പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 3, 2008

തെരുവില്‍ ആദ്യത്തെ പെണ്ണ്

തെരുവില്‍ ദ്യത്തെ പെണ്ണ്

ജയഭാരതിയുടേയും പ്രേംനസീറിന്റെയും സത്യന്റേയും ഷീലയുടെയുമൊക്കെ മണമുള്ള മങ്ങിയ വെള്ളിത്തിരക്കരികെ മണ്‍തറയില്‍ കൂനയുണ്ടാക്കി അതില്‍ ഞെളിഞ്ഞിരിക്കുമ്പോഴാണ് തങ്കയെ ആദ്യമായി കാണുന്നത്. സിനിമ തുടങ്ങിയിട്ടുണ്ടായിരുന്നില്ല.  സിനിമക്കു മുമ്പുള്ള ആസ്സാമിലെ വെള്ളപ്പൊക്കവും ഹെലിക്കോപ്ടറില്‍ അത് കണ്ടാസ്വദിക്കുന്ന പ്രധാനമന്ത്രിയേയും 
തിരശീലയില്‍  കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.വെള്ളപ്പോക്കവും ഉരുള്‍പൊട്ടലും വരള്‍ച്ചയുമൊക്കെ ഹെലിക്കോപ്പ്റ്ററില്‍ കറങ്ങി നടന്ന് ആസ്വദിക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് അന്ന് കരുതിയിരുന്നത്.



ഗേറ്റില്‍ ടിക്കറ്റ് കീറാന്‍ നിന്നിരുന്ന ഗോപലേട്ടനുമായി ലോഹ്യം പറയുകയായിരുന്നു തങ്ക എന്ന സ്ത്രീ. കള്ളിമുണ്ടും ജാക്കറ്റുമായിരുന്നു വേഷം. മുടി പിറകില്‍ അലസമായി കെട്ടിവെച്ചിരിക്കുന്നു,അതില്‍ നിന്നും തെറിച്ചമുടിയിഴകള്‍.തങ്കയെ സില്ലൌട്ട്  കണക്കെ ഞങ്ങള്‍ക്ക് ദൃശ്യമായി. വിയര്‍പ്പില്‍ നനഞ്ഞൊട്ടിയ മുടിയിഴകളില്‍ ചിലത്  കാറ്റുമായി കൂടിക്കളിച്ചു.തങ്ക മുടിയിഴകളെ മാടിയൊതുക്കിക്കൊണ്ടിരുന്നു.കള്ളിമുണ്ടിന്റെ അറ്റം കയ്യിലെടുത്ത് മുഖവും കഴുത്തും മാറും തുടച്ചു. ഇടക്ക് അവര്‍ മുണ്ടു മടക്കി കുത്തുന്നു,അഴിച്ചിടുന്നു,ഇന്നത്തെ മോഹന്‍ലാല്‍ സ്റ്റൈലില്‍.തങ്കക്ക് എന്തും ചെയ്യാം.അവര്‍ വീട്ടില്‍ നിന്നിറങ്ങിയവളായിരുന്നു.ഒരു നിയമവും അവള്‍ക്ക് പാലിക്കാന്‍ ഉണ്ടായിരുന്നില്ല.അതായിരുന്നു ആ സ്ത്രീരത്നത്തിന്റെ സൌന്ദര്യം. കറുത്ത് കുത്തനെയുള്ള ശരീരത്തില്‍ തിളങ്ങി,മാറ്റിനിവെയില്‍.(പഴകിയ ഓല മേല്‍ക്കൂരയിലൂടെ വെയില്‍ സൃഷ്ടിച്ചു  മാല കണക്കെയുള്ള  കോഴിമുട്ടകള്‍ വെള്ളിത്തിരയില്‍ തിളങ്ങിക്കിടന്നു.ജയഭാരതിയേയും പ്രേംനസീറിനെയും തെളിച്ചത്തില്‍ കാണണമെങ്കില്‍ ഫസ്റ്റ് ഷോക്ക് പോകണം.)ഷീലയിലൂടെ ഞങ്ങള്‍ കണ്ട ഉണ്ണിയാര്‍ച്ചയെപ്പോലെയായിരുന്നു തങ്കയുടെ ശരീരത്തിന്റെ ചേരുമ്പടി ചേര്‍ച്ചകള്‍. തലയുയര്‍ത്തി നെഞ്ചും വിരിച്ചാണവരുടെ നില്‍പ്പ്,തെമ്മാടി വേലപ്പനെപ്പോലെ. സ്ത്രീകളെപ്പോലെ നാണം കുണുങ്ങിയല്ല,തീരെ.പക്ഷെ പെണ്ണാണ്.തികഞ്ഞൊരു പെണ്ണ്..തങ്കക്ക് സിനിമക്ക് ടിക്കറ്റ് വേണ്ട.എപ്പോ വേണമെങ്കിലും വരാം, പോകാം.അത്രക്കാ‍യിരുന്നു അവരുടെ അവകാശവും അധികാരവും.ഇന്ദിരാഗാന്ധി പോലും ഞങ്ങള്‍ക്ക് തങ്ക കഴിഞ്ഞേ ഉള്ളൂ.ആണായിപ്പിറന്നവര്‍ക്കു പോലും തങ്കയെപ്പോലെ ജീവിക്കാന്‍ കൊതി തോന്നും.അത്രക്കായിരുന്നു അവരുടെ ശക്തി.ഏതു പുരുഷനേയും വകഞ്ഞുമാറ്റാന്‍ കെല്പുള്ളവള്‍,ഏതു പാതിരയേയും പേടിയില്ലാത്തവള്‍.



