പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, February 15, 2009

തൃശൂര്‍ക്കാരുടെ സ്വന്തം അയ്യന്തോള്‍ ലെയിന്‍


  തൃശൂര്‍ക്കാരുടെ അയ്യന്തോള്‍ ലയിന്‍
 കുറ്റിച്ചാക്കു, ലോനാ, അന്തോണി, തോമാസ്, ആന്റ് സണ്‍സ്  പെട്ടിക്കട പോലെ തലമുറകളുടെ ഗന്ധം പരത്തി നില്‍ക്കുന്ന തൃശൂര്‍ നഗരത്തിലെ മറ്റൊരു സ്ഥാപനമാണ് ജോസില്‍ നിന്നും മുനിസിപ്പല്‍ സ്റ്റാന്റിലേക്കുള്ള തിരിവില്‍ വെളിയിലേക്ക് കാലും നീട്ടി ഉള്ളിലേക്ക് തള്ളിയിരിക്കുന്ന അയ്യന്തോള്‍ ലൈനിലെ കള്ള് ഷാപ്പ്.   ചാക്കില്‍ പിടിക്കാനുള്ള കൊളുത്തു കൊണ്ടു പുറം ചൊറിഞ്ഞു രസിക്കുന്ന പോര്‍ട്ടര്‍മാര്‍,സാഹിത്യ അക്കാദമി മുറ്റത്തെ ചര്‍ച്ചക്ക് മൂര്‍ച്ച പോരാഞ്ഞ് ചാഞ്ഞുകയറുന്ന സാഹിത്യ കുതുകികള്‍, ഇടവക നിയന്ത്രണത്തിലുള്ള ക്ഷേമവിലാസം,ഡാമിയന്‍ തുടങ്ങിയ കുറിക്കമ്പനികളില്‍ നിന്നും അഞ്ചു കഴിഞ്ഞിറങ്ങി തേക്കിന്‍ കാട്ടിലെ മൊയലന്‍ പൊറിഞ്ഞു,പേരേപ്പാടന്‍ കാക്കു എന്നിവര്‍ നയിക്കുന്ന ചീട്ടുകളിക്കാരുടെ എ.ടീമില്‍  ഇടം കിട്ടാതെ നിരാശരായ കൊട്ടെക്കാട്ടുകാരുള്‍പ്പെടുന്ന ചെറു സംഘങ്ങള്‍  ,തെരുവില്‍ തിളക്കുന്ന സ്തീകളുടെ പിന്‍പറ്റുകാര്‍ ഇവരുടെയൊക്കെ തിരുസന്നിധിയാണ് അഞ്ചരയടി മേലെയുള്ളവര്‍ക്ക് കുനിഞ്ഞു കയറേണ്ടതായ ഈ ലഹരിവില്പനകേന്ദ്രം..


ഇവിടെ വീഴുന്നവരെത്ര,ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരെത്ര.ഒരു ആധാറിലും ഇതിന്റെ  കണക്കുണ്ടാവില്ല.

മൂന്നാം ദിവസം  ഒരിക്കല്‍ മാത്രം ഉയിര്‍ത്തെഴുന്നേറ്റവന്‍,അവന്‍ ആരായാലും ഇവിടെ അത്ര വലിയ കക്ഷി അല്ല.
നിരന്തരം വീണമരുകയും  ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരുമാണിവിടെ  അധികവും.

രോമാവൃതവും പൌരുഷം നിറഞ്ഞതുമായ പന്നിയിറച്ചി,ശുദ്ധമായ ചാണകത്തിന്റെ മണവും ഔഷധഗുണവുമുള്ള ബോട്ടി, (തൃശൂര്‍ അരിയങ്ങാടിയിലെ തൊഴിലാളികളായ കുടിയന്മാര്‍ക്കായി   അവതരിപ്പിച്ച ഒരു ഭഷ്യവിഭവമത്രെ ബോട്ടി)ഒളിവിലിരിക്കുന്ന തീവ്രവാദികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തിയ  വീര്യമുള്ള മാന്ദാമംഗലം കപ്പ,ശക്തന്‍ മാര്‍ക്കറ്റില്‍ മീന്‍കച്ചവടക്കാര്‍ നാറ്റം സഹിക്കാതെ ഉപേക്ഷിച്ചു പോയ ഏട്ടത്തലകള്‍ ,ആലപ്പാട് പുള്ള് ഏനാമാവ് കാഞ്ഞാണി കോള്‍ നിലങ്ങളില്‍  ഹെന്‍ട്രീന്‍ എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ ചെറിയ തോതിലുള്ള മരുന്നടിയില്‍ മലര്‍ന്ന ചെറുവക മീനുകള്‍ ,ഇവയാല്‍ വെക്കപ്പെട്ട കറികളാല്‍  സമൃദ്ധം ഈ ഷാപ്പ്.


