പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, May 21, 2008

വലിയവീട്ടില്‍ കടക്കുമ്പോള്‍ ശ്രദ്ധിക്കുക



വാതില്‍ തുറന്നു തന്നെയായിരുന്നു.
പൂട്ട്പൊളി സാമഗ്രികള്‍ സൂക്ഷ്മത്തില്‍ താഴെ വെച്ച് വാതിലില്‍ ഒന്നു തൊട്ടതേയുള്ളു.
ചിരപരിചിതയായ അതിഥിയെപ്പോലെ വാതില്‍ വാതുറന്ന് ഒതുങ്ങിനിന്നു,അയാള്‍ക്ക് കടക്കാന്‍ പാകത്തില്‍.


വാതില്‍ തുറന്നതും വെളിച്ചം പുറത്തേക്ക് ചാടി,
കൂട്ടില്‍ നിന്നും അഴിച്ചുവിട്ട വളര്‍ത്തുമൃഗം കണക്കെ.
ഒന്നു ഞെട്ടി.
സ്വീകരണമുറിയും തീന്മേശയും ഒന്നിച്ചൊരു മുറിയിലാണ്. ശബ്ദം തിരിച്ചറിഞ്ഞ ഒരു നത്തെലി ഭക്ഷണപാത്രത്തില്‍ നിന്നും ഇരുട്ടിലേക്ക് രക്ഷപ്പെട്ടു.


ഭക്ഷണപാത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ മേശയെ പൊതിഞ്ഞു കിടക്കുന്നു.

തിന്നതിന്റെ എല്ലുംതോലും മേശയില്‍ കൂടിക്കിടപ്പുണ്ട്.
കുമിഞ്ഞ ഗന്ധം അതില്‍ നിന്നും വമിച്ചു.
പാതി തുറന്ന ഫ്രിഡ്ജില്‍നിന്നും തെറിച്ച പ്രകാശം അതില്‍ നിന്നൊഴുകിയൊലിച്ച വെള്ളത്തില്‍ തിളങ്ങി.
ഈ വീടിന് കണ്ണും മൂക്കുമില്ല!

ചെവിയൊട്ടുമില്ല.
ശരീരമാണെങ്കില്‍ ചേതനയറ്റ് നാറാന്‍ തുടങ്ങിയിരിക്കുന്നു.
ഇവിടെ സുരക്ഷിതമാണ്,മറ്റൊരു വീട്ടിലുമില്ലാത്ത വിധത്തില്‍.

പക്ഷെ അസഹനീയവുമാണ്.
കള്ളന്റെ പതിഞ്ഞ കാല്‍ വെയ്പ്പുകളോടെ,നര്‍ത്തകിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ മുന്നോട്ടാഞ്ഞു.


മുറികള്‍ പലതുണ്ട്.
പക്ഷെ ഒന്നില്‍നിന്നു മാത്രം ഒച്ചകള്‍ ഉയര്‍ന്നുപൊങ്ങി,കൂര്‍ക്കംവലിയുടെ.


ശ്വാസം വിഴുങ്ങി ഓരൊ മുറിയും ഇഴഞ്ഞു താണ്ടി,

ചെറുപ്പത്തില്‍ നൂറുവരെ എണ്ണം തികക്കാന്‍ കുളത്തില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടന്നത് നല്ലൊരു പരിശിലനമായിരുന്നു.
കുപ്പത്തൊട്ടി പോലെയായിരുന്നു എല്ലാം.
“പുതുമ പുറത്ത്“ എന്നൊരു മുദ്രവാക്യം അവിടുത്തെ അന്തരീക്ഷം ഉയര്‍ത്തുന്നതായി തോന്നി.
പുരാതനമായ ഒരിടത്തുനിന്നെന്നവണ്ണം ദുര്‍ഗന്ധം അവിടെ പതിയിരുന്നു,വീട്ടില്‍ കടക്കുന്നവരെ പിടികൂടാന്‍ പാകത്തില്‍.
മുഷിഞ്ഞവ,കേടുവന്നവ,കീറിപ്പറഞ്ഞവ,വക്കും തെല്ലും പൊട്ടിയവ,കാലൊടിഞ്ഞവ,കയ്യില്ലാത്തവ,രുചി നഷ്ടപ്പെട്ടവ,സൌന്ദര്യം പൊഴിഞ്ഞവ-
ഇങ്ങനെയൊരു നിലവാരത്തിലുള്ളവയായിരുന്നു ആ വീട്ടിലെ ഓരൊ സാധനസാമഗ്രികളും.
തന്റെ തൊഴില്‍ ആയുധങ്ങളെ കൊഞ്ഞനം കുത്തുന്നവയായിരുന്നു അലമാരകളുള്‍പ്പെടെ എല്ലാ സാധനങ്ങളും.

