പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, January 14, 2015

പതിനാറിന്റെ പ്രിയ തോഴൻ



പൂനം റഹീം 
 സുപരിചിതമായ ഒരു പേരും പ്രസ്ഥാനവുമാണ്, ഞങ്ങൾ  തൃശൂർക്കാർക്കെങ്കിലും. കൊട്ടകകളും സിനിമകളും വിദൂരസ്വപ്നങ്ങളായ ഗ്രാമങ്ങളിൽ   പതിനാറു എം.എം.പ്രൊജക്ടർ വെച്ച് പടമോടിച്ചതും ഗ്രാമീണരും നിർദ്ദോഷികളുമായ ജനങ്ങളെ വഷളാക്കിയതും ചില്ലറ കാര്യമല്ല.പഞ്ചവൽസരപദ്ധതി പോലെ വർഷങ്ങൾ നീണ്ടുനിന്ന ഒരു വിനോദ പരിപാടിയായിരുന്നു അത്.

 പതിനാറു എം.എം.പ്രൊജക്ടറിൽ  രണ്ടുരണ്ടരമണിക്കൂർ സിനിമ ഓടിക്കുക എന്നത് സാധാരണക്കാരായ മനുഷ്യർക്കു പറ്റുന്ന ചെറിയ കാര്യമല്ലെന്ന് പ്രത്യേകം ഓർക്കുക.പതിനാറിനടുത്തുള്ള പിള്ളാരെ നേർവഴിക്ക് നടത്താൻ കഴിയാത്തതുപോലുള്ള ഒന്ന്. ഫിലിം സൊസൈറ്റി പ്രവർത്തകരോടു ചോദിച്ചാൽ അറിയാം പതിനാറു എം.എം. പ്രൊജക്ടറിന്റെ തനിസ്വഭാവം.കുംഭമാസ  നിലാവുപോലെ കുമാരിമാരുടെ ഹൃദയം എന്ന വയലാർ സംഗീതത്തിലെ ഉപമ 16 എം.എം പ്രൊജക്ടറിനും നന്നായി ചേരും. എപ്പോൾ എന്തും ചെയ്യാൻ മടിയില്ലാത്ത  കുസ്രുതിക്കുട്ടിയെപ്പോലെയാണിവൾ.

സ്പ്രിംഗ് വലിയുക,ബൾബിന്റെ ഫ്യൂസ് പോകുക,കത്താതിരിക്കുക,പ്ലഗ്ഗിൽ നിന്നും പവർ എടുക്കാതിരിക്കുക, കുമിഞ്ഞുകത്തി കത്തുക, ചിത്രം വരും സൗണ്ട് വരില്ല,സൗണ്ട് വന്നാൽ ചിത്രം വരില്ല,എല്ലാം കൂടി വന്നാൽ ഫിലിം പാളം തെറ്റും. ഇങ്ങനെ പോകുന്ന യന്ത്രത്തിന്റെ   സ്വാഭാവിക വികൃതികൾ.സ്പൂളിൽ നിന്നും ഫിലിം താഴേക്ക് പതിക്കുക എന്നത് സ്ഥിരം പരിപാടിയാണ്.തിരിച്ചതിനെ സ്പൂളിൽ കയറ്റുക എന്നത് സിനിമ നിർമ്മിക്കുന്നതിനേക്കാൾ വലിയ പണിയാണ്.ഇതൊക്കെ ചെയ്യുന്നത് വലിയൊരു സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ടായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.

വാടാനപ്പള്ളിയിൽ തിരിഞ്ഞുകളിക്കുമ്പോൾ വെറും തോന്നലിൽ ഒരു പതിനാറു എം.എം. പ്രൊജക്ടർ വാങ്ങി,സെൽഫ് എംബ്ളോമെന്റ് സ്കീം അഥവ സ്വയം തൊഴിൽ കണ്ടെത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണത് സംഭവിച്ചത്.സിനിമയോടിക്കുന്ന, സിനിമയെ ഓടിപ്പിക്കുന്ന ഈ യന്ത്രം കൊണ്ട് എംബ്ലോയ്മെന്റെങ്ങിനെ ഉണ്ടാക്കും എന്ന ഉദ്യോഗസ്ഥന്മാരുടെ ചോദ്യാവലിക്കുമുന്നിൽ നുണകളുടെ കൂമ്പാരം ഉണ്ടാക്കിയാണ് പ്രൊജക്ടർ പാസ്സാക്കിയെടുത്തത്. നിർമ്മാതാവിനെ വീഴ്ത്തുന്ന സംവിധായകന്റെ മികവോടെയായിരുന്നു നുണക്കഥകൾ മെനഞ്ഞെടുത്തത് എന്നു വേണമെങ്കിലും പറയാം.ഉദ്യോഗസ്ഥരെ പറ്റിക്കാനായി  ചില ഗൂഢ പദ്ധതിയുമായി സുഹൃത്ത് ഗഫൂറും മറ്റു പലരും അവിടെയുണ്ടായിരുന്നു.
അന്ന് വായ്പ എടുത്തവർ ആരും  തിരിച്ചടക്കാതിരിക്കുക മാത്രമല്ല  വീട്ടിലൊ റോഡുവക്കിലോ വെച്ച് ഇതേപ്പറ്റി സംസാരിച്ച മാനേജരെ വിരട്ടിയോടിക്കുക കൂടി ചെയ്തുകൊണ്ടിരുന്നു,അന്ന് കരി ഓയിൽ വിപണിയിൽ ലഭ്യമായിരുന്നില്ല.കടം തിരിച്ചു ചോദിക്കുന്നവരെ തിരിച്ചോടിക്കുക നല്ല വിനോദമാണെന്ന് അന്നേ തോന്നിയിരുന്നു.ഇതേ കാരണത്താൽ ബാങ്ക് മാനേജർമാർക്ക് വിലയിടിവും ഈ മേഖലയിൽ സംഭവിച്ചു.നാട്ടുകാരുടെ തല്ലുകൊള്ളുന്നവർ തെറികേൾക്കേണ്ടവൻ എന്ന നിലയിൽ അവർക്ക് പെണ്ണുപോലും കിട്ടാതെയായി.അതൊരു രക്ഷയുമായി ചിലർക്ക്.അവിവാഹിതരായി സന്തുഷ്ടരായി നടക്കുന്ന ബാങ്ക് മാനേജർമാരെ ഇപ്പോഴും ഈ മേഖലയിൽ കാണാം.


