പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, October 31, 2008

പ്രണയത്തിന്റെ ഉച്ചകോടി,ഫേണ്‍ഹില്‍(പഴങ്കഥ)


(നിത്യ ചൈതന്യ യതിയുടെ ആശ്രമ സ്ഥലമാണ് ഊട്ടിയിലെ ഫേണ്‍ഹില്‍)

വാരിയെടുത്ത ജീവിതം ബാഗില്‍ത്തിരുകി ഞങ്ങള്‍ രണ്ടിടത്തു നിന്നും യാത്രയായി.
മഴയില്‍ മുള്ളിയിലേക്കുള്ള പാലം മാഞ്ഞുപോയിട്ടുണ്ടാവുമെന്നും ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ടെന്നുമുള്ള മര്‍മരങ്ങളിലേക്ക് ഞങ്ങള്‍ ചെവിയുയര്‍ത്തിയില്ല.അട്ടപ്പാടിയില്‍ ആരെയും പേടിക്കേണ്ടതില്ല.
ഞങ്ങള്‍ പ്രണയത്തിന്റെ ഉച്ചകോടിയിലായിരുന്നു.
ജീപ്പ് വിട്ട ഞങ്ങള്‍ പുഴയിലിറങ്ങി.പുഴയില്‍ നിന്നും നനഞ്ഞുകയറിയ പെണ്ണുങ്ങള്‍ വഴിയൊതുങ്ങി നിന്നു.
പാറയിലിരുന്ന് ഞങ്ങള്‍ കാല്‍ നനക്കുന്നു,നട്ടുച്ച കൊള്ളുന്നു.


മുള്ളി കവലയിലെത്തി.
ചായപ്പീടികയും ചില്ലറക്കടയും കുറെ അനാഥക്കുഞ്ഞുങ്ങളും കുരിശുചുമക്കാന്‍ വിധികിട്ടിയ ഒരു പള്ളിയും.
അതാണ് മുള്ളിക്കവല.
കപ്പടാമീശക്കാരന്‍ ഫോറസ്റ്റ് ഗാര്‍ഡിന്റെ കാടന്‍ നോട്ടത്തെ മറികടന്ന് ഞങ്ങള്‍ തമിഴ് പേശും നാട്ടില്‍ കടന്നു.
ഈ യാത്ര അവളുടെ നിര്‍മ്മിതിയാണ്.
“എനിക്ക് മൌനത്തിരിലിക്കണം,കുടുംബത്തില്‍ ചിതറിപ്പോയ ശബ്ദം വീണ്ടെടുക്കണം”.
അവള്‍ വാക്കു കൊണ്ട് ശില്പം കൊത്തി. ചിത്രകാരിയും കൂടിയാണ് അവള്‍.
“ എവിടെപ്പോകും“?
ഉറച്ച മനസ്സില്‍ അവള്‍ പറഞ്ഞു.
”ഫേണ്‍ ഹില്‍”
“അതെന്താ ഫേണ്‍ ഹില്‍”
“കാലം അവിടെ ഘനരൂപത്തില്‍ തൂങ്ങിക്കിടക്കുന്നു,വവ്വാലുകള്‍ പോലെ.
പൊട്ടി മുളക്കാതെ വിത്തിന്റെ നിദ്രാനിമിഷം പോലെ എനിക്ക് കഴിയണം,വേരില്ലാതെ.

