പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, March 30, 2009

ഇപ്പറഞ്ഞവന്റെ അപ്പനുമമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു




രിക്കല്‍ തൃശൂര്‍ രാഗം തിയ്യറ്ററില്‍ കറന്റ് പോകുന്നു . ഏറുമാടത്തില്‍ ഉറക്കം അഭിയിച്ചു കിടന്ന പഴയ ചട്ടക്കാരി മോഹന്റെ മൂക്കില്‍ നമ്മുടെ പഴയ ജയഭാരതി ആദിവാസിയുടെ വേഷത്തില്‍ വന്ന് കാട്ടുപൂ മണപ്പിക്കുന്ന സീനിലേക്കായിരുന്നു തറടിക്കറ്റുകാരും ബാല്‍ക്കണി ടിക്കറ്റുകാരുമായ ജനം അപ്പോള്‍ വാപൊളിച്ചിരുന്നത്. 
 "ഡൊമിന്യേയ്  "
എന്ന വിളിയും അതേത്തുടര്‍ന്നുണ്ടായ കൂക്കിവിളിയാരവങ്ങള്‍ കൊണ്ട് തിയ്യറ്റര്‍ മുഖരിതമായത് ഈ സമയത്താണ്.



കറണ്ട് പോകുക ,ഫിലിം പൊട്ടുക, വതില്‍ തുറന്ന് അടക്കാന്‍ വൈകുക,തിയ്യറ്ററിനുള്ളില്‍ ലൈറ്റണക്കാന്‍ വൈകുക,സൌണ്ടിനു തകരാറു പറ്റുക, തുടങ്ങി കാണിക്ക് കൂവാന്‍ പാകത്തിലുള്ള സന്ദര്‍ഭങ്ങളിലെല്ലാം ഡൊമിനിയെന്ന പേര്‍ വിളിച്ച് അയാളുടെ അപ്പനുമമ്മക്കും ഇട്ട് പിടിക്കുന്നതാണ് കൊട്ടകയില്‍ പലപ്പോഴും കണ്ടത്, രാഗത്തില്‍ മാത്രമല്ല,രാമദാസ്,ജോസ്,സ്വപ്ന,ബിന്ദു തുടങ്ങിയ തൃശ്ശിവപ്പേരൂര്‍ ടൌണിലെ തിയ്യറ്ററുകളിലും ഇതേ അനുഭവം തന്നെയായിരുന്നു.ഡൊമിനിയെന്താ അയ്യപ്പസ്വാമിയോ?.എവിടെ നോക്കിയാലും,തൂണിലും തുരുമ്പിലും,തിയ്യറ്ററിലും !ഇതാരപ്പ എന്ന ആകാംക്ഷ കുറെ നാള്‍  ഉള്ളില്‍ കിടന്നു,ദൈവം പോലെ.അതിനേയും പുറത്താരും കണ്ടിട്ടില്ലല്ലോ.

സാക്ഷാല്‍ ഡൊമിനിയെപ്പറ്റി അറിയുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. തീരദേശത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും നഗരത്തിന്റെ ചതുരവടിവിലേക്ക് ഞങ്ങള്‍ പിച്ച വെച്ച് ചേക്കേറിയതിനു ശേഷം.കേരളവര്‍മ്മയില്‍ ചേര്‍ന്ന് തൃശൂര്‍ ചുറ്റുവട്ടങ്ങളിലെ എല്ലാ സര്‍വ്വാണികളേയും പരിചയപ്പെട്ട കാലം.സൌഹൃദങ്ങള്‍ തൃശൂര്‍ റൌണ്ടും നിറഞ്ഞ് വലിയാലുക്കല്‍, കണിമംഗലം,ശില്‍പി രാജന്റെ ഹെര്‍ബര്‍ട്ട് നഗര്‍ ഭാഗങ്ങളിലേക്ക് കവിഞ്ഞപ്പോള്‍ അവിടെ നിന്നാണ് ഡൊമിനി ഞങ്ങള്‍ക്കുവേണ്ടി തലപൊക്കുന്നത്.


