടെ കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കേണ്ടത് ഭരണക്കാരുടെ ഉത്തരവാദിത്വമാണ്.അതുകൊണ്ടവര്‍ കഞ്ചാവിനെ വേട്ടയാടുന്നു.

പാവപ്പെട്ട ബാറുടമകളെ നിലനിര്‍ത്തേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക കർത്തവ്യങ്ങളിലൊന്നാണ്.

ചോദ്യം:കഞ്ചാവ് നിലനിര്‍ത്തണം എന്നു തന്നെയാണ് പറഞ്ഞു വരുന്നത് അല്ലെ?

ഉത്തരം:ഭൂമിയില്‍ വളരുന്നതെന്തും ഉപയോഗിക്കാനുള്ള അവകാശം മനുഷ്യര്‍ക്കുള്ളതാണ്,മറ്റു ജീവജാലങ്ങള്‍ക്കുള്ളതാണ് .  വേണ്ടതേത് വേണ്ടാത്തതേത് എന്നവര്‍ക്കറിയാം.നമുക്കറിയാം എത്രയെത്ര വിഷച്ചെടികള്‍ ഭൂമിയിലുണ്ട്.

ആട്,പശു മുതലായ മൃഗങ്ങള്‍ക്കു പോലും അറിയാം ഏതില്‍ കടിക്കണമെന്ന്.നായ്ക്കള്‍ ചിലപ്പോള്‍ ആടുകളെ പോലെ പുല്ലു തിന്നുന്നതു കണ്ടിട്ടില്ലെ.മറ്റൊന്നും തിന്നാന്‍ കിട്ടാത്തതു കൊണ്ടല്ല. വയറ്റില്‍ അസുഖം വരുമ്പോളാണത്രെ അവ ഔഷധപ്പുല്ലുകള്‍ തിരഞ്ഞു നടക്കുന്നത്.

മനുഷ്യന്റെ രുചി നിശ്ചയിക്കേണ്ടത് ഭരണാധികാരികളും കോടതികളുമല്ല.മാര്‍ക്സ് മനുഷ്യരോടു പറഞ്ഞതും മറ്റൊന്നല്ല,പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കാനാണ്.

ചോദ്യം:പ്രണയവും,സ്ത്രീയും പോലെയുള്ള ഒരു ലഹരിയാണൊ കഞ്ചാവ്.

ഉത്തരം:ഇതെല്ലാം കൂട്ടി വായിക്കാവുന്നതാണ്.സംസ്കൃത മഹാകാവ്യമായ നൈഷധത്തില്‍ ഉന്മത്തിന്‍ കായയെ പറ്റി ചില പരാമര്‍ശങ്ങളുണ്ട്.ശിവനെ തപസ്സില്‍ നിന്നും ഉണര്‍ത്താന്‍ കാമദേവനെ ചുമതലപ്പെടുത്തുന്നു. കാമദേവനോ വസന്തന്‍ എന്ന സഹചാരിക്ക് സബ് കോണ്‍ട്രാക്റ്റ് കൊടുക്കുന്നു.വസന്തന്‍ പ്രണയത്തിനു പറ്റിയ സന്ദര്‍ഭമൊരുക്കുന്നു.

തപസ്സിനാല്‍ വരണ്ടുപോയ വനനിരകളില്‍ തളിരും ഇലകളും പൂവും കായും നിറക്കുന്നു.വിടരാന്‍ മടിച്ചുനിന്ന പൂക്കളെ ഇതള്‍ വിടര്‍ത്തി സുഗന്ധം പുറത്തെടുക്കുന്നു.പൂമ്പാറ്റകളെ വര്‍ണ്ണം പുതപ്പിച്ച് വാനില്‍ പറത്തുന്നു.തണുപ്പില്‍ വിറകൊണ്ടിരുന്ന കിളികളെ നിര്‍ബ്ബാധം പാടിക്കുന്നു.പൊതുവെ പറഞ്ഞാല്‍ പ്രണയത്തിനു പറ്റിയ ചുറ്റുപാട്.ഈ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയെ ആനയിക്കുന്നത്.പോരെ പൂരം.ശിവന്‍ പൈങ്കിളിയാവുന്നു,തരളിതനാവുന്നു.പാമ്പിനെയൊക്കെ വലിച്ചു ചുരുട്ടിയെറിയുന്നു.