 റജിസ്ട്രേഡ് കത്തയച്ചോ നാട്ടുകാരോടു പറഞ്ഞോ ബാങ്കിൽ നിന്നും യാതൊരു പ്രകോപനമുണ്ടാവത്ത അവസരങ്ങളിൽ ബാങ്കിനുമുന്നിൽ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ബാങ്കുകാരെ ഉണർത്തും.വേണമെങ്കിൽ  ഒന്നു മുട്ടാം എന്നൊരു ഹൂങ്കായിരുന്നു അന്ന്.ബാങ്ക് മാനേജർമാരോടു മാത്രമല്ല ആരോടും.
വാടാനപ്പള്ളിയിലേക്ക് സ്ഥലമാറ്റം കിട്ടാതിരിക്കാനായി ബാങ്ക് മാനേജർമാർ നേർച്ച നേർന്നും മുകളിലെ കാലുകളിൽ അള്ളിപ്പിടിച്ചും പരിശ്രമം ചെയ്തുപോരികയും ചെയ്തു.ബാങ്ക് മാനേജർമാർക്കു പോലും സ്വൈര്യമായി ജീവിക്കാൻ പറ്റാത്ത ഒരു നാടിനെ ആലോചിച്ചുനോക്കൂ.

അന്ന് വാടാനപ്പിള്ളി നക്സലൈറ്റുകളുടെ കേന്ദ്രമെന്നാണ് അറിയപ്പെട്ടിരുന്നത്,ആന്ധ്രയിലെ കൊണ്ടപ്പിള്ളി പോലൊരു സ്ഥലം.ലോൺ അടക്കാത്തവരെ നക്സലൈറ്റ് എന്ന് റിപ്പോർട്ടെഴുതി മുകളിലേക്കയച്ച് മാനേജർമാർ മേലുദ്യോഗസ്ഥന്മാരെ മുൾമുനയിൽ നിർത്തി.റിസ്ക് അലവൻസ് ഈ മേഖലയിലെ മാനേജർമാർ വാങ്ങിയിരുന്നു എന്നും കേട്ടുകേൾവിയുണ്ടായിരുന്നു. ബാങ്ക് മാനേജർമാരുടെ ദയാദാക്ഷിണ്യത്തിൽ തീവ്രവാദികളായവർ ഈ മേഖലയിൽ ഒരു പാടുണ്ട്.സ്വയം തൊഴിൽ പദ്ധതിയിൽ ജാമ്യം വാങ്ങരുതെന്നും  സർക്കാർ നിബന്ധന ഉണ്ടായിരുന്നു.ആയതിനാൽ ജപ്തിയും പേടിക്കേണ്ടതില്ലായിരുന്നു.ലോണെടുത്താൽ രണ്ടുണ്ട് കാര്യം.എല്ലാം രസകരമായിരുന്നു അന്നൊക്കെ.ലോൺ എടുക്കുന്നതും അടക്കാതിരിക്കുന്നതും കോടതിയും കേസാവുന്നതുമൊക്കെ.