കുണ്ടിലും കുഴിയിലും വളവിലും തിരിവിലും പെട്ട് ജീപ്പുലയുമ്പോള്‍ എന്നിലേക്ക് ചാഞ്ഞ് ചെവി കടിച്ചവള്‍ പറഞ്ഞു.
“നിന്റെ പോലെയല്ല എന്റെ ശരീരം, തുളുമ്പുന്നു”
“കുറച്ച് നേരം ഇറങ്ങി നടന്നാലോ”
“വേണ്ട തണുപ്പില്‍ നമ്മളുരുമ്മി നടന്നാല്‍ തുളുമ്പുന്നത് നീയായിരിക്കും”
ഞങ്ങളുടെ ചിരിയില്‍ തമിഴത്തികള്‍ കണ്ണുമിഴിച്ചു.
ഊട്ടിയിലെത്തുമ്പോള്‍ തണുപ്പിന്റെ ഉത്തുംഗം.
സമയം പന്ത്രണ്ടുമണിയോടടുപ്പിച്ച്.
ഡിസംബര്‍.
ആദ്യം തെളിഞ്ഞ ലോഡ്ജിന്റെ വെളിച്ചത്തിലേക്ക് മഞ്ഞു വിരിച്ചിട്ട നിലാവില്‍ ഞങ്ങള്‍ നടന്നു.
നായ്ക്കുരവകള്‍.
വഴിയോരത്തെ ടെന്റുകള്‍ അപരിചിതമായ ശബ്ദങ്ങള്‍പുറപ്പെടുവിക്കുന്നു.നിശ്വാസങ്ങള്‍ കൂട്ടിയുരുമ്മുന്നതിന്റെയോ ഉരസുന്നതിന്റെയൊ ഒക്കെ.
ഞങ്ങള്‍ നിര്‍ഭയം.
മുന്‍മുറിയില്‍ നിരയായി കൂര്‍ക്കംവലിച്ചു കിടന്നിരുന്ന കമ്പിളിക്കെട്ടുകളെ ആയാസത്തോടെ മറികടന്ന് മുറിയിലെത്തി.
തണുപ്പിനെ ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു.
കമ്പിളിയില്‍ നിന്നും ആമയെപ്പോലെ പുറമേക്ക് വന്ന ഞങ്ങളെ മഞ്ഞുപറ്റങ്ങളിലൊന്ന് മുറിയിലേക്ക് തലനീട്ടി നക്കി.
ഫേണ്‍ ഹില്ലിലേക്കുള്ള നടത്തത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ വെയില്‍ കോടയില്‍ നിന്നും പതുക്കെ പുറത്തേക്ക് വന്നു,മടിയന്‍ കുട്ടിയെപ്പോലെ.
വെയില്‍ ഞങ്ങളെ പുതിയ ലഹരി പുതപ്പിച്ചു.
കഴുതക്കൂട്ടങ്ങള്‍ക്കും അതിന്റെ വിസര്‍ജ്ജ്യങ്ങള്‍ക്കുമരികെ നിന്ന് ഞങ്ങള്‍ ചായ രസിച്ചു.
“പതുക്കെ നടന്നാല്‍ മതി,അവിടെ ചെന്നാല്‍ നിന്റെ പ്രേമമൊന്നും നടക്കില്ല”.
“അതെന്താ”
“അതൊരാശ്രമമല്ലെ?”
“യതിയുടെ ആശ്രമമല്ലെ,സ്കോപ്പുണ്ട് ”
“അതെന്താ ”
“യതി നല്ലൊരു കാമുകനായിരുന്നു”
“പക്ഷെ നിന്നെപ്പോലെയല്ല.
നല്ല ഒതുക്കമുണ്ടായിരുന്നു.
ലോകാവസാനം മുന്നില്‍ കാണുന്നതുപോലെയല്ലെ നിന്റെ ചേഷ്ടകള്‍”
മഞ്ഞുവേലിക്കകത്തെ ആശ്രമത്തെ ഇളംവെയില്‍ തിളക്കി.
ഞങ്ങള്‍ നിശബ്ദരായി.
യതിയൊഴിഞ്ഞ ആശ്രമം വിജനമായിരിക്കുമോ ?
യതിയുടെ കുസൃതികള്‍ കേള്‍ക്കാതെ സസ്യപരിസരങ്ങള്‍ നിര്‍മമാ‍യിത്തീര്‍ന്നിട്ടുണ്ടാകുമോ?
തക്കാളിച്ചെടിയിലെ പൂക്കളും കായ്കളും ജിഞ്ജാസയില്‍ നോക്കി നില്‍ക്കുന്ന ആശ്രമവാസിയെക്കണ്ടു,ജപ്പാനിയാണ്.

അവര്‍ ചിരിച്ചു.
എനിക്ക് പിരിയാന്‍ സമയമായി.
ഷാളുകള്‍ പരസ്പരം കൈമാറുമ്പോള്‍ തണുത്ത കാറ്റ് ഞങ്ങളെ ഒന്നിച്ചുരുമ്മി.

പിന്നീടൊരിക്കലും അവളുടെ കാന്‍ വാസ്സില്‍ ബ്രഷ് നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടില്ല.
വാസ സ്ഥലങ്ങളിലെവിടെയൊ അവളുടെ ഗന്ധം പതിഞ്ഞ ഷാള്‍ ചുരുണ്ടുകിടപ്പുണ്ടാകും.

6 comments:

മണിലാല്‍ said...

വാരിയെടുത്ത ജീവിതം ബാഗില്‍ത്തിരുകി ഞങ്ങള്‍ രണ്ടിടത്തു നിന്നും യാത്രയായി.
മഴയില്‍ മുള്ളിയിലേക്കുള്ള പാലം മാഞ്ഞുപോയിട്ടുണ്ടാവുമെന്നും ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ടെന്നുമുള്ള മര്‍മരങ്ങള്‍ക്ക് ചെവി കൊടുത്തില്ല.
ഞങ്ങള്‍ പ്രണയത്തിന്റെ ഉച്ചകോടിയിലായിരുന്നു.
ജീപ്പ് വിട്ട ഞങ്ങള്‍ പുഴയിലിറങ്ങി.
പാറയിലിരുന്ന് കാല്‍ നനക്കുന്നു,നട്ടുച്ച കൊള്ളുന്നു

മണിലാല്‍ said...
This comment has been removed by the author.
P.Jyothi said...

oppu vechirkkunnu :)

ഞാന്‍ ഹേനാ രാഹുല്‍... said...

തുറന്നു തരാം
വിഴുപ്പാകുന്നതു വരെ
അരുത് താമസം

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

.
“പതുക്കെ നടന്നാല്‍ മതി,അവിടെ ചെന്നാല്‍ നിന്റെ പ്രേമമൊന്നും നടക്കില്ല”.
“അതെന്താ”
“അതൊരാശ്രമമല്ലെ?”
“യതിയുടെ ആശ്രമമല്ലെ,സ്കോപ്പുണ്ട് ”
“അതെന്താ ”
“യതി നല്ലൊരു കാമുകനായിരുന്നു”
“പക്ഷെ നിന്നെപ്പോലെയല്ല.
നല്ല ഒതുക്കമുണ്ടായിരുന്നു.
ലോകാവസാനം മുന്നില്‍ കാണുന്നതുപോലെയല്ലെ നിന്റെ ചേഷ്ടകള്‍


നീയുള്ളപ്പോള്‍.....