നാടിന്റെ ഭക്ഷണവൈവിധ്യവും മനുഷ്യവൈവിധ്യവും നിറഞ്ഞുതുളുമ്പുന്ന ഇവിടുത്തെ അന്തരീക്ഷം നമ്മെ ലഹിരിപിടിപ്പിക്കുന്ന  ഒരന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കില്ല.
തിരിച്ച് വീട്ടിലെത്തിയാലുള്ള   അന്തരീക്ഷത്തെക്കുറിച്ച് ഇപ്പോള്‍ തന്നെ ആകുലപ്പെടേണ്ടതില്ല,അത് സ്വന്തം വ്യാകുലമാതാവിന് വിട്ടുകൊടുക്കുക.അന്തിക്കാട് പെരിങ്ങോട്ടുകര,ഏനാമാവ് മേഖലയില്‍ നിന്ന് പണ്ട് നല്ല കള്ളൂം മോന്തി കോള്‍പ്പടവിലെ മോട്ടോര്‍ ഷെഡിലും കലുങ്കിലും തെങ്ങിന്‍തോപ്പിലും പാടവരമ്പിലും മറ്റുള്ളോന്റെ തിണ്ണയിലും നടന്നും തളര്‍ന്നും ഛര്‍ദ്ദിച്ചും ഇഴഞ്ഞും നീങ്ങിയ നാളുകളിലൊന്നില്‍ അളിയനോ മറ്റൊ കൊടുത്തയച്ച ഗള്‍ഫിലേക്കുള്ള എന്‍ ഓ സിയുമായി പോസ്റ്റ്മാന്‍ വരുന്നതോടെ ഒരാളുടെ ജീവന്‍ തകിടം മറിയുന്നു.അന്നും ആഗോളവല്‍ക്കരണം ഉണ്ട്.ആളുകളെ അടിമുടി മാറ്റുന്നത്. ആരും അറിഞ്ഞിരുന്നില്ലെന്നു മാത്രം.എത്ര തകിടം മറിഞ്ഞാലും തരികിടയായി തീര്‍ന്നാലും മനുഷ്യര്‍  ഗൃഹാതുരനായിരിക്കും.അത് മനുഷ്യനായതിന്റെ  ഒരു കേടാണ്.ഗൃഹാതുരത്ത്വത്തിനു മനുന്നില്ല, കഷണ്ടിക്കുണ്ട് ഇപ്പോള്‍..


അറബിനാട്ടില്‍ പോയി നാലു കാശാവുമ്പോള്‍ കീശക്കും വയറിനും കനം വെക്കുമ്പോള്‍  പലര്‍ക്കും പണ്ടു  ഛര്‍ദ്ദിച്ച സ്ഥലങ്ങള്‍ ,പെമ്പ്രന്നോത്തിമാരുടെ ചെറ്റപൊക്കാന്‍ പോയി കിട്ടിയ പത്മശ്രീ, തോറ്റു തുന്നം പാടി പഠിപ്പിക്കുന്ന ടീച്ചര്‍മാരേക്കാള്‍ പ്രായമായപ്പോള്‍  ടി.സി. യും തന്നു  പറഞ്ഞുവിട്ട സ്കൂള്‍ ,അവിടുത്തെ മാഷന്മാരും ടീച്ചര്‍മാരും, പഴയ പടി തുടരുന്ന നാല്‍ക്കാലി കൂട്ടുകാര്‍ ഇവരൊക്കെ ഗൃഹാതുരമായി തികട്ടിവരും,എത്ര തഴയാന്‍ നോക്കിയാലും.


