പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, January 21, 2009

വാള്‍പ്പാറയില്‍ ഒരു പകല്‍ ജാരന്‍

ത്തുമ്പോള്‍ രാത്രിയായിരുന്നു.തണുപ്പിന്റെ അരികുതുന്നിയ മഞ്ഞുവസ്ത്രത്തില്‍ വാള്‍പ്പാറ പുതച്ചുകിടന്നു.മുറിയെടുക്കും മുന്‍പേ ബെവറേജ് അന്വേഷിച്ചു.ഷോപ്പിനു പിറകിലെ കുടുസു മുറി മദ്യപാനരസത്തില്‍ മുങ്ങിയാടി.തിരക്കുള്ള ട്രെയിന്‍ ബോഗിയില്‍ ഞാന്നു കിടക്കും പോലെ യാതൊരു വിധ പരാതിയുമില്ലാതെ മദ്യലോലുപന്മാര്‍ കുടിച്ചും തൊട്ടു നക്കിയും നേരമ്പോക്കികളായി.
ഈ സരളന്മാര്‍ക്ക് കൂമ്പിനിടിക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കുന്ന പെണ്ണുങ്ങളെക്കുറിച്ചോര്‍ത്തുപോയി,പാവങ്ങള്‍.താമസിച്ച ഹോട്ടലിനൊരു പ്രത്യേകതയുണ്ട്.
മുറിക്കുള്ളില്‍ കോളിംഗ് ബെല്ലില്ല.റൂം ബോയ്സ് പക്ഷെ ഇടനാഴികളില്‍ പല ഭാഗങ്ങളിലായി വ്യന്യാസിക്കപ്പെട്ടിരിക്കുന്നു. പ്രസിഡന്റിനോ പ്രധാനമന്ത്രിമാര്‍ക്കോ കൊടുക്കുന്ന അതേ പരിഗണനയാണ് ഇവിടെ മദ്യപന്മാര്‍ക്ക് .ഒന്നു വാതില്‍ തുറന്നാല്‍ മതി കുളക്കടവില്‍ അകറ്റിയ പായല്‍ അടുത്തു വരുമ്പോലെ അവര്‍ നമുക്ക് കൈയ്യെത്തും മുന്നില്‍ വരും.ഞങ്ങള്‍ വാങ്ങിയ മദ്യത്തിന്റെ അളവ് അവരെ കാണിച്ചു.അതിനുത്തമാ‍യി രണ്ടുപെട്ടി സോഡയുമായി ബോയ് വാതിലിനു പുറത്ത് കാവല്‍ നിന്നു,സോഡ ആവശ്യത്തിനും മാത്രം തുറന്ന് തരാന്‍ പാകത്തില്‍.മറ്റൊരു ബോയ് എട്ടു മണിമുതല്‍ ഇടക്കിടെ വന്ന് പത്തരക്ക് റസ്റ്ററണ്ട് അടക്കുന്ന വിവരം പറഞ്ഞു കൊണ്ടിരുന്നു.“പിന്നെയാവാം” എന്നും പറഞ്ഞ് അയാളെ ഞങ്ങള്‍ നിരന്തരം പായല്‍ പോലെ അകറ്റി.പത്തരക്ക് വീണ്ടും വന്നു പറഞ്ഞു.

“ക്ലോസ് പണ്ണി സര്‍”

അതു പറഞ്ഞയാള്‍ക്ക് ടിപ്പ് കൊടുത്ത് ഞങ്ങള്‍ തണുപ്പിലേക്ക് സ്വതന്ത്രരായി.


