പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, February 18, 2011

ഒരു കൊറിയര്‍ അയക്കുമ്പോള്‍ നിങ്ങള്‍ ഒരു ഒട്ടകത്തെ സൂചിക്കുഴലിലൂടെ കടത്തുന്നു.







ഒന്നും ചെയ്യാനില്ലെന്ന ശൂന്യതാബോധം നിങ്ങളെ എപ്പോളെങ്കിലും ബാധിച്ചെന്നിരിക്കട്ടെ.ഒരു കാര്യം ചെയ്താല്‍ മതി.എന്തെങ്കിലും കാരണമുണ്ടാക്കി ആര്‍ക്കെങ്കിലും എന്തെങ്കിലും കൊറിയര്‍ അയക്കാന്‍ തീരുമാനിക്കുക,ഒരുപാടു പ്രതിസന്ധികള്‍ ഉണ്ടാകും.അതില്‍ ഉറച്ചു നില്‍ക്കുക.


ജന്മദിന സമ്മാനമോ നിങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച കഥയുടെയോ കവിതയുടെയോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട  ആരെയെങ്കിലും കാണിക്കണമെന്നു തോന്നുന്ന എന്തെങ്കിലുമോക്കെ കെട്ടിപ്പൊതിഞ്ഞ് വരിഞ്ഞുകെട്ടി  ഭദ്രമെന്നുറപ്പുവരുത്തി കൊറിയര്‍ ചെയ്യാനിറങ്ങുക.രണ്ടും കല്‍പ്പിച്ച്. .ഓട്ടോ റിക്ഷയില്‍ കയറുന്നു,കൊറിയര്‍ സര്‍വ്വീസ് തപ്പി നടക്കുന്നു, കണ്ടെത്തുന്നു, ക്യൂ നില്‍ക്കുന്നു, പൈസ അടക്കുന്നു.പിന്നെ പിടിപ്പത് പണിയുള്ള ഒരുത്തനെ പോലെ നിങ്ങള്‍ക്ക് സ്വയം തോന്നും.


ഇതെന്ന് കിട്ടുമെന്ന ചോദ്യത്തിന് ഏകദേശം ഇങ്ങനെയായിരിക്കും മറുപടികള്‍ ....

“വീടോ ഓഫീസോ”
“ നഗരമോ നഗര പ്രാന്തമോ”
“ഗ്രാമമോ കുഗ്രാമമോ”
“റോഡ് സൈഡോ,ഉള്ളിലോട്ടോ”
“പട്ടിയുള്ള വീടോ അതില്ലാത്തതോ”
“ആളുള്ള വീടോ ഇല്ലാത്ത വീടോ”
"വിലാസക്കാരന്‍ നാട്ടിലുണ്ടോ,വീട്ടിലുണ്ടോ"
എന്നു തുടങ്ങി കുറെ മറു ചോദ്യം കേള്‍ക്കുന്നു. നമ്മള്‍ അതിനൊക്കെ മറുപടി പറയാന്‍ ബാധ്യസ്ഥരാകുന്നു.
“സാധാരണ നിലക്ക് നാളെത്തന്നെ കിട്ടേണ്ടതാണ്.ചിലപ്പോള്‍ മറ്റന്നാള്‍ ആവും“.
അനുരാഗത്തിന്റെ ആദ്യ ദിനങ്ങള്‍ പോലെ, ഒരുത്തരവും നേരെ ചൊവ്വേ കിട്ടാതെ മനസ്സില്ലാ മനസ്സോടെ തിരികെ നമ്മള്‍ ഓട്ടൊ പിടിക്കുന്നു, തിരിച്ച് വീട്ടിലെത്തുന്നു. 
പാതി ദിവസം ടപേന്ന് ജീവിതത്തില്‍ നിന്നും ഊര്‍ന്നു പോകുന്നു.ഇനി ഊണുകഴിച്ച് കുറച്ചുറങ്ങാം.എന്തോ വലിയൊരു പണി ചെയ്തതല്ലെ എന്ന ആത്മഹര്‍ഷത്തില്‍ .എല്ലാം പഴയപടിയെന്ന് ആശ്വസിക്കാന്‍ വരട്ടെ.