  മണലാരണ്യത്തിലെ  കൊടുംചൂടില്‍ ചുങ്ങിയും ചുളുങ്ങിയും തൊലിയുരിഞ്ഞ ഉണക്കമാന്തള്‍ പോലെ ജീവിച്ച നാളുകളില്‍ നനുനനുത്ത  മധുരക്കള്ളിന്റെ സ്മരണ വായില്‍ നുരയും. 

ആ വീരവിപ്ലവ സ്മരണയിലാണ് മുപ്പതുകാരനായ പുരുഷോത്തമന്‍ ആവേശത്തിന്റെ കൊടിയും പിടിച്ച് ടൌണിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
വിശ്വാസി എല്ലാ    ആരാധനാലയങ്ങളും  അറിയുന്നതുപോലെ കുടിയന്മാര്‍ എല്ലാ അലമ്പു സ്ഥലങ്ങളും അറിയുന്നു.  

അയ്യന്തോള്‍ ലെയിനുമുന്നില്‍ നിന്ന ഒരു നിമിഷം നമ്മുടെ പുരുഷോത്തമന്‍ പോസ്റ്റ് ഓഫീസ് ഭാഗത്തേക്കും വടക്കുംനാഥന്റെ തെക്കേനടയിലേക്കും ഒന്നു പാളി നോക്കി,പരിചയമുള്ള ആരെങ്കിലും?
കാശും പോകും മാനവും പോകും.പെണ്ണാലോചനയുണ്ട്.പെണ്ണ് കിട്ടാന്‍ ഇത് രണ്ടും വേണം.കല്യാണത്തിനു ശേഷം ഇതു രണ്ടും പോകും,ഇതിലപ്പുറവും പോകും.
പടിഞ്ഞാറന്‍ ഭാഗത്തു നിന്നും വരുന്ന ബസിന്റെ ബോര്‍ഡ് നോക്കി രാധാകൃഷ്ണ കേഫിന്റെ മുന്നിലേക്ക് ചേര്‍ന്നുനിന്നു, മുഖം തുടച്ചു.ഊണ് കഴിച്ചതിനുശേഷം,ഇതു വേണ്ടായിരുന്നു എന്ന  ഒരുതരം ഇളിഞ്ഞ മുഖഭാവം അഭിനയിച്ചുകൊണ്ട്.
പിന്നെ എന്തും വരട്ടെ എന്ന മദ്യപന്‍ ഫിലോസഫിയുടെ മുണ്ടും തലയിലിട്ട് അന്തിക്കാട്ട് ലെയിനിലേക്ക് ചാഞ്ഞുകയറി.
 സ്വയം കൂകിവെളുപ്പിച്ചതിനു ശേഷം കോഴിക്കൂട്ടില്‍ നിന്നും പറന്നിറങ്ങി ചിറകു വിടര്‍ത്തി നടുനിവര്‍ത്തുന്ന കോഴികളെ പോലെ മൂക്കുവിടര്‍ത്തി കള്ളൂഷാപ്പാകെ ഒന്നു വീക്ഷിച്ച് അകത്തു കയറി മരബെഞ്ചില്‍ അമരുന്നു.  
തൊട്ടടുത്ത ചാരായ ഷാപ്പില്‍ നിന്നും പുറപ്പെട്ട പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മണവും പാചകശാലയില്‍ നിന്നും പൊങ്ങിയ നോണ്‍ വെജിറ്റേറിയന്‍ മാര്‍ക്കറ്റ് നാറ്റവും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ ഒരു സാധാരണ മനുഷ്യന് അധികനേരം നില്‍ക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവില്‍ രണ്ടുകുപ്പി ബള്‍ക്കായി ഓര്‍ഡര്‍ ചെയ്തു.എന്തു കണ്ടാലും  മതി മറക്കുന്ന ലോലര്‍ അങ്ങിനെയാണ്, എങ്ങാനും പെട്ടെന്നു  സ്റ്റോക്ക് കഴിഞ്ഞാലൊ?
സപ്ലയര്‍ പറഞ്ഞു.