ഞങ്ങളോടൊപ്പം സഞ്ചരിച്ച രണ്ടു കുടുംബങ്ങള്‍, ലഢാക്കില്‍ നിന്നുള്ള ഡോ: ഗുലാമും ഭാര്യ ഷേറി ബീഗവും തനിമലയാളിയായ ഡോ:ജയപ്രകാശും പത്രപ്രവര്‍ത്തകയായ ഭാര്യ ലേഖയും മകനും രണ്ടു മുറികളില്‍ കുറ്റിയും കൊളുത്തുമിട്ട് ഇതിനകം കുടുംബമായി,സുരക്ഷിതരായിത്തീര്‍ന്നിരുന്നു.
അവരുടെ മുറികളില്‍ വെളിച്ചം പോലുമുണ്ടായിരുന്നില്ല.


പുറത്തിറങ്ങിയ ഞങ്ങള്‍ അടച്ചിട്ട കടകള്‍ കണ്ടു.
ഒരു പശുവോ അതോ കാളയോ വഴിയരികില്‍ കൂനിക്കൂടി കിടന്നു(ഒരു ഫോട്ടൊ പിടിക്കുകയാണെങ്കില്‍ ഹര്‍ത്താലിന് കേരളത്തിലെ പത്രങ്ങളില്‍ കൊടുക്കാമായിരുന്നു)

അതിനെ നോക്കി സഗീര്‍ പറഞ്ഞു,
“ബീഫ് ഉണ്ട്,ഇനി പോറോട്ട കിട്ടിയായല്‍ മതി”


മദ്യം ഞങ്ങളെ നേര്‍വഴിക്ക് നയിച്ചു കൊണ്ടിരുന്നു.താഴെ നേരിയ വെളിച്ചം കണ്ടു.ഞങ്ങള്‍ പടികളിറങ്ങി.അതൊരു ചന്തയായിരുന്നു,അവിടെ ഒരു തട്ടു കട.തടിച്ചു കൊഴുത്ത ഒരാളായിരുന്നു കച്ചവടക്കാരന്‍.ക്ലീന്‍ ഷേവ്,ഉന്തിയ വയര്‍ ആകെയൊരു ആനച്ചന്തക്കാരന്‍.ഒറ്റ പ്രശ്നമേയുള്ളൂ,അയാള്‍ ഞങ്ങള്‍ ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല.എന്തൊക്കെ കഴിക്കാനുണ്ടെന്ന് ഓരോ പാത്രവും തുറന്നു കാട്ടിത്തന്നു.കൊഴുത്തു തടിച്ച ഒരു നോണ്‍ വെജിറ്റേറിയന്‍ മുനിവര്യനെപ്പോലെ അയാളെ തോന്നിച്ചു.എല്ലാ പാത്രത്തിലും അടിയില്‍ കുറച്ച് സാധനങ്ങള്‍ അവശേഷിച്ചിരുന്നു.ആ കുടുസ്സു മുറിയില്‍ ആകെ നാലു കസേരകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.ഒരു പുരാവസ്തു പോലെ നൂറു കിലോയില്‍ കൂടുതല്‍ തൂക്കമുള്ള ഒരാള്‍ ഓരോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അത് വായില്‍ കുത്തി നിറച്ച്, തുറിച്ച കണ്ണുകള്‍ കൊണ്ട് ഞങ്ങളേയും ആനച്ചന്തക്കാരനേയും മാറി മാറി നോക്കി,പ്രത്യേക ഭാ‍വത്തില്‍.