ലോറിയില്‍ കൊണ്ടുവന്ന് കൂട്ടിയിട്ട കപ്പക്കുന്നിന്‍(അന്ന് കപ്പയായിരുന്നു മുഖ്യാഹാരം.കൂട്ടിന് മത്തിയും മറ്റു ചെറുമീനുകളും.ഒരു ലോഡ് കപ്പയിറക്കിയാല്‍ കണ്ണുചിമ്മുന്നതിനു മുന്നെ അതൊഴിയും) ചരുവില്‍,എം.എസ്.എന്‍. സൈക്കിള്‍ ഷോപ്പിന്റെ ഓല മേഞ്ഞ ചായ്പില്‍,അപ്പു നായരുടെ റ്റീ ഷോപ്പിന്റെ നീളന്‍ ബെഞ്ചില്‍,മമ്മാലിയുടെ പലചരക്കു കടയിലെ ഉപ്പു പെട്ടിയില്‍,നടുവില്‍ക്കരയിലേക്കുള്ള റോഡിലെ കലുങ്കില്‍,അമ്പലക്കുളത്തിന്‍ കരയിലെ പഞ്ചാരമണലില്‍,സൂര്യനെ തണലാക്കി തര്‍ജ്ജമ ചെയ്യുന്ന കശുമാവിന്‍ തോപ്പുകളില്‍,നാലാള്‍ കൂടുന്ന തെരുവില്‍ ആരെയും കൂസാതെ തങ്കയെ കണ്ടു.(അന്നൊക്കെ ഒരു പെണ്ണ് ഒറ്റക്ക് വീട്ടില്‍ നിന്നറങ്ങുന്നത് ആരോടെങ്കിലുമൊപ്പം ഒളിച്ചോടാന്‍,കെട്ട്യോനെ സഹിക്കാതെ കെട്ടിത്തൂങ്ങാന്‍ എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമായിരുന്നു.മാവിന്‍ തോപ്പുകള്‍ ആണ് എല്ലാറ്റിനും മറ നിന്നത്.) കാഴച മറയുന്നതു വരെ ഞങ്ങള്‍   അവരെ നോക്കിനിന്നിട്ടുണ്ട്.അന്ന് ഞങ്ങളുടെ മനസ്സില്‍ എന്തായിരിക്കാം ആ സ്ത്രീ നിറച്ചിരിക്കുക.