“ ഒന്നു പോരെ”.
കള്ളില്‍ കലക്കിയവനറിയാം കരളിന്റെ കോട്ടം,തെങ്ങ് ചെത്തുന്നവനറിയാം കുലയുടെ വാട്ടം എന്ന ഒരറിവിലാണ് സപ്ലയര്‍ അങ്ങിനെ പറഞ്ഞത്.
അന്തിക്കാട്ടുകാരനെ മോസ്കൊ കാട്ടി പേടിപ്പിക്കരുത് എന്ന ഭാവത്തില്‍ പുരുഷോത്തമന്‍ അയാളെ നോക്കിപ്പേടിപ്പിച്ചു.അന്തിക്കാ‍ട്ടുകാരന്‍ മാത്രമല്ല,ഗള്‍ഫനും കൂടിയാണ്. .
“പറയല് എന്റെ കടമ, കേള്‍ക്കാതിരിക്കല് നിങ്ങളുടെ കടമ ” ഒരു  അരിയങ്ങാടി തത്വശാസ്ത്രമെടുത്തു പുറത്തിട്ട് സപ്ലയര്‍ പിന്‍വാങ്ങി.


അടുത്ത സീനില്‍ കാണാന്‍ കഴിയുന്നത് സില്‍ക്ക് കുപ്പായക്കാരനും എംസി ആര്‍ മുണ്ടു ധാരിയുമായ പുരുഷോത്തമന്‍ സഖാവ് എങ്ങിനെയോ ഷാപ്പില്‍ നിന്നിറങ്ങി തേക്കിന്‍ കാടിന്റെ തരിശില്‍ മൂക്കു കുത്തി വീഴുന്നതാണ്.പല ചരിത്രങ്ങളും വന്‍വീഴ്ചകളും തൃശൂരിന്റെ ഇട്ടാവട്ടത്തില്‍ കണ്ടിട്ടുള്ള  തൃശൂരിലെ പ്രബുദ്ധ ജനത പുരുഷോത്തമന്റെ  ഒറ്റയാന്‍  വീഴ്ച കണ്ടില്ലാന്നു വെച്ചു.
വടക്കുംനാഥനില്‍ നിന്നും തെക്കോട്ട് ഇറങ്ങാനുള്ള ചെരിവില്‍ ടാറിന്റെ ചൂടില്‍ സന്ധ്യക്കുമുമ്പേ വന്നിരുന്ന് കുണ്ടി തണുക്കുന്നതുവരെ ഇരിക്കുന്നവര്‍ “ഇവിടെനിന്ന് ഞാനൊന്നും കൊണ്ടുപോകുന്നില്ലേ“ എന്ന മട്ടില്‍ മൂടിന്റെ പൊടി പലവട്ടം തട്ടി എഴുന്നേറ്റു വീടു പൂകാന്‍ തുടങ്ങുന്ന സമയമായിരുന്നു അത്.

“ലാസ്റ്റ് ബസ് എട്ടരക്കാണ് “ചീട്ടുകളിക്കാരുടെ കൊട്ടേക്കാട്ടു സംഘവും എഴുന്നേറ്റു.


പിറകെ വലക്കാവുകാരും നിലത്തു വിരിക്കാനുള്ള എക്സ് പ്രസ് മലയാളം  മടക്കി ചീട്ടു പെട്ടിയിലാക്കി.
വീട്ടുമനുഷ്യരുടെ സ്വാതന്ത്യം അവസാനിക്കുകയാണ് .രാവാവുന്നതും കാത്ത് റൌണ്ടില്‍ വട്ടംകറങ്ങിയ മറ്റൊരു ജനത തേക്കിന്‍ കാട്ടിലേക്ക് കാലെടുത്തു വെച്ചു തുടങ്ങിയിരുന്നു.മനോനില തെറ്റിയവരും തെറ്റിക്കുന്നവരും,രാഗത്തില്‍ ടിക്കറ്റ് കിട്ടാതെ സ്വപ്നയിലേക്കും രാംദാസിലേക്കും തേക്കിന്‍ കാട്ടിലൂടെ ട്രക്കിങ്ങ് നടത്തുന്നവരും, നാടോടികളും തേക്കിന്‍ കാടിനെ ലക്ഷ്യം വെച്ചു തുടങ്ങിയിരുന്നു.