(ആണ് ആണിനെ ചുറ്റിപ്പറ്റുന്നതിന്റെ പുതുമയില്‍ ഞങ്ങളും ആകൃഷ്ടരായി).നൂറുകിലോയ്ക്കു ചുറ്റും കുമിഞ്ഞു കൂടിയ കോഴിക്കാലുകളില്‍ കൊതുകുകള്‍ രക്തം തേടി.തട്ടുകട മുഴുവന്‍ അയാള്‍ അകത്താക്കുന്നതിനുമുമ്പെ ഞങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.ഭക്ഷണത്തിന്റെ ഗുണം കൊണ്ടോ, അവിടുത്തെ പ്രത്യേക സാഹചര്യം കൊണ്ടോ രാവിലെ അവിടെ തന്നെ ടിഫിന്‍ എന്ന് തമിഴില്‍ തീരുമാനിക്കപ്പെട്ടു.നേരം വെളുക്കുമ്പോള്‍ വാള്‍പ്പാറക്ക് പ്രത്യേകമായ ഭംഗിയാ‍ണ്,രാത്രിയുടെ എല്ലാ നിഗൂഢതകളേയും അസത്യങ്ങളേയും മായ്ചുകളഞ്ഞ് കുടഞ്ഞെഴുന്നേറ്റുലയുന്ന ഒരു സൌന്ദര്യ നഗരം.ഗ്രീന്‍ലാന്റ് ഹോട്ടലില്‍ നിന്നും രാത്രി രമ്യതയിലായിരുന്ന തണുപ്പെന്ന കൂട്ടുകാരിയെ മനസ്സില്ലാ മട്ടില്‍ തട്ടി മാറ്റി ഉടുതുണിക്ക് മറുപടിയില്ലാത്ത ഞാനും സഗീറും പുറത്തിറങ്ങി.(ഒറ്റദിവസത്തെ നെല്ലിയാമ്പതി യാത്ര കഴിഞ്ഞു മടങ്ങണമെന്നായിരുന്നു തീരുമാനം.കൂട്ടും കുടിയും മുറുകിയപ്പോള്‍ മടക്കം മറന്ന് വാല്‍പ്പാറയിലെത്തിയതാണ്)ഞങ്ങള്‍ താഴ്വരയുടെ മുകളിലെ ഒരു കുന്നിന്മുകളില്‍ നിന്ന് കാഴ്ച കണ്ടു,വെയില്‍ കൊണ്ടു.
സൂര്യനു നേരെ ക്യാമറ പിടിച്ച് ഫോട്ടൊ എടുക്കുന്ന പുതു ഛായഗ്രാഹകരെ കണ്ടു.ഞങ്ങള്‍ നേരെ ചന്തയിലേക്ക് നടന്നു.
വിരിഞ്ഞ പൂവിനെ രാവിലെ കാണുന്നതുപോലെ
വെയില്‍ തട്ടമിട്ട കടക്ക് മൊത്തത്തില്‍ അഴകുണ്ടായിരുന്നു.
ആനച്ചന്തക്കാരന്‍ ആണിനു പകരം ഒരു പെണ്ണായിരുന്നു കടയില്‍.