അവര്‍ക്ക് വീടുണ്ടായിരുന്നുവോ,അച്ഛനുമമ്മയും ഉണ്ടായിരുന്നുവോ,ആരാണിവരെ തെരുവിലേക്ക് പറഞ്ഞയച്ചത്,പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറ്റുമോ.ഇങ്ങനെയൊക്കെ  ഞങ്ങള്‍ കുഞ്ഞുമനസ്സുകള്‍ ചിന്തിച്ചിട്ടുണാവാം. തെരുവിനെ അവര്‍ സ്വന്തമാക്കി അനുഭവിച്ചു. പുരുഷകേസരികള്‍ നടക്കാന്‍ പേടിച്ചിരുന്ന പ്രേതപ്പറമ്പുകള്‍ക്ക് കുറുകെ അവര്‍ രാത്രി അലസ സഞ്ചാരം നടത്തി.രാത്രിയുടെ നിശബ്ദതയെ   അവര്‍ സില്‍മാ പാട്ടുകള്‍  കൊണ്ട് ഉച്ചത്തില്‍ കോറി. സിഗരറ്റ് വലിച്ച് ധാര്‍ഷ്ട്യത്തിന്റെ പുക ആകാശത്തേക്ക് പറത്തി. കശുമാങ്ങയുടെ ഗന്ധമായിരുന്നു അവരുടെ വിയര്‍പ്പിന്. കിണറ്റുകരയിലും അടുക്കളച്ചെരിവിലും പെണ്ണുങ്ങളുടെ ന്യായം വെക്കലിലുമൊക്കെ തങ്ക നിര്‍ലോഭം കടന്നുവന്നു.അവരുടെ കഥകളിലൂടെ തങ്ക ഞങ്ങളില്‍ വളരുകയായിരുന്നു.





ഞങ്ങള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തെ അവഗണിച്ച് തങ്കയുടെ വഴിവിട്ട ജീവിതത്തെ അവര്‍ ഉത്സാഹത്തോടെ ചര്‍ച്ചചെയ്തു. ലൈംഗീകതയുടെ കാര്യം പറയുമ്പോഴാണ് അന്നുമിന്നും സമൂഹം ഉയിര്‍ത്തെഴുന്നേല്‍ക്കുക.പെഴച്ചവള്‍ കൂത്തിച്ചി ഒരുമ്പെട്ടവള്‍ പുലയാടി തുടങ്ങിയ ഉശിരന്‍ വാക്കുകള്‍ ഞങ്ങളുടെ നിഘണ്ടുവില്‍ അന്നേ കയറിക്കൂടി.ഇത്തരം വേദികളായിരുന്നു അന്നത്തെ അംഗണവാടിയും എല്‍.കെ.ജി.യും,യു.കെ.ജി.യുമൊക്കെ.സ്ത്രീപുരുഷ ബന്ധത്തിന്റെ ആദ്യാക്ഷരങ്ങള്‍. പായപ്പൊത്തിലും ചരുവക്കുണ്ടിലും ഉരലിന്റെ മറയിലുമിരുന്ന് കേട്ട വലിയ വര്‍ത്തമാനങ്ങള്‍ ഞങ്ങള്‍ കൊച്ചുചെവിയന്മാരെ ഹരം പിടിപ്പിച്ചു. വരാനിരിക്കുന്ന പ്രായപൂര്‍ത്തിയുടെ അവിശുദ്ധവും അശ്ലീലവുമായ ലോകത്തെ ഞങ്ങള്‍ ആകാംഷയോടെ കാത്തിരുന്നു. ഓളംവെട്ടി തങ്ക, കള്ളിത്തങ്ക, എന്നിങ്ങനെ പല പേരുകളും തങ്കക്കുണ്ടായിരുന്നു. ഓളംവെട്ടി എന്ന വാക്കിലെ കാവ്യാത്മകത പിന്നെയും കുറെ കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ഉരുത്തിരിഞ്ഞത്. ചങ്ങമ്പുഴയുടെയൊപ്പമാണല്ലൊ ഞങ്ങളുടേ മുന്‍തലമുറ സഹവസിച്ചത്.




കൊള്ളിയും മീനും വാങ്ങാന്‍ നടയില്‍ (സെന്ററിനെ ഞങ്ങള്‍ അങ്ങിനെയാണ് വിളിച്ചിരുന്നത്)പോയ ഞങ്ങള്‍ വരാന്‍ വൈകും. തങ്കയുടെ ശരീരചലനങ്ങളിലേക്ക് തുറിച്ചു നോക്കി ഇതേതു ഭാഷകള്‍ എന്നതിശയപ്പെടും.ചായപ്പീടികയുടെ പിന്നാമ്പുറത്തേക്കോ,ഏതെങ്കിലും ചായ്പിലേക്കൊ അവര്‍ മറയുംവരെ ഞങ്ങള്‍ നോക്കിയങ്ങിനെ നില്‍ക്കും. അന്നത്തെ ഏക സാംസ്കാരിക പരിപാടിയായ സൈക്കില്‍ യജ്ഞം കാണാന്‍ പോയി രസം പിടിച്ച് രാത്രിയില്‍ തിരിച്ചുവരാന്‍ പേടിച്ച് അവിടെത്തന്നെ ചുരുണ്ട് നേരം വെളുപ്പിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നുരണ്ടെണ്ണം കുറഞ്ഞാലൊന്നും അന്ന് വീട്ടില്‍ അറിയുമായിരുന്നില്ല.പെട്രൊമാക്സിന്റെ മാസ്മരികമായ വെളിച്ചത്തിലേക്ക് ചിലപ്പോള്‍ തങ്ക പ്രത്യക്ഷപ്പെടും,പിന്നെ ഇരുട്ടിലേക്ക് ആ കറുത്ത ശരീരം ലയിച്ചു ലയിച്ചില്ലാതാവും. ഇതു തുടര്‍ന്നുകൊണ്ടിരിക്കും. ഇതിലെ നിഗൂഡത അന്നൊക്കെ ഞങ്ങളെ അലട്ടിയിരുന്നു.