പിന്നെ നിങ്ങള്‍ ലാന്‍ഡ് ഫോണില്‍ നിന്നോ മൊബൈലില്‍ നിന്നോ കൊറിയര്‍ ആര്‍ക്കാണോ അയച്ചത്,   ആളെ വിളിച്ച് സന്തോഷം പറയുന്നു.
“സാധനം അയച്ചിട്ടുണ്ട്.നാളെ കണ്ടില്ലെങ്കില്‍ കൊറിയര്‍ സര്‍വ്വീസില്‍ വിളിച്ച് ചോദിക്കണം.ഇതാ,ആ ചെകുത്താന്മാരുടെ നമ്പര്‍”
എന്നൊക്കെ.


കിട്ടേണ്ട ആളെക്കാളും ഉല്‍കണ്ഠ അയച്ച നമ്മള്‍ക്കായിരിക്കും,കാരണം കൊറിയര്‍ സര്‍വ്വീസാണ്,അയച്ചു കഴിഞ്ഞാല്‍ പിന്നെ അത് യഥാസ്ഥാനത്ത് എത്തിയോ എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്.
ഭാര്യാ പിതാവിനെ പോലും വിശ്വസിക്കാം,പക്ഷെ കൊറിയറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് എന്റെ  വാടാനപ്പള്ളിക്കാരന്‍ സുഹൃത്ത് പറയാറുള്ള ഒരു തമാശയാകുന്നു.
(ലോകത്ത് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സംവിധാനം കൊറിയര്‍ സര്‍വ്വീസാണെന്ന് എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എഴുതിയതായി വായിച്ചിട്ടുണ്ട്)

    
അയച്ചതിന്റെ പിറ്റേ ദിവസം നമ്മള്‍ ഉച്ചവരെ ക്ഷമിക്കും,പിന്നെ വിഷമിക്കും. ചിലപ്പോള്‍ വൈകുന്നേരം വരെയും.അപ്പോഴേക്കും അപ്പുറത്ത് നിന്ന് വിളി വരും.അയച്ചത് കിട്ടിയില്ലല്ലോ ഏത് കൊറിയറിലാ അയച്ചത്,അല്ലെങ്കില്‍ അയക്കാന്‍ മറന്നോ എന്നൊക്കെ അവിടെ നിന്ന് നമ്മള്‍ പരാതിയുടെ സ്വരത്തില്‍ കേള്‍ക്കേണ്ടിവരും.ആകെ പൊല്ലാപ്പായി.നമ്മള്‍ ഉടന്‍ അയച്ച കൊറിയര്‍  സര്‍വ്വിസിന്റെ നമ്പര്‍ എടുത്ത് അക്ഷമയോടെ വിളിക്കുന്നു.അങ്ങേത്തലക്കലില്‍ നിന്നൊരു പെണ്‍ ശബ്ദം പറയുന്നു.തെറി വിളിക്കാതിരിക്കാന്‍ തരികിട സ്ഥാപനങ്ങള്‍ സ്ത്രീശബ്ദങ്ങളെ മാത്രം നിയമിക്കുന്നു.
“ഇപ്പോ ലോഡ് വന്ന സമയമാണ്, ഇത്തിരി കഴിഞ്ഞു വിളിക്കൂ”
പെണ്ണല്ലെ നമ്മള്‍ കുറച്ചു ക്ഷമിക്കും,പലകാരണങ്ങളാല്‍.
വീണ്ടും കാത്തിരിക്കുന്നു.


അവര്‍ തന്ന സമയം കഴിഞ്ഞ് കുറച്ചു കൂടി കാത്തിരുന്ന് വീണ്ടും വിളിക്കുന്നു.കാര്യം നമ്മുടേതാണല്ലോ.കൊറിയറാണ്, നാണൊം മാനോം കളയുന്ന ഏര്‍പ്പാടാണ് എന്നൊക്കെ വിചാരിച്ച് കുറച്ചുനേരം മൌനത്തിലിരിക്കുമെങ്കിലും വീണ്ടും വിളിച്ചേ തീരൂ,കക്ഷത്തുനിന്നും പോയതല്ലെ,ആര്‍ക്കെങ്കിലും കിട്ടേണ്ടെ.