 പൂരത്തില്‍ വെച്ച് പാറമേക്കാവും തിരുവമ്പാടിയും തമ്മില്‍ തല്ലിപ്പിരിഞ്ഞാല്‍പ്പിന്നെ കണിമംഗലം നിവാസികള്‍ക്ക് പിന്നെ കിട്ടുന്ന സന്തോഷം(ടിക്കറ്റെടുത്തിട്ടാണെങ്കില്‍ കൂടി.ഫ്രീ ടിക്കറ്റ് തമാശ കേള്‍ക്കാന്‍ പറ്റുന്നവരായ അഴിക്കോട്,ജയരാജ് വാര്യര്‍ എന്നിവരെപ്പോലെയുള്ളവര്‍ അന്നുണ്ടായിരുന്നില്ല) ഡൊമിനിയും അയാളുടെ ഓലയാല്‍ മേഞ്ഞ്,മഴക്കാലത്തും പൂര്‍ണ്ണചന്ദ്ര ദിവസവും പ്രദര്‍ശനമുണ്ടാവാത്ത മേരിമാതാ ടാക്കീസുമാണ്. (തേക്കിന്‍ കാട്ടിലെ മുച്ചീട്ടുകളിയില്‍ ഈ ഏരിയാക്കമ്മിറ്റികള്‍ക്ക് താല്പര്യം പോരാ. അല്ലെങ്കില്‍ പൂരം വരുന്നതു വരെ വട്ടത്തില്‍ കളിച്ചിരിക്കാമായിരുന്നു.പോരെങ്കില്‍   പൂരപ്പറമ്പില്‍ കൊട്ടേക്കാട്ടുകാരുടെ ആധിപത്യവുമാണ്.അവരെ ഒഴിപ്പിക്കാന്‍ തേക്കിന്‍ കാട്ടില്‍ മറ്റൊരു സ്വാതന്ത്ര്യ സമരം അനിവാര്യമാണ്) ടിക്കറ്റ് കൊടുക്കുന്നതും വാങ്ങുന്നതും ഡോമിനി. പെട്ടി ചുമക്കുന്നതും ഡൊമിനി. പശതേക്കുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡോമിനി. കാളവണ്ടിയില്‍ മൂരിനിവര്‍ന്നിരുന്ന് നോട്ടീസ് എറിഞ്ഞു കൊടുക്കുന്നതും ഡൊമിനി. പടമോട്ടിക്കുന്നതും ഡോമിനി,പടം പൊട്ടിക്കുന്നതും ഒട്ടിക്കുന്നതും ഡൊമിനി.ചില്ലില്‍ കരിപിടിപ്പിച്ച് സ്ലൈഡ് എഴുതുന്നതും മായ്ക്കുന്നതും ഡൊമിനി.ഇത്യാദിയില്‍  സിനിമയില്‍ പണ്ഡിറ്റെങ്കില്‍ സിനിമാകൊട്ടകയില്‍ അന്ന് ഡൊമിനി.അന്ന് പണ്ഡിറ്റ് എന്ന പേര് കണ്ടുപിടിക്കപ്പെട്ടിട്ടില്ല .




ചുരുക്കിപ്പറഞ്ഞാല്‍ കൊടുക്കല്‍ വാങ്ങല്‍ ബാന്ധവമാണ് നാട്ടുകാര്‍ക്ക് ഡൊമിനിയുമായിട്ടുള്ളത്. നാട്ടുകാര്‍ക്ക് പ്രിയങ്കനായിരുന്നു ഡൊമിനി.പക്ഷെ കൊട്ടക പൂകിയാല്‍ ഡൊമിനി മുതലാളിയാണ്. അത് വകവെച്ചുകൊടുക്കാന്‍ അഭിമാനികളായ കണിമംഗലത്തുകാര്‍ തയ്യാറല്ല. തേഞ്ഞ റേക്കാര്‍ഡ് പ്ലെയറില്‍ നിന്നുള്ള പൊട്ടിയ പാട്ടും, പൊരിവെയിലിലെ ക്യൂനില്‍ക്കലും, മൂട്ട കടിയും, ഒട്ടിക്കും തോറും പൊട്ടുന്ന പ്രിന്റും, ഒരു പ്രത്യേകവിഭാഗത്തിന്റെ  ദൈവസഹായം സ്ലൈഡൂം ഒക്കെകൂടിയാവുമ്പോള്‍ തെറിപറയാന്‍ പാകത്തില്‍ ജനത്തിനൊരു ശത്രു വേണം.


