പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, October 14, 2008

പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം സൈബര്‍ കാലം.തെളിഞ്ഞും മറഞ്ഞും വസിക്കാവുന്ന മലകള്‍, ചെരിവുകള്‍, ഒളിത്താവളങ്ങള്‍.  കുറെ അലഞ്ഞതിനു ശേഷമാണ്
 അവര്‍ പരിചിതരാകുന്നത്,സൈബര്‍ ലോകത്തിന്റെ   ധവള സ്വച്ഛന്ദമായ പ്രതലത്തില്‍ വെച്ച്.പുറം പൊരുള്‍  മാത്രം കാഴ്ചവെക്കുന്നത്.
 ദൂരങ്ങള്‍ സഞ്ചരിച്ച്,പരസ്പരം  തിരഞ്ഞ് എത്രയോ കാലം.  .പരസ്പരമറിഞ്ഞതോടെ അവര്‍  കര ലക്ഷ്യമാക്കി ഒരേ ഓളത്തില്‍ നീന്തുകയായിരുന്നു.സൈബര്‍ ലോകത്തെ ഇല്ലാക്കരയും തേടി......
കീബോര്‍ഡില്‍ നിന്നും ഓരോ അക്ഷരങ്ങള്‍ അവധാനതയോടെ പെറുക്കിയെടുത്ത്  അഭിനിവേശത്തിന്റെ പുതിയ ഭാഷയില്‍ അവര്‍ ആടിത്തിമര്‍ത്തു .
വേനലില്‍,മഴയില്‍,മറ്റുകാലങ്ങളില്‍.പകലില്‍ ഇരവില്‍,  പാതിരാവിനും പുലര്‍ച്ചക്കുമിടയിലെ നിശബ്ദ നിമിഷങ്ങളില്‍  .  ഗോളാന്തരങ്ങള്‍ക്കപ്പുറമിപ്പുറമായിരുന്നു അവര്‍.സൈബര്‍ ആരെയും അയല്‍ക്കാരനാക്കില്ല.  ഫണമുയര്‍ത്താന്‍ പാകത്തില്‍ മനസ്സെന്ന മായാമയന്‍ ,
ഉറയൂരാന്‍ പാകത്തില്‍ ശരീരമെന്ന സത്യം.
കമ്പ്യൂട്ടറും കീബോര്‍ഡും മാഞ്ഞു പോകുന്നതു പോലെ . ഏതോ പൂര്‍വ്വ സ്മരണകളില്‍ നിന്നും സ്വതന്ത്രമാവാനെന്നപോലെ  തമ്മില്‍  കുതിച്ചും കിതച്ചും.
ഗോളാന്തരമായ അകലമെങ്കിലും ആദ്യ സമാഗമത്തിന്റെ അത്യാസക്തിയില്‍ അവരൊന്നുച്ചുരുകി.
ഗുഹാന്തരശൂന്യതയില്‍ നിന്ന് വെളിച്ചത്തിലേക്ക് തിരിനീട്ടി വിരിയുന്ന ജീവല്‍ കണിക പോലെ അവര്‍ സ്വാതന്ത്ര്യത്തിന്റെ പതാകകള്‍ ആകാശാത്തില്‍  ഒന്നിച്ചു വീശി.
അവര്‍ ലോകത്തിന്റെ ഉച്ചകോടിയില്‍ .സ്വാതന്ത്യത്തിന്റെ പരമകോടിയില്‍.
സകല ആസക്തികളും അവരിലേക്കിരമ്പിക്കയറി.
എഴുതാവാക്കുകള്‍ പോലും അവര്‍ക്ക് വായിക്കാമെന്നായി.
പറയാപ്പദങ്ങള്‍ പാടാമെന്നായി.
പേരും ഊരുമില്ലാതെ അവര്‍ മദോന്മത്തരായി.

നിന്റെ പേരെന്താണ്?
“ബാവുള്‍ സംഗീതം,
 നിന്റെയോ"
-അവള്‍

“ ഭാരമില്ലാത്തതിനാല്‍ ഞാന്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല.....
പിന്നെ പേരിന്റെ ഭാരമെന്തിന് ”
_അവന്‍

“ അപ്പോള്‍ എനിക്കും പേരു വേണ്ടല്ലോ ”
-അവള്‍


“ വേണ്ട ”
-അവന്‍

“ അല്ലെങ്കില്‍ പേരവിടെ കിടന്നോട്ടെ.
എപ്പോഴെങ്കിലും പ്രണയത്തില്‍ നിന്നും ചിറകരിയപ്പെട്ടു കിടക്കുമ്പോള്‍ ഒരു പേരിലെങ്കിലും എനിക്ക് ജീവിക്കാമല്ലോ ”
...അവള്‍