അതേ മാറിടം,ഉന്തിയ വയര്‍.

ഒരേ അച്ചടിയില്‍ പിറന്ന പത്രങ്ങള്‍ പോലെയായിരുന്നു അവര്‍,നെറ്റിയില്‍ അതേ മറുക്.

വ്യത്യാസം കടയിലും ഉണ്ടായിരുന്നില്ല.
പാത്രങ്ങള്‍ അതേ മാതിരി,ചുമരിലെ ഈശ്വന്മാരും ഇളകിയിട്ടില്ല,ചാപിള്ളകളെപ്പോലെ അതേ സ്ഥാനത്ത്.
കുടുസ്സു മുറിയില്‍ നാലു കസേരകള്‍.
അതിലൊന്നില്‍ തലേ ദിവസത്തെ നൂറുകിലോ പഴയതു പോലെ പൊറോട്ടയില്‍ മുട്ട പൊതിഞ്ഞ്....കണ്ണു തള്ളി....അങ്ങിനെയിരിക്കുന്നു.വസ്ത്രങ്ങള്‍ പുതിയതാണ്.വീട്ടില്‍ പോയി ഫ്രഷായി വന്നിരിക്കുന്നു.

ഈ പെണ്‍ ആനച്ചന്തത്തിന്റെയും സാമീപ്യം അയാളനുഭവിക്കുന്നുണ്ടെന്നും(ആങ്ങളയേയും പെങ്ങളേയും വശീകരിക്കുന്നവനിവന്‍ കേമന്‍, ഞങ്ങള്‍ ശിരസ്സ് താഴ്ത്തി കടയില്‍ കടന്നു) ഞങ്ങളുടെ രണ്ടാം വരവ് അയാളെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അറിഞ്ഞു.ഇഡലിയില്‍ ചട്ട്ണിയൊഴിച്ചും പിന്നെ ചട്ട്ണിയില്‍ ഇഢലി കുതിര്‍ത്തും ഞങ്ങള്‍.മുറ്റം കടന്ന് വെയില്‍ ചവിട്ടുപടി കയറി മുഖത്തടിച്ചിട്ടും അയാള്‍ അനങ്ങിയില്ല.ഇടത്തേ കൈ കൊണ്ട് കഴുത്തില്‍ കെട്ടിയ ടവ്വലെടുത്ത് വെയിലിന്റേയും കഠിനമായ തീറ്റയുടെയും സംയുക്തമായ വിയര്‍പ്പ് ഒപ്പുന്നതിനിടയില്‍ നൂറുകിലോ ഒളി കണ്ണാല്‍ ആനച്ചന്തത്തെ തഞ്ചത്തില്‍ ഒന്ന് തഴുകി.നോട്ടത്തിന് തടയണ കെട്ടുന്നു എന്ന വ്യാജേന അവള്‍ സാരിയെ ചെപ്പിക്കു പിടിച്ച് വയര്‍ മറച്ച് പുരുഷലോകത്തിനാകമാനം അപമാനമുണ്ടാക്കി.അയാള്‍ക്കും അടുക്കി വെച്ച മുട്ട റാക്കറ്റുകള്‍ക്കും സാമ്പാര്‍, ചട്ട്ണിച്ചെരുവങ്ങള്‍ക്കുമിടയിലിരുന്ന് ഞങ്ങള്‍ ഞെരുങ്ങി.ആനച്ചന്തം ഇത്തിരി വട്ടത്തില്‍ നിന്നുകൊണ്ട് അത്ഭുതകരമാം വിധം തിരിഞ്ഞു കളിച്ചു,മോഹിനിയാട്ടം നര്‍ത്തകിമാരെപ്പോലെ.തക്കാളിയരിയണം,ഉള്ളി കണ്ണില്‍ വെള്ളം വരാതെ ഛേദിക്കണം,വെള്ളത്തില്‍ മുക്കിയെടുത്ത വഴുതനയുടെ കഴുത്തറുക്കണം,കൊന്ന കോഴിയെ കുളിപ്പിക്കണം,കറിവേപ്പിലയും,മല്ലിയിലയും വെള്ളത്തില്‍ മുക്കി ആരുടേയും ദേഹത്തു തെറിക്കാതെ കുടയണം,വഴിതെറ്റി പോകുന്ന എഫ്.എം.സ്റ്റേഷനെ പിടലിക്ക് പിടിച്ചു കൊണ്ടു വന്ന് പാടിക്കണം,ഇടക്കിടെ വരുന്ന കുറിപതിക്കലനും വട്ടിപ്പിരിവന്മാര്‍ക്കും പീടിക പരിസരത്ത് അശ്ലീല പ്രയോഗങ്ങള്‍ക്ക് അധികനേരം അനുവദിക്കാതെ തലയില്‍ കൈവെള്ളം തുടച്ച് വലിപ്പു തുറന്ന് പുസ്തകമെടുത്തു കൊടുക്കണം, ചെലുത്തലിന് ഭംഗം വരാതെ നൂറുകിലോവിന്റെ പാത്രത്തെ നിറച്ചുകൊണ്ടിരിക്കണം,കള്ളനോട്ടത്തെ ഇടക്കൊന്നു കനിയണം.
ചില്ലറയൊന്നുമല്ല ഈ പെണ്ണാനച്ചന്തത്തിന്റെ തലയിലെ ഭാരം.
ആനക്കാണെങ്കില്‍ നാലു പൊണ്ണന്മാരെ പുറത്തേറ്റിയാല്‍ മതി.