ജയഭാരതിയേയും ഷീലയേയും നോട്ടമിട്ട് തിയ്യറ്റര്‍ പരിസരങ്ങളില്‍ നാളുകളായി കറങ്ങുന്ന ഉണ്ടക്കണ്ണന്‍ കെ.പി.ഉമ്മറിനേക്കാളും,ഒരിക്കലും കത്തിക്കാത്ത പൈപ്പും പുലിത്തോല്‍ ഓവര്‍ക്കോട്ടുമിട്ട് പിരിയന്‍ കോണിയിറങ്ങി,അടിയാ‍ത്തി പെണ്ണിനെ കണ്ടമാത്രയില്‍ ബലാത്സംഗം ചെയ്യാനൊരുങ്ങി മഹീന്ദ്ര ജീപ്പില്‍ കറങ്ങുന്ന ജോസ് പ്രകാശിനേക്കാളും,കുഞ്ചാക്കോ സെറ്റുകളില്‍ ബലാത്സംഗം ഹോബിയാക്കിയ  ഗോവിന്ദന്‍ കുട്ടിയേക്കാളും, പെണ്ണുങ്ങളുടെ അടിവസ്ത്രം വലിച്ചൂരുന്നവനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ മൂര്‍ക്കനിക്കര സിറ്റിക്കാരന്‍ ടി.ജി.രവിയേക്കാളും പ്രേക്ഷകരുടെ ആജന്മ ശത്രുവായി ഡൊമിനി.


പടം പൊട്ടിയാല്‍,പൊട്ടിയതൊട്ടിക്കാന്‍ വൈകിയാല്‍, പവ്വറെങ്ങാന്‍ പോയാല്‍,കാറ്റില്‍ ഓലയെങ്ങാന്‍ പൊങ്ങിയാല്‍ എന്തിന് ക്യാബിനില്‍ നിന്ന് ഒച്ച കൂടിയാലോ,തിരശ്ശീലയിലെ ഒച്ച കുറഞ്ഞാലോ , എന്തിനും ഏതിനും നാട്ടുകാരുടെ പുല്ലും പുലയാട്ടും ഡൊമിനിക്കാണ്.എന്തിനേറെ പറയുന്നു ഇന്റര്‍വെല്‍ സീന്‍ കാണികളെ കുന്തമുനയില്‍ നിര്‍ത്തിയില്ലെങ്കില്‍,ക്ലൈമാക്സിനു പഞ്ചു പോരെങ്കില്‍ കിട്ടുന്നത് ഡൊമിനിക്കായിരിക്കും, നാട്ടാരുടെ തെറിയഭിഷേകം. ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുക്കള്‍,മറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും നാട്ടുകാരുടെ വാമൊഴി സാഹിത്യം. എങ്ങനെ സഹിക്കും പണമിറക്കി പടമോട്ടുന്ന ഒരു കൊട്ടക മൊതലാളി  . പക്ഷെ  ഡൊമിനിയും വിട്ടുകൊടുക്കില്ല. ആളും കണിമംഗലം രക്തമല്ലെ. ഡൊമിനിയും തെറി മറിച്ചു ചൊല്ലും. അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്. വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും. തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറികൊണ്ട് സ്ലൈഡെഴുതി സ്ക്രീനില്‍ കാണിക്കും.