നാടകവും സമരവും ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലും ഒന്നുമില്ലാതെ ഇരിക്കുമ്പോളാണ് ഒരു ഫിലിം സൊസൈറ്റി തുടങ്ങിയാലോ എന്ന ചിന്ത കടന്നുവരുന്നത്.മന്ദബുദ്ധികളുടെ അവസാന ആശ്രയം രാഷ്ട്രീയം എന്ന പഴഞ്ചൊല്ലുപോലെ   ബുദ്ധിജീവി(?)കളുടെ അവസാന ആശ്രയമാകുന്നു സിനിമയും ഫിലിം സൊസൈറ്റികളും എന്നത് പുതിയചൊല്ലാണ്. ഞങ്ങൾ കുറെപേർ ബോധികോളേജിലെ ഉറപ്പുള്ള ബെഞ്ചുകൾ കൂട്ടിയിട്ടിരുന്ന്  ബുദ്ധിപൂർവ്വം ചിന്തിച്ചു.വിശ്വൻ മാഷും വിദ്യാധരനും രമേഷും സുകുവേട്ടനും ഗഫൂറും പ്രകാശനും ജോയ് മാത്യുവുമൊക്കെയായിരുന്നു ആ ചിന്താപരിസരത്തുണ്ടായിരുന്നത്.ജഡ്ജിയുടെ കസേരയിൽ അമർന്നിരിക്കുന്ന വിദ്യനും സിനിമാ സെറ്റിൽ ചായതേച്ച് ഷോട്ട്  റെഡിയാവാൻ കാത്തിരിക്കുന്ന  ജോയിയും ഇതൊക്കെ ഇപ്പോൾ ആലോചിക്കുന്നുണ്ടൊ ആവോ. അങ്ങിനെ സ്ക്രീൻ ഫിലിം സൊസൈറ്റി ഉണ്ടായി.

ആദ്യത്തെ പടം റഷ്യയിൽ നിന്നുള്ള പുഡോവ്കിന്റെ മദർ ആക്കാനും തീരുമാനിച്ചു.അന്നൊക്കെ വെറുതെ റഷ്യയിലേക്ക് നോക്കിയിരിക്കുന്ന സമയമായിരുന്നു.റക്ഷ്യ പൊളിഞ്ഞത് ഞങ്ങൾക്കാണ് ഗുണകരമായത്.മറ്റു വല്ലോടത്തേക്കും നോക്കാൻ ധാരാളം സമയം കിട്ടി. 

നാടുനീളെ പോസ്റ്റർ ഒട്ടിച്ചു. കയ്യക്ഷരം നന്നായത് അങ്ങിനെയായിരുന്നു.ജോൺ അമ്മ അറിയാനിലേക്ക് വഴുതിവീണ കാലം കൂടിയായിരുന്നു അത്.ആയതിനാൽ നമ്മളും കുറയരുതല്ലോ, റഷ്യയിൽ നിന്നുള്ള അമ്മ തന്നെയാവട്ടെ എന്ന തീരുമാനമുണ്ടാവുന്നത്.കവിയൂർ പൊന്നമ്മയോ സുകുമാരിയൊ അടൂർ ഭാവാനിയോ മീനയോ ഒന്നുമായിരുന്നില്ല ഞങ്ങൾ ആർട്ട് സിനിമക്കാരുടെ  അമ്മ.മാർക്സിം ഗോർക്കിയുടെയും പുഡോവ്കിന്റേയും അമ്മയായിരുന്നു.ആ സിനിമ കളിച്ചത്  നല്ലൊരു തുടക്കമായി എന്ന് ഇന്നും തോന്നുന്നുണ്ട്.

പതിനാറു എം.എം.എന്ന കുസ്രുതിയാണ് പൂനം റഹീമുമായി കൂട്ടിമുട്ടാൻ കാരണം.അന്ന് വിദേശ എംബസി വഴി കിട്ടുന്ന സിനിമകളായിരുന്നു ഫിലിം ഫെഡറേഷൻ  ഫിലിം സൊസൈറ്റികൾക്കു  നൽകിയിരുന്നത്.അതിൽ പലതും കാണിക്കാൻ കൊള്ളാത്തവയും കാണാൻ കൊള്ളാത്തവയും ആയിരുന്നു.ചാക്കുനിറയെ ഫിലിം അവർ കൊടുത്തയക്കും.അതിൽ നിന്നും തെരഞ്ഞെടുത്തവ ഞങ്ങൾ കാണിക്കും.പലപ്പോഴും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ആയിരിക്കും.ഞങ്ങളുടെ സ്വന്തം ബോധി കോളേജോ അല്ലെങ്കിൽ ഞങ്ങളുടേതല്ലാത്ത മറ്റു സ്കൂളുകളോ ആയിരിക്കും വേദികൾ.സ്വന്തമായി ഒരമ്പലവും അനവധി ദൈവങ്ങളുമുള്ള പാപ്പുണ്ണിയാശാന്റെ അടുത്ത് സിനിമാ പിരിവിന് ചെന്നപ്പോൾ എങ്ങിനെയുള്ള സിനിമകളാണ് പ്രദർശിപ്പിക്കുക എന്ന ചോദ്യത്തിന് കാഞ്ചനസീത പോലുള്ള ഭക്തിരസം തുളുമ്പുന്ന സിനിമകളെന്ന് നുണ പറഞ്ഞതും ആ സിനിമ കാണാൻ  ആ സ്വാത്വികൻ  വന്നതും കണ്ടതിനുശേഷം പറഞ്ഞ തെറികളും  കാതിൽ നീക്കം ചെയ്യാൻ പറ്റാത്ത അഴുക്കായി ഇപ്പോഴും കിടക്കുന്നുണ്ട്.ചില തെറികൾ അങ്ങിനെയാണ് കാമുകിയുടെ  വാക്കിനേക്കാൾ അതിജീവിക്കും.