ഭര്‍ത്താവ് മലയിടിഞ്ഞ് മരിച്ചതിന്റെ ഭാരം താങ്ങുന്ന യുവതിയാണ് ആനച്ചന്തമെന്നും രാത്രിയില്‍ പുരുഷവേഷം കെട്ടിയാലും മലയാളികളടക്കമുള്ള ലമ്പടന്മാര്‍ അവളെ കൈവെക്കുമെന്നുള്ള ഉല്‍കണ്ഠയില്‍ വെന്തുരുകുന്ന പൈനാപ്പിള്‍ കച്ചവടക്കാരനും മൂന്നു കുട്ടികളുടെ നൂറുകിലോ തൂക്കമുള്ള അപ്പനുമായ ഒരു ജാരനാണ് അയാളെന്നും ഞങ്ങള്‍ക്ക് പിടികിട്ടി.നാലു സീറ്റുള്ള ഒരു കടയില്‍ നൂറു കിലോ തൂക്കമുള്ള ഒരാള്‍ വെറുതെയിരുന്ന് സ്ഥലം മെനക്കെടുത്തിയാല്‍ ആളുകള്‍ എന്തു പറയുമെന്ന ഭീതിയില്‍ ഐറ്റംസ് ഓരോന്നായി കഴിച്ചു കൊണ്ടേയിരിക്കുകയാണ് അയാള്‍.ഓരോ പൊറോട്ടയും അതിന്മേല്‍ വെയ്റ്റ് വെക്കുന്നതുപോലെ കോഴിക്കാലുകളും ആനച്ചന്തം വിളമ്പിക്കൊണ്ടിരുന്നു.

പ്രണയലേഖനം പറ്റുന്ന പൊയ്കാമുകന്റെ പിരിമുറുക്കം മുഖത്തെ ഓരോ ഞരമ്പും പ്രദര്‍ശിപ്പിച്ചു.


8 comments:

മണിലാല്‍ said...

നേരം വെളുക്കുമ്പോള്‍ വാല്‍പ്പാറക്ക് പ്രത്യേകമായ ഭംഗിയാ‍ണ്.രാത്രിയുടേതായ എല്ലാ നിഗൂഢതകളേയും മായ്ചുകളഞ്ഞ് കുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു സൌന്ദര്യ നഗരം.ഗ്രീന്‍ലാന്റ് ഹോട്ടലില്‍ നിന്നും രാത്രി രമ്യതയിലായിരുന്ന തണുപ്പെന്ന കൂട്ടുകാരിയെ മനസ്സില്ലാ മട്ടില്‍ തട്ടി മാറ്റി ഉടുതുണിക്ക് മറുപടിയില്ലാത്ത ഞാനും സഗീറും പുറത്തിറങ്ങി

മണിലാല്‍ said...

ചില്ലറയൊന്നുമല്ല ഈ പെണ്ണാനച്ചന്തത്തിന്റെ തലയിലെ ഭാരം.
ആനക്കാണെങ്കില്‍ നാലു പൊണ്ണന്മാരെ പുറത്തേറ്റിയാല്‍ മതി.

മണിലാല്‍ said...

ഇടത്തേ കൈ കൊണ്ട് കഴുത്തില്‍ കെട്ടിയ ടവ്വലെടുത്ത് വെയിലിന്റേയും കഠിനമായ തീറ്റയുടെയും സംയുക്തമായ വിയര്‍പ്പ് ഒപ്പുന്നതിനിടയില്‍ നൂറുകിലോ ഒളി കണ്ണാല്‍ ആനച്ചന്തത്തെ തഞ്ചത്തില്‍ ഒന്ന് തഴുകി.നോട്ടത്തിന് തടയണ കെട്ടുന്നു എന്ന വ്യാജേന അവള്‍ സാരിയെ ചെപ്പിക്കു പിടിച്ച് വയര്‍ മറച്ച് പുരുഷലോകത്തിനാകമാനം അപമാനമുണ്ടാക്കി

മണിലാല്‍ said...