“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു”




പോരെ പൂരം. പൂരത്തിനിടയിലെ ചെറുപൂരങ്ങള്‍ പോലെ കൊട്ടകക്കുള്ളിലെ മറ്റൊരു കലാപരിപാടിയായി കണിമംഗലത്തുകാര്‍ ഇതു കൊണ്ടാടി. രക്തത്തിലലിഞ്ഞതു പോലെ വംശപരമ്പരകളിലേക്കും ഡൊമിനി പടര്‍ന്നു കയറി. തൃശൂര്‍ക്കാരുടെ തെറിവാക്ക് സഞ്ചയത്തില്‍ ഡൊമിനിയുടെ സ്ഥാനം നിസ്തൂ‍ലമാണ്. തൃശൂര്‍ക്കാരുടെ സ്വന്തമായ റൌണ്ടിന്‍ കരയിലും കരകവിഞ്ഞുള്ള എല്ലാ തിയ്യറ്ററുകളിലും ഡൊമിനിയെ പലതും ചേര്‍ത്ത് വിളിക്കുന്നത് ഞങ്ങള്‍ കേട്ടു.


തിയ്യറ്ററിനുള്ളില്‍ കേട്ടത് സാഹിത്യമായിരുന്നു എന്ന് മനസ്സിലായത് സാഹിത്യ അക്കാദമി വന്നതിന് ശേഷമാണ്.




(തൃശൂര്‍ സാംസ്കാരിക തലസ്ഥാനമായി നാമകരണം ചെയ്യപ്പെടുന്നതും ലളിതം,സംഗീതം,സാഹിത്യം,തുടങ്ങിയ ആക്രി കച്ചവടങ്ങളും അത് നടത്തിപ്പിനുള്ള നിപുണന്മാരും ഇതിന് ശേഷമായിരിക്കാം ഇങ്ങോട്ടു കുറ്റിയും പറച്ച് പോന്നത്,തിട്ടമില്ല).




അക്കാദമിയും അതിന് വെള്ളമൊലിപ്പിച്ച് നില്‍ക്കുന്നവരും അവിടെ നില്‍ക്കട്ടെ,നമുക്കതിലെന്ത് കാര്യം.




ഡൊമിനിയാണ് നമ്മുടെ സാംസ്കാരിക നായകന്‍. 






കഥ തുടങ്ങുന്നതേയുള്ളു. ആയിടക്കാണ് നാടിനെ നടുക്കിയ കൊലപാതകം ഡൊമിനിയുടെ നാട്ടില്‍ നടക്കുന്നത്. അപ്പോള്‍ “കൊച്ചിന്‍ എക്സ്പ്രസ്സി”ന്റെ സെക്കന്റ് ഷോ ചുരുട്ടി പെട്ടിയിലാക്കി വീട് പൂകാനുള്ള തിരക്കിലായിരുന്നു ഗഡി. പോലീസും നായയും തലങ്ങും വിലങ്ങും ഓടി. കടല്‍മീന്‍ മണപ്പിച്ച് ,കായല്‍മീന്‍ മണപ്പിച്ച് ,നീളന്‍ നാവു വെളിയിലിട്ട് വെള്ളമൊലിപ്പിച്ച് ചന്തയിലെ കൈവരികളില്‍ പോലീസ് നായ തളര്‍ന്നിരുന്നു .