വരൂ...സ്വീകരിക്കൂ എന്ന മട്ടില്‍.
കുശാഗ്ര ബുദ്ധിയും, നിതാന്ത ജാഗ്രതയും,നൈമിഷിക ചേതനയും ആദ്യമായി തോല്‍ക്കുന്നൊരിടം അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി അയാള്‍ക്കു തോന്നി.
അയാള്‍ തിരിച്ചുനടന്നു.
ഒരു രാത്രി കൂടി നഷ്ടമാകുകയാണ്.
ഇനി ഒരു മുറി കൂടി ബാക്കിയുണ്ട്.
വേണോ?
മനുഷ്യരുള്ള മുറിയല്ലെ.
ഒന്നു നോക്കിക്കളയാം.
ഒന്നു തൊട്ടതേയുള്ളു.
ആ മുറിയും വിനീതമായി തുറക്കപ്പെട്ടു.

ഒരു പ്രണയസ്പര്‍ശം പോലെയായിരുന്നു അത്.
ജനവാതിലിന്നപ്പുറത്ത് നിലാവിന്റെ ആഘോഷം.
വിശാ‍ലമായ കിടക്കയില്‍ നിലാവ് ഒരു ജീവിതത്തെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു.
കാണുക.
പാന്റും ഫുള്‍ക്കയ്യന്‍ ഷര്‍ട്ടുമിട്ട ഒരാണ്‍ രൂപം.
ഷൂസ് അഴിച്ചുവെച്ചിട്ടില്ല.
ടൈ ഇഴഞ്ഞു കിടപ്പുണ്ട്.അപ്പുറത്തേക്ക് തിരിഞ്ഞാണു കിടപ്പ്.

കൂര്‍ക്കംവലിയില്‍ അയാള്‍ ഊഞ്ഞാലാടുന്നു.
മറ്റൊരു ലോകത്തേക്ക് ശരീരത്തെ ക്രമപ്പെടുത്തി ഇപ്പുറത്തൊരു പെണ്‍ രൂപം കള്ളന്റെ നേര്‍ക്ക്.

നിലാവിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന കരിവാളിപ്പ് അവരുടെ കണ്‍തടങ്ങളില്‍.
തിരിച്ചു പോരുമ്പോള്‍ മേശമേല്‍ അവശേഷിച്ച രണ്ടു ഭക്ഷണപാത്രങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് അമര്‍ത്തിയടച്ചു.

ലൈറ്റെല്ലാം കെടുത്തി.
വാതില്‍ പുറമെ നിന്നടക്കുമ്പോള്‍ ആ വീട്ടിലെ വലിയ ജീവിതത്തെക്കുറിച്ചോര്‍ത്തു.

തിരിച്ചു നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കി.

10 comments:

മണിലാല്‍ said...

വലിയ വീട്ടില്‍ കടക്കുമ്പോള്‍ ശ്രദ്ധിക്കുക.

Kaithamullu said...

പുതുമ പുറത്ത് എന്നൊരു മുദ്രവാക്യം അവിടുത്തെ അന്തരീക്ഷം ഉയര്‍ത്തുന്നതായി തോന്നി.
---
കുശാഗ്ര ബുദ്ധിയും നിതാന്ത ജാഗ്രതയും,നൈമിഷിക ചേതനയും ആദ്യമായി തോല്‍ക്കുന്നൊരിടം അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി അയാള്‍ക്കു തോന്നി.
--
നിലാവിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന കരിവാളിപ്പ് അവരുടെ കണതടങ്ങളില്‍.
--
മാര്‍..ജാരാ,
ഇതില്‍ കൂടുതല്‍ എന്തെഴുതാനാ?

കുഞ്ഞന്‍ said...

മാര്‍ജാരാ..

സുന്ദരമായ അവതരണം..! ഒരു നിമിഷം ഞാനെന്റെ വീടൊന്നു ഓര്‍ത്തുപ്പോയി..എന്റെ വീട് ചെറുത് ..ആശ്വാസം..!

സിനേമ \ cinema said...

ഹെലൊ.....

സിനേമ \ cinema said...

കള്ളന്മാരുടെ കഥ എന്നും പ്രിയംകരം.

Unknown said...

കൊള്ളാം മര്‍ജ്ജു

മണിലാല്‍ said...

തിരിച്ച് നിലാവിന്റെ ഇക്കിളിയിലേക്ക് ഇണങ്ങിച്ചേരുമ്പോള്‍ ദൈന്യത്തില്‍ മുങ്ങിയ ആ വലിയ വീടിനെ ഒന്നുകൂടി നോക്കി.

Cartoonist said...

മാര്‍ജ്ജോയ്,
ആ മനോഹരമായ ഭാഷ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു !!!!!!!

മണിലാല്‍ said...

വലിയ വീട്ടില്‍ കടക്കുമ്പോള്‍ ശ്രദ്ധിക്കുക,ഒരു കള്ളന്റെ ആത്മകഥ.

NAD said...

വലിയ വീട്ടില്‍ കടക്കുമ്പോള്‍ ശ്രദ്ധിക്കുക എന്നത്‌ ചലച്ചിത്രമാക്കുന്നു എന്ന്‌ ഇന്ത്യാ ടൂഡേയില്‍ കണ്ടു... ആശംസകള്‍


നീയുള്ളപ്പോള്‍.....