ഫെസ്റ്റിവൽ കഴിഞ്ഞാൽ  സാസ്കാരികഭാരം ഇറക്കിവെച്ച ഒരു അനുഭൂതിയാണ് കുറെ നാളത്തെക്കെങ്കിലും.പതിനാറു എം.എം.സിനിമാ പ്രദർശനം ശരിക്കും ഒരു ഭാരമായിരുന്നു.
പുതിയ കാലത്തെ സീഡി,ഡിവിഡി സഹോദരങ്ങൾക്ക് സ്തുതി.

പതിനാറു എം.എം.രസങ്ങളും ധാരാളമായി ഉണ്ടായിട്ടുണ്ട്.
എല്ലാ സിനിമകൾക്കും അവർ വരാറുണ്ട്.ഒരു ടീച്ചറും ടീച്ചറല്ലാത്ത ഭർത്താവും ഒരു പെൺകുട്ടിയും.കടകടാ ശബ്ദമുണ്ടാക്കുന്ന പ്രൊജക്ടറിനെതിരെ വലിച്ചുകെട്ടിയതും കാറ്റിൽ ഉലയുന്നതുമായ സ്ക്രീനിലേക്ക് നോക്കി അവർ പുതുപുത്തൻ ലോകങ്ങളെ നിരന്തരം കണ്ടുപിടിച്ചുകൊണ്ടിരുന്നു.ഒരിക്കൽ ഫാസ് ബിന്ദറിന്റെ ഫെസ്റ്റിവൽ നടക്കുകയാണ്.മെർച്ചന്റ് ഒഫ് ഫോർസീസൺ,ഫിയർ ഈറ്റ്സ് ദി സോൾ,നോറ തൂടങ്ങിയ സിനിമകളാണന്ന് ഉണ്ടായിരുന്നത്.ജർമ്മനിയിലെ പുലിയാണ് ഫാസ് ബിന്ദർ.ജീവിച്ച മുപ്പത്തിയാറുവയസിൽ വയസിന്റെ എണ്ണത്തേക്കാൾ സിനിമയെടുത്ത് ഫിലിം സൊസൈറ്റിക്കാരായ ഞങ്ങളെ ബുദ്ധിമുട്ടിച്ച കക്ഷിയാണ്.ഇത്രേം പടങ്ങൾ കളിച്ചുതീർക്കേണ്ടതുണ്ടല്ലോ,എന്തുചെയ്യാം ഫിലിം സൊസൈറ്റിക്കാരല്ലെ.ജർമ്മനിയിലിരുന്ന് ഇങ്ങ് വാടാനപ്പള്ളിയിലിരിക്കുന്ന താടിയും മുടിയും നീട്ടിവളർത്തിയ ഞങ്ങളെ ടിയാൻ കൈകാര്യം ചെയ്യുന്നത് ആലോചിച്ചുനോക്കൂ.വീഡിയോ കാമറ ഓൺ ചെയ്ത് വെച്ച്  ആത്മഹത്യ ഷൂട്ട് ചെയ്യാൻ വേണ്ട ഭ്രാന്തുണ്ടായിരുന്നു ഫാസ് ബിന്ദറിന്.ആ ഭ്രാന്ത് തന്നെയായിരുന്നു ഇത്രയധികം സിനിമക്കുള്ള ഊർജ്ജം അദ്ദേഹത്തിനു നൽകിയത്.
സിനിമയിൽ നിന്നും സെക്സ് അദ്ദേഹം മാറ്റിവെച്ചിരുന്നില്ല.അത്രയധികമായിരുന്നു ഫാസ്ബിന്ദർ സിനിമകളിലെ ലൈംഗീകത.സെക്സ് സീൻ വരുന്നേരം ടീച്ചറും  ഭർത്താവും കൂടി  മകളുടെ തല പിടിച്ച് മുന്നിലേക്ക് താഴ്ത്തും. ഇത് പലകുറി ആവർത്തിക്കേണ്ടിവന്നിരുന്നു.ഒരു സെക്സ് സീനിൽ ലയിച്ചുപോയപ്പോൾ മകളുടെ തലപിടിച്ച്താഴ്ത്താൻ അമ്മയും അച്ഛനും മറന്നുപോയി.അന്നേരം മകൾ ഓർമ്മിപ്പിച്ചു,അമ്മേ എന്റെ തല.അപ്പോളാണ് അമ്മയുമച്ഛനും ആ സീനിൽ നിന്നും പാതിയെങ്കിലും  ഉണർന്നത്.