കശുമാവില്‍ ചുവട്ടിലൂടെ അലഞ്ഞ കശുവണ്ടിക്കാലമാണ് ബാല്യകാലത്തുനിന്നുള്ള കറപിടിച്ച ഓര്‍മ്മ. ഇങ്ങനെ അലയുന്നതിനിടയില്‍ ഒരിക്കല്‍ തങ്കക്കു തൊട്ടുമുന്നില്‍ ചെന്നുപെട്ടതും   വിയര്‍ത്തു കുളിച്ചതും ഓര്‍മ്മയുണ്ട്. അന്നത്തെ വിയര്‍ക്കലിന്റെ നാനാര്‍ത്ഥങ്ങള്‍ വവ്വാല്‍ ചപ്പിയ കശുമാങ്ങ പോലെയിരുന്ന ഞങ്ങള്‍ക്ക് തീരെ മനസ്സിലായതുമില്ല.

10 comments:

മണിലാല്‍ said...

തെരുവില്‍ കണ്ട ആദ്യത്തെ പെണ്ണ്.

മണിലാല്‍ said...

ജയഭാരതിയുടേയും നസീറിന്റെയും മണമുള്ള മങ്ങിയ വെള്ളിത്തിരയിലെ.....

Unknown said...

സത്യം. ഇത്തരം ഓര്‍മകള്‍ക്ക വായനാ സുഖം കൂടും.

Unknown said...

നിങ്ങളാണ് താരം മര്‍ജ്ജ്ജു

മണിലാല്‍ said...

ആ വിയര്‍ക്കലിന്റെ അര്‍ഥം വാവല്‍ ചപ്പിയ കശുമാങ്ങ പോലിരുന്ന ഞങ്ങള്‍ക്കന്ന് മനസ്സിലായിരുന്നില്ല.

പാമരന്‍ said...

നല്ല എഴുത്ത്‌..

"വാവല്‍ ചപ്പിയ കശുമാങ്ങ" :)

Echmukutty said...

തങ്കമാർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു......

കുഞ്ഞൂസ്(Kunjuss) said...

ഓര്‍മകള്‍ക്കെന്തു സുഗന്ധം...! ബാല്യത്തിന്‍ നഷ്ട സുഗന്ധങ്ങളുമായി , മനസ്സില്‍ പച്ചപിടിച്ച ഓര്‍മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ് ...

mustafa desamangalam said...

nannayirikkunnu dear maarjaaran.... keep writing....

K G Suraj said...

കശുമാവില്‍ ചുവട്ടിലൂടെ അലഞ്ഞ കശുവണ്ടിക്കാലമാണ് ബാല്യകാലത്തെ കറപിടിച്ച ഓര്‍മ്മ. ഇങ്ങനെ അലയുന്നതിനിടയില്‍ ഒരിക്കല്‍ തങ്കക്കു മുന്നില്‍ച്ചെന്നുപെട്ടതും വിയര്‍ത്തു കുളിച്ചതും ഓര്‍മ്മയുണ്ട്. അന്നത്തെ വിയര്‍ക്കലിന്റെ നാനാര്‍ത്ഥങ്ങള്‍ വവ്വാല്‍ ചപ്പിയ കശുമാങ്ങ പോലെയിരുന്ന ഞങ്ങള്‍ക്ക് തീരെ മനസ്സിലായതുമില്ല. "idi-vett"


നീയുള്ളപ്പോള്‍.....