ഒരു ലഹരി കിട്ടിയാല്‍ പിന്നെ പ്രശ്നമാണ്,ലോകത്തെ എല്ലാ ലഹരികളും നമ്മള്‍ അന്വേഷിക്കും,അറിയും.ശിവനും അതാണു സംഭവിച്ചത്.പ്രണയത്തിനു വീര്യം പോരാതെ ഉന്മത്തിന്‍ കായ ഉണക്കി അത് തീയില്‍ പുകച്ച് അതിന്റെ ലഹരിയില്‍ ഉന്മാദം കൊള്ളുന്നു.കഞ്ചാവ് പിന്നെയാവാം കണ്ടെത്തിയത്.

ചോദ്യം:പാരിസ്ഥിതികമായി ചേര്‍ത്തു വായിക്കുമ്പോള്‍.....

ഉത്തരം: ഓരോ പുഴുവിനും പുല്‍ക്കൊടിക്കും അതിന്റെതായ നിയോഗവും പ്രാധാന്യവും ഭൂമിയിലുണ്ട്.അത് മറക്കരുത്.ഒരു പക്ഷിവര്‍ഗ്ഗത്തിനു വംശനാശം സംഭവിച്ചതിനാല്‍ ഒരു വര്‍ഗ്ഗം മരങ്ങള്‍ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായത് വായിച്ചതോര്‍ക്കുന്നു.ആ മരത്തിന്റെ വിത്തുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നത് ആ പക്ഷികളിലൂടെയായിരുന്നു.തീര്‍ച്ചയായും കഞ്ചാവ് ചെടിക്ക് അത്തരത്തില്‍ ഒരു ദൗത്യം ഉണ്ടാവാതെ തരമില്ല.എന്നെങ്കിലുമത് തിരിച്ചറിയാതിരിക്കില്ല.

ചോദ്യം:ഇതിന്റെ സാമൂഹ്യ സ്വീകാര്യത.പൊതുവെ കഞ്ചാവടിയന്‍ എന്ന് പറയുമ്പോള്‍ സാമൂഹ്യബഹിഷ്കരണത്തിന്റെ ഒരു സ്വരം ഉണ്ടാവാറുണ്ട്.മുഴുക്കുടിയന്മാരും,സിഗാര്‍ തുടങ്ങിയവയുടെ അടിമകളുമായവര്‍ പോലും കഞ്ചാവിനെ ഒരു ഭീകര ലഹരി എന്ന് തള്ളി പറയാറുണ്ട്.

ഉത്തരം:അറിവില്ലായ്മ ഒരു കുറ്റമല്ല.അതാണ് നമ്മുടെ നാട്ടിനെ നയിച്ചുകൊണ്ടു പോകുന്നത്.അവരെ വെറുതെ വിടാം.നിങ്ങള്‍ ഹിമാലയത്തില്‍ പോയിട്ടുണ്ടൊ.ഹിമാലയത്തിന്റെ ഗന്ധം കഞ്ചാവിന്റെതാണ്.അവിടുത്തെ സംഗീതവും അതു തന്നെ.എത്രയെത്ര സന്യാസിമാര്‍ ‘സാമി’ (കഞ്ചാവിന്റെ ഒരു അപരനാമം ഇതാണ്)യില്‍ സാധകം ചെയ്യുന്നത് അവിടെ കാണാം.

ചരസ്സ് മുതലായ കഞ്ചാവിന്റെ രൂപഭേദങ്ങളും ഇവിടെ സുലഭമാണ്.ഋഷിമാരും ഇതുപയോഗിച്ചിരുന്നതായി ഭക്തിസാഹിത്യത്തില്‍ തെളിഞ്ഞുകാണാം.ഒരു സമൂഹത്തിനും അതിന്റെതായ ലഹരിയില്ലാതെ നില്‍ക്കാന്‍ വയ്യ.അതവര്‍ കണ്ടെത്തുക തന്നെ ചെയ്യും.

നാം കേരളീയര്‍ തെങ്ങിന്റെ മണ്ടയില്‍ കയറി കള്ള് ചെത്തിയിറക്കിയതു പോലെ.ഇതറിയണമെങ്കില്‍ കുറച്ച് ചരിത്ര ബോധമൊക്കെ വേണം.മുടിവെട്ടി ഷേവ് ചെയ്ത് കുളിച്ച് കുട്ടപ്പനായി നടന്നാല്‍ പോരാ.തളംകെട്ടിനില്‍ക്കുന്ന മഞ്ഞിലേക്ക് കഞ്ചാവ് ഊതി വിടുമ്പോള്‍ ഉണ്ടാകുന്ന പുകക്കാഴ്ചയുടെ ലഹരി അനുഭവിച്ചറിയണം.അപ്പോള്‍ അത് വലിക്കുന്നവരില്‍ ഉണ്ടാക്കുന്നതെന്തായിരിക്കും.