അപ്പോള്‍ അവര്‍ പറയും.
“റസീറ്റ് നമ്പര്‍ തരൂ“
അത് നോക്കിയെടുക്കാനുള്ള സമയത്തെ കുറിച്ച് നമുക്കു തന്നെ നല്ല ബോധ്യം ഉള്ളതിനാല്‍ പിന്നീട് വിളിക്കാമെന്ന് വിചാരിച്ച് ഫോണ്‍ കട്ട് ചെയ്യുന്നു.വീണ്ടും അതേ പെണ്‍ ശബ്ദം പറയും.
“ഇവിടെ നിന്ന് പോയിട്ടുണ്ട്”
അപ്പോ പിന്നെ എവിടെ?
“ഒരു കാര്യം ചെയ്യൂ..............അവിടുത്തെ മെയിന്‍ ബ്രാഞ്ചിന്റെ നമ്പര്‍ തരാം.അവിടെയൊന്ന് വിളിച്ചു നോക്കൂ“


(റസീറ്റെഴുതി പൈസ വാങ്ങുന്നതു വരെ മാത്രമെ അവരുടെ ഉത്തരവാദിത്വം ഉള്ളു.പിന്നെയെല്ലാം നമ്മള്‍ തന്നെ ചെയ്യേണ്ടതാണ്.അനന്തരസേവനം വാങ്ങുന്നവന്റെ തലയില്‍ വെച്ചു കെട്ടിയാലും നമ്മള്‍ ഉപഭോക്താവിന് യാതൊരിളക്കവുമില്ല.എല്ലാ രോഷങ്ങളും തീര്‍ക്കാന്‍ നമുക്ക് വീട്ടില്‍ ഭാര്യയും റോട്ടില്‍ ഓട്ടോ റിക്ഷയും ഉണ്ടല്ലോ.)

അവിടുത്തെ നമ്പര്‍ തന്നു. വിളിക്കുന്നു.അവര്‍ ബ്രാഞ്ചിന്റെ നമ്പര്‍ തരുന്നു.അവിടുത്തെ നമ്പറില്‍ വിളിക്കുമ്പോള്‍ വേറൊരു കിളി ശബ്ദം വീണ്ടും റസീറ്റ് നമ്പര്‍ ആവശ്യപ്പെടും.(ആയതിനാല്‍ റസീറ്റ് നമ്പര്‍ നമ്മള്‍ വലിയൊരു പ്ലക്കാര്‍ഡില്‍ എഴുതി കൊണ്ടു നടക്കേണ്ടതാണ്.എപ്പോഴും തെളിഞ്ഞിരിക്കും വിധത്തില്‍)നമ്മള്‍ വീണ്ടും വീണ്ടും പല നമ്പറില്‍ വിളിക്കുകയും പല നമ്പര്‍ കൈമാറുകയും ചെയ്തു കൊണ്ടിരിക്കും, ഇവന്റ് മാനേജ്മെന്റ് കോര്‍ഡിനേറ്ററേക്കാളും തിരക്കുള്ള ഒരാളായി മാറും നിങ്ങള്‍  .ഇതൊക്കെ നടക്കുമ്പോഴും ഇറച്ചിവെട്ടു കടയിലെ ആട്ടിന്‍ തല പല്ലിളിച്ചു കിടക്കുന്നതുപോലെ നമ്മള്‍ അയച്ച സാധനം എവിടെയോ അവിടെ തന്നെ കിടക്കുന്നുണ്ടാവും,ഇളക്കമില്ലാതെ.


