പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, March 27, 2013

ഇരുവശങ്ങളിലേക്ക് ചരിഞ്ഞുപോയ ജീവിതം


  1)
കാമ്പസ് കേളി അവസാനിക്കാറായി എന്ന തിരിച്ചറിവില്‍ ലതികയിലും ദിനേശിലും ആഞ്ഞുവീശിയ വികാരത്തെ നിശ്ചയമായും പ്രണയമെന്നു തന്നെ  വിളിക്കാം,അതാണു നല്ലത്.കോളേജില്‍   മറ്റു വികാരങ്ങള്‍ക്കെന്തു സ്ഥാനം.
  കാമ്പസ് തിരയിളക്കങ്ങളില്‍ പലപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു.
ശരീരത്തെ എത്തിപ്പിടിക്കാന്‍ നീളുന്ന ഒരാകര്‍ഷണം അവര്‍ക്കിടയില്‍ നീരാളി പോലെ പടര്‍ന്നിരുന്നു.
തിരകളില്‍ കരപറ്റുന്ന നിര്‍ഭാര വസ്തുക്കളെപ്പോലെ അവര്‍ തൊട്ടുരുമ്മുകയും ആലോലമാടുകയും ചെയ്തു,ആഴങ്ങളിലേക്ക് പിന്‍ വാങ്ങാതെ.
മൂന്നു വര്‍ഷത്തെ ജീവിതം പിരിയുന്നു എന്ന സത്യത്തിനുമുമ്പില്‍ അവര്‍ അമ്പരന്നു.ആ അമ്പരപ്പ് ഒരു തിരിച്ചറിവായിരുന്നു.ആ നിമിഷത്തിന്റെ വൈകാരികമൂര്‍ച്ഛയില്‍ അവര്‍ക്കു മുന്നില്‍ ലോകം വിജനമായി,അവര്‍ നീലിമയോളം സ്വതന്ത്രരായി.
അവരുടെ രക്തക്കുഴലുകള്‍ ഒരേ താളം ചവിട്ടി.
(2)
പോലീസ് സ്റ്റേഷന്റെ മുഷിഞ്ഞ മുറിയില്‍ വീണ്ടെടുക്കാനാവാത്തതും എന്നാല്‍ പ്രകാശം പരത്തുന്നതുമായ മുറിഞ്ഞുപോയ ആ നിമിഷങ്ങളെ  ദിനേശ് ഓര്‍ത്തെടുത്തു. ഒഴിവാക്കാനാവത്തതും   ഹൃദയത്തില്‍ തറക്കുന്നതുമായ അവസ്ഥയെ മറികടക്കാന്‍ ഓര്‍മ്മകളെ ശക്തിപ്പെടുത്തുകയായിരുന്നു.കമ്പിവേലിക്കിടയിലൂടെ പോലീസുകാര്‍ എറിഞ്ഞുതന്ന പുതുവസ്ത്രങ്ങളില്‍ ഒരു യാത്രയുടെ ഇരമ്പം കേള്‍ക്കാം.ഈ യാത്ര കളവിന്റെ ഉറവിടവും വസ്തുക്കളും തിട്ടപ്പെടുത്താനാണ് ,മഞ്ഞിന്‍ പെരുക്കങ്ങള്‍ ജന്മമെടുക്കുന്ന കൊടൈക്കനാലിലേക്ക്.
തണുപ്പിലേക്ക് പറക്കാനുള്ള  ഉത്സാഹം പോലീസുകാരുടെ മുഖത്ത്  നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു,കോളേജ് കാലത്തെ ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിക്കുംവിധം.
കളവ് നടത്തുന്നത് ദൂരത്താണെങ്കില്‍ രണ്ടു ദീര്‍ഘയാത്രകള്‍ക്കാണ് സാധ്യത.ഒന്ന് സൌജന്യമായിരിക്കും,പൊലീസ് സംരക്ഷണത്തില്‍ ഭഷണവും താമസവുമുള്‍പ്പെടെ.ചിലപ്പോള്‍ ലഹരിയും.

