Sunday, November 16, 2008
നായര്‍ കുതിരപ്പുറത്തും നിന്നും വീഴുമ്പോള്‍
കു
ട്ടിക്കാലം കണ്ടതെല്ലാം അത്ഭുതങ്ങളായിരുന്നു.
പുക കൊണ്ട് നസീറിനേയും ജയഭാരതിയേയും വരക്കുന്ന ജവഹര്‍ കൊട്ടക,പാതിരാക്കുറുക്കനെപ്പോലെ കോഴിക്കൂടുകള്‍ തേടിയ സെയ്തുമ്പ്രായ് ,ദൈവത്താല്‍ പിടിക്കപ്പെട്ട് പാതിരക്ക് വാതിലുകള്‍ തോറും മുട്ടി നടന്ന പൊട്ടന് ബാഹു ,
പത്തുസെന്റില്‍ ഒറ്റക്ക് താമസിച്ച് ആളുകളെ പിടിക്കുന്ന യക്ഷി (തങ്ക എന്നും പേരുണ്ട്),
ബോംബക്ക് കള്ളവണ്ടി കയറിയ പാട്ട മുരളി,മന്ത്രവടി മുട്ടി കള്ളുണ്ടാക്കി തെങ്ങിന് നിന്നിറങ്ങി വരുന്ന വാസുവേട്ടന്,ജനവാതിലിന്റെ അഴിയൂരി കേണ്ടസില് സെക്കന്റ് ഷോ ശിവാജി ഗണേശന്റെ ഒളിവിളക്കു കണ്ടു വരുന്ന ശശിച്ചേട്ടന്,കല്ല്യാണം കഴിച്ചിട്ടും പെറാത്ത കുന്നത്തെ കൌസല്യച്ചേച്ചി,ഇതൊന്നുമില്ലാതെ പെറ്റ തുരുത്തിലെ ജാനകിച്ചേച്ചി......അത്ഭുതങ്ങളുടെ നിര അങ്ങിനെ പൊങ്ങുകയാണ്.
ഭക്ത്യാദരങ്ങളോടെ നോക്കിക്കണ്ട വല്യേട്ടന്മാര് പലരും കട്ടമീശയുടേയും വീമ്പിന്റേയും പുലയാട്ടു പറച്ചിലിന്റേയും പിന്‍ബലത്തിലായിരുന്നു വമ്പന്മാരായത്.
കത്തിച്ച തീപ്പെട്ടിക്കൊള്ളി നാവില്‍ നനച്ച് പൊടിമീശ കനപ്പിച്ച് ലോകം കാണാന്‍ തുടങ്ങിയതോടെ അവരൊക്കെ ശടേന്ന് കുഞ്ഞേട്ടന്മാരും അതിനു താഴെയുമായി.
ഇതേമാതിരി ഒരത്ഭുതമായിരുന്നു കുഞ്ഞികൃഷ്ണന് നായര്‍.
അമ്മൂമ്മയുടെ മടിയിലിരിന്ന് ചുങ്ങിയ മുലകളില്‍ ഞരടിയില്ലെങ്കിലും ഞങ്ങള്‍ നാടോടി കുട്ടികള്‍ക്കും കിട്ടുമായിരുന്നു ഇത്തിരിപ്പോന്ന കഥകളുടെ പൊട്ടും പൊടിയും.
പൊരുന്നുകോഴിയുടെ ചൂടേറ്റ് മുട്ടകള്‍ക്ക് ജീവന് വെക്കുന്നതു പോലെ അവ വികസിക്കും.
അങ്ങിനെ വിരിഞ്ഞതാണ് ഈ കുഞ്ഞുകൃഷ്ണന്‍ നായര്‍.
റിബേറ്റ് ഖദറില്‍ പൊതിഞ്ഞ എളിയ ജീവിതമായിരുന്നു കുഞ്ഞികൃഷ്ണന് നായര്‍.
ഇടത്തെ കൈയ്യിന്റെ സ്വല്പ്പം നീളക്കുറവ് കിഴിച്ചാല്‍ പറയത്തക്ക കുഴപ്പമില്ലാത്ത ബഹുമാന്യ ജീവിതമായിരുന്നു നായരുടേത്.
അവിവാഹിതന്.