“എല്ലം  നിന്റെ ഇഷ്ട്രം.
 നീയിപ്പോള്‍ എന്തു ചെയ്യുന്നു ”
-അവന്‍


“ കീബോര്‍ഡില്‍ തലവെച്ചു കിടക്കുന്നു,ലോകത്തെ ഞാന്‍ തലയിണയാക്കുന്നു.
നീയോ ”
...അവള്‍


“ ഞാന്‍ വസ്ത്രങ്ങളില്‍ നിന്നും ഊര്‍ന്നുപോയിരിക്കുന്നു.ഈ ലോകത്തില്‍ ഭാരമില്ലാത്തതെന്താണ്,അതാണു ഞാന്‍....കീബോര്‍ഡില്‍ നിന്നും എന്റെ കൈകള്‍ വളരുന്നു,ചില്ലകളായി അത് ഇരുട്ടിലേക്ക് അപ്രത്യക്ഷമാകുന്നു ”
-ഞാന്‍

“ അതെ,ഇരുട്ടില്‍ നിന്നും ഒരു കൈ നീണ്ടു വള രുന്നതുപോലെ.
അതെന്റെ പ്രണയത്തില്‍ തൊടുന്നു,നഗ്നതയില്‍ തണല്‍ പരത്തുന്നു.
എന്തോ എന്നില്‍ അമരുന്നതുപോലെ.....പക്ഷെ ഭാരമില്ല.
.....എന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ നീ  ഭ്രാന്തമായി ബ്രൌസ് ചെയ്യുന്നതുപോലെ.....മൈ ഗോഡ് ഇതെന്തൊരു ലോകമാ...കാണാതെയും കേള്‍ക്കാതെയും...”
-അവള്‍


“ നീയെന്തൊക്കെയാ‍ണു പുലമ്പുന്നത്  ”
-അവന്‍

 “ഇത് പ്രണയത്തിന്റെ മൂര്‍ച്ഛയാണ്.

നീ പുരുഷനാണ്,
നിനക്കത് മനസ്സിലാവില്ല.ഞങ്ങളുടെ പ്രണയം പോലും”
-അവള്‍
 " ഞങ്ങളോ?"
-അവന്‍
“അതെ ഞങ്ങള്‍ പെണ്ണുങ്ങള്‍”
-അവള്‍
 “ പെണ്ണുങ്ങളോ”
-അവന്‍
  “അതെ,  നരവംശമാകെയുള്ള പെണ്ണുങ്ങള്‍”
-അവള്‍
 “ നിങ്ങള്‍ എന്തോന്നിന്നുള്ള പൊറപ്പാടാ..”
-അവന്‍
 “പേടിക്കേണ്ട.ഇത് യുദ്ധമൊന്നുമല്ല,അതിരുകള്‍ ഭേദിക്കുന്ന സഞ്ചാരമാണ്”
-അവള്‍


“ നിന്നെ ഒന്നു കാണാന്‍..... ”
-അവന്‍

“ ഞാനീ ലോകം വിട്ടിരിക്കുന്നു.
ഒരു സ്വരം മാത്രം ഞാന്‍ ശ്രവിക്കുന്നു
.ഒരു രൂപം മാത്രം ഞാന്‍ കാണുന്നു.
ഇതെന്റെ ആദ്യാനുഭവമാണ് ,
എല്ലാ പ്രകാ‍രത്തിലും ഞാന്‍ ഉയര്‍ത്തപ്പെടുന്നതു പോലെ ”
-അവള്‍

“നിന്നെ ഒന്നു തൊടാന്‍”?
-അവന്‍

“ഞങ്ങള്‍ക്കിടമുള്ള ഒരു കാലം വരട്ടെ, ഞങ്ങളെ മനുഷ്യരാക്കുന്ന  ഒരു  ലോകം,അപ്പോള്‍ ഞങ്ങള്‍ വരും ”
-അവള്‍


“ ഉറക്കമില്ലാതിരുന്നിട്ടാണ്.
പോയി കിടക്കാന്‍ നോക്ക്.
ഉറക്കം ശരിയാകുമ്പോ എല്ലാം ശരിയാകും ”
-അവന്‍


“ ഇനി എനിക്കുറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.
ഉറങ്ങിയാല്‍ തന്നെ അത് ഉണര്‍ച്ചയുടെ തുടര്‍ച്ച മാത്രമായിരിക്കും ”
-അവള്‍“ എന്റെ പൊന്നല്ലെ ”
-അവന്‍