കൊച്ചിന്‍ എക്സ്പ്രസ്സ് കണ്ടിറങ്ങിയവര്‍ ഡൊമിനിയുടെ ടിക്കറ്റിന്റെ പാതി കാട്ടി പോലീസില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.(അന്നൊക്കെ രാത്രി സിനിമക്ക് പോയിവരുമ്പോള്‍ ടിക്കറ്റിന്റെ പാതി കയ്യില്‍ വെക്കണമെന്നൊരു ഗസറ്റ് വിഞ്ജാപനം ഉണ്ടായിരുന്നു. )ടിക്കറ്റെടുക്കാതെ ഒളിച്ചു കയറിയവര്‍ പാതി ടിക്കറ്റിന്റെ പേരില്‍ ഇടികൊണ്ടു. പതിവുപോലെ പ്രതിയെ മാത്രം കിട്ടിയില്ല. പ്രതി ലോക്കല്‍ ചട്ടയാണ്. ലോക്കല്‍ ,റൂറല്‍ , സ്റ്റേറ്റ് എന്നീ സകലമാന പോലീസുകാരും അന്വേഷിച്ച് കൈമലര്‍ത്തി. സിഐഡികള്‍ വേഷം മാറി രാത്രി വീടുകളിലേക്ക് ഒളിഞ്ഞുനോക്കി,കണിമംഗലത്തുകാ‍ര്‍ അവരെ കൈകാര്യം ചെയ്തു. വേഷം മാറാതെ തന്നെ യഥാര്‍ത്ഥ പ്രതി കള്ളവണ്ടി കയറി(അന്ന് കള്ളവണ്ടിക്ക് ഇന്നത്തെ അത്ര തിരക്കില്ല). പ്രതി എവിടെയൊക്കെയോ സുരക്ഷിതമായുണ്ടെന്ന നിഗമനത്തിലും,പ്രതിയുടെ സൌകര്യത്തില്‍ എപ്പോളെങ്കിലും അറസ്റ്റു ചെയ്യാമെന്ന വിശ്വാസത്തിലും പോലീസ് ഫയല്‍ അട്ടത്ത് കേറ്റി. കേസ് തേഞ്ഞുമാഞ്ഞുപോകാന്‍ പ്രതികരണ ശേഷിയുള്ള കണിമംഗലത്തുകാര്‍ സമ്മതിച്ചില്ല(പിന്നീട് പ്രതികരണക്കാര്‍ തൃശൂരിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കുകയും പോലീസിനും പത്രത്തിനും പണിയാവുകയും ചെയ്തത് മറ്റൊരു ചരിത്രം. ) ഒന്നുകൂടി അന്വേഷിക്കാന്‍ പോലീസ് ട്രൌസര്‍ മുറുക്കിക്കുത്തി തീരുമാനിക്കുന്നു. പോലീസുകാര്‍ വട്ടം കൂടിയിരുന്ന് ഒറ്റക്കോയിന്‍ മുകളിലേക്കിട്ട് പ്രതിയെ തിരക്കി പോകേണ്ട ദിശ നിശ്ചയിച്ചു. ദിശകിട്ടിയ  പോലീസ് മുംബായിക്ക് വെച്ചുപിടിക്കുന്നു. അവിടെ മലയാളികള്‍ ഞെരുങ്ങി താമസിക്കുന്ന ചാലുകള്‍ കയറിയിറങ്ങുന്നു ,നാടന്‍ സാധനമായ ദാരു കുടിച്ചുല്ലസിക്കുന്നു, കിതച്ചൊരിടത്ത് തല വെക്കുന്നു,വാളുവെക്കുന്നു. ബോംബെക്ക് വന്നതല്ലെ ഒരു സിനിമയും കണ്ടു കളയാം എന്ന് തീരുമാനിച്ച് അവര്‍ “യാദോം കി ഭാരത്ത് “ കാണാന്‍ ക്രൌണില്‍ കയറുന്നു. സീനത്തമന്റെ മുന്നില്‍ ആളാകാന്‍ രാജേഷ് ഖന്ന മസില് പെരുപ്പിക്കുന്ന രംഗത്ത് കൊട്ടകയിലെ കറണ്ടു പോകുന്നു. കറന്റ് പോയ സമയത്ത് കൊട്ടകയുടെ രണ്ടു ഭാഗത്തു നിന്നായി രണ്ട് 
“ഡൊമിന്യേയ് ” 
വിളികള്‍ ഉയര്‍ന്നതും ഒന്നിച്ചായിരുന്നു.


അകന്നിരിക്കുന്നവര്‍ കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്നതുപോലെ കുളിരുകോരുന്ന ഒരനുഭവം. വിളി ഒന്ന് പോലീസ് സംഘത്തില്‍ നിന്ന്.






മറ്റേത്....?