( മാന്യതയും, താമ്രപത്രവും,കോണ്ഗ്രസ്സുകാര് കോണ്ടു പോയി ഇടക്കിടെ കൊടുക്കുന്ന
പണക്കിഴിയും, പെന്‍ഷനും മതിയായിരുന്നു സുഖമായി ജീവിക്കാന്‍.ഇതില്‍ ആരെയും കൈയ്യിട്ടു വാരാന്‍ അനുവദിക്കുന്നതല്ല.അങ്ങിനെ വിവാഹവിരുദ്ധനായി)
ഇടത്തെ കൈയ്യിന്റെ നീളക്കുറവില്‍ നിന്നാണ് കഥകള്‍ ശിഖിരങ്ങളായി വളര്‍ന്ന് പന്തലിക്കുന്നത്.
സ്വാതന്ത്യ സമര സേനാനിയായിരുന്നു നായര്‍.
ത്യാഗോജ്ജ്വലമായ ചരിത്രമുള്ളവന്.
സുഭാഷ് ചന്ദ്രബോസിനെപ്പോലെ,ഝാന്‍സി റാണിയെപ്പോലെ ശത്രുപക്ഷത്തേക്ക് അടി പതറാതെ പാഞ്ഞ നെഞ്ചൂക്കുള്ളവന്‍.
കൂട്ടത്തില്‍ നായരും.
പോരെ പൂരം.
ഉച്ചയൂണും അതിന്മേലുള്ള ഉറക്കവും, വീട്ടിലെ മറ്റുകാര്യങ്ങളെല്ലാം കഴിഞ്ഞ് സാവകാശം ഏതെങ്കിലും അനീതി കണ്ടെത്തി അതിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി സായൂജ്യമടയുന്ന ഒരു സഹായവും ദ്രോഹവും ആര്‍ക്കും ചെയ്യാത്ത സാദാ ഗാന്ധിയനായിരുന്നില്ലെന്ന് ചുരുക്കം.
അതി സാഹസികന്.
അങ്ങിനെയുള്ള അപകടകരമായ നീക്കത്തില്‍ പടനിലത്തു വെച്ച് കുതിരപ്പുറത്തും നിന്ന് തെന്നിവീഴുകയും ഇടത്തേ കൈയ്യിന് അംഗഭംഗം സംഭവിക്കുകയുമായിരുന്നു.
മരണത്തിന് കഷ്ടം തോന്നിയതിനാല്‍ നായര്‍ ചെറിയ പരിക്കില്‍ രക്ഷപ്പെടുകായായിരുന്നുവത്രെ.
ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പിറന്ന ഞങ്ങള്‍ക്ക് സ്വാതന്ത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പാഠപുസ്തകം മി.നായരായിരുന്നു.
സ്കൂളില്‍ വിതരണം ചെയ്യുന്ന നാരങ്ങാമുഠായി മാത്രമായിരുന്നു ഞങ്ങള്‍ക്കതുവരെ ആഗസ്റ്റ് പതിനഞ്ചും സ്വാതന്ത്യദിനവുമൊക്കെ.
അതെപ്പോ വരുമെന്നും ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു.
അങ്ങിനെ ഒരു നാള് സ്കൂളില്‍ മുഠായി വിതരണം നടത്താന്‍ വന്നത് സാക്ഷാല്‍ നായര്‍.
അന്നാണ് സ്വാതന്ത്ര്യം എന്നാല്‍ മുഠായിയുടെ വെള്ളമൊലിപ്പിക്കല് മാത്രമല്ലെന്നും അതിനു പിന്നില്‍ ഒരു ചരിത്രമുണ്ടെന്നും അതില്‍ നായര്‍ വഹിച്ച പങ്കെന്തെന്നും അറിഞ്ഞത്.
പിറകെ കുതിരക്കഥയും മണികിലുക്കി പാഞ്ഞുവന്നു.
പിന്നീടാണ് ഞങ്ങള്‍ ഝാന്‍സിറാണിയുടെ പാഠം പഠിക്കുന്നതും മി.നായരെ അതിനോടൊപ്പം മെടഞ്ഞ് വീരനായകനാക്കുന്നതും.
പിന്നീട് മി.നായരെ കാണുമ്പോഴൊക്കെ ജാതിയിലും വലിപ്പത്തിലും താഴെയായ ഞങ്ങള്‍ കുട്ടികള്‍ കുതിരപ്പുറത്ത് ശത്രുപക്ഷത്തേക്ക് പാഞ്ഞടുക്കുന്ന നായരുടെ വീര പരാക്രമങ്ങള്‍ സങ്കല്‍പ്പിച്ച് ആരാധനയോടെ വഴി മാറി നടന്നു.