സിനിമകളില്ലാത്ത ഒഴിവുവേളകളിൽ ചെറിയ ചെറിയ പീസുകളിട്ട്  വാടാനപ്പിള്ളിയിൽ വാച്ച് കട നടത്തുന്ന സുകുവേട്ടൻ പ്രൊജക്ടറിനെ ജീവൻ വെപ്പിച്ചുകൊണ്ടിരിക്കും.പീസ് എന്നതിന് ഷോർട്ട് ഫിലിം എന്ന് സഭ്യമായി വായിക്കുക.ഒരു ഫെസ്റ്റിവൽ കഴിഞ്ഞാൽ ജീവനില്ലാത്ത നാളുകളാണ് പ്രൊജക്ടറിന് വീണ്ടും.സുകുവേട്ടന്റെ വാച്ചുകമ്പനിയുടെ പൊടിപിടിച്ച മൂലയിലിരുന്നു പലതരം  സിനിമകൾ തന്നെ ചുറ്റിവരിയുന്നത് പതിനാറു എം.എം.കാരി സ്വപ്നം കാണുന്നതു പോലെ എനിക്കു തോന്നും.

ഈ പുതുപുത്തൻ പതിനാറു എം.എം.കാരിയെ ഒരാൾ കുറച്ചകലെയിരുന്ന് ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.മുറിബീഡിയുമായി വേലിമണ്ടയിലിരുന്ന് ജയഭാരതിയെ വെള്ളമിറക്കുന്ന കെ.പി.ഉമ്മറിനെപ്പോലെ. അത് പൂനം റഹീം ആയിരുന്നു.മറ്റു പടങ്ങൾ ഇല്ലാത്ത കാലങ്ങളിൽ ഞങ്ങൾ റഹീമിന്റെ ഗോഡൗണിൽ പോയി ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ ,കബനീ നദി ചുവന്നപ്പോൾ,അന്യരുടെ ഭൂമി,ഓളവും തീരവും എന്നീ സിനിമകളുടെ പെട്ടികൾ ഏതെങ്കിലും തപ്പിയെടുക്കും.റഹീം 250 പറയും ഞങ്ങൾ 100 തിരിച്ചുപറയും.അതും കൊടുത്തെങ്കിലായി.പ്രിന്റുകളുടെ പൊടി തട്ടിക്കളഞ്ഞുകിട്ടുമല്ലോ എന്ന് പൂനവും ആശ്വസിച്ചുകാണും.

പൂനവുമായി പ്രണയത്തിലായ എന്റെ പതിനാറു എം.എം.കാരി പൂരപ്പറമ്പിലും പള്ളിപ്പറമ്പിലും മറ്റു നാട്ടുമൂലകളിലുമൊക്കെ അടിയും ഇടിയും ബലാൽസംഘവും ഭക്തിയുമുള്ള സിനിമകളെ ശരീരത്തിലൂടെ കയറ്റിയിറക്കി. ഗോദാർദ്ദ്,ഫെല്ലിനി,ആന്റോണിയോണി,റോബർട്ട് ബ്രസൻ ,ലൂയി ബുനൂവൽ തുടങ്ങിയ ലോകക്ലാസിക്കുകളുമായുള്ള ചങ്ങാത്തത്തിലൂടെ കൈവന്ന ബുദ്ധിജീവി ക്യാരക്ടർ   കമേർസ്യൽ കൂട്ടുകെട്ടിലൂടെ നമ്മുടെ മധുരപ്പതിനാറുകാരിക്ക്  നഷ്ടമായി. 

കള്ളിയങ്കാട്ട് നീലി രമണൻ കുമാരസംഭവം സ്വാമി അയ്യപ്പൻ തുലാഭാരം ഭക്തകുചേല ആട്ടക്കലാശം നിറക്കൂട്ട് രാജാവിന്റെ മകൻ  കടൽപ്പാലം  നാടുവാഴികൾ  തുടങ്ങിയ തട്ടുപൊളിപ്പൻ സിനിമകളെ വരിച്ച് അവൾ ഒന്നിനുംകൊള്ളാത്തവളായി. പൊട്ടിപ്പൊളിഞ്ഞ ആർട്ടുഫിലിമുകളെ അവൾ അകറ്റാൻ തുടങ്ങി.ഫിലിം തലങ്ങനെയും വിലങ്ങനേയും  പൊട്ടിച്ചും സ്പ്രിംഗിനെ അയച്ചും സ്പൂളിൽ നിന്നു തെന്നിമാറിയും ശബ്ദം അടക്കിവെച്ചും വെളിച്ചം വിതറാതെയും അവൾ അത് പ്രകടമാക്കി.

നല്ല മേനിയിലുള്ള കമേർസ്യൽ സിനിമകളെ  വാരിപ്പുണർന്ന് വർണ്ണങ്ങൾ വിടർത്തി  ഒരു മദാലസയെപ്പോലെ അവൾ പരിലസിക്കുകയും ചെയ്തു.
മേൽപ്പറഞ്ഞ സിനിമകൾക്കു പുറമെ ചില ആർട്ട് ഫിലിമുകളും പൂനത്തിന്റെ   ഗോഡൗണിൽ ഉണ്ടായിരുന്നു.തകര ചില്ല് ഏകാകിനി യവനിക  മണ്ണിന്റെ മാറിൽ  എന്നിങ്ങനെ.ഞങ്ങളെപ്പോലുള്ള ഫിലിം സൊസൈറ്റി ജീവികളെ പൂനം കൈകാര്യം ചെയ്തത് ഈ സിനിമകളെ മുൻനിർത്തിയാണ്.ജനശക്തി ക്ഷയിച്ചപ്പോൾ അവരുടെ സിനിമകളെല്ലാം റഹീം ആക്രിവിലക്ക് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.