എന്നിട്ടും യാത്രയുടെ സുഖം കിട്ടിയില്ല, വഴിയിലുടനീളം ലതികയെ തികട്ടിവന്നു.ഒരു ക്ലാസ്സ് മുറി മുഴുവന്‍ ആര്‍ത്തുല്ലസിച്ചുപോയ അതേ വളവുകള്‍,അതേ കയറ്റങ്ങള്‍,തണുപ്പിന്റെ ആരോഹണങ്ങള്‍..
കയറ്റങ്ങള്‍ കിതച്ചു കയറുമ്പോള്‍  മഞ്ഞിന്‍ പക്ഷികള്‍ ശരീരത്തില്‍ ചിറകുരുമ്മി.മദ്യപിച്ചു മത്തരായ പോലീസുകാര്‍ വാചാലരാണ്.
ഓരോ കഥകള്‍ പറഞ്ഞ് ഓരോരുത്തരും കേമന്മാരാവുകയണ്.കള്ളന്മാരായാലും പോലീസുകാരായാലും വെള്ളമടി വിശേഷങ്ങള്‍ക്ക് എവിടേയും വ്യത്യാസമില്ല.കള്ളന്മാരാണെങ്കില്‍ പോലീസിനെ വെട്ടിച്ച കഥ,പോലീസാണെങ്കില്‍ കള്ളന്മാരെ പറ്റിച്ച കഥ.
ചര്‍ച്ചകള്‍ ആത്മഹത്യാ മുനമ്പിന്റെ വക്കിലൂടെയും സഞ്ചരിച്ചു.കാല്പനികരും പരാജിതരുമായ കമിതാക്കള്‍ ഒരിക്കലെങ്കിലും ഇതുപോലെ ഒരു പോയിന്റില്‍ വന്നു ശ്വസമടക്കി നില്‍ക്കാതിരിക്കുമോ!.മലമുകളിലെത്തുമ്പോള്‍ വെയില്‍ എല്ലാ തിളക്കങ്ങളും പ്രദര്‍ശിപ്പിച്ച് വെച്ചിരിക്കുന്നു.
മഞ്ഞിന്റെ ശരീരം ശോഷിച്ചു കൊണ്ടിരുന്നു.
തടാകത്തിനരികെയുള്ള കുന്നിലേക്ക് വണ്ടി തിരിഞ്ഞു.
കുന്നിന്‍ മുകളിലെ  ആ വലിയ  വീട്ടില്‍ പോലീസിന്റെ പണി ആരംഭിക്കുകായാണ്‍..
വീട്ടില്‍ നിന്നും കുരച്ച് പുറത്തേക്ക് വന്ന പട്ടി പന്തികേട് മണത്തറിഞ്ഞ് വേലിക്കപ്പുറത്തേക്ക് അപ്രത്യക്ഷമായി.
രാത്രി കണ്ടതുപോലെയല്ല ഈ വീട്,ഒരു വീടും അങ്ങിനെയായിരിക്കില്ല.
ഇത്ര വലിയ വീട്ടില്‍ നിന്നും കിട്ടിയത് ഒരു ചെറിയ സ്വര്‍ണ്ണച്ചെയിന്‍ മാത്രം.
അതൊന്നുമല്ല കാര്യം.
മാല പൊട്ടിക്കാനുള്ള മല്‍പ്പിടുത്തത്തിനും അലര്‍ച്ചക്കുമിടയില്‍ കോടമഞ്ഞിന്റെ നിശ്ചലതയില്‍ അവിടെ തങ്ങിനിന്ന ഗന്ധം.
എത്ര കാലം കഴിഞ്ഞാലും തങ്ങി നില്‍ക്കുന്നത്,എത്ര മൂടിവെച്ചാലും പൊങ്ങിവരുന്നത്.ആ ഗന്ധം ആ സ്ഥലത്തെ ചിരപരിചിതമായ ഒരിടം പോലെ തോന്നിപ്പിച്ചിരുന്നു.അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വീട്ടിനുള്ളിലേക്ക് പോയ മേലുദ്യോഗസ്ഥന്‍ കുറച്ചുസമയമെടുത്ത് വിജയിച്ച പുരുഷന്റെ ഗര്‍വ്വോടെ തിരിച്ചു വന്നു.
വസ്ത്രങ്ങള്‍ വിയര്‍പ്പില്‍. ബട്ടനുകള്‍ ഇടാതെയും ക്രമംതെറ്റിയും കിടന്നു,മുഖം കള്ളച്ചിരിയില്‍ തൂങ്ങിയും.
(3)
ഏതൊരു കള്ളനും ഒന്നിടറിപ്പോകുന്ന നിമിഷമെത്തി.
അവള്‍ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തപ്പെട്ടു.ആദ്യം കണ്ടത് നിറഞ്ഞ കണ്ണുകളായിരുന്നു.
  ആ മുഖത്തെ മരവിപ്പു കണ്ടു.
കൂട്ടത്തില്‍ നിന്നും തെറിച്ചുനിന്ന നരച്ച മുടിയിഴകള്‍.
മാറില്‍ ചുവന്ന പാടുകള്‍ മായാതെ കിടന്നിരുന്നു.
അമര്‍ത്തിയൊന്നു തൊട്ടാല്‍ രക്തം കിനിയുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയെ ഓര്‍മ്മ വന്നു.
കാമ്പസിന്റെ യൌവ്വനം ഓര്‍മ്മ വന്നു.അവളെ കണ്ടു,അവള്‍ക്കു പിറകില്‍ പലപ്രായത്തില്‍ ചെറുപ്പം വിടാത്ത സ്ത്രീകളെ കണ്ടു. കണ്ണുകളിലെ വരള്‍ച്ച കണ്ടു.പോരുമ്പോള്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞു.
“തൊണ്ടിയും കൊള്ളാം,മുതലും കൊള്ളാം“

വെളിച്ചം കടക്കാത്ത ഗുണാ കേവിന്റെ(guna cave) നിഗൂഡതകളില്‍ ഒറ്റക്കിരിക്കന്‍ തോന്നി, പിന്തുടരുന്ന ഓര്‍മ്മകളെയും ഗന്ധത്തേയും വകഞ്ഞുമാറ്റിക്കൊണ്ട്.......

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കാമ്പസിന്റെ യൌവ്വനം ഓര്‍മ്മ വന്നു.അവളെ കണ്ടു,അവള്‍ക്കു പിറകില്‍ പലപ്രായത്തില്‍ ചെറുപ്പം വിടാത്ത സ്ത്രീകളെ കണ്ടു. കണ്ണുകളിലെ വരള്‍ച്ച കണ്ടു.പോരുമ്പോള്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞു.
“തൊണ്ടിയും കൊള്ളാം,മുതലും കൊള്ളാം“


നീയുള്ളപ്പോള്‍.....