നായന്മാര് തരക്കേടില്ലെന്ന് അന്നേ തോന്നുകയും ചെയ്തു.
മി.നായര്‍ കത്തി നില്ക്കുന്ന കാലം.
ഞങ്ങളുടെ തറവാട്ടില്‍ കല്ല്യാണം വരുന്നു.
കല്ല്യാണം വരുമ്പോഴൊ മരണത്തിനോ ചുമരില്‍ വെള്ളതേപ്പ് നിര്‍ബ്ബന്ധമായിരുന്നു.
പണി നടക്കവെ ഞങ്ങള്‍ കുട്ടികള്‍ ജോലിക്കാര്‍ക്ക് കയറിനില്ക്കാന് കൊണ്ടു വന്ന മരനിര്‍മ്മിത സ്റ്റാന്റില്‍ കയറി നിന്നു ബസോടിച്ചു രസിക്കുകയായിരുന്നു.
അപ്പോള്‍ അകത്തും നിന്നും കേട്ട ശകാരം ധീരോദാത്തമായ ഒരു ചരിത്രത്തെ
കീഴ്മേല്‍ മറിക്കുന്നതായിരുന്നു.
അതിപ്രകാരം പുനപ്രകാശനം ചെയ്യാം.
ഇറങ്ങിപ്പോടാ പിള്ളേരെ... കുതിരേമന്ന് വീണ് കാലും കയ്യുമൊടിച്ച് കുഞ്ഞുക്കൃഷ്ണന്നായര്ടെ ഗതി വര്ത്തണ്ട...........
(വെള്ള പൂശാനും കല്പ്പണിക്കും കൊണ്ടു വരുന്ന മേശ പോലുള്ള ഉയരമുള്ള സ്റ്റാന്റിന് കുതിര എന്നു പേരുണ്ടെന്നും മി.നായര്‍ വീണതു ഇതില്‍ നിന്നാണെന്നുമുള്ള പുതിയ അറിവില്‍ ഞങ്ങള്‍ ചരിത്രത്തിന്റെ വലിയൊരു ബന്ധനത്തില്‍ നിന്നും രക്ഷപ്പെട്ടു.)
Subscribe to:
Post Comments (Atom)
15 comments:
അന്നാണ് സ്വാതന്ത്ര്യം എന്നാല്‍ മുഠായി മാത്രമല്ലെന്നും അതിനു പിന്നില്‍ ഒരു ചരിത്രമുണ്ടെന്നും അതില്‍ നായര്‍ വഹിച്ച പങ്കെന്തെന്നും ഞങ്ങള്‍ അറിഞ്ഞത്.
പിറകെ കുതിരക്കഥയും പാഞ്ഞുവന്നു.
കു
ട്ടിക്കാലം കണ്ടതെല്ലാം അത്ഭുതങ്ങളായിരുന്നു.
പുക കൊണ്ട് നസീറിനേയും ജയഭാരതിയേയും വരക്കുന്ന ജവഹര്‍ കൊട്ടക,പാതിരാക്കുറുക്കനെപ്പോലെ കോഴിക്കൂടുകള്‍ തേടിയ സെയ്തുമ്പ്രായ് ,ദൈവത്താല്‍ പിടിക്കപ്പെട്ട് പാതിരക്ക് വാതിലുകള്‍ തോറും മുട്ടി നടന്ന പൊട്ടന് ബാഹു ,
ഒറ്റക്ക് താമസിച്ച് രാത്രിയില്‍ ആളുകളെ പിടിക്കുന്ന യക്ഷി (തങ്ക എന്നും പേരുണ്ട്)
ayyeeee.... :)
ഹ ഹ.
ഞങ്ങള്‍ കുതിരബഞ്ച് എന്നാണു പറയുക, ശകലം ഇംഗ്ലീഷ് മിക്സ് ചെയ്താലെന്താ കണ്ഫ്യൂഷന് ഒഴിവായില്ലേ.
മാര്ജാരന് ചേട്ടന്റെ ഏറ്റവും നല്ല പോസ്റ്റ്...
കൊട് കൈ..
കലക്കി..കലക്കി..കലക്കി..