മുയലിന്റെ കാട്ടം പെറുക്കുന്ന രവിമേനോനെയും മൂക്കുപൊത്തി ദേഷ്യപ്പെടുന്ന ശോഭയേയും എത്രചുറ്റു കണ്ടിരിക്കുന്നു ഏകാകിനി എന്ന സിനിമയിൽ.
പൂനത്തിന്റെ കയ്യിൽ നിന്നും കിട്ടിയ ഓളവും തീരവും എന്ന സിനിമ പലവട്ടം സ്വകാര്യമായി ഇട്ടുകണ്ടിട്ടുണ്ട്.പൂനം അറിയാതെയാണത് ചെയ്യുക.ഒറ്റ ഷോക്കാണ് പൂനത്തിന്റെ ബിൽ.
അതിലെ വയ്യെയെനിക്ക്……….എന്ന മാപ്പിളപ്പാട്ട് പോലൊന്ന് പിന്നീട് കണ്ടിട്ടില്ല.പാട്ടും ദൃശ്യവും ഒരു പോലെ മനോഹരമാണ്.ഞങ്ങളുടെ നാട്ടുകാരായ ചാമക്കാല അബൂബക്കറും സംഘവുമാണ് ഈ പാട്ട് തകർത്തുപാടിയത്.  കെടാമംഗലം അലിയും കൂട്ടരും അത്  അഭിനയിച്ചു തകർക്കുകയും ചെയ്തു.മാപ്പിളപ്പാട്ടിന്റെ അഞ്ചു ശൈലികളിലേക്ക്   ഈ പാട്ട് വികസിക്കുന്നുണ്ട്.മച്ചാട് വാസന്തി പാടിയ   ഈ സിനിമയിലെ  മണിമാരൻ തന്നത് എന്ന പാട്ടും എന്റെ  16 എം.എം. ഓർമ്മകളെ പുതിക്കിപ്പണിയുന്നതാണ്.


ഒരിക്കൽ ഓട്ടോറിക്ഷയിൽ  കയറിപ്പോയാൽ പതിനാറുകാരി തിരികെ  വരുന്നത് ദിവസങ്ങൾക്കുശേഷം ക്ഷീണിച്ചവശയായിട്ടാണ്.സുകുവേട്ടൻ അതിനെ അകവും പുറവും എണ്ണയും കുഴമ്പും തേച്ച് മിനുക്കിയെടുക്കും,പിന്നെ പീസോടിക്കും.വീണ്ടും പറയുന്നു പീസ് എന്നാൽ ഷോർട്ട് ഫിലിം.

പൂനം റഹീം സിനിമയും നാടകവും ഗാനമേളയും മിമിക്രിയുമായി കടന്നു ചെല്ലാത്ത ഇടങ്ങൾ കുറവാണ്.അല്ലാത്തിടത്തൊക്കെ ജനകീയ പ്രശ്നങ്ങളും പ്രതികരണവേദിയുമായി എത്തും.പ്രതികരിക്കുക എന്നൊരു പുറത്തുപറയാൻ കൊള്ളുന്ന അസുഖവും  റഹീമിനുണ്ടായിരുന്നു.ചൂതാട്ടവിരുദ്ധ സമരം കാബറേ വിരുദ്ധ സമരം ഈ ലിസ്റ്റിലുണ്ട്.കാബറെക്കാരെ തൃശൂരിൽ നിന്നൊടിച്ചതിന് പൂനത്തിനോടുള്ള വിരോധം നാട്ടുകാർക്കിപ്പോഴും തീർന്നിട്ടില്ല.ചൂതാട്ടക്കാർ പോകുന്നെങ്കിൽ പോകട്ടെ.

16 എം.എം. സിനിമാ പ്രദർശനങ്ങൾക്ക് പൂനം റഹീം.എന്ന പരസ്യം കാണാത്തവർ തൃശൂർ മലപ്പുറം ദേശത്ത് ജനിക്കാത്തവരോ അതിനു സാദ്ധ്യതയില്ലാത്തവരോ ആയിരിക്കും.ചൊറിക്കും ചിരങ്ങിനും ജാലിംലോഷൻ എന്നൊരു പരസ്യമായിരുന്നു ഇതിനുമുമ്പേ ഇമ്മട്ടിൽ കണ്ട മറ്റൊരു പരസ്യം.ചൊറിയൽ മലയാളിയുടെ സഹജസ്വഭാവമെന്നും മാറ്റാൻ പറ്റുന്നതല്ലെന്നും മനസിലാക്കിയ കമ്പനി പൂട്ടി അന്യസംസ്ഥാനത്തേക്ക് പറപറന്നു.