ഈ സമയത്ത് " ആറടി എനിക്കും”എന്ന ആവശ്യം ഉന്നയിച്ചിട്ടെന്നപോലെയായിരുന്നു പുരുഷോത്തമന്‍ സഖാവിന്റെ തേക്കിന്‍ കാട്ടിലെ പതനം. ആത്മാവിനെ പേടിച്ച് പിണ്ഡമെടുക്കാന്‍ മടിക്കുന്ന കാക്കക്കൂട്ടങ്ങളെ പോലെ കുട്ടികളടങ്ങുന്ന നടോടി സംഘം കള്ളിന്റേയും ബ്രൂട്ടിന്റെയും സമ്മിശ്രഗന്ധം പൊങ്ങുന്ന പുരുഷോത്തമന്‍ സഖാവിന്റെ ഇന്തോ-ഗള്‍ഫ് ബോഡിക്ക് ഒരകലം പാലിച്ച് ചുറ്റിത്തിരിഞ്ഞു,തക്കം പാര്‍ത്ത്.
ആളൊഴിഞ്ഞ് സൌകര്യം ഒത്തു വന്നപ്പോള്‍ നാടോടികള്‍ സഖാവിന്റെ ചുറ്റുമിരുന്ന് പൂരപ്പറമ്പില്‍ വെച്ചാബൈ കളിക്കാനിരിക്കുന്നവരെപ്പോലെ ശരീരമെന്ന കളത്തില്‍ കൈയ്യിട്ടു വാരാന്‍ തുടങ്ങി.കൈയ്യിലും കഴുത്തിലും അരയിലുമുള്ള സ്വര്‍ണ്ണപ്പണ്ടങ്ങള്‍,മൊബൈല്‍,സ്വര്‍ണ്ണച്ചെയിനുള്ള വാച്ച്,ഏടീയെം കാര്‍ഡ്,ഇവയൊക്കെ അവരുടെ കൈയ്യിലും പോക്കറ്റിലുമൊക്കെ നിറച്ചു..


ഇതൊക്കെ എടുത്ത് നാലടി പിറകോട്ടു  വെച്ച ശേഷം നാടോടികള്‍ തിരിഞ്ഞു നിന്ന് ഒന്നുകൂടി പുരുഷോത്തമന്‍ എന്ന        കളിക്കളത്തിലേക്ക് നോക്കി. 
“ ഇനി ഇതിന്റെ ആവശ്യമുണ്ടൊ ഈ ദേഹത്തിന് “
എന്ന ഭാവനയില്‍ തിരിച്ചു വന്ന് മുണ്ട്,ഷര്‍ട്ട്,ബനിയന്‍ ഊരുന്നു, ഒരു മൃതദേഹത്തോടു കാണിക്കുന്ന ബഹുമാനത്തോടെ സഖാവിനെ തിരിച്ചും മറിച്ചും പൊക്കിയും കിടത്തിക്കൊണ്ടാണിതൊക്കെ ചെയ്യുന്നത്.ഇത്രയും സ്നേഹത്തോടെയുള്ള സ്പര്‍ശം ജീവിതത്തില്‍ ആദ്യം എന്നപോലെ അനുഭവിച്ച് സഖാവ് സുഖനിദ്രയില്‍   കിടക്കുന്നു.
ഉള്ളിലെ ദ്രാവകം പല രൂപത്തില്‍ പല വഴിക്ക് പുറത്തു പോയി പത്തു തലയുടെ രാവണന്‍ ഭാരവുമായി പുരുഷോത്തന്‍ പുനര്‍ജ്ജനിക്കുന്നു ,നട്ടപ്പാതിരക്ക് .അതോ പരപരാ വെളുപ്പിലേക്കൊ. പിറന്നപടി   ഹലോജന്‍ പ്രഭയിലേക്ക്  പുരുഷോത്തപ്പന്‍ കണ്‍തുറക്കുന്നു.എവിടെ മറഞ്ഞിരിക്കും,എവിടെക്കോടിയൊളിക്കും.പാസ്പ്പോര്‍ട്ടുണ്ടായിട്ടൊന്നും ഒരു     കാര്യമില്ലെന്ന് അന്നാണ് ആദ്യമായി മനസിലാവുനന്ത്.അടിസ്ഥാനപരമായി മറ്റു ചിലതാണു വേണ്ടത്, .സകല ദൈവങ്ങളെയും വിളിച്ചു പോകുന്ന ഒരു മുഹൂര്‍ത്തമാണിത്.ദൈവം വിളികേള്‍ക്കും,വരും.പക്ഷെ രൂപം വേറെയായിരിക്കും.
 അങ്ങിനെ ഒരു  രൂപമാണ് അടുത്തേക്ക് വരുന്നത് ,ആരേയോ തിരയുന്നതുപോലെ
സഖാവ് മരത്തിന്റെ മറയലേക്ക് ഇഴഞ്ഞു മാറി നാണം മറച്ചു.മരത്തോല്‍ കൊണ്ടല്ല,മരം കൊണ്ടു തന്നെ.അതില്‍ കുറവൊന്നും അരുത്,ഗള്‍ഫുകാരനാണ്.
“നാണിക്കേണ്ടാ സാറെ,ഇതൊക്കെ ഇവിടെ പതിവാ.ഇന്ന് സര്‍ നാളെ മറ്റൊരു സാര്‍ . ”
ഭൂമിയില്‍ ഇങ്ങനെയും ഒരു ലോകമുണ്ടോ,നഗ്നതയെ അംഗീകരിക്കുന്നത്.