ഒടുവില്‍ ഒരു ജയം നമുക്ക് തരുന്ന മാതിരി അവര്‍ പറയും.
“ഇതിവിടെ വന്നു കിടപ്പുണ്ട്”
എങ്കില്‍ ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ?
“ഈ ദിവസങ്ങളില്‍ ഞങ്ങളുടെ സര്‍വ്വീസ് വേറെ റൂട്ടിലാണ്.അതിലെ വരണമെങ്കില്‍ രണ്ടു ദിവസം കഴിയും,
തിരക്കുണ്ടെങ്കില്‍ ഇതിലേ വന്നു വാങ്ങിക്കോളു”
തിരക്കില്ലല്ലോ.അതല്ലെ കൊറിയര്‍ സര്‍വ്വിസ്സ് ഉപയോഗിച്ചത്.നമ്മള്‍ മനസ്സാ പറഞ്ഞുപോകും.
അമ്മയുടെ നാല്പത്തൊന്നടിയന്തിരത്തിനു കിട്ടിയാലും മതിയെന്നൊക്കെ പറഞ്ഞാല്‍ മാത്രം അനുകൂലമായ ചോദ്യം വരും.
“സാറിന്റെ വീടെവിടെയാണ്”
അപ്പോ വിലാസം അതിലില്ലെ?
എന്നൊന്നും കയര്‍ത്തു ചോദിക്കരുത്.


കൊറിയര്‍ സര്‍വ്വീസ് ദൈവങ്ങളെപ്പോലെയാണ്.പ്രാര്‍ത്ഥിച്ച് കാത്തിരിക്കുക.
ഒന്നും സംഭവിച്ചില്ലെങ്കിലും പരിഭവമരുത്.പ്രീതി വരുന്നത് എപ്പോഴാണെന്നാര്‍ക്കറിയാം.


ഇതിനകം തന്നെ നമ്മള്‍ എത്രയോ പൈസ ചിലവഴിച്ചിരിക്കും. കൊറിയര്‍ അയക്കാന്‍ തിരിച്ചു വരാന്‍,കിട്ടേണ്ട ആള്‍ക്ക് സ്വീകരിക്കാന്‍ തിരിച്ചുവരാന്‍ ഓട്ടോറിക്ഷ തുടങ്ങിയ യാത്രകള്‍ക്കും എണ്ണമറ്റ ഫോണുകള്‍ക്കും മറ്റും ഇതിനകം ചിലവായതും കൂടി കണക്കാക്കുക.പിന്നെ കഷ്ടപ്പെട്ട രണ്ടു മൂന്നു ദിവസങ്ങളും മനോവിഷമങ്ങളും കൂട്ടിച്ചേര്‍ത്ത് ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ എഴുതിവെച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര കൊറിയറിനേക്കാളും എളുപ്പമാവും


ഇതാണ് സ്വകാര്യവല്‍ക്കരണമെന്ന പറുദീസയുടെ പിന്നാമ്പുറത്തെ കക്കൂസ് ടാങ്ക്,സ്ലാബിളകിയത്.


മേല്‍ പറഞ്ഞ സാധനം പോസ്റ്റ് ഓഫീസിലോ പോസ്റ്റ് ബോക്സിലോ നിക്ഷേപിച്ചു എന്നിരിക്കട്ടെ. തൊട്ടടുത്ത ദിവസം വെയിലില്‍ ഒരു പോസ്റ്റ് മാനോ/പോസ്റ്റ് മേനോത്തിയോ നിങ്ങളുടെ മുറ്റത്ത് വന്ന് ജനവാതിലില്‍ കൂടിയോ വാതില്‍ പഴുതിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ നിങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടാവും, നെട്ടോട്ടത്തിന്റെയോ ഫോണിന്റെയോ അന്വേഷണത്തിന്റെയോ മാനസിക പിരിമുറുക്കത്തിന്റെയോ ആവശ്യമില്ലാതെ തന്നെ ,തീര്‍ച്ച.എന്നിട്ടും നമുക്ക് സ്വകാര്യവല്‍ക്കരണം മതി.

12 comments:

മണിലാല്‍ said...

കൊറിയര്‍ സര്‍വ്വീസ് ദൈവങ്ങളെപ്പോലെയാണ്.പ്രാര്‍ത്ഥിച്ച് കാത്തിരിക്കുക.
ഒന്നും സംഭവിച്ചില്ലെങ്കിലും പരിഭവമരുത്.പ്രീതി വരുന്നത് എപ്പോഴാണെന്നാര്‍ക്കറിയാം.

Sapna Anu B.George said...