 സ്ക്രീൻ പ്രിന്റിംഗിന്റെ പ്രാഗ് രൂപമായ സ്റ്റെൻസിൽ  കൊണ്ടാണ് റഹീം മതിലായ മതിലുകളിലും തൂണായ തൂണിലും മൂത്രപ്പുരയുടെ ചുമരുകളിലുമെല്ലാം തന്റെ പരസ്യം പതിച്ചത്.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം റഹീം ഭഗവാൻ പരസ്യം വരച്ചു കളിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ,ടെലെഫോൺ പോസ്റ്റുകൾ,റോഡിൽ കൂട്ടിയിട്ട പൈപ്പുകൾ,കാബിളുകൾ,തൈപ്പൂയ്യത്തിനാടുന്ന കാവടികൾ,നാലോണത്തിനിറങ്ങുന്ന പുലികളുടെ പിന്നാമ്പുറം……..

പൂനത്തിന്റെ സ്റ്റെൻസിൽ പതിയാത്ത പുറങ്ങളില്ല.ശൂന്യതകളെ  തൂർക്കുന്ന മാലാഖയായി പൂനം റഹീം മാറി.ഒഴിഞ്ഞ ഒരിടവും ഭൂമിയിൽ ബാക്കിവെക്കില്ലെന്ന വാശിയിൽ റഹീം സ്റ്റെൻസിലും കരി ഓയിലുമായി സഞ്ചരിച്ചു.വലിയ മനുഷ്യശരീരങ്ങൾക്കുപോലും തേക്കിൻ കാട് മൈതാനത്ത് ഒന്നുമയങ്ങാൻ പോലും പേടിയായി റഹീമിന്റെ ഈ സ്റ്റെൻസിൽ സഞ്ചാരത്തിൽ.
 ഉറങ്ങുന്ന ആനയുടെ പള്ളയിലും രാത്രിയിൽ ചുമരാണെന്ന് തെറ്റിദ്ധരിച്ച് പരസ്യം സ്റ്റെൻസിൽ ചെയ്തുവെന്നത് സ്ഥിരീകരിക്കാത്ത കഥകളാണ്.സ്റ്റെൻസിൽ എന്ന മാദ്ധ്യമത്തെ ഇത്രക്ക് പ്രയോജനപ്പെടുത്തിയ മറ്റൊരാൾ ഭൂലോകത്ത് ഉണ്ടാകാനിടയില്ല.ന പ ചെലവില്ലാതെയാണ് ഇതൊക്കെ എന്നതാണ്  എടുത്തുപറയേണ്ടത് .

വാൽക്കഷ്ണം:
അമേരിക്കയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനായിരുന്നു സ്കൈലാബ്. ശൂന്യാകാശജീവിതം ബോറടിച്ച് സ്കൈലാബ് സ്വയം പൊട്ടിത്തെറിക്കുകയും അത് എവിടെയും വീഴാം എന്ന പേടിയിൽ ലോകമാസകലം മനുഷ്യർ പ്രത്യേകിച്ച് മലയാളികൾ തലയിൽ കൈചൂടി നടന്ന കാലം. ഭാഗ്യത്തിനത് പറത്തിവിട്ട രാജ്യത്തിന്റെ തലക്ക് മേലെ തന്നെയാണ് അത് വന്നു പതിച്ചത്.ചെത്താൻ കയറിയ ഞങ്ങളുടെ ബാലേട്ടൻ ഒരെത്തം കേട്ട് തെങ്ങിൽ നിന്നു ഗുരുതരമായി വീണതും നിസാരമായ പരിക്കേറ്റതും സ്കൈലാബ് എന്നു പേരു ശിഷ്ടജീവിതത്തിനൊപ്പം ചാർത്തിക്കിട്ടിയതും  മാത്രം മിച്ചം.


സ്കൈലാബിന്റെ  കഷണം പതിച്ചത് നോർത്തേൺ കാനഡയിലായിരുന്നു.പതിവുപോലെ അവശിഷ്ടം പരിശോധിക്കാൻ ആകാംക്ഷരായ ശാസ്ത്രലോകവും കുതുകികളായ പത്രലോകവും അഞ്ജരായ മനുഷ്യരും അവിടെ ഓടിക്കൂടി.മറിച്ചിട്ടും തിരിച്ചിട്ടും അവർ ദിവസങ്ങളോളം  പരിശോധിച്ചു,തൊട്ടുനോക്കി,മണപ്പിച്ചു. പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെങ്കിലും പ്രാകൃതമായ  ഭാഷയിൽ എഴുതപ്പെട്ട ചില വാക്കുകൾ അവരുടെ കണ്ണിൽപ്പെട്ടു.പുറപ്പെടുമ്പോൾ ഇതൊന്നുമുണ്ടായിരുന്നില്ലെന്നതും പരിചയമില്ലാത്ത ലിപിയുടെ സാന്നിദ്ധ്യവും പൊതുവേ സംശയരോഗത്തിനടിമയായ അമേരിക്കയെ  ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി.വിവിധ രാജ്യങ്ങളിൽ നിന്നും ഭാഷാഭിഷ്വങ്കരന്മാരെത്തി പരിശോധിക്കുകയും ഇതെന്ത് ഭാഷ എന്ന് ആശങ്കപ്പെട്ട് സ്പേസിലേക്ക് നോക്കി  മൂക്കത്ത് വിരൽ വെക്കുകയും ചെയ്തു.