ഈ പോസ്റ്റ് വായിച്ചു കൊടുത്ത്,എന്റെ മോളെ ഞാന്‍ മാര്ജാരന് ചേട്ടന്റെ ഫാന്‍ ആക്കിയിട്ടുണ്ട്.മിഠായി വാങ്ങി തരണം..
അവളും,കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ ഈ "കുതിരയെ"കണ്ടിരുന്നു..
പോരട്ടെ ആരാധനയുടെ കഥകള്‍
വീരാരാധന മാത്രം ആവണമെന്നില്ല, റോമാന്റിക്കും ആവാം.
ഹഹ..
പട്ടാള ബഡായികഥകള് പറഞ്ഞു നടക്കുന്ന റിട്ടയേര്‍ഡ് ജവാന്മാര്, അവരില്‍ ചിലരെ ഓര്‍മ്മിപ്പിച്ചു ഈ കുതിരക്കഥ.
അമ്മൂമ്മയുടെ ചുങ്ങിയ മുല..സത്യമായിട്ടും ഞാനും അതുപോലെ അതില്‍ പിടിച്ചിരുന്ന് കഥകള്‍ കേട്ടിട്ടുണ്ട്.
ഹാഹാ...കുതിരബഞ്ചു തന്നെ.ജവഹര്‍ തിയേറ്ററിനടുത്തൊക്കെ ഇപ്പോഴും പേരങ്ങനെ തന്നെ.
ഹാ...കുതിരനായര് വെറും ബഞ്ചുനായരായി.
ജ്യോതിഭായ്,അനോണി ആന്റണി,സ്മിതാ ആദര്‍ശ്,കുഞ്ഞന്‍,വേണു,മാഡ് അബൌട്ട് യു.....സുഹ്രുത്തുക്കളെ നിങ്ങളെയോര്‍ത്ത് സന്തോഷിക്കുന്നു.
നല്ല തന്മയത്വമുള്ള ,
മാര്‍ജ്ജാര മണമുള്ള പോസ്റ്റ് !
ശരിയാ പണിക്കാര് പോയാല്‍
കുട്ടികള്‍ കുതിരപ്പുറത്താ കളി..
ഞാനും അവസാനം വരെ ധീരോദാത്തന്‍
അതിപ്രതാപ ഗുണവാന്‍ നായകന് എന്നും പറഞ്ഞിരുന്നു..
നായര്‍ സാബ് ആളു കൊള്ളാം
നന്ദി,മാണിക്യം
കുട്ടിക്കാലം എന്നും എല്ലാവര്ക്കും അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും. മറ്റുള്ളവരുടെ സാധാരണ പ്രവൃത്തികള്‍ കുട്ടികള്‍ക്ക് തികഞ്ഞ അത്ഭുതം ജനിപ്പിക്കുമായിരുന്നു അന്ന്.. പക്ഷേ ഇപ്പോള്‍ നേരെ തിരിച്ചാണ് കുട്ടികള്‍ ചെയ്യുന്ന സാധാരണ പ്രവൃത്തികള്‍ മുതിര്‍ന്നവര്‍ക്കാണ് അത്ഭുതം!
കുതിര എന്ന പുതിയ അറിവ് ഇങ്ങിനേയും ലഭിക്കാം.. എന്തായാലും രസമായി...
പിന്നീട് മി.നായരെ കാണുമ്പോഴൊക്കെ ഞങ്ങള്‍ താഴെ ജാതിക്കാരും കുട്ടികളുമായവരും കുതിരപ്പുറത്ത് ശത്രുപക്ഷത്തേക്ക് പാഞ്ഞടുക്കുന്ന നായരുടെ വീര പരാക്രമങ്ങള്‍ സങ്കല്പ്പിച്ചു,വഴി മാറി നടന്നു.
തരക്കേടില്ലാത്തവരാണ് നായന്മാരെന്ന് തോന്നുകയും ചെയ്തു.
ഉച്ചയൂണും ഉച്ചയുറക്കവും കഴിഞ്ഞ് സാവകാശം സായാഹ്ന ധര്‍ണ്ണ നടത്തി സായൂജ്യമടയുന്ന ആര്‍ക്കും ഒരു സഹായവും ദ്രോഹവും ചെയ്യാത്ത സാദാ ഗാന്ധിയനായിരുന്നില്ലെന്ന് ചുരുക്കം.
എന്ത് പറയും ഞാന്‍
തുറന്നു പറയട്ടെ ഇഷ്ടപ്പെട്ടു ......
Post a Comment