ഇത്ര ദിവസങ്ങള്‍ക്കു ശേഷം , ഇവിടെ വന്നു കിടപ്പുണ്ട് എന്നും , ഇവിടെ വന്നാല്‍ എടുക്കാം എന്നും പറയുന്നുണ്ടല്ലോ , മണി അതു തന്നെ ദൈവാധീനം. അതു പോട്ടിച്ച് സി ഡി യോ മറ്റോ ആണെങ്കില്‍ ഇട്ടു കണ്ട് ആസ്വദിച്ച പൊട്ടിച്ചു കളഞ്ഞില്ലല്ലോ!! പിന്നെ പുസ്തകമോ മറ്റോആണെങ്കില്‍ നനഞ്ഞു മുഷിഞ്ഞു കീറിപ്പറിച്ചില്ലല്ലോ??? ഇത്ര സരസാമായി ആരും തന്നെ ഈ തലവേദനയെ വിവരിച്ചു കാണില്ല മണീ

മണിലാല്‍ said...
This comment has been removed by the author.
ജസ്റ്റിന്‍ said...

സ്ഥിരം കോറിയര്‍ അയക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് ഈ കുറിപ്പ് ശരിക്കാസ്വദിക്കാന്‍ പറ്റി. കൊറിയര്‍ മാത്രമല്ല പാര്‍സലും ഇതെ പോലെ തന്നെ തലവേദനയാണ്.

satishsuryanarayanan said...

"ഇതാണ് സ്വകാര്യവല്‍ക്കരണമെന്ന പറുദീസയുടെ പിന്നാമ്പുറത്തെ കക്കൂസ് ടാങ്ക്,സ്ലാബിളകിയത്."
നന്നായി ഈ പിന്കുറിപ്പ്..

Myna said...

സത്യം. പത്തുകൊല്ലം മുമ്പ്‌ പ്രശസ്‌തമായ ഒ രു കൊ റിയര്‍ കമ്പനി വഴി കൂട്ടുകാരന്‌ പ്രേമലേഖനമയച്ചു. അന്ന്‌ മൊബൈല്‍
നമ്പര്‍ ഇല്ലാഞ്ഞിട്ടോ എന്തോ...വേറാരോ വായിച്ചു കീറി കളഞ്ഞിരിക്കണം.

രണ്ടാഴ്‌ച മുമ്പ്‌ ഒരു കൊറിയര്‍ വന്നിട്ട്‌ കോഴിക്കോടങ്ങാടി മുഴുവന്‍ കറങ്ങി ..പലവട്ടം സ്ഥലം പറഞ്ഞു കൊടുത്തിട്ടും കിട്ടിയത്‌ മിനിഞ്ഞാന്ന്‌...നന്ദി..നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Anonymous said...

നന്നായി മണിലാല്‍.
തപാല്‍ വകുപ്പിനെ ഗൃഹാതുരതോയോടെ സ്മരിക്കുന്നു...

മണിലാല്‍ said...

ഒന്നും ചെയ്യാനില്ലെന്ന ശൂന്യതാബോധം നിങ്ങളെ എപ്പോളെങ്കിലും പിടികൂടിയെന്നിരിക്കട്ടെ.ഒരു കാര്യം ചെയ്താല്‍ മതി.എന്തെങ്കിലും കാരണമുണ്ടാക്കി ആര്‍ക്കെങ്കിലും എന്തെങ്കിലും കൊറിയര്‍ അയക്കാന്‍ തീരുമാനിക്കുക,ഒരുപാടു പ്രതിസന്ധികള്‍ ഉണ്ടാകും,അതില്‍ ഉറച്ചു നില്‍ക്കുക.

ശ്രീജിത് കൊണ്ടോട്ടി. said...

:) ആശംസകള്‍... പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.. അഭിനന്ദനങ്ങളും..:)

ഗ്രീഷ്മയുടെ ലോകം said...

കൊറിയര്‍ അയക്കുന്ന എല്ലാവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ പറയാനുണ്ടാവും. ഇതെഴുതിയതിനു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയൊക്കെ പറഞ്ഞ സമയത്ത് കൊറിയർ കിട്ടിയില്ലെങ്കിൽ ആ കമ്പനി ഉപഭോക്താവിന് നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരും കേട്ടൊ ഭായ്


നീയുള്ളപ്പോള്‍.....