കൊലപാതകി കേരളാപോലീസിന്റെ കൈയ്യില്‍. വേഷം മാറി നടന്നാലും കൊട്ടകയില്‍ കറന്റ് പോയാല്‍ കണിമംഗലത്തുകാര്‍ക്ക് (കുറ്റവാളിയായാലും പോലീസായാലും)കണ്ടോണ്ടിരിക്കാന്‍ പറ്റില്ല,മിണ്ടാണ്ടിരിക്കാനും പറ്റില്ല. 

ഡൊമിനിയുടെ ഖ്യാതി ഇതോടെ കണിമംഗലവും കടന്നു.






അത്ഭുതങ്ങളുടെ ഉറവിടമായ ഡൊമിനിയെ വാഴ്ത്തപ്പട്ടവാനാക്കാന്‍ കണിമംഗലത്തുകാരോടൊപ്പം എല്ലാ ഇടവഹകളും ശിപാര്‍ശ ചെയ്തു,ഡൊമിനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ.കണിമംഗലം ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഏതു വിധത്തിലായിരിക്കുമെന്ന് ആര്‍ക്കറിയാം.
എന്റെ ഡൊമിന്യേയ്.........






1 comment:

മണിലാല്‍ said...

പടം പൊട്ടിയാല്‍,പൊട്ടിയതൊട്ടിക്കാന്‍ വൈകിയാല്‍, പവ്വറെങ്ങാന്‍ പോയാല്‍,കാറ്റില്‍ ഓലയെങ്ങാന്‍ പൊങ്ങിയാല്‍ എന്തിന് ക്യാബിനില്‍ നിന്ന് ഒച്ച കൂടിയാലോ,തിരശ്ശീലയിലെ ഒച്ച കുറഞ്ഞാലോ , എന്തിനും ഏതിനും നാട്ടുകാരുടെ പുല്ലും പുലയാട്ടും ഡൊമിനിക്കാണ്.എന്തിനേറെ പറയുന്നു ഇന്റര്‍വെല്‍ സീന്‍ കാണികളെ കുന്തമുനയില്‍ നിര്‍ത്തിയില്ലെങ്കില്‍,ക്ലൈമാക്സിനു പഞ്ചു പോരെങ്കില്‍ ഡോമിനിക്ക് കിട്ടുക തന്നെ ചെയ്യും നാട്ടാരുടെ തെറിയഭിഷേകം. ഡൊമിനിയുടെ മരിച്ചുപോയ അപ്പന്‍,കുഴിമാടത്തിലുള്ള മറ്റു പൂര്‍വ്വ പരമ്പരകള്‍, ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുക്കള്‍,മറ്റു ബന്ധുമിത്രാദികള്‍, ഇവര്‍ക്കൊക്കെ കിട്ടും നാട്ടുകാരുടെ വാമൊഴി സാഹിത്യം. എങ്ങനെ സഹിക്കും പണമിറക്കി പടമോട്ടുന്ന ഒരു കൊട്ടക മൊതലാളി,എങ്ങിനെ സഹിക്കാതിരിക്കും. ഡൊമിനിയും വിട്ടുകൊടുക്കില്ല. ആളും കണിമംഗലം രക്തമല്ലെ. ഡൊമിനിയും തെറി മറിച്ചു ചൊല്ലും. അതും സിനിമാപ്പുക കടത്തിവിടുന്ന വലിയ ഓട്ടയിലൂടെ തല പുറത്തേക്കിട്ട്. വിളിച്ചവന്റെ തന്തക്കും തള്ളക്കും ഇട്ട് ഡൊമിനി തിരിച്ചടിക്കും. തല പുറത്തേക്കിട്ടാല്‍ തിരിച്ചു കിട്ടുമോ എന്നൊക്കെ സംശയം തോന്നുന്ന പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഡൊമിനി തെറികള്‍ സ്ലൈഡില്‍ കരികൊണ്ടെഴുതി സ്ക്രീനില്‍ കാണിക്കും.




“ഇപ്പറഞ്ഞവന്റെ അപ്പനും അമ്മക്കും ഞാന്‍ വിളിച്ചിരിക്കുന്നു”


നീയുള്ളപ്പോള്‍.....