പ്രഭാതവന്ദനം നിര്‍വ്വഹിക്കാന്‍ സ്നാനത്തിന്

ഗൌതമന്‍* പോയ തക്കം നോക്കി അഹല്യ*യെ തേടി ദേവേന്ദ്രന്‍*
എത്തുന്നു.
സൂര്യ താപമേറ്റ് വരണ്ട ഭൂമിയെ ഭ്രമിപ്പിക്കാന്‍ മഴയുടെ ദേവനെളുപ്പമായിരുന്നു.
ജ്ഞാനദൃഷ്ടിയോ സംശയരോഗമോ നിമിത്തം പെടുന്നനെ തിരിച്ചെത്തിയ ഗൌതമന്‍ അകത്താരെന്ന് ചോദിക്കുന്നു.
ജാരിണിയുടെ സ്വാഭാവിക ബുദ്ധിയോടെ അഹല്യ പറയുന്നു.
മാര്‍ ജാരഹാ എന്ന്
അവള്‍ മനസ്സില്‍ പറഞ്ഞത് മല്‍ ജാരഹാ എന്നും ഗൌതമനെ കേള്‍പ്പിച്ചത് മാര്‍ ജാരഹാ എന്നുമായിരുന്നു.
കൂടെക്കിടപ്പിനോട് നുണ പറഞ്ഞോ ഇല്ല.
എന്നാല്‍ സത്യവും പറഞ്ഞു.
ജയ് ജാരഹാ.


*ദേവേന്ദ്രന്‍-സൂര്യതാപം.
*അഹല്യ-ഉഴുതു മറിക്കാത്ത മണ്ണ്
*ദേവേന്ദ്രന്‍‌-മഴയുടെ ദേവന്‍

മണിലാല്‍ said...

ചില്ലറയൊന്നുമല്ല ഈ പെണ്ണാനച്ചന്തത്തിന്റെ തലയിലെ ഭാരം.
ആനക്കാണെങ്കില്‍ നാലു പൊണ്ണന്മാരെ പുറത്തേറ്റിയാല്‍ മതി.

ശ്രീനാഥന്‍ said...

നന്നായി-എരിവും പുളിയുമുള്ള വാള്‍പാറ ഭക്ഷണമാണ്‌ നിങ്ങളുടെ എഴുത്ത്‌.

മണിലാല്‍ said...

ഞങ്ങള്‍ നേരെ ചന്തയിലേക്ക് നടന്നു.
വിരിഞ്ഞ പൂവിനെ രാവിലെ കാണുന്നതുപോലെ
വെയില്‍ തട്ടമിട്ട കടക്ക് മൊത്തത്തില്‍ അഴകുണ്ടായിരുന്നു.
ആനച്ചന്തക്കാരന്‍ ആണിനു പകരം ഒരു പെണ്ണായിരുന്നു കടയില്‍.

അതേ മാറിടം,ഉന്തിയ വയര്‍.

മണിലാല്‍ said...

(ആദിവാസികളെ പിടിക്കാന്‍ ഊരില്‍ പള്ളി പണിയുകയും ആദ്യത്തെ മണിയൊച്ച കേട്ട മാത്രയില്‍ തന്നെ ആദിവാസികള്‍ പേടിച്ച് മറ്റൊരിടം തേടിയതായി കഥയുണ്ട്. ഓടുന്ന ഓട്ടത്തില്‍ കൃസ്തുമതം എന്നൊരു ഭൂതം അവരെ ഒടിവെക്കാന്‍ വരുന്നതിനെപ്പറ്റി അവര്‍ വിളിച്ചു പറഞ്ഞതായി വിശാലഹിന്ദു ചരിത്രപുസ്തകം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്).


നീയുള്ളപ്പോള്‍.....