“കൈനീട്ടു സാറെ “.അയാള്‍ പറഞ്ഞു.
ലേബര്‍ റൂമില്‍ നിന്നും ഭൂമിയിലേക്ക് പിറന്നതിനെ വാങ്ങുന്ന ബന്ധുക്കള്‍ പോലെ പുരുഷോത്തമന്‍  കൈ നീട്ടി.കയ്യില്‍ അയാള്‍ പൊതി വെച്ചു കൊടുത്തു.
 അതില്‍  ഷര്‍ട്ടും മുണ്ടുമായിരുന്നു.
ആളൊരു ഓട്ടോക്കാരനായിരുന്നു,സാക്ഷാല്‍ ദൈവത്തെ പോലെ.ഇവരോടൊക്കെ എത്ര തവണം അങ്കം വെട്ടിയിരിക്കുന്നു,മീറ്റര്‍ ചാര്‍ജ്ജിന്റെ കാര്യത്തില്‍ .പുരുഷോത്തമന്‍ അതിലൊക്കെ പരിതപിക്കുകയും 
ഓട്ടോക്കാരെ ജീവിതത്തില്‍ പറഞ്ഞ തെറിയെല്ലാം ഒറ്റനിമിഷം കൊണ്ട്   മനസ്സാ തിരിച്ചെടുക്കുകയും ചെയ്തു.
“നല്ലതൊന്നുമല്ല,ഒന്നില്ലാത്തതിലും ഭേദല്ലെ“
പുരുഷോത്തമന്‍  സഖാവിന്റെ നിസഹയാവസ്ഥയിലേക്ക് ഓട്ടോ ഡ്രൈവര്‍ അനാവശ്യമായി   ഒന്നു നീട്ടി ഹോണ്‍ അടിച്ചു.
 മിണ്ടിയില്ല,ഓട്ടോറിക്ഷക്കാരനും അവന്റേതായ ഒരു ദിവസം ഉണ്ടാകുമല്ലോ.
നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി.ഓട്ടോക്കാരന്‍ കൈ നീട്ടി.
 സ്റ്റിയറിംഗ് പിടിച്ച് പരുപരുത്ത ആ  കൈകളില്‍  പിടിച്ചു നവധുവിനെ പോലെ തല താഴ്ത്തി പുരുഷോത്തമന്‍ ആദ്യത്തെ കാല്‍ വെച്ചു, റിക്ഷയെന്ന കൊച്ചു  ഒളിത്താവളത്തിലേക്ക്....
അയ്യന്തോള്‍ ലയിന്‍ അപ്പോഴും ഇതൊന്നുമറിയാതെ നിദ്രയില്‍   ലയിച്ചു കിടക്കുകയായിരുന്നു.

12 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

പക്ഷെ മണലാരണ്യത്തിന്റെ പരിമിതിയില്‍ ചുരുങ്ങിയും കൊടുംചൂടില്‍ ചുങ്ങിയും ഉണക്കമാന്തള്‍ പോലെ ജീവിച്ച നാളുകളില്‍ മധുരക്കള്ളിന്റെ നുര വായില്‍ നിറയും.

annamma said...