ഒരെത്തും പിടിയും കിട്ടാതെ അലോസരപ്പെട്ടിരിക്കുമ്പോഴാണ് നാനത്വത്തിൽ ഏകത്വം  എന്ന മിനിമം പരിപാടിയുമായി കഴിയുന്ന ഒരു രാജ്യം ലോകത്തുണ്ടെന്നും അവിടേക്ക് അന്വേഷണം നീട്ടാനും നാസ തീരുമാനിച്ചത്. എഴുതിവെക്കപ്പെട്ട ഭാഷ ആ ഇന്ത്യാമഹാരാജ്യത്ത് കോണാൻ പോലെ കിടക്കുന്ന മലയാളമാണെന്ന് ഒടുവിൽ തീരുമാനിക്കപ്പെട്ടു. എഴുത്തച്ഛൻ മലയാളമാണെന്നും ചിലർ വാദഗതി ഉന്നയിച്ചു.എന്തായാലും അതിൽ വായിക്കപ്പെട്ടത് ഇപ്രകാരമായിരുന്നു,
16 എം.എം.സിനിമാ പ്രദർശനത്തിന് പൂനം റഹീം റൂബി ലോഡ്ജ് തൃശൂർ. 

(ഈ  അപസർപ്പകകഥ ചമച്ചത് ആരെന്നതിന് ഇതേവരെ തെളിവുകിട്ടിയിട്ടില്ല)

5 comments:

മണിലാല്‍ said...

ഈ പുതുപുത്തൻ പതിനാറു എം.എം.കാരിയെ ഒരാൾ കുറച്ചകലെയിരുന്ന് ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.മുറിബീഡിയുമായി വേലിമണ്ടയിലിരുന്ന് ജയഭാരതിയെ വെള്ളമിറക്കുന്ന കെ.പി.ഉമ്മറിനെപ്പോലെ. അത് പൂനം റഹീം ആയിരുന്നു.മറ്റു പടങ്ങൾ ഇല്ലാത്ത കാലങ്ങളിൽ ഞങ്ങൾ റഹീമിന്റെ ഗോഡൗണിൽ പോയി ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ ,കബനീ നദി ചുവന്നപ്പോൾ,അന്യരുടെ ഭൂമി,ഓളവും തീരവും എന്നീ സിനിമകളുടെ പെട്ടികൾ ഏതെങ്കിലും തപ്പിയെടുക്കും.റഹീം 250 പറയും ഞങ്ങൾ 100 തിരിച്ചുപറയും.അതും കൊടുത്തെങ്കിലായി.പ്രിന്റുകളുടെ പൊടി തട്ടിക്കളഞ്ഞുകിട്ടുമല്ലോ എന്ന് പൂനവും ആശ്വസിച്ചുകാണും.

Cv Thankappan said...

തൃശൂര്‍ക്കാര്‍ക്ക് "കാളന്‍ നെല്ലായി"യെ പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്ന പേരാണ് "പൂനം റഹീമും"
ആശംസകള്‍

പട്ടേപ്പാടം റാംജി said...

കവിയൂർ പൊന്നമ്മയോ സുകുമാരിയൊ അടൂർ ഭാവാനിയോ മീനയോ ഒന്നുമായിരുന്നില്ല ഞങ്ങൾ ആർട്ട് സിനിമക്കാരുടെ അമ്മ.മാർക്സിം ഗോർക്കിയുടെയും പുഡോവ്കിന്റേയും അമ്മയായിരുന്നു.

സരസമായി എഴുതിയിരിക്കുന്നു. അവസാനം അഡ്രസ്സ് കൂടി കണ്ടപ്പോള്‍ ഉഷാറായി.

Muralee Mukundan , ബിലാത്തിപട്ടണം said...

16 എം.എം. സിനിമാ പ്രദർശനങ്ങൾക്ക് പൂനം റഹീം….എന്ന പരസ്യം കാണാത്തവർ തൃശൂർ മലപ്പുറം ദേശത്ത് ജനിക്കാത്തവരോ അതിനു സാദ്ധ്യതയില്ലാത്തവരോ ആയിരിക്കും.ചൊറിക്കും ചിരങ്ങിനും ജാലിംലോഷൻ എന്നൊരു പരസ്യമായിരുന്നു ഇതിനുമുമ്പേ ഇമ്മട്ടിൽ കണ്ട മറ്റൊരു പരസ്യം.ചൊറിയൽ മലയാളിയുടെ സഹജസ്വഭാവമെന്നും മാറ്റാൻ പറ്റുന്നതല്ലെന്നും മനസിലാക്കിയ കമ്പനി പൂട്ടി അന്യസംസ്ഥാനത്തേക്ക് പറപറന്നു.

സുധി അറയ്ക്കൽ said...

ഹ ഹ ഹ .നന്നായിട്ടുണ്ടല്ലൊ.


നീയുള്ളപ്പോള്‍.....