പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, May 9, 2008

ജീവിതം ഒരു കഥ പോലെ,നുണ പോലെ




ങ്ങളുടെ കേരളത്തില്‍ തെങ്ങെന്നു പേരുള്ള ഒരു വൃക്ഷമുണ്ട്.
പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
ഒറ്റത്തടിയില്‍ റോക്കറ്റ് പോലെ കുത്തനെ മുകളിലേക്ക് വളരുന്ന ആ വൃക്ഷത്തിന്റെ മണ്ടയ്ക്ക് തേങ്ങ,കൊതുമ്പ്,മച്ചിങ്ങ,കോഞ്ഞാട്ട,ഓല,മടല്‍ തുടങ്ങിയ ഒരുപാട് ഭീകര വിഷ വസ്തുക്കള്‍ വളരുന്നു.
ഇവയെല്ലാം മനുഷ്യന്റെ തലയെ ഉന്നം വെച്ചു നില്‍ക്കും.
തക്കത്തിന് മനുഷ്യന്റെ തലയില്‍ വീഴാന്‍.

ആയിരക്കണക്കിനാളുകളാണ് ഞങ്ങളുടെ നാട്ടില്‍ മരിക്കുന്നത്.
നിന്നെ അവിടേക്ക് കൊണ്ടു പോകുന്നത് എനിക്ക് സങ്കല്‍പ്പിക്കാനെ കഴിയുന്നില്ല.
ഞങ്ങള്‍ക്കാണെങ്കില്‍ ഇതിനെ അതിജീവിക്കാനുള്ള പരിശീലനം സര്‍ക്കാര്‍ തരുന്നുണ്ട്.
എന്റെ അച്ഛന്‍ ഇതിന്റെ പരിശീലകനായിരുന്നു.
പരിശീലനത്തിനിടയിലാണ് അച്ഛന്‍ മരിച്ചത്.

“ഭൂട്ടാനിലെ തിമ്പുവില്‍ അവിടുത്തുകാരി ലിഞ്ചയുടെ വീട്ടില്‍ കൊടുംതണുപ്പില്‍ പുതച്ചിരുന്ന് ഇരിഞ്ഞാലക്കുട ഠാണവിലെ ശ്രീകുമാര്‍ ഭര്‍ത്താവിന്റെ വേഷത്തില്‍ പറഞ്ഞതാണിത്’.

ലിഞ്ച സപ്ത നാഢികളും തകര്‍ന്ന് കമ്പിളിപ്പൊതി പോലെ കസേരയിലേക്ക് ചാഞ്ഞു.
ശ്രീകുമാര്‍ ആശ്വാസത്തോടെ കൂടല്‍മാണിക്യത്തിലേക്ക് നേര്‍ച്ച വിചാരിച്ചു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ബിരുദം കഷത്തില്‍ തിരുകി കൂടല്‍മാണിക്യത്തോടും കേരളത്തോടും സലാം പറഞ്ഞതാണ്,വേറെ ഗതിയില്ലാതെ.
പുര നിറഞ്ഞ സഹോദരിമാര്‍,സര്‍വ്വീസ് സഹകരണ സംഘക്കാര്‍ ലേലത്തിന് വെച്ച വീട്,കിട്ടിയതെല്ലാം കുടിച്ച് നടന്ന തെങ്ങില്‍നിന്നും വീണു പൊടിയായി പോയ ചെത്തുകാരനായ അച്ചന്‍,കമ്മി ബജറ്റില്‍ സര്‍ക്കസ് കളിച്ച ധനകാര്യമന്ത്രിയായ അമ്മ.
പലരും ഗള്‍ഫിലേക്ക് വിസ നീട്ടി വിളിച്ചതാണ്.
വേറിട്ട് സഞ്ചരിക്കാന്‍ തോന്നി.

ഒടുവില്‍ തിമ്പുവിലെത്തി.
വായില്‍ നിന്നും ഇഗ്ലിഷ് അബദ്ധത്തില്‍ പുറപ്പെട്ടാല്‍പിന്നെ ഭൂട്ടാനില്‍ രക്ഷയില്ല.
സര്‍ക്കാരും പോലീസും പൊക്കിയെടുത്തുകൊണ്ടുപോയി അദ്ധ്യാപകരാക്കും.

അങ്ങനെ ശ്രീകുമാറും അദ്ധ്യാപകനായി.
പിന്നെ അടുത്ത സ്റ്റെപ്പിലേക്ക് ചിന്തിച്ചു.
പെണ്ണും കെട്ടി.
രാജകുടുബത്തിന്റെ ഒരകന്ന ബന്ധത്തില്‍ നിന്നുതന്നെ.
ഇതൊന്നും ഠാണാവിലെ വീട്ടില്‍ ശ്രീകുമാര്‍ അറിയിച്ചില്ല.

നാട്ടില്‍ വന്നാല്‍ അവിടെനിന്ന് വേണമെങ്കില്‍ വേറൊരു കെട്ട്.
ചളിപ്പ് മാറിയാല്‍ എത്ര വേണമെങ്കിലും കെട്ടാം.
അങ്ങിനെയാണ് തിമ്പുവിലെ തണുപ്പിലിരുന്ന് ശ്രീകുമാറിന്റെ പുരോഗമന ചിന്ത പോയത്.

തകിടം മറിഞ്ഞത് ലിഞ്ച പ്രസവിച്ചപ്പോഴാണ്.
കുട്ടിയൊക്കെയായി ഒരു കുടുബത്തിന്റെ പൂര്‍ണ്ണത കൈവന്നപ്പോള്‍ ലിഞ്ചക്കോരാഗ്രഹം.
അഛന്റെ വീട് മോനെയൊന്ന് കാണിക്കണം.