അറിവില്ലായ്മ മാറണമെങ്കില്‍ യാത്ര ചെയ്യണം.അല്ലെങ്കില്‍ ഈ കൊച്ചു കേരളത്തില്‍ കിടന്ന് കൊഞ്ഞാണന്മാരായിത്തീരും നമ്മളെല്ലാം.എന്നിട്ട് പാവം കഞ്ചാവിനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും.

ചോദ്യം:കഞ്ചാവിന്റെ ഉപോല്പന്നങ്ങള്‍ എന്തൊക്കെയാണ്.

ഉത്തരം:ചരസ്സൊക്കെ കഞ്ചാവ് വാറ്റി നിര്‍മ്മിക്കുന്നവയാണ്.ഈയിടെ മൂന്നാറില്‍ പോയപ്പോള്‍ ഒരു കഞ്ചാവ് കേന്ദ്രത്തില്‍ പോയി.അവിടെ കഞ്ചാവ് ലേഹ്യം ഉണ്ടാക്കുന്ന സ്ഥലമാണ്.പല പ്രമുഖന്മാര്‍ക്കും അവിടെ നിന്ന് ലേഹ്യം സപ്ലൈ ചെയ്യാറുണ്ടത്രെ.രാഷ്ട്രീയ നേതാക്കള്‍,വ്യവസായ പ്രമുഖര്‍,എഴുത്തുകാര്‍ എന്നു വേണ്ട സമൂഹത്തിന്റെ നാനാ തുറയിലുള്ളവരും ലേഹ്യത്തിന്റെ ആരാധകരാണത്രെ.മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ എത്ര കിട്ടിയാലും വാങ്ങിക്കൊണ്ടു പോകുമത്രെ.പ്രൊഡക്റ്റിന് ഡിമാന്റുണ്ടാക്കുവാനായിരിക്കും ഇത്തരം നമ്പറുകള്‍ ഉപയോഗിക്കുന്നത്.

ചോദ്യം:കഞ്ചാവ് കൊണ്ട് ഒരു ദോഷവും ഇല്ലെന്നാണൊ താങ്കള്‍ പറഞ്ഞുവരുന്നത് !

ഉത്തരം:മറിച്ചൊരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ.എപ്പോഴും ചായ കഴിച്ചു കൊണ്ടിരിക്കുക,എപ്പോഴും ചോറു കഴിച്ചുകൊണ്ടിരിക്കുക, നിരന്തരം കോഴിയെ ശാപ്പിടുക.

നിങ്ങള്‍ നിത്യരോഗിയായിത്തീരും തീര്‍ച്ച.ഇതൊക്കെ അഡിക്ഷനാണ്.പൊറോട്ട തിന്നുന്നതിനേക്കാളും ഭേദമാണ് എന്തു ലഹരി കഴിക്കുന്നതും.അത്രക്ക് ശരീരത്തിന് ദോഷം ചെയ്യില്ല.ഇതൊന്നും ആരും പറയുന്നില്ല.ടെലിവിഷന്‍ എപ്പോളും കാണുക,അതും മലയാളം ചാനല്‍ കാണുക.അയാളെ പിന്നെന്തിനു കൊള്ളാം.ശബരിമലയില്‍ നടയിരുത്താന്‍ പോലും അവര്‍ അനുവദിക്കില്ല.

ആകെയുള്ള ഒരു ദോഷം പറയാനുള്ളത് കഞ്ചാവിലിരുന്നാല്‍ ഇരുപത്തിനാലുമണിക്കൂറും സ്വപ്നം കാണും എന്നുള്ളതാണ്. സമൂഹത്തിനും ഭരണകൂടത്തിനും അത് സഹിക്കാന്‍ പറ്റില്ല.

സ്വപ്നം കാണുന്നവരെ എല്ലാവര്‍ക്കും പേടിയാണ്.

ചോദ്യം: എല്ലാം വിട്ടെറിഞ്ഞല്ലെ കാട്ടിലേക്കും പ്രകൃതിയിലേക്കും കുടിയേറിയത്,
ഇപ്പോൾ തോന്നുന്നത്...

ഉത്തരം : ഒന്നും വിട്ടെറിഞ്ഞിട്ടില്ല, വിട്ടുകളഞ്ഞിട്ടുമില്ല.സ്വയം തിരിച്ചറിവിലേക്കുള്ള യാത്രകളായിരുന്നു എല്ലാം. ഉയരങ്ങൾ എന്ന് കേൾക്കുമ്പോളും പറയുമ്പോഴും  മുകളിലേക്ക് മാത്രം നോക്കുന്നതിൻ്റെ പ്രശ്നമാണ്.

🌿മണിലാൽ








നീയുള്ളപ്പോള്‍.....