“ ഞാന്‍ മണ്ണും പൊന്നുമൊന്നുമല്ല.
രണ്ടിലും ഞാനില്ല.
ഞാന്‍ ഒന്നില്‍ നിറയുന്നു,
ഒന്നില്‍ മാത്രം.
അനശ്വരവും സുന്ദരവുമായ ഒന്നില്‍,ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത ഒന്നില്‍ ”
-അവള്‍

“ എന്റെ തങ്കക്കുടമല്ലെ ”
-അവന്‍

“ ഭൂമിയിലെ സ്നേഹവര്‍ത്തമാനങ്ങള്‍ എന്നോടു പറയരുത്.
എനിക്ക് മനം പുരട്ടും.
ഞാനിപ്പോള്‍ മനുഷ്യയല്ല,മണ്ണിലുമല്ല ”
-അവള്‍


“ പിന്നെ നീ എന്തു കുന്താന്ന് വാതൊറന്ന് പറ.
എന്തോന്നാ നീ പുലമ്പുന്നത് ”
-അവന്‍


“ ഞാന്‍ മണവാട്ടിയായിരിക്കുന്നു.സൈബര്‍ മണവാട്ടി.
എന്റെ ബോധം നേര്‍ത്തു നേര്‍ത്തു വരുന്നു.
ഞാനാകെ നനഞ്ഞിരിക്കുന്നു.
ആരും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രണയത്തില്‍ ഞാന്‍ പൊടിഞ്ഞുപോകുന്നു.
സത്യത്തില്‍ ഇത് പ്രണയമല്ല,അതിനും മീതെയുള്ള ഒന്ന് .
അതിനുള്ള വാക്ക് കണ്ടെത്താനിരിക്കുന്നതേയുള്ളൂ.“
-അവള്‍“ ഞാന്‍ നിന്നെ ചുംബിക്കട്ടെ....എന്റെ ...........അല്ലെ ”
-അവന്‍

“ ചുംബനമരുത് ”
-അവള്‍

“പിന്നെ എന്തോന്നാ”
-അവന്‍

“നിന്റെ മുറിവുകളെ ഞാനുണക്കാം.
ചതവുകളില്‍ തൈലം പുരട്ടിത്തരാം.
ഒടിവുകളുണ്ടെങ്കില്‍ നിവര്‍ത്തിത്തരാം”
-അവള്‍

“ അതിന് നിന്നെ എവിടെ കാണും ”
-അവന്‍
“ ഞാനിപ്പോള്‍ സൈബര്‍ മണവാട്ടിയാണ്............

എന്റെ നനവുകളെ തിരുവസ്ത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു.
എന്റെ നഗ്നതാഗന്ധങ്ങള്‍ എന്നെ പൊതിയുന്നു.
അതിന്റെ മത്തിലും മയക്കത്തിലുമാണ് ഞാന്‍."
-അവള്‍

"അപ്പോള്‍ ഞാന്‍...............!”
‌-അവന്‍


നീ ഒരു നിമിത്തം മാത്രമായിരുന്നു,എന്നെ കണ്ടെത്തുന്നതിലും ഉണര്‍ത്തുന്നതിലും വിശുദ്ധീകരിക്കുന്നതിലും.
ഇപ്പോള്‍ ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്.
ഇതില്‍ നിനക്കുമാത്രമായി അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു”
...അവള്‍


“ നീ വിശുദ്ധയായാല്‍ ഞാനെന്തു ചെയ്യും.
ഞാനൊരു മനുഷ്യനല്ലെ,”
-അവന്‍


“ ഈയുള്ളവള്‍ വാഴ്ത്തപ്പെടുമ്പോള്‍ അതില്‍ വഴിയും വഴികാട്ടിയുമായി നീ പരാമര്‍ശിക്കപ്പെടും ”
-അവള്‍

“ അതോണ്ടെനിക്കെന്നാ മെച്ചം ”
.-അവന്‍

“അതൊരു ചെറിയ കാര്യമല്ല.
മനുഷ്യന്റെ ശുഷ്കമായ ജീവിതത്തേക്കാള്‍ എന്തുകൊണ്ടും അതൊരു മഹത്തരം കര്‍മ്മമായിരിക്കും. നീ അറിയുക.
ഈ രാത്രി സുഖമായി നീ ഉറങ്ങുക,ഉണരുമ്പോള്‍ അത്ഭുതങ്ങള്‍ നിന്നെ കാത്തിരിപ്പുണ്ട് ”
-അവള്‍


13 comments:

മണിലാല്‍ said...
This comment has been removed by the author.
Anonymous said...

പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം......സൈബര്‍ ലോകത്തില്‍നിന്ന് വാഴത്തപ്പെട്ട ഒരു യുവതിയുടെ കഥ.

Anonymous said...

എന്റെ നനവുകളെ തിരുവസ്ത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു.
സുഗന്ധതൈലങ്ങള്‍ എന്റെ നഗ്നതാഗന്ധങ്ങളെ അകറ്റിയിരിക്കുന്നു.
നീ ഒരു നിമിത്തം മാത്രമായിരുന്നു,എന്നെ ഉയര്‍ത്തുന്നതിലും വിശുദ്ധീകരിക്കുന്നതിലും.
ഇനി ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്.
ഇതില്‍ നിന്റെ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു“
.......അവള്‍

Anonymous said...

എന്റെ നനവുകളെ തിരുവസ്ത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു.
സുഗന്ധതൈലങ്ങള്‍ എന്റെ നഗ്നതാഗന്ധങ്ങളെ അകറ്റിയിരിക്കുന്നു.
നീ ഒരു നിമിത്തം മാത്രമായിരുന്നു,എന്നെ ഉയര്‍ത്തുന്നതിലും വിശുദ്ധീകരിക്കുന്നതിലും.
ഇനി ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്.
ഇതില്‍ നിന്റെ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു“
.......അവള്‍

Anonymous said...

“ ഞാന്‍ നഗ്നനായി മലര്‍ന്നുകിടക്കുന്നു....കീബോര്‍ഡില്‍ നിന്നും എന്റെ കൈകള്‍ വളരുന്നു,ചില്ലകളായി അത് ഇരുട്ടിലേക്ക് അപ്രത്യക്ഷമാകുന്നു ”
...ഞാന്‍

Anonymous said...

ഞാനിപ്പോള്‍ സൈബര്‍ മണവാട്ടിയാണ്............

radhika nair said...

eswaraaaaaaaa

aval ethra bhagyavathy!!!!!!!

radhika nair said...

pakshe oru kuzhappamunt maniiii
athil purushan mari nilkkunnu
avalkku mathram pranayamullathu pole.avan oru purushadhipathiyum

niyaz said...

written nice

മണിലാല്‍ said...

പുരുഷനാല്‍ ഗര്‍ഭം ധരിച്ച ഒരമ്മയുടെ മകളായിരുന്നു അവള്‍.പാമ്പുകടിയേറ്റ് അമ്മ മരിച്ചു.ബന്ധത്തിലാരോ അവളെ വളര്‍ത്തി.അവള്‍ സുന്ദരിയായി വളര്‍ന്നു.കര്‍ത്താവിന്റെ മണവാട്ടിയാക്കാനായിരുന്നു വളര്‍ത്തമ്മയുടെ ആഗ്രഹം.പച്ച മനുഷ്യനെ പ്രണയിക്കാനാനും ജീ‍വിക്കാനുമായിരുന്നു പക്ഷെ അവളുടെ ആഗ്രഹം.അങ്ങൈനെ അവള്‍ കാമുകനാല്‍ വാഴ്ത്തപ്പെട്ടു.

BS Madai said...

പ്രണയത്താലും വിശുദ്ധയാക്കപ്പെടാം / വാഴ്ത്തപ്പെടാം അല്ലേ.... വായിക്കാന്‍ സുഖമുള്ള വരികള്‍.... ആശംസകള്‍

Anonymous said...

ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറി സുധാകരന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരും.

മണിലാല്‍ said...

എന്റെ നനവുകളെ തിരുവസ്ത്രങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു.
സുഗന്ധതൈലങ്ങള്‍ എന്റെ നഗ്നതാഗന്ധങ്ങളുമായി കലരുന്നു.
അതിന്റെ മത്തിലും മയക്കത്തിലുമാണ് ഞാന്‍.
നീ ഒരു നിമിത്തം മാത്രമായിരുന്നു,എന്നെ കണ്ടെത്തുന്നതിലും ഉണര്‍ത്തുന്നതിലും വിശുദ്ധീകരിക്കുന്നതിലും.
ഇപ്പോള്‍ ഞാനൊരു ശരീരം മാത്രമല്ല.
വിശുദ്ധിയുടെ കൂടാരമാണ്.
ഇതില്‍ നിനക്കുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു”
...അവള്‍


നീയുള്ളപ്പോള്‍.....