“പിന്നെ ദൈവത്തിന്റെ നാട് .....ദൈവത്തിന്റെ നാട് എന്നോക്കെ കുറെ നാളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.“

ഈ ചോദ്യം എന്നെങ്കിലും ലിഞ്ചയില്‍ നിന്ന് പുറപ്പെടുമെന്ന് കോളേജ് കാലത്ത് പെണ്‍കുട്ടികളെ കണക്കിന് പറ്റിച്ച ശ്രീകുമാര്‍ കണക്കുകൂട്ടി.
കല്‍പ്പവൃക്ഷത്തെ തന്നെ കഥക്കു കൂട്ടുപിടിച്ച് വിജയിച്ചു.

കഥ കഴിഞ്ഞിട്ട് നാളുകള്‍ കുറെ കടന്നുപോയി.
ഒരു ദിവസം സ്ക്കൂള്‍ വിട്ട് കവലയില്‍ നിന്നും രണ്ട് സ്മാളും വിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ലിഞ്ചയുണ്ട് പുറത്തെ തണുപ്പിനെ വകവെക്കാതെ വാതില്‍ക്കല്‍.
എന്തോ പന്തികേടു തൊന്നായ്കയില്ല.
പക്ഷെ അവളുടെ മുഖത്ത് സന്തോഷം.
ദൈവമെ അവള്‍ വീണ്ടും ഗര്‍ഭിണിയായൊ?
ശ്രീകുമാര്‍ അവളുടെ അടിവയറ്റിലേക്ക് നോക്കി.
വീട്ടിലീക്ക് കയറിയതും ലിഞ്ച പറഞ്ഞു.
“ശ്രീക്കുട്ടാ ...ഒരു സന്തോഷ വര്‍ത്തമാനമുണ്ട്.
നിങ്ങളുടെ നാട്ടിലെ ആ‍ളെക്കൊല്ലി മരമില്ലെ....തെങ്ങോ അതോ തേങ്ങയോ ...അതെല്ലാം മണ്ഡരി എന്നൊരു രോഗം പിടിപെട്ട് നശിച്ചു പോയിരിക്കുന്നു....
....ഈ പത്രികയിലുണ്ട്“

ഒരു ഇഗ്ലിഷ് പത്രിക ശ്രീകുമാറിന് നേരെ നീട്ടി.

കഥയുടെ ഗതിമാറ്റം മണത്തറിഞ്ഞ് കസേരയിലേക്ക് വീണ ശ്രീകുമാറിന്റെ ലഹരിയെല്ലാം ആ നിമിഷം ആവിയായി
.

7 comments:

മണിലാല്‍ said...

ഒരു ഠാണാ വെര്‍സസ് ഭൂട്ടാന്‍ വിവാഹം.

മണിലാല്‍ said...

ഞങ്ങളുടെ കേരളത്തില്‍ തെങ്ങെന്നു പറയുന്ന ഒരു വൃക്ഷമുണ്ട്.അതിന്റെ മണ്ടയില്‍ നിറയെ വിഷ വസ്തുക്കളാണ്.അതൊക്കെ തലയില്‍ വീണ് ആയിര്‍ക്കണക്കിനാളുകളാ‍ണ് മരിച്ചുകൊണ്ടിരിക്കുന്നത്.

rathisukam said...

“പിന്നെ ദൈവത്തിന്റെ നാട് .....ദൈവത്തിന്റെ നാട് എന്നോക്കെ കുറെ നാളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.“

ഈ ചോദ്യം എന്നെങ്കിലും ലിഞ്ചയില്‍ നിന്ന് പുറപ്പെടുമെന്ന് കോളേജ് കാലത്ത് പെണ്‍കുട്ടികളെ കണക്കിന് പറ്റിച്ച ശ്രീകുമാര്‍ കണക്കുകൂട്ടി.
കല്‍പ്പവൃക്ഷത്തെ തന്നെ കഥക്കു കൂട്ടുപിടിച്ച് വിജയിച്ചു.

Unknown said...

ഞങ്ങളുടെ കേരളത്തില്‍ തെങ്ങെന്നു പറയുന്ന ഒരു വൃക്ഷമുണ്ട്.അതിന്റെ മണ്ടയില്‍ നിറയെ വിഷ വസ്തുക്കളാണ്.അതൊക്കെ തലയില്‍ വീണ് ആയിര്‍ക്കണക്കിനാളുകളാ‍ണ് മരിച്ചുകൊണ്ടിരിക്കുന്നത്.
ഇത് പണ്ട് ഒരു സായിപ്പ് കേരളത്തില്‍ വന്നപ്പൊ
നെല്‍ചെടി കാണിച്ചു കൊടുത്തിട്ട് ഇതാണ്
നെല്ലുമരം എന്നു പറഞ്ഞതു പോലെയായി

മുസാഫിര്‍ said...

ഹ ഹ കൊള്ളാം.ഇനി ലിന്‍ജ വല്ലതും പറഞ്ഞാല്‍ കൂടല്‍ മാണിക്യത്തില്‍ ആനയുണ്ട് വന്നാല്‍ കുത്തിക്കൊല്ലും എന്ന് പറഞ്ഞാല്‍ മതി.

മണിലാല്‍ said...

ജീവിതം ഒരു കഥ പോലെ,നുണ പോലെ.

മണിലാല്‍ said...

ഞങ്ങളുടെ നാട്ടില്‍ തെങ്ങെന്നു പറയുന്ന ഒരു വൃക്ഷമുണ്ട്.പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.....


നീയുള്ളപ്പോള്‍.....