“ഇതിനിടയിലൊരു ആറടി എനിക്കും”
:)

അജിത് said...

കുടിയന്മാർ എല്ലാ അലമ്പ് sthalangalum അറിയുന്നു

Anonymous said...

നമ്മുടെ അങ്ങാടിയെക്കുറിച്ചുള്ള ചെറുചിത്രം വളരെ നന്നായി ,ഭാഷയും

മണിലാല്‍ said...

ആ വിപ്ലവസ്മരണയിലാണ് മുപ്പതു കാരനായ പുരുഷോത്തമന്‍ ആവേശത്തിന്റെ കൊടിയും പിടിച്ച് ടൌണിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

വിശ്വാസി എല്ലാ അമ്പലങ്ങളേയും അറിയുന്നതുപോലെ കുടിയന്മാര്‍ എല്ലാ അലമ്പു സ്ഥലങ്ങളും അറിയുന്നു. വിശ്വാസി പോയപോലെ തിരിച്ചു വരുന്നു,മദ്യപാനി അടിമുടി പുതിയൊരു മനുഷ്യനായും.

smitha adharsh said...

good..........good...really good

മണിലാല്‍ said...

“ഒന്നു മതിട്ടാ‍ സാറെ,ഇത് മറ്റവനാ....പറഞ്ഞില്ലാന്ന് വേണ്ട”.
കള്ള് കലക്കിയവനറിയാം കരളിന്റെ കോട്ടം.(തെങ്ങ് ചെത്തുന്നവന് കുലയുടെ വാട്ടമറിയുന്നതുപോലെ).
അന്തിക്കാട്ടുകാരനെ മോസ്കൊ കാട്ടി പേടിപ്പിക്കരുത് ....എന്ന ഭാവത്തില്‍,പ്രത്യേകിച്ചും റഷ്യ തകര്‍ന്നതിന്‍ പ്രതി പുരുഷോത്തമന്‍ സഖാവ് സപ്ലയറെ ഒന്നു രൂക്ഷമായി നോക്കി സെന്‍ഷ്വര്‍ ചെയ്തു.
“പറയല് എന്റെ കടമ, കേള്‍ക്കാതിരിക്കല് നിങ്ങളുടെ കടമ ”എന്ന സപ്ലയറുടെ അരിയങ്ങാടി തത്വശാസ്ത്രം ഒരു സി.ഐ.ടി.യുക്കാരന്റെ “ബലികുടീരങ്ങളെ“എന്ന അമറലില്‍ അലിഞ്ഞുപോയി.

ശ്രീനാഥന്‍ said...

നല്ല ചൊടിയും ശൂരൂണ്ട്‌-അന്തിക്കള്ളുപോലെ-ഇഷ്ട്ടായീട്ടൊ.

മണിലാല്‍ said...

രോമാവൃതവും പൌരുഷം നിറഞ്ഞതുമായ പന്നിയിറച്ചി,ശുദ്ധമായ ചാണകത്തിന്റെ മണവും ഔഷധഗുണവുമുള്ള, തൃശൂര്‍ അരിയങ്ങാടി ലോക കുടിയന്മാര്‍ക്കായി അവതരിപ്പിച്ച ബോട്ടി,ഒളി പ്രവര്‍ത്തകര്‍ നട്ടു വളര്‍ത്തിയ വിപ്ലവവീര്യമുള്ള മാന്ദാമംഗലം കപ്പ,ശക്തന്‍ മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ ഉപേക്ഷിച്ചു പോയ ഏട്ടത്തല,ആലപ്പാട് പുള്ള് ഏനാമാവ് കാഞ്ഞാണി കോള്‍ നിലങ്ങളില്‍ നെല്ലിന് മരുന്നടിച്ച് ചത്തുമലച്ച ചെറുവക മീനുകള്‍,ഇവയാല്‍ സമൃദ്ധം ഈ ഷാപ്പ്.

Muralee Mukundan , ബിലാത്തിപട്ടണം said...

it is real MANAVAATTI shop;Once I tried.............. ഒന്നാം കല്യാണം കഴിക്കുന്ന മലയാളിയെപ്പോലെ.


നീയുള്ളപ്പോള്‍.....